ജൂറീ, സോറി ! (രഹസ്യ-വെബ്ക്യാം സംപ്രേഷണം)
ആ, ചായ കുടിച്ചു കഴിഞ്ഞവരൊക്കെ ഇങ്ങോട്ടിരുന്നേ.. സംഗതി ഇപ്പോ തീരുമാനിക്കണം.. നാളെ രാവിലെ അവാര്‍ഡ് പ്രഖ്യാപിച്ചില്ലെങ്കില്‍ കളി മാറും..അവാര്‍ഡ് ജൂറിയാണെന്നു പറഞ്ഞ് കള്ളും ചിക്കനുമായി ഇവിടെ കൂടീട്ട് കാലം കൊറെയായി. പോര്‍ക്കിന്റെ ഒരു കൊറവുണ്ടായിരുന്നു.. ഈ പന്നിപ്പനി വലിയ ചതിയായിപ്പോയി അല്ലിയോ ? ചിക്കന്‍ ഗുനിയ കാരണം കഴിഞ്ഞ വര്‍ഷം ചിക്കന്‍ തൊട്ടില്ല.. അടുത്ത വര്‍ഷം ഇനിയെന്താണോ ? ആ അപ്പോ അവാര്‍ഡ് ലിസ്റ്റ് ഒണ്ടാക്കിക്കോ..
ഇന്നത്തെ പത്രമൊക്കെയൊന്നു നോക്കിക്കേ.. അവന്‍മാര് എഴുതിയിരിക്കുന്ന സാധ്യതാലിസ്റ്റ് വച്ച് നമുക്കങ്ങു കൊടുത്താലോ ?
അതാണ് എളുപ്പം, പക്ഷേ, അങ്ങനെ കൊടുത്തുകഴിഞ്ഞാല്‍.. അവാര്‍ഡ് വിവരങ്ങള്‍ നേരത്തെ ചോര്‍ന്നു എന്നു പറഞ്ഞ് നാളെ അത് വലിയ വിവാദമാകും.. പത്രത്തില്‍ വന്നതുമായി യാതൊരു ബന്ധവുമില്ലാത്ത അവാര്‍ഡ് നിര്‍ണയമായിരിക്കണം.. സിനിമാലോകം ഞെട്ടണം..
അതല്ലെങ്കിലും അവാര്‍ഡു വരുമ്പോള്‍ സിനിമാലോകം എല്ലാ വര്‍ഷവും ഞെട്ടുന്നുണ്ട്..
അപ്പോള്‍ മികച്ച സിനിമ.. ഏതിനു കൊടുക്കണം ?
അതിപ്പോ ജൂറിയുടെ മുന്നില്‍ വന്ന എല്ലാ സിനിമയും കണ്ട ആരെങ്കിലും അഭിപ്രായം പറയുന്നതല്ലേ നല്ലത് ?
സിനിമ കണ്ടിട്ടു വേണോ അത് നല്ലതാണോ ചീത്തയാണോ എന്നു തീരുമാനിക്കാന്‍ ? നിങ്ങളേതു കാലഘട്ടത്തിലാണു മിസ്റ്റര്‍ ജീവിക്കുന്നത്. നമുക്കൊരു ചരിത്രമില്ലേ, ഒരു പാരമ്പര്യമില്ലേ ?
എങ്കില്‍ പാരമ്പര്യം അവകാശപ്പെടാവുന്ന നിക്കറൂര്‍ ബാലകൃഷ്ണന്‍ സാറിനു തന്നെ കൊടുക്കാം..
അയാള്‍ ഇപ്പോഴുമുണ്ടോ ? മൈ ഗോഡ് ! ഏതാ സിനിമ ?
ഒരു ചായേം രണ്ടു വടേം എന്നോ മറ്റോ ആണെന്നു തോന്നുന്നു..
എന്താ പ്രമേയം ?
ചായക്കടയിലെ ഏകാന്തതയില്‍ പരസ്പരം മിണ്ടാതെ കഴിയുന്ന രണ്ടു ബോണ്ടകളുടെ കഥയാണെന്നു തോന്നുന്നു..
അപ്പോള്‍ ചായ ?
ചായ വേണമെങ്കില്‍ നമുക്കൊന്നുകൂടി പറയാം.. സലീമേ.. ജൂറിക്കൊരാറു ചായ.. മൂന്നെണ്ണം വിത്തൌട്ട് !
അപ്പോള്‍ അങ്ങനെ അതു തീരുമാനമായി.. ഇനി മികച്ച സംവിധായകന്‍ ?
മറ്റേ പുള്ളിക്കു കൊടുത്താലോ, ഇല്ലെങ്കില്‍ ജൂറിയുടെ തന്തയ്ക്കു വിളിക്കും..
അതു കൊടുത്താലും വിളിക്കും..നിക്കറൂര്‍ ബാലകൃഷ്ണനും പുള്ളിയുമായുള്ള ഉടക്കറിയാമല്ലോ.. സംവിധായകനും നിക്കറൂര്‍ തന്നെ മതി..
ശരി. ഇനി മികച്ച രണ്ടാമത്തെ ചിത്രം..
അതു വേണമെങ്കില്‍ മറ്റേ പുള്ളിയുടേതിനു കൊടുത്തോ.. ശല്യം ഒഴിയട്ടെ
ഇനി മികച്ച നടനെ കണ്ടുപിടിക്കണം..
അതെന്താ ഇത്ര കണ്ടുപിടിക്കാനിരിക്കുന്നത്.. ഇവിടെ സൂപ്പര്‍സ്റ്റാര്‍ അല്ലാതെ പിന്നേതു നടനാ ഉള്ളത്.. ഈ വര്‍ഷം ഇറങ്ങിപ്പോയത് എത്ര സിനിമകളാ.. എല്ലാത്തിലേയും പ്രകടനം കണക്കിലെടുത്ത് നമുക്കങ്ങേര്‍ക്ക് അവാര്‍ഡ് കൊടുക്കാം..
അതങ്ങു പള്ളിപ്പോയി പറഞ്ഞാല്‍ മതി.. അഭിനയം എന്നു പറഞ്ഞാല്‍ മെഗാസ്റ്റാര്‍.. മെഗാസ്റ്റാറിന്റെ എത്രയെത്ര സിനിമകളാ വരിവരിയായി ഹിറ്റായത്..
വേണ്ട വേണ്ട.. നിങ്ങള്‍ രണ്ടു ഗ്രൂപ്പും കൂടിയുള്ള കളി ഈ വര്‍ഷം വേണ്ട.. ഇത്തവണ ഇവരു രണ്ടു പേരുമല്ലാത്ത ആര്‍ക്കെങ്കിലും കൊടുക്കാം..
ഇവരല്ലാതെ വേറെ ആര്‍ക്കാണിവിടെ അഭിനയിക്കാനറിയാവുന്നത് ? ശൂരേഷ് ഗോപിയോ ? ഭയറാമോ അതോ കുല്‍ദീപോ ? ശൂരേഷ് ഗോപിക്കു കൊടുക്കുന്നെങ്കില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് അയാളുടെ തോക്കിനു കൊടുക്കണം.. ഭയറാമിനാണെങ്കില്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് പ്രേം നസീറിനു കൊടുക്കണം.. പിന്നെ, കുല്‍ദീപ്.. മിമിക്രിക്കാരന്‍ പയ്യനല്ലേ..
ഹലോ ഹലോ.. ജൂറിയില്‍ ലോബിയിങ് നടക്കില്ല.. നാഷനല്‍ അവാര്‍ഡ് ജൂറിയില്‍ ഇതൊക്കെ നടക്കും. മൂന്നാംകിട കച്ചവട സിനിമകളിറങ്ങുന്ന ബോളിവുഡും കോളിവുഡും പോലെയല്ല മലയാളസിനിമ.. നമുക്ക് നമ്മുടേതായ ഒരു ശൈലിയില്ലേ, സംസ്കാരമില്ലേ ?
ഈ വര്‍ഷം മറ്റേ തലവെട്ട് എന്ന സിനിമയില്‍ അഭിനയിച്ച പുള്ളിക്കു കൊടുത്താലോ. നന്നായി അഭിനയിച്ചിട്ടുണ്ട്.
സൂപ്പറുകള്‍ പിണങ്ങിയാലോ ? നമുക്കിട്ടു പണി തന്നാലോ ?
പണി അവാര്‍ഡു കിട്ടുന്നവനിട്ടായിരിക്കും.. മികച്ച പണി..
എങ്കില്‍ ഇനി മികച്ച നടി..
മഞ്ജു വാര്യര്‍ തന്നെയല്ലേ ?
അവര് അഭിനയം നിര്‍ത്തിയിട്ട് കാലം കുറെയായി മാഷേ..
ഉവ്വോ.. ഞാനിന്നലെയും ഒരെണ്ണം കണ്ടല്ലോ..
മികച്ച നടിയായിട്ട് പുതിയ വല്ല പിള്ളേരം തിരഞ്ഞെടുക്ക്.. ബാക്കിയൊക്കെ പാഴായിത്തുടങ്ങി..
മറ്റേ പുള്ളി ഇന്നലെയും വിളിച്ചായിരുന്നു.. ജനപ്രീതിയുള്ള ചിത്രം പുള്ളിക്കു തന്നെയല്ലേ എന്നു ചോദിച്ചു
എടോ അതിന് ആളു കയറിയില്ലല്ലോ.. അതിനൊട്ട് ജനപ്രീതിയുമുണ്ടായില്ല.. ജനങ്ങള്‍ തള്ളിക്കളഞ്ഞ സിനിമയാണത്.. ഹിറ്റായ സിനിമകളില്‍ നിന്നേതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാം..
എന്തു ഹിറ്റ് ? എല്ലാ സ്റ്റാറുകളും അഭിനയിച്ച തെണ്ടി തെണ്ടിയല്ലേ ഏറ്റവും വലിയ ഹിറ്റ്..
ജനപ്രീതി എന്നു പറഞ്ഞാല്‍ ജനങ്ങള്‍ സ്വീകരിച്ച ചിത്രമെന്നല്ലേ അര്‍ത്ഥം ?
അതിനങ്ങനെ പ്രത്യേകിച്ച് ഒരര്‍ഥമൊന്നുമില്ല.. പ്രൈവറ്റ് ബസ് എന്നു പറഞ്ഞാല്‍ അത് പബ്ളിക് അല്ലേ ? ഷോര്‍ട് ലിസ്റ്റ് എന്നു പറഞ്ഞ് പിഎസ്സി ഇറക്കുന്ന ലിസ്റ്റിന്റെ നീളം വല്ല പിടിയുമുണ്ടോ ? ഇതൊക്കെ നമ്മളു തന്നെയങ്ങ് തീരുമാനിച്ചാല്‍ പോരേ ? മറ്റേ പുള്ളിയെ വിളിച്ച് നിരാശപ്പെടണ്ടാന്നു പറഞ്ഞേരെ.. അപ്പോ പ്രധാനസംഗതികളെല്ലാം ആയില്ലേ ? ബാക്കിയൊക്കെ ആ ലിസ്റ്റ് നോക്കി നിങ്ങളു തന്നെയങ്ങു എഴുതിവച്ചാല്‍ മതി. പിന്നെ, വളരെ ശ്രദ്ധയോടെ വേണം ചെയ്യാന്‍.. കഴിഞ്ഞ വര്‍ഷം സിനിമ ചെയ്തവരുടെ പേരേ എഴുതാവൂ.. പിന്നെ കോളം മാറിപ്പോവരുത്..മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് ഡബ്ബിങ് ആര്‍ടിസ്റ്റിനു കൊടുക്കരുത്.. അപ്പോ നാളെ പ്രസ് കോണ്‍ഫറന്‍സിനു കാണാം..
അയ്യോ മാഷേ.. മികച്ച ഗായകനെ തിരഞ്ഞെടുത്തില്ല..
ഓ.. അങ്ങനെയൊരു സംഗതിയുണ്ടല്ലോ..എഴുതിക്കോ.. സോനു നിഗം ? ഗജിനിയിലെ ആ ഒറ്റപ്പാട്ടു മതിയല്ലോ
അയാള്‍ ഹിന്ദിയിലാ സാറേ..
എങ്കില്‍ ഇവിടെയുള്ള ചില ഗായകരുടെ പേര് പറയൂ..
വണ്‍ മിസ്റ്റര്‍ ദോശദാസ്, വിജയചന്ദ്രന്‍, പുഞ്ചിരി ശ്രീകുമാര്‍, അഹങ്കാര്‍ ശ്രീനിവാസന്‍ അങ്ങനെ കുറെപ്പേരുണ്ട്.. ചട്ടമ്പിയിലെ ദാസേട്ടന്റെ ഒരു പാട്ടുണ്ട്.. അല്ലെങ്കില്‍ ചുമ്മാ ഒരു കാമുകിയിലെ മണ്ണുണ്ണിമേനോന്റെ ഒരു പാട്ടുണ്ട്..
വേണ്ട വേണ്ട.. ദോശദാസിന് എന്തായാലും കൊടുക്കേണ്ട.. അയാള്‍ അഹങ്കാരിയാണ്.. കഴിഞ്ഞ തവണ ഒരു സ്റ്റേജില്‍ ഒന്നിച്ചു വന്നിട്ട് അയാള്‍ എന്നെ മനസ്സിലാവാത്തതുപോലെ ഭാവിച്ചു.. അഹങ്കാരം ഞാന്‍ സഹിക്കില്ല.. മണ്ണുണ്ണിമേനോനും വേണ്ട.. മേനോന്‍മാരെ എനിക്കു പണ്ടേ ഇഷ്ടമല്ല.. നമുക്കാ മറ്റേ പയ്യനു കൊടുത്താലോ ? അഹങ്കാര്‍ ശ്രീനിവാസന്‍ ?
ജനം ചിലപ്പോള്‍ ജൂറിയെ ആക്രമിച്ചേക്കും..
എങ്കില്‍ വേറെ ആരുടെയെങ്കിലും പേര് പറയൂ..
ശ്വാസം വിടാതെ പാട്ടുപാടുന്ന ഭയങ്കര്‍ മഹാദേവനുണ്ട്.. പക്ഷെ മലയാളം അത്ര ക്ളിയറല്ല..
അതെ അത്തരക്കാരെയാണ് നമുക്ക് വേണ്ടത്.. ഈ പ്രേക്ഷകര്‍ എന്നു പറയുന്ന തെണ്ടികളുടെ മലയാളം ക്ളിയറാണോ ? അവാര്‍ഡ് ഭയങ്കറിനു തന്നെ കൊട്.. ദോശദാസ് പോലും ദോശദാസ്.. അടുത്ത വര്‍ഷം നമുക്ക് ഉദിത് നരായണു കൊടുക്കാം..ഇവിടുത്തെ പാട്ടുകാര്‍ പഠിക്കട്ടെ.. !
(ടച്ചിങ്സ് വെട്ടാനിറങ്ങിയ കെഎസ്ഇബിക്കാര്‍ മരത്തില്‍ കയറുന്ന ഏതോ പാമ്പാണെന്നു കരുതി കേബിള്‍ മുറിച്ചതിനാല്‍ ജൂറിയുടെ മുറിയില്‍ നിന്നുള്ള അതീവരഹസ്യ വെബ്ക്യാം സംപ്രേഷണം അതോടെ നിലച്ചു. ലതിന്റെ വിഡിയോ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതാണ്)










