പ്രണയത്തിലേക്കുള്ള മരണ ഡ്രൈവ്

എന്റെ ചേട്ടാ,

എന്തൊരു പോക്കായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസ് എടുത്തതേ എനിക്കോര്‍മയുള്ളൂ. സ്കൂളിന്റെ മുന്നില്‍ ചെന്നു നിന്നിട്ടും എനിക്കു വിശ്വസിക്കാന്‍ പറ്റിയില്ല. ഇതിനു മുമ്പ് വീഗാലാന്‍ഡില്‍ പോയപ്പോള്‍ മാത്രമേ ഞാനിങ്ങനെ ത്രില്ലടിച്ചിട്ടുള്ളൂ. ഹൊ, പെരുവിരലില്‍ നിന്നു തുടങ്ങിയ ഒരു കിരുകിരുപ്പ് ചേട്ടന്‍ സ്പീഡ് കൂട്ടുന്നതനുസരിച്ച് മുകളിലോട്ട് കയറി കയറി വന്ന് ഞാന്‍ വല്ലാത്തൊരവസ്ഥയിലായിപ്പോയി. ഒരു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്റെ മകളായിട്ടും അന്നു മുതല്‍ ഞാന്‍ ചേട്ടനോടിക്കുന്ന പ്രൈവറ്റ് ബസുകളിലേ കയറിയിട്ടുള്ളൂ. ചേട്ടന്‍ സെന്റ് തോമസില്‍ നിന്നു ശ്രീകൃഷ്ണയിലേക്കു മാറിയപ്പോള്‍ ക്ളാസ്സില്‍ അഞ്ചു മിനിറ്റ് ലേറ്റാകുമെന്നറിഞ്ഞിട്ടും ഞാനും അതിലേക്കു മാറി.

ചേട്ടന്റെ സ്പീഡിനെക്കുറിച്ച് ക്ളാസ്സില്‍ ചെന്നു പറഞ്ഞപ്പോഴാണ് ചേട്ടനെ അറിയാത്തതായി ഇനി ഞാന്‍ മാത്രമേയുളളൂ എന്നറിഞ്ഞത്. ഈ മുടിഞ്ഞ സ്്പീഡ് കാരണം ചേട്ടനു നാട്ടുകാര്‍ മരണം എന്നാണ് പേരിട്ടിരിക്കുന്നതെന്നു കൂടി കേട്ടപ്പോള്‍ എനിക്കാതെ ത്രില്ലായി. ചേട്ടനറിയാമോകുഞ്ഞുന്നാള്‍ മുതല്‍ കവിതയെഴുതുന്ന ഞാന്‍ മരണത്തെപ്പറ്റി 150 കവിതകളെഴുതിയിട്ടുണ്ട്. ഒരു നിമിഷം അതെല്ലാം ചേട്ടനെക്കുറിച്ചായിരുന്നു എന്നു മനസ്സു പറഞ്ഞപ്പോള്‍ വല്ലാത്തൊരു കോരിത്തരിപ്പ് അടിമുടി കടന്നുപോയി. ചേട്ടന്റെ കറുത്ത ഷര്‍ട്ടുകളും കാവി മുണ്ടും മൊട്ടത്തലയും കുറ്റിത്താടിയും എല്ലാം എല്ലാം എന്റെ സെക്സ് അപ്പീല്‍ സങ്കല്‍പങ്ങളെ തിരുത്തിക്കുറിച്ചു.

സാധാരണ പ്രൈവറ്റ് ബസ് ഡ്രൈവര്‍മാര്‍ പിന്നിലിരിക്കുന്ന പെണ്‍പിള്ളാരെ കണ്ണാടിയിലൂടെ നോക്കി ചുമ്മാ ഷൈന്‍ ചെയ്യാന്‍ വേണ്ടി കത്തിച്ചുവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ, ചേട്ടന്‍ ഒരിക്കല്‍പ്പോലും എന്നെയോ മുന്‍പിലിരിക്കുന്ന ഏതെങ്കിലും ഒരുത്തിയെയോ നോക്കിയിട്ടില്ല. അതുകൊണ്ടാണോ എന്നെനിക്കറിയില്ല, ചേട്ടന്റെ ശ്രദ്ധയാകര്‍ഷിക്കണം എന്നത് എന്റെയൊരു വാശിയായി. മനപൂര്‍വം ഇറുകിയ വേഷം ധരിച്ച് ഡ്രൈവര്‍ സീറ്റിന്റെ തൊട്ടുപിന്നില്‍ വന്നു ഞാനെത്ര ദിവസം നിന്നു. ചേട്ടന്‍ ഒരു കുഞ്ഞു ബ്രേക്കിടുമ്പോള്‍ പോലും മുന്നോട്ടാഞ്ഞു വന്നു ചേട്ടനെ ആകര്‍ഷിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ചേട്ടന്‍ വീണില്ലെന്നു മാത്രമല്ല തലകുത്തി വീഴാതെ പിടിക്കു നില്‍ക്കു കൊച്ചേ എന്നൊരു ദിവസം പരസ്യമായി പ്രഖ്യാപിച്ച് എന്നെ നാണം കെടുത്തുകയും ചെയ്തു.

എന്നിലെ വന്യമായ സങ്കല്‍പങ്ങളുള്ള കവയിത്രിയെ വെറുതെ പ്രകോപിപ്പിക്കുകയായിരുന്നോ ചേട്ടന്‍. എന്തായാലും അന്നു രാത്രി മരണത്തെപ്പറ്റി, എന്റെ ചേട്ടനെപ്പറ്റി ഞാന്‍ 12 കവിതയെഴുതി. എന്റെ വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, എന്റെ അടിവയറ്റില്‍ തീയാളുന്നുണ്ടായിരുന്നു. പിറ്റേന്ന് ഉറക്കച്ചടവുള്ള കണ്ണുകളോടെ ചേട്ടന്റെ ഡ്രൈവിങ് ഞാന്‍ നോക്കി നിന്നു. സിറ്റിയില്‍ ട്രാഫിക് ജാമില്‍പെട്ട് ഒരു വണ്ടി പോലും അനങ്ങാന്‍ വയ്യാതെ കിടക്കുമ്പോഴും ഇത്രേം വല്യ ബസിനെ കുഞ്ഞു നീര്‍ക്കോലി പാമ്പിനെയെന്നപോലെ ചേട്ടന്‍ കടത്തിക്കൊണ്ടുപോകുന്നത് എന്നും എന്റെ വിസ്മയമായിരുന്നു. അതു കഴിഞ്ഞിട്ട് ചന്ദ്രികേലേം മേരിമാതായിലേം ഡ്രൈവര്‍മാരെപ്പോലെ എങ്ങനെയുണ്ട് എന്ന മട്ടില്‍ ചേട്ടനും പെണ്ണുങ്ങളെ തിരിഞ്ഞുനോക്കിയായിരുന്നെങ്കില്‍ എനിക്കിത്ര ആരാധന തോന്നുകേലാരുന്നു. ഇത് വല്ല കൂസലുമുണ്ടോ ?

ഒത്തിരി ദിവസം നിന്നതിനു ശേഷമാണ് സ്പീഡോമീറ്റര്‍ എന്നു പറയുന്ന സാധനം ഞാന്‍ കണ്ടുപിടിച്ചത്. ചേട്ടന്‍ വണ്ടിയോടിക്കുമ്പോള്‍ അതങ്ങനെ ഉയരുന്നത് നോക്കി നില്‍ക്കുന്നത് എനിക്കൊരു ഹരമാണ്. ഹൊ,അതു നൂറു കഴിയുമ്പോള്‍ ബസിങ്ങനെ വൈബ്രേറ്റര്‍ പോലെ വിറയ്ക്കുമ്പോള്‍ അതേ കിരുകിരുപ്പ് എന്നെ ഭ്രാന്തു പിടിപ്പിക്കും. അതിലൊക്കെ ഭയങ്കരം ഹൈവേയുടെ നടുവിലൂടെ നാട്ടുരാജാവിന്റെ രഥം പോലെ ബസ് പോകുമ്പോള്‍ സ്റ്റിയറിങ്ങില്‍ നിന്നു പിടിവിട്ട് ചേട്ടന്‍ പോക്കറ്റില്‍ നിന്ന് തുളസി മിക്സ് എടുത്ത് പായ്ക്കറ്റ് പൊട്ടിച്ച് ചവയ്ക്കുന്നതാണ്. അതിന്റെ സുഗന്ധം എന്നെ സംബന്ധിച്ചിടത്തോളം ചേട്ടന്റെ സുഗന്ധമാണ്. ഒരു ദിവസം ചേട്ടനുപേക്ഷിച്ച പായ്ക്കറ്റ് എടുത്തുകൊണ്ടുപോയാണ് അതു തുളസി മിക്സ് ആണെന്നു ഞാന്‍ കണ്ടുപിടിച്ചത്. ഇത് പാന്‍ പരാഗു പോലുള്ള സാധനമല്ലേ ? ചേട്ടന്റെ ആരോഗ്യത്തിനു ചീത്തയല്ലേ ? അതിനു തന്നെയാണോ ചെറുക്കന്‍മാര്‍ ശംഭു എന്നു പറയുന്നത്. ഞങ്ങളുടെ സ്കൂളിന്റെ മുന്നില്‍ ഇത്തരം സാധനങ്ങള്‍ മാലപോലെ തൂക്കിയിട്ടു വില്‍ക്കുന്ന ചേട്ടനെ ശിക്കാരി ശംഭു എന്നാണ് വിളിക്കുന്നത്.

ചേട്ടന്റെ കൈ ഗിയറില്‍ ചലിക്കുന്നത് എന്നും ഞാന്‍ നോക്കിയിരിക്കും. ഒരു കലാകാരന്റെ വിരലുകളാണ് ചേട്ടന്റേത്. കൈത്തണ്ടയില്‍ എന്തിനാണ് ചേട്ടന്‍ രണ്ടുകിലോമീറ്റര്‍ നീളത്തില്‍ ചുവന്ന ചരടു കെട്ടിയിരിക്കുന്നത്. മറ്റേ കയ്യില്‍ ചില സിനിമയിലെ വില്ലന്‍മാര്‍ ഇടുന്നതുപോലെ ഒരു സ്റ്റീല്‍ വളയും. ഉറങ്ങാന്‍നേരവും ചേട്ടന്‍ ഇതൊന്നും അഴിച്ചു വയ്ക്കില്ലേ ? കാക്കി ഷര്‍ട്ടും പാന്റുമൊന്നും ഇട്ടില്ലെങ്കില്‍ ചേട്ടനെ പോലീസ് പിടിക്കില്ലേ. ചേട്ടനെ പോലീസുകാര്‍ക്കു പോലും പേടിയാണെന്നു തോന്നുന്നു. ചേട്ടന്റെ ബസ് ജംക്ഷനിലേക്കു ചെല്ലുമ്പോള്‍ ട്രാഫിക് കണ്‍ട്രോളിനു നില്‍ക്കുന്ന പോലീസുകാരന്‍ സ്റ്റോപ്പ് എന്നെഴുതിയ സാധനം വലിച്ചെറിഞ്ഞിട്ട് എന്നും ഓടിരക്ഷപെടുന്നത് കാണാം. ചേട്ടന്‍ ഒരു സംഭവം തന്നെ.

ചേട്ടന്റെ ഡ്രൈവിങ് എന്‍ജോയ് ചെയ്ത് എന്‍ജോയ് ചെയ്ത് എനിക്കിപ്പോള്‍ ചേട്ടനോട് ഒരിതുണ്ടോ എന്നൊരു സംശയം. നല്ല ഫോറിന്‍ സ്പ്രേയൊക്കെ അടിച്ചുവരുന്ന എന്റെ ക്ളാസ്സിലെ പയ്യന്‍മാരോടൊക്കെ എനിക്കിപ്പോള്‍ പുച്ഛമാണ്. ചേട്ടന്റെ തുളസി മിക്സിന്റെ സുഗന്ധമാണിന്നെന്റെ ലഹരി. ഒരു ദിവസം ചേട്ടനെ ഞാന്‍ സ്വപ്നം പോലും കണ്ടു. ഒരു ഭയങ്കര സ്വപ്നമായിരുന്നു അത്. നമ്മുടെ റയില്‍വേ ക്രോസിന്റെ അവിടെ ഗേറ്റ് അടഞ്ഞു കിടക്കുന്നു. കാറും ലോറിയും ബസുമൊക്കെയായി ഒന്നൊന്നര കിലോമീറ്റര്‍ നീളത്തില്‍ വണ്ടികളുടെ നീണ്ട നിര. അപ്പോള്‍ ചേട്ടന്‍ ബസോടിച്ചു വരുന്നു. അതില്‍ യാത്രക്കാരാരുമില്ല, ഞാന്‍ മാത്രം. കണ്ടക്ടര്‍ ബിജുവും പോര്‍ട്ടര്‍ ഷാജിയും പോലുമില്ല. അവിടെ വന്നതും ചേട്ടന്‍ ഗിയര്‍ മാറ്റി ഒറ്റക്കുതിപ്പ്. ബസ് അന്തരീക്ഷത്തിലേക്കുയര്‍ന്നു. കാത്തുകെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ക്കു മുകളിലൂടെ ബസ് പറന്നു. അപ്പോള്‍ താഴെ ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോകുന്നുണ്ടായിരുന്നു. ചേട്ടന്‍ ഒരു കൂസലുമില്ലാതെ ബസ് ട്രെയിനിന്റെ മേലേയെക്ക് ലാന്‍ഡ് ചെയ്തു. ബസിടിച്ചതും ട്രെയിന്‍ ട്രാക്കില്‍ നിന്നു തെറിച്ച് ബോഗികള്‍ ഛിന്നഭിന്നമായി, ഒരു നൂറുകഷണമായി അങ്ങ് ആകാശത്തേക്കു തെറിച്ചുപോയി.

പിറ്റേന്ന് ഈ സ്വപ്നത്തിന്റെ ത്രില്ലിലാണ് ഞാന്‍ ബസില്‍ കയറിയത്. നോക്കുമ്പോള്‍ ചേട്ടനില്ല പകരം ഒരു കിളവന്‍. ഗിയറൂരി അയാളുടെ തലയ്ക്കടിക്കാനാണ് എനിക്കു തോന്നിയത്. അയാളോടിക്കുമ്പോള്‍ ബസിനും ഒരുപാട് പ്രായമായതുപോലെ എനിക്കു തോന്നി. തലേന്ന് ചേട്ടന്റെ ബസ് ഒരു ജീപ്പിനിട്ടിടിച്ചെന്നും ആറു പേര്‍ ആശുപത്രിയിലാണെന്നും ചേട്ടന്‍ പോലീസ് ലോക്കപ്പിലാണെന്നും കേട്ടപ്പോള്‍ എനിക്കു സഹിച്ചില്ല. ചേട്ടന്റെ ഭാഗത്തായിരിക്കില്ല തെറ്റ് എന്നറിയാവുന്നതു കൊണ്ട് തന്നെയാണ് ഉച്ചകഴിഞ്ഞ് ക്ളാസ് കട്ട് ചെയ്ത് പോലീസ് സ്റ്റേഷനില്‍ വന്ന് ചേട്ടനെ കണ്ടത്. വക്കീലങ്കിളിന്റെ സഹായം കിട്ടിയതുകൊണ്ട് അന്നു പുല്ലുപോലെ ജാമ്യം കിട്ടി. എന്നിട്ടും എന്തിനാണ് ഞാന്‍ ചേട്ടനെ ജാമ്യത്തിലെടുത്തതെന്നു ചേട്ടന്‍ അന്വേഷിച്ചില്ല. ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ എനിക്കിഷ്ടമായതുകൊണ്ട് എന്ന്. എന്നോടൊരു താങ്ക്സ് പോലും പറയാതെ ദുഷ്ടന്‍ ഓട്ടോറിക്ഷയില്‍ കയറി പോയില്ലേ.

പിന്നെ, ബസ് വീടിനകത്തേക്ക് ഓടിച്ചു കയറ്റി നാലു പേര്‍ക്കു പരുക്കേറ്റപ്പോഴും പാണ്ടിലോറി ഇടിച്ചുതെറിപ്പിച്ച് ഡ്രൈവറുടെ നടുവൊടിച്ചപ്പോഴും ചേട്ടനെ ജാമ്യത്തിലെടുത്ത എന്നെ ചേട്ടനൊന്നു നോക്കിപ്പോലും ഇല്ല. സുകന്യ ബസുകാര് ഗുണ്ടകളെ വിട്ട് ചേട്ടനെ അടിച്ചുവെന്നു കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി. ആശുപത്രിയിലെത്തി ചേട്ടന്‍ ജീവനോടെയുണ്ടെന്നു കാണുന്നത് വരെ എനിക്കൊരു സമാധാനവും ഉണ്ടായില്ല. എല്ലാ ദിവസവും ക്ളാസ്സിലേക്കു പോകും വഴി ആശുപത്രിയിലെത്തി ചേട്ടന് ഫ്രൂട്സ് എല്ലാം വാങ്ങി തന്നു പോന്നിട്ടും ഒരിക്കല്‍പ്പോലും ചേട്ടനെന്നോടൊരു പരിചയഭാവം കാണിച്ചില്ല. ഞാനതൊക്കെ ചെയ്യേണ്ടവളാണെന്ന ഭാവത്തില്‍ ചേട്ടന്‍ ബോബനും മോളിയും വായിച്ച് ഗൌരവത്തില്‍ കിടന്നു.

പക്ഷെ, ഇതിത്തിരി കടന്നുപോയി. സ്കൂളില്‍ നിന്നു പിള്ളേരം കൊണ്ട് പോയ ഒരു കുഞ്ഞ് ഓട്ടോറിക്ഷയാണ് ചേട്ടന്‍ ഇടിച്ചു തെറിപ്പിച്ചത്. ഇതുവരെയുള്ള അപകടങ്ങളൊന്നും ഞാന്‍ കണ്ടിരുന്നില്ലല്ലോ. ഇത് ക്രൂരമായിപ്പോയി. സൈഡില്‍ കൂടി പോയ ഓട്ടോ ചേട്ടന്‍ ഒറ്റ ഇടിക്ക് അപ്പുറത്തെ വീടിന്റെ രണ്ടാം നിലയിലെത്തിച്ചു. ആറ് കുരുന്നുകളാണ് മരിച്ചത്. ആ ഓട്ടോയിലുണ്ടായിരുന്ന ബാക്കി 22 കുട്ടികള്‍ക്കും പരുക്കുണ്ട്. അപ്പോഴും എനിക്കു ചേട്ടനോട് ദേഷ്യം തോന്നിയില്ല. ചാടിയിറങ്ങി അവരെ വാരിയെടുത്ത് ബസ് നേരേ ആശുപത്രിയിലേക്കു പറപ്പിക്കുമെന്നു ഞാന്‍ കരുതി. എങ്കില്‍ ഒരു കൈ സഹായിക്കാന്‍ തയ്യാറായി ഞാന്‍ നില്‍ക്കുമ്പോള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ചേട്ടന്‍ ചാടിയിറങ്ങി. എന്നിട്ട്, മുണ്ട് പറിച്ച് തലയില്‍ കെട്ടിക്കൊണ്ട് ഇടവഴിയിലൂടെ ഓടുന്ന ഓട്ടം കണ്ട് ശരിക്കും എന്റെ ഹൃദയം നിന്നുപോയി.

ഇന്നിപ്പോള്‍ ദിവസം പതിനഞ്ചാവുന്നു. ചേട്ടനെപ്പറ്റി ഒരു വിവരവുമില്ല. പത്രത്തില്‍ എല്ലാ ദിവസവും ചേട്ടന്റെ പടം വരുന്നുണ്ട്. ബസ് സ്റ്റാന്‍ഡിലും വഴിയിലുമൊക്കെ പടം ഒട്ടിച്ചിട്ടുണ്ട്. പിടിച്ചുകൊടുക്കുന്നവര്‍ക്ക് അയ്യായിരം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ചേട്ടനെ ജാമ്യത്തിലെടുത്ത വകയിലും ആപ്പിളും ഓറഞ്ചും വാങ്ങിത്തന്ന വകയിലുമൊക്കെയായി എന്റെ ചിലവ് അയ്യായിരത്തിലുമേറെയാണ് എങ്കിലും ചേട്ടന്‍ എന്റെ മുന്നില്‍ വന്നാലും ഞാന്‍ പിടിച്ചുകൊടുക്കില്ല. എനിക്കതിനു കഴിയില്ല.

പേര് അന്വരര്‍ത്ഥമാക്കിക്കൊണ്ട് ചേട്ടന്‍ നാട്ടില്‍ മരണം വിതച്ചിട്ട് രക്ഷപെട്ടു. ബസ് പോലീസ് സ്റ്റേഷന്‍ കോംപൌണ്ടില്‍ കിടപ്പുണ്ട്. ഞാനിപ്പോള്‍ കെഎസ്ആര്‍ടിസി ബസിനാണ് പോകുന്നത്. പ്രൈവറ്റ് ബസുകളെ എനിക്കിപ്പോള്‍ പേടിയാണ്. ഈ കത്ത് എന്നെങ്കിലും ചേട്ടനു കിട്ടുമോ എന്നെനിക്കറിയില്ല, കിട്ടിയാല്‍ വായിക്കുമോ എന്നും അറിയില്ല. പക്ഷെ, എനിക്കിത് എഴുതാതിരിക്കാനവില്ല, കാരണം കുറെക്കാലത്തോളം ഞാന്‍ ചേട്ടന്റെ കാമുകിയായിരുന്നല്ലോ.

വേദനയോടെ,
നര്‍മദ.

Related Posts with Thumbnails
  • :)
  • Ramesh PANNIthala
    Ith kalakkinnu parayathe vayya..
  • നല്ല പോസ്റ്റ്.
  • terminal
    good blog..
  • "ഞങ്ങളുടെ സ്കൂളിന്റെ മുന്നില്‍ ഇത്തരം സാധനങ്ങള്‍ മാലപോലെ തൂക്കിയിട്ടു വില്‍ക്കുന്ന ചേട്ടനെ ശിക്കാരി ശംഭു എന്നാണ് വിളിക്കുന്നത്. "
    :-D
  • shaan
    good one :)
  • The post is humorous as usual. But one thing - why are you having comments disabled for older posts? I am sure this is some setting that you can customise. I read some posts today only and I wanted to comment on them, but the message "comments are closed" was there :(
  • Arun
    ബെര്ളിചെട്ടാ .........ഈ സംഭവം അടിപൊളി ആണ് കേട്ടോ !!!
  • ആ ചേട്ടന്റെ ബാക്കില്‍ വരച്ചത് നമ്മുടെ തലേല്‍ വരച്ചരുന്നെന്കില്‍....
  • fahad
    sammadichirikunnu!!!!
  • വുഡ്ഫ്രോഗ്
    ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്ലോഗുകളുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നു ബെര്‍ളിത്തരങ്ങള്‍ മാത്രം.
    127-ാം സ്ഥാനത്ത്. Berli RocKs !!!

    http://binaryday.com/2009/01/10/a-detailed-study-of-250-indian-blogs-pagerank-alexa-backlinks-technorati-and-delicious-details/
  • വുഡ്ഫ്രോഗ്
    ബെര്‍ളീ ഹിറ്റ് 9 ലക്ഷം കഴിഞ്ഞല്ലോ
    ഇനിയും ലക്ഷം ലക്ഷം പിന്നാലെ..
  • കിടിലം സ്റ്റാര്‍ട്ട്‌ ആയിരുന്നു ബെര്‍ളി സാര്‍.. പക്ഷ പിന്നെ കുറച്ചു ഓവര്‍ ആയി വിവരിച്ചു കളഞ്ഞോ എന്ന് ഒരു സംശയം... എന്തായാലും കൊള്ളാം...
  • “ഞങ്ങളുടെ സ്കൂളിന്റെ മുന്നില്‍ ഇത്തരം സാധനങ്ങള്‍ മാലപോലെ തൂക്കിയിട്ടു വില്‍ക്കുന്ന ചേട്ടനെ ശിക്കാരി ശംഭു എന്നാണ് വിളിക്കുന്നത്”

    http://berlytharangal.com/wp-includes/images/smilies/icon_smile.gif
  • ചേട്ടനെ പോലീസുകാര്‍ക്കു പോലും പേടിയാണെന്നു തോന്നുന്നു. ചേട്ടന്റെ ബസ് ജംക്ഷനിലേക്കു ചെല്ലുമ്പോള്‍ ട്രാഫിക് കണ്‍ട്രോളിനു നില്‍ക്കുന്ന പോലീസുകാരന്‍ സ്റ്റോപ്പ് എന്നെഴുതിയ സാധനം വലിച്ചെറിഞ്ഞിട്ട് എന്നും ഓടിരക്ഷപെടുന്നത് കാണാം. ചേട്ടന്‍ ഒരു സംഭവം തന്നെ.

    ചേട്ടന്‍ ഒരു സംഭവം തന്നെ.

    ബെര്‍ളി ചേട്ടന്‍ സത്യം പറഞ്ഞാലും ഇല്ലെങ്കിലും ഒക്കെ ഒരു സംഭവം തന്നെ....

    എന്നാ അടിപൊളി ബ്ലോഗ്‌കളാ ചേട്ടാ....

    ----- പീക്കിരിവാവ ----
  • Good one! :-)
  • പ്രശാന്ത്
    ചേട്ടന്റെ ബസ് ജംക്ഷനിലേക്കു ചെല്ലുമ്പോള്‍ ട്രാഫിക് കണ്‍ട്രോളിനു നില്‍ക്കുന്ന പോലീസുകാരന്‍ സ്റ്റോപ്പ് എന്നെഴുതിയ സാധനം വലിച്ചെറിഞ്ഞിട്ട് എന്നും ഓടിരക്ഷപെടുന്നത് കാണാം. ചേട്ടന്‍ ഒരു സംഭവം തന്നെ.
    :)

    സൈഡില്‍ കൂടി പോയ ഓട്ടോ ചേട്ടന്‍ ഒറ്റ ഇടിക്ക് അപ്പുറത്തെ വീടിന്റെ രണ്ടാം നിലയിലെത്തിച്ചു. ആറ് കുരുന്നുകളാണ് മരിച്ചത്. ആ ഓട്ടോയിലുണ്ടായിരുന്ന ബാക്കി 22 കുട്ടികള്‍ക്കും പരുക്കുണ്ട്.
    :(
  • Manu
    :D nalla post
  • Ajesh Cherian
    "ഞങ്ങളുടെ സ്കൂളിന്റെ മുന്നില്‍ ഇത്തരം സാധനങ്ങള്‍ മാലപോലെ തൂക്കിയിട്ടു വില്‍ക്കുന്ന ചേട്ടനെ ശിക്കാരി ശംഭു എന്നാണ് വിളിക്കുന്നത്"

    "പോലീസുകാരന്‍ സ്റ്റോപ്പ് എന്നെഴുതിയ സാധനം വലിച്ചെറിഞ്ഞിട്ട് എന്നും ഓടിരക്ഷപെടുന്നത് കാണാം"

    "ഞാനതൊക്കെ ചെയ്യേണ്ടവളാണെന്ന ഭാവത്തില്‍ ചേട്ടന്‍ ബോബനും മോളിയും വായിച്ച് ഗൌരവത്തില്‍ കിടന്നു"

    "ആ ഓട്ടോയിലുണ്ടായിരുന്ന ബാക്കി 22 കുട്ടികള്‍ക്കും പരുക്കുണ്ട്"
blog comments powered by Disqus