ദു:ഖശനി
പുല്ലുമേട്ടില്‍ മകരജ്യോതി കാണാന്‍ തടിച്ചുകൂടിയ രണ്ടു ലക്ഷത്തിലേറെ അയ്യപ്പഭക്തന്‍മാര്‍ക്കിടയിലുണ്ടായ അപകടത്തിലും തിക്കിലും തിരക്കിലും പെട്ട് നൂറിലേറെപ്പേര്‍ മരിച്ചു. ഇവരിലേറെയും തമിഴ്‌നാട്, ആന്‌ധ്ര, കര്‍ണാടക സംസ്‌ഥാനങ്ങളില്‍നിന്നുള്ളവരാണ്.മരിച്ചവരില്‍ ഒരു മലപ്പുറം സ്വദേശിയായ ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേടായ ഒരു ജീപ്പ് മറ്റൊരു ജീപ്പ് കൊണ്ട് തള്ളിമാറ്റാന്‍ ശ്രമിക്കുമ്പോള്‍ മുന്‍പിലത്തെ ജീപ്പ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നു കേരളകൗമുദി പറയുന്നു. കൂരിരുട്ടില്‍ തീര്‍ഥാടകര്‍ ചിതറിയോടിയതും തിക്കും തിരക്കിനും കാരണമായി ദുരന്തത്തിനു കാരണമായിട്ടുണ്ടത്രേ.
അതിവേഗം പുല്ലുമേട് ഇറങ്ങിയ തീര്‍ഥാടകരില്‍ ചിലര്‍ റോഡിലൂടെ നടക്കാനാകാതെ വന്നപ്പോള്‍ അരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ഒരു വാന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ വാന്‍ മറുവശത്തേക്കു മറിഞ്ഞു. മറിഞ്ഞുവീണ ഭാഗത്തു തിങ്ങിക്കൂടിയവരാണ് ദുരന്തത്തില്‍പെട്ടത് എന്നും മംഗളം പറയുന്നു.
മിനിവാനിനു മുകളില്‍നിന്ന് മകരജ്യോതി കാണുന്നതിനിടെ വാന്‍ അയ്യപ്പഭക്തരുടെ മുകളിലേക്കു മറിഞ്ഞതാണ് അപകടത്തിനു വഴിവച്ചതെന്നാണ് മനോരമയുടെ നിഗമനം.ജീപ്പ് നിയന്ത്രണം വിട്ടു മറ്റൊരു വാഹനത്തിലിടിച്ച് അയ്യപ്പഭക്തരുടെ ഇടയിലേക്കു പാഞ്ഞു കയറിയുണ്ടായ തിക്കും തിരക്കുമാണ് അപകടകാരണമെന്നും ഇതേത്തുടര്‍ന്ന് ആനക്കൂട്ടം ഇറങ്ങിയത് കൂടുതല്‍ പരിഭ്രാന്തിക്കിടയാക്കുകയും അപകടത്തിന്റെ ആഴം വര്‍ധിപ്പിക്കുകയും ചെയ്തുവെന്നും മനോരമ വിലയിരുത്തുന്നു.
മകരജ്യോതി ദര്‍ശനംകഴിഞ്ഞ് ശബരിമലയില്‍നിന്ന് പുല്‍മേട്ടിലേക്കു തിരികെവന്ന തീര്‍ഥാടകര്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍, പുല്‍മേട്ടില്‍ പാര്‍ക്ക് ചെയ്ത വാനിനുമുകളില്‍ കയറി. ഭക്തരുടെ എണ്ണം വര്‍ധിച്ചതോടെ വാന്‍ മറിഞ്ഞു. രണ്ടുതവണ കരണം മറിഞ്ഞ വാനിനടിയില്‍ നിരവധി തീര്‍ഥാടകര്‍പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുല്‍മേട്ടില്‍ വനംവകുപ്പ് കെട്ടിയ കമ്പിവേലിയിലേക്ക് തീര്‍ഥാടകര്‍ കൂട്ടത്തോടെ വീഴുകയും വേലി പൊട്ടുകയും ചെയ്തു. ഇവര്‍ക്കുമുകളിലേക്ക് മറ്റു തീര്‍ഥാടകരും വീണു, അങ്ങനെ ദുരന്തമുണ്ടായി-ഇതാണ് മാതൃഭൂമിയുടെ കണ്ടെത്തല്‍.
നിര്‍ത്തിയിട്ടിരുന്ന ജീപ്പ് തീര്‍ഥാടകര്‍ക്കിടയിലേക്ക് ഉരുണ്ടുവന്നതിനെത്തുടര്‍ന്നാണ് അപ്രതീക്ഷിതമായി തിക്കുംതിരക്കുമുണ്ടായതെന്ന് പറയപ്പെടുന്നു.ഇതുകണ്ട് ഭയന്നോടിയ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ദേശാഭിമാനിക്കു കിട്ടിയിരിക്കുന്ന വിവരം.
വാഷിങ്ടണ്‍ ടൈംസും ടെലഗ്രാഫുമൊക്കെ പറയുന്നതനുസരിച്ച് ഇടുങ്ങിയ കാനനപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഭക്തരുടെ മേലേയ്‍ക്ക് എവിടെ നിന്നോ ഒരു ജീപ്പ് വന്നു വീഴുകയായിരുന്നു. അയ്യപ്പന്‍മാരുമായി മലയിറങ്ങി വന്ന ബസിടിച്ചാണ് ദുരന്തമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.
പത്രങ്ങളുടെയും ചാനലുകളുടെയും എണ്ണം കൂടും തോറും വിശദാംശങ്ങളും വ്യത്യസ്തമായിരിക്കും. മറ്റവന്‍റെ വാര്‍ത്തയില്‍ നിന്നും വ്യത്യസ്തമായിരിക്കാന്‍ കയ്യില്‍ നിന്നു വല്ലതുമിട്ടിട്ടായാലും സത്യമിതാണെന്നു വായനക്കാരനെ വിശ്വസിപ്പിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടല്ലോ.
എന്നാല്‍, അപകടം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ സംഗതിയുടെ പിന്നില്‍ സര്‍ക്കാരിന്‍റെ സുരക്ഷാവീഴ്ചയാണെന്നു കണ്ടെത്താല്‍ മംഗളത്തിനായിട്ടുണ്ട്. എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ തിങ്ങിനിറയുന്ന സ്‌ഥലമായിട്ടു കൂടി വേണ്ടത്ര സുരക്ഷാ സൗകര്യങ്ങളോ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസിനെയോ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല എന്നു മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കു നിയന്ത്രിക്കാന്‍ അവിടെയുണ്ടായിരുന്നത് ആകെ 10 പൊലീസുകാരായിരുന്നെന്നും ജ്യോതി വന്നപ്പോള്‍ പൊലീസുകാരും അത് കാണാന്‍ പോയെന്നും ഇതൊക്കെക്കൂടിയാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയതെന്നും മംഗളം റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നും. അവിടെ ദുരന്തമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു എന്ന റിപ്പോര്‍ട്ട് നാളെ പ്രതീക്ഷിക്കാം.
ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരളമോചനയാത്ര പുറപ്പെട്ടപ്പോള്‍ തന്നെ കേരളത്തെ നടുക്കിയിരിക്കുന്ന ഈ ദുരന്തമുണ്ടായിരിക്കുന്നതിനെ ദേശാഭിമാനി എങ്ങനെ വ്യാഖ്യാനിക്കും എന്നതാണിനി അറിയാനുള്ളത്.
പുല്ലുമേട്ടില്‍ സംഭവിച്ചത് അപ്രതീക്ഷിതമായ ദുരന്തമാണ്. അതില്‍ രാഷ്ട്രീയവിഷം കലക്കി ചീഞ്ഞമീനുകളെ പിടിക്കാതെ ഈ ദേശീയദുരന്തത്തില്‍ നമുക്കെന്തു ചെയ്യാനാവും എന്ന് ചുമ്മാ ഒന്നാലോചിക്കാനെങ്കിലും നമ്മള്‍ മിനക്കെടേണ്ടതാണ്. ആദരാഞ്ജലികള്‍ എന്ന കറുത്ത ബാനറുണ്ടാക്കി ബ്ലോഗിലിടുന്നതിലും ഷെയര്‍ ചെയ്യുന്നതിലുമപ്പുറം ഒന്നും ചെയ്യാന്‍ സൗകര്യമില്ലെങ്കില്‍ നമ്മളെപ്പോലെ തന്നെ ഓരോ ജീവിതവും സ്വപ്നങ്ങളും മോഹങ്ങളും കുടുംബവുമൊക്കെയുള്ള ആത്മാക്കള്‍ക്കു വേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കാം. ചാനലുകള്‍ കൊലവിളി നടത്തുന്ന ഈ വാര്‍ത്താദിവസം സ്നാക്സുമായി ടിവിയുടെ മുന്നിലിരുന്ന് ഇതൊരു ദേശീയ ആഘോഷമാക്കി മാറ്റാതിരിക്കാന്‍ നമുക്കു പരിശ്രമിക്കാം.

