ഭരണങ്ങാനം ബ്ലോഗേഴ്സ് മീറ്റ്

മലയാളം ബ്ലോഗിങ്ങിലെ പുതിയ സാങ്കേതികത്വങ്ങളിലേക്ക് വെളിച്ചം വീശിയതായിരുന്നു ഭരണങ്ങാനം ബ്ലോഗേഴ്സ് മീറ്റ്. ഭരണങ്ങാനത്തു നിന്നും ബൂലോഗത്തെത്തിയവരും ബൂലോഗത്തു നിന്നും ചില പോസ്റ്റുകളുടെ ചുവട് പിടിച്ച് ഭരണങ്ങാനത്തെത്തിയവരും ഭരണങ്ങാനം വഴി കടന്നുപോയവരും ഒക്കെ സമ്മേളിച്ച ഭരണങ്ങാനം ബ്ലോഗേഴ്സ് മീറ്റിന്റെ വിശേഷങ്ങളിലേക്ക് ഒരെത്തി നോട്ടം.

ടിഎസ് നമ്പര്‍ 47 മാട്ടേല്‍ കള്ള് ഷാപ്പായിരുന്നു ബ്ലോഗേഴ്സ് മീറ്റിന്റെ വെന്യൂ. ബ്ലോഗര്‍മാരുടെ പൊതുസ്വഭാവവും സംസ്കാരവും വച്ച് വനിതാ ബ്ലോഗര്‍മാരാരും എത്താനിടയില്ല എന്നതിനാലായിരുന്നു മീറ്റ് ഷാപ്പില്‍ തന്നെ വച്ചത്. ഷാപ്പിലെ കാലിടറാത്ത രണ്ട് ബഞ്ചുകളിലായി രാവിലെ തന്നെ ഭരണങ്ങാനം സ്വദേശികളായ ചില ബ്ലോഗര്‍മാര്‍ സ്ഥാനം പിടിച്ചിരുന്നു.

ബ്ലോഗര്‍മാര്‍ എന്നു പറയുമ്പോള്‍ ഓരോ ബ്ലോഗ് സൃഷ്ടിക്കുക എന്ന കൃത്യം ചെയ്യുക മാത്രം ചെയ്ത ചില ബ്ലോഗര്‍മാരും ഷാപ്പ് മീറ്റിന്, സോറി, ബ്ലോഗ്മീറ്റിനെത്തിയിരുന്നു. ഷാപ്പ് തുറന്നപ്പോള്‍ തന്നെ, ഷാപ്പ് എന്ന ബോര്‍ഡിനു മുകളില്‍ സ്വാഗതം, ഭരണങ്ങാനം ബ്ലോഗേഴ്സ് മീറ്റ് എന്ന ബാനര്‍ വലിച്ചു കെട്ടിയ ജോര്‍ജുകുട്ടിയായിരുന്നു ആദ്യമെത്തിയ ബ്ലോഗര്‍. ഗ്രേറ്റ് കുടിയന്‍ അഥവാ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രമായി പ്രസിദ്ധനായ ബ്ലോഗര്‍ ഭരണങ്ങാനത്തിന്റെ സ്പന്ദനവും മറ്റുമായ മറ്റൊരു ബ്ലോഗറെ കാത്തിരിക്കുകയായിരുന്നു.

കള്ളിലെ മായമായിരുന്നു ബ്ലോഗേഴ്സ് മീറ്റിലെ ആദ്യ വിഷയം. പ്രമുഖ ബ്ലോഗര്‍ ഷാപ്പിലേക്കെത്തിയതും നീണ്ടു നിവര്‍ന്ന് നടുവു നിവര്‍ത്തി കുപ്പി കൈയ്യിലെടുത്ത് ബ്ലോഗിങ്ങിന്റെ പുത്തന്‍ സാങ്കേതികത്വത്തെക്കുറിച്ചും ബ്ലോഗിലെ ഭാഷാ ശുദ്ധിയെക്കുറിച്ചും പ്രഭാഷണം ചെയ്തു തുടങ്ങി.
മറ്റ് 12 ബ്ലോഗര്‍മാര്‍ പ്രഭാഷണം കേട്ടിരുന്നു.

ഈ 12 ബ്ലോഗര്‍മാരും ബ്ലോഗുകള്‍ ഉള്ളവരല്ല എന്ന് ഓര്‍മിപ്പിക്കട്ടെ. പ്രമുഖ ബ്ലോഗറുടെ ബ്ലോഗിലൂടെ ലോകമറിഞ്ഞ കഥാപാത്രങ്ങളായ ബാബു, സുമേഷ്, അന്തോണി മാപ്പിള, ഗിരീഷ് കുമാര്‍, സതീഷ് കുമാര്‍, സുനീഷ് കുമാര്‍, ലൂക്കോച്ചന്‍, ജോണി, വണ്ടാളന്‍ ദേവസ്യ, മനോഹരന്‍ സാര്‍, ലാസര്‍ എന്നിവരായിരുന്നു ജോര്‍ജ്ജ്കുട്ടിക്കു പുറമേയുള്ള ശ്രോതാക്കള്‍.

ബ്ലോഗില്‍ വെറും കഥാപാത്രം മാത്രമായി അവതരിച്ചിട്ടുള്ള ലൂസിക്കുട്ടി, ക്ലാര എന്നീ ബ്ലോഗര്‍മാരും പ്രത്യേക ക്ഷണിതാക്കളായിരുന്നെങ്കിലും ആരും ആ വഴിക്കു വരുമെന്നു തോന്നിയില്ല. ലൂസിക്കുട്ടിയോ ക്ലാരയോ അഥവാ വരികയാണെങ്കില്‍ പ്രത്യേകം തയ്യാറാക്കണമെന്നു പറഞ്ഞിരിക്കുന്ന കപ്പയുടെയും പോത്തിന്റെയും ഒരു ഭാഗം അവര്‍ അതിനോടകം തന്നെ അകത്താക്കിയിരുന്നു.

ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരുന്നു. കുപ്പി രണ്ടില്‍ നിന്ന് നാലിലേക്ക് മാറി. ബ്ലോഗര്‍മാരുടെ ചര്‍ച്ച കള്ളിലെ മായത്തില്‍ നിന്ന് കപ്പയുടെ കടുപ്പത്തിലേക്ക് തെന്നിമാറി. പിന്നെയത് പാലായിലെ പകര്‍ച്ചപ്പനിയെക്കുറിച്ചും ഈരാറ്റപേട്ടയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുമായി. ചര്‍ച്ചയിലുണ്ടായ നിലവാരത്തകര്‍ച്ചയെപ്പറ്റിയും വിഷയമാറ്റത്തെക്കുറിച്ചും ജോര്‍ജ്ജ്കുട്ടി സൂചിപ്പിച്ചതോടെ ബ്ലോഗര്‍ മീറ്റ് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.

അപ്പുറത്തെ മേശയിലേക്കിരുന്ന് കൂടുതലൊന്നും പറയാതെ പടേ പടേന്ന് മൂന്നു കുപ്പി തീര്‍ത്തിട്ട് ബ്ലോഗര്‍മാര്‍ തിരിച്ച് തങ്ങളുടെ മേശകളില്‍ ഇരുന്നു. സ്ഥിരം കുടിയന്മാര്‍ പലരും ബ്ലോഗര്‍മാര്‍ കൂടിയായിരുന്നതിനാല്‍ ബ്ലോഗേഴ്സ് മീറ്റ് ഷാപ്പിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ വ്യത്യാസമൊന്നും വരുത്തിയില്ല. അതിന്റെ ബോര്‍ഡിന്റെ മുകളില്‍ ബ്ലോഗേഴ്സ് മീറ്റ് എന്നു കിടന്നതു കൊണ്ട് ഷാപ്പുകാരന്‍ പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടായില്ല.

മണി മൂന്നായതോടെ ചര്‍ച്ച മീറ്റിനെത്താത്ത വനിതാ ബ്ലോഗര്‍മാരെക്കുറിച്ചു മാത്രമായി. അവരെന്തു കൊണ്ടു വന്നില്ല എന്നതും ഇനിയൊരിക്കലും അവര്‍ വരാതിരിക്കുമോ എന്നതും ചര്‍ച്ചയില്‍ ചൂടുള്ള വിഷയമായി. പ്രത്യേക ക്ഷണിതാക്കളായിട്ടും എത്താതിരുന്ന വനിതാ ബ്ലോഗര്‍മാരില്‍ ഏറെ പ്രാധാന്യമുള്ള ലൂസിക്കുട്ടിയെക്കുറിച്ചായിരുന്നു എല്ലാവരുടെയും ആശങ്ക.

സുനീഷ് കുമാറിന്റെ പല പോസ്റ്റുകളിലെയും നിരാശ കാമുകന്റെ കള്ളുകുടിക്ക് നിരന്തര പ്രചോദനമായിരുന്ന നിരാശ ലൂസിക്കുട്ടി ആയിരുന്നു. ലൂസിക്കുട്ടി ബ്ലോഗേഴ്സ് മീറ്റിനെത്തിയാല്‍ തന്റെ പോസ്റ്റുകളില്‍ പ്രത്യാശയുടെ പുതിയ കഥകള്‍ കൂടി എഴുതണമെന്നു തീരുമാനിച്ചിരുന്ന സുനീഷ് കുമാറിന് കടുത്ത നിരാശയായിത്തുടങ്ങി. അഞ്ചു മണിക്ക് ബ്ലോഗേഴ്സ് മീറ്റ് അവസാനിപ്പിക്കണമെങ്കിലും ലൂസിക്കുട്ടി വരുന്നതു വരെയങ്ങ് ഇരുന്നാലോ എന്നു പോലും സുനീഷ് കുമാര്‍ ചിന്തിച്ചു.

മണി നാലര കഴിഞ്ഞു.ഷാപ്പിലെ കള്ളു തീര്‍ന്നു. വിഷയദാരിദ്ര്യം ബ്ലോഗര്‍മാരെ വേട്ടയായി. കള്ളില്ലാതെ എന്തു ജീവിതം. പ്രമുഖ ബ്ലോഗറുടെ പ്രധാന കഥാപാത്രങ്ങളില്‍ ചിലര്‍ അന്തി ചെത്തി വരും വരെ ഒരു ചിന്ന ബ്രേക്ക് എന്നും പറഞ്ഞ് മൂത്രമൊഴിക്കാനും മറ്റുമായി പോയി. സുനീഷ് കുമാര്‍, ജോര്‍ജ്ജ്കുട്ടി, സുമേഷ്, ബാബു തുടങ്ങിയ നിത്യഹരിത കുടിയന്മാര്‍ മാത്രം ബാക്കിയായി.

അങ്ങനെ പോക്കുവെയിലിന്റെ പോക്കിന്റെ ചന്തം നോക്കിയിരിക്കുമ്പോള്‍ അതാ വെയിലില്‍ കുളിച്ചു തോര്‍ത്തി ഷാപ്പിന്റെ വഴിയിലൂടെ കയറി വരുന്നു ലൂസിക്കുട്ടി. ഷാപ്പിലെ മേശയില്‍ തല വച്ചു കിടക്കുകയായിരുന്ന സുനീഷ് കുമാര്‍ തന്നെയാണ് കാഴ്ച കണ്ടത്. സുനീഷ് കുമാര്‍ ബഹളം വച്ചില്ല. ആ വരവങ്ങനെ കണ്ടിരുന്നു. വളരെ അടുത്തെത്തിക്കഴിഞ്ഞപ്പോഴാണ് സുനീഷ് കുമാറിന് ബോധം വീണത്.

ഞെട്ടിയെണീക്കുമ്പോഴേക്കും മറ്റുള്ളവരും കണ്ടു കഴിഞ്ഞിരുന്നു ലൂസിക്കുട്ടിയെ. അവര്‍ കള്ള്, അച്ചാറ്… എന്നൊക്കെ പറഞ്ഞ് ഷാപ്പിന്റെ പല മൂലയിലേക്കും വലിഞ്ഞു. കാലിയായ കുപ്പികളും സുനീഷ് കുമാറും മാത്രമായി അകത്ത്. വാതില്‍ക്കല്‍ നിന്ന ലൂസിക്കുട്ടിക്ക് താന്‍ കെട്ടിയവന്റെ വീട്ടിലേക്ക് വലത്തുകാല്‍ വയ്ക്കുന്നതിനു മുമ്പനുഭവിക്കേണ്ട അകാരണമായ ആശങ്കയും അതുകാരമമുള്ള മൂത്രശങ്കയും അനുഭവപ്പെട്ടു.

സുനീഷ് കുമാറിന് ഷാപ്പിനു തീ വയ്ക്കണമെന്നു തോന്നി. ഒന്നും പറയാനില്ലാത്തതു കൊണ്ട് തീര്‍ത്തും കാര്യമാത്രപ്രസക്തമായി സുനീഷ് കുമാര്‍ പറഞ്ഞു- കഴിഞ്ഞു… എല്ലാരും പോയി !

ലൂസിക്കുട്ടി ചിരിച്ചു- എല്ലാവരും പോകാനിരുന്നതാ ഞാനും..

സുനീഷ് കുമാറിന് പ്രതീക്ഷ തോന്നി. തന്റെ കഥകളുടെ ക്ലൈമാക്സ് ഇന്നു മുതല്‍ മാറുന്നു. ഇനി ശുഭപര്യവസായികള്‍.

അന്തിയുമായി വരുന്ന ചെത്തുകാരന്റെ കാലൊച്ച ദൂരെ നിന്നു കേട്ട ബ്ലോഗര്‍മാര്‍ മെല്ലെ നടന്നു വരുന്നുണ്ടായിരുന്നു. ഏറെ നേരം നില്‍ക്കാതെ പോകാന്‍ ഭാവിച്ച ലൂസിക്കുട്ടിയും കാര്യമാത്രപ്രസക്തമായി പറഞ്ഞു- എഴുതിയതൊക്കെ എഴുതി… മേലാല്‍ എന്റെ പേര് വച്ച് നിന്റെ ബ്ലോഗില്‍ വല്ല കഥയുമെഴുതിയാല്‍ ….!!!

അവന്റെ മൂക്കിനു നേരേ ചൂണ്ടിയ നേര്‍ത്ത നഖച്ചായമിട്ട വിരലുകള്‍ക്കും അവളുടെ കണ്‍കോണില്‍ തികട്ടി നിന്ന കോപത്തിനും അപ്പോള്‍ ഒരേ മൂര്‍ച്ചയായിരുന്നു എന്ന് സുനീഷ് കുമാറിനു തോന്നി.

Related Posts with Thumbnails
blog comments powered by Disqus