കേരളാ ബ്ലോഗേഴ്സ് മീറ്റ് _ എപ്പിഡോസ് -7
സീന്‍-18
വിറങ്ങലിപ്പിക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടുയര്‍ന്ന കൂട്ടനിലവിളി കേട്ട എതിരന്‍ കതിരവനും ഡിങ്കനും ഹോട്ടലിലേക്ക് ഓടി. ആ തക്കം നോക്കി ഡ്രൈവര്‍ ബെര്‍ളി തോമസ് കാറുമായി രക്ഷപെട്ടു.
ബ്ലോഗര്‍പാലസിന്റെ റിസപ്ഷനില്‍ ആരുമുണ്ടായിരുന്നില്ല. എതിരന്‍ നേരേ മുകളിലേക്കോടി. പിന്നാലെ ഡിങ്കനും. അഥവാ വല്ല ആക്രമണവും ഇങ്ങോട്ടുണ്ടായാല്‍ ആക്രമണകാരി എതിരനെ പൂശുന്ന സമയം കൊണ്ട് ഓടി രക്ഷപെടാന്‍ കഴിയുന്ന ഒരു അകലത്തിലും ടൈമിങ്ങിലുമായിരുന്നു ഡിങ്കന്റെ ഫോളോ അപ്.
രണ്ടാം നിലയില്‍ അതോ മൂന്നാം നിലയിലോ, ഏതോ ഒരു നിലയില്‍ എത്തിയപ്പോള്‍ തുറന്നു കിടക്കുന്ന ഒരു മുറിയുടെ വാതില്‍ക്കല്‍ എന്തോ കണ്ട ആരെയൊക്കെയോ പോലെ സ്തംഭിച്ചു നില്‍ക്കുന്ന ഒരു സംഘം ബ്ലോഗര്‍മാരെയാണ് കണ്ടത്. ഇടിവാള്‍, തറവാടി, കുട്ടന്‍മേനോന്‍ തുടങ്ങി ദില്ബന്‍ വരെയുള്ള സകല റേഞ്ചിലും പെട്ട ബ്ലോഗര്‍മാരും അവിടെയുണ്ട്.
കൊച്ചുത്രേസ്യയുടെ മുറിയുടെ മുന്നിലാണ് ബ്ലോഗര്‍ക്കൂട്ടമെന്നത് എതിരനെ പെട്ടെന്ന് ഞെട്ടിച്ചു. ഈശ്വരാ കൊച്ചുത്രേസ്യ !!!
എതിരന്‍ എത്തി നോക്കി. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റ കല്ലറ പോലെ മുറി ശൂന്യമായിരുന്നു. കട്ടില്‍ ശൂന്യം. കൊച്ചുത്രേസ്യ പുതച്ചതെന്നു കരുതപ്പെടുന്ന ഒരു പുതപ്പ് മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ സാരി പോലെ എങ്ങോട്ടോ വഴി കാണിച്ചു കൊണ്ട് കട്ടിലില്‍ നിന്ന് ബാല്‍ക്കണിലേക്കുള്ള വഴിയില്‍ വീണു കിടന്നിരുന്നു.
എന്തു പറ്റി ബോയ്സ് ? -എതിരന്‍ ചോദിച്ചു.
കൊച്ചുത്രേസ്യയെ കാണാനില്ല !!
റോഡില്‍ നിന്ന് ഒരു കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ട് എതിരന്‍ പെട്ടെന്ന് ബാല്‍ക്കണിയിലേക്ക് കുതിച്ചു. ബ്ലോഗര്‍ പാലസിന്റെ ഗേറ്റിനു വെളിയില്‍ നിന്ന് ഒരു മാരുതി സെന്‍ ഭ്രാന്തമായി നീങ്ങി. വെറുതെ ആ കാറിനെ നോക്കി -ഷിറ്റ് ! എന്നു പറയാനേ എതിരനു കഴിഞ്ഞുള്ളൂ.
അടുത്ത നിമിഷം ബെര്‍ളി തോമസിന്റെ ടാക്സിയുടെ കാര്യം എതിരന്റെ മനസ്സില്‍ തെളിഞ്ഞു. നിമിഷ നേരം കൊണ്ട് എതിരന്‍ മൊബൈല്‍ എടുത്ത് ബെര്‍ളിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. മൂന്നാമത്തെ ബെല്ലിന്റെ പകുതി ഭാഗത്ത് വച്ച് ബെര്‍ളി ഫോണെടുത്തു.-ഹല !
ബെര്‍ളി… നമ്മള്‍ ഭയപ്പെട്ടതുപോലെ തന്നെ കൊച്ചുത്രേസ്യയെ ആരോ തട്ടിക്കൊണ്ടു പോയിരിക്കുന്നു !
ഓഹോ !.. എപ്പോള്‍ ?
ദാ ഇപ്പോള്‍ ആ കാറ് ബെര്‍ളിയുടെ കാറിന്റെ പിന്നിലായിട്ട് വരുന്നുണ്ട്.. താനൊരു കാര്യം ചെയ്യൂ.. ഒന്നു സ്ലോ ചെയത് ആ കാറിനെ കടത്തിവിട്ടിട്ട് മെല്ലെ ഫോളോ ചെയ് തോളൂ.. ഞങ്ങള്‍ പിന്നാലെ വരാം.. ഒരിക്കലും മിസ് ചെയ്യരുത്.. കൊച്ചുത്രേസ്യ അതിലുണ്ട് !!!
ങൂം..പിന്നെ എണ്ണ അടിച്ചു തരണം.. വണ്ടിക്കകത്ത് !
ശൊ.. നമുക്കെന്തു വേണേ ചെയ്യാം ബെര്‍ളീ !!
എന്നാ ടാക്സിക്കൂലീം തരണം !
തരാടോ !
ഏവൂരാന്റെ അഗ്രിഗേറ്ററിലൊരു മെമ്പര്‍ഷിപ്പും..
എല്ലാം ശരിയാക്കാമെന്നേ..
ബ്ലോഗര്‍ അവാര്‍ഡും വേണം..
ഹോ.. ഉറപ്പായിട്ടും തരാം..
പിന്നെ.. എന്റെ ബ്ലോഗ് പുസ്തകമാക്കുകേം വേണം
എടോ..താനിതൊന്ന് ചെയ്യ് ആദ്യം.. തന്റെ കോപ്പ് ഞാന്‍ പുസ്തകമാക്കിയേക്കാം..
സാറ് പോര.. ഡിസി !
ഡിസിയോ ?
കറന്റ് !
കറന്റ്…
റെയിന്‍ബോ !
ശരി .. സമ്മതിച്ചു.. താനിതൊന്ന് ചെയ്യ്..
സീന്‍-19
വിലപേശി വിലപേശി ചുരുങ്ങിയ നേരം കൊണ്ട് താനാഗ്രഹിച്ചതെല്ലാം നേടിയതിന്റെ സന്തോഷത്തോടെ കാറ് റോഡിന്റെ സൈഡിലൊതുക്കി ഡാഷ് ബോര്‍ഡിനുള്ളില്‍ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന പായ്ക്കറ്റ് ബെര്‍ളി പുറത്തെടുത്തു. നെഞ്ചിടിപ്പോടെ അത് തുറന്നു. അതിനുള്ളില്‍ നിന്നുയര്‍ന്ന ഗന്ധം ബെര്‍ളി ആസ്വദിച്ചു. നല്ല വറുത്ത കടല !!
മെല്ലെ ഓരോന്നോരോന്നായി അയാള്‍ കടല കൊറിച്ചു തുടങ്ങി. ഇതൊക്കെയാണ് ജീവിതത്തിലെ സന്തോഷങ്ങള്‍ എന്ന് ലോകത്തോട് വിളിച്ചു പറയണമെന്നു വിചാരിക്കവേ ഒരു മാരുതി സെന്‍ കാറിനെ മറികടന്നു പോയി. റോഡിലൂടെ ഭ്രാന്തമായി ഉലഞ്ഞുപോയ കാര്‍ എതിരന്‍ പറഞ്ഞ കാര്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല.
കടല തിരികെ ഡാഷ് ബോര്‍ഡില്‍ വച്ച് ബെരളി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ഇല്ല, സ്റ്റാര്‍ട്ടായില്ല.ഒന്നുകൂടി ശ്രമിച്ചു നോക്കി. ഇച്ചിരെ പുളിക്കും എന്ന മട്ടില്‍ വണ്ടി ജോയിന്റെടിച്ചു നിന്നു. ബെര്‍ളി തളര്‍ന്നു. തന്റെ ഒറു ലോഡ് സ്വപ്നങ്ങളാണ് ആ മാരുതി സെന്നിനുള്ളില്‍ പോകുന്നത്. പൊടുന്നനെ ചാടിയിറങ്ങി കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കവേ ഒരു നേര്‍ത്ത വെളിച്ചം ബെര്‍ളിയുടെ മുഖത്തടിച്ചു. എങ്ങുനിന്നോ ഒരു വെണ്മ !!!
ബെര്‍ളി തിരിഞ്ഞു നോക്കി. വെള്ള സാരിയുടുത്ത് വശ്യമായ ചുണ്ടില്‍ മദാലസമായ ഒരു പുഞ്ചിരിയുടെ ആകര്‍ഷകത്വം തീര്‍ത്ത് അഴകൊഴുകുന്ന ഉടലില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന വെള്ളസാരിയോട് പരിഭവത്തോടെ ഒരു സുന്ദരി. അഴിഞ്ഞുലഞ്ഞ പനങ്കുല പോലത്തെ മുടി നിലത്തു മുട്ടുന്നുണ്ട്. കാല്‍ നിലത്തു മുട്ടുന്നുണ്ടോ എന്നു നോക്കിയാല്‍ സാധനം യക്ഷിയാണോ എന്നുറപ്പിക്കാം.
ബെര്‍ളി കുനിഞ്ഞു. സാരി നിലത്തു മുട്ടിക്കിടക്കുന്നതിനാല്‍ കാലിന്റെ കാര്യം അറിയാന്‍ പറ്റുന്നില്ല. മലയാളം ബ്ലോഗര്‍മാരെ യക്ഷികളും ബഹുമാനിക്കുന്നുണ്ടാവുമെന്ന വിശ്വാസത്തോടെ ബെര്‍ളി യക്ഷിയുടെ സാരി ഉയര്‍ത്തി. മൂന്നാറിലെ ഒരു കൈയ്യേറ്റഹോട്ടലിന്റെ ബാല്‍ക്കണിയിലേക്കുയര്‍ന്ന ജെസിബിയുടെ തുമ്പിക്കൈ ചാനലില്‍ കണ്ട ഓര്‍മയേ ബെര്‍ളിക്കുണ്ടായിരുന്നുള്ളൂ.
പ്രതിശ്രുതയക്ഷിയുടെ അടുത്ത് നിന്ന് നാലടി ദൂരെ തെറിച്ചുവീഴുന്നതിനിടയില്‍ ബെര്‍ളി അത് കണ്ടുപിടിച്ചു. യക്ഷിയുടെ കാലെന്നല്ല, ഒരു സംഗതിയും നിലത്തു മുട്ടുന്നില്ല. ദൂരെ വളവിനപ്പുറത്ത് മാരുതി സെന്‍ മറഞ്ഞുകഴിഞ്ഞിരുന്നു. മാതാവേ ബ്ലോഗ് സ്വപ്നങ്ങള്‍ പൊലിയുമോ ?യക്ഷിയുമായി ഒരു ധാരണയിലെത്തുന്നതാണ് ബുദ്ധി.
പെങ്ങളേ… എനിക്കിപ്പം സമയമില്ല.. നമുക്കെങ്ങനെയാന്നു വച്ചാ സെറ്റില്‍ ചെയ്യാം.. തല്‍ക്കാലം വണ്ടിയൊന്നു തള്ളിക്കേ… എനിക്കിട്ടു തൊഴിച്ചതിന്റെ നാലിലൊന്ന് പവറ് മതി… സ്റ്റാര്‍ട്ടാവുമ്പം കാറേലോട്ട് കേറിക്കോ.. എല്ലാം നമുക്ക് സോള്‍വാക്കാം !!
യക്ഷി സമ്മതിച്ചു. ബെര്‍ളി കാറില്‍ കയറിയിരുന്നു. യക്ഷിയുടെ ഒരു കുഞ്ഞ്തള്ളിനു തന്നെ കാറ് സ്റ്റാര്‍ട്ടായി. റെയ്സ് ചെയ്ത് ബെര്‍ളി വെയിറ്റ് ചെയ്തു. യക്ഷി പിന്നിലെ ഡോര്‍ തുറന്നു.- നീയെന്നെ ഡ്രൈവറാക്കുവാണോ .. മുന്നില്‍ കേറെടീ കള്ളീ !
അവള്‍ മുന്‍സീറ്റില്‍ കയറി. കാര്‍ മുന്നോട്ടു നീങ്ങി.
സീന്‍-20
ബ്ലോഗര്‍ പാലസിന്റെ മുന്നില്‍ നിര്‍ത്തിയിട്ട മിനി ബസില്‍ തിങ്ങിക്കയറുന്ന ബ്ലോഗര്‍മാര്‍. അക്ഷമനായി എതിരന്‍ അതിനു ചുറ്റും നടക്കുന്നുണ്ട്.- നമ്മള്‍ വിനോദയാത്രക്കു പോകുവല്ല ഫ്രണ്ട്സ്… നിങ്ങളെന്റെ ജോലി തടസ്സപ്പെടുത്തരുത്…!!
ഓ .. പിന്നേ.. കൊച്ചുത്രേസ്യക്കൊച്ചിനെ കാണാനില്ലെന്നു പറയുമ്പം ഞങ്ങള്‍ക്കൊക്കെ അതിനൊരു ഉത്തരവാദിത്വമുണ്ട് -മനുവാണ് അത് പറഞ്ഞത്.
ഓഹോ.. കുറുമാന്‍ എന്നൊരാളെ കാണാതായിട്ട് രണ്ടു ദിവസമായി.. അപ്പോ കണ്ടില്ലല്ലോ ഇതൊന്നും ?
മിനിബസ് സ്റ്റാര്‍ട്ട് ചെയ്തു. കയറാന്‍ സ്ഥലമില്ലാത്ത ബസില്‍ കയറാന്‍ എതിരന്‍ പരമാവധി ശ്രമിച്ചെങ്കിലും അവരെ കയറ്റാതെ നൂറ്റന്‍പത് ബ്ലോഗര്‍മാരെയും ചുമന്ന് ബസ് റോഡിലേക്കിറങ്ങി. ഏതാന്തമായ ബ്ലോഗര് പാലസിന്റെ മുറ്റത്ത് എതിരന്‍ തനിച്ചു നിന്നു.
സീന്‍-21
എന്‍ എച്ച് 19 ലൂടെ കുതിച്ചു പായുന്ന മാരുതി സെന്‍. ഏറെ പിന്നിലല്ലാതെ പാഞ്ഞു വരുന്ന ബെര്ളിയുടെ അംബാസിഡര്‍. പക്ഷെ ഇപ്പോള്‍ കാറോടിക്കുന്നത് ബഹുമാനപ്പെട്ട യക്ഷിയാണ്. കാറിനുള്ളില്‍ ബെര്‍ളിയെ കാണാനില്ല !!!!!
രണ്ടു വാഹനങ്ങളും വളവ് തിരിഞ്ഞ് ബൈപ്പാസിലൂടെ മറ്റൊരു വഴിക്ക് ചേസ് ചെയ്തു പോയിക്കഴിഞ്ഞപ്പോള്‍ അതാ വരുന്നു നമ്മുടെ മിനി ബസ്. കടലില്‍ മുങ്ങാന്‍ പോകുന്ന കപ്പല്‍ പോലെ സകല ബ്ലോഗര്‍മാരെയും ചുമന്ന് അത് പരമാവധി വേഗത്തില്‍ ഹൈവേയുടെ ഓരം ചേര്‍ന്ന് പാഞ്ഞു.
കാറുകള്‍ തിരിഞ്ഞ വഴിയറിയാതെ ബ്ലോഗര്‍ മിനിബസ് നേരേ തിരുവന്തപുരത്തിനു കിടക്കുന്ന വഴിയിലൂടെ നീങ്ങി.
സീന്‍-22
ബൈപ്പാസും കടന്ന് ഇടുക്കിയിലേക്കുള്ള വഴിയില്‍ പ്രവേശിക്കുന്ന സെന്‍. തൊട്ടുപിറകിലായി യക്ഷിയുടെ അംബാസിഡര്‍.
ചെയ്‍സ് !!!!
സെന്നിനെ തൊട്ടു തൊട്ടില്ല എന്നും പറഞ്ഞ് ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ പോലെ ഹെയര്‍പിന്‍ വളവുകളിലൂടെ കുറെ നേരം രണ്ടു കാറുകളും പാഞ്ഞു. ഒടുവില്‍ ചുരത്തിലെ പതിനാറാം നമ്പര്‍ വളവില്‍ വച്ച് യക്ഷിയുടെ അംബാസിഡര്‍ മാരുതി സെന്നിനെ മറികടന്നു.
അംബാസിഡര്‍ മാരുതി സെന്‍ വിലങ്ങി റോഡിന്റെ നടുവില്‍ നിര്‍ത്തി. ഉദ്വേഗജനകമായ നിമിഷങ്ങള്‍. കനത്ത ഇരുട്ടിന് കൂട്ടായി മരം കോച്ചുന്ന തണുപ്പിന് ഇസ്തിരിയിടുന്ന വടക്കന്‍ കാറ്റിന്റെ ദുരൂഹമായ മൂളല്‍ മാത്രം.
യക്ഷി ഡോര്‍ തുറന്ന് പുറത്തിറങ്ങി. മെല്ലെ സെന്നിന്റെ അടുത്തേക്ക് നടന്നു. സെന്നിന്റെ മുന്‍പിലത്തെ ഡോറിന്റെ ഗ്സാസ്സ് ഇത്തിരി താഴ്ന്നു. ആ വിടവിലൂടെ കരുത്തനായ ഒരു പുരുഷന്റെ ക്രുദ്ധമായ കണ്ണുകള്‍ തിളങ്ങുന്നത് കാണാമായിരുന്നു.
യക്ഷി കൈ നീട്ടി. ആ വിടവിലൂടെ അഞ്ഞൂറിന്റെ ഒരു കെട്ട് പുറത്തേക്ക് വന്നു. ഒപ്പം ഒരു ചോദ്യവും- ബെര്‍ളി എവിടെ ?
കൊക്കയില്‍ തട്ടി !!!- യക്ഷിയ്ക്ക് അപ്പോല്‍ പുരുഷന്റെ ശബ്ദമായിരുന്നു.- കൊച്ചുത്രേസ്യ ?
അതിന് മറുപടി നല്‍കാതെ അജ്ഞാതന്‍ ഗ്സാസ്സ് ഉയര്‍ത്തി. കാര്‍ പതിന്നാലാമത്തെ വളവും ചുറ്റി നിഗൂഢമായ ഇടുക്കിയുടെ വിരിമാറിലേക്ക് കയറിപ്പോയി. ദൂരെ കാറിന്റെ ലൈറ്റ് രണ്ട് ചുവന്ന കണ്ണുകളായി അപ്രത്യക്ഷമായി.
ചുണ്ടില്‍ നേര്‍ത്ത ചിരിയോടെ യക്ഷി തന്റെ വിഗ് എടുത്തു മാറ്റി. മുഖത്തെ മേക്കപ്പും തുടച്ചു നീക്കി. നേര്‍ത്തൊരു പുഞ്ചിരി തെളിഞ്ഞു നിന്ന ആ മുഖം അപ്പോള്‍ വളരെ പരിചിതമായിരുന്നു – സാക്ഷാല്‍ ബെര്‍ളി തോമസ് !!!
അതേ സമയം ദൂരെ ബ്ലോഗര്‍ പാലസിന്റെ മുറ്റത്ത് തനിച്ചു നില്‍ക്കുകയായിരുന്ന കുറ്റാന്വേഷകന്‍ എതിരന്‍ കതിരവന്‍ തീര്‍ത്തും അപ്രതീക്ഷിതവും നിര്‍ണ്ണായകവുമായ തികച്ചും ഭീകരവുമായ എന്തോ ഒന്നിനെ നേരിടാന്‍ നിമിഷങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

