ഒരു എപ്പിസോഡ് അവസാനിക്കുന്നു
താനഴുതിയ തിരക്കഥകള്‍ പോലെ ഒരു ചരമക്കുറിപ്പു പോലും മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കാന്‍ ആരെയും അനുവദിക്കാതെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലൂടെ ലോഹിതദാസ് മലയാള സിനിമയുടെ കഥാഗതിയില്‍ നിര്‍ണായകമായ മാറ്റം വരുത്തിയിരിക്കുന്നു. വന്‍താരനിരയുള്ള ഈ ജീവിതസിനിമയില്‍ ഒരു മുഖ്യകഥാപാത്രം കൂടി ഭിത്തിയില്‍ പൂമാലയിട്ട ചിത്രമായി മാറുമ്പോള്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അത് ഒരു കഥാപാത്രത്തിന്റെ തിരോധാനമല്ല; ഒരു എപ്പിസോഡിന്റെ, തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും നികത്താനാവാത്ത ഒരു കഥാസാമ്രാജ്യത്തിന്റെ അസ്തമനമാണ്.
ബുദ്ധിജീവിസങ്കല്‍പങ്ങളെ മാറ്റി നിര്‍ത്തിയാല്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ ആരാധനാമൂര്‍ത്തികളില്‍ തോപ്പില്‍ ഭാസി, എംടി, പത്മരാജന്‍ എന്നീ പേരുകള്‍ കഴിഞ്ഞാല്‍ പിന്നെ മനസ്സിലേക്കു വരുന്നത് ലോഹിതദാസാണ്. ഈ തലമുറയോടൊപ്പം സഞ്ചരിച്ച എഴുത്തുകാരനെന്ന നിലയില്‍ തീവ്രമായ വൈകാരികാനുഭവങ്ങള്‍ സന്നിവേശിപ്പിച്ച സിനിമകളെ ഇടക്കിടെ ഷോക് ട്രീറ്റ്മെന്റ് പോലെ നല്‍കിക്കൊണ്ടിരുന്ന ലോഹി ഏറ്റവും ജനപ്രിയനായ എഴുത്തുകാരനാണ്. ഹിറ്റുകളെക്കാള്‍ നല്ല സിനിമകള്‍ ആഗ്രഹിച്ചിരുന്ന ലോഹിക്ക് എഴുത്ത് ലഹരിയല്ല, വേദനയായിരുന്നു. ഒരുപാട് അനുഭവങ്ങളുടെയും വൈകാരികതയുടെയും തടവുകാരനായിരുന്ന മഹാനായ ആ എഴുത്തുകാരനെ അനുസ്മരിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ ചില ഉദ്ധരണികളാണ് ഏറ്റവും അനുയോജ്യം എന്നു വിശ്വസിക്കുന്നു.
വിവിധ കാലങ്ങളിലായി വിവിധ അഭിമുഖങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ലോഹിതദാസ് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. തന്നെപ്പറ്റി പറയുമ്പോള്‍ അദ്ദേഹം വല്ലാത്ത ആര്‍ദ്രത പുലര്‍ത്തുന്നു:-
”വികാരങ്ങളില്ലാത്ത സമകാലീനരുടെ സമൂഹത്തില്‍ ഞാന്‍ പഴഞ്ചനാണ്. അതിന്‍െറ ഗുണമോ ദോഷമോ എനിക്കുണ്ട്. പക്ഷേ ഞാനെപ്പോഴും സമൂഹത്തിന്‍െറ പ്രശ്നങ്ങളെക്കുറിച്ച് ബോധവാനാണ്”
”കുട്ടിക്കാലത്തെ എന്റെ കൂട്ടുകാര്‍ ഏകാകിത്വവും പഴമയുടെ സാന്നിദ്ധ്യവുമായിരുന്നു. കുടുംബത്തിലെ ചില പ്രത്യേക പരിതഃസ്ഥിതികള്‍ എന്നില്‍ ഒറ്റപ്പെടലിന്‍െറ മാറാലക്കൂടുകള്‍ തീര്‍ത്തു. ആത്മവേദനകള്‍ കൊണ്ട് സ്വയം ശിക്ഷിച്ച് അതില്‍ അഭിരമിക്കാനായിരുന്നു എനിക്കേറെ ഇഷ്ടം. ആ വേദനയും ആഹ്ളാദവുമാണ് എന്നെ കഥാകാരനാക്കി തീര്‍ത്തത്. “””
”തീവ്രമായ മനുഷ്യത്വം നിറഞ്ഞുനില്‍ക്കുന്നവനാണ് കലാകാരന്‍; അവന്‍ എല്ലാ വിഭാഗീയതകള്‍ക്കും വിവേചനങ്ങള്‍ക്കും അപ്പുറത്തായിരിക്കണം എന്നൊക്കെയാണ് എന്റെ ധാരണയും ശ്രമവും. അദ്വൈതമാണ് എന്റെ മതം. ഈശ്വരന്‍ എനിക്കു ഞാനും നിങ്ങളുമടങ്ങുന്ന പ്രപഞ്ചംതന്നെയാണ്. കര്‍മമാണ് എന്റെ പ്രാര്‍ഥന.”
തന്നിലെ എഴുത്തുകാരനെപ്പറ്റി, തിരക്കഥാകൃത്തിനെപ്പറ്റി ലോഹിതദാസ്:-
”ചാലക്കുടിയെന്ന ഗ്രാമവും തറവാടുവീടുമാണ് എന്‍െറ എല്ലാ സൃഷ്ടികളുടെയും മാനസിക പശ്ചാത്തലം. നട്ടുച്ചയുടെ പാതയോരത്തേക്ക് കണ്ണുംനട്ട് പഴയ വീടിന്‍െറ കോസടിയില്‍ ഞാന്‍ വെറുതേ ഇരിക്കുകയായിരുന്നു. മുറ്റത്തും തൊടിയിലും വെയില്‍നാളങ്ങള്‍ തത്തികളിക്കുന്നു. ഒഴിഞ്ഞ വെള്ള കടലാസുപോലെ അക്ഷരങ്ങളൊഴിഞ്ഞ മനസ്സുമായി ഞാന്‍ ഒന്നും ചെയ്യുവാനില്ലാതെ മടിയനായി അങ്ങനെയിരിക്കെ, ഒരെലിക്കുഞ്ഞ് മച്ചിന്‍െറ ഉത്തരത്തിലൂടെ ഓടി നടക്കുന്നതുകണ്ടു. ഞാനൊരു വടിയെടുത്ത് അതിനെ തല്ലി താഴെയിട്ടു. പിടഞ്ഞ് ചത്ത എലിക്കുഞ്ഞിനെ കമ്പില്‍ തോണ്ടി എറിയുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. പക്ഷേ, ഏറെനേരത്തിനുശേഷം ആ എലിക്കുഞ്ഞ് എന്റെ മനസ്സില്‍ ദുഃഖത്തിന്‍െറ ലാവാപ്രവാഹം പോലെ വളരാന്‍ തുടങ്ങി. ആ കുഞ്ഞിനെ കാത്തിരിക്കുന്ന എലിയച്ഛന്‍െറയും അമ്മയുടെയും ദുഃഖം എന്‍െറ ദുഃഖമായി മാറി. ആ വേദനയാണ് എന്‍െറ ആദ്യകഥ. അന്ന് കൈവിരല്‍ മുറിച്ചുണ്ടായ രക്തംകൊണ്ട് ഞാന്‍ ഡയറിയില്‍ ഇങ്ങനെയെഴുതി ”ഇതൊരു കുഞ്ഞിന്‍െറ കഥയാണ്, അച്ഛനമ്മമാരുടേതും.”
”എന്‍െറ എല്ലാ കഥകളും എന്‍െറ ആത്മാവില്‍നിന്നൊഴുകുന്നതാണ്. ഞാനൊരു വികാരങ്ങളുടെ തടവുകാരനാണ്. രചനാവേളയില്‍ ഞാന്‍ ഒറ്റപ്പെടും. പിന്നെ മുറിക്കുള്ളില്‍ ഞാനും കഥാപാത്രങ്ങളും മാത്രം. കഥാപാത്രത്തിനു ദുഃഖം വന്നാല്‍ ഞാന്‍ കരയും. ചിരി വന്നാല്‍ ഞാനും ചിരിക്കും. കഥാപാത്രങ്ങളുടെ വികാരങ്ങളെല്ലാം കൂടി എന്നെ പൊതിഞ്ഞുവീര്‍പ്പുമുട്ടിക്കും. ഇപ്പോള്‍ ഈ സ്ട്രെയിന്‍ എന്നെ തളര്‍ത്തിക്കഴിയുന്നു. കഥയെഴുതുമ്പോള്‍ എനിക്ക് തലവേദനയും ബ്ളഡ്പ്ളഷറും കൂടുന്നു.”””
”എഴുത്ത് എനിക്കൊരു മരണവെപ്രാളം പോലെയാണ്. പുറത്താരോ കാത്തുനില്‍ക്കുന്നു വെന്ന പ്രേരണയില്‍ എഴുതിത്തീര്‍ക്കുകയാണ്. കിട്ടാവുന്നത്ര സമയം മടിപിടിച്ചിരുന്നാലേ എഴുതിത്തുടങ്ങാനാവൂ. ലോഹിതദാസ് എന്ന മനുഷ്യനില്‍നിന്നു ലോഹിതദാസ് എന്ന എഴുത്തുകാരനിലേക്കുള്ള കയറ്റം കിട്ടണം. ദോശ ചുടാന്‍ ദോശക്കല്ലു ചൂടായി പതം വരും പോലെ. പിന്നെല്ലാം ഈസിയാണ്. ”
”എന്റെ കഥാപാത്രങ്ങളെല്ലാം ജാതിക്കും മതത്തിനും മറ്റു വിവേചനങ്ങള്‍ക്കും എതിരേ നീങ്ങുന്നവരും നന്മയ്ക്കുവേണ്ടി നിലനില്‍ക്കുന്നവരുമാണ്. അവര്‍ തിന്മയെ ജയിച്ച് ആഹ്വാനപ്രസംഗവും ചെയ്ത് പാട്ടും പാടി പിരിയുന്നവരല്ലായിരിക്കാം. പ്രേക്ഷകമനസ്സുകളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ മുളപ്പിച്ച് പരാജയപ്പെട്ടു വീണുപോകുന്നവരാകാം. പ്രേക്ഷകനില്‍ അതിവൈകാരികത ഉണര്‍ത്തി നായകനെക്കൊണ്ട് അതിമാനുഷികമായ സാഹസങ്ങള്‍ ചെയ്യിച്ച് വായ നിറയെ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകള്‍ പറഞ്ഞ്, വികാരപരതയെ കയ്യടിയിലൂടെ ന്യൂട്രലൈസ് ചെയ്യിച്ച് സന്തോഷത്തോടെ അവസാനിക്കുന്ന കഥകളല്ല എന്റേത്. അതു പലപ്പോഴും കയ്യടിക്കാന്‍ അവസരം കൊടുക്കില്ല. കിടക്കപ്പായവരെയെങ്കിലും അസ്വസ്ഥമായ ചിന്തകളും ചോദ്യങ്ങളുമായി പ്രേക്ഷകനെ പിന്‍തുടരുന്നതായിരിക്കണം എന്റെ കഥകളെന്നു ഞാനാഗ്രഹിക്കുന്നു.”
തന്റെ ശ്രദ്ധേയമായ ചില സിനിമകളുടെ കഥ വന്ന വഴി അദ്ദേഹത്തിന്റെ വാക്കുകളില്‍:-
”വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം. അവ കുടുംബത്തിലുണ്ടാക്കുന്ന നൊമ്പരങ്ങള്‍. മനുഷ്യന്‍െറ വേദനകള്‍ ഇവയാണെന്‍െറ ഇഷ്ട വിഷയങ്ങള്‍. ഒരു രണ്ടാം ചോയ്സ് തന്നാല്‍ ജന്‍മവും കര്‍മ്മവും തമ്മിലുള്ള ബന്ധം ഞാന്‍ തിരഞ്ഞെടുക്കും. ഒരു കല്യാണവീട്ടില്‍വച്ച് ഞാനീയിടെ ഒരു പെണ്‍കുട്ടിയെ കണ്ടുസുന്ദരി. തിരക്കിയപ്പോള്‍ ഞാനറിഞ്ഞു, പണ്ടു ഞാന്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടിയുടെ മകളാണതെന്ന്. ഞാന്‍ ഞെട്ടിപ്പോയി. ആ ഞെട്ടല്‍ സ്നേഹമായി വളര്‍ന്നു. ആ കഥയാണ് പാഥേയം. “””
”ഒരിക്കല്‍ ആര്‍.ടി. ഒ. ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ കാണാന്‍ അയാളുടെ മുറിയില്‍ ഞാന്‍ ചെന്നു. പെട്ടെന്നായിരുന്നു തനി ഗ്രാമീണനായ അയാളുടെ അച്ഛന്‍ കൊടുങ്ങല്ലൂര്‍ ഭരണി കഴിഞ്ഞ് നാടന്‍ വേഷത്തോടെ അങ്ങോട്ട് കടന്നുവന്നത്. സുഹൃത്തിനത് ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ ഞാനാലോചിച്ചത് ആ അച്ഛന്‍െറ മനസ്സായിരുന്നു. ഇത്രദൂരം വന്നിട്ട് മകനെ കാണാതെ പോകുന്നത് ശരിയല്ലല്ലോയെന്നോര്‍ത്തിട്ടാണ് അച്ഛന്‍ അവിടെ വന്നത്. ആ സ്നേഹം എന്നെ വല്ലാതെ ഉലച്ചു. നമ്മുടെയെല്ലാം ജീവിതത്തിലുള്ള ഈ ബന്ധത്തില്‍നിന്നാണ് ഞാന്‍ വാത്സല്യത്തിലെ ‘വല്യട്ടനെ’ രൂപപ്പെടുത്തിയത്. “””
”പണ്ടൊരിക്കല്‍ ഒരു സുഹൃത്തിന്‍െറ വീട്ടില്‍ മാമോദീസയ്ക്കു പോയി. വീട്ടിലെ ഒരംഗം മരിച്ചുപോയ അതേ ദിവസമായിരുന്നു ചടങ്ങുകള്‍. ആ വീട്ടില്‍ വന്ന പത്രത്തിലും വാര്‍ത്തയുണ്ടായിരുന്നു. ആ ഭാഗം വെട്ടി മാറ്റിയ പത്രം മേശമേലിട്ടിരുന്നു. മനസില്‍ തീയെരിയെ ചിരിച്ചുല്ലസിക്കുന്ന ബന്ധുക്കളെ കണ്ടപ്പോള്‍ അദ്ഭുതം തോന്നി. ഈ അവസ്ഥ വികാരമാവുകയും അവയില്‍നിന്നു കല്ലൂര്‍ രാമനാഥനും ഗോപിനാഥനും ജനിക്കുകയും അവര്‍ക്കിടയില്‍ സംഗീതവും അപസ്വരവുമുണ്ടാവുകയും ചെയ്തതാണു ഭരതം ”””
സിനിമയെപ്പറ്റി, സിനിമാ സങ്കല്‍പങ്ങളെപ്പറ്റി:-
”ഇന്നത്തെ അവാര്‍ഡ് നിര്‍ണ്ണയം എം.എ.ക്കാരന്‍െറ ചോദ്യപേപ്പര്‍ പത്താം ക്ളാസ്സുകാരന്‍ നോക്കുന്നതുപോലെ അസംബന്ധമാണ്. എനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡ് തോപ്പില്‍ ഭാസിയില്‍നിന്നാണ്. ഞാനെന്‍െറ ആദ്യ നാടകവുമായി തോപ്പില്‍ ഭാസിയെ വള്ളിക്കുന്നത്തു ചെന്നുകണ്ടു. ”ഇതൊന്ന് വായിച്ചിട്ട് നാടകമാണോ അല്ലയോയെന്ന് പറയണം”. വായിച്ചുതീര്‍ന്നിട്ട് സന്തോഷത്തോടെ ഭാസി തന്‍െറ മുന്നിലെ പുസ്തകകൂമ്പാരത്തെ ചൂണ്ടിപറഞ്ഞു ”അതൊന്നും നാടകമല്ല. പക്ഷേ, ഇതില്‍ ഞാന്‍ നാടകം കാണുന്നു. സംവേദിക്കുന്ന മനസ്സു കാണുന്നു” അന്ന് ലഭിച്ച സംതൃപ്തിയാണ് എറ്റവും വലിയ അവാര്‍ഡ്. ”
”എന്‍െറ എല്ലാ പടവും നൂറു ദിവസം ഓടണമെന്ന ആഗ്രഹം എനിക്കില്ല. നല്ല പടമാണെന്നാളുകള്‍ പറയണം. അതു മാത്രം മതി. ”
”പടം മോശമായാല്‍ ഒന്നാംപ്രതി തിരകഥാകൃത്തു തന്നെയെന്നാണെന്‍െറ വിശ്വാസം. സിനിമാ നിര്‍മാണ സംഘത്തിന്‍െറ നായകനെന്ന നിലയില്‍ രണ്ടാമത്തെ ഉത്തരവാദിയാണു സംവിധായകന്‍. ”
”തിരക്കഥയില്‍നിന്നു വിട്ടുമാറി സംവിധായകന്‍ ഒന്നും ചെയ്യാന്‍ പാടില്ല എന്നതാണെന്‍െറ വ്യക്തിപരമായ അഭിപ്രായം. ഞാന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ ഗുണപരമായ ദൃശ്യവല്‍ക്കരണമാണു സംവിധായകന്‍െറ കര്‍ത്തവ്യം. വികാരങ്ങള്‍ സ്ക്രിപ്റ്റിലുള്ളതിനെക്കാള്‍ ശക്തമായി ധ്വനിപ്പിക്കലാണ്, സ്ക്രിപ്റ്റ് തിരുത്തലല്ല സംവിധായകന്‍െറ ജോലി. ”
”ആശയപരമായി ഇന്ത്യന്‍ സിനിമയുടെ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ഒന്നുമല്ല. മറ്റൊരു ദേശത്തിന്റെ സംസ്കാരത്തിലേക്ക് കടന്നു ചെല്ലാന്‍ നമ്മളും ശ്രമിക്കുന്നു എന്നതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ തകര്‍ച്ച. മനുഷ്യന്റെ മൃഗസഹജമായ വാസനകളെ സ്നേഹം കൊണ്ട് തണുപ്പിക്കുകയാകണം കലയുടെ ലക്ഷ്യം. ഭാഷയിലൂടെയെ സംസ്ക്കാരത്തിലേക്ക് എത്താനാകൂ. ഓരോ പദങ്ങളും ഓരോ വികാരങ്ങളാണ്. മാതൃഭാഷയാണ് ആദ്യമറിയേണ്ടത്”””
”വിദ്യാര്‍ഥികള്‍ പൊലീസിനെ നടുറോഡില്‍ തല്ലുന്നത് സിനിമയില്‍ കണ്ടു പഠിച്ചതു കൊണ്ടുമാത്രമാണ്. നിയമ വ്യവസ്ഥയ്ക്ക് എതിരെയുള്ള ഇത്തരം ദുഷ്ടനായകന്മാരെ മോഡലാക്കി ഉയര്‍ത്തിക്കാണിച്ചത് നമ്മുടെ സിനിമകളാണ്. കൊലപാതകം നടത്തുന്ന രംഗം കാണുമ്പോള്‍ കയ്യടിക്കുന്നതും മലയാളിയുടെ പുതിയ സംസ്കാരമാണ്. മലയാളിക്ക് ഇപ്പോള്‍ കൊലയാളിയുടെ മനസ്സാണ്. അതിനു പ്രധാന ഉത്തരവാദി സിനിമ തന്നെയാണ്. ഇപ്പോള്‍ കാണുന്നതുപോലുള്ള നായകന്മാര്‍ സാമൂഹികവിരുദ്ധരാണ്. അവരെ തടയേണ്ടതു സാംസ്കാരിക നായകന്മാരുടെകൂടി ധര്‍മമാണ് ”
ലോഹിതദാസിന്റെ മരണം മലയാള സിനിമാ പ്രേക്ഷകന്റെ മാത്രമല്ല, നല്ലൊരു സമൂഹം നിലനിന്നു കാണാനാഗ്രഹിച്ച അതിനു വേണ്ടി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ കേരളസമൂഹത്തിന്റെയും കൂടി നഷ്ടമാണ്. ഒരു പ്രേക്ഷകനെന്ന നിലയില്‍, സാമൂഹികജീവിയെന്ന നിലയില്‍ നിശ്ചലമായ ആ തൂലികയ്ക്കു മുന്നില്‍ പ്രാര്‍ഥനാപൂര്‍വം…












