Berly Thomas

നിങ്ങളുദ്ദേശിക്കുന്ന ആളേ അല്ല.പാലായില്‍ കണ്ണെത്താത്ത ദൂരത്തോളം റബര്‍ത്തോട്ടങ്ങള്‍. പറമ്പിലെ കുളം നിറയെ ഘടാഘടിയന്‍മാരായ മുതലക്കുഞ്ഞുങ്ങള്‍. എന്നാലോ, ഒരു കോടീശ്വരന്‍റേതായ യാതൊരുവിധ ജാഡകളുമില്ല. ബേസിക്കലി പാവമാണെങ്കിലും അടിസ്ഥാനപരമായി വൃത്തികെട്ടവനാണ്.
ശുദ്ധനുണയനും, മഹാതോന്ന്യാസിയും. ഇക്കണോമിക്സ് മാത്രം പഠിച്ചിട്ടില്ല. 2003 മുതല്‍ സ്ഥിരമായി വഷളനാണ്. ജനലക്ഷങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ആരാധകരായുണ്ട്. അസംഖ്യം കാമുകിമാര്‍. ഡെയ്‍ലി അനുമോദനങ്ങള്‍, ആശംസകള്‍, പ്രണയലേഖനങ്ങള്‍. എല്ലാം നിഷ്കരുണം തട്ടിയെറിഞ്ഞ് കുപ്രസിദ്ധിയില്‍ നിന്ന് കുപ്രസിദ്ധിയിലേക്കുള്ള യാത്ര തുടരുന്നു. കുറച്ചുകാലം മുമ്പു വരെ സെലബ്രിറ്റിയായിരുന്നു, ഇപ്പോള്‍ കുറച്ചായി ലെജന്‍ഡ് ആണ്.
Send Mail to: berly@berlytharangal.com
ഇനി ചില ഫോട്ടോകള്‍:-
ഇനി ഏതാനും ചില ചിത്രങ്ങളാണ്. ഇവയൊക്കെ എന്‍റെ ആരാധകര്‍ക്ക് എന്നോടു സംവദിക്കാന്‍ ഒരുക്കിയ അവസരങ്ങളാണ്. നൂറു പേരെ പ്രതീക്ഷിച്ച ഈ പരിപാടികള്‍ 2008-09 കാലത്താണ് നടത്തിയത്. ഓരോന്നിലും പങ്കെടുത്തത് ആയിരങ്ങളാണ്. മിക്ക പരിപാടികളിലും കൂടുതലും പെണ്‍കുട്ടികളായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയുന്നില്ല. ഇതിന്‍റെ വിഡിയോ ഡിസ്കവറി ചാനലിന് കോപ്പിറൈറ്റ് കൊടുത്തിരിക്കുന്നതിനാല്‍ ഇവിടെ അപ്‍ലോഡ് ചെയ്യാന്‍ നിവൃത്തിയില്ല.
ഇനി സുന്ദരനും സസമര്‍ഥനുമായ എന്നെ രണ്ടു പേര്‍ എത്ര കഷ്ടപ്പെട്ടാണ് വിരൂപനാക്കിയിരിക്കുന്നതെന്നു നോക്കൂ. കാര്‍ട്ടൂണിസ്റ്റുകള്‍ക്കൊക്കെ ഇവിടെ എന്തുമാകാമല്ലോ. ആദ്യത്തെ കാരിക്കേച്ചര്‍ മെലിച്ചില്‍ രോഗം ബാധിച്ച പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍ വരച്ചതാണ്. രണ്ടാമത്തെ ഗള്‍ഫില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റ് നിഷാന്ത് തച്ചമ്പലത്ത് വരച്ചതാണ്. പാവങ്ങള്‍, എന്നേപ്പേടിച്ച് ഒളിവിലോ മറ്റോ ആണ് രണ്ടു പേരും. വിട്ടേക്കാം, അല്ലേ ?
ഇനി ചില വിഡിയോകള്‍ കാണാം:-
ഇക്കാണുന്ന വിഡിയോകള്‍ക്കൊക്കെ ഒരു ചരിത്രമുണ്ട്. ആദ്യം കാണുന്ന വിഡിയോ ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മ്യൂസിക് വിഡിയോ ആണ്. രചന എന്നു വച്ചാല്‍, കള്ളുഷാപ്പ് എന്ന തീമില്‍ ഒരു ആല്‍ബം ചെയ്യണമെന്ന തീരുമാനത്തോടെ അതില്‍ വരേണ്ട സീനുകള്‍ എഴുതിയുണ്ടാക്കി. എന്നിട്ട് ആ സീന്‍ ഓര്‍ഡര്‍ ഗാനരചയിതാവിനെ ഏല്‍പിച്ചു. ആ സീനുകള്‍ വച്ച് രചയിതാവ് ഗാനം എഴുതി. പാവപ്പെട്ട ഒരു പണക്കാരനെ വളച്ചെടുത്ത് പ്രൊഡ്യൂസറാക്കി. അദ്ദേഹമാണ് പാട്ടിന്‍റെ സെക്കന്‍ഡ് ഹാഫില്‍ കാറില്‍ വന്നിറങ്ങി തിളക്കമുള്ള കറുത്ത ഉടുപ്പുമിട്ട് ഡാന്‍സ് കളിക്കുന്നത്. ഷാപ്പുകാരന്‍റെ വേഷത്തിലഭിനയിക്കുന്ന ബനിയന്‍കാരനാണ് പ്രധാന ഗായകന്‍. മറ്റൊരു കാര്യം, ഷാപ്പിലിരിക്കുന്ന കുടിയന്‍മാരൊക്കെ ഒറിജിനല്‍ കുടിയന്‍മാരാണ്. പൂഞ്ഞാര്‍ അച്ചിമുക്ക് ഷാപ്പില്‍ കച്ചവടം നടക്കുന്നതിനിടയില്‍ ഷൂട്ട് ചെയ്താണ് ഈ സാധനം. ഏറ്റവും രസകരമായ ഭാഗം ഇതാണ്. ഈ ആല്‍ബം മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുമെന്നും ഇത് കണ്ടാല്‍ കള്ള് കൈ കൊണ്ടു തൊടാത്ത കേരളത്തിലെ ജനസംഖ്യ കുടിച്ച് കുന്തം മറിഞ്ഞ് കോഞ്ഞാട്ടയായി പോകുമെന്നും പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ഇതിന് സര്‍ട്ടിഫിക്കറ്റ് തന്നില്ല. കേരളത്തെ ആ വലിയ മദ്യദുരന്തത്തില്‍ നിന്നു രക്ഷിച്ച സെന്‍സര്‍ ബോര്‍ഡിന് ആ ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു…
മഹാനടന്‍ മമ്മൂട്ടിക്ക് ഒരു ബ്ലോഗുണ്ട്. അത് എഴുതുന്നത് ഞാനാണ് എന്ന ആരോപണം ശക്തമായപ്പോളാണ് ഈ വിഡിയോ കെട്ടിച്ചമച്ചത്. എല്ലാ കാര്യങ്ങളും തനിച്ചു ചെയ്യണമെന്നു വാശിയുള്ള മമ്മൂട്ടിക്ക് ഞാന്‍ ബ്ലോഗെഴുതി കൊടുക്കുന്നു എന്നു പറഞ്ഞാല്‍ അത് എനിക്കു വലിയ അംഗീകാരമാണ്. പക്ഷെ, ആ മഹാനടന് എത് വലിയ ചീത്തപ്പേരായിരിക്കുമെന്നറിയാവുന്നതിനാല്‍ അദ്ദേഹം നിഷേധിക്കുന്നതിനു മുമ്പേ നിഷേധിക്കുകയായിരുന്നു ഞാന്‍. അദ്ദേഹം ബ്ലോഗ് തുടങ്ങിയ 2009 ജനുവരി ഒന്നിന് മലയാളത്തിലെ കൊള്ളാവുന്ന ഒരേയൊരു ബ്ലോഗര്‍ എന്ന നിലയില്‍ ഞാനും പങ്കെടുത്തിരുന്നു. അദ്ദേഹത്തെ ബ്ലോഗിങ്ങിലേക്കു വഴിതെറ്റിക്കാന്‍ എന്നെക്കൊണ്ടു സാധിക്കുന്നത് ചെയ്തു എന്നതാണ് എനിക്കും മമ്മൂട്ടിക്കുമിടയിലെ ബ്ലോഗ് ബന്ധം. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍കട്ടെ.
ഇതും ഞാന്‍ പ്രൊഡ്യൂസ് ചെയ്തതാണ്. കുറച്ചുകാലം ഞാന്‍ ഒരു ലോക്കല്‍ കേബിള്‍ ചാനലില്‍ പ്രൊഡ്യൂസറായിരുന്നു. അന്ന് ലോകത്തൊരു പ്രൊഡ്യൂസറും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു, ഒരു ഭ്രാന്തനെപ്പോലെ. അങ്ങനെ നിര്‍മിച്ച് ഏതാണ്ട് പത്തിരുപത് എപ്പിഡോസ് ഓടിയ ഒരു സംഗീതപരിപാടിയില്‍ നിന്നാണ് ഇത്. മുകളിലത്തെ കള്ളുഷാപ്പ് ആല്‍പത്തിലെ കള്ളുവില്‍പനക്കാരന്‍ തന്നെയാണ് ഇവിടെ ഓണപ്പൂവേ.. എന്നു നിലവിളിക്കുന്നത്..














