Archives

ഫെമിനിസ്റ്റിനോടു ചോദിക്കാം

Posted 07 May 2008 | By | Categories: Spoof | 10 Comments

നമസ്കാരം മാഡം. ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിലെ അസംഖ്യം വനിതാറിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് ഞാന്‍. പെട്ടെന്നൊരു ഇന്റര്‍വ്യൂ കിട്ടിയാല്‍ ഉപകാരമായി. നേരിട്ടു ചോദ്യങ്ങളിലേക്കു കടക്കാം. മാഡം ഒരു സ്ത്രീപക്ഷവാദിയാണല്ലോ. എന്താണ് സ്ത്രീപക്ഷവാദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?

ബേസിക്കലി, ഞാന്‍ ഒരു മൈക്രോന്യൂറോറിസേര്‍ച്ച് സയന്റിസ്റ്റാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ വിവിധ പ്രശ്നങ്ങളില്‍ എനിക്ക് അപാരമായ പാണ്ഡിത്യമുണ്ട്. സാഹിത്യം, സിനിമ,കല തുടങ്ങിയ മേഖലകളിലും ഞാന്‍ കഴിഞ്ഞിട്ടേ ഉള്ളൂ. പോരാത്തതിന് ഞാന്‍ നല്ലൊരു ഫോട്ടോഗ്രാഫറുമാണ്. ഞാനെടുത്തിട്ടുള്ള പടങ്ങള്‍ കണ്ട് എത്രയാ ഓര്‍ക്കുട്ടില്‍ ഫ്രണ്ട്സ് റിക്വസ്റ്റുകള്‍ വരാറുള്ളത്.

സ്ത്രീപക്ഷവാദം എന്നു പറഞ്ഞാല്‍ പക്ഷാഘാതം എന്നു പറയുന്നതിന്റെ ലളിതമായ ഒരു വകഭേദമാണ്. സ്ത്രീകളുടെ ഏതെങ്കിലും ഒരു പക്ഷത്ത് അഥവാ ഒരു വശത്ത് ഉണ്ടാവുന്ന വാതമാണ് ഇത്. . ഇത് സീരിയസ്സല്ല എങ്കിലും ചികില്‍സിക്കേണ്ടതില്ല. ഇതുതന്നെയാണോ ഫെമിനിസം എന്നു ചേദിച്ചാല്‍, ഇറ്റ് മേ ബി ഡിഫറന്റ്. ആക്ച്വലി ബോത് ആര്‍ സെയിം. സ്്ത്രീപക്ഷവാദം ചെറിയ തരം ഞരമ്പുരോഗമാണ്. എന്നാല്‍ ഫെമിനിസം അങ്ങനെയല്ല. എന്നാല്‍ രണ്ടും ഒന്നുമാണ്.

ഫെമിനിസം ഒരു ഞരമ്പുരോഗമാണെന്നാണോ പറയുന്നത് മാഡം ?

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല.

എങ്കില്‍ സ്ത്രീകളിലെ മാഡം പറഞ്ഞ തരത്തിലുള്ള ഞരമ്പുരോഗം എന്താണെന്നു വ്യക്തമാക്കാമോ ?

ബേസിക്കലി, സ്ത്രീകള്‍ രണ്ടു തരക്കാരാണ്. സാധാരണ സ്ത്രീകള്‍, അസാധാരണ സ്ത്രീകള്‍. സാധാരണ സ്ത്രീകള്‍ എന്നു പറയുന്നത് നമ്മള്‍ കാണുന്ന അമ്മയായും കാമുകിയായും ഒക്കെ വേഷം കെട്ടി കല്യാണം കഴിച്ച്, പ്രസവിച്ച്, മക്കളെ വളര്‍ത്തി ജീവിച്ചു മരിക്കുന്ന പാവങ്ങള്‍. അത്തരക്കാരാണ് കൂടുതല്‍.

അസാധാരണ സ്ത്രീകള്‍ എന്നെപ്പോലെ, ഇന്ദിരാ ഗാന്ധിയെപ്പോലെ, മദര്‍ തെരേസയെപ്പോലെ, തസ്ലിമ നസ്രിനെപ്പോലെ പ്രതിഭാധനരായിരിക്കും. അവര്‍ എവിടെ ജീവിച്ചാലും അവരുടെ പ്രതിഭ അവര്‍ക്കു ചുറ്റും ഒരു പ്രഭാവലയം തീര്‍ത്തുകൊണ്ടിരിക്കും. അവര്‍ ഒരു സാധാരണ ജീവിതം ജീവിക്കുന്നുണ്ടോ ഇല്ലയോ എന്നതൊന്നും പ്രസക്തമല്ല.

ഞരമ്പുരോഗികളായ സ്ത്രീകള്‍ എന്നതുകൊണ്ടുദ്ദേശിച്ചത് മറ്റൊരു കൂട്ടരാണ്. ഇവര്‍ക്ക് ഒരു സാധാരണ സ്ത്രീയായി ജീവിക്കാന്‍ താല്‍പര്യമില്ല, എന്നാല്‍ ഒരു അസാധാരണ സ്ത്രീയ്ക്കു വേണ്ട ഗുണങ്ങളുമില്ല. എന്നാല്‍ തങ്ങള്‍ അസാധാരണപ്രതിഭകളാണെന്നു സ്വയം ഭാവിച്ചു ജീവിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരക്കാരില്‍ ചിലര്‍ ഫെമിനിസ്റ്റുകളാവാറുണ്ട്.

ഞരമ്പുരോഗം നമ്മുടെ വിഷയമല്ല, ഞങ്ങളുടെ എംഡി തന്നെ ഒരു ഞരമ്പുരോഗിയായതുകൊണ്ട് അത്തരം വിഷയങ്ങള്‍ സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് ഫെമിനിസത്തെക്കുറിച്ച് മാത്രം സംസാരിക്കാം. മാഡം ഒരു ബ്ലോഗര്‍ കൂടിയാണല്ലോ. ബ്ലോഗില്‍ എങ്ങനെയാണ് ഫെമിനിസം നടപ്പാത്തുന്നത് ?
പുരുഷാധിപധ്യത്തിനെതിരെ എങ്ങനെ പോരാടും ?

ബ്ലോഗിലെന്നല്ല എവിടെയും പുരുഷനെതിരെ പോരാടാന്‍ നമ്മള്‍ പുരുഷനെയാണുപയോഗിക്കേണ്ടത്. പോയി അടിക്കെടാ എന്നു പറഞ്ഞാല്‍ അടിക്കുന്ന കക്ഷികള്‍ നമ്മുടെ കയ്യിലുണ്ടാവണം. അല്ലെങ്കില്‍ അത്തരക്കാരെ ഉണ്ടാക്കിയെടുക്കണം. ചെറുകിട ഞരമ്പുകളാണ് ഇതിനു പറ്റിയത്. അതായത് നമ്മളോട് അത്യാവശ്യം സംസാരിക്കുന്നതിലും ചാറ്റ് ചെയ്യുന്നതിലും ഒക്കെ സന്തോഷം കണ്ടെത്തുന്ന പാവങ്ങള്‍. നമുക്കു വേറെ മുടക്കില്ലല്ലോ, അതങ്ങ് സാധിച്ചു കൊടുത്തേക്കണം. നമ്മള്‍ പറയുന്നിടത്ത് ഇവനൊക്കെ നമ്മള്‍ പറയുന്ന കമന്റിടും.

എങ്ങനെയാണ് ഇങ്ങനെ ആണുങ്ങളെ വളച്ചെടുക്കുന്നത് ?

വളച്ചെടുക്കുകയല്ല; സ്വാഭാവികമായി വളയുകയാണ്. ആണുങ്ങള്‍ പൊതുവേ പഴുപ്പിച്ച ഇരുമ്പുകമ്പി പോലെയാണ്. നമുക്കു ധൈര്യമുണ്ടെങ്കില്‍ വളച്ച് ഏത് ഷേപ്പിലുമാക്കാം. തണുപ്പന്മാരില്ലെന്നല്ല. അവന്മാരെ ആണുങ്ങളായിട്ടേ കൂട്ടരുത്. ചുമ്മാ അവോയ്ഡ് ചെയ്തോണം. നമ്മളെ ബഹുമാനിക്കുന്നവരേം നമ്മളോട് കൂറു കാണിക്കുന്നവരേം മാത്രം തഴുകിത്തലോടുക. മറ്റവന്മാരെ മൈന്റ് ചെയ്യാതിരിക്കുക. സംഗതികള്‍ നമ്മുടെ വഴിക്ക് വരും.

സ്ത്രീപ്രശ്നങ്ങളില്‍ എങ്ങനെയാണിടപെടുന്നത് ?

എന്ത് സ്ത്രീപ്രശ്നം ? ഇതൊക്കെ ഒരു തട്ടിപ്പല്ലേ. ഉദാഹരണത്തിന് ഒരു സിനിമയിലെ നായികയെ നായകന്‍ അടിക്കുന്നു. അതേറ്റുപിടിച്ചോണം. അതെച്ചൊല്ലി ദിവസവും ചര്‍ച്ചകള്‍, ബഹളങ്ങള്‍, ഭീഷണികള്‍, മതി ജനം വിരണ്ടോളും. അല്ലാതെ ജെനുവിനായിട്ടുള്ള ഒന്നിലും ഇടപെടരുത്. അങ്ങനെ ഇടപെടാനായിരുന്നെങ്കില്‍ നമ്മളൊക്ക സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കില്ലേ ?

ഫെമിനിസ്റ്റ് എന്ന നിലയില്‍ സ്വന്തം ജീവിതം എങ്ങനെയാണ് ?

വളരെ സന്തോഷപ്രദമാണ്. രാവിലെ 5 മണിക്ക് എണീക്കും. അടുക്കളജോലികള്‍ എല്ലാം തീര്‍ക്കും. ഏഴരയാവുമ്പോഴേക്കും പാലും പത്രവും വാങ്ങി വരും. എട്ടു മണിക്കു ചേട്ടനെണീക്കുമ്പോള്‍ ബെഡ്കഫിയുമായി അടുത്തുണ്ടാവും ഞാന്‍. അതാണ് ,സ്ത്രീയുടെ ശക്തി. പിന്നെ വെള്ളം ചൂടാക്കലായി, കാപ്പിയുണ്ടാക്കലായി, ഡ്രസ് അയണ്‍ ചെയ്യലായി.. ഒന്‍പത് മണിക്ക് ചേട്ടനിറങ്ങാന്‍ നേരത്ത് എല്ലാം റെഡിയാക്കി വച്ചിരിക്കും ഞാന്‍.. അതാണ് സ്ത്രീയുടെ ശക്തി.. പകലൊക്കെ ചേട്ടന്റെ തുണികളൊക്കെ അലക്കി, വീട് അടിച്ചുവാരി..ക്ലിയറാക്കി വയ്ക്കും.

രാത്രി 10 മണിക്ക് ചേട്ടന്‍ വരുമ്പോള്‍ കൂട്ടുകാരും ഉണ്ടാവും കൂടെ.. ഒറ്റയെണ്ണത്തിനെ ഞാനകത്ത് കയറ്റില്ല.. മുറ്റത്ത് മാവിന്‍ചുവട്ടിലിരിക്കുന്നതാണവര്‍ക്കിഷ്ടം.. ചിക്കനോ ബീഫോ എന്തെങ്കിലും റെഡിയാക്കി വെള്ളവും സോഡയും റെഡിയാക്കി വച്ചിട്ടുണ്ടാവും ഞാന്‍.. അതാണ് സ്ത്രീയുടെ ശക്തി.. ഒരു മണി, രണ്ടു മണിയോടെ പുള്ളിക്കാരന്‍ വന്നു കിടക്കും.. അവിടെയെങ്ങാനും ഛര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ ഞാനത് അപ്പോള്‍ തന്നെ തുടയ്ക്കും.. അതാണ് സ്ത്രീയുടെ ശക്തി.. ഉറക്കത്തില്‍ എന്നെ ഇടിക്കുന്നത് പുള്ളിയുടെ ഒരു ശീലമാ.. എനിക്കും അതൊരു രസമാ.. സത്യം പറഞ്ഞാല്‍ ഡെയ്ലി നാലെണ്ണം കിട്ടാതെ ഉറങ്ങാന്‍ പോലും പറ്റില്ല..അതാണ് സ്ത്രീയുടെ ശക്തി..

മാഡം ഒരു ചോദ്യം കൂടി..

അയ്യോ.. ഇനി പറ്റില്ല.. ഇന്നലെ രാത്രി കുടിക്കാന്‍ വന്ന ചേട്ടന്റെ ഒരു കൂട്ടുകാരന്‍ ഓവറായപ്പോള്‍ ഊരിയിട്ടിട്ടുപോയ ഒരണ്ടര്‍വെയര്‍ അലക്കാന്‍ കിടപ്പുണ്ട്.. പെട്ടെന്നലക്കിയിട്ടോട്ടെ.. ഇല്ലെങ്കില്‍ ഇന്നും കിട്ടും..

പോള്സന്റെ ഗാലറി ക്ലിപ്പുകള്‍

Posted 03 May 2008 | By | Categories: Stories | 98 Comments

അഞ്ചരയ്ക്കുള്ള വണ്ടിക്കു കയറി രാത്രി വൈകി നഗരത്തില്‍ വന്നിറങ്ങുമ്പോള്‍ പോള്‍സന്റെ മനസ്സില്‍ ഭാര്യയെ കാണണമെന്നുള്ള ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂ. നഗരത്തിലെ മുന്തിയ ആശുപത്രികളിലൊന്നില്‍ നഴ്സാണവള്‍. രാപ്പകലില്ലാതെ രോഗികളെ പരിചരിച്ച് പരിചരിച്ച് അവളുണ്ടാക്കുന്ന കാശ് കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്.

ഓരോ തവണയും താന്‍ അവളെത്തേടി എത്തുന്നത് പണത്തിന് ആവശ്യം വരുമ്പോള്‍ മാത്രമാണല്ലോ എന്നോര്‍ത്തപ്പോള്‍ പോള്‍സണ് സങ്കടം തോന്നി. പാവം! എത്ര കഷ്ടപ്പെട്ടിട്ടാണ് തനിക്കാവശ്യത്തിനുള്ള പണം അയച്ചു തരുന്നത്. പക്ഷെ, താനിവിടം വരെ ബസില്‍ കയറി യാത്ര ചെയ്തു വരുന്നതൊക്കെ അവള്‍ക്ക് വളരെ സങ്കടമാണ്. തന്നെ കണ്ടാല്‍ ജോലി ഉപേക്ഷിച്ച് കൂടെപ്പോരണമെന്നു തോന്നും എന്നൊക്കെ പറഞ്ഞ് അവള്‍ വരാന്‍ സമ്മതിക്കില്ല.

പാവം പെണ്ണ്. മിന്നുകെട്ട് കഴിഞ്ഞ് നാലിന്റെന്ന് ബാഗും തൂക്കി പോന്നതാണ്. എത്ര അധ്വാനിക്കുന്നുണ്ടാവും അവള്‍. കാശിനൊരു ബുദ്ധിമുട്ടും ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ ആഴ്ചയും കുറഞ്ഞത് അയ്യായിരം രൂപ വീതമെങ്കിലും കൃത്യമായി അയച്ചു തരും. അത്രയും പണം കിട്ടുമ്പോള്‍ അത് കണക്കെഴുതി സൂക്ഷിക്കാനും ചിലവാക്കാനും ബാങ്കിലിടാനുമൊക്കെ മാത്രമായി ഒരാള്‍ വേണം.

അതുകൊണ്ടാണ് പ്രൈമറി സ്കൂളിലെ ജോലി രാജിവച്ച് താന്‍ പൂര്‍ണമായും വീട്ടില്‍ തന്നെ കൂടിയത്. എങ്കിലും എല്ലാ മാസവും നഗരത്തില്‍ വരാറുണ്ട്. എന്തെങ്കിലും ആവശ്യത്തിന് അല്‍പം പണം കൂടുതല്‍ വേണമെങ്കില്‍ ഇവിടം വരെ വന്നാലല്ലേ പറ്റൂ. ഇത്തവണ ആപ്പിളിന്റെ ഐ പോഡ് വാങ്ങാനുള്ള കാശ് ചോദിക്കാനാണ് വന്നത്. സോണി എറിക്സന്റെ പുത്തന്‍ ഫോണ്‍ കളഞ്ഞിട്ട് നോക്കിയ എന്‍ 73 വാങ്ങാന്‍ പണം വാങ്ങാനാണ് കഴിഞ്ഞ തവണ വന്നത്. കൂടെ വന്ന് ഫോണും അതില്‍ 2 ജിബിയുടെ മെമ്മറി കാര്‍ഡും വാങ്ങിത്തന്നിട്ടാണ് അവള്‍ പോയത്.

എപ്പോഴായാലും എന്തിനാണെന്ന് മാത്രം ചോദിച്ചിട്ട് ഒരഭിപ്രായവും പറയാതെ ചോദിക്കുന്ന കാശ് അവള്‍ എടുത്തു തരും. ഭാര്യമാരായാല്‍ ഇങ്ങനെ വേണം. കെട്ടിയവന്‍ കാശ് ചിലവാക്കുന്നതിനെപ്പറ്റി വഴക്കുണ്ടാക്കുന്ന ഭാര്യമാര്‍ ഇവളുടെ കാലു കഴുകിയ വെള്ളം കുടിക്കണം. പോള്‍സണ്‍ ബസിറങ്ങി നേരെ അവളുടെ നഴ്സിങ് ഹോം ലക്ഷ്യമാക്കി നടന്നു.

അവളിപ്പോള്‍ എവിടെയായിരിക്കും ? പകല്‍ മുഴുവന്‍ പണിയെടുത്ത് ഹോസ്റ്റലില്‍ കിടന്നുറങ്ങുകയാവുമോ ? അതോ നൈറ്റ് ഡ്യൂട്ടിയായിരിക്കുമോ ? കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പുറത്ത് ഓട്ടോറിക്ഷകള്‍ക്കു സമീപത്തുകൂടി ചില രാത്രികാലസുന്ദരികള്‍ കറങ്ങിനടപ്പുണ്ടായിരുന്നു. അവര്‍ പോള്‍സണെ ചൂളമടിച്ചു വിളിച്ചു. വിളി കേള്‍ക്കാതെ പോള്‍സണ്‍ വേഗം നടന്നു. എന്തു കഷ്ടമാണ്. വിവാഹത്തിന്റെ പവിത്രത എന്തെന്നറിയാതെ ഇവര്‍ മാടിവിളിക്കുന്നത് ആരെയാണ് ? വൃത്തികെട്ടവള്‍.

നടന്നു നടന്ന് നഴ്സിങ് ഹോമിന്റെ അരികിലെത്തിയപ്പോള്‍ പോള്‍സണ്‍ നിന്നു. ഇതിനുള്ളിലെവിടെയാണ് അവള്‍ ? ഈ രാത്രിയില്‍ അകത്തേക്കു കടത്തിവിടുകയുമില്ല. പോള്‍സണ്‍ വാച്ചില്‍ നോക്കി. സമയം 3.20. നേരം പുലരാന്‍ ഇനിയുമുണ്ട് മണിക്കൂറുകള്‍. നേരം പുലര്‍ന്നതുകൊണ്ടായില്ല; ഏഴ് മണി കഴിയാതെ അകത്തേക്ക് ഒരാളെ കടത്തിവിടില്ല. അവള്‍ക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി തന്നെയാണോ എന്നുമറിയില്ലല്ലോ.

പോള്‍സണ്‍ നഴ്സിങ് ഹോമിനു മുന്നിലെ വൈദ്യുതക്കാലില്‍ ചാരി നിന്നു. ദൂരെ ആകാശത്ത് നിലാവ് കാണരുതാത്തത് കണ്ടുപോയതിന്റെ ജാള്യം കൊണ്ടെന്നപോലെ അതിവേഗം എങ്ങോട്ടോ പോകുന്നു. പോള്‍സണ്‍ ആ തൂണില്‍ ഊര്‍ന്നിരുന്നു. ഫുട്പാത്തിലെ പൊടിമണ്ണില്‍ പറ്റിച്ചേര്‍ന്നിരുന്നപ്പോള്‍ അശ്വാസം തോന്നി. ബസില്‍ കുറെ ദൂരത്തോളം നില്‍ക്കുകയായിരുന്നല്ലോ.

താഴെ ഓടയില്‍ നിന്നും നഴ്സിങ് ഹോമിലെ മാലിന്യങ്ങളുടെ ചൂട് തലതെറിക്കുന്ന ദുര്‍ഗന്ധത്തോടെ പോള്‍സന്റെ മൂഖത്തേയ്ക്കടിച്ചു. പോള്‍സണ്‍ ഇറ്റുവീണ വെളിച്ചത്തിലൂടെ ഓടയ്ക്കുള്ളിലേക്ക് നോക്കി. ഒഴുകുന്ന വെള്ളത്തില്‍ നിന്ന് രണ്ട് കുരുന്നു കണ്ണുകള്‍ തന്നെ തുറിച്ചു നോക്കുന്നുണ്ടെന്ന് പോള്‍സണ്് തോന്നി. ഞെട്ടലോടെ ചാടിയെണീക്കുമ്പോള്‍ നെഞ്ച് വല്ലാതെ മിടിച്ചുകൊണ്ടിരുന്നു.

അവിടെ നിന്നിറങ്ങി പോള്‍സണ്‍ ആശുപത്രിയുടെ മതിലില്‍ കയറിയിരുന്നു. മുറ്റത്തൊരു കസേരയില്‍ സെക്യൂരിറ്റി നല്ല ഉറക്കത്തിലാണ്. പോള്‍സണ്‍ തന്റെ നോക്കിയ എന്‍ 73 പുറത്തെടുത്തു. ഗാലറിയിലെ അതീവഗൂഢഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന വിഡിയോ ക്ളിപ്പുകള്‍ ഓരോന്നായി പ്ളേ ചെയ്തു. പ്രമുഖസീരിയല്‍ നടിയുടെ നഗ്നതാക്ളിപ്പ്, ബോള്‍ഗാട്ടി, മൈസൂര്‍ മല്ലിക, ഡല്‍ഹി സ്കൂള്‍ ഗള്‍.. പോള്‍സണ് നേരം ഒന്നു പുലര്‍ന്നുകിട്ടിയാല്‍ മതിയെന്നു തോന്നി.

മുകളില്‍ നിന്ന് തന്റെ തോളില്‍ എന്തോ വന്നുവീണപ്പോഴാണ് തന്റെ ദൃശ്യാനുഭവത്തില്‍ നിന്ന് പോള്‍സണ്‍ ഉണര്‍ന്നത്. ദേഹത്തുവീണത് പോള്‍സണ്‍ എടുത്തു നോക്കി. ഒരു ചുവന്ന ബ്ലൌസായിരുന്നു അത്. ഏതോ സ്ത്രീയുടെ വിയര്‍പ്പും ചൂടുമുള്ള അരികുകളില്‍ കസവിന്റെ ചേലുള്ള ബ്ലൌസ്. പോള്‍സണ്‍ അതെടുത്തു നിരീക്ഷിച്ചു. മെല്ലെ മണത്തുനോക്കി. ഇറ്റുവീണ വെളിച്ചത്ത് അയാള്‍ ബ്ലൌസിന്റെ നിറം നിരീക്ഷിച്ചു. ഇതുപോലൊരു ബ്ലൌസായിരുന്നു അവളുടെ മന്ത്രകോടിയുടെയും. അത് വണ്ണംവയ്പിച്ച് കൊടുത്തത് താനായിരുന്നല്ലോ.

പോള്‍സണ് ചിരി വന്നു. ഏതോ സ്ത്രീയുടെ ബ്ലൌസ് കയ്യിലെടുത്ത് പിടിച്ച് സ്വന്തം ഭാര്യയെക്കുറിച്ചോര്‍ക്കുന്നതിന്റെ രസം അയാളെ പിന്നെയും ചിരിപ്പിച്ചു. ഫോണ്‍ പോക്കറ്റിലിട്ട് ആ ബ്ലൌസ് നാലായി മടക്കി തലയ്ക്കല്‍ വച്ച് ഭാര്യയുടെ മാറില്‍ ചേര്‍ന്നെന്നപോലെ കണ്ണടച്ച് ആ മതിലിന്റെ മുകളില്‍ പോള്‍സണ്‍ നിവര്‍ന്നു കിടന്നു.

നേര്‍ത്തു പെയ്ത മഞ്ഞിന്റെ തണുപ്പില്‍ അയാള്‍ ഇടക്കിടെ ചുമയ്ക്കുന്നുണ്ടായിരുന്നു.

അതേ സമയം, നേരേ മുകളില്‍ മൂന്നാം നിലയിലെ 423-ാം മുറിയില്‍ ഏറെക്കുറെ നഗ്നയായിരുന്ന സുന്ദരിയായ യുവതി താഴെ നിന്ന് ഇടവിട്ട് കേട്ടുകൊണ്ടിരുന്ന ചുമ കേട്ട് തന്റെ ഭര്‍ത്താവിനെ വെറുപ്പോടെ ഓര്‍ത്തുകൊണ്ട് ഡോ.പുന്നൂസ് ജോര്‍ജിന്റെ വെളുത്തു തുടുത്ത മുഖം തന്റെ മാറോട് ചേര്‍ത്തുപിടിച്ചുറങ്ങാന്‍ ശ്രമിച്ചു.

മഞ്ചു ലോട്ടറി, കണ്ണൂര്‍

Posted 23 April 2008 | By | Categories: Stories | 4 Comments

എന്റെ ഒരു സഹൃത്ത്. പേര് പറയില്ല. പേര് പറയരുതെന്നാണല്ലോ. എങ്കിലും ചില ക്ലൂസ് തരാം. ഒത്ത ഉയരം, അത്ര ഒത്തിട്ടില്ലാത്ത തടി. പുണ്യസ്ഥലത്താണ് വീടെങ്കിലും പുണ്യവതിയുടെ പള്ളിയോടു ചേര്‍ന്നുള്ള ഷാപ്പിലാണ് താമസം. നിത്യനിരാശാകാമുകന്‍. അതായത് നിത്യവും നിരാശയാണെങ്കിലും കാമുകത്വത്തിനു കുറവില്ല. ഏത് പെണ്‍കുട്ടിയെ കണ്ടാലും തോന്നും സുന്ദരനായ തന്നോടിവള്‍ക്ക് പ്രേമമാണെന്ന്. അങ്ങനെ അവളെ പിന്‍തുടരും. അവസാനം അളുടെ വായിന്‍ നിന്ന് തന്നെ കേള്‍ക്കും ‘’’’- ക്ഷമിക്കണം, സഹോദരാ, നിങ്ങളെ എനിക്കൊരിക്കലും അങ്ങനെ കാണാന്‍ കഴിയില്ല.- എന്ന്.

അങ്ങനെ നോക്കിയാല്‍ നാലാം ക്ളാസ്സില്‍ കൂടെ പഠിച്ച സ്മിതമോള്‍ മുതല്‍ ഇങ്ങോട്ട് പത്തുമുപ്പത്തിരണ്ട് പേര്‍ സഹോദരിമാരായുണ്ട്. ഇനിയും മനസ്സിലായില്ല ആരാന്ന് ?ശരി, ഒരു ക്ളൂ കൂടി തരാം. ഷാപ്പിലുണ്ട്, പള്ളിയിലുമുണ്ട്. മനസ്സിലായില്ലാ ? കോട്ടയത്തുണ്ട്, മലപ്പുറത്തില്ല. ഇനീം മനസ്സിലായില്ലേല്‍ പോ. ഞാനായിട്ട് പറയും എന്നൊരാളും വിചാരിക്കരുത്. വ്യക്തിഹത്യ എനിക്കിഷ്ടമല്ല. ഇനി ഇതു വായിച്ചിട്ട്് ഇതിലെ നായകന്‍ സുനീഷ് ആണെന്ന് ആരെങ്കിലും പറയുമോന്നാ എന്റെ പേടി.

അപ്പോള്‍ പറഞ്ഞുവന്നത് പറയാം. ഞാനീ പറഞ്ഞ എന്റെ സഹൃത്ത് ഒരു ഞായറാഴ്ച രാവിലെ പള്ളീലോട്ടു പോണോ ഷാപ്പിലോട്ടു പോണോ എന്ന സംശയവുമായി നില്‍ക്കമ്പോഴാണ് പള്ളിമുറ്റത്ത് നിന്ന് ബ്രോക്കര്‍ രാധാകൃഷ്ണന്‍ വിളിച്ചത്. രാധാകൃഷ്ണന് പള്ളിമുറ്റത്തെന്തു കാര്യം എന്നു ചോദിക്കരുത്. രാധാകൃഷ്ണന്റെ ശരിയായ പേര് ഔസേപ്പ് എന്നാണ്. ആ പേരുവച്ച് പിശുക്കന്മാരായ ക്രിസ്ത്യാനികളുടെ കല്യാണം നടത്തിക്കൊടുത്താല്‍ ബ്രോക്കര്‍ ഫീസ് കിട്ടില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ നല്ല തല്ല് കിട്ടിയെന്നും വരും. അങ്ങനെ പേര് രാധാകൃണന്‍ എന്നു മാറ്റി ഹിന്ദു വിവാഹങ്ങളില്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെയാണ് കുടുംബം കഞ്ഞികുടിച്ചു തുടങ്ങിയത്.

അങ്ങനെ ഷാപ്പിലേക്കു പോകാന്‍ തയ്യാറായി നിന്ന എന്റെ സഹൃത്ത് രാധാകൃഷ്ണന്‍ വിളിച്ചതല്ലേ എന്നോര്‍ത്ത് നേരെ പള്ളിയിലേക്ക് പോയി. സഹൃത്തിനെ കണ്ടതും രാധാകൃഷ്ണന്‍ പറഞ്ഞു- നിന്റെ ഒരു കാര്യത്തിനാ വിളിച്ചത്. ഒന്നിരിക്കണം !

ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിനടയിലിരുന്ന ചരിത്രമേയുള്ളൂ. ചരിത്രം തിരുത്തുന്ന പ്രശ്നമില്ല. പക്ഷേ, അവിടെയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അച്ചന്റെ ശബ്ദം ഒരു തടസ്സമായതകൊണ്ട് ഇരുവരും ഷാപ്പിലേക്കു പോയി. അവിടെയിരുന്ന് രാധാകൃഷ്ണന്‍ കാര്യങ്ങള്‍ വിശദമാക്കി. ഒരു പെണ്ണൂണ്ട്.

ഉണ്ടല്ലോ, ഉണ്ടാവണമല്ലോ.

കണ്ണൂരാണ് വീട്.

നന്നായി. കൂട്ടുകാരനെ കാണാനാണെന്നു പറഞ്ഞ് ഇവിടുന്നൊരുത്തനും അങ്ങോട്ടു വരത്തില്ല. മാത്രമല്ല, ഇവിടെ ആരെയെങ്കിലും പേടിപ്പിക്കണമെങ്കില്‍ കണ്ണൂരു നിന്ന് അളിയന്മാരെ വിളിക്കാം. സഹൃത്തിന് പ്രതീക്ഷകള്‍ നാമ്പിട്ടു. പണ്ട് അല്‍പം കളരിയും അടിതടകളും പഠിച്ചതൊക്കെ അദ്യരാത്രിയില്‍ തന്നെ അവളെ കാണിച്ചുകൊടുക്കണം. താനും മോശക്കാരനല്ല എന്നവളറിയണം. അങ്ങനെ തലവെട്ടി പരിചയമില്ലെങ്കിലും വേണ്ടി വന്നാല്‍ തലയും വെട്ടും എന്നൊക്കെ പറഞ്ഞ് കയ്യിലെടുക്കാം.

പെണ്ണിന്റെ പേര് ഷിബു. കൊള്ളാം. പെണ്ണൂങ്ങള്‍ക്കിടാന്‍ പറ്റിയ പേര്. വിളിക്കാനാണെങ്കിലും എന്തെളുപ്പം. മക്കളുണ്ടായാല്‍ തന്റെ പേരിന്റെ ആദ്യാക്ഷരവും അവളുടെ പേരിന്റെ ആദ്യാക്ഷരവും ചേര്‍ത്ത് സുഷി എന്നോ ഷിസു എന്നോ ഇടാം. ഷിനീഷ്, സുബു എന്നീ പേരുകളും പരിഗണിക്കാം.

ഫോട്ടോ ഉണ്ടോ ?

ഇല്ല. ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രഫര്‍ ചെല്ലുമ്പോള്‍ അവള്‍ ഉണ്ണുകയായിരുന്നു. അല്ലെങ്കിലും ഫോട്ടോ ഒന്നും തന്നുവിടാന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഇനിയിപ്പോള്‍ നിര്‍ബന്ധമാണെങ്കില്‍ കുട്ടിയടെ ഒരു കഥ വന്നിട്ടണ്ട്, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപ്ക്തിയില്‍ അതിന്റെ കൂടെ ഫോട്ടോയും വന്നിട്ടുണ്ട്. വാരിക സംഘട്ിപ്പിച്ചാല്‍ കാണാം. 92ല്‍ ആണെന്നു തോന്നുന്നു.

നേരിട്ടു പൊയ്ക്കളയാം!

ഈ കല്യാണം നടക്കും. സുഹൃത്തിന്റെ മനസ്സിലിരുന്നാരോ പറഞ്ഞു. ഓരോ തവണയും പെണ്ണ കാണാന്‍ പോകമ്പോള്‍ അയാള്‍ ഇത് തന്നെ പറയാറുള്ളതാണ്. സുഹൃത്തിന്റെ സുഹൃത്ത് ജോര്‍ജ്കുട്ടി കെട്ടിപ്പിടിച്ചു കരഞ്ഞു. Ê- പോയാല്‍ പിന്നെ എനിക്കാരാഡാ ?

നിനക്ക്.. ഞാനില്ലേ, അവളില്ലേ ?

ജോര്‍ജ്കുട്ടി സമ്മതിച്ചില്ല. ഷിബു എന്ന പേര് കേട്ടിട്ടു തന്നെ പേടിയാകുന്നു. ഇരുവരും പോയി ഷാപ്പില്‍ രണ്ട് ദിവസം താമസിച്ചു പേടി മാറ്റി. കണ്ണൂര്‍ക്ക് പെണ്ണകാണാന്‍ ചെല്ലാന്‍ പറഞ്ഞ ഞായറാഴ്ചയടെ തലേന്ന് രാത്രി 8 മണിക്ക് പാലായില്‍ നിന്നുള്ള കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റില്‍ ജോര്‍ജ്കുട്ടി സുഹൃത്തിനെ കൊണ്ടുവന്നു വച്ചു. ഉമ്മയും കൊടുത്തിട്ട് പോയ പോക്കാണ്.

ഏതാനും ഫുള്ളുകള്‍. ജാഡയ്ക്ക് ചില ലാര്‍ജുകള്‍. അത്രയുമേ ഉണ്ടായിരുന്നുള്ളൂ സുനീഷിന്റെ ഉള്ളില്‍. പാവം ഉറങ്ങിപ്പോയി. ഉറക്കം എന്നു പറഞ്ഞാല്‍ സുദീര്‍ഘമായ ആഴത്തിലുള്ള ഉറക്കം.

കണ്ണുതുറക്കുമ്പോള്‍ വെളിച്ചം വീണിട്ടില്ല. എവിടെയായോ എന്തോ ? ഇനിയിപ്പോള്‍ കണ്ണൂര് കഴിഞ്ഞു കാണുമോ ? കണ്ണൂര്‍ ബസ് കണ്ണൂര് കഴിഞ്ഞെവിടെപ്പോകാന്‍ ? എങ്കിലും സഹൃത്തിന് പേടി തോന്നി. വീടിന്റെ അടയാളം പറഞ്ഞ ആല്‍മരമാണോ ആ കാണുന്നത്. ഈശ്വരാ! സുഹൃത്ത് സൂക്ഷിച്ചു നോക്കി. ബോര്‍ഡകളിലൊന്നും സ്ഥലപ്പേരില്ല.

ഒടുവില്‍ നോക്കി നോക്കി ഇരിക്കുമ്പോള്‍ ദാ വരുന്നു ഒരു ബോര്‍ഡ്- മഞ്ചു ലോട്ടറി, കണ്ണൂര്‍.

ഹൊ! ആശ്വാസമായി. കണ്ണൂര്‍ എന്നുള്ള ആ എഴുത്ത് കണ്ടപ്പോള്‍ സുഹൃത്തിന് എന്തൊക്കെയോ തോന്നിപ്പോയി. ചാടിയെണീറ്റു- എനിക്കിവിടെയിറങ്ങണം !

കണ്ടക്ടര്‍ സൂക്ഷിച്ചുനോക്കി. എന്നിട്ടു ബെല്ലടിച്ചു. വണ്ടി നിന്നു. ഇറങ്ങി. വണ്ടി പോയി. എല്ലാം പെട്ടെന്നായിരുന്നു.

സഹൃത്ത് ആല്‍മരത്തിങ്കലേയ്ക്ക് തിരികെ നടന്നു. വഴി കണ്ടുപിടിച്ചു. വഴി പറഞ്ഞു തരുന്നെങ്കില്‍ ഇങ്ങനെ പറഞ്ഞു തരണം. എന്തൊരു കൃത്യം. കുഞ്ഞുന്നാളില്‍ ബാലരമയിലും പൂമ്പാറ്റയിലും ബാലമംഗളത്തിലും ഒക്കെ വഴി കണ്ടുപിടിച്ചതിനൊക്കെ ഒരര്‍ഥമുണ്ടായി എന്നു തോന്നി സുഹൃത്തിന്.

ഊടവഴിയടെ മുകളിലെത്തിയപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍. രാത്രിയാണ്. നേരേ പെണ്ണിന്റെ വീട്ടിലേക്കു ചെല്ലുന്നത് ശരിയല്ല. ഈ സമയത്ത് ആരെ കണ്ടുപിടിക്കാനാണ്. ദാ നില്‍ക്കുന്നു മുന്നില്‍ 2 പേര്‍.

സഹൃത്ത് അടുത്തേക്കു ചെന്നു- ഈ ഷിബു എന്നു പറയുന്ന..

മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല- കാണാന്‍ വന്നതാണോ ?

അതെയതെ!- സുഹൃത്തിന് ആശ്വാസമായി.
ചേട്ടന്മാരായിരിക്കും. കാത്തനിന്നതാവാം. എന്തു നല്ല ആളുകള്‍.

അവര്‍ മുമ്പേ നടന്നു. സുഹൃത്ത് പിന്നാലെയും. കാടും മലയും കടന്ന് കുറെ ദൂരം. ഒടുവില്‍ ഇരുട്ടുമൂടിയ ഒരു വീടിന്റെ മുന്നില്‍ ചെന്നു. ചേട്ടന്മാര്‍ വരാന്തയിലേക്കു കയറി വാതിലില്‍ മുട്ടിവിളിച്ചു.- ഷിബൂ.. ഷിബൂ..

അത് ശരി. അപ്പോള്‍ പെങ്ങളും ചേട്ടന്മാരും തനിച്ചാണ് താമസം. ഭാവി അളിയനെ കാത്ത് പെങ്ങളെ തനിച്ചാക്കി വന്നു നിന്നതാണ്. ഇപ്പോള്‍ വാതില്‍ തുറന്നുകൊടുക്കാന്‍ വിളിക്കുകയാണ്. കൊള്ളാം. ഇപ്പോള്‍ അവള്‍ വാതില്‍ തുറക്കും. ആദ്യകാഴ്ച തന്നെ ഗംഭീരമാവണം.

സുഹൃത്ത് മുഖം തടച്ചു. വാതിലിന്റെ ഓടാമ്പല്‍ മാറ്റുന്ന ശബ്ദം. തുറന്നു.

ഒരു ഭീകരരൂപം പുറത്തേക്കു വന്നു. എവിടെ എന്റെ ഷിബു. അവളെ ഈ പിശാച് തിന്നോ ? ആങ്ങളമാര്‍ ഞെട്ടുന്നില്ലല്ലോ.

ആരാടാ ഈ നേരത്ത് ?- കറകറാന്നുള്ള ശബ്ദത്തില്‍ പിശാച് ചോദിച്ചു.

കമ്പിവാസു പറഞ്ഞില്ലായിരുന്നോ, മറ്റേ കുത്ത്കേസില്‍ പരോളിലിറങ്ങിയവന്‍.. കാശും കൊണ്ട് വന്നതാ..

പിശാച് ഇരുത്തി മൂളി- എന്താടാ നിന്റെ പേര് ?

സു..സു.- സഹൃത്ത് നിന്ന് വിക്കി.

സുരേഷ്- ആങ്ങളമാര്‍ പൂരിപ്പിച്ചു.

കാശ് റെഡിയാണോ ?

സുഹൃത്ത് അറിയാതെ തലകുലുക്കി.

പിശാച് കൈ നീട്ടി. ആങ്ങളമാരിലൊരുത്തന്‍ സഹൃത്തിന്റെ കയ്യിലെ ബാഗ് പിടിച്ചുവാങ്ങി. ബാഗ് പോയി എന്നു മനസ്സിലായതും സുഹൃത്ത് തിരിഞ്ഞോടി. വന്നവഴിയിലെ കയ്യാലകളും വന്‍കുഴികളും നിഷ്പ്രഭമാക്കി പറന്നു. താഴെയെത്തമ്പോള്‍ വഴിതെറ്റി വന്നപോലെ ഒരോട്ടോ. കൈ കാണിച്ചു, ചാടിക്കയറി.

എങ്ങോട്ടാ ?

കിതപ്പൊന്നടങ്ങിയപ്പോള്‍ സുഹൃത്ത് ചോദിച്ചു- കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് എന്തു ദൂരം വരും ?

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഒരു 400 കിലോമീറ്റര്‍ കൂടി വരും. എന്താ പോകണോ ?

അപ്പോ ഇതേതാ സ്ഥലം ?

ഇത് കൂത്താട്ടുകുളം.. ഇവിടുത്തെ ഏറ്റവും വലിയ ഗുണ്ടയാ കത്തിഷിബു.. രാത്രി ഷിബവിനെ കാണാന്‍ ആളുവരുന്നതാ.. അതാ ഞാനിവിടെ കിടന്നത്..അല്ല നമ്മള്‍ക്കെങ്ങോട്ടാ പോകേണ്ടത് ?

അത് കേള്‍ക്കാതെ ഭാവിവധുവിന് സമ്മാനിക്കാന്‍ വാങ്ങിയ കെയര്‍ഫ്രീയും ബ്രാസിയറും ഉള്‍പ്പെടെയുള്ള വന്‍കിട സമ്മാനങ്ങള്‍ ഷിബു എങ്ങനെ പ്രയോജനപ്പെടുത്തും എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞെട്ടിക്കുന്ന ആ ബോര്‍ഡ് അടുത്ത ജംക്ഷനില്‍ വീണ്ടും കടന്നു വന്നത് – മഞ്ചു ലോട്ടറി, കണ്ണൂര്‍.

അടിമാലിയില്‍ നിന്നുള്ള കാറ്റ്

Posted 17 April 2008 | By | Categories: Stories | 7 Comments

പാതി തുറന്നിട്ട ജനാലകള്‍ക്കരികെ കവിള്‍ തോളോട് ചേര്‍ത്തിരിക്കുമ്പോള്‍ സ്റ്റെല്ലക്കുട്ടിയുടെ കാതില്‍ അപ്പുറത്ത് ബാത്ത്റൂമില്‍ സോപ്പുപതയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്ന ഭര്‍ത്താവിന്റെ ഓ..ഷിറ്റ്!..ഷിറ്റ്! എന്ന ആത്മഗതങ്ങള്‍ മാത്രമേ കേള്‍ക്കാനുമ്ടായിരുന്നുള്ളൂ.

പുറത്ത്, രണ്ടാം ക്ളാസ്സില്‍ പഠിച്ചപ്പോള്‍ പിച്ചിച്ചീന്തിയ അമ്മച്ചിയുടെ തലയിണയിലെ പഞ്ഞിക്കഷണങ്ങള്‍ പോലത്തെ മഞ്ഞ് പെയ്തിറങ്ങുകയായിരുന്നു. അവള്‍ക്ക് അവളോട് തന്നെ അസൂയ തോന്നി. മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ നേര്‍ത്ത വിരലുമായി അവളെ തൊടാനെത്തിയ കാറ്റിന് അടിമാലിയിലെ മരുതുംപാറയ്‍ക്കു മുകളിലെ ചെമ്പകത്തിന്റെ പച്ചത്തൊലിയില്‍ ഐലവ്‍യൂ എന്നെഴുതി വച്ച ക്യൂട്ടെക്സിന്റെ മണമാണെന്നു തോന്നി. അതോ രാത്രിയില്‍ മാത്രം ആരോ ചൂടി നടക്കുന്നു എന്നു തോന്നിയ ആ ചെമ്പകപ്പൂക്കളുടെയോ.

അവള്‍ കസേരയില്‍ നിന്നെണീറ്റു ബാത്ത്റൂമില്‍ കിടക്കുന്നന സാധനത്തിനെ ഇടയ്‍ക്ക് ശ്രദ്ധിക്കണം. ശ്രദ്ധിച്ചു. വല്ലാത്ത നിര്‍വൃതിയിലെന്നപോലെ കഴുത്തറ്റം സോപ്പുപതയില്‍ താഴ്‍ത്തി കണ്ണുകളടച്ച് കിടക്കുകയാണ്. കയ്യിലെ ബിയര്‍കുപ്പി കാലിയായത് നിലത്ത് വീണു കിടപ്പുണ്ട്. അയാളുടെ സ്വര്‍ഗം ഈ ബാത്ത്‍ടബ്ബിലാണെന്നു തോന്നുന്നു. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതേയുള്ളൂ. സായിപ്പ് എന്നു പറയുന്ന സാധനം എന്താണെന്നു മനസ്സിലായി വരുന്നതേയുള്ളൂ. മനസ്സിലാക്കിയിടത്തോളം ഉപദ്രവകാരിയല്ല.

ആദ്യകാലകാമുകന്മാരെപ്പോലെ ഒറ്റയ്‍ക്കുകിട്ടിയാല്‍ അമര്‍ത്തിപ്പിടിച്ചു ചുംബിക്കണമെന്നില്ല. വരട്ടെ, നോക്കാം എന്നൊരു ലൈനാണ്. അയാളുടെ തണുപ്പന്‍ മട്ടു കാണുമ്പോള്‍ അങ്ങ് കയറി ആക്രമിച്ചു കീഴ്‍പ്പെടുത്തിയാലോ എന്നു തോന്നിയിട്ടുണ്ട് ചിലപ്പോള്‍. അത് തന്നെയാണ് അയാള്‍ അഗ്രഹിക്കുന്നതെങ്കില്‍ താന്‍ തോറ്റു കൊടുക്കരുതല്ലോ എന്നു കരുതി കടിച്ചു പിടിച്ചു ജീവിക്കുകയാണ്.

സ്റ്റെല്ലക്കുട്ടി കബോര്‍ഡില്‍ നിന്ന് മറ്റൊരു കുപ്പി ബിയര്‍ എടുത്തുകൊണ്ട് വന്ന് എറിക് എന്നു പേരുള്ള ഭര്‍ത്താവിന്റെ കയ്യില്‍ പിടിപ്പിച്ചു. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവളുടെ ചന്തിയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് തട്ടി അയാള്‍ അഭിനന്ദിക്കുകയും ചെയ്തു. ദുഷ്ടന്‍ എന്തൊരടിയാണ് അടിച്ചത്. ചന്തി തിരുമ്മിക്കൊണ്ട് അവള്‍ വീണ്ടും ജനാലയ്‍ക്കരികില്‍ പോയിരുന്നു. ഒരു കുപ്പി ബിയര്‍ തീരാന്‍ എത്ര സമയം വേണം എന്നുള്ള തന്റെ പര്യവേഷണം ഇപ്പോള്‍ ഏറെക്കുറെ ശരിയാണ്.

ടബ്ബില്‍ നിന്നു സായിപ്പെണീക്കാനുള്ള സമയം ആദ്യം മുതലേ ശരിയായിരുന്നു. മീനവേനലില്‍ രാജാക്കാട്ടെ തറവാട്ടുവീട്ടിലെ കുളത്തില്‍ നട്ടുച്ചക്കിറങ്ങി കിടക്കുന്ന തറവാട്ടു പോത്ത് കുളികഴിഞ്ഞ് കയറാന്‍ എടുക്കുന്ന അതേ സമയം.

പേരു ചോദിച്ച് പരിചയപ്പെട്ട ശേഷം പെട്ടെന്ന് ഭര്‍ത്താവ് വരാറായോ എന്നോ വൃത്തികെട്ട ശബ്ദത്തില്‍ ചോദിക്കുന്ന ഓര്‍ക്കൂട്ട് ഫ്രണ്ടിനെപ്പോലെ നേര്‍ത്ത മഞ്ഞിനിടയിലൂടെ അരിച്ചരിച്ചെത്തി അവളെ തൊട്ടുപോയ അടിമാലിയില്‍ നിന്നുള്ള കാറ്റ് ഇപ്പോള്‍ മരുതുംപാറയ്‍ക്കു മുകളിലിരിക്കുമ്പോഴത്തെ പരിചയത്തോടെ തന്റെ അളകങ്ങളെ അവകാശപൂര്‍വം തലോടിക്കളിക്കുന്നു.

സ്റ്റെല്ലക്കുട്ടി ജനല്‍ വലിച്ചടച്ചു- പോ, കാറ്റേ!..ഞാന്‍ നിന്റെ പഴയ സ്റ്റെല്ലയൊന്നുമല്ല..ഞാനിപ്പോള്‍ ഫോറിന്‍കാരിയാ..ഇവിടെ ഇപ്പോള്‍ ഫോറിന്‍ കാറ്റാ..നിന്നെപ്പോലെ കണ്ട കാടും മലയും കയറി കള്ളക്കഥയും പറഞ്ഞ് തെണ്ടി നടക്കുന്ന കാറ്റൊന്നുമല്ല…വളരെ ഡീസന്റായ..അങ്ങനെയിങ്ങനെയൊന്നും ആഞ്ഞ് വീശുകപോലും ചെയ്യാത്ത മഞ്ഞിന്റെ കോട്ടും സ്യൂട്ടുമൊക്കെയിട്ട നല്ല ഡീസന്റ് കാറ്റ്….

എങ്കിലും ജനടച്ചുകഴിഞ്ഞപ്പോള്‍ അവള്‍ക്ക് സങ്കടം തോന്നി. അടിമാലിയില്‍ നിന്നുള്ള കാറ്റാണ്. ചെലപ്പോള്‍ അതിനു സങ്കടം വരും. അടിമാലിയില്‍ നിന്ന് ഫിന്‍ലന്‍ഡില്‍ വന്നിട്ടുള്ള ഏകവനിത താനാണ്. തന്നെക്കാണാന്‍ വേണ്ടി മാത്രമാണ് അതിത്രയും ദൂരം താണ്ടി വന്നത്.

അപ്പച്ചന്റെയും അമ്മച്ചിയുടെയും അച്ചാച്ചന്റെയും പാപ്പന്മാരുടെയും ഉപ്പാപ്പന്മാരുടെയും വിയര്‍പ്പിന്റെ മണമുള്ള,തൊഴുത്തില്‍ നിറഞ്ഞു നിന്ന പശുക്കളുടെയും പറമ്പില്‍ പൂത്തുലഞ്ഞ കൈതപ്പൂവിന്റെയും ചൂരുള്ള, തയ്യല്‍ക്കാരന്‍ കണാരന്‍ തയ്‍ക്കാന്‍ കൊടുക്കുന്ന ബ്ലൗസുകളിലെല്ലാം നിര്‍ലോഭം കോരിയൊഴിക്കുന്ന 7 രൂപയുടെ ജാസ്മിന്‍ പെര്‍ഫ്യൂമിന്റെ ഗന്ധമുള്ള,ഗന്ധര്‍വ്വനെ കാണാമെന്നു കരുതി എത്രയോ സന്ധ്യകളില്‍ കുളിച്ചൊരുങ്ങി ഒരു സുന്ദരിയായി മരുതുംപാറയില്‍ തനിച്ചിരുന്നപ്പോള്‍ എങ്ങുനിന്നന്നറിയാതെ എത്തിയ ആ സുഗന്ധത്തിന്റെ സ്മരണയുള്ള അടിമാലിയിലെ കാറ്റ്.

അവള്‍ ജനല്‍ തുറന്നിട്ടു..

ഇവിടെയിപ്പോള്‍ ഇവിടുതതെ കാറ്റ് ലോക്കലും അടിമാലിയിലെ കാറ്റ് ഫോറിനുമാണ്. എന്നും എവിടെയും ഫോറിനാണ് ബഹുമാനിക്കപ്പെടേണ്ടത്.കടന്നുവരൂ കാറ്റേ,ബിയറിന്റെ ഊര്‍ജ്ജമുള്ള ചുംബനങ്ങള്‍ അധരങ്ങളിലൂടെ തള്ളിക്കയറ്റിയ, അപ്പുത്ത് ടബ്ബില്‍ കിടക്കുന്ന സായിപ്പിന്റെ ശ്വാസം നിറഞ്ഞ എന്റെ ശ്വാസകോശങ്ങളില്‍ നിറയൂ…

പുതിയ സാരികളെക്കുറിച്ചും നാട്ടിലുള്ള വൃത്തികെട്ട കൂടെപ്പിറപ്പുകളെക്കുറിച്ചും മനോരോഗികളായ മലയാളികളെക്കുറിച്ചും സംസാരിക്കുന്ന അപ്പുറത്തെ അപ്പാര്‍ട്ട്മെന്റിലെ ചങ്ങനാശ്ശേരിക്കാരി ട്രീസയുടെ ഭര്‍ത്താവ് അവര്‍ ജോലിക്കു പോകുമ്പോള്‍ തന്നെ കാണാന്‍ വരുമ്പോള്‍ മാത്രം പൂശാറുള്ള വൃത്തികെട്ട സുഗന്ധം നിറഞ്ഞ ഈ സ്വീകരണമുറിയെ ശുചീകരിക്കു.

ഇവിടെ എന്റെ നാടിന്റെ, ചാണകത്തിന്റെ,മരുതുംമലയിലെ ചെമ്പകത്തിന്റെ,ഇരുട്ടില്‍ കാണാതെ പോയ ആട്ടിന്‍കുട്ടിയെ തിരയാനിറങ്ങി എന്നും കൃത്യമായി ചിട്ടിക്കാരന്‍ ദിനേശന്റെ വീട്ടിനുള്ളില്‍ അപ്രത്യക്ഷയാവുന്ന കീഴാശ്ശേരി ജാനകിക്കുട്ടി മുടിയില്‍ ചൂടാറുള്ള മഞ്ഞനിറമുള്ള പൂവിന്റെ,ഒക്കെ സുഗന്ധം ഈ മുറിയില്‍ നിറയ്‍ക്കൂ…

സ്റ്റെല്ലക്കുട്ടി കാതോര്‍ത്തു.കുപ്പി താഴെവിഴുന്നതുപോലൊരു ശബ്ദം. രണ്ടാമത്തെ ബിയര്‍ തീരാറായില്ലല്ലോ.അവള്‍ കാതോര്‍ത്തു. ഓ!ഷിറ്റ്-എന്ന മന്ത്രം കേള്‍ക്കാനില്ല. ബിയര്‍ തീര്‍ന്നാലുടന്‍ അത് കേള്‍ക്കാം.അവള്‍ എണീറ്റ് എറിക്കിന്റെ തുറന്നുവച്ചിരിക്കുന്ന മാകിന്റോഷ് നോട്ട്ബുക്കില്‍ ശ്രദ്ധിച്ചു.

അവള്‍ വിളിക്കുകയാണ് അപ്പുറത്ത് നിന്ന്- മാര്‍ത്ത. – എറിക്…വേര്‍ ?

സ്റ്റെല്ല പെട്ടെന്നൊരു അടിമാലിക്കാരിയായി- കീപാഡില്‍ വിരലുകള്‍ വേഗം ചലിച്ചു.- ഗോ ഫക്ക്..യു ബിച്ച്..

മാര്‍ത്ത ഞെട്ടി. മറുപടിയില്ല. ഇത്രേയുള്ളൂ. പെണ്ണുങ്ങള്‍ അടിമാലിയായാലും ഫിന്‍ലന്‍ഡിലായാലും ഒന്നു തന്നെ. ഇംഗ്ളീഷിലാവുമ്പോള്‍ മനസാക്ഷിക്കുത്തില്ലാതെ തെറിവിളിക്കാം. മലയാളത്തില്‍ പാടാണ്. എന്നാലും ‍ഞാനത് പറഞ്ഞല്ലോ എന്നൊരു തോന്നലാണ്.സ്റ്റെല്ലക്കുട്ടി അല്‍പനേരം കൂടി കാത്തു. മാര്‍ത്തയ്‍ക്ക് അനക്കമില്ല. ചിലപ്പോള്‍ പറഞ്ഞ പണിക്കു പോയിക്കാണും.

നോക്കിയ ഫാക്ടറിയില്‍ ഫൈനല്‍പ്രോഡക്ടിനുള്ള ബാറ്ററികള്‍ ടെസ്റ്റ് ചെയ്യുന്ന പണിയാണ് എറിക്കിനെങ്കില്‍ എറിക് ഓരോ മാസവും എന്തു പണിയാണ് ചെയ്യേണ്ടത് എന്നു തീരുമാനിക്കുന്ന പണിയാണ് മാര്‍ത്തയ്‍ക്ക്. അവര്‍ക്കിടയില്‍ ഒരു ചുക്കുമില്ല എന്നു തനിക്കറിയാം. അല്ലെങ്കിലും നൂറായിരം പെണ്ണുങ്ങളുടെ കൂടെ തലകുത്തിമറിഞ്ഞിട്ട് ഇനി അല്‍പകാലം ബ്രഹ്മചര്യമോ മറ്റോ ചെയ്യാനാണ് മൂപ്പില്‍സ് തന്നെ താലി കെട്ടിയത് (സോറി, അതൊരു ഭംഗിവാക്കാണേ, ഇവിടെ അങ്ങനൊന്നില്ല)എന്നു തോന്നിപ്പോകും ഇടപാടുകള്‍ കണ്ടാല്‍.

മൂപ്പില്‍സിന്റെ പഴയ ഓര്‍ക്കുട്ട് സ്ക്രാപ്പുകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയാല്‍ പച്ചയ്‍ക്കു തിന്നാമെന്ന മട്ടില്‍ നില്‍ക്കുന്ന മദാമ്മക്കൊച്ചുങ്ങളെ തട്ടീട്ട് അടുത്ത പേജിലോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയാണ്.കല്യാണ രാത്രിയില്‍ ചുമ്മാ കൂളായിട്ട് ചോദിക്കുവാ-പോണ്‍ സിനിമേലഭിനയിച്ചിട്ടുണ്ടോന്ന്.

ഹും ! കേരളത്തിലെങ്ങാനുമായിരുന്നേല്‍ നീയെന്റെ മാനത്തിനു വിലപറയുന്നോ എന്നൊക്കെ ചോദിച്ച് രണ്ട് ഡയലോഗ് കാച്ചി വിരട്ടാമായിരുന്നു. ഇവിടെ ഒന്നും ഏല്‍ക്കില്ല. പണ്ടേതോ പോണ്‍ സിനിമയില്‍ പുള്ളി കംണ്ട നായികയ്‍ക്ക് തന്റെ ഛായയാണു പോലും.

ഓ ഷിറ്റ്!ഷിറ്റ്!-രണ്ടാമത്തെ കുപ്പിയും തീര്‍ന്നിരിക്കുന്നു. എണീറ്റുപോകും വഴി അവള്‍ വീണ്ടും എറിക്കിന്റെ നോട്ട്ബുക്കില്‍ നോക്കി. മാര്‍ത്ത പോയിട്ടില്ല. അവളുടെ പേരിന്റെ അരികില്‍ പച്ച തെളിഞ്ഞു നില്‍ക്കുന്നു. സ്റ്റെല്ലക്കുട്ടിക്ക് വിരല്‍ തരിച്ചു വന്നു.ഇംഗ്ളീഷില്‍ ആകെയറിയാവുന്ന ഒരു തെറി അടിച്ചു കഴിഞ്ഞു. മലയാളമെങ്കില്‍ മലയാളം മദാമ്മയ്‍ക്കു മനസ്സിലായില്ലെങ്കിലും മനസ്സിന്റെ സംതൃപ്തിയാണ് പ്രധാനം.

അവള്‍ വീണ്ടും ടൈപ്പ് ചെയ്തു-പോടീ കഴുവേര്‍ടെ മോളെ !

വല്ലാത്ത സംതൃപ്തിയോടെ സ്റ്റെല്ലക്കുട്ടി മൂന്നാമത്തെ ബിയര്‍ എടുത്ത് സായിപ്പിന്റെ കയ്യില്‍ പിടിപ്പിച്ചു. അഭിന്ദനപ്രഹരത്തിനു മുമ്പേ ചന്തിയുമായി അവള്‍ പുറത്തുചാടി.

ഹണി..-അയാള്‍ വിളിക്കുന്നു. അവള്‍ തിരിഞ്ഞു നോക്കി.

ഈസ് മാര്‍ത്താ ഓണ്‍ലൈന്‍ ??

ങ്ഹും.ഇനിയവളെ കാണാഞ്ഞിട്ടാണ്.- നോ ഹണി..ഷി ഈസ് ഓഫ്‍ലൈന്‍..

തിരികെ ചെല്ലുമ്പോള്‍ മാര്‍ത്തയില്‍ നിന്നും ഒരു മറുപടി ഉയര്‍ന്നു നിന്നിരുന്നു – ആരാണ് നീ ?-ശുദ്ധമലയാളത്തില്‍.

സ്റ്റെല്ലക്കുട്ടി ഞെട്ടി. വേളാങ്കണ്ണിമാതാവേ. മാര്‍ത്ത മാര്‍ത്ത എന്നു പറയുന്ന മദാമ്മ മലയാളിയായിരുന്നോ. ഛേയ്, അതെങ്ങനെ മലയാളിയാവും. അപ്പോള്‍ ആരാണ് മലയാളത്തില്‍ തിരിച്ചു ചോദിക്കാന്‍.

സ്റ്റെല്ലയ്‍ക്കു പേടി തോന്നി.എങ്കിലും മറുപടി കൊടുത്തു -നിന്റെ മറ്റവള്‍..നീ പോടീ!
അല്‍പം കടുത്തുപോയോ?

ഞാന്‍ പോടിയല്ല..പോടാ..യാ!-മറുപടി വന്നു.

പോടായോ ? മാര്‍ത്ത ??

മാര്‍ത്തയുടെ കെട്ടിയവനാണ് ഞാന്‍..ആരെടാ നീ ?

സ്റ്റെല്ലക്കുട്ടിക്ക് ചിരി വന്നു- ഞാന്‍ എടായല്ല എടീ..യാ

എടീയോ..??

അതെ..എറിക്കിന്റെ ഭാര്യ!

ഞാന്‍ മാര്‍ത്തയുടെ ഭര്‍ത്താവ്..!

കേരളത്തിലെവിടെയാ ?

ഇടുക്കീലാ..

യ്യോ..ഇടുക്കീലെവിടെയാ…

അടിമാലി എന്നു പറയും..

യ്യോ..അടിമാലീലെവിടെയാ ?

മരുതുംപാറ എന്നു പറയും..

യ്യോ..മരുതുംപാറേലെവിടെയാ ? എസ്റ്റേറ്റ് മുക്കിലാ ?

അല്ല..ആ പാറക്കൂട്ടങ്ങള്‍ക്ക് നടുവിലൊരു വീടുണ്ട്…അവിടെ വൈകുന്നേരങ്ങളില്‍ ഗന്ധര്‍വ്വനാല്‍ ആവാഹിക്കപ്പെടാനാഗ്രഹിച്ച് ഒരു പെണ്‍കുട്ടി വന്നിരിക്കാറുള്ളതറിയാമോ ?

അറിയാം..ഇപ്പോള്‍ ഇല്ല..അവളുടെ കല്യാണം കഴിഞ്ഞു..സന്ധ്യകളില്‍ സുഗന്ധം പരത്തിയ അവളുടെ ഗന്ധര്‍വ്വന്‍ ഒരിക്കലും അവളെത്തേടി വരില്ല എന്നറിഞ്ഞ അവള്‍ ഒരു സായിപ്പിനു തന്റെ ജീവിതം ബലികൊടുത്തു…ഓരോ വൈകുന്നേരവും പാറപ്പുറത്തെത്തുമായിരുന്ന അപ്സരസ്സിലെ ഒന്നു കാണാന്‍ വേണ്ടി അപ്പച്ചന്‍ ഗള്‍ഫീന്ന് കൊണ്ടുവന്ന സ്പ്രേയും അടിച്ച് പാറപ്പുറത്ത് ഒളിച്ചിരുന്ന ഗന്ധര്‍വ്വന്‍ പിന്നീട് ആ ജിവിതം ഒരു മദാമ്മയ്‍ക്ക് ബലികൊടുത്തു..

മൈ ഗോഡ്!ആരാണാ ഗനധര്‍വ്വന്‍ ?? എനിക്കവനെ കാണണം..ഒരിക്കല്‍ മാത്രം..

നടക്കില്ല..കാരണം നീ തടവറയിലാണ്..ഗന്ധര്‍വ്വനും..

പറയൂ ആരാണ് ആ ഗന്ഗര്‍വ്വന്‍ ?

ഞാന്‍ തന്നെ!!

ദില്‍ബന്റെ ഏഴു ടീ ഷര്‍ട്ടുകള്‍- ഫൈനല്‍ കോള്‍

Posted 09 April 2008 | By | Categories: Series | 6 Comments

രണ്ട് മിസ്ഡ് കോളുകള്‍. ഏറെക്കുറെ അര്‍ധപ്രാണനായ ആത്മാവിന്റെ അവസാനത്തെ ചിണുങ്ങലുകള്‍ പോലെ എന്റെ ഫോണില്‍ വീണു കിടന്നിരുന്നു. എതിരന്‍ ഇന്നലെ വിളിക്കില്ല. ഇനി വിളിക്കില്ല എന്നു കരുതിയിരിക്കുമ്പോള്‍ ദാ വീണ്ടും വിളിക്കുന്നു.

ദുഷ്ടാ, തെണ്ടീ, വഞ്ചകാ..ഞാന്‍ പറഞ്ഞതെല്ലാം നീ നിന്റെ ബ്ലോഗിലെഴുതിയിടുകയായിരുന്നു അല്ലേ ? ഞാന്‍ രഹസ്യമായി പറഞ്ഞതത്രയും റെക്കോര്‍ഡ് ചെയ്യുകയായിരുന്നു എന്നു നീ ബ്ലോഗിലെഴുതിയിരിക്കുന്നത് കണ്ടു. ഇന്നലെ ഫോണ്‍ ബാലന്‍സ് തീര്‍ന്നു പോയി കട്ടായപ്പോള്‍ ഇനി ഞാന്‍ ചാര്‍ജ് ചെയ്യില്ലെന്നും നിന്നെ വിളിക്കില്ലെന്നും കരുത അല്ലേ ? എന്നാല്‍ നിനക്കു തെറ്റി…ഇന്നും എനിക്കു ചാര്‍ജ് ചെയ്തു തന്നത് സാക്ഷാല്‍ ദില്‍ബനാണ്. ഞങ്ങള്‍ എല്ലാം മനസ്സു തുറന്നു സംസാരിച്ചു..ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായി..ദില്‍ബന്റെ ഏഴു ടീ ഷര്‍ട്ടുകളുടെ കഥ എനിക്കറിയാം എന്നു ഞാന്‍ പറഞ്ഞത് ശരിക്കും വേറെ കഥയായിരുന്നു..അതാണ് യഥാര്‍ത്ഥ കഥ… എന്തായാലും എന്തും ബ്ലോഗിലിടുന്നവനാണല്ലോ നീ.. നാളെ ഇത് ഇതേ പടി ബ്ലോഗിലിട്ടില്ലെങ്കില്‍ ഇടിവാളിനെ അറിയുമല്ലോ..ഞങ്ങള്‍ടെ പയ്യന്‍സാ..

സത്യത്തില്‍..ദില്‍ബന്‍ എന്നു പറയുന്നത് മലപ്പുറത്തെ പഴയൊരു നാട്ടുരാജ്യത്തെ അനന്താരവകാശിയാണ്…അതായത്..ഇപ്പോള്‍ മലബാര്‍ രാജ്യത്ത് രാജഭരണമായിരുന്നെങ്കില്‍ ദില്‍ബന്‍ വാസ് എ കിങ്..അദ്ദേഹം അവിടുത്തെ മഹാരാജാവായിരുന്നേനെ… എന്നാല്‍ പിന്നെ ഈ ഇന്ത്യയെല്ലാം വന്ന് സംഗതി അലമ്പിപ്പോയി..എന്നാലും ആ രാജപ്രതാപവും മറ്റും അവസാനിക്കില്ലല്ലോ…ശരിക്കും അദ്ദേഹത്തെ കാണാന്‍ എന്തൊരു രാജകലയായിരുന്നല്ലോ.. പണ്ട് ബാര്‍ബര്‍ ബാലന്‍ സൂപ്പര്‍ സ്റ്റാര്‍ അശോക്‍രാജിനെക്കാണാന്‍ പോയ ഒരു കഥയുണ്ടല്ലോ..അതുപോലെ ദില്‍ബന്‍ രാജകുമാരനെ കാണാന്‍ പഴയൊരു സാമന്തരാജാവായിരുന്ന നാം ഒരു പൊതി തവളയിറച്ചിയുമായി പുറപ്പെട്ടു..

ടിപ്പുവിന്റെ കാലത്ത് നമ്മുടെ രാജ്യവും ദില്‍ബന്റെ രാജ്യവും തമ്മില്‍ വാര്‍ ഉണ്ടാകുമ്പോള്‍ കുട്ടികളായിരുന്ന ഞങ്ങള്‍ കട്ടന്‍കാപ്പിയും പരിപ്പുവടയും പങ്കുവച്ചു കഴിക്കുമായിരുന്നു…ഹാ അതൊരു കാലം…പിന്നെ,കാലം മാറി…രാജ്യങ്ങളും ഞങ്ങളും മാത്രം ബാക്കി… അന്ന് ഞങ്ങളോടൊപ്പം മണ്ണപ്പം ചുട്ടുകളിച്ചിരുന്ന ഒരു മല്‍പ്പുറംകാരനുണ്ടായിരുന്നു..അല്‍ക്കുല്‍ത്ത് എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന അവന്‍ പിന്നെ ഉരു കയറി ‍ജങ്കാര്‍ വഴി ഗള്‍ഫിലെത്തി അവിടെ പലപല പരിപാടികള്‍ നടത്തി ഒടുവില്‍ അവിടുത്തെ രാജാവിന്റെ മകളെയും കെട്ടി രാജകുമാരനായി ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാര്‍ എന്ന പേരും സ്വീകരിച്ചു ജീവിക്കുകയായിരുന്നു..

ഞാനന്ന് മലപ്പുറത്ത് ദില്‍ബന്‍ രാജകുമാരനെ കാണാന്‍ ചെല്ലുമ്പോള്‍ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാര്‍ അവിടെ വന്നിട്ടുണ്ടായിരുന്നു..ഞാനും കൂടിയായപ്പോള്‍ ഞങ്ങള്‍ പഴയകാല കഥകള്‍ അയവിറക്കി..കൊട്ടാരം നര്‍ത്തകിമാര്‍ വന്നു..ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാറിന്റെ കൂടെയുണ്ടായിരുന്ന പീസുകളും ഇറങ്ങി…നൃത്തം തുടങ്ങട്ടെ എന്നു ദില്‍ബന്‍ പറഞ്ഞതും..നല്ല ഒന്നാംതരം നൃത്തം തുടങ്ങി..

ഞങ്ങള്‍ മൂന്നു രാജകുമാരന്മാരും നൃത്തത്തില്‍ ലയിച്ചിരിക്കെ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാറിന്റെ ഒട്ടകത്തിന് കൊടുക്കാന്‍ നല്ല മധുരക്കള്ള് ചെത്തിക്കൊണ്ട് വരാന്‍ ഏര്‍പ്പെടുത്തി വിട്ട ശല്യക്കാരന്‍..അല്ല വാല്യക്കാരന്‍ ബെര്‍ളി എന്നു പറയുന്ന തെണ്ടിയെ പാറാവുകാര്‍ പിടിച്ചുകെട്ടിക്കൊണ്ട് വന്നു…

ദില്‍ബന്‍ രാജകുമാരനായിരുന്നെങ്കിലും ചെത്തുകാരോട് പൊതുവേ സ്നേഹമായിരുന്നു…കാര്യമന്വേഷിച്ചപ്പോള്‍ സംഗതി പിശകാണ്..ബെര്‍ളി എന്നു പറയുന്ന ഈ ഞരമ്പുരോഗി കൊട്ടാരം നര്‍ത്തകിമാരിലൊരാള്‍ വേഷം മാറുന്നതിനിടെ അവളെ കയറിപ്പിടിച്ചു…എനിക്കങ്ങ് ദേഷ്യം വന്നു..ആരവിടെ ആ തെണ്ടിയുടെ തലവെട്ടൂ..എന്നു ഞാന്‍ ഉത്തരവിട്ടു…അപ്പോള്‍ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാര്‍ ഇടപെട്ടു..ഇത്തരം കുറ്റങ്ങള്‍ക്ക് തലവെട്ടിയിട്ടെന്തിന്…വെട്ടേണ്ടത് അവന്റെ വേറൊരു സാധനമാണ്..ഇനിയുള്ള കാലം അവന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ആയിട്ടു ജീവിക്കട്ടെ…ഗള്‍ഫിലൊക്കെ അങ്ങനെയാണ്…

കാരുണ്യവാനായ ദില്‍ബന്‍ രാജകുമാരന്‍പക്ഷെ ബെര്‍ളിയുടെ ഒന്നും വെട്ടാന്‍ തയ്യാറായില്ല…അവനെ ഒരു കൊല്ലം കഠിനതടവിന് ശിക്ഷിച്ചു…തുറുങ്കിലടച്ചു…ഗള്‍ഫില്‍ ഒരു ചെറിയ രാജ്യം വിലയ്‍ക്കുവാങ്ങിയ ദില്‍ബന്‍ അടുത്തദിവസം തന്നെ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാറിനോടൊപ്പം ഗള്‍ഫിലേക്കു പോയി…അടുത്തവര്‍ഷം ബെര്‍ളി റിലീസാകുന്ന ദിവസം വരുമെന്നു പറഞ്ഞാണ് പോയത്…ഇന്‍ചാര്‍ജ് ആയിട്ട് ഞാന്‍ കൊട്ടാരത്തില്‍ തുടര്‍ന്നു…

ദില്‍ബന് എയര്‍ ഹോസ്റ്റസുമാരോട് പൊതുവേ പഥ്യമല്ലാത്തതുകൊണ്ട് മലപ്പുറത്ത് നിന്ന് അത്യാവശ്യം സഹായങ്ങള്‍ക്ക് നാലഞ്ച് പയ്യന്മാരെ കൊണ്ടുപോവുകയാണ് ചെയ്തത്..മലബാറില്‍ അതൊരു ആചാരം കൂടിയാണ്…അവിടെ ചെന്നയുടനേ ദില്‍ബന് സിറ്റിസണ്‍ഷിപ്പും പയ്യന്മാര്‍ക്ക് അവിടുത്തെ നിയമമനുസരിച്ച് കുണ്ടന്‍ഷിപ്പും ലഭിച്ചു…ദില്‍ബനും ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാറും കൂടി അവിടം ഭരിച്ച് തകര്‍ത്തു…അവരുടെ ഭരണത്തിന്റെ ലാഭമെന്നപോലെ ഇവിടെ മലപ്പുറത്ത് എനിക്ക് കുഴല്‍പ്പണം കിട്ടിക്കൊണ്ടുമിരുന്നു…അതുകൊണ്ട് ഞാന്‍ ദില്‍ബന്റെ കൊട്ടാരം മോടിപിടിപ്പിക്കുകയുണ്ടായി…

വര്‍ഷം ഒന്നു കഴിഞ്ഞു..ബെര്‍ളിയുടെ ശിക്ഷ തീരുന്ന സമയം ആഗതമായി…ദില്‍ബനും ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാറും മലപ്പുറത്തെത്തി…പാപികളെ സ്നേഹിച്ചിരുന്ന ദില്‍ബന്‍ ജയിലില്‍ 1 വര്‍ഷം തികയ്‍ക്കുന്ന ബെര്‍ളി റിലീസാകുമ്പോള്‍ നല്‍കാന്‍ 1 എന്നെഴുതിയ ഒരു ടീ ഷര്‍ട്ട് കൊണ്ടുവന്നിരുന്നു…എന്നാല്‍ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാര്‍ പറഞ്ഞു..ഇത്തരം ഞരമ്പുരോഗികളെ തുറന്നുവിടുമ്പോള്‍ രോഗം മാറിയോ എന്നൊരു പരിശോധന നടത്തുന്നത് നല്ലതാണ് എന്ന്..അത് പരിശോധിക്കാന്‍ ഞങ്ങള്‍ ഒരു വനിതാപട്ടാളക്കാരിയെ അയച്ചു…എന്തുചെയ്യാന്‍ വാതില്‍ തുറക്കുമ്പോഴേക്കും ബെര്‍ളി ആ പട്ടാലക്കാരിയുടെ മേല്‍ ചാടി വീണു…നിസ്സഹായനായ ദില്‍ബന്‍ വേദനയോടെയാണെങ്കിലും ബെര്‍ളിയെ ഒരു വര്‍ഷം കൂടി തടവിലിടാന്‍ തീരുമാനിച്ചു…

1 എന്നെഴുതിയ ടീഷര്‍ട്ടുമായി ദില്‍ബന്‍ മടങ്ങി..ഇത് അദ്ദേഹം ഗള്‍ഫില്‍ പൊതവേദികളില്‍ ഇട്ടിരുന്നു…ഇതിനിടെ ജയിലില്‍ ഇരുന്ന് നന്നാവുന്നെങ്കില്‍ നന്നാവട്ടെ എന്നു കരുതി ദില്‍ബന്‍ ബെര്‍ളിക്ക് ഒരു കംപ്യൂട്ടറും ഒരു ബ്ലോഗും വാങ്ങിക്കൊടുത്തു…ബെര്‍ളി ബ്ലോഗ് ചെയ്തു തുടങ്ങി..പോസ്റ്റോടു പോസ്റ്റ്…

രണ്ടുവര്‍ഷം പൂര്‍ത്തിയായി..ദില്‍ബനും ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാറും വീണ്ടും എത്തി…ഇത്തവണ ബെര്‍ളിക്ക് നല്‍കാന്‍ ദില്‍ന്റെ കയ്യില്‍ 2 എന്നെഴുതിയ ടീഷര്‍ട്ടായിരുന്നു…പക്ഷെ, ആ വര്‍ഷവും പരീക്ഷിക്കാനയച്ച പട്ടാളക്കാരിയെ ബെര്‍ളിയുടെ കയ്യില്‍ നിന്ന് കഷ്ടിച്ച് രക്ഷപെടുത്തുകയായിരുന്നു..ബെര്‍ളിയെ ഒരു വര്‍ഷത്തേക്കു കൂടി അകത്തിടാന്‍ തീരുമാനിച്ചു…ടീ ഷര്‍ട്ടുമായി മടങ്ങിയ ദില്‍ബന്‍ അതും പൊതുവേദികളില്‍ ഉപയോഗിച്ചു…

ഇത് പലതവണ തുടര്‍ന്നു…എന്നു വച്ചാല്‍ എട്ടുവര്‍ഷമായി ബെര്‍ളി ജയിലിലാണ്…ബ്ലോഗ് അടിച്ചുകൊണ്ടേയിരിക്കുന്നു..പട്ടാളക്കാരികളുടെ മേല്‍ ചാടിവീണുകൊണ്ടിരിക്കുന്നു…ദില്‍ബന്‍ 2,3,4..എന്നിങ്ങനെ ഓരോ വര്‍ഷവും ടീ ഷര്‍ട്ടുകളുമായി വന്ന് മടങ്ങിക്കൊണ്ടിരിക്കുന്നു..ബെര്‍ളി രോഗം കൂടുമ്പോള്‍ ബ്ലോഗ് ചെയ്യുകയാണ് എന്നുള്ളതു കൊണ്ട് ദില്‍ബന്‍ ഇപ്പോള്‍ ആ ടീ ഷര്‍ട്ടുകള്‍ ബ്ലോഗ് പരിപാടികള്‍ക്കു മാത്രമേ ഇടാറുള്ളൂ എന്നു മാത്രം…

ബെര്‍ളി നന്നാവില്ല എന്നുറപ്പുള്ളതുകൊണ്ടാണോ ആവോ തിരുപ്പൂര് നിന്ന് 1000 വരെ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകള്‍ ഇന്നലത്തെ ഫ്ളൈറ്റില്‍ ഗള്‍ഫിലേക്ക് കയറ്റി വിട്ടിട്ടേയുള്ളൂ…

എന്നാല്‍ ബെര്‍ളി ആയിക്കോട്ടെ..ഞാന്‍ വയ്‍ക്കുവാ…ബാലന്‍സ് ഒത്തിരി ബാക്കിയുണ്ട്…മാര്‍ഗരറ്റ് ഉറങ്ങിയിട്ടില്ല…ഇനി വിളിക്കില്ല.

ദില്‍ബന്റെ ഏഴു ടീ ഷര്‍ട്ടുകള്‍- സെക്കന്‍ഡ് കോള്‍

Posted 07 April 2008 | By | Categories: Series | 10 Comments

നിങ്ങളെപ്പോലെ തന്നെ എനിക്കും ആകാംക്ഷയുണ്ടായിരുന്നു. എതിരന്‍ ഇന്നു വിളിക്കുമോ ? ഇന്നലെ അയാളുടെ കോള്‍ തനിയെ കട്ടായതാണോ അതോ അയാള്‍ മനപൂര്‍വം കട്ടാക്കിയതാണോ ? കട്ടാകുന്നതിനു തൊട്ടുമുമ്പ് കേട്ട ഒരു ശബ്ദം എന്തായിരുന്നു ? മാര്‍ഗരറ്റ് അരകല്ല് അയാളുടെ തലയിലിട്ടതായിരിക്കുമോ ? അയാള്‍ ചത്തുകാണുമോ ? എങ്കില്‍ മാര്‍ഗരറ്റ് തിരിച്ചു കേരളത്തിലേക്കു വരുമോ ? എന്തിനായിരിക്കും മാര്‍ഗരറ്റ് എതിരനെ കൊന്നത് ? ഇനിയിപ്പോള്‍ ദില്‍ബനും മാര്‍ഗറ്റും തമ്മില്‍…

ചിന്തകള്‍ കാടുകയറിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍ ബെല്ലടിച്ചു. ഞാന്‍ ക്ളോക്കില്‍ നോക്കി. 12.17-ഇന്നലത്തെ അതേ സമയം.രാവിലെ മുതല്‍ ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ ഞാനെടുത്തു. എതിരന്റെ നമ്പര്‍ തന്നെ. മരിച്ചിട്ടില്ല..

ഫോണെടുത്തതും ഞാന്‍ സംഗതി റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഇന്നലെ ഫോണ്‍ കട്ടായതിനെക്കുറിച്ച് മാത്രം ചോദിച്ചിട്ട് ‍ഞാന്‍ മൌനം പാലിച്ചു.

എതിരന്‍ മൊതലാളി ആവേശത്തോടെ പറഞ്ഞു തുടങ്ങി-
ഇന്നലെ ഫോണ്‍ കട്ടായിപ്പോയതായിരുന്നു..സത്യത്തില്‍ മാര്‍ഗരറ്റ് വിളിച്ചപ്പോള്‍ (വിളിക്കുന്നതൊന്നും കേട്ടില്ലല്ലോ ?)…ഇവിടെ വിളിക്കുന്നത് ഇങ്ങനെ എറിഞ്ഞിട്ടാണ് കയ്യില്‍ കിട്ടുന്ന എന്തെങ്കിലുമൊക്കെ വച്ച്..അത് ഈ കൌണ്ടിയിലെ ഒരാചാരമാണ്.. ഇന്നലെ കയ്യില്‍ കിട്ടിയത് ഒരു കറിക്കത്തിയായിരുന്നെന്നു മാത്രം…പോരെങ്കില്‍ ഫോണിലെ കാശും തീര്‍ന്നു..പിന്നെ രാത്രി തന്നെ ആശുപത്രിയില്‍ പോയി.രാവിലെ ദില്‍ബനെ വിളിച്ച് ഫോണ്‍ റീച്ചാര്‍ജ് ചെയ്യിച്ചു.. അല്ല ബെര്‍ളിസാറേ,ഞാനീപറയുന്നതൊന്നും ഒരിക്കലും ആരും അറിയല്ലേ…

…ഇപ്പോഴത്തെ സ്കൂള്‍ പിള്ളാരെപ്പോലെ കാമുകിയേം കൂട്ടി എവിടെയെങ്കിലും പോയിട്ട് വല്ലതുമൊക്കെ ചെയ്തിട്ട് അതെല്ലാം മൊബൈല്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്നതുപോലെ ഫോണ്‍ സംഭാഷണമൊക്കെ റെക്കോര്‍ഡ് ചെയ്യുന്ന ചില നാറികളുണ്ട്…ബെര്‍ളിസാറങ്ങനെയൊന്നുമല്ലെന്നെനിക്കറിയാം…

…അപ്പോ നമ്മള്‍ പറഞ്ഞതിന്റെ ബാക്കി പറയാം… ടോയ്‍ലറ്റിനു മുന്നില്‍ ചെന്നു നിന്ന ദില്‍ബന്‍ സംഗതി വേറെന്തോ ആണെന്നു തെറ്റിദ്ധരിച്ച് എയര്‍ഹോസ്റ്റുമാരിലൊരു പാവത്തിനെ അകത്തേക്കു വിളിച്ചു. അവള്‍ നേരേ ക്യാപ്റ്റന്റെ അടുത്ത് ചെന്ന് പരാതിപ്പെട്ടു, അപ്പോള്‍ തന്നെ വിമാനം അവിടെയൊരു എയര്‍ഗട്ടറിനോട് ചേര്‍ത്തു നിര്‍ത്തി അവനെ ഇറക്കിവിടുകയും ചെയ്തു. ആ പാവം എയര്‍ഹോസ്റ്റസ് പോയ വഴിയില്‍ പിന്നെ പാരച്യൂട്ട് നിവര്‍ന്നിട്ടില്ല. …എന്തോ കണ്ട് പേടിച്ച ഒരു പാവം എയര്‍ ഹോസ്റ്റസ് പിന്നീട് ചികില്‍സ തേടിയതായി എന്റെ ഒരു മനശാസ്ത്രസുഹൃത്ത് പിന്നീട് പറഞ്ഞിരുന്നു..

..ഞാന്‍ പിന്നെ വിമാനത്തില്‍ കയറുമ്പോഴാണ് ഹോസ്റ്റസുമാര്‍ എന്നോടീ സംഭവങ്ങള്‍ പറയുന്നത്.എന്റെ കാലക്കേടിന് എനിക്കന്ന് നല്ല വയറിളക്കമായിരുന്നു. അഞ്ച് മിനിട്ട് ഇടവിട്ട് ടോയ്‍ലറ്റില്‍ പോകേണ്ട അവസ്ഥ…എന്തായാലും മറ്റേതിനെക്കാള്‍ മോശമാണല്ലോ ഇത് എന്നോര്‍ത്ത് പറയാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് 2 എന്നെഴുതിയ ടീ ഷര്‍ട്ടാണ് ഞാനിട്ടിരുന്നത്. ഇടയ്‍ക്കിടയ്‍ക്ക് നെഞ്ച് തിരുമ്മിക്കാണിക്കും, അവളുമാര്‍ എന്റെ കെട്ടഴിച്ചുവിടും, ഞാന്‍ പോയിട്ടുവരും എന്ന അവസ്ഥ.

…ദില്‍ബന്‍ ഗള്‍ഫില്‍ അപ്പോഴേക്കും ചെന്ന് ജോലി തുടങ്ങിയിരുന്നു..വിസയുമായി ചെന്നത് ഞാനല്ല പകരം മറ്റൊരു നരുന്ത് പയ്യനാണെന്നറിഞ്ഞ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാര്‍ കൊട്ടരാവും റഷ്യക്കാരിപ്പെണ്ണുങ്ങളെയും ഒന്നും അവന് കൊടുത്തില്ല. ഞാനെന്നെങ്കിലും ചെല്ലുമ്പോള്‍ താമസിക്കാന്‍ വേണ്ടി കൊട്ടാരം ക്ളീനാക്കി സൂക്ഷിക്കാന്‍ അവനെ നിയോഗിച്ചു. അവിടെ അപ്പോഴും അടിമ സമ്പ്രദായമായിരുന്നല്ലോ…കൊട്ടാരത്തിലെ രണ്ടാം നമ്പര്‍ അടിമയായിരുന്നു അവന്‍. അതുകൊണ്ട് തന്നെ അവന് ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാര്‍ നല്‍കിയത് നെഞ്ചത്ത് 2 എന്നെഴുതിയ ഒരു ടീ ഷര്‍ട്ടായിരുന്നു.

…ഒട്ടകത്തെ കുളിപ്പിക്കുക, കറക്കുക, കുതിരയുടെ വാല് ചീകിവയ്‍ക്കുക തുടങ്ങിയവയൊക്കെയായിരുന്നു ജോലി… ഇവന്റെ ഓരോ മാസത്തെയും പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ കൃത്യസമയങ്ങളില്‍ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാര്‍ എനിക്കയച്ചുതരാറുമ്ടായിരുന്നു ബെര്‍ളിസാറേ. ഞാനത് ഒപ്പിട്ടയച്ചാല്‍ മാത്രമേ അവന് ശമ്പളം കിട്ടൂ. ഞാന്‍ ഒപ്പിട്ടയക്കുകയും അവന് ശമ്പളം കിട്ടുകയും ചെയ്യുന്നത് ഒരു സാധാരണസംഭവമായിത്തീര്‍ന്നു..

…അങ്ങനെയൊരു വര്‍ഷം കഴിഞ്ഞപ്പോള്‍ ദില്‍ബന് ലീവ് കിട്ടി. 2 എന്നെഴുതിയ അടിമക്കുപ്പായവുമിട്ട് ദില്‍ബന്‍ വിമാനത്തില്‍ക്കയറി.എനിക്ക് ഇടക്കിടെ വയറിളക്കം വരാറുണ്ടായിരുന്നതുകൊമ്ടും അപ്പോഴൊക്കെ ഞാന്‍ വിമാനത്തില്‍ സഞ്ചരിക്കാറുണ്ടായിരുന്നതുകൊണ്ടും എയര്‍ ഹോസ്റ്റസുമാര്‍ അതേ ടീ ഷര്‍ട്ടും നമ്പരും കണ്ടപ്പോള്‍ അവന്‍ എന്റെ ആളാണെന്നു തെറ്റിദ്ധരിച്ചു.

…താനൊരടിമയാണല്ലോ എന്ന കോംപ്ളക്സ് കാരണം ദില്‍ബന്‍ വെറുതെ നെഞ്ച് തടവിക്കൊണ്ടിരുന്നു. വയറിളക്കമാണെന്നു കരുതിയ ഹോസ്റ്റസുമാര്‍ പണ്ടത്തേതുപോലെ അവനെ വിളിച്ച് ടോയ്‍ലറ്റിനു മുന്നില്‍ നിര്‍ത്തിയിട്ട് ചിരിച്ചു. ഇതും ഒന്നു രണ്ടു തവണ ആവര്‍ത്തിച്ചപ്പോള്‍ ആദ്യത്തെ സംഭവത്തിന്റെ ഓര്‍മവച്ച് ദില്‍ബന്‍ അടുത്ത തവണ അവരിലൊരാളെ അകത്തേക്കു വിളിച്ചു. അവള്‍ നേരേ നോക്കി നാലു തെറി പറഞ്ഞു. എന്നിട്ട് ക്യാപ്റ്റന്റെ അകത്തുപോയി കംപ്ളയിന്റു ചെയ്തു.

…പണ്ടത്തെ ഓര്‍മയുണ്ടായിരുന്ന ദില്‍ബന്‍ താഴേയ്‍ക്ക് എറിയപ്പെടാന്‍ തയ്യാറായി വാതിലിന്നരികില്‍ പോയി നിന്നു. ഇറങ്ങി വന്ന കോ പൈലറ്റ് വാതില്‍ തുറന്നു, തള്ളി.12,430 അടി ഉയരത്തില്‍ നിന്ന് ദില്‍ബന്‍ താഴേയ്‍ക്ക്…

-വീണ്ടും ഇന്നലത്തെ അതേ ശബ്ദം. ഫോണ്‍ കട്ടായി.
നാളെ എതിരന്‍ വീണ്ടും വിളിച്ചാല്‍ ഇക്കഥ തുടരും.

ദില്‍ബന്റെ ഏഴു ടീ ഷര്‍ട്ടുകള്‍- ഫസ്റ്റ് കോള്‍

Posted 06 April 2008 | By | Categories: Series | 7 Comments

ചരിത്രാതീതകാലം മുമ്പേ ജനിച്ച എതിരന്‍ കതിരവന്‍ മൊതലാളി ഇന്നലെ രാത്രി 12.17 മുതല്‍ 12.59 വരെ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു തന്ന കഥ. എന്തിനാ ഈ ചേട്ടന്‍ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നതെന്നെനിക്കറിയാന്‍ മേല. മാന്യന്മാരായ ചെറുപ്പക്കാരുടെ ജീവിതരഹസ്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞാല്‍ ? എനിക്കാണെങ്കില്‍ വല്ലതും കേട്ടാല്‍ അപ്പോള്‍ ബ്ലോഗിലടിക്കണം. രോഗമാണേ..

ഇതൊരു വ്യക്തിഹത്യാ-മാനനഷ്ടക്കേസായി പരിണമിക്കാനിടയുള്ളത് കൊണ്ട് എതിരന്‍ മൊതലാളി പറഞ്ഞത് അതേ പടി ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് കേട്ട് ഇങ്ങോട്ടു പകര്‍ത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഒരു കാര്യം ഞാന്‍ തീര്‍ത്തു പറയാം- എതിരന്‍ കള്ളം പറയുന്ന ആളല്ല.

ദാ കിടക്കുന്നു ദില്‍ബന്റെ ഏഴു ടീ ഷര്‍ട്ടുകളുടെ കഥ.

“ദില്‍ബനുണ്ടല്ലോ..ആ വായില്‍നോക്കി… ഡീസന്റ് ആണത്രെ! ബ്ലോഗ് മീറ്റിനു വന്നപ്പം ‘8’ എന്നുഴുതിയ റ്റീ ഷര്‍ടുമിട്ടോണ്ടല്ലെ വന്നത്. മറ്റു ഏഴു റ്റീഷര്‍ടുകളുടേയും കഥകളൊക്കെ എനിക്കറിയാം..ഒന്നും പറയേണ്ട പറയേണ്ട എന്നു വിചാരിച്ചിരിക്കുവാരുന്നു. കാലവും ഞാനും മാത്രം സാക്ഷിയായിക്കോട്ടെ എന്നു വിചാരിച്ച് മിണ്ടാണ്ടിരുന്നതാ. അപ്പോ ദാണ്ടെ അവന്‍ 8-മായിറങ്ങിയിരിക്കുന്നു.

ഞാനിത്തരം കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞോണ്ട് നടക്കാനാഗ്രഹിക്കുന്നവനല്ല ബെര്‍ളിസാറേ. ഈ ബ്ലോഗിലെ എത്രയെത്ര അലവലാതികളുടെ എന്തുമാത്രം കഥകളെനിക്കറിയാം.വല്ലോം ഞാന്‍ പറഞ്ഞിട്ടുണ്ടോ ബെര്‍ളിസാറിനോട്. ഇല്ല. പറഞ്ഞാല്‍ സാറ് നാളെ ബ്ലോഗിലടിക്കും. എന്നിട്ട് ഞങ്ങള്‍ തമ്മിലടിക്കും.മാര്‍ഗരറ്റ് നെഞ്ചത്തടിക്കും.ആ നെഞ്ച് കലങ്ങിയാല്‍പ്പിന്നെ എനിക്കെന്നതാ ഒരു പ്രതീക്ഷ. അപ്പുറത്തെ ഫ്ലാറ്റിലെ റഷ്യക്കാരി സ്ട്രീറ്റിലെ ഒരു പോക്കറ്റടിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയി ബെര്‍ളിസാറേ..ഞാന്‍ ബെര്‍ളിസാറിന്റെ പകുതിയേ ഉള്ളൂ..എന്റെ പകുതിയേ ഉള്ളൂ അവന്‍..എന്നാ കണ്ടിട്ടു പോയതാണോ ! ങ്ഹാ…

അപ്പോ ഞാന്‍ പറഞ്ഞതുവന്നത്…ദില്‍ബന്റെ കാര്യം…അതെയതെ, അല്ല ബെര്‍ളിസാറ് പറ. ഇക്കാലം കൊണ്ട് ഞാനാരുടെയെങ്കിലും രഹസ്യങ്ങള്‍ ബെര്‍ളിസാറിനോട് പറഞ്ഞിട്ടുണ്ടോ ? ഞാനും മാര്‍ഗരറ്റും തമ്മിലുള്ള ബന്ധത്തിന്റെ അണ്ടര്‍വെയര്‍ ഡീറ്റെയില്‍സുവരെ ബ്ലോഗിലെഴുതിയില്ലേ ബെര്‍ളിസാറ്…ഇടിവാള് പണ്ട് കൂലിത്തല്ലുകാരനായിരുന്ന കാര്യമോ സിബു സിഐഎ ചാരനാണെന്ന കാര്യമോ വിശാലമനസ്കന് ശരിക്കും 62 വയസ്സുണ്ടെന്നും വിശാലനെന്നും പറഞ്ഞ് ഷൈന്‍ ചെയ്തു നടക്കുന്നത് സാക്ഷാല്‍ വിശാലന്റെ അനന്തിരവനാണെന്നും ഒന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഇനി പറയുകേമില്ല. ഞാന്‍ പറഞ്ഞിട്ടിതൊന്നും ഒരുത്തനും അറിയാനും പോകുന്നില്ല. എന്തിനധികം,ബെര്‍ളിസാറിന്റെ കൂട്ടുകാരനായ ആ സുനീഷിന്റെ നാറിയ നൂറു നൂറു കഥകള്‍.ക്ലാരയുമായി ബന്ധപ്പെട്ടതും മറ്റും..ഒന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. പലതും സുനീഷിനു പോലും അറിയില്ലാത്തതാണ്…

ഈ ദില്‍ബനുണ്ടല്ലോ, അവനിതിനു മുമ്പ് 7 ടീ ഷര്‍ട്ടുണ്ടായിരുന്നു. ഓരോ ടീ ഷര്‍ട്ടും ഇല്ലാതാവുമ്പോള്‍ ഇല്ലാതാവുന്നത് ഓരോ എയര്‍ഹോസ്റ്റസുമാരുടെ ജീവിതമാണ് ബെര്‍ളിസാറേ, ജീവിതമാണ്. ഞാനൊക്കെ എന്തുമാത്രം എയര്‍ഹോസ്റ്റസുമാരെ കണ്ടിരിക്കുന്നു. കാപ്പീം പലഹാരോമായിട്ട് വിമാനത്തിനകത്തുകൂടി നടന്നുപോകുമ്പോള്‍ നൈസായിട്ടൊന്നുരസിയാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇക്കാലം കൊണ്ട് ങൂഹും, ഞാനൊന്നും ചെയ്തിട്ടില്ല. അനുഭവം വേണം, അനുഭവം.

എനിക്കനുഭവം ഉണ്ട്. പാലാ മങ്കൊമ്പ് റൂട്ടിലോടുന്ന ഒറ്റഡോറുള്ള റോഡ്‍ലൈന്‍സ് ബസിന്റെ മൂന്നാമത്തെ സീറ്റില്‍ ചാരിനിന്ന് എന്തൊക്കെ കാട്ടിയിട്ടുള്ളതാ നമ്മള്‍…റോഡ്‍ലൈന്‍സൊക്കെ ഇപ്പോളും ഓടുന്നുണ്ടോ ? ആ ബസിന്റെ ഓരോ സീറ്റിനും ഓരോ കഥ പറയാനുണ്ടാവും. അതിന്റെ ഫസ്റ്റ് എയ്ഡ് ബോക്സിലെ പെയിന്റ് നഖം കൊണ്ട് തിരുത്തി മേരിക്കുട്ടി ബെര്‍ളി എന്നെഴുതിവച്ചതിന് ബസ് മുതലാളി ബെര്‍ളിസാറിന്റെ തന്തയ്‍ക്ക് വിളിച്ചത് ഞാനിപ്പോഴും ഓര്‍ക്കുന്നു..

അപ്പോ, ഞാന്‍ പറഞ്ഞ് വന്നത് ദില്‍ബന്റെ ടീ ഷര്‍ട്ടുകള്‍…അവനാദ്യം വിമാനത്തേല്‍ കയറുമ്പോള്‍ ഒരു ടീ ഷര്‍ട്ടുണ്ടായിരുന്നു. അതിന്റെ നെഞ്ചില്‍ 1 എന്നെഴുതിയിട്ടുണ്ടായിരുന്നു. അവന്‍ കഴിഞ്ഞ ദിവസം ഇട്ടിരുന്നതില്‍ 8 എന്നെഴുതിയിരുന്നതുപോലെ.

നെഞ്ചത്ത് എന്നു പറയാന്‍ അന്നങ്ങനെ കാര്യമായിട്ടൊന്നുമില്ല. 1 എന്നെഴുതിയത് കാണാന്‍ പാകത്തില്‍ മാത്രം ശകലം ശരീരം. എന്ത് ജോലിയും ചെയ്തോളാം സാര്‍ എന്നും പറഞ്ഞ് ബംഗ്ളാവിന്റെ മുറ്റത്ത് വന്നു നിന്നു കര‍ഞ്ഞപ്പോള്‍ അന്നു രാവിലെ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാര്‍ അയച്ചു തന്ന വിസ എടുത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു- പോ, എവിടെയെങ്കിലും പോയി രക്ഷപെട്..ഗള്‍ഫിലെവിടെച്ചെന്നാലും നിനക്ക് നല്ല ജോലി തരാന്‍ ഞാനെന്റെ കൂട്ടുകാരനും അവിടുത്തെ രാജകുമാരനുമായ ഷെയ്‍ഖ് അല്‍ക്കുല്‍ത്ത് ബിന്‍ മുല്‍ക്കുത്ത് അല്‍ സഫാരി ചിത്രഹാറിനോടു പറയാം !

കമഴ്‍ന്നുവീണ അവന്‍ എന്റെ കാല് പിടിച്ച് നന്ദി പറഞ്ഞ് ആ വിസയുംകൊണ്ട് പോയ പോക്കാ. ഇങ്ങ് വാടാ ഉവ്വേ-എന്നും പറഞ്ഞ് അല്‍ക്കുല്‍ത്ത് എനിക്കെല്ലാം ആഴ്ചയും ഓരോ വിസ വീതം അയച്ചുതരാറുമ്ടായിരുന്നത്കൊണ്ട് ഞാനൊന്നും തുറന്നു നോക്കാറില്ലായിരുന്നല്ലോ…പക്ഷെ, അത് തുറന്നു നോക്കേണ്ടതായിരുന്നു..അതില്‍ ഗള്‍ഫില്‍ എനിക്കൊരു ചെറിയ കൊട്ടാരവും അത് നിറച്ച് രഷ്യന്‍ സുന്ദരിമാരും കാവലിന് അമേരിക്കന്‍ പട്ടാളക്കാരും ഒക്കെയായി വന്‍ സെറ്റപ്പ് റെഡിയാക്കിയിട്ടുള്ള വിളിയായിരുന്നു അത്. ങ്ഹാ!, ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ..

അവനാ ടിക്കറ്റും കൊണ്ടല്ലേ പോയത്…1 എന്നെഴുതിയ ടീഷര്‍ട്ടുമിട്ട് വിമാനത്തില്‍ കയറിയ അവന്റെ വീസയും ടിക്കറ്റുമെല്ലാം കണ്ടപ്പോഴേ വിമാനക്കാര്‍ക്ക് മനസ്സിലായി ഇവന്‍ കൂടിയ പുള്ളിയാണെന്ന്.. എന്നതാ കാര്യം ? ഞാന്‍ സാധാരണയായി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ 1 എന്നെഴുതിയ ടീഷര്‍ട്ടാണ് ഇടാറുള്ളത്.

അതെനിക്കു ഷുഗറിന്റെ അസുഖമുള്ളതുകൊണ്ടാ. 5 മിനിട്ടിടവിട്ട് മുള്ളണം മുള്ളണം എന്ന തോന്നല്‍. അപ്പോഴൊക്കെ എയര്‍ഹോസ്റ്റസുമാരോട് അത് പറഞ്ഞാല്‍ വേറെ വല്ല ഉദ്ദേശോം വച്ചോണ്ടാ ‍ഞാനങ്ങനെ മുള്ളുന്ന കാര്യം പറയുന്നതെന്ന് അവര്‍ തെറ്റിദ്ധരിക്കുമോ എന്നു കരുതി സ്വീകരിച്ച വഴിയായിരുന്നു അത്. ഒരേ ഉപകരണം കൊണ്ട് രണ്ടുപയോഗമുള്ളപ്പോള്‍ ആളുകള്‍ തെറ്റിദ്ധരിക്കാതെ നമ്മള്‍ നോക്കണമല്ലോ…

1 എന്നെഴുതിയ ടീഷര്‍ട്ടാകുമ്പോള്‍ മുള്ളണം എന്നു തോന്നുമ്പോള്‍ ഞാന്‍ നെഞ്ചിലൊന്നു തടവും. നെഞ്ചിലെന്നു പറഞ്ഞാല്‍ 1ല്‍.അവളുമാര് കെട്ടഴിച്ചുവിടും. ഞാന്‍ പോയിട്ടു വരും. അവള്മാര് കെട്ടിയിടും. ഞാന്‍ സ്ഥിരം ഇതായിരുന്നല്ലോ പരിപാടി. എന്റെ അതേ പോലത്തെ ടീഷര്‍ട്ടുമിട്ട് വേറൊരുത്തന്‍ ചെന്നപ്പോള്‍ അവരെന്നെപ്പോലെ അങ്ങ് കണ്ടു.

ഇവന്‍ ആദ്യമായിട്ടു വിമാനത്തേല്‍ കയറുവല്ലേ.പേടിച്ചിട്ട് ചുമ്മാ നെഞ്ച് തിരുമ്മിക്കൊണ്ടിരുന്നു. ഓരോ തവണ നെഞ്ച് തിരുമ്മുമ്പോളും ഇവളുമാര് വന്ന് കൂട്ടിക്കൊണ്ടു പോകും. ടോയ്‍ലറ്റിനു മുന്നില്‍ നിര്‍ത്തിയിട്ട് പോകും. നാലഞ്ചു തവണയായപ്പോള്‍ ചെറുക്കനതങ്ങു തെറ്റിദ്ധരിച്ചു. അടുത്തതവണ പോകുമ്പോള്‍ ചെറുക്കന്‍ അവരിലൊരുത്തിയെ അകത്തേക്കു വിളിച്ചു ബെര്‍ളി സാറേ….”

-പെട്ടെന്നു ഫോണ്‍ കട്ടായി. എതിരന്‍ നാളെ വിളിച്ചാല്‍ ഇക്കഥ തുടരും.

കൊടകരയ്‍ക്കുള്ള വഴി (ട്രാവല്‍ ഗൈഡ്)

Posted 05 April 2008 | By | Categories: Spoof | 22 Comments

കൊടകര എന്ന പുണ്യസ്ഥലത്തേക്കുള്ള വഴി അന്വേഷിച്ചലയുന്ന പാവങ്ങളെ സഹായിക്കാന്‍ വേണ്ടി കൊടകരസഹായസമിതി ബൂലോഗത്ത് നിന്ന് മൂന്ന് ഗൈഡുമാരെ നിയോഗിച്ചിരിക്കുന്നു. ഇവരുടെ യാത്രാസഹായി ചുവടെ.

ഗൈഡ് 1-കൈപ്പള്ളി

കൊപ്പിറൈറ്റ് ലംഘകരുടെ പറുദീസയായ കൊച്ചിയില്‍ നിന്ന് കിഴക്കോട്ടു പോയാല്‍ ആദ്യം കാണുന്ന കവലയില്‍ ഒരു സ്വര്‍ണക്കടയുടെ വലിയൊരു ഹോര്‍ഡിങ് ഉണ്ട്. അതിലുപയോഗിച്ചിരിക്കുന്ന പെണ്ണിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള മഞ്ഞ് മൂടിയ മലകളുടെ ചിത്രം നേപ്പാളീസ് ഫോട്ടോ വെബ്സൈറ്റായ മോലൊന്‍ ഡോട് ഡിഇ-യില്‍ നിന്ന് മോഷ്ടിച്ചിട്ടുള്ളതാണ്.

ഹോര്‍ഡിങ്ങിനടിയിലൂടെ ഇടത്തേക്ക് കിടക്കുന്ന വഴിയിലൂടെ നേരേ പോവുക. രണ്ട് കിലോമീറ്റര്‍ നേരേ പോയാല്‍ സര്‍ക്കാരിന്റെ ടൂറിസം ചൂണ്ടുപലകയുടെ കീഴിലെത്തും. ആ ചൂണ്ടുപലകയില്‍ സര്‍ക്കാരുപയോഗിച്ചിരിക്കുന്ന കളര്‍ കോംബിനേഷന്‍ ഒരു പ്രമുഖ ബ്ലോഗറുടെ അണ്ടര്‍വെയറിന്റെ അതേ കളര്‍ കോംബിനേഷനാകയാല്‍ കോപ്പിറൈറ്റ് ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കട്ടെ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തി ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്. ഞങ്ങള്‍ ബ്ലോഗര്‍മാര്‍ അണ്ടര്‍വെയര്‍ മാറുന്ന പ്രശ്നമില്ല.

ആ ജംങ്ഷനില്‍ നിന്ന് വടക്കോട്ട് നേരെ പിടിക്കുക. ഒരു 40-45 കിലോമീറ്റര്‍. കോപ്പിറൈറ്റ് ലംഘിച്ചു സ്ഥാപിച്ചിരിക്കുന്ന 70 ഹോര്‍ഡിങ്ങുകളും 12 ബാനറുകളഉം 127 പോസ്റ്ററുകളും കടന്ന് നമ്മള്‍ അങ്കമാലി എന്ന സ്ഥലത്തെത്തും. അത് വലിയൊരു കവലയാണ്. അങ്ങോട്ടും ഇങ്ങോട്ടും കിടക്കുന്ന റോഡിന്റെ നടുവിലേക്കു നോക്കിയാല്‍ നഗ്നമായ കോപ്പിറൈറ്റ് ലംഘനം കാണാം.

ഞാന്‍ ബ്ലോഗെഴുതുമ്പോള്‍ ഇടാറുള്ള ഒരു ടീ ഷര്‍ട്ടുണ്ട്-കാള്‍വിന്‍ കലെയ്‍ന്‍ എന്ന കമ്പനിയുടെയാണ്. അതില്‍ വെളുപ്പും കറുപ്പും വരകളാണ്. ഇടവിട്ടുള്ള ഈ വരകളെ സീബ്രവരകള്‍ എന്നാണ് വിളിക്കുന്നത്. കാള്‍വിന്‍ ലെയ്‍നു കോപ്പിറൈറ്റുള്ള ഈ വരകള്‍ അതേ പടി മോഷ്ടിച്ച് വളവോ തിരിവോ ഇല്ലാതെ നടുറോഡില്‍ വരച്ചുവച്ചിരിക്കുകയാണ് നമ്മുടെ പൊതുമരാമത്ത് വകുപ്പ്. കാള്‍വിന്‍ കലെയ്നെ വിവരമറിയിച്ചിട്ടുണ്ട് വര വല്ല ചെമപ്പും നീലയുമാക്കി മാറ്റി തടി രക്ഷിക്കുന്നതാണ് വകുപ്പിനു നല്ലത്. ഇല്ലെങ്കില്‍ മന്ത്രിയും ട്രാഫിക് പൊലീസുകാരനുമുള്‍പ്പെടെ ആ വരയിലൂടെ കടന്നുപോയ സകലരെയും ഞാന്‍ കോടതി കയറ്റും.

ആ കവലയില്‍ നിന്ന് നേരേ ഒരു 18 കിലോമീറ്റര്‍ പോയാല്‍ ചാലക്കുടി എന്ന സ്ഥലത്തെത്തും. ലണ്ടന്‍ ബ്രിഡ്‍ജിനെ അനുസ്മരിപ്പിക്കുന്ന വലിയൊരു പാലത്തിന്റെ പണി അവിടെ നടക്കുന്നുണ്ട്. പാലത്തിന്റെ പില്ലറുകള്‍ക്ക് ചെറിയ വ്യത്യാസമുള്ളതിനാല്‍ കോപ്പിറൈറ്റ് ലംഘനം എന്നു പറയുന്നില്ല. അവിടെ നിന്ന് 10 കിലോമീറ്റര്‍കൂടി നേരേ തൃശൂര്‍ റൂട്ടില്‍ പോയാല്‍ കൊടകരയിലെത്തും.

ഗൈഡ് 2- സുനീഷ് തോമസ്

കൃത്യമായി പറഞ്ഞാല് സജീവിന്റെ ടിഎസ് നമ്പര്‍ 12 ഷാപ്പിനടുത്തുനിന്ന് 25 മീറ്റര്‍ മാറിയാണ് ബസ് സ്റ്റോപ്പ്. ലോകത്തിന്റെ കേന്ദ്രം ഭരണങ്ങാനമാണല്ലോ. ഭരണങ്ങാനം പള്ളിയും സ്കൂളും എന്തിന് ആരാധ്യനായ (അവിവാഹിതനായ,പെണ്ണുകിട്ടാത്ത) ബ്ലോഗറായ എന്റെ വീടുപോലും ഈ പറയുന്ന ഷാപ്പിന്റെ പരിസരത്താണ്.

ആ ബസ് സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയാല്‍ മേരിഗിരി, ഇടപ്പാടി, മൂന്നാനി ഷാപ്പുകള്‍ കടന്ന് ബസ് പാലാ ടൗണ്‍ ഷാപ്പിനരികില്‍ നിര്‍ത്തും. അവിടെയിറങ്ങി മരിയ ബാറിന്റെ മുന്നിലൂടെ ക്രോസ് ചെയ്താല്‍ നേരേ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തും. അവിടെ നിന്ന് മന്ത ഷാപ്പിന്റെ പുറകില്‍ താമസിക്കുന്ന സദാനന്ദന്‍ ചേട്ടന്‍ ഓടിക്കുന്ന തൃശൂര്‍ ബസില്‍ കയറുക.

മഹാറാണി ബാറിന്റെ മുന്നിലും ബ്ലൂമൂണിന്റെ മുന്നിലും ഒന്നു ചവുട്ടും. മൂന്നെണ്ണത്തില്‍ കൂടുതലടിച്ചിട്ടില്ലെങ്കില്‍ ചാടിക്കയറാം. പിന്നെ അരുണാപുരം ഷാപ്പിന്റെ മുന്നിലും ചവുട്ടും അത് മരങ്ങാട്ടുപള്ളി വഴിയിലേക്കു തിരിയാന്‍ ചവിട്ടുന്നതാ. പിന്നെയെങ്ങും നിര്‍ത്തത്തില്ല. മരങ്ങാട്ടുപള്ളി ഷാപ്പിന്റെ അടുത്തൂകൂടെ പോലും പോകുന്നില്ല എന്നതാണ് ദുഖകരമായ സത്യം. ഉഴവൂര്‍ ഷാപ്പിനു മുന്നില്‍ ജസ്റ്റ് ഒരു സ്റ്റോപ്പുണ്ട്. പെട്ടെന്നു പെട്ടെന്നു കയറാം.

കൂത്താട്ടുകുളത്ത് ബാറിന്റെ നേരേ താഴെയാണ് സ്റ്റോപ്പ് എന്നത് ഒരാശ്വാസമാണ്. അവിടുന്ന് മൂവാറ്റുപുഴ വരെ ഒരൊറ്റ പോക്കാണ്. ഉപഷാപ്പുകള്‍ കണ്ടിരിക്കാനേ പറ്റൂ. കൂത്താട്ടുകുളത്തു നിന്ന് ഒരു നിപ്പനടിച്ചാല്‍ കാറ്റടിക്കുമ്പോള്‍ ഒരു സുഖമുണ്ടാവും. മൂവാറ്റുപുഴ ഒരഞ്ച് മിനിട്ട് നിര്‍ത്തും. കണ്ടക്ടറോട് പറഞ്ഞിട്ട് ചാടിയിറങ്ങുക. പെട്ടെന്ന് ഓട്ടോ പിടിച്ച് ജംക്ഷനില്‍ പോയി ആതിര ബാറില്‍ കയറി രണ്ട് നിപ്പനടിക്കുക. എന്നിട്ട് ഇപ്പുറത്ത് പാലത്തിനടുത്തു വന്നു നില്‍ക്കുക. ബസ് അവിടെ വരുമ്പോള്‍ ചാടിക്കയറുക. ചെറിയൊരു പൈന്റ് വാങ്ങിയാല്‍ കണ്ടക്ടര്‍ക്കു കൊടുക്കാം.

പെരുമ്പാവൂരും സ്റ്റാന്‍ഡിലേക്ക് പോകാന്‍ തിരിയുമ്പോള്‍ ചാടിയിറങ്ങുക.ബസ് സ്റ്റാന്‍ഡിലൊക്കെ പോയിട്ട് വരട്ടെ. നേരേ പത്ത് ചുവട് നടന്നാല്‍ ബാറായി. പൈന്റ് ഒരെണ്ണം വാങ്ങാവുന്നതാണ്. രണ്ട് നിപ്പനടിക്കുകയുമാവാം. നേരേ നടന്ന് സിഗ്നല്‍ ലൈറ്റിനരികില്‍ പോയി നില്‍ക്കുക. സ്റ്റാന്‍ഡില്‍ നിന്ന് ബസ് അവിടെ വരുമ്പോള്‍ കയറുക. കാലടി അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ ഷാപ്പുകളും ബാറുകളും ധാരാളമുണ്ടെങ്കിലും ബസ് അവിടെയൊന്നും നിര്‍ത്തില്ല.

ചാലക്കുടി സ്റ്റാന്‍ഡിലേക്ക് തിരിയുന്നിടത്തും ഇറങ്ങുക.നേരേ തിരിഞ്ഞാല്‍ ബാറായി. കയറുക അടിക്കുക. തിരിച്ചിറങ്ങുക, ബസില്‍ കയറുക.ഇരിക്കാതിരിക്കുന്നതാണ് നല്ലത്. വണ്ടി പെട്ടെന്ന് തന്നെ കൊടകരയിലെത്തും. കര്‍ത്താവനുഗ്രഹിച്ച് ഷാപ്പിന്റെ നേരേ മുന്നില്‍ തന്നെയാണ് സ്റ്റോപ്പ്. ഇറങ്ങുക. ഷാപ്പിലേക്കു കയറുക.

ഗൈഡ് 3-ദില്‍ബാസുരന്‍

എയര്‍ ഹോസ്റ്റസുമാരുടെ മുടിയിലെ സുഗന്ധമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ അറൈവല്‍ ലോഞ്ചിലെ മൂന്നാമത്തെ തൂണിന്‍ ചോട്ടില്‍ വച്ചിരിക്കുന്ന ചെടിച്ചട്ടിയിലെ പൂക്കള്‍ക്ക്. ആ പൂക്കളെയും അവ പ്രതിനിധാനം ചെയ്യുന്ന എയര്‍ ഹോസ്റ്റസുമാരെയും വിട്ട് ബാഗേജുമായി നടക്കുക. ഇറക്കം കുറഞ്ഞ കുപ്പായമിട്ട പെണ്‍കുട്ടികലെ കാണാമെന്ന പ്രതീക്ഷയോടെ നടത്തം പതുക്കെയാക്കേണ്ടതില്ല.ഇത് മലപ്പുറമാണ്. വല്ലതുമൊക്കെ കാണണമെങ്കില്‍ തിരിച്ച് ഗള്‍ഫില്‍ ചെല്ലണം.

പുറത്തിറങ്ങുക. പര്‍ദ്ദയിട്ട സ്ത്രീകളല്ലാതെ നമ്മളെപ്പോലുള്ളവര്‍ക്ക് കാണാന്‍ പറ്റുന്നവര്‍ കുറവാണ്.ടാക്സി പിടിക്കുമ്പോള്‍ നേരേ കൊടകരയ്ക്ക് എന്നൊന്നും പറഞ്ഞ് കളയരുത്. പെരിന്തല്‍മണ്ണ പറയുക. പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയ്‍ക്കു പോകുന്ന ഒരു ബസില്‍ വനിതാ കണ്ടക്ടറാണ്. ഈ കോന്തന്മാര്‍ ഓടിക്കുന്ന ടാക്സിയില്‍ യാത്ര ചെയ്യുന്ന നമുക്കൊക്കെ എന്താണൊരു എന്‍ജോയ്മെന്റ്.

കൊച്ചിയില്‍ വനിതാ ടാക്സിയുണ്ടെന്ന് ഗള്‍ഫില്‍ നിന്നേ വായിച്ചിട്ടുണ്ട്.അങ്ങനെയൊന്നുണ്ടെങ്കില്‍ നമ്മളറിയാതെ പോകരുതല്ലോ. എയര്‍ ഹോസ്റ്റസുമാരെപ്പോലെ റോഡിലൂടെ യാത്ര ചെയ്യുന്ന പാവങ്ങള്‍ക്ക് ഒരു രസത്തിന് ചുമ്മാ കാണാനും മിണ്ടാനുമൊക്കെയായി എന്നാണ് റോഡ് ഹോസ്റ്റസുമാര്‍ വരുന്നത് സര്‍ക്കാരേ ?

പെരിന്തല്‍മണ്ണയില്‍ ചെന്നാല്‍ വനിതാ കണ്ടക്ടറുള്ള ബസ് കണ്ടുപിടിക്കുക. കയറുന്നതിനു മുമ്പേ വേണമെങ്കില്‍ ടിക്കറ്റെടുക്കാം. കണ്ടക്ടറുടെ അരികില്‍ തന്നെ ഇരിക്കാന്‍ പറ്റുമോ എന്നു നോക്കുക. കെഎസ്ആര്‍ടിയല്ലേ വിമാനത്തിന്റെ സ്പീഡ് ഉണ്ടെങ്കിലും അതിലെ സെറ്റപ്പുകള്‍ കിട്ടില്ല. കൊച്ചി വരെ കണ്ടക്ടറുമായും അതിലെ യാത്രക്കാരായ വനിതകളുമായും വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാം. കഴിയുന്നത്ര ആളുകളുടെ നമ്പര്‍ വാങ്ങിക്കാം. യാത്രയ്‍ക്കിടയില്‍ തന്നെ മിസ് കോളുകള്‍ വിടാം. പറ്റിച്ചേന്നും പറഞ്ഞ് ചുമ്മാ ദേഹത്തൊക്കെ പിടിക്കാം പറ്റിയാല്‍ കവിളില്‍ നുള്ളാം.കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് കൊച്ചിയെത്തും.

അവിടെയിറങ്ങാതിരിക്കരുത്.വനിതാ ടാക്സിയാണ് നമ്മുടെ ഉന്നം. അന്വേഷിച്ചു കണ്ടുപിടിക്കുക. കൊടകര പറയുക. കൊടകരപുരാണം എന്ന പുസ്തകം വായിക്കുന്നതായി ഭാവിക്കുക. കൊടകരയ്‍ക്കുള്ള റൂട്ട് മാപ്പും കൊടകരയുടെ ചരിത്രവും ടാക്സി ചാര്‍ജും ടൂറിസം ഗൈഡുമൊക്കെയായ ആ പുസ്തകം കയ്യിലുണ്ടെങ്കില്‍ ടാക്സിക്കാരും ഓട്ടോക്കാരും പറ്റിക്കില്ല.

വനിതാ ഡ്രൈവറുമായി അടുക്കാന്‍ ശ്രമിക്കുക. ഡ്രൈവര്‍ സഹകരിക്കുന്നതനുസരിച്ച് വഴിയില്‍ വണ്ടി നിര്‍ത്തി വിശ്രമിക്കുകയോ ഒക്കെയാവാം. എന്തായാലും നമ്പര്‍ വാങ്ങി സേവ് ചെയ്യുക.ടാക്സി കൃത്യമായി കൊടകരയിലെത്തുമ്പോള്‍ വേദനയൊടെങ്കിലും കാശ് കൊടുത്ത് പറഞ്ഞയക്കുക.

ഒരു പൊലീസുകാരന്റെ അവസാനത്തെ ദിവസം

Posted 31 March 2008 | By | Categories: Stories | 9 Comments

ഏറ്റവും മുന്‍പിലത്തെ സീറ്റിലിരിക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍ അപൂര്‍വമായ ഒരു തിളക്കമുണ്ടായിരുന്നു. അയാളുടെ തൊട്ടുപിന്നിലത്തെ സീറ്റിലിരുന്ന പൊലീസുകാരന്‍ പരിചയമുള്ള ആരെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ഡ്രൈവറുടെ റിയര്‍ വ്യൂ മിററിലൂടെ അയാളുടെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പൊലീസുകാരന്റെ കണ്ണുകള്‍ ഇടയ്‍ക്കിടെ തന്നിലേക്കെത്തുന്നത് അയാളും കാണുന്നുണ്ടായിരുന്നു. അയാളുടെ ചലനങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് പൊലീസുകാരന്‍ ഇടവേളകളില്‍ ആരെയോ ഫോണ്‍ വിളിച്ച് എന്തോ ശബ്ദം താഴ്‍ത്തി സംസാരിച്ചുകൊണ്ടിരുന്നു.ബസില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എല്ലാ സീറ്റുകളിലും ആളുണ്ടായിരുന്നു. പിന്നിലായി നാലഞ്ചു പേര്‍ മാത്രം നില്‍ക്കുന്നുണ്ടായിരുന്നു.

സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഒരാള്‍ മാത്രമേ കയറാനുണ്ടായിരുന്നുള്ളൂ. പ്രായമായ ഒരു മുസലിയാരായിരുന്നു അത്. കമ്പികളില്‍ പിടിച്ച് ശാന്തമായ മുഖത്തോടെ അദ്ദേഹം ബസിനുള്ളില്‍ കയറി. ബസ് മുന്നോട്ടെടുത്തപ്പോള്‍ അദ്ദേഹം വീഴാന്‍ ഭാവിച്ചു. മുന്‍സീറ്റിലിരുന്ന ചെറുപ്പക്കാരന്‍ പെട്ടെന്നു ചാടിയെണീറ്റ് അദ്ദേഹത്തെ താങ്ങി സ്വന്തം സീറ്റിലിരുത്തി.

നന്ദിയോടെ അയാളെ നോക്കുമ്പോള്‍ മുസലിയാര്‍ സൗമ്യമായ ശബ്ദത്തില്‍ ചോദിച്ചു- എന്താ മോന്റെ പേര് ?

ചെറുപ്പക്കാരന്‍ വിനയത്തോടെ പുഞ്ചിരിച്ചു- രാമകൃഷ്ണന്‍ നായര്‍ !

മുസലിയാരുടെ കണ്ണുകളില്‍ ഒരു തിളക്കമുണ്ടായി,നേര്‍ത്ത വിസ്മയവും. വല്ലാത്തൊരാശ്വാസത്തോടെ സീറ്റില്‍ ചാരിയിരുന്ന് അദ്ദേഹം മയങ്ങി.

ഏതാനും സ്റ്റോപ്പുകള്‍ക്കപ്പുറം അദ്ദേഹം ഇറങ്ങി. ഇറങ്ങുമ്പോള്‍ ചെറുപ്പക്കാരനോട് നന്ദി പറയാനും അയാളെ സീറ്റില്‍ തിരിച്ചിരുത്താനും ശ്രദ്ധിച്ചു.

താന്‍ സംശയത്തോടെ നിരീക്ഷിച്ച ചെറുപ്പക്കാരന്റെ പേര് രാമകൃഷ്ണന്‍ എന്നാണെന്ന് പൊലീസുകാരന്‍ അതിനോടകം ഫോണിലൂടെ ആരെയോ അറിയിച്ചുകഴിഞ്ഞിരുന്നു. അവിടെ നിന്ന് അയാള്‍ക്ക് ഫോണില്‍ എംഎംഎസ് ആയി അയച്ചുകിട്ടിയ ഏതാനും ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ നോക്കി ചറുപ്പക്കാരനെ തിരിച്ചറിയാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു പൊലീസുകാരന്‍.

അടുത്ത സ്‍റ്റോപ്പില്‍ നിന്ന് കയറിയ ക്ഷീണിതനായ ശബരിമല തീര്‍ത്ഥാടകനും ചെറുപ്പക്കാരന്‍ ആദരപൂര്‍വം എഴുന്നേറ്റു സീറ്റ് നല്‍കി. ദുര്‍ബലമായ ശബ്ദത്തിലുയര്‍ന്നിരുന്ന ശരണം വിളികള്‍ക്കിടിയില്‍ അദ്ദേഹം ചെറുപ്പക്കാരനെ നന്ദിയോടെ നോക്കി-വളരെ നന്ദി..അയ്യപ്പസ്വാമി കാത്തുരക്ഷിക്കട്ടെ, എന്താ തന്റെ പേര് ?

ചെറുപ്പക്കാരന്‍ വിനയത്തോടെ പുഞ്ചിരിച്ചു- അഗസ്റ്റിന്‍!

ശബരിമല തീര്‍ത്ഥടകന്റെ കണ്ണുകളില്‍ ഒരു തിളക്കമുണ്ടായി,നേര്‍ത്ത വിസ്മയവും. വല്ലാത്തൊരാശ്വാസത്തോടെ സീറ്റില്‍ ചാരിയിരുന്ന് അദ്ദേഹം ശരണമന്ത്രങ്ങളുരുവിട്ടു.

ഏതാനും സ്റ്റോപ്പുകള്‍ക്കപ്പുറം അദ്ദേഹം ഇറങ്ങി. ഇറങ്ങുമ്പോള്‍ ചെറുപ്പക്കാരനോട് നന്ദി പറയാനും അയാളെ സീറ്റില്‍ തിരിച്ചിരുത്താനും ശ്രദ്ധിച്ചു.

എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന പൊലീസുകാരന്‍ ദുരൂഹമായ ഈ പേരുമാറ്റത്തെക്കുറിച്ച് ഫോണില്‍ അറിയിച്ചു കഴിഞ്ഞിരുന്നു. മുസലിയാരോട് രാമകൃഷ്ണന്‍ എന്നും ശബരിമലഭക്തനോട് അഗസ്റ്റിന്‍ എന്നും പേരു പറഞ്ഞ ചെറുപ്പക്കരാന്റെ ഉദ്ദേശമെന്തായിരിക്കുമെന്നൂഹിക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

അടുത്ത സ്‍റ്റോപ്പില്‍ നിന്ന് പ്രായമേറെയുള്ള ഒരു ക്രിസ്തീയപുരോഹിതന്‍ കയറി. കയ്യിലെ കാലന്‍കുടയുമായി കമ്പിയില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്ന പുരോഹിതനെ ചെറുപ്പക്കാരന്‍ സ്വന്തം സീറ്റിലിരുത്തി. സീറ്റിലിരുന്ന സ്വസ്ഥമായി നിശ്വസിച്ച പുരോഹിതന്‍ നന്ദിയോടെ അവനെ നോക്കി-കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ…എന്താ കുഞ്ഞിന്റെ പേര് ?

ചെറുപ്പക്കാരന്‍ വിനയത്തോടെ പുഞ്ചിരിച്ചു- മുഹമ്മദ് ഷെഫീഖ് !

പുരോഹിതന്റെ കണ്ണുകളില്‍ ഒരു തിളക്കമുണ്ടായി,നേര്‍ത്ത വിസ്മയവും. വല്ലാത്തൊരാശ്വാസത്തോടെ സീറ്റില്‍ ചാരിയിരുന്ന് അദ്ദേഹം മയങ്ങി.

ഏതാനും സ്റ്റോപ്പുകള്‍ക്കപ്പുറം അദ്ദേഹം ഇറങ്ങി. ഇറങ്ങുമ്പോള്‍ ചെറുപ്പക്കാരനോട് നന്ദി പറയാനും അയാളെ സീറ്റില്‍ തിരിച്ചിരുത്താനും ശ്രദ്ധിച്ചു.

പൊലീസുകാരന്‍ തീര്‍ത്തും അക്ഷമനായിരുന്നു. മൂന്നുപേരോടും മൂന്ന് പേരുകള്‍ അതും കൃത്യമായ വര്‍ഗീയവേര്‍തിരിവോടെ പറഞ്ഞ ചെറുപ്പക്കാരന്‍ ആരായിരിക്കുമെന്നും അയാളുടെ ഉദ്ദേശമെന്തായിരിക്കുമെന്നുമുള്ള ആശങ്ക അയാളെ വേട്ടയാടി.

അയാള്‍ നേരത്തെ കണ്ടക്ടറോട് ചോദിച്ച് ചെറുപ്പക്കാരന്‍ ഇറങ്ങുന്ന സ്റ്റോപ്പ് മനസ്സിലാക്കി വച്ചിരുന്നു. അവിടെ ഇറങ്ങാന്‍ ആ ചെറുപ്പക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജനമായ ആ കാട്ടുവഴിയില്‍ അയാള്‍ എന്തിനിറങ്ങുന്നു എന്നതായിരുന്നു പിന്നീട് പൊലീസുകാരന്റെ ആലോചന.

സ്റ്റോപ്പടുത്തപ്പോള്‍ ചെറുപ്പക്കാരനെണീറ്റു. പിന്നാലെ പൊലീസുകാരനും. ബസ് നിര്‍ത്തി, ഇരുവരും ഇറങ്ങി. കൃത്യമായ ഏതോ ലക്ഷ്യം മുന്നിലുള്ളതുപോലെ ചെറുപ്പക്കാരന്‍ നടന്നു.

റോഡില്‍ അവര്‍ ഇരുവരും മാത്രം.

നടന്നുനീങ്ങുന്ന ചെറുപ്പക്കാരനെ നോക്കി പൊലീസുകാരന്‍ പറഞ്ഞു- നില്‍ക്കൂ !

ചെറുപ്പക്കാരന്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ നിന്നു, തിരിഞ്ഞുനോക്കി. താന്‍ വലിയൊരു ദുരന്തത്തിന്റെ വക്കിലാണെന്ന തോന്നലോടെ പൊലീസുകാരന്‍ ചോദിച്ചു- എന്താ ശരിക്കും തന്റെ പേര് ?

ചെറുപ്പക്കാരന്‍ ചിരിച്ചു. പൊലീസുകാരനെ സഹതാപത്തോടെ നോക്കി,
എന്നിട്ടു പറഞ്ഞു- സുകുമാരക്കുറുപ്പ് !

ചുവന്ന വെളിച്ചം (ഒരു സൈക്കോപ്പാത്തിന്റെ രാത്രികള്‍ -5)

Posted 20 March 2008 | By | Categories: Series | 11 Comments

ക്ലാര ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. പെട്ടെന്നു ക്ലാരയില്‍ നിന്ന് സിസ്റ്റര്‍ മഗ്നീഷ്യാനയിലേക്കു പരിണാമം കൊണ്ടു.- ഇല്ല ഞാനതു പറയില്ല. വിശ്വാസരഹസ്യങ്ങള്‍ പറയാന്‍ ഞാന്‍ ശക്തയല്ല…കര്‍ത്താവിന്റെ സന്നിധിയില്‍…

അന്വേഷകന്‍ ഇടപെട്ടു-അതവിടെ നില്‍ക്കട്ടെ…സിസ്റ്റര്‍ പറഞ്ഞില്ലെങ്കിലും കുശാഗ്രബുദ്ധയായ ഒരന്വേഷകന് അത് കണ്ടെത്താന്‍ വലിയ പ്രയാസമൊന്നുമില്ല…അതുപോട്ടെ..ബാക്കി പറയൂ… മറ്റൊരാളെ കാണിക്കാന്‍ സിസ്റ്റര്‍ തെളിച്ച ലേസര്‍ വെളിച്ചം എങ്ങനെ അന്തോണി കണ്ടു ? സുനീഷും ജോര്‍ജുകുട്ടിയും എങ്ങനെയാണ് ആ വെളിച്ചത്തെക്കുറിച്ചറിഞ്ഞത് ?

പറയാം… അദ്ദേഹം താമസിച്ചിരുന്നത് സുനീഷിന്റെ വീടിന്റെ നേരേ പുറകിലായി ഇത്തിരി ദൂരെയാണ്. അതായത് എന്റെ വീട്ടില്‍ നിന്ന് ലൈറ്റ് തെളിച്ചാല്‍ കൃത്യം രണ്ട് കിലോമീറ്റര്‍ എയര്‍ ഡിസ്റ്റന്‍സുള്ള സ്ഥലത്ത്. എന്റെ വീടും അദ്ദേഹത്തിന്റെ താമസസ്ഥലവും ഒരേ ഉയരത്തില്‍…ആ വെളിച്ചം അദ്ദേഹത്തിനു കാണാന്‍ വേണ്ടി മാത്രം ഞാന്‍ തെളിച്ചതായതുകൊണ്ട് അതിനിടയില്‍ വരുന്ന ആരെയും ഞാനോര്‍ത്തില്ല…സുനീഷും അന്തോണിയുമൊക്കെ അതിനിടയില്‍ വരുന്നതായിരുന്നു…

ഐ സീ…എന്നിട്ടെന്തു സംഭവിച്ചു ?

എന്തു സംഭവിക്കാന്‍…സുനീഷ് സംഘടിപ്പിച്ചു തന്ന ലേസര്‍ ലൈറ്റ് പിറ്റേന്നു മുതല്‍ സുനീഷിന്റെ വീടിന്റെ ഭാഗത്തേക്ക് ഞാനടിക്കാന്‍ തുടങ്ങിയതോടെ ചെറുക്കന് വട്ടായി. എനിക്കവനോട് പ്രേമമാണെന്നു വിചാരിച്ച് പെട്ടെന്നു കള്ളുകുടി നിര്‍ത്തി…തെറിവിളിയും കവലയിലെ വെല്ലുവിളികളും അമ്പാറനിരപ്പിനുള്ള ബസ് സര്‍വീസ് പോലെ പെട്ടെന്നു നിര്‍ത്തി…എല്ലാ ശനിയാഴ്ചയും ഞായറാള്ചയും പള്ളിയില്‍ വരാന്‍ തുടങ്ങി..

ഭക്തി, വിശ്വാസം ?

അല്ല..പ്രേമം,വായ്‍നോട്ടം..ഞാന്‍ ഈ രണ്ടു ദിവസവും കുര്‍ബാനയ്‍ക്കു വരാറുണ്ടായിരുന്നു…

സുനീഷിന്റെ ഈ മാറ്റം ക്ലാര കാണുന്നുണ്ടായിരുന്നില്ലേ ?

ങൂം…പക്ഷെ അതിനീ വെളിച്ചവുമായി ബന്ധമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.. ഈ വെളിച്ചം അദ്ദേഹം മാത്രമേ കാണുന്നുള്ളൂ എന്നായിരുന്നു എന്റെ വിശ്വാസം…

പിന്നെങ്ങനെയാണ് ഈ വിവരങ്ങള്‍ അറിഞ്ഞത് ?

രണ്ട് മൂന്നാഴ്ച കൂടി കഴിഞ്ഞ്… ഒരു ദിവസം ഞാന്‍ പള്ളിയില്‍ പോകാനിറങ്ങുമ്പോള്‍ രാവിലെ മുറ്റത്തു നില്‍ക്കുന്നു സുനീഷ്..ഹൊ! ഞാന്‍ പേടിച്ചു പോയി..എന്നെ അടിച്ചു ബോധം കെടുത്തി ലേസര്‍ ലൈറ്റ് വാങ്ങിക്കൊണ്ടു പോകാന്‍ വന്നതാണെന്നു ഞാന്‍ ഭയപ്പെട്ടു..പക്ഷെ, എന്റെ അപ്പച്ചനെ കണ്ട് എന്നെ കെട്ടിച്ചുതരണമെന്ന് അപേക്ഷിക്കാന്‍ വന്നതായിരുന്നു സുനീഷ്

അപേക്ഷിക്കാനോ ? സുനീഷോ ???

മര്യാദയ്‍ക്ക് പെണ്ണിനെ കെട്ടിച്ചു തന്നോണം മ..രേ.. അങ്ങനെയാണ് സുനീഷ് അപേക്ഷിക്കുന്നത്.അപ്പച്ചന്‍ ഇറങ്ങിവന്നപ്പോള്‍ ചില കളരിമുറകളൊക്കെ കാണിച്ചു പേടിപ്പിക്കാന്‍ നോക്കിയെങ്കിലും ഏറ്റില്ല.. ഇനിയിപ്പോള്‍ സുനീഷ് പോയി അമേരിക്കന്‍ പ്രസിന്റായാലും കെട്ടിച്ചുതരത്തില്ലെന്ന് അപ്പച്ചന്‍ തീര്‍ത്തു പറഞ്ഞു…

പെട്ടെന്ന് ഒരു പൊലീസ് ജീപ്പ് മുറ്റത്തു വന്നു നിന്നു. അന്വേഷകന്‍ കൊടുത്തയച്ച അളവുകള്‍ അനുസരിച്ച് തയ്യാറാക്കിയ രേഖാചിത്രവുമായെത്തിയ ദൂതനായിരുന്നു അത്. ദൂതന്‍ കവര്‍ നല്‍കി. അന്വേഷകന്‍ കവര്‍ തുറന്നു. അതിനുള്ളില്‍ നിന്ന് മൂന്നായി മടക്കി വച്ചിരുന്ന രേഖാചിത്രം പുറത്തെടുത്തു. അന്വേഷകന്റെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞു. ഒടുവില്‍ ഗൂഢമായ ഒരു മമ്ദസ്‍മിതത്തില്‍ അതവസാനിച്ചു. ജനല്‍ കമ്പി വളച്ച് മഠത്തില്‍ നിന്നു രക്ഷപെട്ടയാള്‍ ആരായിരുന്നു എന്ന ആകാംക്ഷ അന്തോണിയുടെയും ക്ലാരയുടെയും മുഖത്തുണ്ടായിരുന്നു. അന്വേഷകന്‍ ആ രേഖാചിത്രം അവരുടെ മുന്നില്‍ നിവര്‍ത്തിക്കാട്ടി.

സുനീഷ് തോമസ് !!!

എല്ലാവരും ഓരോ തവണ ഞെട്ടി. അന്വേഷകന്‍ ചിരിച്ചു-ഞാനിങ്ങോട്ടാണ് പോന്നിരിക്കുന്നതെന്നറിയാവുന്ന സുനീഷ് നമ്മള്‍ എന്താണു സംസാരിക്കുന്നതെന്നറിയാന്‍ വേണ്ടി കയറി ഒളിച്ചിരുന്നതാണ്…അന്തോണിയുടെ വെളിപ്പെടുത്തല്‍ കേട്ട് പിടിക്കപ്പെടുമെന്ന ആധി കാരണം ഓടി രക്ഷപെട്ടതാവും, പാവം !..ക്ലാര തുടരൂ…പിന്നെ എന്തു സംഭവിച്ചു ?

എന്നെ കിട്ടില്ല എന്നു മനസ്സിലായതോടെ സുനീഷ് വീണ്ടും നിരാശനായി പഴയതിനെക്കാള്‍ മോശപ്പെട്ട അവസ്ഥയിലായി…

വീണ്ടും കുടിയും അലമ്പും തുടങ്ങിയോ ?

ഇല്ല..അതിനെക്കാള്‍ മോശമായത്…അയാള്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങി !!

മൈ ഗോഡ് !!!!

ഏറെ നേരം ചാപ്പലിനുള്ളില്‍ നിശബ്ദത നിറഞ്ഞു നിന്നു. എല്ലാക്കാര്യങ്ങളും എല്ലാവരും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്തായിരുന്നു ആ ചുവന്ന വെളിച്ചം എന്നും ആരാണ് അത് തെളിച്ചത് എന്നുമൊക്കെ വ്യക്തമായിരുന്നു. എങ്കിലും രണ്ട് ചേദ്യങ്ങള്‍ മാത്രമവശേഷിച്ചു.ആരായിരുന്നു ക്ലാരയുടെ കാമുകന്‍ ?അയാള്‍ ആ വെളിച്ചത്തിനു മറുപടി നല്‍കിയോ ?

മറുപടി ഇല്ലെന്നു തീര്‍ത്തു പറഞ്ഞ് അകത്തേക്കു പോയ ക്ലാര പിന്നെ മടങ്ങിവരുമെന്നു തോന്നിയില്ല. അധികം വൈകാതെ അകത്തെ ചാപ്പലില്‍ നിന്നു സന്ധ്യാ പ്രാര്‍ഥന തുടങ്ങി. എല്ലാം ഇറക്കിവച്ചതിന്റെ ആശ്വാസം കൊണ്ടെന്ന പോലെ ഭക്തിസാന്ദ്രമായ ക്ലാരയുടെ, സോറി സിസ്റ്റര്‍ മഗ്നീഷ്യാനയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ….

അന്വേഷകനും അന്തോണിയും ഇറങ്ങി നടന്നു. ആരെയായിരിക്കും ക്ലാര വെളിച്ചം കാണിച്ചു വളയ്‍ക്കാന്‍ ശ്രമിച്ചതെന്ന ആലോചന അന്വേഷകനെ കുടുക്കി. അന്തോണിക്കും അത് സംബന്ധിച്ച് ഊഹങ്ങളൊന്നുമില്ലായിരുന്നു. ആ കാലത്ത് പെണ്‍കുട്ടികള്‍ക്ക് പ്രണയിക്കാന്‍ തക്കവണ്ണം യോഗ്യനായി ആരാണ് നാട്ടിലുണ്ടായിരുന്നത് എന്നിരുവരും ആലോചിച്ചു. ഉത്തരം കിട്ടിയില്ല. ക്ലാരയുടെ വെളിപ്പെടുത്തലുകളില്‍ നിന്ന് പിന്നോട്ടു പിടിച്ചു കയറിയാല്‍ ഒരു പക്ഷേ അതിനുത്തരം കിട്ടിയേക്കും എന്ന് അന്വേഷകനു തോന്നി.

നേരേ ക്ലാരയുടെ വീട്ടില്‍ ചെന്നു. രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ കയറിച്ചെന്നു. ഇവിടെ നിന്നാണ് ക്ലാര രാത്രികാലങ്ങളില്‍ ലേസര്‍ വെളിച്ചമുതിര്‍ത്തത്. ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള ഏതോ കേന്ദ്രത്തിലേക്ക്. അന്വേഷകന്‍ നേരേ നോക്കി. തിങ്ങിനിറഞ്ഞ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഒളിവില്‍ കഴിയുന്ന കുറ്റവാളിയുടെ മുഖം പോലെ തോന്നിച്ച ഒരു വലിയ കെട്ടിടത്തിന്റെ അല്‍പം കാണാമായിരുന്നു.

ഏതാണാ കെട്ടിടം ?

അത് ..അതാണ് സെമിനാരി !!

അന്വേഷകന്‍ ഞെട്ടി. ക്ലാരയുടെ കാമുകന്‍ സെമിനാരിയിലായിരുന്നോ ???!!! കാറ്റത്ത് മറ്റു വല്ല കെട്ടിടവും തെളിഞ്ഞു വരുന്നുണ്ടോ എന്ന് അന്വേഷകന്‍ നോക്കി. ഇല്ല, അതുമാത്രം. ചാടിയിറങ്ങി അന്വേഷകന്‍ വണ്ടിയെടുത്തു കുതിച്ചു. സെമിനാരിയുടെ മുറ്റത്ത് വണ്ടി നിര്‍ത്തുമ്പോള്‍ ഒന്നുകൂടി നോക്കി-വേറെ വല്ല കെട്ടിടവും ?

120 ഏക്കറിന്റെ നടുവിലുള്ള ഏക കെട്ടിടമാണ് ആ സെമിനാരി. 50 വര്‍ഷമായി അതങ്ങിനെ തന്നെയാണ്. ക്ലാരയുടെ കാമുകന്‍ സെമിനാരിയാലിരുന്നു എന്നതുറപ്പായി. അതാവും ക്ലാര മഠത്തില്‍ച്ചേര്‍ന്നത്. മൈ ഗോഡ്! അങ്ങിനെയെങ്കില്‍ ഇപ്പോഴത്തെ വികാരിയച്ചനോ മറ്റോ ആവുമോ കക്ഷി ?

അന്വേഷകന്റെ നെഞ്ചിടിപ്പ് കൂടി. മൂന്നു വര്‍ഷം മുമ്പ് ആ സെമിനാരിയിലെ മുറിയില്‍ താമസിച്ചിരുന്ന ആളുടെ പേര് അന്വേഷിച്ചു. റജിസ്റ്ററില്‍ നോക്കി റെക്ടര്‍ പറഞ്ഞു- ആ അറ് വര്‍ഷവും ആ മുറിയില്‍ താമസിച്ചിരുന്നത് ഒരേയൊരാളാണ്..

ആരാണദ്ദഹം ?

അദ്ദേഹം ഇപ്പോള്‍ സഭയിലില്ല, ഇപ്പോള്‍ പ്രസിദ്ധനായൊരു ബ്ലോഗറാണ്…

അന്വേഷകന്റെ തൊണ്ട വരണ്ടു.-പറയൂ ആരാണ് ?

ബെര്‍ളി തോമസ് !!!

ഓ ഗോഡ് !!! ഇയാള്‍ തന്നെ എല്ലായിടത്തും…കേരളത്തിലെ എല്ലാ സ്‍ത്രീകള്‍ക്കും ഒരൊറ്റ കാമുകനേ ഉള്ളോ ???

നിരാശനായി മടങ്ങുമ്പോള്‍ പെട്ടെന്നു റെക്ടര്‍ പിന്നില്‍ നിന്നു വിളിച്ചു – അല്ല, ബെര്‍ളിയല്ല…

അന്വേഷകന്‍ പാഞ്ഞെത്തി. നെഞ്ചിടിപ്പിനൊന്നും ഒരു കണ്‍ട്രോളുമില്ലാതായി.റെ‍ക്ടര്‍ തീയതികള്‍ പരിശോധിച്ചു.-
ശരിയാണ്.. ആ മുറി ബെര്‍ളിയുടേതായിരുന്നു എങ്കിലും ആ സമയത്ത് സെമിനാരി അടിച്ചുവാരാന്‍ വന്ന സ്‍ത്രീയെ പീഡിപ്പിച്ചതിന് ബെര്‍ളിയെ ജര്‍മനിയിലെ ദുര്‍ഗുണപരിഹാരപാഠശാലയിലയച്ചിരിക്കുകയായിരുന്നു…. രണ്ടു വര്‍ഷത്തോളം അയാള്‍ അവിടെയായിരുന്നു..ഒരു മാര്‍ഗരറ്റിന്റെ ശിക്ഷണത്തിന്‍ കീഴില്‍..രണ്ട് വര്‍ഷത്തിനു ശേഷം ബെര്‍ളി തിരിച്ചെത്തി..തൊട്ടുപിന്നാലെ മാര്‍ഗരറ്റും..അത് മറ്റൊരു കഥ..

അതവിടെ നില്‍ക്കട്ടെ..ആ രണ്ടു വര്‍ഷം ആ മുറിയില്‍ താമസിച്ചിരുന്ന ആളാരായിന്നു എന്നു പറയൂ..കമോണ്‍…

റെ‍ക്ടര്‍ വീണ്ടും റജിസ്‍റ്ററില്‍ നോക്കി.- ങൂം..അഞ്ച് വര്‍ഷമായി ദുര്‍ഗുണപരിഹാരപാഠശാലയിലായിരുന്ന മറ്റൊരു സീനിയര്‍ വിദ്യാര്‍ഥിയായിരുന്നു അവിടെ താമസിച്ചിരുന്നത്..

ആര് ?????????

എതിരന്‍ കതിരവന്‍ !!!!!!!

(അങ്ങനെ അതൊരു വഴിക്കാക്കി. തീര്‍ന്നൂട്ടാ !)

ചുവന്ന വെളിച്ചം (ഒരു സൈക്കോപ്പാത്തിന്റെ രാത്രികള്‍-4)

Posted 19 March 2008 | By | Categories: Series | 8 Comments

ക്ലാര ഞെട്ടി,അന്തോണിയും ഞെട്ടി.
ധീരനായ അന്വേഷകന്‍ ടീപ്പോയ്‍ക്കു മുകളിലൂടെ ജംപ് ചെയ്ത് ചാപ്പലിന്റെ മാര്‍ബിള്‍ തറയിലൂടെ ഐസിലൂടെ കാലില്‍ മറ്റേ സൂത്രം പിടിപ്പിച്ച് പാഞ്ഞുപോകുന്ന പിള്ളേരെപ്പോലെ തെന്നി അപ്പുറത്തെ മുറിയില്‍ ചെന്നു. ജനാലയുടെ കമ്പി വളച്ച് ഒരാളിറങ്ങിയോടിയതിന്റെ അടയാളങ്ങള്‍ ബാക്കിയുണ്ടായിരുന്നു.

അന്വേഷകന്‍ ഭ്രാന്തുപിടിച്ചവനെപ്പോലെ പുറത്തേക്കോടി. പെണ്ണുങ്ങള്‍ സോറി, ക്ലാരയും അന്തോണിയും പേടിച്ചു പോയി.മുറ്റത്തു ചെന്ന അന്വേഷകന്‍ തിരിച്ചോടി വീണ്ടും അതേ ജനാലയ്‍ക്കരികില്‍ വന്നു സൂക്ഷ്മമായി നോക്കി.

അന്വേഷകന്റെ ഓട്ടത്തിനിടയില്‍ ക്ലാര അന്തോണിയോട് കടുപ്പത്തില്‍ പറഞ്ഞു-
എന്നാലും അതൊരുമാതിരി കോപ്പിലെ ഇടപാടായിപ്പോയി.. ഇപ്പോ കേറി വന്ന് ഈ ഡയലോഗ് പറഞ്ഞ്…വല്ല കാര്യവുമുണ്ടായിരുന്നോ ?

അന്തോണിയും ചൂടായി – എന്നു പറഞ്ഞാല്‍ ഈ വൃത്തികെട്ടവന്‍ വീട്ടില്‍ നിന്നിറങ്ങിയിട്ടു വേണ്ടേ ? രാവിലേം ഉച്ചക്കും വൈകിട്ടും വരും ഓരോ വൃത്തികേടുകള്‍ ചോദിച്ച് വരും..

ഒരു ടേപ്പു കിട്ടുമോ ??-പതുങ്ങിയ കാല്‍വെപ്പുകളോടെ അടുത്തുവന്ന അന്വേഷകന്‍ ചോദിച്ചപ്പോഴാണ് ഇരുവരും കണ്ടത്.

ക്ലാര പെട്ടെന്നകത്തേക്കു പോയി ഫൈലിപ്‍സിന്റെ ഒരു ടേപ്പ് റെക്കോര്‍ഡര്‍ എടുത്തുകൊണ്ടു വന്നു- പെട്ടെന്നാരെങ്കിലും മരിച്ചാല്‍ ഒപ്പീസു വയ്‍ക്കാന്‍ വേണ്ടി കൊണ്ടുപോകുന്ന ടേപ്പാ…വേഗം തിരിച്ചുതരണം

അന്വേഷകന്‍ ചൂടായി-ഹോ, ഈ ടേപ്പല്ല..മറ്റേ ടേപ്പ് ?

എന്തിനാണ് ടേപ്പ് ?

അപ്പുറത്ത് ജനല്‍ കമ്പി വളച്ചത് അളന്നു കഴിഞ്ഞാല്‍ ആ അളവിലുള്ള പ്രതിയെ പിടിക്കാന്‍ എളുപ്പമുണ്ട്.

ക്ലാര ടേപ്പ് കൊണ്ടുവന്നു. അന്വേഷകന്‍ വളഞ്ഞ കമ്പികള്‍ അളന്ന് അത് ഒരു കടലാസില്‍ എഴുതി അത് വച്ച് ഒരു രേഖാചിത്രം തയ്യാറാക്കാന്‍ ദൂതന്‍ വശം കൊടുത്തുവിട്ടു.അന്തോണിയും ക്ലാരയും പരസ്‍പരം നോക്കി.

പെട്ടെന്നു സ്ഥലകാലബോധം വീണ്ടുകിട്ടിയതുപോലെ അന്വേഷകന്‍ ശാന്തനായി-
ശരി, ശരി.. അപ്പോള്‍ ആ ചുവന്ന വെളിച്ചത്തിന്റെ ഉറവിടം ക്ലാരയായിരുന്നെന്ന് അന്തോണി പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ ഇവിടെ നിന്നിറങ്ങി ഓടിയവനെക്കൂടി പിടിച്ചാല്‍ കേസ് തെളിയും..അതിനു മുമ്പ് എനിക്കെല്ലാം അറിയണം..പറയൂ ക്ലാര പറയൂ..എന്തിനാണ് ഒരു ചുവന്ന വെളിച്ചം കൊണ്ട് നാട്ടുകാരെ ഭയപ്പെടുത്തിയത് ? എവിടെ നിന്നാണ് ക്ലാരയ്‍ക്ക് അങ്ങിനെയൊരു വെളിച്ചം കിട്ടിയത് ? എന്തിനാണ് ആ വെളിച്ചം പിന്നെ നിര്‍ത്തിയത് ? സുനീഷിനും ജോര്‍ജ്കുട്ടിക്കും ഈ വെളിച്ചവുമായി എന്തുബന്ധം ?

ക്ലാര ഓര്‍മയുടെ കുളക്കടവില്‍ പുതിയ തിരയിളക്കങ്ങള്‍ കാത്തു നിന്നു. പെരുവിരല്‍ത്തുമ്പിലൂടെ ഈറന്‍ സ്മരണകള്‍ അരിച്ചുകയറി.

ആ വെളിച്ചം…അതൊരു ലേസര്‍ ലൈറ്റായിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഞാനാദ്യമായി വായിച്ചത് സുനീഷിന്റെ ബ്ലോഗിലാണ്. ലാസറിനെ ഉയിര്‍പ്പിച്ച ലേസര്‍ പ്രേതം എന്ന പോസ്റ്റിലൂടെ. പിന്നീടൊരിക്കല്‍ ഞാന്‍ സുനീഷിനോടു ചോദിച്ചു എനിക്കാ ലേസര്‍ലൈറ്റ് തരുമോ എന്ന്. ഞാന്‍ ജീവിതത്തിലാദ്യമായായിരുന്നു സുനീഷിനോടു സംസാരിക്കുന്നത്…

എന്തുകൊണ്ടാണ് അതുവരെ സംസാരിക്കാതിരുന്നത് ?

സുനീഷ് ഭയങ്കരകുടിയനും സ്‍ത്രീവിരോധിയുമാണെന്ന് കേട്ടിരുന്നു.പക്ഷെ, ഞാന്‍ ലേസര്‍ ലൈറ്റ് ചോദിച്ചതിന്റെ പിറ്റേന്ന് രാവിലെ ഞാന്‍ പള്ളിയില്‍ പോകാനിറങ്ങുമ്പോള്‍ സുനീഷ് ആ ലേസര്‍ലൈറ്റുമായി വീട്ടുമുറ്റത്ത് നില്‍ക്കുന്നു…ഞാന്‍ ഞെട്ടിപ്പോയി. തലേദിവസം വൈകിട്ട് ചോദിച്ച സാധനം പിറ്റേന്നു നേരം പുലരും മുമ്പ് എങ്ങനെ എന്റെ മുന്നിലെത്തിച്ചു എന്നു ഞാനദ്ഭുതപ്പെട്ടു.പക്ഷേ പള്ളീലോട്ടു പോകുന്ന വഴി ആ പോസ്റ്റില്‍ സുനീഷ് പറയുന്ന ബ്രിട്ടാസിന്റെ ഭാര്യയെ ഞാന്‍ കണ്ടു. അങ്ങനെ പള്ളീല്‍ വരാത്ത ആളാണ് എന്തു പറ്റി എന്നു ‍ഞാനദ്‍ഭുതപ്പെട്ടു. കണ്ണീരു തുടച്ചുകൊണ്ടാ സ്‍ത്രീ പറഞ്ഞു ബ്രിട്ടാസ് സീരിയസ്സായി ആശുപത്രിയിലാണെന്ന്. എന്താ കാര്യമെന്നന്വേഷിച്ചപ്പോള്‍ ഞെട്ടി..രാത്രി സുനീഷ് വീട്ടില്‍ ചെന്ന് ആ ലേസര്‍ ലൈറ്റ് ചോദിച്ച് വഴക്കുണ്ടാക്കിയെന്നും കൊടുക്കില്ലെന്നു പറഞ്ഞപ്പോള്‍ ബ്രിട്ടാസിനെ കമ്പിവടികൊണ്ടടിച്ചു ബോധം കെടുത്തി വീട്ടില്‍ക്കയറി അതെടുത്തുകൊണ്ടുപോയെന്നും പറഞ്ഞപ്പോള്‍ ശരിക്കും വിറച്ചുപോയി. ബിന്‍ലാദന്‍ മറ്റേ അവിടെ ഇടിച്ചു കയറ്റിയ വിമാനത്തിന്റെ ലിവറ് പോലെ അപടകം പിടിച്ച ഒരു സമ്മാനമാണ് എന്റെ കയ്യിലിരിക്കുന്നതെന്നു മനസ്സിലായപ്പോള്‍ എനിക്കു പേടിയായി…അതായിരുന്നു സുനീഷ്!

ആ വെളിച്ചം രാത്രി രാത്രി അടിച്ച് ക്ലാര ആളുകളെ പേടിപ്പിച്ചതെന്തിനാണെന്നു പറയൂ… ഈ അന്തോണിയെപ്പോലുള്ള പാവങ്ങള്‍ പേടിച്ചു മുള്ളാതെ കഴിഞ്ഞത് രണ്ടു വര്‍ഷമാണ്..

ഞാനാരെയും പേടിപ്പിച്ചിട്ടില്ല..പേടിപ്പിക്കാനുദ്ദേശിച്ചിട്ടില്ല…

ഒണ്ട് ഒണ്ട് ഒണ്ട്..എന്നെ പേടിപ്പിച്ചിട്ടുണ്ട്…-അന്തോണി വയലന്റായി.

നാട്ടുകാരെയൊന്നും കാണിക്കാനല്ല ഞാന്‍ രാത്രികളില്‍ ലൈറ്റടിച്ചത്…

പിന്നെ നിന്റെ അപ്പന്‍ വന്നിരിക്കുന്നോടീ രാത്രി 10 മണിക്ക് അയ്യങ്കോലിപ്പാറയുടെ നെറുകയില്‍ ???

അപ്പന് പറഞ്ഞാലുണ്ടല്ലോ, ചവിട്ടി നിന്റെ അടിവയറ് കലക്കും ഞാന്‍ പന്നീ, കന്യാസ്‍ത്രീയാണെന്നു കരുതി എന്തും പറയാമെന്നു കരുതിയോ, തെണ്ടീ !

താനവിടെ പ്രാര്‍ഥിക്കാന്‍ വന്ന ഒരു ഭക്തനാണെന്ന മട്ടില്‍ അന്തോണി ആ മൂലയിലേക്കു മാറി നിന്നു.പേടിയോടെയാണെങ്കിലും അന്വേഷകനും ചോദിച്ചു-ആരെ കാണിക്കാനായിരുന്നു ക്ലാര ആ രാത്രികളില്‍ ആ ലേസര്‍ ലൈറ്റ് അടിച്ചുകൊണ്ടിരുന്നത് ?

ഒരാളെ ? ഒരേയൊരാളെ…

എനിക്കറിയാം, സുനീഷിനെ അല്ലേ ? സുനീഷ് തന്ന ലേസര്‍ ലൈറ്റ് അവന്റെ വീട് ലക്ഷ്യമാക്കി അടിച്ചാല്‍ അത് ഒരു വലിയ സിംബലാകുമല്ലോ അല്ലേ ?

അവിടെ നിങ്ങള്‍ക്കു തെറ്റി…സുനീഷിനെ ഞാനൊരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല…ലേസര്‍ ലൈറ്റിനോടുള്ള ഇഷ്ടം പോലും സുനീഷിനോടുണ്ടായിരുന്നില്ല…

പിന്നെ ??? പിന്നാര് ജോര്‍ജ്കുട്ടിയോ ???

ഛെ !

പിന്നെ പറയൂ ആരെയാണ് ക്ലാര ലൈറ്റടിച്ച് കാണിച്ചത്…ആരെയാണ് ലേസര്‍ വെളിച്ചം കൊണ്ട് വളയ്‍ക്കാന്‍ ശ്രമിച്ചത് ? പറയൂ ?

മറ്റൊരാളെ ?

ഈ ചുവന്ന വെളിച്ചത്തെക്കുറിച്ചറിയാവുന്ന നാല് പേരെ ഉള്ളൂ, ക്ലാര, അന്തോണി, സുനീഷ്, ജോര്‍ജ്കുട്ടി…

അല്ല..ഒരാള്‍ക്കു കൂടിയറിയാമായിരുന്നു ആ വെളിച്ചത്തെക്കുറിച്ച്…ആര്‍ക്കുമറിയാത്ത ഒരാള്‍ക്ക്…

ആരാണയാള്‍ ????

കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പോലെ ചാപ്പലില്‍ മൌനം തളം കെട്ടി നിന്നു.

(സത്യമായിട്ടും നാളെ തീരും)

ചുവന്ന വെളിച്ചം (ഒരു സൈക്കോപ്പാത്തിന്റെ രാത്രികള്‍-3)

Posted 18 March 2008 | By | Categories: Series | 7 Comments

വലിയൊരു പിടിവള്ളി കിട്ടിയ സന്തോഷത്തോടെ അന്വേഷകന്‍ മടങ്ങി. ഇനിയൊരു പക്ഷേ അന്തോണിയെ കാണേണ്ടി വരില്ല. അല്ലാതെ തന്നെ ചുവന്ന വെളിച്ചം കേസിലെ പ്രതികള്‍ കുടുങ്ങിയേക്കും. ഇനി അധികം ആളുകളെ കാണേണ്ടതില്ലെന്നും അന്വേഷകനു തോന്നി. എങ്കിലും ഒരു വട്ടം കൂടിയൊന്ന് പൂര്‍ത്തിയാക്കുന്നത് നന്നായിരിക്കുമെന്നു തോന്നിയ അന്വേഷകന്‍ നേരേ വികാരിയച്ചന്റെ അടുത്തേക്കാണു പോയത്.

ക്ലാര…അല്ലേ ? -അന്വേഷകന്റെ ചോദ്യത്തിനു മുന്നില്‍ വികാരി ആലോചനയിലാണ്ടു.

അതെ..ഇപ്പോള്‍ സിസ്റ്റര്‍ മഗ്നീഷ്യാന

ഒ!ഒ!ഓ..! നമ്മുടെ മഗ്നീഷ്യാമ്മ..അമ്മയെ അറിയാത്തവരായി ആരെങ്കിലും ഈ കരയിലുണ്ടോ ?

അല്ല…അങ്ങിനെ പ്രശ്നക്കാരിയാണോ ?

അയ്യോ പ്രശ്നമല്ല..പ്രാര്‍ത്ഥനാ ജീവിതം, പ്രസാദവരം…അങ്ങനെ..

ക്ലാരയെ അച്ചനെത്ര കാലമായി അറിയാം ?

യ്യോ, അങ്ങനെയൊന്നുമില്ല..മഠത്തില്‍ പോകുമ്പോള്‍ കാണുമെന്നല്ലാതെ ഫേവറിറ്‍സില്‍ ആഡ് ചെയ്തിട്ടൊന്നുമില്ല..

ഓഹോ ? അച്ചനോര്‍ക്കൂട്ടിലൊക്കെയുണ്ടല്ലേ ?

മിഷനറി പ്രവര്‍ത്തനത്തിനു തലങ്ങളില്ലല്ലോ..എനിക്കുമുണ്ടൊരു പ്രൊഫൈല്‍

ക്ലാരയുടെ പ്രൊഫൈല് വിസിറ്റ് ചെയ്‍തിട്ടുണ്ടോ ?

പുതിയ പ്രൊഫൈല്‍ ഇടയ്‍ക്കിടെ, വികാരി എന്ന നിലയില്‍..

മനസ്സിലായി… ടെസ്റ്റി എഴുതിയിട്ടുണ്ടോ ?

ഇല്ല..

സ്‍ക്രാപ് ഇട്ടിട്ടുണ്ടോ ?

ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ഒന്നു രണ്ടു തവണ…

ക്ലാരയുടെ പഴയ പ്രൊഫൈല്‍ അറിയാമോ ?

കുറച്ചൊക്കെ..

എങ്ങനെ അറിയാം ?

സുനീഷ് കെസിവൈഎമ്മിലുണ്ടായിരുന്ന സമയത്ത് അവന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ടിട്ടുണ്ട്.

അതെങ്ങനെ ?

സുനീഷിന്റെ വീടിന്റെ തൊട്ടപ്പുറത്തൊരു ചെറിയ കുന്നില്‍ മുകളിലാണ് ക്ലാരയുടെ വീട്. അവിടെ വീടിന്റെ ബാല്‍ക്കണിയില്‍ ക്ലാര ഇറങ്ങി നില്‍ക്കുമായിരുന്നു.

സുനീഷിനെ കാണാന്‍ ??

അയ്യോ, എനിക്കറിയില്ല..അവരുടെ കണ്ണുകള്‍ തമ്മിലുടക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ?

ഇല്ല, ഇല്ല, ഇല്ല.

ജോര്‍ജുകുട്ടിയെ അഭിമുഖീകരിക്കുമ്പോള്‍ അന്വേഷകന്റെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ടായിരുന്നു. ജോര്‍ജുകുട്ടിയുടെ കണ്ണുകളില്‍ ഭീതിയുടേയും.

സുനീഷിനെ എത്രകാലമായി അറിയാം ?

ചെറുപ്പം മുതലേ അറിയാം..

ക്ലാരയെയോ ?

ക്ലാരയെയും..

അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നോ ?

ഏയ് അല്ല…അവനങ്ങിനെയൊന്നും ഉണ്ടായിരുന്നില്ല..

പിന്നെ ക്ലാരയ്‍ക്കുണ്ടായിരുന്നോ ?

എനിക്കറിയില്ല.. അവള്‍ ഇടയ്‍ക്ക് അവനെ വള‍യ്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നു കേട്ടിരുന്നു പിന്നെയത് കേട്ടില്ല.

എന്നിട്ടു സുനീഷ് വളഞ്ഞോ ?

വളഞ്ഞതായൊന്നും പറഞ്ഞില്ല.

അന്വേഷകന് പിന്നെയും മഠത്തിലേക്കു നടന്നു. ചാപ്പലില്‍ മെഴുകുതിരി കത്തിക്കല്‍ യജ്ഞത്തിലായിരുന്നു ക്ലാര എന്ന മഗ്നീഷ്യാമ്മ.

എന്താണിന്നു പ്രത്യേകത ?

ഒന്നുമില്ല..വേണ്ടപ്പെട്ട ആരോ എന്തോ തിരഞ്ഞലയുന്നു എന്നു മനസ്സ് പറയുന്നു..അതു കണ്ടെത്താന്‍ വേണ്ടി ഒരു മെഴുകുതിരി പ്രാര്‍ത്ഥന…

സുനീഷുമായി എങ്ങനെയായിരുന്നു ?

അയലോക്കമായിരുന്നു..

ഗുഡ്..അവനെ ഇഷ്ടമായിരുന്നോ ക്ലാരയ്‍ക്ക് ?

എങ്ങനെ ? ഞാനുമൊരു പെണ്ണല്ലേ സാറേ ?

സുനീഷിനെന്തായിരുന്നു അത്രയ്‍ക്കൊരു പിശക് ?

ഒന്നുമില്ല..എല്ലാ ദിവസവും കള്ള് കുടിച്ചിട്ടു വന്ന് പപ്പേടെ കാറിന്റെ പുകക്കുഴലിനകത്തേക്ക് മൂത്രമൊഴിക്കുമായിരുന്നു. കാറിന്റെ ചില്ലിലെ പൊടിയില്‍ ക്ലാര ഐ ലവ് യൂ എന്നെഴുതി വയ്‍ക്കുമായിരുന്നു..തെണ്ടി !

നോ,നോ ക്ലാര… നിങ്ങള്‍ ഏറെക്കാലം സുനീഷിനെ വളയ്‍ക്കാന്‍ ശ്രമിച്ചതായി ഞാന്‍ കേട്ടു.

ആ വട്ടന്‍ ജോര്‍ജ്‍കുട്ടിയല്ലേ പറഞ്ഞത് ?

എങ്ങനെ മനസ്സിലായി ?

അവനത് വേറെയും പലരോടും പറഞ്ഞതായി ‍ഞാനറിഞ്ഞു.

അതില്‍ സത്യമുണ്ടോ ?

ഒരു ശതമാനം പോലുമില്ല !

അല്ല.. അതില്‍ സത്യമുണ്ട് ! -പിന്നില്‍ നിന്ന് സാക്ഷാല്‍ അന്തോണി പറഞ്ഞു.

ക്ലാര വിളറി.അന്തോണിയുടെ മുഖത്ത് ക്രൌര്യമുള്ള ഒരു ചിരിയുടെ അവശിഷ്ടം തളം കെട്ടി നിന്നു.എണ്‍പതുകളിലെ സിനിമകളിലെ കൊച്ചിന്‍ ഹനീഫയെപ്പോലെ ചാപ്പലിന്റെ വിരിമാറിലൂടെ അന്തോണി സ്ലോ മോഷനില്‍ നടന്നു. ക്ലാര ഭീതിയോടെ അന്വേഷകനെ നോക്കി. നീയൊരു കോപ്പും പേടിക്കേണ്ട എന്ന ഭാവത്തോടെ അന്വേഷകന്‍ ബലം പിടിച്ചു നിന്നു.

സിസ്റ്റര്‍ മഗ്നീഷ്യാമ്മ കള്ളം പറയുകയാണ് – അന്തോണിക്ക് വി.സാംബശിവന്റെ ശബ്ദമായിരുന്നു അപ്പോള്‍.

ക്ലാര ഒന്നും മിണ്ടിയില്ല.
അന്തോണി തുടര്‍ന്നു-
ക്ലാര സുനീഷിനെ വളയ്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ ?

കള്ളം പച്ചക്കളളം !- ക്ലാര ചൂടായി.

സത്യമാണ്…ജോര്‍ജുകുട്ടി എന്നു പറയുന്ന പോങ്ങന് എല്ലാം അറിയാം..എല്ലാക്കാര്യങ്ങളും അറിയാവുന്ന മൂന്നു പേരില്‍ രണ്ടാമത്തെയാള്‍ ആ ജോര്‍ജ്‍കുട്ടിയാണ് …

അപ്പോള്‍ മൂന്നാമത്തെയാള്‍ സുനീഷാണോ ???

അതെ !!!!ക്ലാര ഞെട്ടി, അന്വേഷകന്‍ ഞെട്ടി. ഒരു പഞ്ചിന് അന്തോണിയും .

എല്ലാമറിയാവുന്നവര്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായ നിലയ്‍ക്ക് സത്യങ്ങള്‍ മാത്രമേ ഇനി പറയേണ്ടതുള്ളൂ…പറയൂ എന്താണാ സത്യം ?-അന്വേഷകന്‍ ചോദിച്ചു.

എന്ത് സത്യം ?

ആ ചുവന്ന വെളിച്ചത്തിന്റെ സത്യം..അതറിയാന്‍ ഈ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്..പറയൂ..

ക്ലാരയെ നേരിയതായി വിറച്ചു തുടങ്ങി.

പറയാം !- അന്തോണി ക്ലാരയെ നോക്കിക്കൊണ്ട് പറഞ്ഞു.- ആ ചുവന്ന വെളിച്ചത്തിന്റെ ഉറവിടം…ആ ചുവന്ന വെളിച്ചത്തിന്റെ ഉറവിടം…

പറയൂ ആരായിരുന്നു ? സുനീഷ് ? ജോര്‍ജ്‍കുട്ടി ?

അല്ല, അല്ല..ആ ചുവന്ന വെളിച്ചത്തിന്റെ ഉറവിടം… ഈ നില്‍ക്കുന്ന ക്ലാരയായിരുന്നു !!!

പെട്ടെന്നു തൊട്ടപ്പുറത്തെ മുറിയില്‍ നിന്ന് ഒരു ഗ്ലാസ് വീണു തകരുന്ന ശബ്ദം കേട്ടു, ആരോ ഒരാള്‍ ധൃതിയില്‍ ഓടുന്ന ശബ്ദവും.

(ദ് തീര്‍ക്കാന്‍ പറ്റുന്നില്ല)

ചുവന്ന വെളിച്ചം (ഒരു സൈക്കോപ്പാത്തിന്റെ രാത്രികള്‍-2)

Posted 17 March 2008 | By | Categories: Series | 5 Comments

വിവാദവിഷയമായ ചുവന്ന വെളിച്ചം സുനീഷ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു പോലെ വെറുമൊരു യക്ഷിയുടെ സിംബലല്ലെന്നും അത് തുടര്‍ച്ചയായി ഒന്നരവര്‍ഷത്തോളം അന്തോണി കണ്ടതാണെന്നുമുള്ള വെളിപ്പെടുത്തല്‍ അന്വേഷണത്തെ ഏറെ സഹായിച്ചുകളഞ്ഞു. അതുപോലെ ആ വെളിച്ചവുമായി ബന്ധപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ മാലാഖുടെ സൌന്ദര്യമുള്ള ഒരു സ്‍ത്രീയാണെന്ന അന്തോണിയുടെ ക്ലൂ ഞെട്ടിക്കുന്ന ഒരു ക്ലൂ തന്നെയായി.ആരാണ് ആ മാലാഖക്കുട്ടി ?

സംഗതി ഏതാനും വര്‍ഷം മുമ്പത്തെ കഥയാണ്. അങ്ങനെയൊരു മാലാഖക്കുട്ടിയെ എങ്ങനെ കണ്ടെത്തി തെളിവു ശേഖരിക്കും. എങ്ങനെയും അത് ചെയ്തേ പറ്റൂ. കാരണം, അത്ര വലിയൊരു വെല്ലുവിളിയാണ് അന്തോണി നടത്തിയിരിക്കുന്നത്. എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാള്‍ എല്ലാം മറച്ചുവച്ച് ചുണയുണ്ടെങ്കില്‍ തെളിയിക്ക് എന്നു വെല്ലുവിളിക്കുമ്പോള്‍ ആ വെല്ലുവിളി ഏറ്റെടുക്കാതിരിക്കാനാവില്ല.

വെല്ലുവിളി ഏറ്റെടുത്ത് വീണ്ടും സുനീഷിന്റെ അടുത്തേക്ക്-
ഇനിയെനിക്കൊന്നും പറയാനില്ല. ഈ കേസ് ഞാന്‍ വിട്ടു. അന്തോണി പറയുന്ന ഭ്രാന്തിനൊന്നും എനിക്കു മറുപടി പറയാന്‍ പറ്റില്ല. ഏത് പെണ്ണ് ഉള്‍പ്പെട്ടു എന്നാണ് പറയുന്നത്. എങ്കില്‍ അതാരാണെന്നു പറയാന്‍ പറയൂ….. അതാണ് ഞാന്‍ പറഞ്ഞത് അയാള്‍ ഭ്രാന്തു പറയുന്നതാണെന്ന്. നിങ്ങളല്ലാതെ ആരെങ്കിലും….. ശരി, ആയിക്കോട്ടെ….. ആ കാണാം… ഹല്ല പിന്നെ.

വീണ്ടും ജോര്‍ജ്‍കുട്ടിയുടെ അടുത്തേക്ക്-
ഹഹഹഹഹഹഹഹഹഹഹഹഹഹ…. എനിക്കൊന്നുമറിയില്ല…

വികാരിയച്ചന്‍-
ഈ നാട്ടിലങ്ങനെ സ്‍ത്രീകള്‍ അധികമൊന്നുമില്ല. ആ കാലത്ത് തീരെയില്ല.

ഉത്തരം കിട്ടാത്ത ചോദ്യവുമായി ഭരണങ്ങാനം മുഴുവനും അലഞ്ഞ അന്വേഷകന്‍ അപ്രതീക്ഷിതമായാണ് കന്യാസ്ത്രീ മഠത്തിലെത്തിയത്. ക്രൂശിതരൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുമ്പോള്‍ അരികിലൂടെ ഒരു നനുത്ത സുഗന്ധം കടന്നുപോകുന്നറിഞ്ഞു അന്വേഷകന്‍. യക്ഷിയോ ?

അന്വേഷകന്‍ കണ്ണുതുറന്നു. വെള്ളവസ്‍ത്രങ്ങളണിഞ്ഞ കര്‍ത്താവിന്റെ ഒരു മണവാട്ടി കയ്യില്‍ മുല്ലപ്പൂക്കളുമായി കടന്നുപോകുന്നു. ശരിക്കും ഒരു മാലാഖ തന്നെ.

മാലാഖ-ആ വാക്ക് അന്വേഷകന്റെ മനസിലുടക്കി. അയാള്‍ ഞെട്ടിയെണീറ്റു. അപ്പോഴേക്കും അവര്‍ കടന്നുപോയിരുന്നു. എങ്കിലും ആ സുഗന്ധം മുറിയില്‍ തങ്ങി നിന്നിരുന്നു.

അവര്‍ മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കുറച്ചുനേരം കൂടി അന്വേഷകന്‍ അവിടെ നിന്നു. തീര്‍ച്ചയായും തനിക്കുള്ള എന്തോ ഒന്ന് അവരുടെ കയ്യിലുണ്ട് എന്ന് അന്വേഷകനു തോന്നി. ക്ഷമയോടെ ഒരു 10 മിനിട്ടു കൂടി കാത്തിരുന്നപ്പോള്‍ അവര്‍ മടങ്ങി വന്നു. വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട അവരെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് അന്വേഷകന്‍ ചാടിയെണീറ്റുപോയി.

അന്വേഷകന്റെ ഭാവവ്യത്യാസം ആ സ്‍ത്രീയെയും അമ്പരപ്പിച്ചു. അയാള്‍ക്ക് തന്നോടെന്തോ പറയാനുണ്ടെന്നു തോന്നിയ അവര്‍ അയാളുടെ മുഖത്തേക്കു നോക്കി നിന്നു.

ശരിക്കും ഒരു മാലാഖ തന്നെ !- അന്വേഷകന്റെ ആത്മഗതം ഉറക്കെയായി.

എന്തു വേണം ?

ഇവിടെ എന്തു ചെയ്യുന്നു ?

ഞാന്‍ കന്യാസ്ത്രീഭാഗത്തിനു പഠിക്കുന്നു..

വിച്ച് ഇയര്‍ ?

തേര്‍ഡ് ഇയര്‍…

അപ്പോള്‍ മൂന്നു വര്‍ഷം മുമ്പ് ?

അലമ്പിന്റെ ആശാത്തിയായിരുന്നു.

നന്നാവാന്‍ കാരണം ?

നന്നായെന്നാരു പറഞ്ഞു ?

സോറി, എന്താ പേര് ?

സിസ്റ്റര്‍ മഗ്നീഷ്യാന

പഴയ പേര് ?

ക്ലാര !!

സ്വന്തം സ്ഥലം ?

ഭരണങ്ങാനം തന്നെ.

സുനീഷ് തോമസിനെ അറിയുമോ ?

………………………………………………

നമ്മുടെ സുനീഷ് തോമസ്…ഭരണങ്ങാനം ചരിത്രകാരന്‍…ബ്ലോഗര്‍ ?

എനിക്കു കുമ്പസാരിക്കാന്‍ സമയമായി -സിസ്റ്റര്‍ മഗ്നീഷ്യാമ്മ നടന്നകലുകയായിരുന്നു.

ഞാനിനിയും വരും…

വേണ്ടാ, ഞാന്‍ ധ്യാനത്തിനു പേകും-മഗ്നീഷ്യാമ്മ മറഞ്ഞു.

കര്‍ത്താവിന്റെ രൂപത്തിലേക്കു കുറച്ചുനേരം നോക്കിയിരുന്നിട്ട് അന്വേഷകന്‍ മടങ്ങി.മഗ്നീഷ്യാമ്മയെ കാണും മുമ്പ് സുനീഷിനെ കാണേണ്ടതുണ്ടെന്ന് അന്വേഷകനു തോന്നി.കണ്ടു.

സിസ്റ്റര്‍ മഗ്നീഷ്യാമ്മയെ അറിയുമോ ?

ഏത് മഗ്നീഷ്യാമ്മ ?

പഴയ, പഴയ പഴയ ക്ലാര ?

മനസ്സിലായില്ല ?

ക്ലാ..ര..ക്ലാര, ഇതിലെന്താണ് മനസ്സിലാവാത്തത് ?

ഏത് ക്ലാരയെന്ന് ?

ഏതൊക്കെ ക്ലാരമാരെ തനിക്കറിയാം ?

എന്റെ അയലത്തൊരു അലവലാതി ക്ലാരയുണ്ടായിരുന്നു..പിന്നെ സെമിനാരിയില്‍ പോയെന്നു കേട്ടു

സെമിനാരിയിലോ ?

അല്ല മഠത്തില്‍…ഒക്കെ ഒന്നാണല്ലോ..

ക്ലാരയുമായി..?

കണ്ടുപരിചയം മാത്രം

ഇനി കണ്ടാല്‍ അറിയുമോ ?

സംശയമാണ്

തിരിച്ചറിയല്‍ പരേഡ് നടത്തിയാല്‍ ?

ങൂം..അതെന്തിനാ ?

ചിലപ്പോള്‍ വേണ്ടി വരും.

സുനീഷിന്റെ അയലത്തു താമസിച്ചിരുന്ന അതേ ക്ലാര തന്നെയാണ് സിസ്റ്റര്‍ മഗ്നീഷ്യാമ്മയായി മഠത്തിലൂടെ മുല്ലപ്പൂ ചൂടി നടക്കുന്നതെന്ന തിരിച്ചറിവ് വിലപ്പെട്ടതായിരുന്നു. ചില സംശയങ്ങളും സൂചനകളും മാത്രമായി നേരേ അന്തോണിയുടെ അടുത്തേക്ക് വീണ്ടും.

“ചുവന്ന വെളിച്ചത്തെക്കുറിച്ചറിയാവുന്ന മറ്റ് മൂന്നു പേരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയാണെന്നു പറഞ്ഞില്ലേ… അത് അന്ന് സുനീഷിന്റെ അയലത്തു താമസിച്ചിരുന്ന ഇപ്പോള്‍ ഇതേ മഠത്തിലുള്ള സിസ്റ്റര്‍ മഗ്നീഷ്യാമ്മയല്ലേ,…. പഴയ ക്ലാര ?”

അന്തോണിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുടെ ചെറുകാറ്റ്- അതെ !!!

(നീം തുടരും)