Tag Archives: mollywod
അനന്യം അജ്ഞാതം ആ‍ഞ്ജനേയം

അനന്യം അജ്ഞാതം ആ‍ഞ്ജനേയം

Posted 24 February 2012 | By | Categories: Cinema | 44 Comments

കപില്‍ സിബലിനെപ്പോലെ തന്നെ അനന്യയ്‍ക്കും ആശങ്കകളുണ്ട്. മൊത്തം സോഷ്യല്‍ മീഡിയയുടെയും സെന്‍സറിങ് പുള്ളിക്കാരി ഉദ്ദേശിക്കുന്നില്ല, തല്‍ക്കാലം ഫേസ്‍ബുക്ക് മതി. നടിയുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ വിവാദങ്ങളെല്ലാം ഫേസ്‍ബുക്കിലെ ചേട്ടന്മാര്‍ ഉണ്ടാക്കിയതാണെന്നും ചേട്ടന്‍മാര്‍ക്കും അമ്മയും പെങ്ങന്മാരും ഒന്നുമില്ലേ എന്നും അനന്യ ചോദിക്കുന്നു. മാതൃഭൂമി ക്ലബ് എഫ്എം സ്റ്റാര്‍ ജാം പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അനന്യ ഫേസ്‍ബുക്കിലെ അജ്ഞാത പപ്പരാസികള്‍ക്കെതിരേ ആഞ്ഞടിച്ചു കളഞ്ഞത്.

അഹങ്കാരമുള്ളതുകൊണ്ട് ഞങ്ങള്‍ പൃഥ്വിരാജിനെ വെട്ടിനിരത്തുന്നു എന്നു പ്രഖ്യാപിച്ച് രാജുമോനെ കരിവാരിതേക്കുന്നതിനു വേണ്ടി ജീവിതം തന്നെ മാറ്റിവച്ചവരോട് അപ്പോള്‍ രാജുമോന്‍ എന്തു ചോദിക്കണം – നിനക്കൊന്നും അപ്പനും ആങ്ങളമാരും ഇല്ലേടാ എന്നോ ? വീട്ടില്‍ ആരൊക്കെ ഉണ്ട്, ആരൊക്കെ ഉണ്ടില്ല എന്നതല്ല ഫേസ്‍ബുക്കിലെ ചേട്ടന്മാരുടെ പ്രശ്നം. അവരുടേത് ഒരുതരം മാനസികരോഗമാണ് എന്നു ചിലര്‍ പറയുന്നുണ്ട്. അതും ശരിയല്ല. ഒരുതരമല്ല, വ്യത്യസ്തങ്ങളായ അനേകതരം മാനസികരോഗങ്ങളുടെയും കോംപ്ലക്‍സുകളുടേയും സമ്മിശ്രസമ്മേളനമാണ് പല ഫേസ്‍ബുക്ക് ഉപയോക്താക്കളുടെയും സ്ഥാപകരുടെ മനസ്സ്. അത് അനന്യയോ കപില്‍ സിബലോ വിചാരിച്ചാല്‍ എളുപ്പത്തില്‍ ശരിയാക്കാനും പറ്റില്ല.

മലയാളിക്ക് ഫേസ് ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നതാണ് അനന്യയുടെ പ്രധാന ആരോപണം. അനന്യയ്‍ക്ക് അഭിനയിക്കാനറിയില്ല എന്നതുപോലെയേ ഉള്ളൂ ഇത്. ഫേസ്‍ബുക്ക് ഉപയോഗിക്കാന്‍ അങ്ങനെ പ്രത്യേകം അറിയാനൊന്നുമില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അക്കൗണ്ട് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മാര്‍ക്ക് സക്കര്‍ബര്‍്ഗ് എല്ലാവര്‍ക്കും ഓരോ യൂസര്‍ മാനുവല്‍ അയച്ചുതന്നേനെ. അവനവനു പണി കിട്ടുമ്പോഴാണ് ഓരോരുത്തര്‍ക്കും ഇത്തരം വെളിപാടുകളുണ്ടാവുന്നത്. ഫേസ്‍ബുക്കിലെ മൊത്തം മലയാളികളും പെഴയാണ് എന്നതിനെക്കാള് പെഴകളായ മലയാളികളും ഫേസ്‍ബുക്കിലുണ്ട് എന്നതാണ് വാസ്‍തവം.

ആ‍ഞ്ജനേയന്‍ എന്ന ചേട്ടനുമായി അനന്യയുടെ വിവാഹം നിശ്ചയിക്കുന്നതു വരെ അനന്യയെപ്പറ്റി ഫേസ്‍ബുക്കില്‍ വലിയ അക്രമങ്ങളൊന്നും കണ്ടിരുന്നില്ല (കര്‍മയോഗാചാര്യന്റെ ചിത്രത്തില്‍ നിന്നും ഭസ്മം പൊഴിയുന്ന വിസ്മയം പ്രാദേശികചാനലിലൂടെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഭക്തയായി നില്‍ക്കുന്ന, അനന്യയുടെ പൂര്‍വാശ്രമത്തില്‍ നിന്നുള്ള വിഡിയോ ഉണ്ട്). വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വന്നത് കോപിചെയ്ത് അതോടൊപ്പം അക്രമ കമന്റുകളെഴുതിയാണ് യുവകോമളന്മാരായ ഫേസ്‍ബുക്ക് മലയാളികള്‍ അഞ്ജനേയവധം ആരംഭിച്ചത്. വളരെ പൈശാചികവും മൃഗീയവുമായ കമന്റുകളിലൂടെ ആ ചെറുപ്പക്കാരിയുടെ വ്യക്തിജീവിതത്തെ ഉടനടി റിലീസാവാനുള്ള സിനിമയെ എന്നപോലെ ഫേസ്‍ബുക്കില്‍ പിച്ചിച്ചീന്തി പോസ്റ്ററൊട്ടിച്ചു. ആഞ്ജനേയന്‍ രണ്ടു പേജില്‍ ഒരു പരാതി എഴുതി ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ കൊടുത്താല്‍ ഫേസ്‍ബുക്ക് കോമളന്മാര്‍ കോടതി കയറേണ്ടി വന്നേനെ. ആഞ്ജനേട്ടന്‍ അതു ചെയ്യാത്തതുകൊണ്ട് ഫേസ്‍ബുക്ക് ആക്ടിവിസ്റ്റുകളുടെ വീട്ടിലുള്ള അമ്മയും പെങ്ങന്മാരും അയ്യോ എന്റെ കൊച്ചിനെ പൊലീസു കൊണ്ടുപോയേ എന്നു നിലവിളിച്ച് നെഞ്ചകം നിരപ്പാക്കേണ്ടി വന്നില്ല.

“ഞങ്ങളൊക്കെ (ഞാന്‍,പൃഥ്വിരാജ് മുതലായവര്‍) പബ്ലിക് ഫിഗര്‍ ആണെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ കയറി എല്ലാവര്‍ക്കും ഇടപെടാം എന്നു കരുതേണ്ട. എനിക്കു ജനങ്ങളോട് കമ്മിറ്റ്‌മെന്റ് ഉണ്ട്. തിരിച്ചും അതുപോലെ ഇല്ലേ? എന്തിനാണ് അവര്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത് ?”- അനന്യ ചോദിക്കുന്നു. എന്തിനാ ആ പാവം കൊച്ചിനോട് ഇങ്ങനെ പെരുമാറുന്നത് ? -ഞാനും ചോദിക്കുന്നു. ഫേസ്‍ബുക്കിലെ ചേട്ടന്മാര്‍ ഉത്തരമുണ്ടെങ്കില്‍ പറയണം.

“ഈ ഇഷ്യു ഉണ്ടാക്കിയതും വളര്‍ത്തിയതും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളാണ്. ഫേസ് ബുക്ക്, യുട്യൂബ് തുടങ്ങിയവ. ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്.”- ഇവിടെ എത്തിയപ്പോള്‍ അനന്യ കര്‍ദിനാളെപ്പോലെ സംസാരിക്കുന്നു. കേരളത്തിലെ പ്രേക്ഷകര്‍ക്ക് ഒരു കുഴപ്പമുണ്ട്. അവര്‍ ഒരാളെ സ്നേഹിച്ചാല്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ സ്നേഹിക്കും. പണി കൊടുക്കുമ്പോഴും അങ്ങനെ തന്നെയായിരിക്കും. അനന്യ പറഞ്ഞു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ് എന്നാണ് അനന്യ പറയുന്നത്. അനന്യ ആഞ്ജനേയനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചെന്നും ആഞ്ജനേയന്‍ വേറെ വിവാഹം കഴിച്ചെന്നറിഞ്ഞ് അനന്യയുടെ അച്ഛന്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി കൊടുത്തെന്നും തുടര്‍ന്ന് അനന്യ വീട്ടുതടങ്കലിയായെന്നും അനന്യയെ ഷോപ്പിങ്ങിനു കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ആഞ്ജനേയനും അനന്യയുടെ അനിയനും കൂടി വിട്ടില്‍ക്കിടന്ന് അടിയുണ്ടാക്കിയെന്നും എഴുതിപ്പിടിപ്പിച്ചത് ഫേസ്‍ബുക്കും യൂ ട്യൂബുമല്ല എന്നത് ഞാന്‍ പറയാനാഗ്രഹിക്കുന്നു.

അനന്യ വീട്ടുതടങ്കലിലാണെന്നും മറ്റുമുള്ള ആദ്യവാര്‍ത്ത ഞാന്‍ കണ്ടത് ഡെക്കാണ്‍ ക്രോണിക്കിള്‍ എന്ന ഇംഗ്ലിഷ് പത്രത്തിലാണ്. അഞ്ജനേയനും അനിയനും കൂടി അടിയുണ്ടാക്കി എന്നത് വായിച്ചത് മംഗളത്തിന്റെ വെബ്‍സൈറ്റിലും. അപ്പോള്‍ എല്ലാം അനന്യ പറയുന്നതുപോലെയല്ല. മുഖ്യധാരാ മാധ്യമങ്ങളെ വിമര്‍ശിച്ചാല്‍ നാളെ അവര്‍ കവര്‍പേജും സെന്റര്‍സ്‍പ്രെഡും കൊടുക്കാതെ പ്രതികാരം ചെയ്യുമോ എന്നു കരുതി അവര്‍ക്കുള്ളതു കൂടി ഇവര്‍ക്കിട്ടു കൊടുത്തുകളയാം എന്നു കരുതുന്നത് ശരിയല്ല. മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഷെയര്‍ ചെയ്യുന്നതും ഷെയര്‍ ചെയ്യാതിരിക്കുന്നതുമൊക്കെ പിന്നത്തെ കാര്യമാണ്. എന്നാല്‍, എല്ലാറ്റിന്റെയും പിന്നില്‍ ഫേസ്‍ബുക്ക് ആണ് എന്നു പറയുന്നത് ശരിയല്ല.

മല്ലൂസ് മൊത്തം പോക്കാണ് എന്നു പറയുന്ന അനന്യയ്‍ക്ക് പക്ഷേ,വടക്കേ ഇന്ത്യക്കാരോട് ഭയങ്കര ബഹുമാനമാണ്. “ഒരു വടക്കെ ഇന്ത്യക്കാരന്‍ ഇതു ചെയ്യില്ല. അവിടെയൊക്കെ എന്തു പ്രശ്‌നം വന്നാലും ഇങ്ങനെയൊന്നുമല്ല പ്രതികരിക്കുന്നത്. ഇവിടെ സിനിമാ താരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ ആരുടെ കൂടെയെങ്കിലും പോയാല്‍, അവര്‍ക്കു വിലക്കു വന്നാല്‍ ഇതെല്ലാം ഇഷ്യൂസ് ആക്കുന്നത് മലയാളികളാണ്”.
സംഘടനകള്‍ കലാകാരന്മാരെ വിലക്കുമ്പോള്‍ അതിനെതിരേ ആദ്യം പ്രതികരിക്കാറുള്ളത് സോഷ്യല്‍ മീഡിയയാണ്. അതൊക്കെ ഇഷ്യു ആക്കുന്നത് ശരിയല്ല എന്നാണ് അനന്യ പറയുന്നതെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. പിന്നെ, വടക്കേ ഇന്ത്യക്കാരുടെ ഗോസിപ്പ് രഹിത ജീവിതം. ബോളിവുഡ് എന്നത് വടക്കേ ഇന്ത്യയിലെവിടെയോ ആണെന്നു കരുതി ഇക്കണ്ട ഗോസിപ്പെല്ലാം വായിച്ച ഞാനിപ്പോ ശശികുമാര്‍ ആയോ ഇല്ലയോ ?