ദൃശ്യഭാഷയുടെ പടയോട്ടം
“വീരേതിഹാസങ്ങള്‍ രചിച്ച ഉത്തരകേരളത്തിലെ വീരനായകന്‍മാരുടെ ചങ്ങലയിലെ ഒരു കണ്ണി-ഉദയന്‍. കൌമാരം കടന്നപ്പോള്‍ അവന്‍ അങ്കമുറകളില്‍ അഗ്രഗണ്യനായി, കോലത്തിരി നാടിന്റെ പടനായകനായി. കളരിയിലെ അങ്കത്തട്ടിലും അങ്ങകലെ അതിര്‍ത്തിയിലെ പടക്കളത്തിലും കയ്യും മെയ്യും മറന്നവന്‍ അടരാടി. അപ്പോഴും ഉള്ളിന്റെയുള്ളില്‍, മനസ്സിന്റെ മൃദുലതകളില്‍ താലോലിക്കുവാനായി അയാള്‍ക്കൊരു സ്വപ്നമുണ്ടായിരുന്നു-പാര്‍വതിക്കുട്ടി.
ഹര്‍ഷോന്മാദത്തിന്റെ നാളുകളായിരുന്നു അത്. അവയുടെ അവിരാമപ്രവാഹത്തിനിടയില്‍ എപ്പോഴോ, ഏതോ ഒരഭിശപ്തനിമിഷത്തില്‍ അയാളുടെ സ്വപ്നങ്ങളുടെ വര്‍ണനൂലുകള്‍ പൊട്ടിപ്പോയി…. താഴെ അഗാധഗര്‍ത്തമായിരുന്നു. കൊടുംവേദനയുടെ നാളുകളായിരുന്നു അത്. അനന്തമായ അറബിക്കടലിന്റെ അപാരതകകളിലെവിടെയോ നഷ്ടസ്വപ്നങ്ങളുടെ മഞ്ഞുവീണു മരവിച്ച മനസ്സുമായി, ഉണ്ണാത്ത [...]










