ബ്ലഡി ഇന്ത്യന്‍സ്, ജൂലിയ ചൈല്‍ഡിനെ ബഹുമാനിക്കാന്‍ ശീലിക്കെടോ
നിങ്ങള്‍ ജൂലിയ ചൈല്‍ഡിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കേള്‍ക്കണം. ഇന്നു ഹോളിഡേ ആണല്ലോ. എല്ലാവരും ഗൂഗിളെടുത്ത് ജൂലിയ ചൈല്‍ഡ് അമേരിക്കക്കാരുടെ കുക്കറി ഷോകളെ എങ്ങനെ വ്യത്യസ്തമാക്കി എന്നു വായിച്ചു പഠിക്കണം. എന്നിട്ട് വിശദമായി ഒരു കുറിപ്പെഴുതി അവരുടെ ഓഫിസിലേക്ക് അയച്ചുകൊടുക്കണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം ലോകത്തിലെ ഏറ്റവും വലിയ സേര്‍ച്ച് എന്‍ജിന്‍ അതിന്‍റെ ഹോം പേജില്‍ അത് പാടെ അവഗണിച്ച്, ജൂലിയ ചൈല്‍ഡ് എന്ന സെലബ്രിറ്റി പാചകക്കാരിയെ ഇന്ത്യയ്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതു വെറുതെയാവില്ല. എത്രയോ മഹാന്മാരെക്കുറിച്ച് നീയൊക്കെ ദിവസവും പഠിക്കുന്നു, അക്കൂട്ടത്തില്‍ ജൂലിയ ചൈല്‍ഡിനെക്കുറിച്ചു കൂടി നിനക്കൊക്കെ പഠിച്ചാലെന്താടാ ചെറ്റകളേ എന്നു ഗൂഗിളില്‍ നിന്നേതെങ്കിലും വെള്ളക്കാരന്‍ ചോദിച്ചാല്‍ ഉവ്വ പഠിച്ചോളാം എന്നു പറയുകയേ നിവൃത്തിയുള്ളൂ.
അല്ലെങ്കിലും ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിന് വെറും 65 വയസ്സേ ആയിട്ടുള്ളൂ, ജൂലിയ ചൈല്‍ഡിന് ഇന്നു നൂറാം പിറന്നാളാണ്. ഹാപ്പി ബര്ത്തുഡേ ടു യൂ ജൂലിയ ചൈല്‍ഡ്. ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ പ്രതീക്ഷിച്ച് ബ്രൗസര്‍ തുറക്കുമ്പോള്‍ സ്വാതന്ത്ര്യദിന ഡൂഡിലിനു പകരം കാണാന്‍ പോകുന്ന ജൂലിയ ചൈല്‍ഡ് ആരായിരിക്കും ? നെല്‍സണ്‍ മണ്ഡേലയെപ്പോലെ, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെപ്പോലെ ആരെങ്കിലുമല്ലെങ്കില്‍ ഇത്രയും സാഹസപ്പെട്ട് ഗൂഗിള്‍ ഇങ്ങനൊരു ഡൂഡിലിട്ട് കളിക്കുമോ ?
കളി ഗൂഗിളിനോടു വേണ്ട. ജൂലിയ ചൈല്‍ഡ് അമേരിക്കന്‍ ടെലിവിഷനില്‍ ഫ്രഞ്ച് രുചി അവതരിപ്പിച്ച അതിഭയങ്കരിയായ കുക്കറി ഷോക്കാരി എന്നതിനപ്പുറം ആരുമല്ല (ഏഷ്യാനെറ്റിലും കൈരളിയിലും സൂര്യയിലും കുക്കറി അവതരിപ്പിക്കുന്ന ആന്‍റിമാരെ സ്മരിക്കുന്നു). അമേരിക്കക്കാരുടെ തീന്‍മേശകളെ പണ്ടെന്നോ സമ്പുഷ്ടമാക്കിയ ജൂലിയ ചൈല്‍ഡിനെ ബ്ലഡി ഇന്ത്യന്‍സ് അറിയുന്നതും ആരാധിക്കുന്നതും നല്ലതാണ്. ഡൂഡിലിന്‍റെ രാഷ്ട്രീയം വളരെ വ്യക്തമായി അറിയാവുന്ന, സമര്‍ഥമായി ഉപയോഗിക്കുന്ന ഗൂഗിള്‍ ഈ കുക്കറിയെ ബഹുമാനിക്കുന്നതില്‍ നിന്ന് എന്തായാലും ഇന്ത്യയെ ഒഴിവാക്കുന്നില്ല. ഇന്നലെ സ്വാതന്ത്ര്യദിനമാഘോഷിച്ച നമ്മുടെ സഹോദരസ്ഥാപനമായ പാക്കിസ്ഥാന് ഗൂഗിള്‍ ഇന്നലെ നല്ലൊരു ഡൂഡില്‍ ഇട്ടുകൊടുത്തിരുന്നു. ഇതാണ് അത്.

ലോകത്ത് ഇന്ന് നമ്മോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ബഹറൈന്‍, ദക്ഷിണ കൊറിയ, കോംഗോ എന്നീ രാജ്യങ്ങളാണ്. ഇതില്‍ കൊറിയക്കാര്‍ ജൂലിയ ചൈല്‍ഡിനെ ബഹുമാനിച്ചില്ലെങ്കിലും കുഴപ്പമില്ല. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ കൊറിയയുടെ ഹോം പേജില്‍ ഗൂഗിള്‍ ഡൂഡില്‍ കൊടുത്തിട്ടുണ്ട്.അത് ലിത്.
ഗൂഗിള്‍ മുമ്പ് ഒന്നിലേറെ തവണ ഇന്ത്യയുടെ ഭൂപടം വരെ മാറ്റി വരച്ചിട്ട് ഇവിടൊരു ചുക്കും സംഭവിച്ചിട്ടില്ല, പിന്നെ ഡൂഡിലിട്ടില്ല എന്നു പറഞ്ഞ് ഒരു നാറിയും മിണ്ടില്ല എന്ന് ഗൂഗിളന് ഊഹിക്കാവുന്നതേയുള്ളൂ. 2002നു ശേഷം ഗൂഗിള്‍ ഏഴു തവണ ഭാരതത്തിന്‍റെ സ്വാതന്ത്ര്യദിനത്തിന് ഡൂഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. 2011ലേതും 2010ലേതും ഇവയാണ്.
എന്തായാലും ഓരോ രാജ്യത്തും വ്യാപാരത്തിനിറങ്ങുമ്പോള്‍ ആ രാജ്യത്തെ സംസ്കാരവുമായി താദാത്മ്യം പ്രാപിക്കുന്ന നാടന്‍ രീതിയല്ല, ആ രാജ്യത്തെ ജനങ്ങളുടെ അഭിരുചികളും താല്‍പര്യങ്ങളും മുന്‍ഗണനകളും തങ്ങളുടേതുപോലെ ആക്കുക എന്ന പണ്ടുകാലത്തെ വെള്ളക്കാരന്‍റെ മനസ്സാണ് ഈ ഡൂഡിലില്‍ തിളങ്ങി നില്‍ക്കുന്നത്.ഡൂഡിലിട്ടാലെന്ത് ഇട്ടില്ലെങ്കിലെന്ത് എന്നു ചോദിച്ചാല്‍ അത്രേയുള്ളൂ. ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല. എന്നാല്‍, കൊറിയയ്‍ക്കാവാം, ഇന്ത്യയ്‍ക്കു പാടില്ല എന്ന നിലപാടും സന്ദേശവും മുന്നോട്ടു വയ്‍ക്കുന്ന രാഷ്ട്രീയം മൈന്‍ഡ് ചെയ്യേണ്ടതു തന്നെയാണ്.
ഇന്നു ഗൂഗിളിന്‍റെ ബാംഗ്ലൂര്‍, ഹൈദരാബാദ് ഓഫിസുകളില്‍ ജൂലിയ ചൈല്‍ഡിന്‍റെ പിറന്നാളിനോടനുബന്ധിച്ച് കേക്കു മുറിയും ഇംഗ്ലിഷ് പാട്ടുമൊക്കെ കാണുമായിരിക്കും. മുതലാളി ഡൂഡില്‍ മാറാത്തതുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വിവരം അതിനുള്ളിലെ സാധുക്കളായ ഇന്ത്യന്‍ ജീവനക്കാര്‍ അറിയാനും സാധ്യതയില്ല.
ഗൂഗിളേ: ഞങ്ങളെ നാടിന്‍റെ രുചിഭേദങ്ങളില്‍ വിപ്ലവമുണ്ടാക്കിയ മങ്കൊമ്പ് രാധാമണിയുടെ ഹാപ്പി ബര്‍ത്ത് ഡേ അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനാണ്. അടുത്ത വര്‍ഷം രാധാമണിച്ചേച്ചി ഷാപ്പില്‍ കറിയൊരുക്കുന്ന ഒരു ഡൂഡിലുണ്ടാക്കി അവിടൊക്കെ കൊടുക്കെടോ. ഞങ്ങടെ രാധാമണി അമേരിക്കേലൊക്കെ ഒന്നു ഫെയ്മസാകട്ടെ, എന്തേ ?


