രണ്ടര എന്നുള്ളത് മൂന്നിഞ്ച് ആയപ്പോള്‍ അവള്‍ പറഞ്ഞു- മതി !
അല്ല.. ഓണമല്ലേ.. അല്‍പം കൂടുതലിരുന്നോട്ടെ..
വേണ്ട.. ഞാന്‍ താങ്ങില്ല.. മേക്കപ്പാണെന്നു കരുതി എന്തിനും ഒരു പരിധിയില്ലേ.. രണ്ടര ഇഞ്ച് മേക്കപ്പ് മുഖത്തുവന്നാല്‍ തന്നെ മുക്കാല്‍ കിലോ വരും.. അതുവല്ലതും പ്രേക്ഷകര്‍ക്കറിയണോ.. അവര്‍ പറയും അവള്‍ക്കു തലക്കനമാണെന്ന്.. ആങ്കേഴ്സ് ഡിസാസ്റ്റര്‍ മാര്‍ക്ക്സ് ഹു വാണ്‍ഡഡ് നോയിങ്..
മനസ്സിലായില്ല..
ആങ്കര്‍മാരുടെ കഷ്ടപ്പാടുകള്‍ ആര്‍ക്കുമറിയേണ്ടല്ലോ എന്നു പറഞ്ഞതാ..ബ്രിട്ടീഷ് ഇംഗീഷ് ആണ്.. ഞാന്‍ പിഡിസി പഠിച്ചത് ഓക്സ്ഫഡിലായിരുന്നല്ലോ.. അതിനു ശേഷമാണല്ലോ മിസ് കേരള വെഞ്ഞാറമൂട് ആകുന്നത്..
മിസ് കേരള വെഞ്ഞാറമൂട്… എന്നു പറയുമ്പോള്‍..
വെഞ്ഞാറമൂട്ടിലെ കെ.പി.ശശി ആര്‍ട്സ് ക്ളബ്ബ് എന്നെ മിസ് കേരള പട്ടം നല്‍കി ആദരിച്ചിരുന്നു..അതാണ് ..സോറിഡാ, ഞാനിത്തിരി ബിസിയാ ആ സോങ് ഒന്നു പഠിച്ചോട്ടെ..
ഏത് സോങ് ?
ഏതോ വയ്യാവേലി നാടുമുടിച്ചതിനെപ്പറ്റിയൊരു പാട്ട്…
അയ്യോ..നാടുമുടിച്ചതിനെപ്പറ്റിയല്ല.. ആ പാട്ട് ഇങ്ങനെയാണ്..
മാവേലി നാടുവീണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം..
ഇതുപോലുമറിയാതാണോ.. ഈ സെറ്റുടുത്ത് മുല്ലപ്പൂവും ചൂടി മലയാളി മങ്കിയായി ഷോ ആങ്കര്‍ ചെയ്യാന്‍ പോകുന്നത്..കഷ്ടം !
മാഡം.. ഷ്ോട്ട് റെഡി..
എവരിബഡി ഗെറ്റ് റെഡി.. ക്ളിയര്‍ ദി ഫീല്‍ഡ്… ഓള്‍ലൈറ്റ്സ്… ബാക്ക്ഗ്രൌണ്ട് ലൈറ്റ്സ്.. സ്റ്റാര്‍ട്ട് ക്യാമറ.. ആക്ഷന്‍ !
കേരള സ്റ്റേറ്റ് സിംഗര്‍ 2008 എന്നു സുവര്‍ണാക്ഷരങ്ങളിലെഴുതിയ പശ്ചാത്തലത്തിനു മുന്നില്‍ നമ്പര്‍ വണ്‍ മെഗാ റിയാലിറ്റി ഷോയുടെ ചെറുപ്പക്കാരിയായ അവതാരക ഉള്ള കാര്യം പച്ചയ്ക്കു പറഞ്ഞു-
നമ്മുടെ ഇന്നത്തെ ഷോ ആരംഭിക്കുകയാണ്… ഇന്നെന്തൊക്കെ നടക്കുമെന്നുള്ള കാര്യം ആര്‍ക്കും പറയാന്‍ പറ്റില്ല.. നമ്മുടെ പാര്‍ട്ടിസിപ്പന്റ്സിന്റെ നെഞ്ചിടിപ്പിന്റെ മ്രമ്മരം..സോറി ഐ തിങ്ക് അയാം മിസ്പെല്‍ഡ് സംതിങ്.. ഞാന്‍ പറഞ്ഞ മാതിരി എന്തോ ഒന്നുണ്ടല്ലോ മലയാളത്തില്‍..
മര്‍മ്മരം..മര്‍മ്മരം !
സദസ്സില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തിനു നേരെ എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞു. പ്രൊഡ്യൂസര്‍ കലിപ്പുകള്‍ തീരാതെ കട്ട് പറഞ്ഞു. ലൈറ്റ്സ് ഓണ്‍, ക്യാമറ റോളിങ് തുടങ്ങിയ പഞ്ചവല്‍സരപദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച് അളിയന്‍ ആ ശബ്ദത്തിന്റെ ഉടമയ്ക്കരികിലേക്ക് നടന്നു. ഇത്തരം അവസരങ്ങളില്‍ ആരെയെങ്കിലും കെട്ടിപ്പിടിച്ചു കരയണമെന്നു മുന്‍കൂര്‍ നിര്‍ദേശം കിട്ടിയിട്ടുള്ള അവതാരക ഫ്രീയായി നിന്ന ക്യാമറാമാനോടൊപ്പം ഇരുട്ടിലേക്കു നീങ്ങി.
വിയറ്റ്നാം കോളനിയില്‍ മോഹന്‍ലാലിനെയും കനകയെയും മുറിയ്ക്കുള്ളിലടച്ച ശേഷം ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ഇന്നസെന്റിനെപ്പോലെ ശബ്ദത്തിന്റെ ഉടമ പ്രൊഡ്യൂസര്‍ക്ക് തട്ടി അഭിനന്ദിക്കാന്‍ തന്റെ മുറം പോലുള്ള പുറം സമര്‍പ്പിച്ച് പറഞ്ഞു-
ഞാനാ.. പ്രേക്ഷകര് കൂവാതിരിക്കാന്‍ ഞാന്‍ ബുദ്ധിപൂര്‍വം ചെയ്തതല്ലേ ? എങ്ങനിണ്ട് ? എങ്ങനിണ്ട് ?
കസവുമുണ്ടും നേര്യതും ധരിച്ച് മധ്യതിരൂവിതാംകൂര്‍ റേഞ്ചിലെ ഷാപ്പുകോണ്‍ട്രാക്ടറുടേതുപോലുള്ള വയറുമായി നില്‍ക്കുന്ന ഫാന്‍സി ഡ്രസ്സുകാരനെ നോക്കി പ്രൊഡ്യൂസര്‍ അലറി-
ഹു ദ ഹെല്‍ ആര്‍ യു ടു സ്പോയില്‍ ദ ഷോ.. ഇങ്ങനെയുള്ള സ്കൌണ്ട്രല്‍സിനെ ഓഡിയന്‍സായിട്ട് എഴുന്നള്ളിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ ? ആരാണു താന്‍ ?
പഞ്ചപുച്ഛവും ക്വട്ടേഷനെടുത്തിരിക്കുന്ന ഓര്‍ക്കസ്ട്രക്കാര്‍ അറിയാതെ എവിടെ നിന്നോ ഹൈ ക്വാളിറ്റി ഡിജിറ്റല്‍ സംഗീതം മുഴങ്ങി. കിണറ്റില്‍ നിന്നു കേട്ട അതേ സംഗീതം. തന്റെ കസവ് നേര്യത് ഒന്നു കുടഞ്ഞ് പുതച്ച് പ്രൌഢമായ കുടവയറില്‍ തലോടി അയാള്‍ പറഞ്ഞു-
ഞാനാണ് മാവേലി.. മാവേല്‍ ഏലിയാസ് ജാക്കി എന്നാണ് തൂലികാനാമം.. ദോ ആ നിക്കണ പെങ്കൊച്ച് വിളിച്ചിട്ട് ഈ കൂതറ ഷോയുടെ ജഡ്ജ് ആയി വന്നതാണ്.. ബുദ്ധിമുട്ടായെങ്കില്‍ പറഞ്ഞാല്‍ മതി ഞാനങ്ങ് പൊക്കോളാം..
അയ്യോ.. ഭഗത് സര്‍.. അദ്ദേഹം നമ്മുടെ ജഡ്ജ് ആണ്.. അദ്ദേഹത്തെ അപമാനിക്കല്ലേ.. ഫാന്‍സി ഡ്രസ്സുകാരനൊന്നുമല്ല, ഒറിജിനല്‍ മാവേലി.. – പെങ്കൊച്ച് വക്കാലത്തുമായി എത്തി.
മാവേലി അങ്കിള്‍ ഒന്നും തോന്നരുത്.. ഭഗത് സര്‍ ഭയങ്കര കടുപ്പക്കരനാണ്.. അങ്കിള്‍ ഇരിക്കൂ.. പിന്നെ.. ഇടക്കിങ്ങനെ ഒന്നും വിളിച്ചു പറയേണ്ട.. ലൈവ് ആണെന്നൊക്കെ നമ്മള്‍ പറയുമെങ്കിലും അങ്ങനെയൊന്നുമല്ല.. ഇന്ന് നമ്മള്‍ ഈ ഷൂട്ട് ചെയ്യുന്ന എപ്പിഡോസ് ക്രിസ്മസിനേ കാണിക്കൂ..
അയ്യേ !.. പാതാളത്തീന്ന് ഞാനിവിടം വരെ വന്നിട്ട് എന്റെ പ്രജകള്‍ക്ക് എന്നെ ഓണത്തിന് കാണാന്‍ പറ്റില്ലാ ?
അതു സാരമില്ല.. നമ്മള്‍ ഓണത്തിന്റെന്നു കാണിക്കുന്നത് കഴിഞ്ഞ ക്രിസ്മസിനു ഷൂട്ട് ചെയ്ത എപ്പിസോഡാണ്.. അതില്‍ മുഖ്യ അതിഥി ക്രിസ്മസ് ഫാദറാണ്.. നിങ്ങളൊക്കെ ഒരേ ടീംസാണല്ലോ.. അതുകൊണ്ട് ഇവിടെയിരുന്നാല്‍ മതി.. ഷോ തുടങ്ങുന്നതിനു മുമ്പ് തന്ന സ്ക്രിപിറ്റിലുള്ള ഡയലോഗുകള്‍ മാത്രമേ പറയാവൂ.. അല്ലാതെ ഒരക്ഷരം മിണ്ടരുത്..
അല്ല മോളേ.. ഇവിടെ ആളുകള്‍ പാട്ടുപാടാന്‍ പോകുന്നതല്ലേയുള്ളൂ.. നിങ്ങളെനിക്കു തന്ന സ്ക്രിപ്റ്റില്‍ അവരൊക്കെ എങ്ങനെ പാടിയെന്നും അവരുടെ പാട്ടിന്റെ കുഴപ്പമെന്താണെന്നും എത്ര വോട്ട് കിട്ടിയെന്നുമൊക്കെ എഴുതിവച്ചിട്ടുണ്ടല്ലോ.. അതെങ്ങനെ ശരിയാവും ?
അയ്യോ.. കുട്ടാ നിന്റെ സംഗതികള്‍ ഒന്നും ശരിയല്ലല്ലോടാ.. കേരളത്തിലെ സെറ്റപ്പുകളൊന്നും പിടിയില്ലേ ? – അടുത്തിരുന്ന ഭരത് സാറിന്റെ പ്രതികരണം മാവേലിയെ അമ്പരപ്പിച്ചു.
എന്നോടാ ?
അതെ കുട്ടാ.. ഇങ്ങോട്ടു പോരുന്നതിനു മുമ്പ് സാധകമൊന്നും ചെയ്തില്ലേ ?
ഞാന്‍ മാവേലിയാണ്.. എന്നെയാരും ഇതുവരെ ഇങ്ങനെയൊന്നും വിളിച്ചിട്ടില്ല. രാജാവായിരുന്നെന്നുള്ളതൊക്കെ പോട്ടെ…ആയിരക്കണക്കിനു വയസ്സ് പ്രായമുണ്ട്..
എന്റെ കുട്ടാ.. ഏത് കൊലകൊമ്പനായാലും ഞാനിങ്ങനയേ വിളിക്കൂ.. നിന്റെ സംഗതി ശരിയല്ലെടാ.. പിന്നെ ഞാനെങ്ങനെ നല്ലതു പറയും..
അമ്പരന്നിരിക്കുന്ന മവേലിമന്നന് ആശ്വാസമായി അവതാരത്തിന്റെ ഇടപെടല്‍- നമുക്ക് ഷോ തുടരാം സര്‍..ഭഗത് സര്‍.. ഭരത് സര്‍..മാവേലി സര്‍..
വീണ്ടും സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ. റാംപില്‍ നിന്ന് മൈക്കുമായി അവതാരക ഓഡിയന്‍സിനിടയിലേക്കു ചാടി, ക്യാമറയും ഒപ്പം ചാടി. സീനുകളും ഡയലോഗുകളും വായിച്ചു നോക്കി മാവേലി മൂലയ്ക്ക് അടങ്ങിയിരുന്നു.
(കൊമേഴ്സ്യല്‍ ബ്രേക്ക്)
ബ്രേക്കിനു ശേഷം ഷോ തുടരുമ്പോള്‍ എസ്എംഎസ് വോട്ടിങ്ങില്‍ മുന്നിട്ടു നില്‍ക്കുന്ന പാര്‍ട്ടിസിപ്പന്റ് കുഞ്ഞുണ്ണി അവതാരകയെ നോക്കി മനസ്സറിഞ്ഞു പാടി-
പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ താമരമൊട്ടായിരുന്നു നീ..
കഷ്ടിച്ച് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ബാലന്‍ യേശുദാസിനെപ്പോലെ പാടാന്‍ ശ്രമിച്ചു. പ്രേക്ഷകര്‍ക്കിടയില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന അവന്റെ അമ്മച്ചിയുടെ മുഖം ക്ളോസപ്പിലും ഗാനലഹരിയിലാറാടുന്ന അവതാരകയുടെ നമ്പറുകള്‍ മീഡിയം ഷോട്ടിലും വ്യത്യസ്ത ഭാവങ്ങള്‍ പ്രകടമാക്കുന്ന ജഡ്ജസിനെ ലോങ് ഷോട്ടിലും ഇടവിട്ട് ഇടവിട്ട് കാണിച്ചുകൊണ്ടിരുന്നു. പാടുന്നതിനിടയില്‍ കിതയ്ക്കുണ്ടായിരുന്നെങ്കിലും ചെറുതല്ലാത്ത ഒരു സിനിമാറ്റിക് ഡാന്‍സും ഇടത്തരം സര്‍ക്കസ്സും കാഴ്ചവയ്ക്കാന്‍ കുഞ്ഞുണ്ണിക്കു സാധിച്ചു. പാട്ടു കഴിഞ്ഞതും നിറകണ്ണുകളോടെ അവതാരക ചേച്ചി കൊച്ചിനെ വാരിപ്പുണര്‍ന്നു. റൌണ്ടുകള്‍ കുറെ കഴിഞ്ഞതിനാല്‍ സങ്കടം സഹിക്കാനാവാതെ പയ്യന്‍ ചേച്ചിയെയും വാരിപ്പുണര്‍ന്നു. അതാണ് അതിന്റെ ഒരു രീതി.
കൊള്ളാം.. നന്നായിട്ടുണ്ട്.. നല്ല ശ്രുതി, നല്ല ലയം നല്ല താളം..- സ്ക്രിപ്റ്റിലുള്ള ഡയലോഗ് മാവേലി തെറ്റിക്കാതെ പറഞ്ഞു.
പക്ഷെ, അടുത്തിരുന്ന സൂപ്പര്‍ ജഡ്ജ് ഭരത് സര്‍ തൃപ്തനായിരുന്നില്ല.
എന്താടാ മോനേ നിനക്കു പറ്റിയത് ? ആസ്ത്മയോ മറ്റോ ഉണ്ടോ ? എന്തൊരു കിതപ്പാടാ ഇത് ? സ്റ്റുഡിയോയിലൊക്കെ പാടുമ്പോള്‍ ഇങ്ങനെ കിതച്ചാലെങ്ങനെയാടാ ശരിയാവുന്നേ ? കുട്ടനെന്താ ഒന്നും പറയാത്തേ ?
ഹത് പിന്നെ.. പാടുമ്പം ഒരു നിമിഷം പോലും അനങ്ങാടെ നിക്കരുതെന്നും ഫുള്‍ടൈം ഡാന്‍സ് കളിക്കണമെന്നും പറഞ്ഞതുകൊണ്ടല്ലേ ?
അതെ.. പക്ഷെ, അതിന്റെ പേരില്‍ പാട്ടുമോശമാക്കണമെന്നോ കിതയ്ക്കണമെന്നോ പറഞ്ഞില്ലല്ലോ കുട്ടാ..
ഇങ്ങനെ കിടന്നു ചാടുമ്പോള്‍ ആരായാലും കിതച്ചുപോവും സര്‍..
അങ്ങനെ കിതയ്ക്കുന്നുണ്ടെങ്കില്‍ ഗായകനാവാന്‍ ഇറങ്ങിത്തിരിക്കരുത് കുട്ടാ.. ഇത് നല്ല ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ്.. ഇതില്‍ വിജയിക്കുന്നവര്‍ ഭാവിയില്‍ സ്റ്റുഡിയോയില്‍ ആയിരക്കണക്കിനു ഗാനങ്ങള്‍ പാടേണ്ടവരാണ്..
പക്ഷെ, സ്റ്റുഡിയോയില്‍ പാടുമ്പോള്‍ ഡാന്‍സ് കളിക്കേണ്ടി വരില്ലല്ലോ സര്‍..
നീ തര്‍ക്കിക്കുവാണോടാ.. കിതപ്പിന്റെ കാര്യം പോട്ടെ.. എന്താ നീ പാടി വച്ചത്.. സംഗതികളൊന്നും വന്നില്ലല്ലോ.. ആ പാവാടയൊക്കെ എവിടെയാ കിടന്നേ..അതൊക്കെ എന്താരുന്നെടാ.. എനിക്കു വലിയ പ്രതീക്ഷയില്ല..
പ്രാര്‍ത്ഥനാനിര്‍ഭരയായിരിക്കുന്ന കുഞ്ഞുണ്ണിയുടെ അമ്മച്ചി, കണ്ണുകളടച്ച് കുഞ്ഞുണ്ണിയെ പിരിയേണ്ടി വരുമോ എന്ന ആശങ്കയോടെ പ്രാര്‍ത്ഥിക്കുന്ന അവതാരക. ഒടുവില്‍ കുഞ്ഞുണ്ണി 35 മാര്‍ക്കോടെ പാസ്സായി എന്നറിയുമ്പോള്‍ അവതാരക അവനെ വാരിയെടുത്ത് ചുംബിക്കുന്ന രംഗം കണ്ട് സഹിക്കാനാവാതെ കണ്ണ് തുടയ്ക്കുന്ന മാവേലി.
മാവേലിയുടെ സങ്കടം കണ്ട് അടുത്തിരുന്ന അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ഇടപെട്ടു. – എന്തുപറ്റി ? ഇങ്ങനെ ഇമോഷണലാവല്ലേ.. ഇതൊക്കെ ചുമ്മാതല്ലേ.. മെഗാസീരിയല്‍ പ്രേക്ഷകരെ പിടിക്കാന്‍ വേണ്ടിയുള്ള ഒരു നമ്പര്‍..
അതല്ല..ഞാനെന്റെ കാര്യമോര്‍ത്തു കരഞ്ഞതാ.. ആ ചെക്കന്റെ ടൈം.. എന്റെയൊന്നും ചെറുപ്പത്തില്‍ ഇതില്ലാതെ പോയല്ലോ !
(കൊമേഴ്സ്യല്‍ ബ്രേക്ക്)
സ്വാമി ഏതു ഗാനമാണ് പാടുന്നത് ? – അടുത്ത റൌണ്ടില്‍ പാടാനെത്തിയ സതീഷ് രാഘവന്‍ എന്ന സ്വാമി പഞ്ചാമൃതചൈതന്യയോടായിരുന്നു ചോദ്യം.
ഫൊട്ടോഗ്രഫിയില്‍ കമ്പമുള്ള സ്വാമി സ്റ്റുഡിയോയിലെ മൂന്നു ക്യാമറകളെയും സംതൃപ്തമാക്കുന്ന ചില പോസുകള്‍ പരീക്ഷിക്കുകയായിരുന്നു. അവതാരക ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സ്വാമി അരുളിച്ചെയ്തു-
ഞാന്‍ പാടാറില്ല ഉണ്ണീ.. പാടിക്കാറേയുള്ളൂ..
ഇതൊരു ഷോയല്ലേ.. ഇവിടെ പാടിയേ പറ്റൂ..
സ്വാമിയുടെ ദിവ്യദൃഷ്ടി അവതാരകയുടെ മേല്‍പതിഞ്ഞു. ആ കണ്ണുകള്‍ അവളെ സ്കാന്‍ ചെയ്യുമ്പോള്‍ സ്വാമി നായകനായുള്ള ഒരു ജനപ്രിയ സിഡിയില്‍ നിന്നുള്ള ക്ളിപ്പുകള്‍ ഭഗത് സര്‍ ഭരത് സാറിനു ബ്ളൂടൂത്ത് ചെയ്യുകയായിരുന്നു. സംഗതി മനസ്സിലായ മാവേലി തന്റെ ചൈനീസ് ഐഫോണ്‍ എടുത്ത് മേശമേല്‍ വച്ച് താളം പിടിച്ചു.
പിന്നീടൊരിക്കല്‍ സ്വാമിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാമെന്ന കരാറിന്‍മേല്‍ അവതാരകയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്വാമി ഗാനമാലപിക്കാന്‍ തയ്യാറായി.-
ജീനാ യഹാ.. മര്‍ണാ യഹാ..
ഇസ്കേ സിവാ ജാനാ കഹാ..
കര്‍ണകഠോരമായ ശബ്ദത്തില്‍ ആ സ്വാമി ചില സത്യങ്ങള്‍ പറയുന്നതായേ തോന്നിയുള്ളൂ എന്നതിനാല്‍ ഓര്‍ക്കസ്ട്രക്കാര്‍ അനങ്ങിയില്ല. എന്നാല്‍, ലോകത്തോടും ജീവിതത്തോടും ജീവിതാസക്തികളോടും വിരക്തിയുണ്ടാക്കുന്ന ആ തത്വശാസ്ത്രചിന്ത മാവേലിയുടെ കണ്ണുതുറപ്പിച്ചു. അദ്ദേഹം തന്റെ ബ്ളൂടൂത്ത് ഓഫ് ചെയ്തുവച്ചു.
ജടയയിളക്കി സടകുലുക്കി സ്വാമി ഭരത് സാറിനെ നോക്കി.- പണ്ട് ഗള്‍ഫില്‍ വച്ചൊരു റിയാലിറ്റി ഷോയില്‍ എന്നെ വിമര്‍ശിച്ച ഡോള്‍ഫിന്‍ എന്നു പറയുന്നൊരു ചേച്ചിയെ ഞാന്‍ ഭസ്മമാക്കിയിട്ടുണ്ട്.. എന്തു പറയുന്നു ?
ഭരത് സര്‍ ചിരിച്ചു: കുട്ടാ നീ മുടി നീട്ടി വളര്‍ത്തിയതുകൊണ്ട് പാട്ടു നന്നാകുവോടാ..
ഞാനൊരു സ്വാമിയാണ്.. പലവിധ പൂജാവിധികളറിയാം..
ആണോടാ..? ഇങ്ങനെയൊക്കെ പാടിയാല്‍ നിന്നെ ആളുകള് പച്ചയ്ക്ക് കത്തിക്കത്തില്ലേടാ..
കാണിച്ചുതരാം…ഞാനാരാണെന്നു കാണിച്ചു തരാം.. അച്ചുവേട്ടനും പ്രതിഭേച്ചിയും പോലും എന്നോടിങ്ങനെ പെരുമാറിയിട്ടില്ല..
അയ്യോടാ കുട്ടാ.. അവരൊക്കെ ആരാടാ ?
എന്റെ കൂട്ടുകാരാ.. കേരള മുഖ്യമന്ത്രിയും ഇന്ത്യന്‍ പ്രസിഡന്റും..
കുപ്പായക്കീശയില്‍ നിന്ന് പുറത്തെടുത്ത തോക്ക് സ്വന്തം തലയ്ക്ക് ചൂണ്ടി സ്വാമി ക്യാമറയ്ക്കു നേരേ തിരിഞ്ഞു:ഇത് കണ്ടുകൊണ്ടിരിക്കുന്ന സകലവന്‍മാരും മര്യാദയ്ക്ക് എനിക്കു വോട്ടു ചെയ്തുകൊണ്ട് എസ്എംഎസ് അയച്ചോ.. ഇല്ലെങ്കില്‍ എല്ലാത്തിനേം ഞാന്‍ തട്ടിക്കളയും !
അപ്പോള്‍ തന്നെ ഇരച്ചെത്തിയ പതിനായിരക്കണക്കിന് എസ്എംഎസുകളുടെ തള്ളലില്‍ സ്റ്റുഡിയോയ്ക്കു പുറത്ത് ഒരു മൊബൈല്‍ ടവര്‍ തലയുംകുത്തി വീണു. മാവേലി അമ്പരന്നു.- ഷോ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ആരാണിങ്ങനെ എസ്എംഎസ് അയക്കുന്നത് ?
ഇത് നമ്മുടെ ഒരു മെഷീനാണ്… നമ്മള്‍ നേരത്തെ ഒരു ലിസ്റ്റ് കൊടുത്താല്‍ മതി ആ ലിസ്റ്റ് ആനുസരിച്ചുള്ള ആളുകളെ അകത്താക്കിയും പുറത്താക്കിയുമൊക്കെയായി എസ്എംഎസുകള്‍ വന്നതായി കംപ്യൂട്ടര്‍ തന്നെ കാണിച്ചുകൊള്ളും. അതാണ് അതിന്റെ ഒരു രീതി. -അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ സംഗതി വ്യക്തമാക്കി.
അത് കളിത്തോക്കാണേ.. അവനു ഭ്രാന്താണേ.- എന്നു സ്വാമിയുടെ കൂടെ വന്നയാള്‍ വിളിച്ചുപറഞ്ഞതോടെ റിയാലിറ്റി ഗുണ്ടകള്‍ ഭ്രാന്താനന്ദനെ ഒരുവിധത്തില്‍ പിടിച്ചുകൊണ്ടുപോയി പുറത്താക്കി. ആരെങ്കിലും ഷോയില്‍ നിന്നു പുറത്താവുമ്പോള്‍ പൊട്ടിക്കരയണമെന്നു നിര്‍ദേശമുള്ളതിനാല്‍ അവതാരക ഹൃദയം നൊന്തു കരഞ്ഞു.
എന്റെ അമ്മച്ചിയേ, സോറി മമ്മീ.. ഐയാം ഹൌ ദിസ് സഫറിങ് ? ഞാനിതെങ്ങനെ സഹിക്കും ? ഈശ്വരാ എന്റെ സ്വപ്നമായിരുന്നു സ്വാമിയുള്ള ഫൈനലിസ്റ്റ് സ്റ്റേജ്..
കരഞ്ഞുപിഴിഞ്ഞ് അവളതൊരു വഴിക്കാക്കിയപ്പോഴേക്കും ഓണത്തെക്കുറിച്ച് ആരും ഒരു പാട്ടുപോലും പാടുന്നില്ലല്ലോ എന്ന വേദനയോടെ ഇരുന്ന മാവേലിയ്ക്ക് അശ്വാസമായി സ്വയം എഴുതിയ ഓണക്കവിതയുമായി ദേവസ്വം മന്ത്രി തന്നെ എത്തി. മാവേലിയെ കണ്ടപ്പോഴേ മന്ത്രി കയ്യുയര്‍ത്തി കാട്ടി പറഞ്ഞു- കൊള്ളാം .. നമ്മുടെ വകുപ്പാണല്ലോ.. കവിതയും മാവേലിയെക്കുറിച്ചാണ്..
നിമിഷകവിയായ മന്ത്രി കവിത ചൊല്ലിത്തുടങ്ങി:
കൊജ്ഞാണന്‍മാര്‍ , പാതാള ഭൈരവന്‍മാര്‍..
ജട്ടിയിടാതൊറ്റമുണ്ടുടുത്തും
മുണ്ടിനുമേല്‍ കുടവയറെടുത്തും
കള്ളച്ചിരി ചിരിച്ചും ഓലക്കുടയെടുത്തും
വര്‍ഷാവര്‍ഷം കെട്ടിയെഴുന്നള്ളുന്നു..
കള്ളന്മാരെ ഞങ്ങള്‍ കണ്ടുകൊള്ളാം
കാണാത്ത ലോകങ്ങള്‍ കാട്ടിത്തരാം
ഇനിയൊരു വട്ടംകൂടി വന്നാല്
ആസനത്തില്‍ കുന്തം കയറ്റിത്തരാം..
കവിത ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും മാവേലിയെ കുടുകുടാ വിയര്‍ക്കുന്നുണ്ടായിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തന്നെ നേരിടാന്‍ ആരൊക്കെയോ കാത്തുനില്‍ക്കുകയാണെന്നു പോലും മാവേലിക്കു തോന്നി. കവിത ചൊല്ലി അവസാനിച്ചപ്പോഴേ വിറയാര്‍ന്ന ശബ്ദത്തില്‍ മാവേലി പറഞ്ഞു-
വളരെ നന്നായി.. നല്ല വരികള്‍.. നല്ല സംഗീതം.. നല്ല ശബ്ദം.. പത്തില്‍ പത്തു മാര്‍ക്കും തന്നേക്കാം, പ്ളീസ് ഉപദ്രവിക്കരുത്..
(കൊമേഴ്സ്യല്‍ ബ്രേക്ക്)
പാട്ടുപുസ്തകത്തിനു പകരം ഏഴാം ക്ളാസ്സിലെ ഒരു പാഠപുസ്തകം കയ്യിലേന്തി അടുത്ത പാര്‍ട്ടിസിപ്പന്റ് ബ്രദര്‍ തങ്കപ്പന്‍ റാംപിലേക്കു വന്നു. പുസ്തകം സ്റ്റാന്‍ഡില്‍ വച്ച് സാധാരണ പ്രാര്‍ത്ഥനാ കണ്‍വന്‍ഷനുകളിലെപ്പോലെ ഓഡിയന്‍സിനെ നോക്കി ലാല്‍സലാം എന്നൊക്കെ പറയുന്ന വികാരത്തോടെ ബ്രദര്‍ തങ്കപ്പന്‍ ആക്രോശിച്ചു- പ്രെയ്സ് ദി ലോര്‍ഡ്.. പ്രെയ്സ് ദി ലോര്‍ഡ് !
സംഗതി ഏറ്റില്ല. അവിശ്വാസികള്‍ അനങ്ങിയില്ല. പാട്ടിനു പാട്ടു തന്നെ വേണം. വിശ്വാസികളെ സോറി, ഓഡിയന്‍സിനെ നോക്കി ബ്രദര്‍ തങ്കപ്പന്‍ തന്റെ പാഠപുസ്തകത്തില്‍ നിന്നൊരു ഗാനം ആലപിച്ചു. വിപ്ലവഗാനമായിരുന്നെങ്കിലും ബ്രദറിന്റെ ആലാപനശൈലിയില്‍ അതൊരു ഭക്തിഗാനമായി തോന്നി. സാധാരണ കണ്‍വന്‍ഷനുകളില്‍ ഭക്തിപാരവശ്യത്തില്‍ വിശ്വാസികള്‍ ബോധരഹിതരായി വീഴുകയും പിന്നീട് രോഗശാന്തി നേടി ഉണരുകയുമാണ് പതിവ്. ഇവിടെ സംഗതി കഴിഞ്ഞിട്ടും സകലരും കണ്ണും തുറന്നിരിക്കുന്നു.
ബിഗ് ബ്രദര്‍ തോറ്റു മടങ്ങി. അടുത്ത റൌണ്ടിലേക്കുള്ള പ്രഖ്യാപനവുമായി അവതാരക റാംപില്‍ കയറും മുമ്പേ കന്വും വടിയുമായി ഒരു സംഘം സ്റ്റുഡിയോയുടെ നടുത്തളത്തില്‍ ചാടി വീണു. – ഇവിടെന്താ ആശുപത്രിയോ ? പാല്‍ക്കച്ചവടമോ ? പത്രമാപ്പീസോ ?
അയ്യോ കുട്ടാ മനസ്സിലായില്ലല്ലോ.. എന്താടാ പ്രശ്നം ? -ഭരത് സര്‍ ഇടപെട്ടു.
മനസ്സിലാക്കിത്തരാം.. ആശുപത്രി, പാല്‍. പത്രം എന്നിവയൊഴികെ സകല പ്രസ്ഥാനങ്ങളും അടച്ചുപൂട്ടിക്കെട്ടി വച്ചോണം എന്നു നേരത്തെ പറഞ്ഞിരുന്നതാ.. ഇന്ന് ഞങ്ങള്‍ ഹര്‍ത്താലിനാഹ്വാനം ചെയ്ത വിവരം അറിഞ്ഞില്ലെന്നോ..
തിരുവോണദിവസമാണോ കുഞ്ഞുങ്ങളേ ഹര്‍ത്താല്‍ ? – മാവേലി വിഷാദത്തോടെ ചോദിച്ചു.
ലെവനേതാ ഈ നാടകക്കാരന്‍ ?
ലയ്യോ.. ലതല്ലേ മാവേലി..
മാവേലിയായാലും കൊള്ളാം കൂവേലിയായാലും കൊള്ളാം.. എത്രയും വേഗം സ്ഥലം വിട്ടോണം.. ഇല്ലെങ്കില്‍ സകലതിനേം അടിച്ചോടിക്കും ഞങ്ങള്‍..
പ്രിയ കുഞ്ഞാടുകളെ, നിങ്ങളേതാ, ഇടതോ വലതോ ?
ഇടതും വലതുമൊന്നുമല്ല.. ഞങ്ങള്‍ അഖിലകേരള ഹര്‍ത്താല്‍ കണ്ടക്ടേഴ്സ് അസോസിയേഷന്‍.. ഇടതിനും വലതിനും തുടങ്ങി കേരളത്തിലെ സകല ഡൂക്കിലികള്‍ക്കും ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തിക്കൊടുക്കുന്നത് ഞങ്ങളാണ്.. ജനങ്ങളുടെ എതിര്‍പ്പു കാരണം രാഷ്ട്രീയപാര്‍ട്ടികള്‍ ഇനി മുതല്‍ ഹര്‍ത്താല്‍ നടത്തില്ല എന്നു തീരുമാനിച്ചതില്‍ (ചക്ക വീഴുന്ന ശബ്ദം) പ്രതിഷേധിച്ച് ഞങ്ങള്‍ ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ സംയുക്തമായി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലാണിന്ന്.. ഇത് പൊളിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല..
എന്താ അവിടെ വീഴുന്ന ശബ്ദം കേട്ടത് ?
നിലത്തു നിന്ന് തപ്പിത്തടഞ്ഞെണീക്കുകയായിരുന്ന മാവേലിയെ അവതാരക വാരിപ്പുണര്‍ന്ന് പിടിച്ചെണീപ്പിച്ചു. – ഞാനൊന്നു വീണതാ.. ഹര്‍ത്താല്‍ നടത്തില്ലെന്നു കേരളത്തിലെ രാഷ്ട്രീയക്കാര്‍ തീരുമാനിച്ചെന്നു കേട്ടപ്പോള്‍ അറിയാതെ ബോധം പോയി.. എന്താണെന്നറിയില്ല..ഇടക്കിടെ ഇങ്ങനെ ബോധം പോകുന്നുണ്ട്.. സ്മാര്‍ട് സിറ്റി വരാന്‍ പോകുന്നൂന്ന് കേട്ടപ്പോള്‍ ഒന്നു ബോധം പോയതാ.. എന്തായാലും ആശുപത്രിയില്‍ ഒന്നു കാണിച്ചിട്ടു പോയേക്കാം..
ഇയാളേതു യുഗത്തിലാ ജീവിക്കുന്നത്.. കണ്‍സള്‍ട്ട് ചെയ്യുന്ന രോഗികള്‍ക്കെല്ലാം 1000 രൂപയുടെ മരുന്ന് നിര്‍ബന്ധമാക്കണമെന്നു പറഞ്ഞ് ഡോക്ടര്‍മാരും ചികില്‍സ തുടങ്ങി രണ്ടു മണിക്കൂറിനകം രോഗം കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ തല്ലാനും രോഗി മരിച്ചാല്‍ ഡോക്ടറെ തല്ലിക്കൊല്ലാനും അനുവദിക്കണമെന്നു പറഞ്ഞ് ജനങ്ങളും അനിശ്ചിതകാല സമരത്തിലാ.. ചിലവ് കുറഞ്ഞ ചികില്‍സ വേണമെങ്കില്‍ തമിഴ്നാട്ടിലേക്കു പൊക്കോ.. കാശുണ്ടെങ്കില്‍ അമേരിക്കയിലേക്കും..
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്റെ പ്രജകള്‍ക്ക് ഇത്ര ദുരിതമായോ ?
മാവേലി ഒരുമാതിരി കോപ്പിലെ വര്‍ത്തമാനം പറയരുത്.. ദൈവത്തിനിവിടെ ഒരിടപാടുമില്ല.. ഇവിടുത്തെ കാര്യങ്ങള്‍ ഞങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളും പൊലീസുകാരും ചേര്‍ന്നു തീരുമാനിക്കും..
പ്ളീസ്, പ്ളീസ്.. ദയവുചെയ്ത് അലമ്പുണ്ടാക്കരുത്.. ഞങ്ങളീ ഷോയൊന്നു തീര്‍ത്തോട്ടെ.. നിങ്ങള്‍ക്കീ ഹര്‍ത്താലൊരു ബിസിനസായിരിക്കും.. ഷോ മുടങ്ങിയാല്‍ ഞങ്ങള്‍ക്കു നഷ്ടം ലക്ഷങ്ങളാണ്.. – പ്യ്രാൂെസര്‍ ഇടപെട്ടു.
ലക്ഷങ്ങളോ.. അപ്പോള്‍ കേരളം മുഴുവന്‍ സ്തംഭിക്കുമ്പോഴോ ? -മാവേലിക്കു വിസ്മയമായി.
അതു ശരി.. മണ്ടന്‍ മാവേലി.. ഞങ്ങള്‍ ഒരു കേരളാ ഹര്‍ത്താല്‍ നടത്തിയാല്‍ കേരളത്തിനു മൊത്തം നഷ്ടം 700 കോടി രൂപയാണ്.. കൊല്ലുന്നതും ചാകുന്നതുമൊക്കെ വേറേ..അങ്ങനെ ഒരു വര്‍ഷം എത്ര ഹര്‍ത്താല്‍.. ഞങ്ങളുടെ ബിസിനസ് എത്ര വലുതാണെന്നു മനസ്സിലായല്ലോ.. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമൊക്കെയായി ഞങ്ങള്‍ ആകെ നടത്തിയ ഹര്‍ത്താലുകളുടെ എണ്ണം 65.. സെഞ്ച്വറിയിടിച്ച് ഗിന്നസ് ബുക്കില്‍ കയറാനിരിക്കുമ്പോഴാണ് ജനങ്ങളെ പേടിച്ച് രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ നിറുത്തുന്നത്.. സമ്മതിക്കില്ല ഞങ്ങള്‍.. ഇങ്ങനെ പോയാല്‍ ഈ ജനങ്ങള്‍ നാളെ ഞങ്ങള്‍ക്കെതിരെയും ഞങ്ങളെപ്പോലെയുള്ള നൂറു നൂറു പ്രസ്ഥാനങ്ങള്‍ക്കെതിരെയും തിരിയുമല്ലോ.. ഇതെന്താ വെള്ളരിക്കാ പട്ടണമോ.. ഹര്‍ത്താല്‍ എന്നു ഞങ്ങള്‍ പറയുന്ന ദിവസങ്ങളില്‍ സകല തെണ്ടികളും വീട്ടിലിരുന്നോണം.. ഞങ്ങള്‍ അന്നു പല ഇടപാടുകളും നടത്തും.. അഥവാ വല്ലവനും വഴിയിലിറങ്ങിയാല്‍ തല്ലിക്കൊന്നിട്ട് അവനെ ഞങ്ങളുടെ തന്നെ രക്തിസാക്ഷിയാക്കും..
ഈശ്വരാ.. എന്തൊരക്രമാണിത്.. ഓണനാളായിട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തിരി സ്വാതന്ത്യ്രവും സമാധാനവും കൊടുത്തുകൂടെ നിങ്ങള്‍ക്ക് ..
ശ്ശെടാ.. ഈ മാവേലിയെക്കൊണ്ടു തോറ്റല്ലോ.. മാവേലീ ഓണമെന്നു പറയുന്നത് ഇവിടെയാണെങ്കിലും സംഗതി നടക്കുന്നത് തമിഴ്നാട്ടിലാണ്..
തമിഴ്നാട്ടിലോ ?
എന്നു വച്ചാല്‍ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക ബെല്‍റ്റിലായിട്ടു വരും.. ഇവിടെ ഓണമാവുമ്പോള്‍ സദ്യയൊരുക്കാനുള്ള അരിയും പച്ചക്കറികളും മുതല്‍ പൂക്കളമിടാനുള്ള പൂക്കള്‍ വരെ വരുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നല്ലേ.. കേരളത്തില്‍ ഓണമടുക്കുമ്പോള്‍ അവിടെ മാനുഷരെല്ലാരുമൊന്നുപോലെ അത് മുതലാക്കാന്‍ വേണ്ടി കൃഷി ചെയ്തും വെള്ളം കോരിയും അധ്വാനിക്കും.. അതുകൊണ്ടെന്താ.. ഇവിടെ കള്ളവും ചതിയും കാട്ടി ഓണത്തിന് ബിവറേജസിന്റെ മുമ്പില്‍ ക്യൂ നില്‍ക്കാനുള്ള കാശിനു വേണ്ടി മനുഷ്യന്‍ കഷ്ടപ്പെടുമ്പോള്‍ ഓണത്തിനു മലയാളി കേരളത്തില്‍ ചിലവാക്കുന്ന 5000 കോടി രൂപ കൊണ്ടുപോയി അവര്‍ ഓണം ആഘോഷിക്കുന്നു.
എന്റെ വാമനാ.. ഇതു വലിയ ചതിയായിപ്പോയി .. – മാവേലി പരിതപിച്ചു.
എന്തുചതി ?.. ഞാന്‍ സത്യത്തില്‍ രക്ഷിക്കുകയല്ലേ ചെയ്തത് ? – രാജസേനന്‍ സിനിമയിലെ സഹനടനെപ്പോലെ ക്ളൈമാക്സില്‍ കൈ കടത്താനായി വാമനന്‍ കൃത്യസമയത്ത് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. വാമനനെ കണ്ടപ്പോള്‍ മാവേലിക്കു ചെറിയ ചമ്മലുണ്ടായെങ്കിലും മൊത്തം റിയാലിറ്റി ഷോ യൂണിറ്റും സ്തംഭിച്ചു. അപ്പോള്‍ മാവേലിയും ഒറിജിനലായിരുന്നോ ?
വാമനനെ കണ്ട് പുതിയ പാര്‍ട്ടിസിപ്പന്റാണെന്നു കരുതി വാരിപ്പുണരാന്‍ അവതാരക എത്തിയെങ്കിലും ഇനം വേറെയാണെന്നു കണ്ട് മാറിക്കളഞ്ഞു.
വാമനന്‍ കാര്യങ്ങള്‍ വിശദമാക്കി- ഞാന്‍ അങ്ങയെ രക്ഷിക്കുകയാണ് ചെയ്തത്.. ഈ ഹര്‍ത്താലുകളില്‍ നിന്നും രാഷ്ട്രീയനാടകങ്ങളില്‍ നിന്നും.. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ വന്നുപോകുന്നതുകൊണ്ടുള്ള ചീത്തപ്പേരെ ഇപ്പോള്‍ അങ്ങേയ്ക്കുള്ളൂ.. അതാകട്ടെ അങ്ങ് ചോദിച്ചുവാങ്ങിയതും.. സകല മിമിക്രിക്കാരും അങ്ങയെ അനുകരിച്ച് കോമഡി കസെറ്റുകളിറക്കി കാശുണ്ടാക്കുന്നു..
ങ്ഹൂം.. ഞാനവനെ കാണുന്നുണ്ട്..
ആരെ ?
എന്റെ ഡ്യൂപ്പില്ലേ.. ആ ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റിനെ.. ഞാനത്ര ഇന്നസെന്റല്ല എന്നവനെ മനസ്സിലാക്കിക്കൊടുക്കുന്നുണ്ട് ..
ഹ.. വിട്ടുകള തിരുമേനീ.. ഇതൊക്കെയാണ് ഓണത്തിന് മലയാളികള്‍ക്ക് ആകെയുള്ള രസങ്ങള്‍.. അങ്ങയുടെ പേരില്‍ അവര്‍ക്ക് സന്തോഷിക്കാന്‍ അത്രയെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടട്ടെ..
അതെയതെ.. എങ്കില്‍ വാമനാ.. എന്റെ ടൈം കഴിഞ്ഞു.. എനിക്കു പാതാളത്തിലേക്കൊരു ലിഫ്ട് തരുമോ ?
ഓകെ.. കയറിക്കോളൂ..
കട്ട് !!!- അന്തരീക്ഷത്തെ കിടിലം കൊള്ളിച്ചുകൊണ്ട് ഒരട്ടഹാസം മുഴങ്ങി. പ്രൊഡ്യൂസര്‍ അമ്പരന്നു. സ്റ്റാര്‍ട്ട് ആക്ഷന്‍ പറയാതെ ആരാണിപ്പോള്‍ കട്ട് പറഞ്ഞത് ? പരിസരത്തു നിന്നുമായി ക്യാമറകളുമായി ഓരോരുത്തര്‍ അവര്‍ക്കരികിലേക്കു വന്നു. മാവേലി കസവുനേര്യത് അഴിച്ചു തലയില്‍ കെട്ടി. മേക്കപ്പിന്റെ അലര്‍ജി കൊണ്ടാവാം വാമനന്‍ ആഞ്ഞുചൊറിയുകയായിരുന്നു.
എന്താണിത് ? നിങ്ങളൊക്കെയാരാണ് ? അപ്പോള്‍ അത് ശരിക്കും മാവേലി അല്ലേ ? -പ്രൊഡ്യൂസര്‍ക്ക് ഭ്രാന്തു പിടിച്ചു.
ഇരുട്ടില്‍ നിന്നും മറ്റൊരാള്‍ കൂടി വെളിച്ചത്തേക്കു വന്നു- സോറി, നിങ്ങളുടെ റിയാലിറ്റി ഷോയില്‍ ഇങ്ങനെ ഇടപെടേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു.. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ലൈവ് റിയാലിറ്റി ഷോ ആയ കടുവയെ പിടിക്കുന്ന ടൈഗറിന്റെ ഷൂട്ടിങ്ങായിരുന്നു ഇതുവരെ നടന്നത്.. ഇതുവരെ നടന്നതത്രയും കേരളത്തിലെ ടിവികളിലൂടെ ജനം തല്‍സമയം കണ്ടു കഴിഞ്ഞു.. നിങ്ങളുടെ റിയാലിറ്റി ഷോ തട്ടിപ്പാണെന്നു ജനത്തെ കാണിച്ചുകൊടുക്കുന്നതോടൊപ്പം ഞങ്ങളുടേത് ലോഞ്ച് ചെയ്യാനും സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.. ഇത് മാവേലിയൊന്നുമല്ല.. നാടകനടന്‍ പതാമ്പുഴ പാപ്പച്ചന്‍.. ഈ വാമനന്‍ കുറ്റിപ്പുറം ഷാപ്പിലെ കറിക്കാരനാണ്.. പോള്‍ എടപ്പാള്‍.. വളരെ സന്തോഷം .. പിന്നെ, ഒരുകാര്യം പറഞ്ഞില്ലെന്നും വേണ്ട.. എല്ലാവര്‍ക്കും ഓണാശംസകള്‍ !!