മികച്ച വനിതാ ബ്ലോഗറാവാന്‍ 10 വഴികള്‍

ഏറെ പുരസ്കാരങ്ങളും പുറത്താക്കലുകളും ഏറ്റുവാങ്ങിയ ഈ പാവപ്പെട്ട ബ്ലോഗില്‍ പണ്ട് പ്രസിദ്ധീകരിച്ച ബ്ലോഗറെ ഒതുക്കാന്‍ പത്തു വഴികള്‍ പുതു ബ്ലോഗര്‍മാരെ ഒതുക്കാനാഗ്രഹിക്കുന്ന സീനിയര്‍ ബ്ലോഗര്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നെങ്കില്‍ ഇത് പുതുതായി എഴുത്തു തുടങ്ങുന്ന വനിതാ ബ്ലോഗര്‍മാര്‍ക്കു വേണ്ടിയുള്ളതാണ്.

പുരുഷ മേധാവിത്വത്തിന്റെ ലോകത്ത് ഞങ്ങള്‍ എങ്ങനെ പിടിച്ചു നില്‍ക്കും എന്ന് ആശങ്കപ്പെടുന്ന ബ്ലോഗ് വനിതകള്‍ ശ്രദ്ധിച്ചു വായിക്കുക.

1. നിങ്ങള്‍ ഒരു നല്ല കുടുംബത്തില്‍ പിറന്ന ബ്ലോഗറാണ് എന്ന് മണ്ടന്‍ വായനക്കാരെ വിശ്വസിപ്പിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. അപാരമായ ബ്യൂട്ടിയും അതിഭീകരമായ പ്രതിഭയും അങ്ങനെ സ് ത്രൈണതയുടെ മൂര്‍ത്തീഭാവമാണ് നിങ്ങള്‍ എന്ന് വായിക്കാനിരിക്കുന്നവന് തോന്നണം.

കാരണം, പുരുഷവായനക്കാര്‍ 94.7 ശതമാനവും എഴുത്തുകാരി ഭയങ്കര ബുദ്ധിയും മറ്റും ഉള്ള നമ്പൂതിരി, നായര്‍, മേനോന്‍, വര്‍മ തുടങ്ങിയ ജനുസ്സുകളില്‍ പെട്ടവരാണെന്ന് കഠിനമായി ആഗ്രഹിക്കുന്നുണ്ട്. അത് സാധിച്ചാല്‍ വായനക്കാരന്‍ എന്ന കോന്തന്‍ പോസ്റ്റ് ഒന്നുമിട്ടില്ലെങ്കിലും നിങ്ങളുടെ ബ്ലോഗില്‍ വന്നു വെള്ളമിറക്കി പോകാനുള്ള സാഹചര്യം ഒരുങ്ങിക്കൊള്ളും.

ബ്ലോഗില്‍ സുഗന്ധം പൂശാനുള്ള വഴികളെന്തെങ്കിലുമുണ്ടോ എന്നൊരു വനിതാ ബ്ലോഗര്‍ എഴുതി ചോദിച്ചിരുന്നു. അതിനുള്ള സംവിധാനം വികസിപ്പിച്ചു വരുന്നതേയുള്ളൂ. തുടര്‍ന്ന് നിങ്ങള്‍ക്ക് ബ്ലോഗിനെ പൂ ചൂടിക്കുകയോ നഖം നീട്ടി നിറം കൊടുക്കുകയോ സഹ ബ്ലോഗറിമാരെ മാന്തിപ്പറിക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്.

2. പേരാണ് അടുത്ത സംഗതി. വളരെ പ്രധാനം. സാധാരണ സ്ത്രീകള്‍ക്ക് കണ്ടു വരുന്ന പേരുകള്‍ ഇടരുത്. സ്വന്തം പേര് തീരെ പാടില്ല. ഉന്നതകുല പേരുകള്‍ ആവാം. ഉദാ- സരസ്വതി വര്‍മ, സാവിത്രി നമ്പൂതിരി, ലക്ഷ്മി മേനോന്‍ എന്നിങ്ങനെ. അല്ലെങ്കില്‍ വല്ല പച്ചക്കറിയുടെയോ മറ്റോ പേരിടാം. മരച്ചീനിപ്പെണ്ണ്, കാന്താരിപ്പെണ്ണ് തുടങ്ങിയവയൊക്കെയാവാം. അല്ലെങ്കില്‍ പേരിന്റെ ഒരു സൂചന മാത്രം കൊടുക്കാം.

ഉദാ- നിങ്ങളുടെ പേര് പൂര്‍ണിമ എന്നാണെന്നിരിക്കട്ടെ നിങ്ങള്‍ക്ക് പൂ Pu എന്ന പേര് സ്വീകരിക്കാം. അതുമല്ലെങ്കില്‍ സ്വയം ഒരു ദേവിയായി പ്രഖ്യാപിക്കുക. സരസമ്മ ദേവി, ചക്കി ഭഗതവി (സോറി ഭഗവതി) തുടങ്ങിയവ ഉദാഹരണം.

3. ഇത് ഒരു വനിതയുടെ ബ്ലോഗാണ് എന്നറിഞ്ഞാല്‍ മാന്യ വായനക്കാരന്‍ പോസ്റ്റിലേക്കൊന്നും പോകാതെ നേരേ പോകുന്നത് നിങ്ങളുടെ പ്രൊഫൈലിലേക്കായിരിക്കും. (ആര്‍ക്കു വേണം ഇവളുടെയൊക്കെ പോസ്റ്റ്, ചക്കേം മാങ്ങേം കറി വയ്ക്കുന്ന വിധം തിരിച്ചും മറിച്ചും എഴുതാനല്ലാതെ എവക്കൊക്കെ 10 പൈസേടെ വിവരമൊണ്ടോ- എന്ന ചിന്തയോടെയാവും നിങ്ങളുടെ പ്രൊഫൈല്‍ ലക്ഷ്യമാക്കി നീങ്ങുന്നത്)

വനിതാ ബ്ലോഗ് ആണ് എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ മണ്ടന്‍ ബ്ലോഗ് അയാളുടെ ഫേവറിറ്റ്സില്‍ തുളച്ചു തൂക്കിയിട്ടുണ്ടാവും. പ്രൊഫൈലില്‍ നിങ്ങളെക്കുറിച്ച് ഒരു വസ്തു കൊടുക്കരുത്. എന്നു വച്ചാല്‍ ജില്ല, ഉപജില്ല, വിദ്യാഭ്യാസ ജില്ല, തുടങ്ങിയ വിവരങ്ങള്‍, ഇ മെയില്‍ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും.

ഫീമെയില്‍ യുണൈറ്റഡ് സ് റ്റെയിറ്റ്സ് എന്നു കൊടുത്തേക്കുക. മതി. ഇന്ത്യ, തമിഴ് നാട് കര്‍ണാടകം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചുണ്ടത്ത് വിരല്‍ വയ്ക്കേണ്ട. നിങ്ങളുടെ ബ്ലോഗില്‍ ആളെത്തണോ വേണ്ടയോ ? എത്തണം എന്നാണുത്തരമെങ്കില്‍ നിങ്ങളുടെ രാജ്യം യുഎസ് ആയിരിക്കണം. ലോക്കല്‍ ആയാല്‍ വില കുറയും. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരമാവധി കുറക്കണമെന്നു പറഞ്ഞതും ഇതു കൊണ്ടാണ്.

കൈയ്യെത്തും ദൂരത്ത് നിങ്ങളുണ്ടെന്നു തോന്നിയാല്‍ പിന്നെ ഒരു രസം തോന്നില്ല ഇവന്മാര്‍ക്ക്. കൈയ്യെത്തും ദൂരത്ത്- കാണാമറയത്ത് എന്ന ഇഫക്ട് വേണം.

4. ഇനി ഒരു ഫോട്ടോ വേണം. സ്വന്തം ഫോട്ടോ പാടില്ല. യഥാര്‍ത്ഥ രൂപം കണ്ണാടിയില്‍ കണ്ട് നെടുവീര്‍പ്പിട്ടാല്‍ (സോറി ആസ്വദിച്ചാല്‍ )മതി. സിനിമാ നടിമാരുടെയൊന്നും പടം ഇടരുത്. ഇതുവരെ കഷ്ടപ്പെട്ടതു വെറുതെയാവും. കൊച്ചു പെണ്‍കുട്ടികളുടെയാവാം. അഞ്ചു മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികളുടെ.

അല്ലെങ്കില്‍ കണ്ണ് മാത്രം, ചുണ്ട് മാത്രം, മുടി മാത്രം അങ്ങനെ ഏതെങ്കിലും ഭാഗം ക്ലോസപ്പിലെടുത്തത് ഇട്ടേക്കുക. ആരായിരിക്കും ഇവള്‍ എന്ന ചിന്തയോടെ വിവിധ ഭാവനകളോടെ നിങ്ങളുടെ ബ്ലോഗും എടുത്ത് വച്ച് വായനക്കാര്‍ ചുമ്മാ ഇരുന്നോളും.

5. ഇനി നമുക്ക് പോസ്റ്റുകളെക്കുറിച്ച് ചിന്തിക്കാം. അക്ഷരം എഴുതാന്‍ പഠിക്കുക എന്നതാണ് പ്രധാനം. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിനെ മലയാളം കംപോസിങ് പഠിപ്പിക്കാം.നിങ്ങള്‍ ടിവി കണ്ടു കൊണ്ട് പറഞ്ഞു കൊടുത്താല്‍ മതി. ലോലന്‍ അടിച്ചു കൊള്ളും. അവസാനം ഒന്നു വായിച്ചു നോക്കിയിട്ട് പബ്ലിഷ് ചെയ്യാം.

6.ഇനി വിഷയമാണ് തീരുമാനിക്കേണ്ടത്. വിഷയാസക്തിയുള്ള പരശ്ശതം വായനക്കാര്‍ക്കു മുമ്പിലേക്ക് ഇട്ടു കൊടുക്കുന്ന സാധനം കറ തീര്‍ന്നതായിരിക്കണം. നിങ്ങളുടെ അനുഭവക്കുറിപ്പുകളാണ് എഴുതാനുദ്ദേശിക്കുന്നതെങ്കില്‍ അത് അടുക്കളക്കുറിപ്പുകളായി ചുരുക്കാം.

പാരലല്‍ കോളജില്‍ പോയപ്പോള്‍ മലയാളം മാഷ് കത്ത് തന്നതും എസ്റ്റേറ്ററ്റ് മുതലാളിയുടെ മകന്‍ നോക്കി നോക്കി കൊതിപ്പിച്ചതല്ലാതെ ഒരു കത്തു പോലും തരാത്തതിന്റെ നിരാശയും ബ്ലോഗിലെഴുതട്ടെ എന്ന് ഒരു ബ്ലോഗര്‍ ചോദിച്ചിരുന്നു. പാടില്ല. യഥാര്‍ത്ഥ അനുഭവങ്ങള്‍ പാടില്ല. എഴുതിയേ അടങ്ങൂ എന്നുണ്ടെങ്കില്‍ നിലവാരം പുലര്‍ത്തുന്ന അനുഭവങ്ങള്‍ എഴുതുക.

‘വൃത്തികെട്ട പുരുഷന്മാരും അതിസുന്ദരിയും കുലീനയും കോടികളുടെ ആരാധനാപാത്രവും ദൈവികഗുണസമ്പന്നയുമായ ഞാനും’ എന്ന ഭാവം നിറഞ്ഞു നില്‍ക്കണം. ഉദാഹരണത്തിന് -

‘കാറില്‍ നിന്നിറങ്ങുമ്പോല്‍ ഡ്രൈവര്‍ അന്ന് പതിവില്ലാത്ത ഉപചാരം കാണിച്ചു. പുറത്ത് നല്ല ചൂട്. വീട്ടിനുള്ളിലെ എസിയുടെ സ്വസ്ഥതയില്‍ കടക്കുമ്പോല്‍ മുറിയിലെ ഇറ്റാലിയന്‍ മാര്‍ബളില്‍ എന്റെ ഗോരക്പൂര്‍ ഡിസൈനര്‍ സാരി ഉലഞ്ഞുകൊണ്ടിരുന്നു. തായിലണ്ടില്‍ നിന്നും തലേന്ന് കൊണ്ടുവന്ന സോഫയില്‍ വെറുതെ കിടന്നു. മയങ്ങിത്തുടങ്ങുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. അത് അവനായിരുന്നു.- എന്ത്യേ ?

ഓപ്പോള്‍ എന്നോട് ക്ഷമിക്കണം ?

ങൂം ?

എനിക്കറിയില്ല എനിക്കെന്തോ പോലെ…

സാരല്യ കുട്ട്യേ… നിക്കൊന്നൂല്ല.. നിയ്യ് സങ്കപ്പെടണ്ടട്ടൊ !’

ഈ ലൈനിലങ്ങ് പോയാല്‍ മതി.

ഇതിനു പുറമേ അമേരിക്കയില്‍ ബുഷിന്റെ ഓഫിസിലോ മറ്റോ ഇവിടുത്തെ ചീഫ് സെക്രട്ടറിക്ക് സമാനമായ ഒരു ജോലിയാണ് നിങ്ങളുടോതെന്നും എപ്പോഴും നിങ്ങളെ ആരാധിച്ചു കൊണ്ടിരിക്കുകയാണ് ഭര്‍ത്താവിന്റെ ജോലിയെന്നും പറഞ്ഞു വയ്ക്കാന്‍ മടിക്കരുത്.

7. അവിവാഹിതകളായ ബ്ലോര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ ഭയങ്കരമായ പ്രതിഭ കൊണ്ട് മിന്നിത്തിളങ്ങുന്നവരാണെന്ന് (ഭയങ്കര സുന്ദരിയാണെന്നതിനു പുറമേ) വായനക്കാരനെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കണം. ഓണ്‍ലൈനാവുമ്പോള്‍ ചാറ്റിനു വരുന്നവന്മാരെ അടുപ്പിക്കരുത്. അകറ്റി നിര്‍ത്തും തോറും ഇവന്മാര്‍ക്ക് ആവേശം കൂടും. ആ ആവേശം നിങ്ങളുടെ ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റിനായി റിഫ്രഷ് ബട്ടണില്‍ ഞെക്കി ഞെക്കി കാത്തിരിക്കാന്‍ അവനെ പ്രേരിപ്പിക്കും.

നിങ്ങളുടെ പോസ്റ്റുകളില്‍ പ്രണയം കുറയ്ക്കാം. നിങ്ങളോട് ആരാധന കൊണ്ട് മരിക്കാന്‍ തുടങ്ങുന്ന ചെറുപ്പക്കാരെക്കുറിച്ചെഴുതാം. പിന്നെ മരണത്തെക്കുറിച്ചെഴുതാം. ദൈവത്തെക്കുറിച്ചും എഴുതാം. ദൈവവും നിങ്ങളും ചുമ്മാ തോളില്‍ കൈയ്യിട്ടു നടക്കുന്നവരാണെന്നും മരണം നിങ്ങളുടെ കളിപ്പാട്ടമാണെന്നും ഉള്ള മൂഡ് പരമപ്രധാനമാണ്.

8. ചിത്രങ്ങളും പ്രധാനമാണ്. നിങ്ങള്‍ ഭയങ്കര സഞ്ചാരിയാണെന്നും തനിച്ച് സഞ്ചരിക്കുന്ന സാഹസികയാണെന്നും ഒക്കെ തോന്നിക്കാന്‍ വീട്ടുകാരോ അയല്‍ക്കാരോ നാട്ടുകാരോ ഒക്കെ എടുത്തിട്ടുള്ള ഫോട്ടോകള്‍ വാങ്ങാവുന്നതാണ്.അതൊക്കെ ഓരോ അടിക്കുറിപ്പോടെ ഇട്ടേക്കുക. ഇതൊക്കെ എത്ര നിസ്സാരം എന്ന മട്ടിലായിരിക്കണം എല്ലാം.

9. ഇത്രയൊക്കെയായാല്‍ ദിവസേന 100 മുതല്‍ 300 വരെ ആളുകള്‍ വായനക്കാരെന്ന വ്യാജേന നിങ്ങളുടെ ബ്ലോഗില്‍ വന്നു പോകും. കമന്റുകള്‍ ശരാശരി 100-150 എന്ന നിലയ്ക്ക് നിന്നുകൊള്ളും. മറ്റുള്ളവര്‍ക്ക് ചുമ്മാ അങ്ങനെ കമന്റൊന്നും കൊടുത്തേക്കരുത് ട്ടൊ ! വെയിറ്റ് പോകും. പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്ന ഏതെങ്കിലും വിഷയം ഓടുന്നുണ്ടെങ്കില്‍ അവിടെ കയറി സാന്നിധ്യമറിയിക്കാം. ബുദ്ധിപരവും സാംസ്കാരികവുമായ കമന്റേ ഇടാവു. വിഷയമനുസരിച്ച് മാനേജ് ചെയ്യണം.

ഉദാഹരണത്തിന്- ഒരിക്കല്‍ എംടി എന്നോടു പറഞ്ഞത്…, മമ്മൂട്ടി എന്റ വീട് കാണാന്‍ വന്നപ്പോഴാണ് ഇതേ അഭിപ്രായം പറഞ്ഞത്, എന്നിങ്ങനെ. നിങ്ങള്‍ക്കെന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് കമന്റുകള്‍ വഴിയാവാം.

ഉദാ-എന്റെ വീട്ടിലെ മാവില്‍ ഇന്നു രാവിലെ ഒരു കാക്ക കൂടു കൂട്ടിയിരിക്കുന്നു. പ്രതിഷേധിക്കൂ !!!. ആഹ്വാനം സ്വീകരിച്ച് കുറഞ്ഞത് 500 ബ്ലോഗര്‍മാരെങ്കിലും 2000 കാക്കകളെയെങ്കിലും എറിഞ്ഞു കൊന്നിട്ടുണ്ടാവും.

10. മറ്റ് വനിതാ ബ്ലോഗര്‍മാരോടുള്ള സമീപനം. സഹ ബ്ലോഗര്‍മാരോട് കുശുമ്പ് കുത്തരുത്. മെയിലിലൂടെ എന്തു തെറിയും വിളിക്കുക. ബ്ലോഗ് വഴി സാത്വികമായി മാത്രം പ്രതികരിക്കുക. പുതിയ വനിതാ ബ്വോഗര്‍മാരെ മേളേ എന്നേ വിളിക്കാവൂ. അവര്‍ ചേച്ചീ എന്നു വിളിക്കുമെന്നത് ഉറപ്പ്. അമ്മേ..!! ദേവ്യേ..!! എന്നൊക്കെ വിളിപ്പിക്കാന്‍ കഴിഞ്ഞാന്‍ വിജയിച്ചു.

(ബ്ലോഗില്‍ നിങ്ങള്‍ക്കൊരു വിമര്‍ശനമോ മറ്റോ വന്നാല്‍ വിമര്‍ശിച്ചവനെ നേരിട്ടു പോയി തല്ലാന്‍ മാത്രം ആവേശഭരിതരായ ഒരു ഗുണ്ടാസംഘത്തെ പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്ത് നിലനിര്‍ത്തേണ്ടതാകുന്നു)

Related Posts with Thumbnails
  • kandari
    ethokke adyame paranju tarande?eniyippam entaa cheyya?engilum yadashichigamaanonariyilla,edil chila ideas njan pravarthigamaakiyittund
  • prayan
    ithu munpe vaayichchirunnenkil.............ini prophail thottu thutangnganam.
  • annakkutti
    nice...........
  • munnas
    entharappi....!
blog comments powered by Disqus