ഇന്റര്‍വ്യൂ _ ബെര്‍ളി തോമസ് (ലൈവ്)
ലുഫ്താന്‍സ വിമാനം എയര്‍ പോര്‍ട്ടില്‍ വന്നിരങ്ങിയതു മുതല്‍ അവള്‍ അസ്വസ്ഥയായി എയര്‍പോര്‍ട്ടിലൂടെ നടന്നു. അതിസുന്ദരിയായ അവളെ യാത്രക്കാരും ചുമ്മാ വായില്‍ നോക്കാന്‍ വന്നവരുമെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വിമാനത്തില്‍ വന്നിറങ്ങിയ വിഐപികളുടെ പേരിന്റെ കൂടെ ബെര്‍ളി തോമസിന്റെ പേരു കൂടി കേട്ടപ്പോള്‍ അവളുടെ നെഞ്ചിടിപ്പു കൂടി. ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ അഭിമാനിക്കാവുന്ന നിമിഷമാണെങ്കിലും അദ്ദേഹത്തെ അഭിമുഖം ചെയ്യുന്ന കാര്യമോര്‍ത്തപ്പോള്‍ അവള്‍ക്ക് പേടി തോന്നി.
ക്ലിയറന്‍സും ചെക്കിങ്ങുമില്ലാതെ എയര്‍പോര്‍ട്ട് അധികൃതര്‍ അദ്ദേഹത്തെ പുറത്തേക്ക് നയിച്ചു. എയര്‍പോര്‍ട്ട് പൊലീസിനു പുറമേ എസ്പിജി, ബ്ലാക് ക്യാറ്റ് സംരക്ഷണവും കേരളാ പൊലീസിന്റെ ശക്തമായ സംരക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. അവളെപ്പോലെ അവിടെ ബെര്ളി തോമസിനെ കാണാന്‍ ചുറ്റിത്തിരിഞ്ഞിരുന്ന പ്രവര്‍ത്തകര്‍ പൊടുന്നനെ ഒന്നിച്ചു.
നിമിഷങ്ങള്‍ക്കകം ഒരായിരം ഫ്ലാഷുകള്‍ മിന്നിത്തെളിഞ്ഞു. അറൈവല്‍ ലോഞ്ചിലേക്ക് നടന്നെത്തിയ അദ്ദേഹത്തെ എതിരേറ്റത് മണിക്കൂറുകള്‍ നീണ്ടു നിന്ന ഫ്ലാഷുകളായിരുന്നു. ചോദ്യങ്ങളുമായി ഇരച്ചു വന്ന പത്രപ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ പൊലീസും മറ്റും ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ശ്രമം വിജയിക്കുന്നുണ്ടായിരുന്നില്ല.
ഒടുവില്‍ പത്രപ്രവര്‍ത്തകര്‍ ലാത്തി ചാര്‍ജ്ജിനിരയാവുമെന്ന സ്ഥിതി ആയപ്പോള്‍ ബെര്‍ളി തോമസ് നിന്നു. അദ്ദേഹത്തെ കാത്ത് ബെന്‍സ് ഇസഡ് ക്ലാസ്സ് മുറ്റത്ത് റെയ്സ് ചെയ്തു കിടക്കുകയായിരുന്നു. ഡിഐഡി ചാര്‍ജ് എന്നു പറയുന്നതിനു മുമ്പേ ബെര്‍ളി തോമസ് പറഞ്ഞു- ഓകെ… എല്ലാവരും വേണ്ട… ഒരാള്‍ … നിങ്ങളിലൊരാള്‍ക്ക് എന്നോടു ചോദ്യങ്ങള്‍ ചോദിക്കാം… അഞ്ചു മിനിട്ട് ഞാന്‍ തരാം..
എല്ലാവരും അതി സുന്ദരിയായ അവളെ നോക്കി. അവല്‍ മുന്നോട്ടു വന്നു. ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിന്റെ പ്രതിനിധിയായിരുന്നു അവള്‍.
എന്താ പേര് ? -അദ്ദേഹം ചോദിച്ചു.
മെര്‍ളിന്‍ !
അപ്പന്റെ പേര് ?
ചാര്‍ളി !
സ്ഥലം ?
കുര്‍ള!
ശരി.. ചോദിച്ചോളൂ..
അങ്ങാണല്ലോ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മലയാളി… മലയാളത്തിനു വേണ്ടി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ?
മലയാളത്തിനു വേണ്ടി ഞാനൊരു ബ്ലോഗ് നടത്തുന്നില്ലേ… അതിലാണല്ലോ മെര്‍ളിയും ജോലി ചെയ്യുന്നത്..അല്ല അതിന്റെ ഡിസ്ക്രിപ്ഷനില്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ബാഷാ ബ്ലോഗ് എന്നു ചേര്‍ക്കാത്തതെന്തേ ?
അതു പിന്നെ സര്‍…!
എന്ത് പിന്നെ… അതുണ്ടെങ്കിലേ ഒരു രസമുള്ളൂ..!
ഒകെ സര്‍… അങ്ങയുടെ ബ്ലോഗിലെ പോസ്റ്റുകള്‍ ചിലര്‍ മോഷ്ടിക്കുന്നു എന്ന് കേട്ടു. യാഹു വിവാദം വന്നപ്പോള്‍ അതിനിരയായ ബ്ലോഗര്‍മാരെ ആക്ഷേപിച്ച് പോസ്റ്റിട്ട അങ്ങ് അങ്ങേക്കൊരു പ്രശ്നം വന്നപ്പോള്‍ നിലപാട് മാറ്റിയതെന്തു കൊണ്ടാണ് ?
ആരു പറഞ്ഞു ഞാന്‍ നിലപാട് മാറ്റിയെന്ന്… ഞാനയാളെ അഭിനന്ദിക്കുകയല്ലേ ചെയ്തത് ? മാത്രമല്ല, മലയാളത്തില്‍ ഇത്രയും ബ്ലോഗുകളുണ്ടായിട്ട് അയാള്‍ എന്റെ ബ്ലോഗില്‍ നിന്നു മാത്രമല്ലേ മോഷ്ടിച്ചുള്ളൂ… അത് തന്നെ മലയാളത്തിലെ നമ്പര്‍ വണ്‍ ബ്ലോഗ് ഇതാണെന്നുള്ളതിന് തെളിവല്ലേ ? മാത്രവുമല്ല എംടിയും ബഷീറും കഴിഞ്ഞാല്‍ മലയാളത്തില്‍ സാഹിത്യകാരനായി അയാള്‍ അംഗീകരിക്കുന്നത് ഞാനാണെന്നല്ലേ അതിന്റെ സൂചന ?
അങ്ങനെ അവകാശപ്പെടാന്‍ വേണ്ടി അങ്ങ് തന്നെ പറഞ്ഞിട്ടാണ് അയാള്‍ മോഷണം നടത്തിയതെന്ന് ഞാന്‍ ആരോപിച്ചാല്‍ ?
ചന്തിയ്ക്ക് നല്ല പെട പെടയ്ക്കും… നിന്നെ പിരിച്ചും വിടും.. കഴുവേറിടെ മോളെ !
സോറി സര്‍.. തമിഴിലുള്ള ഒരു സൈറ്റ് അങ്ങയുടെ പോസ്റ്റുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു എന്നു കേട്ടല്ലോ ?
ഞാനും കേട്ടു. എന്നെപ്പോലെ ഒരു അഹങ്കാരി സോറി.. അദ്ഭുതപ്രതിഭ തമിഴിലില്ലായിരിക്കും… അവിടെയുള്ളവര്‍ക്കും വല്ലതും വായിക്കണ്ടേ ? പണ്ടാരോ ഒരു തിരുക്കുറള്‍ എഴുതിയിട്ടുണ്ടെന്നു കേട്ടു.. അതിനു ശേഷം പിന്നെ ഇതാണത്രേ.. !
അങ്ങ് വനിതാ ബ്ലോഗര്‍മാര്‍ക്കെതിരെ ആസൂത്രിതമായി എഴുതുകയാണെന്ന് പരാതിയുണ്ടല്ലോ ?
നീ വൈകിട്ട് ഓഫിസിലോട്ടു വാടീ നിന്റെ പരാതി ഞാന്‍ തീര്‍ത്തു തരാം…
സോറി സര്‍. ഈ ബ്ലോഗ് മോഷണത്തിനെതിരെ എന്താണ് അങ്ങേക്ക് പറയാനുള്ളത് ?
ഞാനെന്തു പറയാന്‍ ഇതൊക്കെ ചെറിയ കാര്യങ്ങളല്ലേ.. ഇപ്പോല്‍ തന്നെ കണ്ടില്ലേ.. ആഡ് സെന്‍സില്‍ നിന്നു കിട്ടിയ 257 കോടി രൂപ സ്വിസ് ബാങ്കിലിടാന്‍ പോയിട്ടു വരുന്ന വഴിയാണ്… തുഞ്ചത്തെഴുത്തച്ഛനും ഞാനും ഒന്നും അങ്ങനെ ജാടയുള്ളവരല്ല ! ഞങ്ങളെ തെറ്റിദ്ധരിക്കരുത് പ്ലീസ് !
അപ്പോള്‍ എര്‍പോര്‍ട്ടിനു മുകളില്‍ അയര്‍ ഫോഴ്സ് വണ്‍ പറന്നു കറങ്ങി.
മൈ ഗോഡ്.. ഇറ്റസ് ആള്‍റെഡി ലേറ്റ്… ഉച്ചക്ക് ബുഷിന്റെ കൂടെ ഡിന്നര്‍ കഴിക്കാമെന്ന് ഇന്നലെ രാവിലെ ബ്ലെയറനോടൊപ്പം ലഞ്ച് കഴിക്കുമ്പോള്‍ ഉറപ്പു നല്‍കിയതാണ്.. ഇതേ വണ്ടി വിട്ടിരിക്കുന്നു. എന്നെ വിടൂ..ഞാനീ പറഞ്ഞതൊക്കെ ഇപ്പോള്‍ തന്നെ കൊണ്ടു പോയി പബ്ലിഷ് ചെയ്യൂ… പിന്നെ… നിന്നെ പറഞ്ഞ തെറികളൊന്നും എഡിറ്റ് ചെയ്തേക്കരുത്.. ആ പോ !!!










