ആര്‍ട് ഓഫ് സ്കൂളിങ്
നമസ്‍കാരം, സുപ്രഭാതം, ഗുഡ്‍മോണിങ്. വിദ്യാഭ്യാസത്തിന്റെ ആനന്ദം അഥവാ വിദ്യാഭ്യാസത്തിലൂടെ ആനന്ദം അല്ലെങ്കില്‍ ആന്ദതുന്ദിലമായ വിദ്യാഭ്യാസം അതാണ് ഇന്നത്തെ ആനന്ദത്തിന്റെ വിഷയം. പ്രഭാഷണത്തിലേക്ക് കടക്കും മുമ്പ് എല്ലാവരും ശ്വാസം ഫുള്ളായിട്ട് അകത്തേക്കു വലിക്കുക, എന്നിട്ട് പിടിച്ചുനിര്‍ത്തുക, ഇനി സൈക്കിള്‍ ട്യൂബില്‍ നിന്നു കാറ്റ് പോകും പോലെ മെല്ലെ അഴിച്ചു വിടുക.. ശൂ….ശരി, ഇനി തുടങ്ങാം.
വിദ്യാഭ്യാസം എന്നത് ആധുനികമനുഷ്യന്റെ പുരോഗതിയുടെ അടയാളമാണ്. വിദ്യാഭ്യാസത്തിലൂടെയാണ് നമ്മള്‍ എല്ലാം നേടുന്നത്. ഡൊണേഷന്‍ കൊടുക്കുമ്പോള്‍ മുതല്‍ കാശുകൊടുത്ത് റാങ്ക് വാങ്ങുന്നതുവരെയുള്ള ആ വിദ്യാഭ്യാസപ്രക്രിയയില്‍ എല്ലായിടത്തും ആനന്ദമുണ്ട്. ആ ആനന്ദം നമ്മള്‍ കണ്ടെത്താന്‍ തയ്യാറാവണം എന്നു മാത്രം. ഉദാഹരണത്തിന് നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ സംബന്ധിച്ച് ക്ലാസ് റൂമിലെ എസിയുടെ തണുപ്പ് കൂട്ടിയിടുന്നതാണ് ആനന്ദമെങ്കില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ടീച്ചറുടെ സാരി സ്ഥാനം മാറിക്കിടക്കുന്നതിലായിരിക്കും ആനന്ദം. പത്താം ക്ലാസിലാകുമ്പോള്‍ ക്ലാസ്മേറ്റിന്റെ കൂടെ വല്ല മൂന്നാറിലോ മറ്റോ ടൂര്‍ പോകുന്നതായിരിക്കും ആനന്ദം. ഇത്തരത്തില്‍ വിദ്യാഭ്യാസപ്രക്രിയ ഓരോരുത്തരുടെയും ജീവിതത്തില്‍ പലതരത്തിലുള്ള ആനന്ദം വാരിവിതറുന്നുണ്ട്.
വിദ്യാഭ്യാസത്തെ സംബന്ധിച്ച് സമൂഹത്തില്‍ നിലവിലുള്ള പല കാഴ്ചപ്പാടുകളും തെറ്റാണ്. സോഷ്യലിസം പോലുള്ള വിലകുറഞ്ഞ സമ്പ്രദായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന മൂന്നാംകിട രാഷ്ട്രീയക്കാരും കമ്യൂണിസ്റ്റ്കാരെപ്പോലെയുള്ള സാമൂഹികദ്രോഹികളുമാണ് ഇന്ത്യയില്‍ വിദ്യാഭ്യാസത്തെ തകര്‍ത്തു കളഞ്ഞത്. ഒരിക്കല്‍ ഞാന്‍ ജര്‍മനിയില്‍ ഒരു കോഴ്‍സ് നടത്തുമ്പോള്‍ 18 വയസുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു. അവള്‍ വിദ്യാര്‍ഥിനിയായിരുന്നു, സുന്ദരിയുമായിരുന്നു. അവളെന്നോടു പറഞ്ഞു പാര്‍ട് ടൈം ആയി ജോലി ചെയ്താണ് പഠിക്കുന്നതെന്ന്. എന്താണ് ജോലി എന്നു ചോദിച്ചപ്പോള്‍ പറഞ്ഞു പ്രോസ്റ്റിട്യൂട്ട് ആണെന്ന്. ഒഴിവുസമയങ്ങളില്‍ വേശ്യാവൃത്തി നടത്തുകയും ആ കാശ് കൊണ്ട് ഉന്നതമായ വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന ആ മഹത് വനിതയോട് എനിക്കു ബഹുമാനം തോന്നി. അത്തരത്തിലുള്ള ഒരു മാറ്റം ഇവിടെയും വരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.
ക്ഷീണം തോന്നുന്നുണ്ടോ ? എങ്കില്‍ എല്ലാവരും വലതു കൈയിലെ ചൂണ്ടാണിവിരല്‍ വലതു മൂക്കില്‍ കുത്തിക്കയറ്റിയ ശേഷം ഇടതുമൂക്കിലൂടെ ശ്വാസം അകത്തേക്കു വലിക്കുക. ശ്വാസകോശം ഫുള്ളായി എന്നു തോന്നുമ്പോള്‍ ഇടതുകൈയുടെ ചൂണ്ടാണി വിരല്‍ ഇടതുമൂക്കില്‍ കുത്തിക്കയറ്റിയ ശേഷം വലതുമൂക്കിലെ വിരല്‍ ഊരിയെടുത്ത ശേഷം അകത്തുള്ള ശ്വാസം മെല്ലെ പുറത്തേക്കു വിടുക. ഇപ്പോള്‍ നെഞ്ചില്‍ നിന്ന് ഒരു ഭാരം ഇറക്കിവച്ചതുപോലെ തോന്നുന്നില്ലേ ? അതാണ്…
നമുക്കു തുടരാം. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയം അമേരിക്ക പോലുള്ള സംസ്കാരസമ്പന്നമായ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ആന പിണ്ഡമിടുന്നത് കണ്ട് ആട് അതിനു ശ്രമിക്കരുത് എന്നു പറയുന്നതുപോലെ അമേരിക്കയിലും മറ്റും എല്ലാവര്‍ക്കും വിദ്യാഭ്യാസമുണ്ടെന്നു കരുതി ഇന്ത്യപോലൊരു പട്ടിണിക്കണ്‍ട്രി ഇവിടുള്ള സകല ചെറ്റപ്പിള്ളേരം സ്കൂളിലയച്ചു പഠിപ്പിക്കണം എന്നു വാശിപിടിക്കുന്നത് സത്യത്തില്‍ വിദ്യാഭ്യാസത്തോടുള്ള അവഹേളനമാണ്. അങ്ങനെ കണ്ട അണ്ടനും അടകോടനുമെല്ലാം കൊടുക്കേണ്ട ഒന്നല്ല വിദ്യാഭ്യാസം. ഉന്നതകുലജാതരും സമ്പന്നരുമായ ആളുകള്‍ക്കേ വിദ്യാഭ്യാസം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുകയുള്ളൂ. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത തെണ്ടികളെയൊക്കെ സര്‍ക്കാര്‍ സൗജന്യമായി പഠിപ്പിക്കുന്നത് വിദ്യാസമ്പന്നരായ അപ്പര് ക്ലാസ്സിനെ അപമാനിക്കുന്നതിനു വേണ്ടിയാണ്.
അതുമാത്രമല്ല. നാട്ടില്‍ അക്രമം, കൊള്ളിവയ്‍പ്, സമരം, മുതലാളിമാരെ അവഹേളിക്കല്‍,ചോദ്യം ചെയ്യല്‍, തീവ്രവാദം തുടങ്ങിയവയൊക്കെ ഉണ്ടാകാന്‍ കാരണം വിദ്യാഭ്യാസമാണ്. അതായത്, സര്‍ക്കാര്‍ സൗജന്യവിദ്യാഭ്യാസം നല്‍കുമ്പോള്‍ ലോ ക്ലാസ് ചെറ്റകള്‍ സ്കൂളില്‍ അഡ്‍മിഷന്‍ വാങ്ങുകയും പലതും പഠിക്കുകയും ചെയ്യും. സോഷ്യലിസം പോലുള്ള ആശയങ്ങളെപ്പറ്റി ഈ ലോ ക്ലാസ് അറിയുന്നതാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. അത് എലൈറ്റ് ക്ലാസിന് ഡിബേറ്റ് നടത്തുന്നതിനു വേണ്ടി ഉണ്ടാക്കിയ ഒരാശയമാണ്. എന്നാല്‍, കയ്യില്‍ കാശില്ലാത്തവനൊക്കെ ഇതെപ്പറ്റി അറിയുമ്പോള്‍ ഇതൊക്കെ നടപ്പാക്കണമെന്നു വാശിപിടിക്കുകയും നല്ല കുടുംബത്തില്‍ പിറന്ന സമ്പന്നരായ ആളുകളോടൊപ്പം സമൂഹത്തില്‍ തുല്യമായ സ്ഥാനവും പരിഗണനയുമൊക്കെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. ഇതാണ് ഇന്നത്തെ സമൂഹത്തിലെ അസന്തുലിതാവസ്ഥകളുടെ മൂലകാരണം.
ഇനി എല്ലാവരും രണ്ടു മൂക്കും ബലമായി അടച്ചുപിടിക്കുക. ഇപ്പോള്‍ ശ്വാസം അകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാവാത്ത അവസ്ഥയിലാണെങ്കില്‍ കണ്ണകളടച്ച് ഏകാഗ്രതയോടെ ചെവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ചെവിയിലൂടെ ശ്വാസം ഉള്ളിലേക്കു വലിക്കുന്നതിനു ശ്രമിക്കുക. ഒട്ടും ശ്വാസം അകത്തേക്കു കടക്കുന്നില്ല എന്നുറപ്പായാല് വേഗം മൂക്കിലെ പിടിവിട്ട് സധാരണപോലെ ശ്വസിക്കുക. ഇപ്പോള്‍ അസാധാരണമായ ഒരാശ്വാസവും ആനന്ദവും അനുഭവപ്പെടുന്നില്ലേ ? ചെവിയിലൂടെ ശ്വാസമെടുക്കാനാവില്ല എന്നതാണ് ഇതിന്റെ ഗുണപാഠം.
നമ്മള്‍ പറഞ്ഞത് സര്‍ക്കാര്‍ സ്കൂളുകളും സൗജന്യവിദ്യാഭ്യാസവും സാമൂഹികവിരുദ്ധവും ദേശവിരുദ്ധവുമാകുന്നതിനെപ്പറ്റിയാണ്. പണമില്ലാത്തവര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നു പഠിക്കുന്നത് സമ്പന്നര്‍ക്കെതിരെ ചിന്തിക്കാനാണ്. സര്‍ക്കാരിന്റെ പാഠ്യപദ്ധതിയിലെവിടെയും പണക്കാരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നില്ല. അതേ സമയം, പണക്കാര്‍ക്കെതിരേ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട് താനും. പണക്കാരും തങ്ങളെപ്പോലെ തന്നെയുള്ളവരാണ് അവരുടെ കയ്യില്‍ പണമുണ്ടെന്നതു മാത്രമാണ് വ്യത്യാസം എന്ന തെറ്റിദ്ധാരണ അവര്‍ക്കുണ്ടാവുകയും തല്‍ഫലമായി ആ പണം സ്വന്തമാക്കുന്നതിനോ സമൂഹത്തിലേക്കെത്തിക്കുന്നതിനോ ഒക്കെ വേണ്ടി അവര്‍ മുറവിളി കൂട്ടുകയുമാണ് ചെയ്യുന്നത്.
നല്ല ഫീസ് വാങ്ങുന്ന സിബിഎസ്ഇ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളാരും രാഷ്ട്രീയക്കാരോ, സമരക്കാരോ, തീവ്രവാദികളോ, മോഷ്ടാക്കളോ ഒന്നുമാകാറില്ല. കാറില്‍ വന്നു പഠിക്കുകയുംകാറില്‍ മടങ്ങുകയും ചെയ്യുന്ന അവര്‍ ലോ ക്ലാസുമായി ബന്ധപ്പെട്ട് ചീത്തയാവുന്നില്ല എന്നതാണ് കാരണം. എന്നാല്‍, സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. ബസിലും നടന്നുമൊക്കെ വന്നു പഠിച്ചുപോകുന്ന അവറ്റകളാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്. വിദ്യാഭ്യാസം ഉണ്ടെന്ന കാരണത്താല്‍ തെങ്ങുകയറാനോ സെപ്‍റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യാനോ ഒന്നും ഇവറ്റകള്‍ തയ്യാറാവുകയുമില്ല. ഇതിനൊന്നും ആളെ കിട്ടാത്തതിനാല്‍ മുതലാളിമാര്‍ കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയും കുറഞ്ഞത് 10 ലക്ഷം രൂപ വാര്‍ഷികവരുമാനമുള്ളവരുടെ മക്കള്‍ക്കു മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കില്‍ ഈ രാജ്യം രക്ഷപെടില്ല.
ഇന്നു തല്‍ക്കാലം ഇത്രേം മതി. അവസാനമായി എല്ലാവരും ഒരിക്കല്‍ക്കൂടി ശ്വാസം ഉള്ളിലേക്കു വലിക്കുക. ഇനി അനങ്ങാതെ ഇരിക്കുക. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഒരു ഭാരം അനുഭവപ്പെടും. ശ്വാസം പുറത്തേക്കുവിടാനും വേറെ അകത്തേക്കെടുക്കാനുമുള്ള ടെന്‍ഡന്‍സി ഉണ്ടാവും, പിടിച്ചു നില്‍ക്കുക. പുറത്തെ ഓക്‍സിജന്‍ തീര്‍ന്നെന്നും ആകെയുള്ളത് നിങ്ങളുടെ ഉള്ളിലുള്ളതാണെന്നും വിശ്വസിക്കുക. ഇപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്നത് കാണാന്‍ നല്ല രസമുണ്ട്. ഉണ്ടകണ്ണുള്ളവരെ പണ്ടേ എനിക്കിഷ്ടമാണ്. ഇനി ശ്വാസം വിലങ്ങിയിട്ടില്ലാത്തവര്‍ എഴുന്നേറ്റു വീട്ടില്‍പ്പോവുക. ആനന്ദം, ആനന്ദം.

