Tag Archives: egypt
നഗ്നതയുടെ ബുദ്ധിജീവി പരിപ്രേക്ഷ്യങ്ങള്‍

നഗ്നതയുടെ ബുദ്ധിജീവി പരിപ്രേക്ഷ്യങ്ങള്‍

Posted 19 November 2011 | By | Categories: Analysis | 100 Comments

സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തു. നാട്ടുകാര്‍ അദ്ദേഹത്തെ ചീത്തവിളിച്ചു. തന്റെ സിനിമ തന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നു സന്തോഷ് പറഞ്ഞു. സന്തോഷിന്റെ സൃഷ്ടി ആവിഷ്കാരസ്വാതന്ത്ര്യമല്ല കോപ്രായമാണെന്നും അയാള്‍ക്ക് മനോരോഗമാണെന്നും ബുദ്ധിജീവികള്‍ വിലയിരുത്തി.സന്തോഷിനെ പിന്തുണയ്‍ക്കുന്നവരെയും തെറിവിളിച്ചു.

ഈജിപ്തില്‍ ഒരു യുവതി പൂര്‍ണനഗ്നയായി തന്റെ ചിത്രങ്ങളെടുത്ത് ബ്ലോഗുണ്ടാക്കി അതില്‍ പ്രസിദ്ധീകരിച്ചു. അത് തന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്നു പറഞ്ഞു.സന്തോഷിനെ എതിര്‍ത്തവര്‍ അവളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ മുല്ലപ്പൂവിപ്ലങ്ങളോട് ചേര്‍ത്തുകെട്ടി പിന്തുണച്ചു. അവള്‍ ചെയ്തത് തെറ്റാണെന്നും അവളെ ശിക്ഷിക്കണമെന്നും പറഞ്ഞ മതമൗലികവാദികള്‍ക്കെതിരേ ശബ്ദമുയര്‍ത്തി. ഈജിപ്‍ഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രതീകമായി അവളെ വാഴ്‍ത്തിക്കൊണ്ടിരിക്കുന്നു.അവളുടെ നടപടികളെ വിമര്‍ശിക്കുന്ന എല്ലാവരെയും ആക്ഷേപിക്കുന്നു.

താന്‍ നഗ്നനായി നടക്കുകയോ ബോംബുണ്ടാക്കുകയോ സമൂഹത്തെ വെല്ലുവിളിക്കുകയോ ചെയ്തിട്ടില്ല, പിന്നെ നിങ്ങള്‍ എന്തിനെന്നെ ക്രൂശിക്കുന്നു എന്ന സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യത്തിനുത്തരം നല്‍കാത്തവര്‍ തന്റെ നഗ്നതാപ്രദര്‍ശനത്തിലൂടെ സമൂഹത്തെ വെല്ലുവിളിക്കുന്ന ഒരു പെണ്‍കുട്ടിയെ തോളില്‍വച്ചാരാധിക്കുന്നു.ഭരണകൂടഭീകരതയ്‍ക്കെതിരേ ഒരു പെണ്‍കുട്ടി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം എന്ന നിലയ്‍ക്ക് നമ്മള്‍ മലയാളികള്‍ ആ കുട്ടിയെ പ്രോല്‍സാഹിപ്പിക്കണം എന്നാഹ്വാനം ചെയ്യുന്നു.കുഴപ്പം പെണ്‍കുട്ടിക്കോ പണ്ഡിറ്റിനോ അതോ ബ്ലഡി മല്ലുസിനോ ?

ഈജിപ്തിലെ പ്രത്യേക രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ആ പെണ്‍കുട്ടിയുടെ നഗ്നതാപ്രദര്‍ശനത്തെ നഗ്നതയായി കാണുന്നതാണ് തകരാറ് എന്നും അത് ശരിക്കും യാഥാസ്ഥിതികസമൂഹത്തിന്റെ ഭീഷണികളോടും വ്യക്തിസ്വാതന്ത്ര്യത്തിന്‍മേല്‍ ഭരണകൂടം നടത്തുന്ന വെല്ലുവിളികളോടുമുള്ള പ്രതിഷേധമായി കാണുമ്പോള്‍ ആ നഗ്നതയ്‍ക്ക് അത്യപാരമായ മാനം ലഭിക്കും എന്നുമാണ് ബ്ലഡി മല്ലൂസ് വ്യാഖ്യാനിക്കുന്നത്.ബ്ലോഗ് ഞാനും നോക്കി.ഒരു പോര്‍ണോ സൈറ്റില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി അതിലെ ചിത്രങ്ങള്‍ക്ക് ഒരു ഫെമിനിസ്റ്റ് പരിപ്രേക്ഷ്യം കണ്ടെത്താന്‍ എനിക്കാവാത്തത് ബ്ലഡി മല്ലുവില്‍ നിന്ന് ബ്ലഡി ഫക്കിങ് മല്ലുവായി ഞാന്‍ മാറിയതുകൊണ്ടാണെങ്കില്‍ മാപ്പു ചോദിക്കുന്നു.

ഈജിപ്തിന്റെ ചരിത്രവും സംസ്കാരവും ഞാന്‍ എട്ടാം ക്ലാസില്‍ പഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സാഹചര്യം അരച്ചുകലക്കി കുടിക്കാന്‍ എനിക്കു താല്‍പര്യമില്ല.ഈ പറഞ്ഞ ബുദ്ധിജീവികള്‍ക്കും ഇന്ത്യയെപ്പറ്റിയോ കേരളത്തെപ്പറ്റിയോ ഇല്ലാത്ത ആധി ഈജിപ്തിന്റെ കാര്യത്തിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ പെങ്കൊച്ചിനെ ഇവിടിരുന്ന് പ്രോല്‍സാഹിപ്പിക്കാന്‍ ബ്ലഡി മല്ലൂസും ഈജിപ്തുമായി എന്തു ബന്ധം എന്നെനിക്കു മനസ്സിലാവുന്നില്ല(ബുദ്ധിജീവികള്‍ക്കുമില്ലേ കഴപ്പ് എന്നു ചോദിക്കരുത്).

വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കുന്നെന്നു കേട്ട് കുറെ സിപിഐക്കാര്‍ ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ചെല്ലുകയും പൊലീസ് എല്ലാത്തിനേം പിടിച്ചെടുത്ത് ചന്തിക്ക് നല്ല പെടേം കൊടുത്ത് കുറെദൂരെയെവിടെയോ കൊണ്ടുപോയിക്കളയും ചെയ്തിരുന്നു.അതുപോലെ,ഈജിപ്ഷ്യന്‍ കൊച്ചിന്റെ നഗ്നത കാണാന്‍ വേണ്ടി ഇടിച്ചുകയറുന്ന സാമൂഹികപരിഷ്കര്‍ത്താക്കളെ ചൈല്‍ഡ് പോണ്‍ സൈറ്റ് നോക്കിയ കേസില്‍ കേരളാ പോലീസ് പിടിച്ചാല്‍ നാണക്കേടിന്റെ പിരമിഡ് ഒരലങ്കാരമായി കൊണ്ടുനടക്കേണ്ടി വരും.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി തുണിയുരിഞ്ഞ ആലിയ മഗ്ദ എല്‍മാദിയ്‌ക്കെതിരെ കേസ് എടുത്ത ഭരണകൂടത്തിന്റെയും മുസ്‍ലിം യാഥാസ്ഥിതിക സമൂഹത്തിന്റെയും നടപടികളില്‍ പ്രതിഷേധിക്കുകയാണ് ലോകമാധ്യമങ്ങള്‍. കെയ്‌റോയിലെ മാസ്‌കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയായ ആലിയ സമൂഹത്തിലെ അക്രമങ്ങള്‍, വിവേചനം, ലൈംഗികപീഡനം, കാപട്യം തുടങ്ങിയവക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് നഗ്നചിത്രങ്ങള്‍ ബ്ലോഗിലിട്ടത് എന്നതിനാല്‍ അതിന് ചരിത്രപരമായ പ്രസക്തിയുണ്ടെന്നും മറ്റുമാണ് ലേഖകന്മാര്‍ എഴുതിപ്പിടിപ്പിക്കുന്നത്.

ഈജിപ്തിലെ സാഹചര്യത്തില്‍ ആലിയ ചെയ്തത് ശരിയോ തെറ്റോ എന്നത് എന്റെ വിഷയമല്ല.പ്രാദേശികത്തില്‍, അടുത്ത വീട്ടിലെ ചേച്ചിയെ അസമയത്ത് കാണാന്‍ പോയവനെ തല്ലിക്കൊന്നതിനെ അനുകൂലിക്കുകയും രാജ്യാന്തരത്തില്‍ ഇതാ നമ്മള്‍ കാത്തിരുന്ന വിപ്ലവനായികയെന്നു പറഞ്ഞ് പെങ്കൊച്ചിന്റെ നഗ്നത ഫേവറിറ്റ്‍സില്‍ ചേര്‍ക്കുകയും ചെയ്യുന്ന സാദാ മല്ലു പരിപോഷിപ്പിക്കുന്നത് എന്തുതരം പരിപ്രേക്ഷ്യമാണെന്നാണ് പിടികിട്ടാത്തത്.

വിപ്ലവം ഉണ്ടാക്കുന്നതിനുവേണ്ടി ആലിയ ഉണ്ടാക്കിയ ബ്ലോഗില്‍ തുണ്ടുപടങ്ങളടങ്ങിയ ഒറ്റ പോസ്റ്റേയുള്ളൂ.ഇനിയും വല്ലതുമൊക്കെ വരുമെന്നു കരുതി ഘടാഘടിയന്മാരായ 1717 ചേട്ടന്മാര്‍ സൈറ്റില്‍ ജോയ്‍ന്‍ ചെയ്തിട്ടുണ്ട്.ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ പേജ് വ്യൂ 31 ലക്ഷം കഴിഞ്ഞു.അവരെല്ലാം കാണുന്നത് ആ പെണ്‍കുട്ടിയുടെ നഗ്നശരീരമാണോ അതോ അവളുടെ കണ്ണുകളില്‍ ആളിക്കത്തുന്ന വിപ്ലവജ്വാലയാണോ എന്നത് വലിയൊരു സമസ്യയാണ്.വിപ്ലവത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് ഞാന്‍ മറ്റതേ കണ്ടുള്ളൂ.

മുല്ലപ്പെരിയാര് ഡാം പെട്ടെന്നു പുനര്‍മിര്‍മിക്കണമെന്നാവശ്യപ്പട്ടുകൊണ്ടും ഗോവിന്ദച്ചാമിയെ ഉടന് തൂക്കിക്കൊല്ലണമെന്നഭ്യര്‍ഥിച്ചുകൊണ്ടും ഒരു നഗ്നചിത്രവിപ്ലവം നടത്തിയാലോ എന്നു ഞാനും ആലോചിക്കുന്നു.എന്റെ പരിപ്രേക്ഷ്യങ്ങള്‍ കണ്ട് ഡാമിന്റെ കണ്‍ട്രോള്‍ പോകുമോ ആവോ !

രാഷ്ട്രീയചുംബനം

രാഷ്ട്രീയചുംബനം

Posted 17 November 2011 | By | Categories: Analysis | 91 Comments

നമ്മുടെ നാട്ടില്‍ ചുംബനം ഒരു അനാശാസ്യമാണ്.മുതിര്‍ന്നവര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് പരസ്പരം സ്പര്‍ശിക്കാതെയും ചുംബിക്കാതെയുമാകുമ്പോഴേ ആ സ്നേഹം പരിശുദ്ധമാകൂ എന്നാണ് നമ്മുടെ വിശ്വാസം.വിദേശത്ത് പക്ഷെ അങ്ങനെയല്ല. അങ്ങോട്ടു പോകുമ്പോഴും ഇങ്ങോട്ടു വരുമ്പോഴുമെല്ലാം ഓരോ ചുംബനം കൊടുക്കാം.കാരണം, ചുംബനം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സൂചകമാണ്.

വെറുപ്പും വിദ്വേഷവും അകറ്റി സ്നേഹത്തിലധിഷ്ഠിതമായ വേര്‍തിരിവുകളില്ലാത്ത ഒരു ലോകം പടുത്തുയര്‍ത്തുന്നതിനു വേണ്ടി വസ്ത്രവ്യാപാരികളായ ബെനെറ്റന്‍ സ്പോണ്‍സര്‍ ചെയ്യുന്ന അണ്‍ഹേറ്റ് ക്യാംപെയിനു വേണ്ടി ലോകനേതാക്കളെ ചുംബനവിധേയരാക്കിയത് നാട്ടില്‍ കൂടുതല്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുമെന്ന സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്.

ക്യാപെയിനു വേണ്ടി സൃഷ്ടിച്ച പോസ്റ്ററുകളില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ- ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്- ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍- ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബറാക് ഒബാമ- വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് എന്നിവര്‍ വികാരതീവ്രമായ ചുടുചുംബനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.ഇതോടൊപ്പം ഉണ്ടായിരുന്ന മറ്റൊന്ന് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുകയാണ്. കത്തോലിക്കാസഭയുടെ പരമാധികാരി ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും ഈജിപ്തിലെ മുതിര്‍ന്ന ഇമാമായ അഹമ്മദ് അല്‍ ത്വയെബും ചുംബിക്കുന്നതായിരുന്നു ആ പോസ്റ്റര്‍. വത്തിക്കാന്‍ പ്രതിഷേധമറിയിച്ച ആ പോസ്റ്റര്‍ ഇതാണ്.

ചുംബനത്തിലൂടെ കമ്പനി പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയം വ്യക്തമാണ്. എന്നാല്‍,അതിന് അവര്‍ തിരഞ്ഞെടുത്ത ജോഡികള്‍ നല്‍കുന്ന സന്ദേശം വിദ്വേഷത്തിന്റേതായിപ്പോയി.ഇവര്‍ അവതരിപ്പിച്ചിരിക്കുന്ന ജോഡികള്‍ പരസ്പരം ബദ്ധശത്രുക്കളാണ് എന്ന സന്ദേശം വായിച്ചെങ്കില്‍ മാത്രമേ ചുംബിച്ച് സൗഹൃദത്തിലാവു എന്ന സന്ദേശം തിരിച്ചറിയാനാവൂ. മഹത്തായതെന്ന് കമ്പനി വിശ്വസിക്കുന്ന ഈ ക്യാപെയ്‍ന്‍ പരാജയപ്പെടുന്നത് അവിടെയാണ്.മാര്‍പ്പാപ്പയും ഇമാമും ചുംബിക്കുന്നത് ഭാവനയിലൂടെ അവതരിപ്പിക്കുമ്പോള്‍ ഈ മതനേതാക്കള്‍ നിലവില്‍ ബദ്ധവൈരികളാണെന്ന സന്ദേശം കൂടി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.അത് കമ്പനിയുടെ സദുദ്ദേശത്തെ അട്ടിമറിക്കുന്നു.എന്നാല്‍ ചുംബനം മാര്‍പ്പാപ്പയെ അധിക്ഷേപിക്കലാണ് എന്നു ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍ പ്രതിഷേധമറിയിച്ചിരിക്കുന്നത്. ചുംബന സീരീസിലെ മറ്റു പോസറ്ററുകള്‍ ഇവയാണ്.



ഇവന്മാര്‍ ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിവാദമാകുമെന്നുറപ്പുള്ള പോസ്റ്ററുകള്‍ ബോധപൂര്‍വം പുറത്തിറക്കി പൊട്ടന്‍ കളിക്കുന്നതാണ് കമ്പനിയുടെ ഒരു ശൈലി. അണ്‍ഹേറ്റ് എന്നാണ് ക്യാംപെയിന്റെ പേരെങ്കിലും പ്രശസ്തിക്കു വേണ്ടി പ്രമുഖരെ വെറുപ്പിക്കുക എന്നതാണ് പ്രായോഗികമായി നടക്കുന്നത്.ഇതുപോലെ വിവാദമായ അനേകം ബെനെറ്റ് പോസ്റ്ററുകളുടെ ശേഖരം ഇവിടെ കാണാം. ഒരു പള്ളീലച്ചന്‍ കന്യാസ്ത്രീയെ ചുംബിക്കുന്ന ഒരു പോസ്റ്റര്‍ 1991ല്‍ ഇറക്കി വലിയ വിവാദമായിരുന്നു. അഭയ കേസൊക്കെ വന്നുപോയ സ്ഥിതിക്ക് കേരളത്തില്‍ ആരെയും ഞെട്ടിക്കില്ല എങ്കിലും പരസ്യം ഇതാണ്.

ഈ കമ്പനി കേരളത്തിലേക്കെങ്ങും വരാതിരുന്നത് നന്നായി.ഇവിടെയായിരുന്നെങ്കില്‍ അവരുടെ ശൈലി വച്ച് ഈ ക്യാംപെയ്‍നു വേണ്ടി തിരഞ്ഞെടുക്കുന്ന ചുംബനജോഡികള്‍ ആരൊക്കെയായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ തന്നെ പേടിയായി തുടങ്ങി.വിഎസും പി.സി.ജോര്‍ജും,കുഞ്ഞാലിക്കുട്ടിയും അജിതയും,അഴീക്കോടും മോഹന്‍ലാലും,ജഡ്ജിയും ജയരാജനും,ഈശ്വരാ…. എന്നെ എങ്ങാനും ക്ഷണിച്ചാല്‍ എനിക്കു ചുംബിക്കാന്‍ ആ മോഡറേറ്റര്‍ കൊച്ച് മാത്രമാകുമോ ആവോ ? സുന്ദരിമാരായ കൂടുതല്‍ പെണ്‍കുട്ടികള്‍ എന്നെ വെറുക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.ഉംമ്മ.