അപഥസഞ്ചാരം_ബഹിരാകാശം-1
അങ്ങനെ കാത്തുകാത്തിരുന്ന ബഹിരാകാശസഞ്ചാരം ഇങ്ങടുത്തെത്തിയപ്പോള്‍ കൊരങ്ങാട്ടുപള്ളിയോടൊപ്പം ഇന്ത്യ മുഴുവനും കേരളവും അയല്‍ രാജ്യങ്ങളും വല്ലാത്ത ആഘോഷലഹരിയിലമരുകയായിരുന്നു.
ക്യാപിറ്റല്‍ ഇന്ത്യയുടെ ഓഫിസിനുള്ളില്‍ തന്നെ എല്ലാ ദിവസവും മിഠായി വിതരണവും കേക്ക് വിതരണവും പതിവായി. കാലമാടന്‍ പോയി തുലഞ്ഞോളും എന്നു തുടങ്ങുന്ന ഏതോ പഴയ ഗാനം പാടിയാണ് ജീവനക്കാര്‍ സംഘടിപ്പിച്ച ബഹിരാകാശ യാത്രയയപ്പു സമ്മേളനം തുടങ്ങിയത്.
പ്രേംനസീറോ സത്യനോ മറ്റോ അഭിനയിച്ച ഏതോ സിനിമയിലെ ആണെന്നാണ് അന്വേഷിച്ചപ്പോള്‍ പാട്ടു പാടിയ ഡ്രൈവര്‍ പറഞ്ഞത്. അതില്‍ നായകനായി അഭിനയിക്കുന്ന നസീര്‍ ദൂരെ ഒരിടത്തേക്ക് യാത്ര പോകുമ്പോള്‍ അയാളുടെ ദുഷ്ടത സഹിച്ചു കൊണ്ടിരുന്ന ജീവനക്കാര്‍ പാടിയ ഗാനമാണത്രേ അത്. ജീവനക്കാരോട് കാരുണ്യം കാട്ടാത്ത മുതലാളിമാരെക്കുറിച്ചായിരുന്നു അപ്പോള്‍ എന്റെ ചിന്ത.
ഒടുവില്‍ ആ ദിവസം വന്നെത്തി. ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ഒരു ബാഗും തുറന്നുവച്ച കാമറയുമായി ഞാന്‍ തുമ്പയിലെത്തി. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റിയെ കണ്ടപ്പോള്‍ അറിയാതെ ഞാന്‍ ക്യാപിറ്റല്‍ ഇന്ത്യയിലെ സെക്യൂരിറ്റിയെ ഓര്‍ക്കുകയും സ്വതസിദ്ധമായി അയാളുടെ തന്തയ്ക്കു വിളിക്കുകയും അയാള്‍ എന്റെ നേര്‍ക്ക് തോക്ക് ചൂണ്ടുകയും ചെയ്തു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് തോക്കു കൊടുക്കാനുള്ള തീരുമാനത്തെ മനസ്സു കൊണ്ട് നിശിതമായി വിമര്‍ശിച്ച് ജീവനും കൊണ്ട് ഞാനകത്തു കടന്നു.
എനിക്കു പോകാനുള്ള റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറായിക്കൊണ്ടിരുന്നു. നാലു പേര്‍ ചേര്‍ന്ന് അത് തേച്ചു കഴുകുകയായിരുന്നു. പണി കഴിഞ്ഞ് പറ്റിപ്പിടിച്ച ഓയിലും മറ്റും അവര്‍ കഴുകി വൃത്തിയാക്കി. റോക്കറ്റിന്റെ പുറത്ത് വിഎസ്എസ്സി തുമ്പ എന്നല്ലാതെ വേറെ അതിശയന്‍ എന്ന മലയാളം സിനിമയുടെ പരസ്യം മാത്രേയുണ്ടായിരുന്നുള്ളൂ.
എന്റെ ബാഗില്‍ ഞാന്‍ വച്ചിരുന്ന ബാനറുകള്‍ ഞാന്‍ പുറത്തെടുത്തു. ഒന്ന് ക്യാപിറ്റല്‍ ഇന്ത്യുയുടെ പരസ്യമായിരുന്നു. റോക്കറ്റ് വിക്ഷേപിക്കുന്നത് വിവിധ ചാനലുകളില്‍ ലൈവ് കാണിക്കുമ്പോള്‍ ക്യാപിറ്റല്‍ ഇന്ത്യുയുടെ പരസ്യം ഉള്ളത് നല്ലതാണ് എന്നെനിക്കറിയാമായിരുന്നു. റോക്കറ്റ് കഴുകിയവരുടെ കാല് പിടിച്ച് അതിശയന്റെ മുകളിലായി ഞാന്‍ ക്യാപിറ്റല്‍ ഇന്ത്യയുടെ പരസ്യം കെട്ടിച്ചു.
പിന്നെയുള്ള രണ്ട് ബാനറുകളും ഞാന്‍ പുറത്തെടുത്തു. ബഹിരാകാശത്തേക്കു പോകുന്ന എനിക്ക് കൊരങ്ങാട്ടുപള്ളിയുടെ ആശംസകള്‍ എന്നെഴുതിയ ഒരു ബാനറും പാലായുടെ ആസംസകള്‍ എന്നെഴുതിയ മറ്റൊരു ബോര്‍ഡും ആയിരുന്നു അത്. കൊരങ്ങാട്ടുപള്ളിക്കാരും പാലാക്കാരും കാണാതെ എറണാകുളത്ത് അതീവരഹസ്യമായി എഴുതിച്ചതായിരുന്നു ആ ബാനറുകള്‍. അതും ഒരു വിധത്തില്‍ റോക്കറ്റിന്റെ ചിറകിലും മറ്റുമായി വലിച്ചു കെട്ടിച്ചതോടെ എനിക്കു സമാധാനമായി.
ഇനി റോക്കറ്റിന്റെ ഡ്രൈവറെ പരിചയപ്പെടണം. ക്യാമറയുമായി ഞാന്‍ തുമ്പ സ്റ്റേഷന്‍ ഡയറക്ടറുടെ ഓഫിസിലേക്ക് നടന്നു. കടുപ്പമുള്ള ഒരു പരിപ്പുവടയില്‍ കടിച്ചു കൊണ്ടിരിക്കുകയായിരുന്ന സ്റ്റേഷന്‍ ഡയറക്ടര്‍ എന്റെ ക്യാമറ കണ്ടപ്പോള്‍ പരിപ്പുവട മാറ്റിപ്പിടിച്ചു പകരം റോക്കറ്റിന്റെ സ്റ്റാര്‍ട്ടര്‍ എടുത്തു വച്ച് കണക്ഷന്‍ കൊടുക്കുന്നതായി ഭാവിച്ചു.
ഞാന്‍ യാത്ര ചെയ്യുന്ന റോക്കറ്റിന് സ്റ്റാര്‍ട്ടര്‍ പോലും ഇതുവരെ പിടിപ്പിച്ചിട്ടില്ലേ എന്ന ചിന്ത എന്നെ വലച്ചു. നേരിച്ചു ചോദിക്കുകയും ചെയ്തു. റോക്കറ്റിന് സ്റ്റാര്‍ട്ടറുകളുടെ ആവശ്യം ഒറ്റത്തവണയേയുള്ളൂ എന്നതിനാല്‍ സ്റ്റാര്‍ട്ടര്‍ പ്രത്യേകം ഘടിപ്പിക്കാറില്ലെന്നായിരുന്നു മറുപടി. റോക്കറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് സംഗതി സ്റ്റാര്‍ട്ട് ചെയ്യുക എന്നതില്‍ കവിഞ്ഞ് കാര്യമായ ജോലിയൊന്നും ഇല്ലെന്നും ഡ്രൈവിങ് സ്റ്റേഷനിലിരുന്ന് ഡ്രൈവര്‍ തന്നെയാണ് നടത്തുന്നതെന്നും കേട്ടപ്പോള്‍ എനിക്കാശ്വാസമായി.
സ്റ്റാര്‍ട്ടറിനു പകരം റോക്കറ്റിനകത്തു കാണുന്ന പച്ചയും ചുവപ്പും വയറുകള്‍ പിരിച്ചു വച്ച് മുട്ടിച്ചാല്‍ അപ്പോള്‍ തന്നെ റോക്കറ്റ് സ്റ്റാര്‍ട്ടായിക്കൊള്ളുമെന്നും സ്റ്റേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി. അകത്തെ മുറിയില്‍ നിന്ന് ശക്തമായ കൂര്‍ക്കം വലി കേട്ടന്വേഷിച്ചപ്പോഴാണ് അത് എന്റെ റോക്കറ്റിന്റെ ഡ്രൈവറാണ് എന്നുള്ള സത്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ഞാന് പുറപ്പെടുന്നതുമുതല്‍ തിരിച്ചു വരുന്നതു വരെ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് റോക്കറ്റ് ഓടിക്കേണ്ട ജോലി അയാളുടേതായതിനാല്‍ ഒരാഴ്ചത്തേക്കുള്ള ഉറക്കം ഒന്നിച്ചുറങ്ങിത്തീര്‍ക്കുകയാണ് പഹയന്‍ എന്നും മനസ്സിലായി.
റോക്കറ്റ് റെഡിയായോ എന്നു നോക്കാനിറങ്ങിയ സ് റ്റേഷന്‍ മാസ്റ്റര്‍ അതില്‍ വലിച്ചു കെട്ടിയിരിക്കുന്ന ബാനറുകള്‍ ഉടന്‍ നീക്കണമെന്നു വാശി പിടിച്ചു. അദ്ദേഹത്തിനു ചെറിയൊരു കൈമടക്കു കൊടുക്കേണ്ടി വന്നു എതിര്‍പ്പ് നീക്കാന്‍.
10-15 മിനിട്ടിനകം എന്നെയും വഹിച്ചുകൊണ്ടുള്ള ടിഎസ് 345 ബഹിരാകാശ റോക്കറ്റ് തുമ്പവിട്ടുപോകുമെന്ന അറിയിപ്പ് മൈക്കിലൂടെ മുഴങ്ങി. അത അറിയിപ്പ് ഇപ്പോള്‍ വിവിധ ടിവി ചാനലുകളിലൂടെ ലോകമെങ്ങും കേള്‍ക്കുന്നുണ്ടാവുമെന്നോര്‍ത്തപ്പോള്‍ എനിക്കു പുളകമുണ്ടായി.
ബാഗുമായി ഞാന്‍ റോക്കറ്റിനടുത്തേക്കു നടക്കുമ്പോള്‍ റോക്കറ്റിന്റെ ഡ്രൈവര്‍ കണ്ണു തിരുമ്മി എണീറ്റു വരുന്നത് എനിക്കു കാണാമായിരുന്നു. ഉല്‍സാഹത്തോടെ റോക്കറ്റിനടുത്തു നിന്ന സെക്യൂരിറ്റിയുടെ മുഖം എനിക്കു പരിചയമുള്ളതു പോലെ തോന്നി. അയാള്‍ ക്യാപിറ്റല്‍ ഇന്ത്യില്‍ ജോലി ചെയ്തിട്ടുണ്ടോ എന്ന ആശങ്കയാണ് എനിക്കാദ്യം ഉണ്ടായത്.
ഉണ്ടെങ്കില്‍ ഞാന്‍ തിരിച്ചു വരാതിരിക്കാന്‍ റോക്കറ്റിന്റെ നട്ടോ ബോള്‍ട്ടോ ഒക്കെ അവനൂരിയെടുത്തിട്ടുണ്ടാവുമെന്നും ഞാന്‍ ഭയപ്പെട്ടു.
പത്തേ, ഒമ്പതേ, എട്ടേ…. -സ് റ്റേഷന്‍ മാസ്റ്റര്‍ കീഴ് പോട്ടെണ്ണിത്തുടങ്ങിയിരുന്നു.
ആ എണ്ണല്‍ പൂജ്യത്തിലെത്തുമ്പോള്‍ സ്റ്റാര്‍ട്ടര്‍ വയറുകള്‍ തമ്മില്‍ മുട്ടിക്കണമെന്നാണു പറഞ്ഞിരിക്കുന്നത്. സെക്യൂരിറ്റിയുടെ മുഖത്തെ ചിരി എന്നെ പേടിപ്പിച്ചു.
നീ ക്യാപിറ്റല്‍ ഇന്ത്യയിലുണ്ടായിരുന്നോ ? -ഞാന്‍ പെട്ടെന്നു ചോദിച്ചു.
അവന്‍ ചിരിച്ചതേയുള്ളൂ.
ആറേ..അഞ്ചേ…-കീഴ്പ്പോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരുന്നു.
ഞാന്‍ അകത്തുകയറി ആശങ്കയോടെ അവനെ നോക്കിക്കൊണ്ടിരുന്നു.
മൂന്നേ..രണ്ടേ..രണ്ടേ..രണ്ടേ…- സ് റ്റേഷന്‍ മാസ്റ്റര്‍ക്ക് എണ്ണം തെറ്റിപ്പോയി എന്നെനിക്കു മനസ്സിലായി. രണ്ടിന്റെ താഴെ എന്താണെന്ന് അന്വേഷിച്ച് അയാള്‍ പോയ തക്കം നോക്കി സെക്യൂരിറ്റി ഒരു തുണ്ടു കടലാസില്‍ എന്തോ എഴുതി ജനലിലൂടെ റോക്കറ്റിന്റെ അകത്തേക്കിട്ടു.
അത് എടുത്തു വായിക്കാനാവും മുമ്പ് സ് റ്റേഷന്‍ മാസ്റ്റര്‍ക്ക് സംഗതി കിട്ടി.
മൂന്നേ…രണ്ടേ…ഒന്നേ…പൂജ്യം !
ഞാന്‍ കണ്ണുമടച്ച് വയറു രണ്ടും പിരിച്ചു വച്ചു. ബാലന്‍ കെ.നായരുടെ ചിരി പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ റോക്കറ്റ് കുറെ നേരം ഇരമ്പി നിന്നു. ഒടുവില്‍ സ്റ്റാര്‍ട്ടായി ഇളകി നിന്നു. പിന്നെ അകത്തു നിന്ന് ഡ്രൈവര്‍ നിയന്ത്രിച്ചതനുസരിച്ച് അത് മെല്ലം നിലത്തു നിന്നും ഉയര്‍ന്നു.
പെട്ടെന്ന് ഞാന്‍ സെക്യൂരിറ്റി അകത്തേക്കിട്ട തുണ്ടുകടലാസ് എടുത്തു വായിച്ചു.
അതിലെഴുതിയിരുന്ന നാല് വാക്കുകള്‍ കണ്ട് ഞാന്‍ വിറങ്ങലിച്ചിരുന്നു










