ഭരണങ്ങാനം ബുള്ളറ്റിന്‍ @ 12.00

നമസ്കാരം, ഭരണങ്ങാനം ബുള്ളറ്റിനിലേക്കു സ്വാഗതം,

ഭരണങ്ങാനം മീറ്റില്‍ സംഭവിച്ചതെന്നറിയാന്‍ ബൂലോക സര്‍ക്കാര്‍ ഒരു അന്വേഷ കമ്മിഷനെ നിയമിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സത്യം പുത്തുകൊണ്ടുവരിക എന്ന ഏക ലക്ഷ്യ, ഏകദിന, ഏകാംഗ കമ്മിഷനാണ് … ബൂലോഗം നിയമിച്ചിരിക്കുന്ന ആ കമ്മിഷന്‍ പാലായുടെ ഭൂമിശാസ്ത്രം നന്നായറിയാവുന്ന ശ്രീ എതിരന്‍ കതിരവനാണ്. അദ്ദേഹം ഇപ്പോള്‍ ഭരണങ്ങാനത്ത് സംഭവവുമായി ബന്ധപ്പെട്ട ആളുകളെ നേരിട്ടു കാണുകയാണ്… കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യമില്ല നമുക്ക് നേരിട്ട് കാണാം എതിരന്റെ അന്വേഷണത്തിന്റെ ദൃശ്യങ്ങള്‍.. എതിരനോടൊപ്പം ആളുകളെ ഇടിക്കാന്‍ ശ്രീ ഡിങ്കനുമുണ്ട്..തല്‍സമയം സംപ്രേഷണത്തിലേക്ക്….

ഭരണങ്ങാനം മാട്ടേല്‍ ഷാപ്പിന്റെ മുറ്റത്ത് കസേരയിട്ടിരിക്കുന്ന ശ്രീ എതിരന്‍. ആറടി ഉയരം, ഉറച്ച ശരീരം. പ്രായം പറയാന്‍ പറ്റാത്ത പ്രകൃതം. കറുത്ത സണ്‍ഗ്സാസ്സ്, കനത്ത മീശ. ഋഷിരാജ് സിങ്ങും, രാജുനാരായണ സ്വാമിയും സുരേഷ് കുമാറും ഒന്നിച്ചു ചേര്‍ന്നാലത്തെ എഫക്ട്.

എതിരന്റെ മുന്നില്‍ കൂസലില്ലാതെ ഇരിക്കുകയാണ് സുന്ദരിയായ ലൂസിക്കുട്ടി.

എതിരന്‍- സുനീഷിനെ അറിയാമോ ?

ലൂസിക്കുട്ടി- ഏത് സുനീഷ് ?

എതിരന്‍ – ഏതൊക്കെ സുനീഷുമാരെ നീയറിയും ?

ലൂസിക്കുട്ടി- തനിക്കേതു സുനീഷിനെയാ അറിയേണ്ടത് ??

ഡിങ്കന്‍- ചുമ്മാതെയാ സാറേ.. ആദ്യത്തെ ബ്ലോഗേഴ്സ് മീറ്റിന് സുനീഷിനെ കാണാന്‍ ഈ കൊച്ചിവിടെ വന്നിട്ടൊള്ളതാ..

ലൂസിക്കുട്ടി ഡിങ്കനെ രൂക്ഷമായി നോക്കുന്നു. അടുപ്പില്‍ കള്ളു തിളച്ചു പോകുന്ന ശബ്ദം കേട്ടിട്ടെന്നപോലെ ഡിങ്കന്‍ ധൃതിയില്‍ അകത്തേക്ക്. എതിരന്‍ ലൂസിക്കുട്ടിയെ അര്‍ത്ഥവത്തായി നോക്കുന്നു.

ലൂസിക്കുട്ടി- അത് പിന്നെ എന്റെ പേര് വച്ച് മേലില്‍ ഒന്നും എഴുതിയേക്കരുത് എന്നു പറയാന്‍ വന്നതാ.. അതൊക്കെ ബെര്‍ളിത്തരങ്ങളിലുണ്ടല്ലോ !!!

എതിരന്‍- ബെര്‍ളിയെ അറിയാമോ ?

ലൂസിക്കുട്ടിയുടെ കണ്ണുകളില്‍ ആരാധന- ബെര്‍ളിയെ അറിയാത്തവരായിട്ട് ആരാ ഒള്ളത് ?

എതിരന്‍- സുനീഷും ബെര്‍ളിയും തമ്മില്‍ …?

ലൂസിക്കുട്ടി- ശത്രുക്കളാ.. ദുശ്മന്‍ ! ദുശ്മന്‍ !

എതിരന്‍- ലൂസിക്കുട്ടിയുടെ സെക്കന്‍ഡ് ലാംഗ്വേജ് എന്തായിരുന്നു ?

ലൂസിക്കുട്ടി- മലയാളം.. മലയാളം മാത്രമേ ഞാന്‍ പഠിച്ചിട്ടുള്ളൂ…

എതിരന്‍- ദുശ്മന്‍ എന്നത് ഏതു ഭാഷയാണെന്നറിയാമോ ?

ലൂസിക്കുട്ടി വിളറുന്നു- തമിഴല്ലേ ?

എതിരന്‍- അത് ഹിന്ദിയാണ് അതിന്റെ അര്‍ത്ഥം ശത്രു എന്ന് തന്നെയാണ്.. ഹിന്ദി പഠിച്ചിട്ടില്ലാത്ത ലൂസിക്കുട്ടിയെങ്ങനെ ഹിന്ദി പറയുന്നു..

ലൂസിക്കുട്ടി- അത് പിന്നെ മണിച്ചിത്ര ബ്ലോഗ് എന്ന പോസ്റ്റ് വായിച്ചേപ്പിന്നാ.. ചെറിയൊരു പ്രേതബാധ പോലെ..

എതിരന്‍- നീ ഉരുണ്ട് കളിക്കല്ലേ ?? ഡിങ്കാ !!

ഡിങ്കന്‍- ഫ ! സത്യം പറയെടീ.. കഴുവര്‍ട മോളെ !!!

അതില്‍ ലൂസിക്കുട്ടി വിരണ്ടു- സുനീഷ് പറഞ്ഞതാ അങ്ങനെ പറഞ്ഞാല്‍ മതീന്ന് !!

എതിരന്‍- ഗുഡ്.. അപ്പോള്‍ സുനീഷും നീയും തമ്മില്‍ ?

ലൂസിക്കുട്ടി- അറിയാം !

എതിരന്‍- എങ്ങിനെ അറിയാം ?

ലൂസിക്കുട്ടി- ഞങ്ങളയലോക്കംകാരാ…

എതിരന്‍- ഡിങ്കാ !!

ലൂസിക്കുട്ടി- അയ്യോ വേണ്ട!.. കൊച്ചിലേ മൊതലേ അറിയാം…

എതിരന്‍-ഏതു രീതിയില്‍ ?

ലൂസിക്കുട്ടി- ഇഷ്ടവാ !!

എതിരന്‍- ആര്‍ക്ക് ? ലൂസിക്കുട്ടി മൌനം.

എതിരന്‍- പറയൂ ഇഷ്ടം ആര്‍ക്കാണെന്ന് ?

ലൂസിക്കുട്ടി പേടിയോടെ ഡിങ്കനെ നോക്കുന്നു- എനിക്ക് !!

എതിരന്‍- സുനീഷിനോ ?

ലൂസിക്കുട്ടി- അറിയാമ്മേല !

എതിരന്‍- ചോദിച്ചിട്ടില്ലേ ?

ലൂസിക്കുട്ടി നാണത്തോടെ- ശൊ ! എനിക്കു പേടിയാ.. സാറ് ഒന്നു ചോദിക്കാവോ ?

എതിരന്‍-നീ പോടി പെണ്ണേ… ബ്ലോഗേഴ്സ് മീറ്റിന് സുനീഷിനെ കാണാതായതെങ്ങനെ ?

ലൂസിക്കുട്ടി- എനിക്കറിയാമ്മേല !!

എതിരന്‍- ഡിങ്കാ ..

ലൂസിക്കുട്ടി- അയ്യോ അമ്മേ.. സുനീഷ് എന്നെ കാണാനിറങ്ങി വന്നതാ !

എതിരന്‍- എന്തിന് ? ലൂസിക്കുട്ടി- ഒരു കാര്യം പറയാന്‍ !

എതിരന്‍- എന്തു കാര്യം ??

ലൂസിക്കുട്ടി പിന്നെയും മൌനം.

എതിരന്‍-ഡിങ്കാ..

ലൂസിക്കുട്ടി- അയ്യോ അത് ഞാന്‍ പറയുകേല.. സുനീഷ് പറയുവെങ്കില്‍ പറയട്ടെ.. എന്നെ വിടാനേ !!

എതിരന്‍- വിളി സുനീഷിനെ …

ഡിങ്കന്‍- ഞാനിപ്പഴും കൂടെ നോക്കിയതാ.. അയാള് ചായ കുടിക്കാന്‍ പോയതാണത്രേ ! പകരം ജോര്‍ജ് കുട്ടിയെ കിട്ടീട്ടൊണ്ട് അയാളടെ കൂട്ടുകാരനാ !

എതിരന്‍- എവിടെ സുനീഷ് ?

ജോര്‍ജ് കുട്ടി- ചായ കുടിക്കാന്‍ പോയതാ !

എതിരന്‍- അത് കുറെ ദിവസമായിട്ട് കേള്‍ക്കുന്നു !

ജോര്‍ജ് കുട്ടി- കൊറെ ദിവസമായി പോയിട്ട് !

എതിരന്‍-മുങ്ങിയതാണോ ?

ജോര്‍ജ് കുട്ടി- അത് പൊങ്ങിയാലേ അറീത്തൊള്ളൂ..

എതിരന്‍- തര്‍ക്കശാസ്ത്രം പഠിച്ചിട്ടൊണ്ടോ ?

ജോര്‍ജ് കുട്ടി- അതെന്നാത്തിനൊള്ളതാ ???

എതിരന്‍- അന്ന് ബ്ലൂ മൂണില്‍ സംഭവിച്ചതെന്ത് ?

ജോര്‍ജ് കുട്ടി- അയ്യോ.. ഞാന്‍ കേറീതെ രണ്ടെണ്ണം വിട്ടു ഫ്ലാറ്റായതാ.. പിന്നെ ഇന്നലെയാ പൊങ്ങിയത്.. സത്യത്തില്‍ എന്നതാ സംഭവിച്ചത് .. അത് ചോദിക്കാന്‍ വേണ്ടിയാ ഞാനിങ്ങു വന്നതു തന്നെ…

എതിരന്‍- ഡിങ്കാ ..

ഡിങ്കന്‍- ഇത് മുറ്റാ സാറേ.. വിട്ടേരെ.. ബെര്‍ളി വന്നിട്ടുണ്ട്

എതിരന്‍- വിളിക്കൂ.. വിളിക്കൂ..

ബെര്‍ളി വരുന്നു ഇരിക്കുന്നു. എതിരന്റെ കണ്ണുകളിലും ആരാധന.

എതിരന്‍-അന്നെന്താണ് സംഭവിച്ചത് ?

ബെര്‍ളി- എന്റെ ബ്ലോഗ് പുസ്തകമാക്കണമെന്നു പറഞ്ഞാണ് സുനീഷ് രണ്ട് അച്ചന്മാരേം കൂട്ടി വീട്ടി വന്നത്… അച്ചന്മാര് വല്ലതും ചെയ്യട്ടേന്ന് വിചാരിച്ച് ഞാന്‍ സമ്മതിച്ചു.. പിന്നെ എല്ലാം പറഞ്ഞ പോലെ.. പ്രകാശനത്തിന്റെ ദിവസം ഉച്ചയോടെ സുനീഷ് പുസ്തകവുമായി വീട്ടില്‍ വരാം.. അവിടെ നിന്ന് ബ്ലൂ മൂണില്‍ വന്ന് ചടങ്ങ് നടത്താം എന്നാ പറഞ്ഞിരുന്നത്… അന്ന് സുനീഷിനെ കണ്ടിട്ടില്ല.. പിന്നെ കാണുന്നത് ലൂസിക്കുട്ടിയുടെതായിട്ട് വന്ന പോസ്റ്റ് ആണ്.

എതിരന്‍- സുനീഷിനെ പിന്നെ കണ്ടോ ?

ബെര്‍ളി- ഇല്ല.. എന്നെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുവാ !

എതിരന്‍- എന്തിന് ?

ബെര്‍ളി- ദുരൂഹം !

എതിരന്‍- ഈ ലൂസിക്കുട്ടി ?

ബെര്‍ളി- എനിക്കു പരിചയമില്ല !

എതിരന്‍- എങ്കില്‍ നമുക്ക് പിന്നെ കാണാം.. ഇപ്പോള്‍ പൊയ്ക്കോളൂ!

ബെര്‍ളി തോമസ് മടങ്ങുന്നു. ബെര്‍ളി മടങ്ങിക്കഴിഞ്ഞു എന്നുറപ്പായപ്പോള്‍ സാക്ഷാല്‍ സുനീഷ് ഷാപ്പിലേക്ക് വേഗത്തില്‍ നടന്നടുക്കുന്നു അടുത്തെത്തുമ്പോള്‍ മാത്രം എതിരനെ കാണുന്ന സുനീഷ് മടങ്ങാന്‍ ഭാവിക്കുന്നെങ്കിലും ഇടി മുട്ടി നില്‍ക്കുന്ന ഡിങ്കനെ കണ്ട് നില്‍ക്കുന്നു.

എതിരന്‍- സുനീഷ് അല്ലേ ?

സുനീഷ്- അല്ല.. ബെര്‍ളി !

എതിരന്‍- അപ്പോള്‍ ഇപ്പോഴിറങ്ങി പോയതോ ?

സുനീഷ്- അതാണ് സുനീഷ് !

എതിരന്‍ ഡിങ്കനെ നോക്കി. രണ്ടു പേരും കേട്ടിട്ടുണ്ടെന്നല്ലാതെ രണ്ടു പേരെയും നേരിട്ടു കണ്ടിട്ടില്ല. ബ്ലോഗില്‍ കണ്ട ചിത്രം വച്ചാണെങ്കില്‍ രണ്ടു പേരും ആരുമല്ല.

എതിരന്‍- എന്നെ പറ്റിക്കരുത് .. സത്യം പറയണം !

സുനീഷ്- പറ്റിക്കില്ല !

എതിരന്‍- എങ്കില്‍ പറയൂ.. എന്താണ് യഥാര്‍ത്ഥ പേര് ?

സുനീഷ്- ഞാന്‍ സത്യം പറയും !!

എതിരന്‍- പറയൂ .. സത്യമേ പറയാവൂ..

സുനീഷ്- പറയട്ടെ..??

എതിരന്‍- ധൈര്യമായി പറഞ്ഞോളൂ..

ഡിങ്കന്‍- പറയെടാ !!

എതിരന്‍- ഏയ് നോ.. അയാള്‍ പറഞ്ഞോളും..

സുനീഷ്- എന്റെ ശരിയായ പേര് …

എതിരന്‍- പേര് ?

സുനീഷ്- എതിരന്‍ കതിരവന്‍ !!!

തുടര്‍ന്ന് ഡിങ്കന്‍ തന്റെ കൈയ്യിലിരുന്ന കള്ളു കുപ്പി എതിരന്റെ തലയിലടിച്ചതും എതിരന്‍ ബോധം കെട്ടു വീണതും ഒന്നിച്ചായിരുന്നെങ്കിലും സുനീഷും ഡിങ്കനും കൂടി നാലു കുപ്പി തീര്‍ത്തിട്ട് ഇടവഴി ഊര്‍ന്നിറങ്ങിപ്പോയത് ഒന്നര മണിക്കൂറിനു ശേഷമായിരുന്നു.

ഇരുള്‍ വീണ വഴിയരികില്‍ നിന്ന് എല്ലാറ്റിനും സാക്ഷ്യം വഹിച്ച രണ്ടു കണ്ണുകള്‍ അസ്വാഭാവികമായി തിളങ്ങി, മറച്ചു വയ്ക്കാന്‍ കൂടുതല്‍ രഹസ്യങ്ങള്‍ സ്വന്തമായതിന്റെ അഹങ്കാരത്തോടെ…

Related Posts with Thumbnails
blog comments powered by Disqus