ടിന്റുമോന്‍ 2020
ഉന്നതവിദ്യാഭ്യാസം നേടിയ ടിന്റുമോന്‍(93) മകന്‍ മാത്തുക്കുട്ടിയെ(27) മറ്റുപലരെയും പോലെ സ്കൂളില്‍ അയച്ചിട്ടില്ല. റബറിന്റെ വില കിലോയ്ക്ക് രണ്ടായിരം രൂപയായി ഉയര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴുവര്‍ഷമായി. കൃത്രിമറബര്‍ ഉല്‍പ്പാദനം അസാധ്യമായി തീര്‍ന്നതിനാല്‍ സ്വഭാവികറബറിന്റെ ആവശ്യം വര്‍ധിച്ചിരിക്കുന്നു. മാത്തുക്കുട്ടിയാണ് ഇപ്പോള്‍ തോട്ടം നോക്കി നടത്തുന്നത്
ടെക്സസില്‍ നിന്നെത്തിയ ഒരു റൊണാള്‍ഡ് ആണു ടാപ്പിങ് ചെയ്യുുന്നത്. അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളുടെയും തൊഴിലാളികളുടെയും ഒഴുക്കാണു കേരളത്തിലേക്ക്. എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ ടാപ്പിങ് ജോലികള്‍ ചെയ്യുന്നത് ഏറെയും അമേരിക്കക്കാരും ഓസ്ട്രേലിയക്കാരുമാണ്.
വര്‍ണവിവേചനമാണു വെള്ളക്കാര്‍ എരുമേലിയിലും മറ്റും നേരിടുന്ന പ്രധാനപ്രശ്നം. മേഖലയില്‍ കറുത്ത വര്‍ഗക്കാര്‍ ഏറെയുള്ള സ്ഥലങ്ങളിലൂടെ വഴി നടക്കാന്‍ പോലും കഴിയുന്നില്ല. കഴിഞ്ഞ ദിവസം ശബരി റെയില്‍വേയിലൂടെ യാത്രചെയ്യവേ വിര്‍ജീനിയക്കാരനായ ബ്രൂട്ടിനെ മുക്കൂട്ടുതറ സ്വദേശി പുരുഷോത്തമന്‍പിള്ള((19) അടിച്ചു. അങ്ങയുടെ കൈ നൊന്തോ എന്നു മാത്രമാണു പാവം സായ്പ് (പണ്ടു പാശ്ചാത്യരെ നമ്മുടെ നാട്ടുകാര്‍ സായ്പ് എന്നാണു വിളിച്ചിരുന്നത്) പുരുഷോത്തമന്‍പിള്ളയോടു ചോദിച്ചത്. ഈ സംഭവം വിദേശരാജ്യങ്ങളില്‍ ചര്‍ച്ചയാവുന്നതായി സൂപ്പര്‍ ഗ്രിഡില്‍ വായിച്ചറിഞ്ഞു.
യൂറോപ്പിലെ ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നമ്മുടെ മാതൃഭാഷയായ ഇംഗീഷിനെ അവിയല്‍പരുവമാക്കുന്നതായി ആരോപണമുയരുന്നുണ്ട്. ഇംഗിഷിന്റെ കാര്യം പറഞ്ഞപ്പോഴാണു മലയാളത്തിന്റെ കാര്യമോര്‍ത്തത്. കൂണുപോലെയല്ലേ ഇപ്പോള്‍ മലയാളം മീഡിയങ്ങള്‍ തഴച്ചു വളരുന്നത്. മലയാളം സ്വാശ്രയമീഡിയങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരുന്നതായി വിദ്യാഭ്യാസമന്ത്രി സന്തോഷ്. തൊണ്ണൂറു വയസുകഴിഞ്ഞ ഈ മന്ത്രിയെ നിയന്ത്രിച്ചില്ലെങ്കില്‍ പണ്ടൊരു ബേബി മന്ത്രിയുടെ കാലത്തെ പോലെ വിദ്യാഭ്യാസരംഗം കുത്തഴിയും. കുട്ടി മലയാളം പറയുന്നത് എന്തോ വലിയകാര്യമാണെന്ന ഭാവമാണു പല രക്ഷിതാക്കള്‍ക്കും. കോര്‍പ്പറേഷനു കീഴില്‍ ഇപ്പോള്‍ മലയാളം മീഡിയങ്ങളുടെ എണ്ണം ഏഴായി.
പ്രായം തളര്‍ത്താത്ത ആവേശത്തോടെ ടിന്റുമോന്‍ ഹെലിക്കോബൈക്ക് ആകാശത്തുകൂടി പറപ്പിച്ച് എരുമേലി ടൌണിലെത്തി. അവിടെ പേട്ടതുള്ളല്‍ ഗംഭീരമായി നടക്കുന്നു. തുള്ളലിനു ചെണ്ടയും നാദസ്വരവും വായിക്കുന്നതില്‍ കാനഡക്കാര്‍ മിടുക്കരാണ്. തൊട്ടടുത്ത സ്റ്റേഡിയത്തില്‍ ഹെലിക്കോബൈക്ക് ലാന്‍ഡ് ചെയ്തു. എരുമേലി സിറ്റികോര്‍പ്പറേഷന്‍ മുതിര്‍ന്ന പൌരന്‍മാര്‍ക്കു സൌജന്യമായി നല്‍കിയതാണു ഹെലിക്കോബൈക്കുകള്‍. ഹെലിക്കോബൈക്കിന്റെ നിലവാരത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അരകിലോമീറ്റര്‍ ഉയരത്തില്‍ പറക്കുമെന്നു പറഞ്ഞിട്ട് ഇപ്പോള്‍ സാധനം മുന്നൂറുമീറ്ററില്‍ കൂടുതല്‍ പൊങ്ങില്ല. ദരിദ്രരാജ്യമായ ഫ്രാന്‍സില്‍ നിന്നാണു സാധനത്തിന്റെ ഇറക്കുമതി. ശിവകാശിയിലും കുന്നംകുളത്തും ചൈനയിലും ഉല്‍പ്പാദിപ്പിക്കുന്ന മുന്തിയ ഇനം ഹെലിക്കോബൈക്ക് ഒഴിവാക്കി ഫ്രാന്‍സിന്റെ സാധനം വാങ്ങിയതു കരാരുകാരനു കാശുണ്ടാക്കാനാണത്രേ. പണം എത്ര യധികമുള്ള ആളാണു ടിന്റുമോന്‍.എങ്കിലും സൌജന്യം എന്നു കേട്ടാല്‍ കേരളീയരുടെ ചോര തിളയ്ക്കും ഞരമ്പുകളില്‍. അതുകൊണ്ടാണു ചുമ്മാ കിട്ടിയ ബൈക്കു വാങ്ങിയത്.
ആഴ്ചതോറും ടൌണില്‍ ടണ്‍ കണക്കിനു കംപ്യൂട്ടര്‍ വേസ്റ്റ് അടിഞ്ഞുകൂടുന്നതു നിയന്ത്രിക്കാന്‍ കോര്‍പറേഷനു കഴിയുന്നില്ല. കംപ്യൂട്ടര്‍ ഇന്‍സിനറേറ്ററിന്റെ പണി പാതി വഴിയിലാണ്. ലോറിയില്‍ വേസ്റ്റ് കയറ്റിക്കൊണ്ടു പോകുന്നതു ജര്‍മന്‍കാരന്‍ എഡ്വേഡാണ്. പുറംജോലിക്കാരെ നിയന്ത്രിക്കുന്നതില്‍ ഇന്ത്യാമഹാരാജ്യത്തു പുതിയ നിയമം വരുന്നെന്നു കേള്‍ക്കുന്നു. എങ്കിലും ഈ ഏകലോകത്തില്‍ ഇത്രവലിയ വിവേചനം നടക്കുന്നതിനെ ടിന്റുമോന്‍ അംഗീകരിക്കുന്നില്ല.
(മലയാള മനോരമ എരുമേലി ലേഖകന്‍ സജി തോമസിന്റെ സൃഷ്ടി. 2009 ജൂലൈ 1ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചത്. )










