ബ്ളോഗിന്റെ പേരില്‍ ഒരു അസംബന്ധസംഗമം
ബ്ളോഗ് അക്കാദമി പോലെ തന്നെ ബ്ളോഗിന്റെ പേരില്‍ നടക്കുന്ന അര്‍ഥശൂന്യമായ ഒരസംബന്ധമെന്ന നിലയില്‍ ബ്ളോഗ് മീറ്റ് എന്ന പേരില്‍ കൊട്ടിഘോഷിച്ചു നടത്താന്‍ പോകുന്ന പരിപാടി ഉയര്‍ത്തുന്ന ചില ആശങ്കകള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്. ഈ നാട്ടില്‍ ആരൊക്കെ എവിടെയൊക്കെ ഒത്തുകൂടുന്നു ചിക്കന്‍ കടിച്ചു പറിക്കുന്നു, കള്ളടിക്കുന്നു, പിരിയുന്നു. പിന്നെന്തിന് ഈ മഹത്തായ ബ്ളോഗ് മീറ്റിനെ ചൊറിയുന്നു എന്നു ചിലര്‍ക്കു തോന്നുന്നുണ്ടാവും. ബ്ളോഗ് മീറ്റ് എന്ന് ഇതിനു പേരിട്ടിരിക്കുന്നു എന്നതുകൊണ്ടു തന്നെ എനിക്കിതെപ്പറ്റി ചിലതൊക്കെ സംസാരിക്കാം, ക്ഷിപ്രകോപികള്‍ ക്ഷമിക്കുക.
മലയാളം ബ്ലോഗിങ്ങിനു മഹത്തായ സംഭാവന നല്‍കുന്ന പരിപാടി അല്ല എന്നറിഞ്ഞുകൊണ്ടു തന്നെയാവണം ഈ പരിപാടിയില്‍ ആളുകള്‍ പങ്കെടുക്കാനും പോകുന്നത്. ചെറായി ബീച്ചില്‍ ദിവസേന നൂറുകണക്കിനു സഞ്ചാരികള്‍ വന്നുപോകുന്നുണ്ട്, പല കൊള്ളരുതായ്മകളും നടക്കുന്നുണ്ട്, ലോകത്തെ സംബന്ധിച്ചിടത്തോളം, നാട്ടുകാരെ സംബന്ധിച്ചിടത്തോളം അത്തരത്തിലൊന്നു മാത്രമാണ് ഈ ബ്ളോഗ് മീറ്റും. ചതുരത്തിലൊരു വിജറ്റ് ഉണ്ടാക്കി ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു പരിപാടിക്ക് ആധികാരികത ഉണ്ടാകുമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. കേരളാ ബ്ളോഗ് അക്കാദമി ക്കും ഇതേ രോഗമായിരുന്നു. കേരളാ എന്ന് ആദ്യവും അക്കാദമി എന്ന് അവസാനവും എഴുതിയിട്ടുള്ളതു കൊണ്ട് ഈ സംഘടന എന്തോ ആധികാരികതയുള്ളതാണെന്ന് എത്രയധികം ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ അതൊരു തട്ടിപ്പു സംഘടനയാണെന്നു പറയാം. ഈ മീറ്റിനെ സംബന്ധിച്ചും അത്തരം ചില സംശയങ്ങളും ആശങ്കകളും എനിക്കുണ്ട്.
ബ്ളോഗ് മീറ്റ് എന്നു പേരിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നിലയ്ക്ക് ഈ ബ്ളോഗ് മീറ്റില്‍ എന്തൊക്കെ പരിപാടികളാണ് നടക്കുന്നത് എന്ന് ഒരു ബ്ളോഗര്‍ എന്ന നിലയില്‍ എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്. ഈ പറഞ്ഞ രീതിയില്‍ ഒരു പ്രചാരം നടത്തി ആളുകളെ ആകര്‍ഷിക്കുന്ന നിലയ്ക്ക് ഇത്തരം ചില സംശയങ്ങള്‍ ദുരീകരിക്കാതെ ഇതിന്റെ സംഘാടകര്‍ക്കു മുന്നോട്ടു പോവാന്‍ കഴിയുമെന്നു തോന്നുന്നില്ല. അങ്ങിനെയൊന്നുമില്ല, ചുമ്മാ ഒരു സൌഹൃദസംഗമം എന്നൊക്കെയാണെങ്കില്‍ പിന്നെ ബ്ലോഗ് മീറ്റ് എന്നു പേരിട്ടിരിക്കുന്നത് ബ്ളോഗര്‍മാരെ വഴിതെറ്റിക്കുന്നതിനും പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ ?
വിദേശത്തുള്ള കുറെ ബ്ളോഗര്‍മാര്‍ നാട്ടിലെത്തുന്നു എന്നതുകൊണ്ട് ഞങ്ങള്‍ കുറെപ്പേര്‍ മെയിലു വഴിയും ചാറ്റ് വഴിയും ബന്ധപ്പെട്ട് ചര്‍ച്ച ചെയ്ത് ഇതൊരു ബ്ളോഗ് മീറ്റാക്കാന്‍ തീരുമാനിച്ചു എന്നാണെങ്കില്‍, ഈ കൂട്ടായ്മയോടു യോജിപ്പില്ലാത്ത ബ്ളോഗര്‍മാര്‍ വിദേശികളോ സ്വദേശികളോ ആരുമാകട്ടെ, എന്തു ചെയ്യണം ? സ്വാഭാവികമായും അവര്‍ക്കു പരിപാടിയില്‍ നിന്നു വിട്ടു നില്‍ക്കാം. അപ്പോള്‍ ഇതിനെ മലയാളം ബ്ളോഗര്‍മാരുടെ സംഗമം എന്നു വിശേഷിപ്പിക്കുന്നതെങ്ങനെ ? ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി എങ്ങനെ കലാശിച്ചാലും അത് ബ്ളോഗ് മീറ്റ് ആയിരിക്കുന്നിടത്തോളം കാലം അതിനോടു യോജിക്കാത്ത ആളുകള്‍ ബ്ളോഗര്‍മാരല്ലാതാകുന്നില്ല. നാലു ബ്ളോഗര്‍മാര്‍ എവിടെയെങ്കിലും ഒന്നിച്ചു കൂടിയാലും അതിനെ ബ്ളോഗ് മീറ്റ് എന്നു വിളിക്കാം, അങ്ങനെ തന്നെ പ്രചരിപ്പിക്കാം. നാലു ബ്ളോഗര്‍മാര്‍ ചേര്‍ന്ന് ഒരു കൊലപാതകം നടത്തിയാല്‍ അതിനെ ബ്ളോഗ് വധം എന്നു വിളിക്കുമോ ?
ഇതൊക്കെ ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടി ചോദിക്കുന്നതാണെന്നു കരുതരുത് ? ഇതിനൊക്കെ നിന്നോടുത്തരം പറയാന്‍ നീയാര് ബ്ളോഗിന്റെ തന്തയോ എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഇവിടെ ചേരില്ല. കാരണം, ബ്ളോഗ് മീറ്റ് എന്നു കൊട്ടിഘോഷിച്ച് പ്രവാസികളും അല്ലാത്തവരും സ്ത്രീകളും കുട്ടികളുമടക്കം കുറെ ആളുകളെ സംഘടിപ്പിക്കുന്ന പരിപാടിയാണ്. ഈ പരിപാടിക്ക് ആര്‍ക്കാണുത്തരവാദിത്വം ? അങ്ങനെയൊരു ചോദ്യമുണ്ടായാല്‍ എന്തു ചെയ്യും ?
ഈ നാട്ടില്‍ ഒരു ദിവസം എന്തു മാത്രം പരിപാടികള്‍ നടക്കുന്നു, എവിടെയൊക്കെ എന്തു ചെയ്യുന്നോ അതുപോലെ ചെയ്യും എന്നു പറയാന്‍ പറ്റുമോ ? ഏതെങ്കിലും ഒരു സംഘടനയുടെ ഏതെങ്കിലും തലത്തിലുള്ള ശാഖയുടെ അവയുടെ ഭാരവാഹികളുടെ ഉത്തരവാദിത്വത്തിലാണ് ഈ നാട്ടില്‍ എന്തെങ്കിലും പരിപാടികള്‍ നടക്കാറുള്ളത്. കാര്യങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ വച്ചു കൈവിട്ടു പോകുന്നതിനെയാണ് പ്രശ്നം എന്നു പറയാറുള്ളത്. അങ്ങനെയൊരു പ്രശ്നത്തില്‍ പോലീസ് ഇടപെടേണ്ടതായി വന്നാല്‍ ഞങ്ങളൊക്കെ മലയാളം ബ്ളോഗര്‍മാരാണ് എന്നു പറഞ്ഞു പരിചയപ്പെടുത്താം. ആരാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്നാവും അടുത്ത ചോദ്യം. അതു തന്നെയാണ് എന്റെയും അടുത്ത ചോദ്യം. ആരാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് ? ഏതെങ്കിലും സംഘടനയാണോ ? ഹരീഷ് എന്നൊരാളാണ് ഈ ബ്ളോഗ് മീറ്റ് സംഘടിപ്പിക്കുന്നത് എന്നു ചിലേടത്തു കാണുന്നു. ആരാണ് ഈ ഹരീഷ് ? ഏതു സംഘടനയുടെ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വത്തിലാണ് അദ്ദേഹം ഈ പരിപാടി സംഘടിപ്പിക്കുന്നത് ? ഒരു വ്യക്തിയുടെ ഉത്തരവാദിത്വത്തിലാണോ ഇത്രയും ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടാന്‍ പോകുന്നത് ?
ആയിരം പേര്‍ പങ്കെടുക്കുന്ന ഒരു വിവാഹച്ചടങ്ങിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ ആളുകളെ വിവാഹത്തിനു ക്ഷണിച്ചയാള്‍ക്കാണോ ഉത്തരവാദിത്വം എന്നൊരു മറുചോദ്യമുണ്ട്. വിവാഹത്തിന് ആളുകള്‍ വന്നത് ആരു ക്ഷണിച്ചിട്ടായാലും അതൊരു സാമൂഹികംഗീകാരമുള്ള ചടങ്ങാണ്. ഇതൊരു വിവാഹച്ചടങ്ങാണ് എന്നു പറഞ്ഞാല്‍ ആരാണിത് സംഘടിപ്പിച്ചത് എന്നൊരു വിഡ്ഢിത്തം ആരും ചോദിക്കില്ല. ബ്ളോഗ് മീറ്റ് എന്ന പരിപാടിക്ക് എന്തെങ്കിലും സാമൂഹികംഗീകാരം ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. കേരളാ ബ്ളോഗ് അക്കാദമി എന്ന പേരൊക്കെ കൊള്ളാമെങ്കിലും അങ്ങനൊരു സംഘടനയുടെ പേര് ഉറക്കെ പറയാന്‍ പറ്റുമോ ? സംഘടനയുടെ പ്രധാനഭാരവാഹി ആരാണ് എന്നു ചോദിച്ചാല്‍ ഏതോ ഒരു ചിത്രകാരന്‍ എന്നല്ലാതെ എത്ര പേര്‍ക്കറിയാം അദ്ദേഹത്തെ.
കൂടിക്കാഴ്ച, പരിചയപ്പെടല്‍, സൌഹൃദസംഗമം ഇതൊക്കെയാണ് ഈ പരിപാടിയുടെ ഉള്ളടക്കമെന്നു കേള്‍ക്കുന്നു. നല്ല കാര്യം തന്നെ. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ പലരും കറതീര്‍ന്ന അനോണികളാണല്ലോ. അനോണി ബ്ളോഗിനെ പ്രതിനിധീകരിച്ച് ഒരാള്‍ വന്നാല്‍ അയാള്‍ ആ ബ്ളോഗിന്റെ തന്നെ പ്രതിനിധിയാണെന്ന് എങ്ങനെ ഉറപ്പിക്കും ? അത്തരമൊരു പരിശോധന ആരു നടത്തും ? അതിന് എന്തു സംവിധാനമാണുള്ളത് ?
ഒരു കുന്തവുമില്ല. പരിപാടി നടക്കാന്‍ ഇനിയും ഏകദേശം ഒരു മാസം കൂടിയുണ്ട്. കുറെ തീവ്രവാദികള്‍ ചേര്‍ന്ന് ബ്ളോഗറില്‍ കുറെ അനോണി പ്രൊഫൈലുകളുണ്ടാക്കിയ ശേഷം അന്നു പരിപാടിക്കു വന്നാല്‍ ? അങ്ങനെ കുറെയധികം തീവ്രവാദികള്‍ അവരുടെ സംഗമത്തിന് ഇതൊരു സുരക്ഷിതവേദിയായി കണ്ടാല്‍ ? ബ്ളോഗര്‍മാരായി വരുന്ന പരസ്പരം തിരിച്ചറിയാന്‍ കഴിയുന്ന കുറെ തീവ്രവാദികള്‍ അവിടെ വന്ന് ചര്‍ച്ചകള്‍ നടത്തി ബ്ളോഗര്‍മാരായി തന്നെ മടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ഇതിന്റെ സംഘാടകന്‍ ഏല്‍ക്കുമോ ? അങ്ങനെയേറ്റാലും രാജ്യദ്രോഹം, സംഘം ചേരല്‍, ഗൂഢാലോചന എന്ന കുറ്റങ്ങള്‍ അവിടെ ഒത്തു ചേര്‍ന്ന എല്ലാ ബ്ളോഗര്‍മാരുടെ പേരിലും ആരോപിക്കപ്പെടില്ല എന്ന് അദ്ദേഹത്തിനുറപ്പു പറയാന്‍ പറ്റുമോ ?
ഒരു സംഘടനയില്ലാതെ, റജിസ്ട്രേഷനില്ലാതെ, തലയും വാലുമില്ലാതെ കേരളത്തിലെ ഒരു പട്ടണത്തില്‍ പ്രവാസികളും അല്ലാത്തവരുമായ ഒരു സമൂഹത്തെ സംഘടിപ്പിക്കുന്നു എന്നു പറയുന്നത് അത്ര ലളിതമായ കാര്യമല്ല. ബ്ളോഗ് മീറ്റ് എന്നു പേരുണ്ടെങ്കിലും അതിനു കൃത്യമായൊരജന്‍ഡയുല്ല (രഹസ്യ അജന്‍ഡ പോര).
ടി മീറ്റ് സൌഹാര്‍ദ്ദപരമായ ഒരു കൂട്ടായ്മ അല്ലെങ്കില്‍ കൂടിച്ചേരല്‍ മാത്രമായിരിക്കും. ആളുകള്‍ തമ്മില്‍ കാണുക, പരിചയപ്പെടുക, സൌഹൃദം പുതുക്കുക എന്നതാണ് ഈ മീറ്റിന്റെ ലക്ഷ്യം. അവരവരുടെ ബ്ളോഗുകളെപ്പറ്റിയോ നിലപാടുകളെപ്പറ്റിയോ ഉള്ള ചര്‍ച്ചകള്‍ ഉണ്ടായിരിക്കുന്നതല്ല. – എന്നാണ് സംഘാടകന്റെ ബ്ളോഗില്‍ കാണുന്നത്. എന്റെ ഏറ്റവും ലളിതമായ സംശയം പിന്നെ എന്നാ ഒണ്ടാക്കാനാണ് ഇതിനെ ഇതിനെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് ? അത് അങ്ങേയറ്റം തെറ്റിദ്ധാരമാജനകമാണ്, ഒരു പരിധി വരെ ദുരൂഹമാണ്. ഇങ്ങനെയൊരു തീരുമാനിച്ചത് ആരാണ് ? എല്ലാ ബ്ളോഗര്‍മാരും ആലോചിച്ചു തീരുമാനിച്ചതാണോ അതോ സംഘാടകന്‍ സ്വയം തീരുമാനിച്ച് പ്രഖ്യാപിച്ചതാണോ ?
മീറ്റിനെത്തുന്നവര്‍ ഫോട്ടോയും വിഡിയോയും അപ്ലോഡ് ചെയ്യുമെന്നു കേള്‍ക്കുന്നു. ഇത് ആരുടെ അനുവാദത്തോടെയാണ് ? ഫോട്ടോയെടുക്കുന്നതും അത് നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതും രണ്ടും രണ്ടു കാര്യമാണ്. അപ്പോള്‍ വീറോടെ യുദ്ധം ചെയ്തു കാത്തുസൂക്ഷിച്ച അനോണിത്വം എന്നതിന് എന്താണ് പ്രസക്തി ? മലയാളം ബ്ളോഗ് സമൂഹം ഒരു തുറന്ന സ്ഥലമാണ്. ഒരു ബ്ളോഗ് ഐഡിയുണ്ടെങ്കില്‍ ആര്‍ക്കും അതിനുള്ളില്‍ ഒളിച്ചിരിക്കാം. ബ്ളോഗര്‍മാരുടെ സംഗമം എന്നു പറയുന്നത് ഒരു സ്ഥലത്ത് റിയല്‍ ആയി നടക്കുന്ന സംഗമമാണ്. പൂര്‍ണമായും ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടിക്ക് എന്തെങ്കിലും ആധികാരികതയോ സുരക്ഷിതത്വമോ ഉണ്ടെന്നു വിശ്വസിക്കാനും കഴിയില്ല. കുറെ ചോദ്യങ്ങള്‍ ചോദിച്ചു പരിപാടി പൊളിക്കാന്‍ ശ്രമിക്കുന്നു എന്നു വേണമെങ്കില്‍ ആരോപിക്കാം. പക്ഷെ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് ആരാണെന്നു കൂടി നിശ്ചയമില്ലാത്ത ഇത്തരം ഒരു ബ്ളോഗര്‍ പാര്‍ട്ടിയില്‍ ഓരോരുത്തരുടെയും സുരക്ഷിതത്വവും ഉത്തരവാദിത്വവും അവരവരുടെ കയ്യില്‍ തന്നെയായിരിക്കുമെന്നതിനാല്‍ പെട്ടെന്ന് ഓഫ്ലൈനാകുന്നതുപോലെ എളുപ്പത്തിലായിരിക്കില്ല കാര്യങ്ങള്‍ എന്ന് എല്ലാവരും ഓര്‍മിക്കുക.
മലയാളം ബ്ളോഗര്‍ എന്ന നിലയില്‍ എന്റെ നിലപാടുകള്‍ ഇവയാണ്:-
1.ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഒരു അനധികൃതസംഗമമാണ്.
2.ഈ പരിപാടിയെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് അസംബന്ധമാണ്.










