മലയാള സിനിമ കണ്ടാല്‍ പൊലീസ് പിടിക്കും
മലയാളത്തിലെ ഒരേയൊരു രാജ്യാന്തരതാരം പൃഥ്വിരാജ് അഭിനയിച്ച മലയാളത്തിലെ ആദ്യത്തെ ലോകോത്തര സിനിമ ഉറുമിയുടെ വാലും തലയും ഉറയുമൊക്കെ നെറ്റില്‍ കണ്ടതിനെ തുടര്‍ന്ന് സംഗതി മൊത്തം ഇടിച്ചുനിരത്താന്‍ തീരുമാനമായി. മല്ലിക സുകുമാരനും പൃഥ്വിരാജും കൂടി ഇന്റര്‍നെറ്റിലൂടെ മലയാള സിനിമയുടെ അടിത്തറ മാന്തുന്ന അലവലാതികള്‍ക്കെതിരേ ഉറുമി വീശുകയാണ്.
സാജു കൊടിയന്റെ ആരെങ്കിലുമാണോ എന്നറിയില്ല, ജോണ്‍ കൊടിയന്‍ എന്നൊരു അമേരിക്കന്‍ മലയാളിയുടെ പേര് രണ്ടു ദിവസമായി പത്രങ്ങളില്‍ നിറഞ്ഞു കവിയുന്നു. ആഷ് മാജിക് ഡോട് കോം എന്ന വെബ്‍സൈറ്റില്‍ സിനിമ എംബെഡ് ചെയ്തു കൊടുത്തതിനാണ് ജോണേട്ടനെ വലിയ അധോലോകരാജാവായി അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമ അനധികൃതമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിലൂടെ വ്യവസായത്തിനു വലിയ നഷ്ടം ഉണ്ടാകുന്നുണ്ട് എന്നത് ശരിയാണ്. സിനിമ അനധികൃതമായി പകര്‍പ്പെടുത്ത് ഇന്റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യുന്ന വരെയുള്ള പ്രക്രിയകളാണ് തടയപ്പെടേണ്ടതും. അത് ചെയ്തവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണ് എന്നു കൃത്യമായ ബോധ്യമുണ്ടായിരിക്കുമെന്നതും ഉറപ്പാണ്. പുത്തന്‍പടങ്ങളുടെ വിഡിയോ ലിങ്കായോ എംബെഡ് ചെയ്തോ പ്രചരിപ്പിക്കുന്നതും നിയമപരമായി തെറ്റുതന്നെയാണെങ്കിലും പ്രായോഗികമായി നോക്കുമ്പോള്‍ എത്ര ജോണ്‍ കൊടിയന്‍മാരെ പൊക്കിയാലും കളി തീരില്ല എന്നതാണ് സത്യം.
ഷെയറിങ്ങും റീഷെയറിങ്ങും ആണ് സോഷ്യല്‍ മീഡിയ യുഗത്തില്‍ നെറ്റിലെ മുഖ്യപ്രവൃത്തി. അങ്ങിനെയുള്ള ഒരു ലോകത്ത് ഷെയര്‍ ചെയ്തവനെ പൊക്കുക, ഭീഷണിപ്പെടുത്തുക എന്നൊക്കെയുള്ളത് അപകത്വവും അപ്രായോഗികവുമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സത്യത്തില്‍ ഇത്തരം ചില വെബ്‍സൈറ്റുകളില്‍ വരുന്നതിനെക്കാള്‍ ഗുരുതരമാണ് സിനിമകള്‍ ടൊറന്റില്‍ വരുന്നത്. പൃഥ്വിരാജിനും മമ്മിക്കും ടൊറന്റിനെപ്പറ്റി അറിയില്ലേ ? ഇന്റര്‍നെറ്റിലെ ചലച്ചിത്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെട്ടിനിരത്തണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ പണി തുടങ്ങേണ്ടത് ടൊറന്റില്‍ നിന്നു തന്നെയാണ്. ഇനി സിനിമയിലെ പ്രതിസന്ധി അവസാനിപ്പിക്കണം എന്നാണ് ആഗ്രഹമുള്ളതെങ്കില്‍ പണി തുടങ്ങേണ്ടത് താരങ്ങളുടെ മനസ്സില്‍ നിന്നും (മസില്‍ അല്ല) തിരക്കഥാകൃത്തുക്കളുടെ തലയില്‍ നിന്നുമാണ്.
എന്തായാലും ആഷ്‍മാജിക്കും ജോണ്‍ കൊടിയനും മലയാളസിനിമയുടെ ആഗോളവില്ലന്‍ എന്ന നിലയ്‍ക്ക് അവതരിക്കപ്പെട്ടതോടെ സൈറ്റില്‍ ഔദ്യോഗികവിദീകരണം നല്‍കിയിട്ടുണ്ട്. തങ്ങളുടെ സൈറ്റില്‍ സിനിമകളൊന്നും ഹോസ്റ്റ് ചെയ്തിട്ടില്ലെന്നും യൂ ട്യൂബ്, ഗൂഗിള്‍ പോലുള്ള മൂരാച്ചികള്‍ ഹോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകള്‍ ഇന്‍ഡെക്സ് ചെയ്യുകയോ എംബെഡ് ചെയ്യുകയോ മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സൈറ്റ് വ്യക്തമാക്കുന്നു.അങ്ങനെയാണെങ്കില്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് ഉറുമി ടീമിന്റെ ആവശ്യം. അടുത്തപടി സിനിമ കണ്ടുപോയവരെക്കൂടി കേസില്‍പെടുത്തുന്നതാവും എന്നതിനാല്‍ സൂക്ഷിക്കുക. ജോണ്‍ കൊടിയന്‍ ജോലി ചെയ്യുന്ന ഓറകിള്‍ കമ്പനിയില്‍ വിവരമറിയിച്ച് കൊടിയന്റെ ജോലി കളയാനുള്ള ശ്രമങ്ങള്‍ വേറൊരു വഴിക്കു നടക്കുന്നതായി കേള്‍ക്കുന്നു. കൊടിയനെ ഫിലിം ചേംബറും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും കൂടി ഒറ്റ വിലക്കു കൂടി വിലക്കിയാല്‍ ഉഷാറായി.
കേസ് സൈബറായാലും അല്ലെങ്കിലും പത്രക്കാര്‍ക്ക് പക്ഷേ ഒരുപോലെയാണ്. സിനിമ ഹോസ്റ്റ് ചെയ്യുന്നതും വേറൊരുത്തന്‍ ഹോസ്റ്റ് ചെയ്തത് എംബെഡ് ചെയ്യുന്നതും തമ്മിലൊന്നും അവര്‍ക്കൊരു വ്യത്യാസവുമില്ല എന്നതു പോട്ടെ അടിസ്ഥാനവിവരം പോലുമില്ല.പത്രവാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാകുന്നത് ഇങ്ങനെയാണ്.
കേരളത്തിലെ ഏതോ ഡിജിറ്റല്‍ പ്രൊജക്ഷന്‍ കമ്പനിയില്‍ നിന്ന് സിനിമയുടെ കോപി ആരോ എടുത്ത് വിമാനത്തില്‍ കയറ്റി അമേരിക്കയിലുള്ള ജോണ്‍ കൊടിയന്റെ കയ്യില്‍ കൊണ്ടുപോയി കൊടുത്തു (ബൈ ഹാന്‍ഡ്). ജോണ്‍ കൊടിയന്‍ പൊതിയഴിച്ച് സാധനം ഇന്റര്‍നെറ്റിലോട്ടു കേറ്റിയിട്ടു. പുള്ളിക്കാരന്‍ വെബൈസൈറ്റില്‍ പ്രൊജക്ടര്‍ വച്ച് സിനിമയിങ്ങനെ കാണിച്ചുകൊണ്ടിരിക്കുകയാണ്. വെറുതെ വിടാവോ ?
കാലം മാറിയതനുസരിച്ച് സിനിമ മാറാന്‍ തയ്യാറാവാത്തതാണ് പ്രധാന പ്രശ്നം. ആധുനികസാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാനുള്ള അറിവോ വിവരമോ വിദ്യാഭ്യാസമോ ഉള്ള ആളുകള്‍ സിനിമയിലെത്താതെ ഒരു മാറ്റം പ്രതീക്ഷിക്കാനും കഴിയില്ല. തിയറ്റര്‍ റിലീസിനൊടൊപ്പം ഇന്റര്‍നെറ്റിലും പടം റിലീസ് ചെയ്താല്‍ ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. യൂ ട്യൂബിലൂടെ സിനിമ റിലീസിങ്ങിനുള്ള അവസരവുമുണ്ട്. ചുമ്മാ മസിലു പിടിക്കുന്നതിനെക്കാള്‍ നല്ലത് പ്രായോഗികമായി വല്ലതും ചെയ്യുന്നതായിരിക്കും എന്നു തോന്നുന്നു.

