അങ്ങനെ മീനയും പോയി
സിനിമാ നടിമാരെ ദുരന്തം വേട്ടയാടുന്നത് അവസാനിക്കുന്നില്ല. നമ്മുടെയെല്ലാം പ്രിയങ്കരിയായ മീനയാണ് ഏറ്റവുമൊടുവില്‍ വിവാഹിതയായിരിക്കുന്നത്. ആ കണ്ണുകള്‍, ആ ചിരി, ആ പല്ലുകള്‍… എല്ലാം പോയി. പാര്‍വതിയെ ജയറാം കല്യാണം കഴിച്ചപ്പോള്‍ ഞാന്‍ കരുതി ഇനിയൊരിക്കലും അത്തരമൊരു ഞെട്ടല്‍ ഉണ്ടാവില്ലെന്ന്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട കല്‍പനയെ അനില്‍ കല്യാണം കഴിച്ചപ്പോഴും നമ്മുടെയെല്ലാം സ്വന്തമായിരുന്ന മഞ്ജു വാര്യരെ ദിലീപ് കല്യാണം കഴിച്ചപ്പോഴും പിന്നെയും അങ്ങനെ തന്നെ ആശ്വസിക്കാന്‍ ശ്രമിച്ചു.
പിന്നെയങ്ങോട്ട് തുടരെത്തുടരെയായിരുന്നു ദുരന്തങ്ങള്‍. ജോമോള്‍, ദിവ്യ ഉണ്ണി, ആനി, ഗോപിക, തുടങ്ങി കാവ്യ മാധവന്‍ വരെ (ഐശ്വര്യ റായിയെ മനപൂര്‍വം പരാമര്‍ശിക്കാത്തതാണ്. ഞാന്‍ കരഞ്ഞുപോവും. ഇനിയിപ്പോള്‍ സാനിയയും പോവും)എല്ലാവരും വിവാഹത്തിന്‍റെ പരലോകത്തേക്ക് പോയി.(ചെറിയൊരാശ്വാസത്തിന് നമ്മുടെ ഗോപിക തിരിച്ചെത്തിയിട്ടുണ്ട്. വിശുദ്ധ തൊടുപുഴയില്‍ സ്വലേയുടെ സെറ്റിലുണ്ട്).
പറഞ്ഞു വന്നത് മീനയുടെ കാര്യമാണല്ലോ. ഇന്നു രാവിലെ തിരുപ്പതി ക്ഷേത്രത്തില്‍ വച്ചാണ് മീന വിവാഹിതയായത്. അടുത്ത ബന്ധുക്കളും ചേരനെപ്പോലെയുള്ള ചില സിനിമാക്കാരും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. സോഫ്ട്‍വെയര്‍ എന്‍ജിനീയറാണ് ഭര്‍ത്താവ് എന്നതാണ് ആകെയുള്ള ആശ്വാസം.

