ജോസുകുട്ടിയുടെ സ്വന്തം നിമ്മി !
ജോസുകുട്ടിക്ക് പ്രണയമായിരുന്നു മെയിനും സബ്ബും. ലോവര്‍ കൌമാരത്തില്‍ സരള, അപ്പര്‍ കൌമാരത്തില്‍ സൂസി, അത്യന്താധുനിക യൌവനത്തില്‍ മസാല്‍ദസയായ ദമയന്തി എന്നിങ്ങനെ ജീവിച്ചു പോന്ന സാധാരണ ചെറുപ്പക്കാരെപ്പോലെ ഒന്നും ആയിരുന്ന പാവപ്പെട്ടവനും നല്ലവനും സര്‍വോപരി ലോലഹൃദയനുമായിരുന്ന ജോസുകുട്ടി.
എന്തുകൊണ്ടെന്നാല്‍ കൌമാരവും യൌവനവും അതു കഴിഞ്ഞ് വല്ലതുമൊക്കെ ഉണ്ടെങ്കില്‍ അതും അതിനപ്പുറവും നാലാം ക്ലാസ്സിലെ രണ്ടാം ടേമിന്റെ മധ്യഭാഗത്ത് വച്ച് ജോസുകുട്ടി പരിശുദ്ധയായ നിമ്മി എന്ന നിര്‍മ്മലയ്ക്ക് തീറെഴുതിക്കൊടുത്തിരുന്നു.
തന്റെ സ്പോണ്‍സറുടെ ആസ്തി-ബാധ്യതാ പട്ടികയറിയാതെ ജീവിക്കുന്ന കന്യാസ്ത്രീകളുടെ അനാഥാലായത്തിലെ തടിയുള്ള പെണ്ണുങ്ങളെപ്പോലെ നന്നായി മെലിഞ്ഞ നിമ്മി ജോസുകുട്ടിയുടെ തീറെഴുത്തിന്റെ കാര്യമറിയാതെ നാലില്‍ അഞ്ചില്‍ നിന്ന് പുല്ലുപോലെ ജയിച്ചു. ജോസുകുട്ടി അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. താന്‍ തോല്‍ക്കുമ്പോള്‍ തന്നോടൊപ്പം തോല്‍ക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം അവള്‍ പുലര്‍ത്തുമെന്നും അതനുസരിച്ച് തന്നോടൊപ്പം മണ്ടന്‍ പരീക്ഷ എഴുതുമെന്നും വെറുതെ പ്രതീക്ഷിച്ച ജോസുകുട്ടി നിരാശനായി.
ഒറ്റയ്ക്കായപ്പോള്‍ ജോസുകുട്ടിക്ക് നിമ്മിയോടുള്ള ഇഷ്ടം കൂടി. പെട്ടെന്ന് അവളോടൊപ്പമെത്താന്‍ ജോസുകുട്ടി ആഞ്ഞു പഠിച്ചു. ആ വര്‍ഷം ജോസുകുട്ടി നാലില്‍ നിന്ന് അഞ്ചിലേക്ക് ആഗിരണം ചെയ്യപ്പെട്ടു. അഞ്ചിലെത്തിയെങ്കിലും പ്രകൃതിനിയമനുസരിച്ച് നിമ്മി ആറിലേക്കു ജയിച്ചു.
സംസ്ഥാനവിദ്യാഭ്യാസ വകുപ്പിന്റെ പ്രാകൃത നിയമങ്ങളെക്കുറിച്ച് എട്ട് ബിയിലെ വട്ടുകണ്ണന്‍ പ്രസംഗിക്കുന്നതു കേട്ടപ്പോള്‍ ജോസുകുട്ടിയും അറിയാതെ കൈയ്യടിച്ചുപോയി. തന്നെയും നിമ്മിയെയും അകറ്റി നിര്‍ത്തിയിരിക്കുന്നത് ഈ സര്‍ക്കാരാണ്. സര്‍ക്കാര്‍ തുലയട്ടെ. വിപ്ലവം വന്നു പണ്ടാരമടങ്ങട്ടെ. വിപ്ലവം വന്നാല്‍ ഇഷ്ടമുള്ള ക്ലാസ്സില്‍ പോയിരിക്കാമായിരിക്കും. ചിലപ്പോള്‍ നിമ്മിയുടെ അടുത്തും ഇരിക്കാമായിരിക്കും.
വിപ്ലവം വന്നു നടമാടാതെ പോയതു കൊണ്ട് അടുത്ത വര്‍ഷം ജോസുകുട്ടി ആറിലെക്കും നിമ്മിക്കൊച്ച് ഏഴിലേക്കും ജയിച്ചു. തന്റെ പ്രണയത്തിന്റെ രാജപാത കല്‍ക്കരിയില്‍ നിന്ന് ഡീസലിലേക്ക് മാറ്റി ജോസുകുട്ടി തന്റെ ചിന്തകളും സ്വപ്നങ്ങളും ഇടുക്കിയില്‍ നിന്നു വരുന്ന ബീഡിക്കെട്ടുകളിലെന്ന പോലെ നിമ്മിയെന്ന കഞ്ചാവുലഹരി കൊണ്ട് നിറച്ചു.
ദൈവം കരുണയുള്ളവനാണെന്ന് ജോസുകുട്ടി തിരിച്ചറിഞ്ഞത് അടുത്ത വര്‍ഷം അവന്‍ ഏഴാം ക്ലാസ്സിലേക്കു ജയിക്കുകയും നമ്മി വിജയകരമായി ഏഴില്‍ തോല്‍ക്കുകയും ചെയ്തതതോടെയാണ്. റിസള്‍ട്ട് നോക്കി മടങ്ങും വഴി അരുവിത്തുറ പള്ളിയില്‍ പോയി ജോസുകുട്ടി മെഴുകുതിരി കത്തിച്ചു.
പാമ്പിന്റെ അണ്ണാക്കിലേക്ക് കുന്തമിറക്കി സ്റ്റില്ലായി നില്‍ക്കുന്ന പുണ്യാളനെ കണ്ടപ്പോള്‍ ചില സിനിമാ പോസ്റ്ററുകള്‍ കണ്ടാലെന്നപോലത്തെ വീര്യം ജോസുകുട്ടിയില്‍ നിറഞ്ഞു. അരുവിത്തുറ വല്യച്ചനെ തന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച് ജോസുകുട്ടി മടങ്ങി.
പക്ഷെ, വല്യച്ചന്റെ പെര്‍ഫോമന്‍സ് പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. നിമ്മിക്കൊച്ചിനെ ഏഴ് എയുടെ റാണിയാക്കി അവരോധിച്ചിട്ട് വല്യച്ചന്‍ ജോസുകുട്ടിയെ വിരസതയുടെ ഏഴു ബിയില്‍ കൊണ്ടുപോയി തള്ളി. എങ്കിലും ഏഴ് എന്ന സമാനത ജോസുകുട്ടിയ്ല്‍ പ്രതീക്ഷ നിറച്ചു. എട്ട്, ഒന്‍പത് , പത്ത്. ജോസുകുട്ടിയുടെ പ്രണയം മൂച്വല്‍ ഫണ്ടു പോലെ അവനോടൊപ്പം വളര്‍ന്നു. ഒഴിവാക്കാന്‍ വയ്യാത്ത പ്രേതം പോലെ അവന്റെ ജീവിതത്തിന്റെ, ചിന്തകളുടെ, ശൈലികളുടെ ഒക്കെ ഭാഗമായി, അവന്റെ സ്വപ്നങ്ങളുടെ ഭാഗധേയമായി മുഴച്ചു നിന്നു.
പാവം നിമ്മിക്കൊച്ച് ഈ പ്രണയം ഒന്നും അറിഞ്ഞതേയില്ല. അവളെ ഒരു നൂറു തവണയെങ്കിലും നേരേ നേരേ കണ്ടിട്ടും ഉള്ള വിവരം പറയാന്‍ ജോസുകുട്ടിക്ക് ധൈര്യം വന്നതുമില്ല. ഇത്രയായ നിലയ്ക്ക് ഇനിയവള്‍ ഇഷ്ടമല്ലെന്നുങ്ങാനും പറഞ്ഞാല്‍ എനിക്കു സഹിക്കുകേല ! അതിന് ജോസുകുട്ടി കണ്ട പ്രതിവിധി ഇഷ്ടമാണോ എന്ന ചോദ്യം ഒഴിവാക്കുക എന്നതു തന്നെയായിരുന്നു.
അരുവിത്തുറ പാലത്തിനു കീഴിലൂടെ നാലഞ്ച് വര്‍ഷകാലത്തിന്റെ വെള്ളവും അത്രയും തന്നെ വേനലിന്റെ വിസര്‍ജ്ജ്യങ്ങളും ഒഴുകിപ്പോയി. വല്യച്ചന്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ അതേ പാമ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നിന്നു. ഇടക്കിടെ വന്നു മെഴുകുതിരി കത്തിച്ചു പോയതല്ലാതെ ജോസുകുട്ടിയുടെ ശ്രദ്ധയും നിമ്മിയില്‍ നിന്നു വേറിട്ടില്ല. വേറെ ഒന്നും സംഭവിച്ചുമില്ല.
പക്ഷെ, അമേരിക്കയിലേക്കോ ബ്രിട്ടണിലേക്കോ ഉള്ള ഏതോ വിമാനത്തിന്റെ സീറ്റില്‍ അവളുടെ പേര് ഏറെക്കുറെ എഴുതപ്പെട്ടു കഴിഞ്ഞു എന്ന് ജോസുകുട്ടി ആശങ്കപ്പെട്ടത് പെങ്കൊച്ചിനെ നഴ്സിങ് പഠിക്കാന്‍ അപ്പന്‍ ബാംഗ്ലൂരിലെ കോളജിലയച്ചതു മുതലാണ്. പോരെങ്കില്‍ ബാംഗ്ലൂരാണ് സ്ഥലം, പാലായിലും കാഞ്ഞിരപ്പള്ളിയിലുമുള്ള പെണ്‍പിള്ളാരുടെ കൈയ്യിലാണ് അവിടുത്തെ ചിന്ന ഗൌണ്ടര്‍മാരുടെ പണപ്പെട്ടികളെന്നും കേള്‍ക്കുന്നു.
ആശങ്ക വര്‍ധിച്ച് ഒരു വഴിക്കാകുമെന്നു തോന്നിയപ്പോള്‍ പ്രണയം ഒരു പ്രൊഫഷനായി സ്വീകരിച്ച സുഹൃത്ത് ചാര്‍ളിയെ സമീപിച്ചു.
ചാര്‍ളി ക്ഷുഭിതനായി- ഇത്രയും കാലം നിന്റെ പ്രണയം അവളറിയാതെ സൂക്ഷിച്ചത് മണ്ടത്തരം… പെണ്ണുങ്ങളെ അങ്ങനെ സ്നേഹിക്കരുത്… ചുമ്മാ പറയാം, 10 വര്‍ഷമായി ഈ ഇഷ്ടം എന്റെ മനസ്സിലുണ്ട്… 7 വര്‍ഷമായി ഞാന്‍ നിന്നെ നിശ് ബ്ദമായി പ്രണയിക്കുകയായിരുന്നു എന്നൊക്കെ.. അല്ലാതെ സ്വന്തം ജീവിതം കൊണ്ടാണോ ? മണ്ടത്തരമായിപ്പോയി… എത്രയെത്ര സാധനങ്ങളെ പുല്ലുപോലെ വളച്ചോണ്ടു പോയി എന്തൊക്കെ ചെയ്യാമായിരുന്നു നിനക്ക്… എല്ലാം ഒരുത്തിക്കു വേണ്ടി.. ഛെ!!
ജോസുകുട്ടിക്ക് ഒന്നും തോന്നിയില്ല. ഈ ജീവിതം വന്നെ പ്രിയങ്കരിയായ നിമ്മിക്കു വേണ്ടിയല്ലേ ? ജോസുകുട്ടിയുടെ ആശങ്കകളുടെ അടിസ്ഥാനത്തില്‍ കൊച്ച് നഴ്സായി അമേരിക്കന്‍ പക്ഷിയായി പറക്കുന്നതിനു മുമ്പ് വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രേമത്തിന്റെ വൈന്‍കുപ്പി പൊട്ടിക്കണം. ബാംഗ്ലൂരല്ലേ, നേരിട്ടു പോയാലും കാണുക എളുപ്പമല്ല. ഫോണില്‍ വിളിച്ച് ഇത്തരമൊരു കാര്യം പറയുന്നതും ശരിയല്ല. ഇ- മെയില്‍ എന്നു പറയുന്ന സാങ്കേതിക സംവിധാനം ഉപയോഗിക്കാം.
അതിനളുടെ ഇ മെയില്‍ വിലാസം അറിയണ്ടേ ?
അന്വേഷിച്ച് കണ്ടെത്തണം!
ആരോട് അന്വേഷിക്കും ?
അവളുടെ അടുത്ത കൂട്ടുകാരോടാരോടെങ്കിലും ചോദിക്ക് !
ജോസുകുട്ടി ചോദിച്ചിട്ട് അങ്ങനെയൊരു സംഗതി കിട്ടാന്‍ പോകുന്നില്ലെന്ന് മനസ്സിലായ ചാര്‍ളി തന്നെ വിദഗ്ധമായി ഇ മെയില്‍ വിലാസം കണ്ടെത്തി. ജോസുകുട്ടി വളരെ ഹ്രസ്വമായ കുശലപ്രശ്നങ്ങളോടെ ഒരു മെയിലയച്ചു. നെഞ്ചിടിപ്പോടെ കാത്തിരുന്നു. മൂന്നാം ദിവസം മറുപടി വന്നു. അയ്യോ, ഇതു നമ്മുടെ ജോസുകുട്ടിയല്ലേ ! എന്ന ലൈനിലൊരു സാധനം.
ആ ഫീമെയിലിന്റെ ഇ മെയിലിലെവിടെയും പ്രണയത്തിന്റെ ലക്ഷണങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. ജോസുകുട്ടി കടുത്ത സംയമനത്തോടെ ഒന്നു രണ്ടു മെയിലുകള്‍ കൂടി അയച്ചു. നാട്ടുവിശേഷങ്ങള്‍, അവളുടെ അമ്മേടെ പനി, അപ്പന്റെ ഷാപ്പിലെ കുടി തുടങ്ങിയ വിശേഷങ്ങളുമായി കുഞ്ഞു കുഞ്ഞു മെയിലുകള്‍. അതിനൊക്കെ നിമ്മി മറുപടിയും അയച്ചു. അങ്ങോട്ടയച്ചതു പോലെ തന്നെ കുഞ്ഞു കുഞ്ഞു മെയിലുകള്‍.
ഒടുവില്‍ അഭിനിവേശങ്ങളുടെ തിരത്തള്ളലില്‍ ജോസുകുട്ടിയുടെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്റെ മുല്ലപ്പെരിയാര്‍ അവസാന മെയിലുകളില്‍ ചെറുതായി ചോര്‍ന്നു, ഒടുവിലത്തെ മെയിലില്‍ അത് പൊട്ടിത്തകര്‍ന്നു. അവന്റെ ജീവചരിത്രം അങ്ങനെ വെറും പതിനെട്ടു കെബി മാത്രമുള്ള ഒരു മെയിലില്‍ അവളുടെ നേര്‍ത്ത ഹൃദയത്തിന്റെ അന്തര്‍ധാരകളില്‍ വെറുതെ 110 കെവി വൈദ്യുതി പ്രവഹിപ്പിച്ചു.
ദിവസങ്ങള്‍ പലതു കഴിഞ്ഞു. മറുപടി വന്നില്ല. ആഴ്ച രണ്ടു കഴിഞ്ഞു. ജോസുകുട്ടി പ്രതീക്ഷകള്‍ കൈവിട്ടു ഒപ്പം തന്റെ സ്വപ്നങ്ങളും ചിന്തകളും ജീവിതവും തന്നെ കൈവിട്ടുകളയാനാലോചിച്ചു.
തന്റെ സുഹൃത്തിന്റെ അവസ്ഥ കണ്ട ചാര്‍ളി ഒടുവില്‍ ഒരു കടുംകൈ ചെയ്തു. നിമ്മിയുടെ പേരില്‍ ഒരു പുതിയ ഐഡിയുണ്ടാക്കി ജോസുകുട്ടിക്ക് ഒരു മറുപടിയയച്ചു, നിമ്മിയുടെ മറുപടി. അടുത്ത ദിവസം ജോസുകുട്ടിയുടെ ആവേശം കണ്ടപ്പോള്‍ ചാര്‍ളിക്ക് കാര്യം മനസ്സിലായി. മെയിലന്റെ ഇഫക്ടാണ്.
ജോസുകുട്ടിയുടെ പ്രണയം വഴിഞ്ഞൊഴുകുന്ന ഒരു ലോഡ് മെയിലുകള്‍ മറുപടിയായി വന്നു തുടങ്ങി. പത്തെണ്ണത്തിന് ഒന്നു വീതം ചാര്‍ളി എന്ന നിമ്മി മറുപടിയും അയച്ചു. ജോസുകുട്ടി കര്‍മ്മോല്‍സുകനും സര്‍ഗധനനും ആയി മാറുന്നത് ചാര്‍ളി കണ്ടറിഞ്ഞു. പക്ഷെ, ഒടുവില്‍ വഞ്ചിക്കപ്പെട്ടു എന്ന് ജോസുകുട്ടി തിരിച്ചറിയുന്ന ദിവസം എന്തു സംഭവിക്കും എന്ന ആശങ്ക ചാര്‍ളിയുടെ മനസ്സമാധാനം ഇല്ലാതാക്കി.
ഒടുവില്‍ തന്റെ മധുരമുള്ളതെങ്കിലും ക്രൂരമായ വഞ്ചനയ്ക്ക് ഒരവസാനം കാണാന്‍ ചാര്‍ളി തീരുമാനിച്ചു. ജോസുകുട്ടിയോട് എല്ലാം തുറന്നു പറയുക. വരുന്നത് വരട്ടെ. ക്രിസ്തുമസിന്റെ പിറ്റേന്ന് ജോസുകുട്ടിയോട് പള്ളിമുറ്റത്ത് വച്ച് സത്യം തുറന്നു പറയാന്‍ ചാര്‍ളി തീരുമാനിച്ചു. പക്ഷെ, ചാര്‍ളി പറയാനടുത്തു വരമ്പോഴേക്കും ജോസുകുട്ടി തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു.
അവധിക്ക് നാട്ടിലെത്തിയ നിമ്മിയെ പ്രണയാധിക്യത്താല്‍ പുണരാനെന്ന പോലെ നീങ്ങുന്ന ജോസുകുട്ടിയെ തടഞ്ഞില്ലെങ്കില്‍ അവളുടെ കൈയ്യില്‍ നിന്നുള്ള ആദ്യ അടി തന്നെ പാവം ജോസുകുട്ടിയുടെ കവിളിലായിരിക്കുമെന്നതില്‍ ചാര്‍ളിക്കു സംശയമില്ലായിരുന്നു. ഒടുവില്‍ അവര്‍ തമ്മില്‍ കൂട്ടിമുട്ടി എന്നു തോന്നിയ നിമിഷം ചാര്‍ളി സെമിത്തേരിയുടെ ഭാഗത്തേക്കു തിരിഞ്ഞു നിന്ന് കണ്ണടച്ചു. ഒരു അട്ടഹാസവും അടിയുടെ ശബ്ദവുമാണ് പ്രതീക്ഷിച്ചതെങ്കിലും മണികിലുങ്ങും പോലുള്ള നിമ്മിയുടെ ചിരിയും അതിനോടു ചേര്‍ന്നുള്ള ജോസുകുട്ടിയുടെ ചിരിയും കേട്ട് ചാര്‍ളി ഞെട്ടി.
സംഭവിക്കുന്നതൊക്കെ സത്യമാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെട്ട് നില്‍ക്കുമ്പോള്‍ അവരിരുവരും കൈ കോര്‍ത്ത് പിടിച്ച് പള്ളിയുടെ നടയിറങ്ങിപ്പോകുന്നത് ചാര്‍ളി കണ്ടു. അടുത്ത ദിവസം രാവിലെ ആശയക്കുഴപ്പം കൊണ്ട് ഭ്രാന്തുപിടിക്കുമെന്ന അവസ്ഥയില്‍ പള്ളിയിലേക്കെത്തിയ ചാര്‍ളി കാണുന്നത് അരുവിത്തുറ വല്യച്ചന്റെ മുന്നില്‍ കത്തിയെരിയുന്ന 1000 മെഴുകുതിരികളാണ്.
നിമ്മി തന്നോടിഷ്ടമാണെന്ന് പറയുന്ന ദിവസം പള്ളിയില്‍ 1000 മെഴുകുതിരികള്‍ കത്തിക്കുമെന്ന് ജോസുകുട്ടി പറഞ്ഞത് ചാര്‍ളി ഓര്‍ത്തു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നടയിറങ്ങാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് മധുരമുള്ള ഒരു ശബ്ദം ചാര്‍ളിയെ തടഞ്ഞു- ചാര്‍ളിയൊന്നു നിന്നേ !
പിന്നില്‍ തികഞ്ഞ ഗൌരവത്തില്‍ നിമ്മി. – എന്താ പാസ്സ്വേര്‍ഡ് ?
ചാര്‍ളിക്കു മനസ്സിലായില്ല- പാസ്സ് വേര്‍ഡോ ?
നിമ്മി- അതെ, എന്റെ പേരില്‍ ചാര്‍ളിയുണ്ടാക്കിയ മെയില്‍ ഐഡിയുടെ പാസ്സ്വേര്‍ഡ് !
ചാര്‍ളി ഞെട്ടി. ഈറന്‍ തണുപ്പുള്ള വെളുപ്പാന്‍ കാലത്തും അവന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.
നിമ്മി ചിരിച്ചു- വിളറേണ്ട… എന്റെ പേരില്‍ ചാര്‍ളിയുണ്ടാക്കിയ ഐഡിയില്‍ നിന്നുള്ള മെയിലുകള്‍ക്കെല്ലാം ജോസുകുട്ടി അയച്ച മറുപടികള്‍ എന്റെ ശരിയായ ഐഡിയിലും കൂടി അയച്ചിരുന്നു പാവം… ആദ്യത്തെ മെയിലുകള്‍ കണ്ടപ്പോള്‍ എനിക്കയാളോട് ഒരു പ്രേമവുമില്ല എന്നു പറഞ്ഞ് മെയിലൊരെണ്ണം എഴുതിയാലോ എന്നോര്‍ത്തതാണ്… പക്ഷെ, ഒന്നിനു പിറകേ ഒന്നായി വന്ന ജോസുകുട്ടിയുടെ മെയിലുകളില്‍ ഞാന്‍ കണ്ട പ്രണയത്തിന്റെ തീവ്രത എന്നെ അമ്പരപ്പിച്ചു കളഞ്ഞു !
ചാര്‍ളിക്ക് അവളെക്കുറിച്ച് മതിപ്പു തോന്നി. നിമ്മി തുടര്‍ന്നു- ഒരു കാര്യത്തില്‍ നിക്കു ചാര്‍ളിയോട് നന്ദിയുണ്ട്.. എന്റേതെന്ന മട്ടിലയച്ച മെയിലുകളില്‍ നിങ്ങല്‍ എന്റെ ഹൃദയവികാരങ്ങള്‍ കലര്‍ത്തി.. നിങ്ങളറിയാതെ തന്നെ.. അതൊരു പക്ഷേ, ജോസുകുട്ടിയുടെ സ്നേഹത്തിന്റെ പുണ്യമായിരിക്കാം.
അവനെക്കുറിച്ച് പറഞ്ഞപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞ നിമ്മി തിടുക്കത്തില്‍ നടയിറങ്ങിപ്പോയി. നെഞ്ചു വിരിച്ചു നില്‍ക്കുന്ന വിശുദ്ധന്റെ മുന്നില്‍ കത്തുന്ന മെഴുകുതിരികള്‍ ഒരു കടല്‍ പോലെ പരന്നു കിടക്കുന്നതായി ചാര്‍ളിക്കു തോന്നി.
തന്റെ കവിളിലെ നനവിന്റെ ഉറവ് തുടച്ചപ്പോള്‍ ഓരോ തിരിനാളങ്ങളും വ്യക്തമായി അവന്റെ ഹൃദയത്തിന്റെ നെരിപ്പോടിലേക്ക് അനുഭൂതികളുടെ ജ്വാല പകരുകയായിരുന്നു.

