മെഗാ-വെബ്സൈറ്റുമായി മെഗാസ്റ്റാര്‍
മലയാളത്തില്‍ ആദ്യമായി വെബ്സൈറ്റ് തുടങ്ങിയ മമ്മൂട്ടി ബ്ളഡ്ബാങ്ക് ഉള്‍പ്പെടെയുള്ള അനേകം സേവനങ്ങളുള്‍പ്പെടുത്തി ഒരു സമഗ്രപോര്‍ട്ടല്‍ ആയാണ് മമ്മൂട്ടി ഡോട് കോം (www.mammootty.com) പുനരാവിഷ്കരിച്ചിരിക്കുന്നത്. പൂര്‍ണമായും മമ്മൂട്ടിയുടെ ചിന്തകളും ആശയങ്ങളും സങ്കല്‍പങ്ങളും ഉള്‍ക്കൊണ്ടു നിര്‍മിച്ച മമ്മൂട്ടി ഡോട് കോം ഒരു താരത്തിന്റെ വെബ്സൈറ്റ് എന്നതിനപ്പുറം താരത്തെക്കൊണ്ട് എന്തു പ്രയോജനം എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്.
മമ്മൂട്ടി ഡോട് കോം എന്ന വെബ്സൈറ്റിനോടൊപ്പം ബ്ളോഗ് ഉള്‍പ്പെടെ ആറ് മൈക്രോവെബ്സൈറ്റുകള്‍ അടങ്ങുന്നതാണ് പുതിയ പോര്‍ട്ടല്‍. മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം ആരംഭിച്ച ബ്ളഡ്ബാങ്ക് (bloodbank.mammootty.com) ആളുകള്‍ക്ക് രക്തദാനം നടത്തുന്നതിനും ആവശ്യക്കാര്‍ക്ക് ദാതാക്കളെ കണ്ടെത്തുന്നതിനും സഹായകരമാണ്. സൌജന്യമായി റജിസ്റ്റര്‍ ചെയ്യാവുന്ന ഈ ഓണ്‍ലൈന്‍ ബ്ളഡ്ബാങ്ക് അടുത്ത ഘട്ടത്തില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് പ്രാദേശികതലത്തില്‍ രക്തദാനക്യാപുകള്‍ സംഘടിപ്പിക്കും.
വെബ്സൈറ്റിലെ റിസോഴ്സസ് എന്ന വിഭാഗത്തിലൂടെ (resources.mammootty.com) ആരാധകര്‍ക്കു മമ്മൂട്ടിയുമായി, മമ്മൂട്ടിയുടെ സിനിമകളുമായി ബന്ധപ്പെട്ട് തങ്ങളുടെ കയ്യിലുള്ള പഴയ ചിത്രങ്ങളും പോസ്റ്ററുകളും സിഡി കവറുകളും തുടങ്ങി അപൂര്‍വമായ ഇന്റര്‍വ്യൂകളും ലേഖനങ്ങളും എല്ലാം മമ്മൂട്ടിക്കു തന്നെ സമര്‍പ്പിക്കാനുള്ള പുതുമയുള്ള സാധ്യതകളാണുള്ളത്. ഉപയോക്താക്കള്‍ക്ക് ഇവ വെബ്സൈറ്റിലൂടെ നേരിട്ട് അപ്ലോഡ് ചെയ്യാം. ഓറോ അപ്ലോഡിനും പോയിന്റുകള്‍ ലഭിക്കും. ഇത്തരത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന 20 പേര്‍ക്ക് ഡൈന്‍ വിത് മമ്മൂട്ടി ഓഫറിലൂടെ മമ്മൂട്ടിയൊരുക്കുന്ന വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുക്കാം.
ഓര്‍കുട്ട് മാതൃകയിലുള്ള സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റ് ആണ് മമ്മൂട്ടി ഡോട് കോമിന്റെ മറ്റൊരു സവിശേഷത. ക്ളബ്എം (clubm.mammootty.com) എന്നു പേരിട്ടിരിക്കുന്ന ഈ സൈറ്റില്‍ ആര്‍ക്കും പ്രൊഫൈല്‍ ഉണ്ടാക്കി സൌഹൃദം സ്ഥാപിക്കാം. ക്ളബ്എമ്മിലെ അംഗങ്ങളെല്ലാം മമ്മൂട്ടിയുടെയും സുഹൃത്തുക്കളായിരിക്കും. ലൈവ് ചാറ്റ്, ബ്ളോഗ്, ഫോട്ടോ അല്‍ബം, ഫോറം തുടങ്ങിയ സംവിധാനങ്ങളെല്ലാം ക്ളബ് എമ്മിലെ അംഗങ്ങള്‍ക്കും ലഭ്യമാണ്.
മമ്മൂട്ടി ഓണ്‍ ദ് മൂവ് – തിരക്കു പിടിച്ച ദിവസങ്ങളിലെ ചെറിയ ഇടവേളകളില്‍ തന്റെ മൊബൈല്‍ ക്യാമറയിലൂടെ മമ്മൂട്ടി എടുക്കുന്ന ചിത്രങ്ങള്‍ മമ്മൂട്ടി നേരിട്ടു വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്ന വിഭാഗമാണിത്.
ആയിരക്കണക്കിനു വായനക്കാരുള്ള മമ്മൂട്ടിയുടെ ബ്ളോഗ് (blog.mammootty.com) ഇനി മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും ലഭ്യമാകും. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിനെക്കുറിച്ചുള്ള കുറിപ്പാണ് ബ്ളോഗിലെ മമ്മൂട്ടിയുടെ പുതിയ പോസ്റ്റ്. മലയാളസിനിമയില്‍ ആദ്യമായി ബ്ളോഗ് തുടങ്ങിയ മമ്മൂട്ടി ലോകത്തിന്റെ പുതിയ മാധ്യമമായ മൈക്രോ ബ്ളോഗ് ട്വിറ്റര്‍ ഉപയോഗിക്കുന്ന ആദ്യമലയാളതാരം കൂടിയാവുകയാണ്. മമ്മൂട്ടിയുടെ ട്വിറ്റര്‍ അപ്ഡേറ്റുകള്‍ (twitter.mammootty.com) വഴി ഓരോ നിമിഷവും നിങ്ങള്‍ക്കു മമ്മൂട്ടിയോടൊപ്പം സഞ്ചരിക്കാം.
ഇതിനു പുറമേ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍, സിനിമകളുടെ പോസ്റ്ററുകള്‍, ചലച്ചിത്രജീവിതവും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, മമ്മൂട്ടി ടൈെസ് മൈക്രോസൈറ്റ്, സ്ക്രോള്‍ ന്യൂസ്, തിരഞ്ഞെടുത്ത സീനുകളും ഡയലോഗുകളും ഗാനങ്ങളും ടിവി ഇന്റര്‍വ്യൂകളും അടങ്ങിയ വിപുലമായ വിഡിയോ ഗാലറി, മമ്മൂട്ടിയെക്കുറിചച്ചു വന്നിട്ടുള്ള ലേഖനങ്ങളുടെയും വാര്‍ത്തകളുടെയും സമാഹാരം, വാള്‍പേപ്പര്‍, ഫോട്ടോ, കലണ്ടര്‍ ഡൌണ്‍ലോഡിങ് തുടങ്ങി മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അടുത്തറിയാനും അടുത്തിടപെഴകാനും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സഹായകമായ മമ്മൂട്ടി ഡോട് കോം ഇന്റര്‍നെറ്റില്‍ മമ്മൂട്ടിയെ സംബന്ധിച്ച ഏറ്റവും ആധികാരികമായ ഡേറ്റാബേസ് കൂടിയായി മാറുകയാണ്.
മമ്മൂട്ടി വിഭാവനം ചെയ്ത വെബ്സൈറ്റ് കൊച്ചിയിലെ ഈസിസോഫ്ട് ടെക്നോളജീസ് ആണ് അണിയിച്ചൊരുക്കിയത്. വെബ് ഡിസൈനിങ്ങിലും പ്രോഗ്രാമിങ്ങിലും ആദ്യം മുതല്‍ ഒപ്പം നിന്ന മമ്മൂട്ടിയുടെ ആശയങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിച്ചിരിക്കുന്ന ഈ പോര്‍ട്ടല്‍ അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടി തന്റെ പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കിയ സമ്മാനമാണ്.
ഇന്ന് കൊച്ചിയില്‍ നടക്കുന്ന റീലോഞ്ചിങ് ചടങ്ങ് മലയാളസിനിമ-സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ ഒത്തുചേരല്‍കൂടിയായി മാറുമ്പോള്‍ മമ്മൂട്ടി എന്ന മഹാനടന്‍ തന്റെ ഇമേജുകള്‍ക്കു പുറത്തേക്ക്, മനുഷ്യസ്നേഹത്തിന്റെ ചിറകുകള്‍ വിടര്‍ത്തി പറന്നുയരുകയാണ്. .











