പൈപ്പുകച്ചവടക്കാരന്റെ കഥ (ബാലസാഹിത്യം)

(നാലു മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനുളളതാണ് ഈ കഥ. അമ്മയോ അച്ഛനോ, സ്വന്തമായി ഒരു മലയാളം ബ്ലോഗ് ഉള്ളത് ആരാണെന്നു വച്ചാല്‍ കുഞ്ഞിനെ കഥ വായിച്ചു കേള്‍പ്പിക്കാവുന്നതാണ്.)

ഒരിടത്ത് ഒരിടത്ത് കിട്ടു എന്നു പേരുള്ള ഒരു ഗ്രാമീണനുണ്ടായിരുന്നു. പട്ടണത്തില്‍ നിന്ന് ഒത്തിരി ദൂരെ കിളികളുടെ പാട്ടും, പുഴയുടെ കൊഞ്ചലുമൊക്കെയുള്ള ഒരു ഗ്രാമമായിരുന്നു അത്. കിട്ടുവിന്റെ പിന്നാലെ അയാളുടെ നാട്ടില്‍ നിന്ന് പലരും ആ ഗ്രാമത്തില്‍ താമസിക്കാന്‍ വന്നു. കിട്ടുവിന്റെ വീടിന്റെ അടുത്തായി അവരൊക്കെ വീടും വച്ചു.

എല്ലാ സൌകര്യങ്ങളുമായെങ്കിലും കുടിവെള്ളം അവര്‍ക്കൊരു പ്രശ്നമായി. ദൂരെ അലതല്ലിയൊഴുകുന്ന പുഴയില്‍ പോയി വെള്ളം കോരിക്കൊണ്ടു വരിക എന്നത് വളരെ ബുദ്ധിമുട്ടാണ്. എല്ലാവരും ഒരു പോംവഴി തേടി തല പുകഞ്ഞാലോചിച്ചു. ഒടുവില്‍ കിട്ടു തന്നെ ഒരു ഉപായം കണ്ടു പിടിച്ചു.

പുഴയുടെ ആഴവും സ്ഥാനവും കണക്കാക്കി കിട്ടുവിന്റെ വീട്ടു മുറ്റത്ത് ഒരു കിണര്‍ കഴിക്കുക. മറ്റുള്ളവര്‍ക്ക് കിട്ടു വെള്ളം സൌജന്യമായി നല്‍കും. കിട്ടുവിന്റെ ബുദ്ധി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. കിട്ടു കിണര്‍ കുഴിച്ചു തുടങ്ങി. തങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സ്വന്തം മുറ്റത്ത് കിണര്‍ കുഴിക്കുന്ന കിട്ടുവിനോട് അവര്‍ക്കെല്ലാം ആരാധനയായി.

കിട്ടുവിനുള്ള കട്ടന്‍, പരിപ്പുവട, സുഖിയന്‍,രസികന്‍,വഷളന്‍ തുടങ്ങിയവയെല്ലാം സമയാസമയത്ത് അവര്‍ കിട്ടുവിന് എത്തിച്ചു കൊടുത്തു. അങ്ങനെ ഒടുവില്‍ കിണറിന്റെ പണി തീര്‍ന്നു. കുടവുമായി ഓടിയെത്തിയവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കിട്ടു എല്ലാവര്‍ക്കും യഥേഷ്ടം വെള്ളം കൊടുത്തു.

സത്യത്തില്‍ കിട്ടുവിനും അതൊരു അദ്ഭുതമായിരുന്നു. കിണര്‍ കുഴിയുമെന്നോ വെള്ളം കിട്ടുമെന്നോ വല്യ ഉറപ്പൊന്നുമില്ലാതെ അയല്‍പക്കത്തെ പെണ്‍പിള്ളാരുടെ കടാക്ഷവും പരിഗണനയും അത്യാവശ്യം പുട്ടടിയും നടക്കുമല്ലോ എന്ന് കരുതിയാണ് മിടുക്കനായ കിട്ടു കിണര്‍ കുഴിച്ചു തുടങ്ങിയത്. കിണറ്റില്‍ നിന്ന് വെള്ളം കിട്ടുമെന്നായതോടെ കിട്ടു എല്ലാവര്‍ക്കും വളരെ വേണ്ടപ്പെട്ടവനായി. കിട്ടു ഈ വീടിന്റെ നായകന്‍ എന്നു വരെ ചിലരു വീടിന്റെ മുന്നില്‍ എഴുതി വച്ചു.

കാലം കടന്നു പോയി. ഗ്രാമത്തില്‍ വേറെയും താമസക്കാര്‍ വന്നു. പലര്‍ക്കും ആ കിണറിന്റെയോ കിട്ടുവിന്റെ സംഭാവനകളുടെയോ കഥകളറിയില്ലായിരുന്നു. മിക്കവാറും തന്റെ ടിവിയിലൂടെ കാണിക്കുന്ന വിധേയന്‍ എന്ന സിനിമ കണ്ടു സമയം കൊന്നു കൊണ്ടിരുന്ന കിട്ടുവിന് വെള്ളം കോരാന്‍ വരുന്നവര്‍ തന്നെ വേണ്ട പോലെ ബഹുമാനിക്കുന്നില്ലെന്ന് തോന്നി.

ചിലരെ വിരട്ടി നോക്കിയെങ്കിലും നന്ദിയില്ലാത്തവര്‍ കിട്ടുവിന്റെ കിണറ്റില്‍ നിന്ന് കോരിക്കൊണ്ടു പോയ വെള്ളം ചൂടാക്കി കൊണ്ടുവന്ന് അയാളുടെ മുഖത്തൊഴിച്ചു. ഇതോടെ കിട്ടുവും കിട്ടുവിനെ ആരാധിക്കുന്ന ഗ്രാമീണരും അയാളെ ബഹുമാനിക്കാത്ത ആളുകള്‍ക്ക് വെള്ളം വിലക്കി തുടങ്ങി.

കിണറ്റില്‍ നിന്ന് വെള്ളം നിഷേധിക്കപ്പെട്ടവര്‍ പല വഴിക്കും പ്രതിഷേധിച്ചു. പ്രതിഷേധം കൂടിയപ്പോള്‍ കിട്ടുവിന്റെ കിണറിനോട് ചേര്‍ന്ന് കിട്ടുവിന്റെ ഒരു കൂട്ടുകാരന്‍ തന്നെ മറ്റൊരു കിണറ് കുഴിച്ചു. വെള്ളം എപ്പോഴുമുണ്ടായിരുന്നില്ലെങ്കിലും അതിന്റെ ചുവട്ടിലും പലരും പ്രതീക്ഷയോടെ വന്നു. ഒടുവില്‍ ബദല്‍ കിണര്‍ കഴിച്ച കൂട്ടുകാരന്‍ പെട്ടെന്നൊരു രാത്രിയില്‍ കിട്ടു കൊടുത്ത പട്ട തട്ടി ആവേശം പൂണ്ട് തന്റെ കിണറ്റില്‍ നിന്ന് കിട്ടുവിന്റെ കിണറ്റിലക്ക് തുരങ്കം കുഴിച്ച് ഗ്രാമീണരെ മുഴുവന്‍ വഞ്ചിച്ചു.

താന്‍ ജയിച്ചു എന്നു മനസ്സിലായ കിട്ടു വെള്ളം കോരാന്‍ വന്ന പാവപ്പെട്ടവരെ അകാരണമായി മര്‍ദ്ദിക്കാനും തെറി വിളിക്കാനും വരെ തുടങ്ങി. ഇതോടെ ഗ്രാമീണരിളകി എല്ലാവരും ചേര്‍ന്ന് അല്‍പം മാറി ഒരു ജനകീയ കിണര്‍ കഴിച്ചു. കിട്ടുവിനെ ഞെട്ടിച്ചു കൊണ്ട് ഗ്രാമീണര്‍ ഓരോരുത്തരായി കിട്ടുവിന്റെ മുറ്റത്ത് ചെന്ന് അയാളെ തെറിവിളിച്ചിട്ട് പുതിയ കിണറ്റിലക്കു പോയി.

ഗതികേടുകൊണ്ടാണ് ഇത്രകാലം ഗ്രാമീണര്‍ തന്നെ സഹിച്ചത് എന്ന് മനസ്സിലായ കിട്ടു തന്റെ കിണര്‍ മൂടുകയാണെന്നും അല്ലെങ്കിലും ഇപ്പോഴത്തെ കാലത്ത് കിണറുകള്‍ക്കൊന്നും വലിയ പ്രസക്തിയില്ലെന്നും പ്രഖ്യാപിച്ചു.

എങ്ങനെയും പുതിയ കിണര്‍ മൂടിക്കുക എന്നതായി കിട്ടുവിന്റെയും അയാളോടൊപ്പം നിന്ന ഏതാനും പേരുടെയും ലക്ഷ്യം. ഒടുവില്‍ കിട്ടു തന്നെ അതിനൊരു പോം വഴി കണ്ടെത്തി. പൊതുവിതരണ പൈപ്പുകള്‍ക്ക് പ്രചാരം നല്‍കുക.

എല്ലാവരുടെയും വീടിനു മുമ്പില്‍ പൈപ്പ് എത്തിക്കഴിയുമ്പോള്‍ ജനകീയ കിണറിനു ചുറ്റുമുള്ള കൂട്ടായ്മ അവസാനിക്കുമെന്നും എല്ലാവരും ഒറ്റയ്ക്കായി കഴിഞ്ഞാല്‍ ഓരോരുത്തരോടായി പ്രതികാരം ചെയ്യാമെന്നും കിട്ടു വ്യാമോഹിച്ചു.

കിട്ടു പട്ടണത്തില്‍ പോയി പൈപ്പുകളുടെ ഏജന്‍സി എടുത്ത് ഗ്രാമത്തില്‍ അവിടവിടെയായി നാലഞ്ച് പൈപ്പുകടകളും തുടങ്ങി. പൈപ്പുകളുടെ ഗുണഗണങ്ങളെപ്പറ്റി വര്‍ണിക്കുന്ന പരസ്യബോര്‍ഡുകള്‍ പറമ്പുകളില്‍ സ്ഥാപിച്ച് ആളുകള്‍ പൈപ്പ് വാങ്ങാന്‍ വരുന്നതും കാത്ത് അവരിരുന്നു.

(ബാക്കി കാലം തെളിയിക്കും)

Related Posts with Thumbnails
blog comments powered by Disqus