ഗീതാഞ്ജലി സുനീഷ് കുമാര്‍

ആദരണീയനായ ശ്രീ സുനീഷ് തോമസ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പുഷ്പാഞ്ജലി ഗിരീഷ് കുമാര്‍, ബാഷ്പാഞ്ജലി സതീഷ് കുമാര്‍ എന്നീ കഥകളിലെ ഇവരുടെ ഇളയ സഹോദരനാണ് ഗീതാഞ്ജലി സുനീഷ് കുമാര്‍.

പറയുമ്പോള്‍ വെറും സഹോദരനാണെങ്കിലും മൊത്തത്തില്‍ സ്വഭാവഗുണം കൊണ്ടും പ്രവര്‍ത്തനദോഷം കൊണ്ടും പൂര്‍വസൂരികള്‍ ചെയ്ത കര്‍മഫലം കൊണ്ടും സുനീഷ്കുമാര്‍ ഇവരുടെയൊക്കെ സന്മാര്‍ഗ വെളിച്ചവും വഴിയും സത്യവും ജീവനുമായി നിലകൊണ്ടു, അഥവാ നിലകൊള്ളുന്നു.

വയസ്സ് 26. ഇടയ്ക്കിടെ ഓരോ വില്സ് കത്തിച്ചു ചുണ്ടില്‍ വയ്ക്കും. ചുണ്ടിനു ബോറടിക്കേണ്ടല്ലോ എന്നു കരുതി അത് എരിഞ്ഞു തീരുമ്പോള്‍ അതുത്തത് വയ്ക്കും. അങ്ങനെ ചെയിനായി ദിവസം പത്തോ പതിനഞ്ചോ മാത്രം. അല്ലെങ്കിലും അവിവാഹിതരായ ചെറുപ്പക്കാരുടെ ചുണ്ടുകള്‍ക്ക് എന്തെങ്കിലും പണിയുണ്ടായിരിക്കണം എന്നാണ് സുനീഷ് കുമാറിന്റെ മതം.

മദ്യത്തോട് അടങ്ങാത്ത ആസക്തിയൊന്നും സുനീഷ് കുമാറിന് ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, തിളച്ച വെള്ളത്തില്‍ മുക്കിയെടുത്ത സ്വപ്നങ്ങള്‍ വെളുപ്പാന്‍ കാലത്ത് കണ്ടിട്ട് നേരം പുലരും മുമ്പേ കൂട്ടുകാരെ വിളിച്ചെണീപ്പിച്ച് ഡബിള്‍ ലാര്‍ജ് വിട്ട് വീട്ടിലെത്താറുള്ള ദിവസങ്ങളില്‍ മദ്യപാനത്തിന്റെ ദേഷവശങ്ങളെക്കുറിച്ച് സുനീഷ് കുമാര്‍ ഗിരീഷ് കുമാറിനോടും സതീഷ് കുമാറിനോടും വിവരിക്കാറുണ്ടായിരുന്നു.

സുനീഷ് കുമാറിന്റെ പണി അങ്ങനെ പെട്ടെന്നൊന്നും വര്‍ണിക്കാവുന്നതല്ല. സുനീഷ് കുമാറിന്റെ ഫാവി അളിയനും ഫാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ വകേലുള്ള അമ്മാവനുമായ കതിരവന്‍ പൈക കവലയില്‍ വച്ച് പറഞ്ഞതനുസരിച്ചാണെങ്കില്‍ – പെണ്ണുങ്ങളെ മാസം മൂന്നു വട്ടമെങ്കിലും മനശാസ്ത്രജ്ഞന്റെ അടുത്ത് പോകാന്‍ പ്രേരിപ്പിക്കും വിധം സങ്കീര്‍ണമായ രാത്രി ജോലി. പത്രപ്രവര്‍ത്തനം മുതല്‍ പട്ടിപിടുത്തം വരെ എന്തുമാകാം.

ഈ സുനീഷ് കുമാറിന്റെ അടുത്ത വീട്ടിലെ അതീവ സമ്പന്നനായ താണ്ഡവന്‍ നായരുടെ ഏക മകളായിരുന്നു ഗീത. മദ്യത്തോടെന്ന പോലെ തന്നെ ഗീതയോടും സുനീഷ് കുമാറിന് സംയുക്തവും സമ്മിശ്രവും സങ്കീര്‍ണവുമായ വികാരമായിരുന്നു. അതിനെ എങ്ങനെ വര്‍ണിക്കണമെന്നതിനെ സംബന്ധിച്ച് ഇപ്പോഴും സുനീഷ് കുമാര്‍ ഒരു തീരുമാനത്തിലെത്തിയിട്ടില്ല.

ഗീത പതിവായി ക്ലാസ്സില്‍ പോവുകയും നന്നായി പഠിക്കുകയും ചെയ്തിരുന്നു. ചെറുപ്പകാലം മുതല്‍ അതൊക്കെ തന്നെ ചെയ്തു കൊണ്ടിരുന്ന സുനീഷ് കുമാര്‍ ഗീതയുടെ വഴികളില്‍ ഒരു നിഴലായി നടന്നു. താന്‍ പിറകേ നടക്കുകയാണെന്ന് അവള്‍ പറയാതിരിക്കാന്‍ സുനീഷ് കുമാര്‍ അവളുടെ മുമ്പേ നടന്നു. ഇടക്കിടെ അവള്‍ ഓവര്‍ടേക്ക് ചെയ്തു കൊണ്ടിരുന്നു.

പൈകയില്‍ നിന്ന് നാട്ടിലെത്തുന്ന കതിരവന്‍ അമ്മാവന്‍ തന്റെ അതിസുന്ദരിയായ മരുമകളെ വട്ടമിട്ടു പറക്കുന്ന സുനീഷ് കുമാറിന്റെ പ്രാ‍ഞ്ചല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തനിക്ക് അവളോട് പ്രണയമാണോ അതോ ഇതെന്തെങ്കിലും രോഗമാണോ എന്നു പോലും തീര്‍ച്ചയില്ലാത്ത സുനീഷ് കുമാര്‍ തന്റെ ത്വര പതിവിലധികമാകുന്ന രാവുകളില്‍ ഗീതയുടെ മുറ്റത്തേക്കുള്ള വഴിയില്‍ പഞ്ചായത്ത് ഇട്ടു കൊടുത്ത സോഡിയം വേപ്പര്‍ ലാമ്പിന്റെ വെളിച്ചത്തില്‍ പ്രണയകവിതകളെഴുതി. (നാട്ടില്‍ പെണ്‍കുട്ടികളുള്ള വീടിന്റെ മുന്നിലെല്ലാം പഞ്ചായത്ത് സോഡിയം ലാമ്പ് സ്ഥാപിച്ചതെനിതെ യുവാക്കള്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.)

ഈ കവിതകള്‍ സുനീഷ് കുമാര്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുത്തു. മടക്കത്തപാലില്‍ തിരിച്ചു വന്ന അവയൊക്കെ സുനീഷ് കുമാര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിലെ കുട്ടികളുടെ കയ്യെഴുത്തു മാസികയിലേക്ക് ഫ്രീ ഇന്‍പുട്ട് ആയിട്ടു കൊടുത്തു. അതിലും വരാത്ത കവിതകള്‍ പിന്നെ അപ്സര ഹോട്ടലില്‍ പുട്ട് പൊതിഞ്ഞു കൊടുക്കാനായി ഉപയോഗിച്ചു.

അത്തരത്തില്‍ പുട്ടിനോടൊപ്പം കിട്ടിയ ഒരു കവിത വായിച്ച ഗീത അപ്സര ഹോട്ടല്‍ മുതലാളിയുടെ മകനും തന്റെ സഹപാഠിയുമായ രാഹുല്‍ പ്രദീപിനെ അവനാണ് കവി എന്നു വിശ്വസിച്ച് ഒരിക്കല്‍ അഭിനന്ദിക്കുക പോലും ചെയ്തു. തുടര്‍ന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ സുനീഷ് കുമാറിന്റെ കവിതള്‍ അപ്സര ഹോട്ടലില്‍ കൊടുത്തിരുന്നതു കൊണ്ടും താണ്ഡവന്‍ നായര്‍ അവിടെ നിന്നു തന്നെ പുട്ട് വാങ്ങിക്കൊണ്ടിരുന്നതു കൊണ്ടും ഗീതയ്ക്ക് കവിതകളും രാഹുലിന് അഭിനന്ദനങ്ങളും കിട്ടിക്കൊണ്ടിരുന്നു. തന്റെ പ്രണയത്തിന്റെ തണലില്‍ മറ്റൊരു മരം പച്ച പിടിക്കുന്നത് പാവം സുനീഷ് കുമാര്‍ അറിഞ്ഞില്ല.

കാലം കടന്നു പോയി. ബോബനും മോളിയും ഫ്രെയിമുകളിലെ പട്ടിയെപ്പോലെ ഗീതയുടെ ജീവിത ഫ്രെയിമുകളില്‍ നിരന്തരം സുനീഷ് കുമാര്‍ നിറഞ്ഞു നിന്നു. ഇത് പതിവായതോടെ ഗീതയ്ക്കും സുനീഷ് കുമാറിനും ഒന്നും ഒന്നുമല്ലാതായി. ഇരുവരും ഒന്നും സംസാരിക്കാതെ കാലം കടന്നു പോയി. എല്ലാം ഒത്തു വരുന്ന ഒരു ദിവസം പെണ്ണിനെ കുപ്പിയിലാക്കാമെന്ന പ്രതീക്ഷയായിരുന്നു സുനീഷ് കുമാറിന്.

എല്ലാം ഒത്തു വന്ന ഒരു ദിവസം മാട്ടേല്‍ ഷാപ്പിലെ പുതിയ തീത്തൈലത്തിന്റെ സ് മെല്‍ പ്രൂഫ് ധൈര്യവുമായി സുനീഷ് കുമാര്‍ ഗീതയുടെ വീട്ടില്‍ ചെന്നു. അവിടെ ആരുമില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് അവന്‍ ചെന്നത്. കതിരവന്‍ അമ്മാവന്റെ കാറില്‍ രാവിലെ ഗീതയൊഴികെ എല്ലാവരും പോകുന്നത് അവന്‍ കണ്ടതാണ്. പല തവണ കോളിങ് ബെല്ലടിച്ചപ്പോള്‍ വേലക്കാരി ഇറങ്ങി വന്നു-

ആരുമില്ല.. ഗീതക്കൊച്ചിനെ നഴ്സിങ് പഠിക്കാന്‍ ബാംഗ്ലൂര് കൊമ്ടുപോയി വിടാന്‍ എല്ലവാരും കൂടി പോയതാ..

എല്ലാത്തിനും പിന്നില്‍ കതിരവന്‍ അമ്മാവന്‍ അളിയന്‍ ആണെന്ന് സുനീഷ് കുമാര്‍ തിരിച്ചറിഞ്ഞു.

കാലം കടന്നു പോയി. പെണ്ണ് പഠിച്ചു നഴ്സായി. സുനീഷ് കുമാര്‍ ഒരു പ്രഫഷനലും. ഗീതയറിയാതെ മനസ്സില്‍ കൊണ്ടു നടന്ന പ്രണയം ഒരു മദപ്പാടു പോലെ സുനീഷ് കുമാറിനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. അവന്റെ അടുത്ത സുഹൃത്തും സ്ത്രീകളുടെ മനശാസ്തത്തില്‍ അഗ്രഗണ്യനുമായ ചാര്‍ളി പറഞ്ഞു- നമുക്ക് ബാംഗ്ളൂര്‍ക്ക് പോകാം… ഗീതയെ കാണാം… മനസ്സു തുറന്ന് എല്ലാം സംസാരിക്കാം !

അത് ഒരു പോയിന്റാണെന്ന് സുനീഷ് കുറിന് തോന്നി. ചാര്‍ളിയെയും കൂട്ടി ബാംഗ്ളൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു. സുനീഷ് കുമാര്‍ ഗിരീഷ് കുമാറിന്റെയും സതീഷ് കുമാറിന്റെയും അനുഗ്രഹം വാങ്ങി. -ഞങ്ങളുടെ ഗതി നിനക്കും വരാതിരിക്കട്ടെ… അവളെയും കൊണ്ടു വാ !

ഒടുവില്‍ കാത്തു കാത്തിരുന്ന് മഴ പെയ്തു തോരാത്ത ഒരു സന്ധ്യയില്‍ അവര്‍ പാലാ കെഎസ് ആര്‍ടി സി സ്റ്റാന്‍ഡില്‍ നിന്ന് ഉച്ചക്ക് 2.00 മണിക്കു പുറപ്പെടുന്ന ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റില്‍ കയറി. നേരം പുലര്‍ന്ന് ആറു മണിയായപ്പോള്‍ വണ്ടി ബാംഗ്ലൂരിലെത്തി. കയ്യില്‍ ഉണ്ടായിരുന്ന വിലാസം വച്ച് നഴ്സിങ് കോളജ് കണ്ടു പിടിച്ചു.

കോളജ് അടുക്കും തോറും സുനീഷ് കുമാറിന് പ്രതീക്ഷ ഇല്ലാതായിക്കൊണ്ടിരുന്നു. ഒന്നുകില്‍ അവള്‍ തന്നെ വെറുക്കുന്നുണ്ടാവും, അല്ലെങ്കില്‍ മറ്റാരെങ്കിലുമായി പ്രണയത്തിലായിട്ടുണ്ടാവും. അതല്ലെങ്കില്‍ തന്നെ ആ രീതിയിലൊന്നും കണ്ടിട്ടുണ്ടാവില്ല. മറ്റൊന്നിനും സാധ്യതയില്ല. എന്തായാലും രണ്ടിലൊന്നറിഞ്ഞ് പ്രശ്നം തലയില്‍ നിന്നൊഴിവാക്കുക എന്നതാണ് പ്രധാനം.

രാവിലെ കോളജിന്റെ വാതില്‍ക്കലെത്തി. ക്ലാസ്സ് തുടങ്ങുന്നത് 10 മണിക്കാണ്. അവര്‍ കോളജിനു മുന്നിലെ സോഡിയം വേപ്പര്‍ ലാമ്പില്‍ ചാരിയിരുന്നു. ഇനിയും അണയാത്ത ആ വേപ്പര്‍ വെളിച്ചം സുനീഷ് കുമാറിലെ കവിയെ തൊട്ടുണര്‍ത്തി. ഇരുന്ന ഇരുപ്പില്‍ തന്റെ പ്രണയത്തിന്റെ വാഷില്‍ മുക്കി സുനീഷ് കുമാര്‍ ഒന്നാം തരം ഒരു കവിതയെഴുതി. ചുമ്മാ നിരാശനായി മടങ്ങുമ്പോള്‍ ഉറക്കെ ഉറക്കെ പാടാന്‍. തകര്‍ന്നു തരിപ്പണമായി ബാംഗ്ലൂരിലെ ബാറുകളില്‍ വെളിവില്ലാതെ കിടക്കുമ്പോള്‍ അവ്യക്തമായി മൂളാന്‍.

ക്ലാസ്സ് തുടങ്ങി. കോളജിനുള്ളില്‍ പലയിടത്തു കൂടിയും കറങ്ങി നടന്ന സുനീഷ്\ചാര്‍ളി ദമ്പതികള്‍ ഒടുവില്‍ അവളെ കണ്ടെത്തി. ഇടനാഴിയിലൂടെ ഒരു പ്രണയം മനസ്സില്‍ പേറിയിട്ടെന്ന പോലെ നടന്നു വരികയാണ്. പറഞ്ഞതു പോലെ ചാര്‍ളി ഒരു മരത്തിന്റെ പിന്നില്‍ ഒളിച്ചിരുന്നു.

അവള്‍ അടുത്തു വന്നിട്ടാണ് സുനീഷ് കുമാറിനെ കണ്ടത്. ഞെട്ടിയെങ്കിലും സമര്‍ത്ഥമായി അവള്‍ ഞെട്ടല്‍ മറച്ചു. ആരാ ? എന്താ ? എന്ന മട്ടില്‍ നിന്നു. ആ നിസ്സംഗത കണ്ടപ്പോള്‍ ഒന്നും പറയണമെന്ന് സുനീഷ് കുമാറിന് തോന്നിയില്ല. ഒന്നും മിണ്ടാതെ അവന്‍ തിരിഞ്ഞു നടന്നു. അത് അവള്‍ പ്രതീക്ഷിച്ചില്ല.

തനിക്കു കരച്ചില്‍ വരുന്നുണ്ടെന്ന് സുനീഷ് കുമാറിന് തോന്നി. പാടില്ല. തന്റെ അവസാനത്തെ കവിത അവന്‍ ഉറക്കെ ചൊല്ലി. പഴയ പ്രണയകവിതകളുടെ വരികളില്‍ തുടങ്ങി ശോകമൂകമായ അന്ത്യത്തിലേക്കു പോകുന്ന കവിതയുടെ ആദ്യവരികള്‍ കേട്ടപ്പോള്‍ തന്നെ ഗീത ഞെട്ടി.

അതേ കവിത !!!

സുനീഷ് കുമാര്‍ നടന്നകന്നു കൊണ്ടിരുന്നു. അവള്‍ കാതോര്‍ത്തു. തന്റെ ഹൃദയം കവര്‍ന്ന അതേ പ്രണയകവിത. അവള്‍ ഓടി. ഗേറ്റു കടക്കാന്‍ തുടങ്ങുകയായിരുന്ന സിനീഷ് കുമാറിന്റെ കാല്‍ക്കല്‍ അവള്‍ വീണു.

സുനീഷ് കുമാര്‍ ഞെട്ടി. – എന്താണീ പെണ്ണിനു പറ്റിയത് ?

ആ കവിത… ഇത്… സുനീഷ് കുമാറെഴുതിയതാണെന്ന് ഞാനറിഞ്ഞില്ല… എനിക്കറിയില്ലായിരുന്നു ഒന്നും !!!- തുടര്‍ന്ന് അവള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

സുനീഷ് കുമാറിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാത്തു കാത്തിരുന്ന സ്വപ്നം ഒടുവില്‍ മറ്റൊരുറക്കത്തില്‍ സ്വന്തമായിരിക്കുന്നു.

ഗാഢമായൊരാലിംഗനത്തില്‍ അമര്‍ന്ന് ഇരുവരും സ്വയം മറന്നു നില്‍ക്കുമ്പോള്‍ പുറത്ത് ഗേറ്റിനരികില്‍ നില്‍ക്കുന്ന രണ്ടു പേരെ ചാര്‍ളി കണ്ടു. ആ കവിതയുടെ കോപ്പിറൈറ്റ് അവകാശപ്പെടുന്ന രാഹുല്‍ പ്രദീപും രാഹുലിന് പ്രണയാഭ്യര്‍ത്ഥനക്ക് കൂട്ടു വന്ന ചാര്‍ളിയുടെ സഹോദരന്‍ ജോര്‍ളിയുമായിരുന്നു അത്.

Related Posts with Thumbnails
blog comments powered by Disqus