കൂട്ടബലാല്‍സംഗം പൊളിഞ്ഞു !
വല്ല വെബ്‍സൈറ്റിലും വല്ലതും കണ്ടിട്ട് അതിന്റെ പിന്നാലെ പോയാല്‍ എന്തു സംഭവിക്കും എന്നതിനുള്ള ഉത്തരമാണ് അമേത്തി കൂട്ടബലാല്‍സംഗക്കഥ. ഹിന്ദു യൂണിറ്റിയുടെ നിരോധിക്കപ്പെട്ട സൈറ്റിലൂടെ നെറ്റില്‍ സീരിയസ്സായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ബലാല്‍സംഗക്കഥയിലെ നായിക (നായികയെയും മമ്മിയെയും ഡാഡിയെയും സോണിയാ ഗാന്ധി നിയോഗിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊന്നു എന്നായിരുന്നു വിശ്വാസം) നേരിട്ട് കോടതിയിലെത്തിയതോടെ രാഹുല്‍ജിയെ തളയ്‍ക്കാമെന്നു കരുതിയ ഹര്‍ജിക്കാരന് പോയത് 50 ലക്ഷം രൂപ !
കള്ളടിച്ചു പാമ്പായ രാഹുല്‍ജിയും ഏഴു കൂട്ടുകാരും ചേര്‍ന്ന് അമേത്തി ഗസ്റ്റ് ഹൗസില്‍ വച്ച് ഒരു പാവം പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നും അത് മറയ്‍ക്കാന്‍ കുടുംബത്തെ കൊന്നുകളഞ്ഞെന്നുമൊക്കെയായിരുന്നു കഥകള്‍. കേസ് വരുന്നതോടെ പെണ്‍കുട്ടിയെവിടെ എന്ന ചോദ്യത്തിനു മുന്നില്‍ രാഹുല്‍ ഗാന്ധി പ്രതിക്കൂട്ടില്‍ നിന്നു വിയര്‍ക്കുമെന്നും അതോടെ കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രിയെ മുളയിലേ നുള്ളാമെന്നുമുള്ള ആരുടെയൊക്കേയോ മോഹങ്ങള്‍ പൊലിഞ്ഞു പണ്ടാരമടങ്ങിയിരിക്കുന്നു. ബലാത്സംഗത്തിനിരയായതായി പരാതിയില്‍ പറയുന്ന പെണ്‍കുട്ടി കോടതിയില്‍ ഹാജരായി സംഭവം ശക്തമായി നിഷേധിച്ച സാഹചര്യത്തില്‍ കോടതി 50 ലക്ഷത്തിന്റെ വിധി പ്രഖ്യാപിക്കുകയായിരുന്നു.
പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിക്കു പരാതിയില്ലെങ്കില്‍ പിന്നെ നമുക്കാണോ ? സംഭവം ചമച്ച വെബ്‍സൈറ്റിനു മികച്ച തിരക്കഥയ്‍ക്കുള്ള അവാര്‍ഡെങ്കിലും കൊടുക്കേണ്ടതായിരുന്നു. എന്തായാലും കഥയുണ്ടാക്കിയ സൈറ്റിനെതിരേ വേറെ നടപടിയൊന്നുമില്ല. അത് വിശ്വസിച്ച് കേസ് കൊടുത്ത എംഎല്‍എയ്‍ക്കാണ് ശിക്ഷ എന്നത് രസകരമാണ്. മാന്യന്‍മാരെപ്പറ്റി ആരോപണം ഉന്നയിക്കുന്നതു പോലും ചിലപ്പോള്‍ വലിയ തെറ്റായിത്തീരും എന്ന പാഠവും ഗുണകരമാണ്.
എംഎല്‍എയില്‍ നിന്ന് ഈടാക്കുന്ന 50 ലക്ഷവും കോടതി കൃത്യമായി വീതം വച്ചിട്ടുണ്ട്. 25 ലക്ഷം രൂപ പാവപ്പെട്ട പെണ്‍കുട്ടിക്ക് കൊടുക്കും. മാനത്തിന്റെ വിലയായി 20 ലക്ഷം (സുകുമാര്‍ അഴീക്കോടു പോലും 2 കോടിയാണ് ചോദിക്കുന്നത്, കേരളത്തില്‍ മാനത്തിനു വില കൂടുതലാണെന്നു തോന്നുന്നു) രൂപ രാഹുല്‍ജിക്കു കൊടുക്കണം. ചുരുങ്ങിയ സമയം കൊണ്ട് സംഭവം അന്വേഷിച്ച് കൊച്ചിനെ കോടതിയിലെത്തിച്ച പൊലീസുകാര്‍ക്ക് അഞ്ചു ലക്ഷവും. എന്തായാലും എന്റെ ആരാധനാമൂര്‍ത്തിയായ രാഹുല്‍ജി കുപ്രചാരണങ്ങളില്‍ നിന്നും കള്ളക്കേസുകളില്‍ നിന്നും മുക്തനായി വരാന്‍ ഞാന്‍ നേര്‍ന്ന നേര്‍ച്ചകള്‍ വെറുതെയായില്ല. ജയ് ഹിന്ദ് !

