മണിച്ചിത്ര ബ്ലോഗ് _ഭാഗം-1

ബൂലോഗത്തറവാട്ടിലെ ഓരോ മുറിയിലും നിഗൂഢത തളം കെട്ടി നിന്നിരുന്നു. കാരണവന്മാരുടെ വിശ്വാസങ്ങളും അവരെ ആദരിച്ചിരുന്നവരുടെ വിശ്വാസപ്രമാണങ്ങളും തറവാട്ടിലെ ഇരുളടഞ്ഞ ഇടനാഴികളില്‍ നേര്‍ത്ത നിശ്വാസങ്ങള്‍ പോലെ കറങ്ങി നടന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിങ്ങി നിന്ന ബൂലോഗത്തറവാട്ടിലേക്ക് ദൂരെ നിന്നും രണ്ടു പേര്‍ വന്നു- പുകിലനും മങ്കയും. ഇരുവരും ബുദ്ധിയും വിവേകവും ഉള്ള ബ്ലോഗര്‍മാര്‍. പുകിലന്‍ ടെക്നിക്കല്‍ ബ്ലോഗറായിരുന്നു. മങ്ക കവയിത്രിയും.

ബൂലോഗത്തെത്തിയ ഇരവരും അഗ്രിഗേറ്ററിന്റെ ഓരോ മൂലയും അരിച്ചു പെറുക്കി ഓരോ ബ്ലോഗിലും കയറിയിറങ്ങി. എന്നാല്‍ ബൂലോഗത്തവാട്ടിലെ തലമുത്തവര്‍ അവരെ വിലക്കി- അങ്ങനെയിങ്ങനെയൊന്നും കയറിയിറങ്ങാവുന്ന ബ്ലോഗുകളല്ല ഇവിടെയുള്ളത്… പലതിനും പല കഥകളുമുണ്ട് … കാരണവന്മാരുടെ കാലം മുതല്‍ ബ്ലോക്ക് ചെയ്ത് അഗ്രിഗേറ്ററുകളുടെ പുറത്ത് ബന്ധിച്ചിരിക്കുന്ന ഒരു ബ്ലോഗുണ്ടിവിടെ. അതില്‍ കയറുകയോ കമന്റിടുകയോ ചെയ്യരുത്…. പ്രേതബാധയുള്ള ബ്ലോഗാ അത് !!!

പുകിലന്‍ പക്ഷെ സമ്മതിച്ചില്ല- പ്രേതബാധ മണ്ണാങ്കട്ട !… ഈ ബൂലോഗത്തിലെ ഒരു ബ്ലോഗും ആര്‍ക്കും വിലക്കാനാവില്ല… ഈ വിഢ്ഢിത്തങ്ങളൊന്നും ഞങ്ങള്‍ വിശ്വസിക്കില്ല !!

തലമൂത്തവര്‍ കര്‍ക്കശക്കാരായി- അരുത് !… ഇത് കളിയല്ല… പലര്‍ക്കും അനുഭവമള്ളതാണ്.. അമേരിക്കനില്ലത്ത് സെര്‍വര്‍ നമ്പൂതിരിയെ വിളിച്ച് 18 നാള്‍ മന്ത്രവാദം നടത്തി ആവാഹിച്ച് സെര്‍വറില്‍ ബന്ധിച്ച ബ്ലോഗില്‍ കമന്റിട്ടാലെന്താ സംഭവിക്കുകാ എന്നറിയാമോ ???

ന്താടോ കോപ്പേ ?

ആ ബ്ലോഗിലെ പ്രേതം ആവിടെ കമന്റിടുന്നയാളുടെ മേല്‍ കയറും !!!
സ്വന്തം ഐഡി നഷ്ടപ്പെട്ട് ആയാളും അനോണിമസായി മാറും !!!!!

പുകിലന്‍ എല്ലാം നിസ്സാരമായി തള്ളിയെങ്കിലും മങ്കയുടെ മനസ്സില്‍ പ്രേതവും ബ്ലോഗും നിഗൃഢതയുടെ നിഴലില്‍ നിന്നു. കൂടുതലറിയാനാഗ്രഹിച്ച് ബൂലോഗത്തറവാട്ടിലെ തലമൂത്ത വനിതാ ബ്ലോഗര്‍മാരെ അവള്‍ സമീപിച്ചു. അവരില്‍ നിന്നാണ് അവള്‍ ആ കഥ അറിഞ്ഞത്. അതിങ്ങനെയായിരുന്നു.

തറവാടിന്റെ സ്ഥാപകനും ഭയങ്കര തറവാടിയും പ്രഭുവുമായിരുന്ന പഴയൊരു ബ്ലോഗ് കാരണവര്‍ക്ക് പിന്നീട് വന്ന ബ്ലോഗുവല്ലി എന്ന യുവ വനിതാ ബ്ലോഗറോട് താല്‍പര്യം തോന്നുകയും സ്വന്തമായി ജീവിതവും പ്രണയവും ഭാഷയുമുള്ള വനിതാ ബ്ലോഗറുടെ കാമുകനും കവിയുമായിരുന്ന ബ്ലോഗുനാഥന്‍ എന്ന ബ്ലോഗര്‍ വൈകാതെ തന്നെ മറ്റൊരു ബ്ലോഗ് തുടങ്ങുകയും ചെയ്തു. ഇരുവരും പരസ്പരം കമന്റിടുകയും പോസ്റ്റുകളെ അഭിനന്ദിക്കുകയും തിരുത്തുകയും ചെയ്തുകൊണ്ടിരുന്നു.

ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ബ്ലോഗുകളുടെ ലിങ്കുകള്‍ കൂടി കൊടുത്തത്തോടെ വായനക്കാര്‍ക്ക് കാര്യം മനസ്സിലായി. വിവരമറിഞ്ഞ കാരണവര്‍ വനിതാ ബ്ലോഗുവല്ലിയുടെ ബ്ലോഗ് ഐഡി ഹാക്ക് ചെയ്യുകയും കാമുകന്‍ ബ്ലോഗറെ അഗ്രിഗേറ്ററില്‍ നിന്ന് പുറത്താക്കുകയും പിന്നീട് അവന്റെ ഐഡി ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇത് സഹിക്കാനാവാത്ത ബ്ലോഗുവല്ലി കാരണവരോട് പൊട്ടിത്തെറിച്ചെങ്കിലും കലി പൂണ്ട കാരണവര്‍ അവളുടെയും ഐഡി ഡിലീറ്റ് ചെയ്തു. പിന്നത്തെ അമാവാസി രാവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ബ്ലോഗുവല്ലി അനോണിമസ് ആയി വന്ന് കാരണവരുടെ ഐഡി ഡിലീറ്റ് ചെയ്തെന്നാണ് കഥ. കഥ കേട്ട മങ്ക തരിച്ചിരുന്നു പോയി.

ഡിലീറ്റ് ചെയ്യപ്പെട്ട കാരണവരും ബ്ലോഗുവല്ലിയും ബൂലോഗത്ത് അനോണിമസായി അലഞ്ഞു നടന്ന് എല്ലാ ബ്ലോഗുകളിലും അനോണിമസായി കമന്റുകളിട്ട് പ്രശ്നം സൃഷ്ടിച്ചപ്പോള്‍ അമേരിക്കനില്ലത്ത് സെര്‍വര്‍ നമ്പൂതിരിയെ വിളിച്ച് 18 നാള്‍ മന്ത്രവാദം നടത്തി ആവാഹിച്ച് സെര്‍വറില്‍ ബന്ധിക്കുകയായിരുന്നു.

പ്രേതബാധയുള്ള ആ ബ്ലോക്കിനി ബ്ലോഗ് മങ്കയുടെ മനസ്സില്‍ ഒരു മഹാമേരുവായി വളര്‍ന്നു.ഉറക്കത്തിലും ഊണിലും അവളാ‍ ബ്ലോക്കിനി ബ്ലോഗിനെക്കുറിച്ച് ആലോചിച്ച് കിടന്നു.

ബ്ലോക്കിനി ബ്ലോഗും കഥകളും പക്ഷെ പുകിലനെ സ്വാധീനിച്ചതേയില്ല. അയാള്‍ തന്റെ ടെക്നിക്കല്‍ ബ്ലോഗില്‍ മറ്റുള്ളവന്റെ ബ്ലോഗും ഐഡിയും എങ്ങനെ ഹാക്ക് ചെയ്യാം എന്ന വിഷയത്തില്‍ ഒരു പോസ്റ്റ് അടിച്ചു കൊണ്ടിരിക്കുമ്പോള്‍ അടുത്തിരുന്ന് മങ്ക മെല്ലെ ചോദിച്ചു- പുകിലേട്ടാ… ഞാനാ ബ്ലോക്കിനി ബ്ലോഗില്‍ കയറട്ടെ ?

പുകിലന്‍- അതിനതിന്റെ പാസ്വേര്‍ഡ് നിനക്കറിയ്വോ ?

മങ്ക ആവേശം കൊണ്ടു- അതൊക്കെ ഞാന്‍ സംഘടിപ്പിച്ചുണ്ട് … പക്ഷെ കുഴപ്പാവ്വോ ?

താന്‍ കേറെടോ !! -പുകിലന്‍ പുഷ്പം പോലെ അനുമതി നല്‍കി.

വലിയൊരു നിഗൂഢതയിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുന്നതിന്റെ ആവേശം കൊണ്ടെന്ന പോലെ അവള്‍ ത്രസിച്ചിരുന്നു.

(തുടരും)

Related Posts with Thumbnails
blog comments powered by Disqus