കമന്റോളജി-1
ബ്ലോഗുകള്‍ കമന്റുകള്‍ പോസ്റ്റ് ചെയ്യാനുള്ള സ്ഥലമാണല്ലോ. ഈ കമന്റുകള്‍ക്ക് ഇടം കണ്ടെത്താന്‍ വല്ല കവിതയായോ കഥയായോ വിമര്‍ശനമായോ നര്മമായോ (ബെര്‍ളിയെപ്പോലുള്ള വങ്കന്മാര്‍ എഴുതുന്ന തറവളിപ്പല്ല ഉദ്ദേശിച്ചത്)ഒക്കെ ചില പോസ്റ്റുകള്‍ വേണമെന്നു മാത്രം.
എങ്ങനെ കമന്റ് ഇടണം എന്നതാണ് കമന്റോളജി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കമന്റുകള്‍ എങ്ങനെയും ഇടാം.
“മറ്റുള്ളവര്‍ നിങ്ങളുടെ ബ്ലോഗില്‍ എങ്ങനെ കമന്റിടണമെന്ന് ആഗ്രഹിക്കുന്നുവോ അതിനനുസരിച്ച് അവരുടെ ബ്ലോഗിലും കമന്റുകള്‍ ഇടുക”.-ഇതാണ് തത്വം.
കമന്റുകളുടെ എണ്ണമാണ് അടുത്തത്. പോസ്റ്റിടുമ്പോള്‍ തന്നെ എത്ര കമന്റ് വേണം എന്നത് നിശ്ചയിക്കണം. അതനുസരിച്ച് വേണം പോസ്റ്റ് എന്തായിരിക്കണമെന്നു തീരുമാനിക്കാന്‍. ഓരോ പോസ്റ്റിനും 100നും 200നും ഇടയ്ക്ക് കമന്റ് സമ്പാദിക്കുകയാവണം നമ്മുടെ ലക്ഷ്യം. 10 മുതല്‍ 50 വരെ കമന്റുകള്‍ ഇവിടെ ഇപ്പോള്‍ സകല അലവലാതിക്കും കിട്ടുന്നുണ്ട്. (വന്നു വന്ന് കമന്റുകള്‍ക്കൊന്നും ഒരു വിലയുമില്ലാതായി.)
കൂടുതല്‍ കമന്റ് കിട്ടുന്ന പോസ്റ്റ് എങ്ങനെ ഇടാം എന്നതാണല്ലോ ഇപ്പോള്‍ മലയാളം ബ്ലോഗര്‍മാര്‍ നേരിടുന്ന പ്രതിസന്ധി. സാഹിത്യം, കഥ, കവിത, നര്‍മം തുടങ്ങി പ്രത്യേകിച്ച് കഴിവൊന്നും ഇല്ലാത്ത അഹങ്കാരികള്‍ക്ക് എഴുതാന്‍ പറ്റുന്ന വിഷയങ്ങളിലേതെങ്കിലും തിരഞ്ഞെടുക്കാം.
സാഹിത്യമാണെങ്കില്‍ കവിത പ്രധാനമാണ്. അതും ഉയര്‍ന്ന റേഞ്ചിലുള്ളവ ചുരുങ്ങിയ വരികളില്‍ കാച്ചണം.
ഉദാ- ഇരുട്ടിന്റെ മുലക്കണ്ണില്‍ ഇറ്റുവന്ന ദ്രാവകത്തിന് വെളിച്ചം എന്നു പേര്.
അവളുടെ ആത്മാവിന്റെ കണ്ണില്‍ തുളഞ്ഞ അസ്ത്രത്തിന് കാഴ്ച എന്നും.
മതി ഒരു കവിതയായി. വലിയ അര്‍ത്ഥങ്ങളൊക്കെ വ്യഖ്യാനിച്ച് വായനക്കാര്‍ കമന്റിട്ടുകൊള്ളും. കഥയുമാവാം. പോസിറ്റീവ് ആയ കഥകള്‍ പാടില്ല. മരണത്തെക്കുറിച്ചും ആനാശാസ്യത്തെക്കുറിച്ചുമുള്ള കഥകളാവാം. അനാശാസ്യം സൂക്ഷിച്ചെഴുതണം.
നര്മം പുലിവാലു പിടിച്ച പണിയാണ്. ബ്ലോഗില്‍ നര്മം എന്നാല്‍ എന്റെ വീടിന്റെ ചുറ്റമുള്ള കഥകള് എന്നാണ് ഡെഫനിഷന്‍. (കൊടകരപുരാണം ഇഫക്ട് ). അതിനപ്പുറത്ത് ബ്ലോഗിലൊരു നര്മമില്ല. അതുകൊണ്ട് വടകരപുരാണം, നീണ്ടകരപുരാണം, ആര്‍പ്പൂക്കരപുരാണം, വൈപ്പിന്‍കരപുരാണം തുടങ്ങിയ പേരുകളിലൊക്കെ ബ്ലോഗിനു സാധ്യതകളുണ്ട്.
കൈയ്യില്‍ കാശുണ്ടെങ്കില്‍ പ്രസാധകരെ ഏല്‍പ്പിച്ചാല്‍ സംഗതി ആയിരം കോപ്പി അടിച്ചു കൈയ്യില്‍ തരും. ചുളുവില്‍ സാഹിത്യകാരനാവാം. എം.ടി, കെ.ടി.,ബഷീര്‍,പെരുമ്പടവം,പത്മനാഭന്‍,സക്കറിയ തുടങ്ങി അക്ഷരമറിയാവുന്നവനെയൊക്കെ തെറിവിളിക്കാം(കമന്റുകളുടെ കാര്യം പറയാനുമില്ല).
മറ്റുള്ളവരുടെ ബ്ലോഗുകളില്‍ നിങ്ങള്‍ ഇടുന്ന കമന്റുകളാണ് പിന്നെ പ്രധാനം. ആയിരക്കണക്കായ ബ്ലോഗ് പോസ്റ്റുകള്‍ മുഴുവന്‍ വായിച്ച് കമന്റെഴുതാനൊക്കുമോ ?
ഇല്ല. ഇതൊക്കെ വായിക്കണമെന്നാരു പറഞ്ഞു. വായിക്കുന്നതായി ഭാവിക്കണം. എന്നിട്ട് ചുമ്മാ അടിച്ചോണം.
തകര്‍പ്പന്‍.. കലക്കി മാഷേ… നിങ്ങള് പുലി തന്നെ !
ഇമ്മാതിരി പോസ്റ്റുകള്‍ ഇനിയും പോരട്ടെ!
വല്ല ചിലവുമുണ്ടോ ?. ചെറുക്കന്‍ അതു വായിച്ച് പുളകം കൊണ്ടിട്ട് നിങ്ങളുടെ ബ്ലോഗിലും സമാനമായ ആപ്തവാക്യങ്ങള്‍ ചമച്ചുകൊള്ളും.
മറ്റൊരു രീതി പോസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓരോ വാചകങ്ങള്‍ കോപ്പി ചെയ്യുക. അത് കോമയ്ക്കുള്ളിലാക്കി ഇഷ്ടപ്പെട്ട പ്രയോഗങ്ങള്‍ എന്നോ മറ്റോ പ്രയോഗിച്ചേക്കുക.
കമന്റുകള്‍ കുറച്ച് വന്നിട്ടുള്ള പോസ്റ്റ് ആണെങ്കില്‍ ഈ പാടൊന്നും വേണ്ട. ആ കമന്റുകളൊക്കെ ഒന്നു വായിച്ചേക്കുക. ലൈന്‍ പിടികിട്ടും. അത് വച്ച് കിടുങ്ങുന്ന രണ്ട് കമന്റുകള്‍ തികച്ചും ആധികാരികമായി തട്ടിയേക്കുക.
ഉദാ- സത്യത്തില്‍ കുട്ടപ്പന്‍ ചെല്ലമ്മയെ അവിടെ വച്ച് കാണുന്ന ഭാഗം ഒഴിവാക്കമായിരുന്നു. അതെത്രത്തോളം റിയലിസ്റ്റിക്കാണ്? അല്ലെങ്കിലും ഇത്തരം കഥകളില്‍ റിയലിസം നമ്മള്‍ അപ്ലൈ ചെയ്യേണ്ടതുണ്ടോ ? എഴുത്തുകാരന്റെ സര്‍ഗശേഷിയുടെ മേല്‍ സമകാലിക ചിന്താധാരകള്‍ ചെലുത്തുന്ന സ്വാധീനം ഈ കഥയിലും സ്പഷ്ടമല്ലേ എന്നു ഞാന്‍ സംശയിക്കുന്നു.
മതി സംഗതി ഫ്ലാറ്റ്. ഏതു കുട്ടപ്പന്‍ ? എന്തു ചെല്ലമ്മ ?
പിന്നെയുള്ളത് തേങ്ങയടി കമന്റാണ്. സംഗതി അല്‍പം കൂടി സത്യസന്ധമാണ്. ഞാനൊരു കോപ്പും വായിക്കാനുദ്ദേശിക്കുന്നില്ല. പക്ഷെ പിടിച്ചോ എന്റെ കമന്റ് എന്ന ലൈനിലുള്ള കമന്റുകള്‍. ഇത് നിരുപദ്രവമാണ്.
ഉപദ്രവമായ കമന്റുകള്‍ ഭയങ്കര നോര്‍മലായിട്ടുള്ള ആളുകളാണ് ചമയ്ക്കുന്നത്. അത്തരം കമന്റുകളെക്കുറിച്ചും കമന്റേര്റര്‍മാരെക്കുറിച്ചും അടുത്ത ലക്കത്തില്‍.










