രണ്ട് ഉപകാരസ്മരണകള്‍ !!
കുറെ ദിവസമായി എന്നെ ബ്ലോഗിങ്ങില്‍ നിന്നകറ്റി നിര്‍ത്തിയ സാങ്കേതികപ്രവര്‍ത്തനം ബ്ലോഗറില്‍ കിടന്നിരുന്ന എന്റെ ബ്ലോഗിനെ ഈ പുതിയ സ്പേസിലേക്ക് എത്തിക്കാന്‍ വേണ്ടിയായിരുന്നു എന്ന് എനിക്ക് ഇപ്പേഴാണ് ഏറെക്കുറെ മനസ്സിലായത്. ബ്ലോഗറിനെക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ബ്ലോഗ് സാഹചര്യം ഇവിടെ നിലവിലുണ്ടെന്ന് ഞാന്‍ അവകാശപ്പെടുകയാണ്. ബ്ലോഗെഴുതുന്നതിനു പുറമേ ഇത്രമാത്രം സാങ്കേതിക വിവരമൊക്കെയുള്ള ഞാന്‍ ഒരു സംഭവമാണെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ ?
കാനഡയുടെ അതിര്‍ത്തിപ്രദേശത്തെ വനാന്തരങ്ങളിലെവിടെയോ പ്രവര്‍ത്തിക്കുന്ന രഞ്ജിത് ആന്റണി എന്ന മാഹാവുഭാവുലുവിന്റെ അതിവിശാലവും മനോഹരവുമായ ഹൃദയത്തിലാണ് ഞാനെന്റെ ബ്ലോഗ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും കാലം ബ്ലോഗെഴുതിയിട്ട് ഇത്തരത്തിലുള്ള ഒരനുഭവം ആദ്യമായാണ് എന്നു കൂടി പറയട്ടെ. തീര്‍ച്ചയായും ബ്ലോഗിങ്ങിന്റെ ആനന്ദം ബ്ലോഗിങ് തന്നെയാണ്. എന്നാല്‍, നമ്മുടെ രചനകളെ മറ്റൊരു തലത്തിലെത്തിക്കുന്ന വായനക്കാരുടെ പ്രതികരണങ്ങള്‍ ഓരോ ബ്ലോഗറെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്. എന്റെ ഈ ബ്ലോഗ് മാറ്റം അത്തരത്തില്‍ രഞ്ജിത് ആന്റണി എന്ന വായനക്കാരന്റെ പ്രതികരണമാണ്.
വിശാലമനസ്കനായ രഞ്ജിത്തിന്, ഈ ബ്ലോഗിനെ ഇത്രയും മനോഹരമായി ഇത്ര കരുത്തോടെ മറ്റൊരു സ്ഥലത്തേക്ക് പുനഃസൃഷ്ടിച്ചതിന് ഏറ്റവും ആത്മാര്‍ത്ഥതയോടെ ഞാന്‍ നന്ദി പറയുന്നു. എന്റെ ഇത്രയും കാലത്തെ ബ്ലോഗ് ജീവിതത്തില്‍ എനിക്കാദ്യമായി ലഭിക്കുന്ന അവാര്‍ഡാണ് , പ്രതിഫലമാണ് ഈ സേര്‍വര്‍ സ്പേസും ടെക്നിക്കല്‍ സപ്പോര്‍ട്ടും. ടേങ്സ് രഞ്ജിത്, ടേങ്സ് !
ഇപ്പോള്‍ ഇത് സാങ്കേതികമായി മാത്രമാണ് എന്റെ ബ്ലോഗ്. ഒരു സമ്മാനം പോലെ ഇത്ര മഹത്തായ ഒരു കാര്യം എനിക്കു വേണ്ടി ചെയ്ത രഞ്ജിത്തിനും ഈ ബ്ലോഗ് വിടാതെ വായിക്കുന്ന എന്റെ വായനക്കാര്‍ക്കും ഞാനീ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഇനിയങ്ങോട്ട് മികച്ച പോസ്റ്റുകള്‍ കൊണ്ട് നമുക്ക് അര്‍മാദിക്കാം.
ഇനിയിപ്പോള്‍ ഞാന്‍ നന്ദി പറയേണ്ടത് എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ ലോകത്തിന്റെ അതിര്‍ത്തികള്‍ വരെയെത്തിക്കുന്ന ഫോര്‍വേഡേഴ്സിനാണ്. നാളെ ചിലപ്പോള്‍ യുവബ്ളോഗര്‍മാര്‍ എന്നെ ഇ മെയില്‍ ഫോര്‍വേഡുകള്‍ പോസ്റ്റുകളാക്കി എന്ന കുറ്റത്തിന് അടിച്ചുപുറത്താക്കിയേക്കാം. ഫോര്‍വേഡര്‍മാര്‍ (അങ്ങനെയധികം പേരൊന്നുമില്ല) എല്ലാം കൂടി സംഘടിച്ച് എനിക്കെതിരെ പകര്‍പ്പവകാശത്തിനു കേസും കൊടുത്തേക്കാം. എന്നാലും സാരമില്ല, എന്റെ പോസ്റ്റുകളെ ലോകത്തിന്റെ അറ്റംവരെയെത്തിക്കുന്നത് നിങ്ങളാണ്. ഈ ബ്ലോഗില്‍ ഞാനെഴുതുന്നത് വലിയ നിലവാരമുള്ളതാണെന്നൊന്നും എനിക്കഭിപ്രായമില്ല. ഇ മെയില്‍ ഫോര്‍വേഡുകളാണ് ഈ ബ്ലോഗിന് ഒരു ഇമേജ് ഉണ്ടാക്കിത്തന്നത് എന്നും ഞാന്‍ തുറന്നു സമ്മതിക്കുന്നു. അതുകൊണ്ട് എല്ലാ ഫോര്‍വേഡര്‍മാരോടുമുള്ള ഉപകാരസ്മരണ ഞാനിവിടെ പ്രകടിപ്പിക്കുന്നു.
അങ്ങനെയാണെങ്കിലും രണ്ടു കാര്യങ്ങള്‍ നിങ്ങളോട് തുറന്നു ചര്‍ച്ച ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു, വളരെ ആത്മാര്‍ത്ഥമായി. അദ്യത്തെ ഫോര്‍വേഡ് മുതല്‍ അവസാനത്തെ തൃശൂര്‍പൂരം വരെ ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഈ സംഗതി എഴുതിയുണ്ടാക്കിയവന്റെ പേരോ അത് പ്രസിദ്ധീകരിച്ച ബ്ലോഗിന്റെ വിലാസമോ ഒഴിവാക്കാന്‍ നിങ്ങള്‍ കണ്ടെത്തിയ കാരണമെന്താണ് ?
സിനിമ റിലീസ് ചെയ്യുന്നതോടൊപ്പം വ്യാജ സിഡി ഇറങ്ങിയാല്‍ തിയറ്ററില്‍ ആളു കുറയും, സിനിമ സാമ്പത്തികമായി പരാജയപ്പെടും. എന്നാല്‍, ആ വിദ്യ ബ്ലോഗില്‍ പരാജയപ്പെടും എന്നതിന്റെ തെളിവാണ് ഫോര്‍വേഡുകളില്‍ നിന്ന് എനിക്കുണ്ടായ അനുഭവം വ്യക്തമാക്കുന്നത്. എന്റെ പേരോഴിവാക്കുന്നതു കൊണ്ടോ ബ്ലോഗിന്റെ ഐഡി ഒഴിവാക്കുന്നതുകൊണ്ടോ അത് ഞാനെഴുതിയതല്ലാതാവുന്നില്ല. തീര്‍ച്ചയായും ആളുകള്‍ തിരിച്ചറിയുക എന്നതിനെക്കാള്‍ ഞാനെഴുതുന്നത് കൂടുതല്‍ ആളുകള്‍ വായിക്കുന്നതിനു തന്നെയാണ് ഞാന്‍ മുന്‍തൂക്കം നല്‍കുന്നത്. ഇ മെയില്‍ ഫോര്‍വേഡുകള്‍ എന്റെ ബ്ലോഗിലെത്തുന്നവരെക്കാള്‍ അനേകം അനേകം മടങ്ങ് ആളുകളിലേക്ക് എന്റെ പോസ്റ്റുകളെ എത്തിക്കുന്നു. കൂടുതലാളുകള്‍ വായിക്കുന്നു, നന്ദി.
ഇനിയും നിങ്ങള്‍ ഫോര്‍വേഡ് ചെയ്തുകൊള്ളൂ. പക്ഷെ, ആ ഫോര്‍വേഡുകളില്‍ നിന്ന് എന്റെ പേരും ബ്ലോഗിന്റെ ഐഡിയും ഒഴിവാക്കുന്നത് കൊണ്ട് ലോകത്താര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ പറഞ്ഞുതരൂ, അങ്ങനെ ചെയ്യാന്‍ ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കില്ല. തിരിച്ചറിയപ്പെടാതെ ആ ബെര്‍ളി പണ്ടാരമടങ്ങിപ്പൊയ്ക്കൊള്ളും എന്നതാണ് നിങ്ങള്‍ കരുതുന്ന പ്രയോജനമെങ്കില്‍ ഊരും പേരുമില്ലാതെ കിട്ടുന്ന ഫേര്‍വേഡിനെക്കുറിച്ചുള്ള അന്വേഷണമാണ് നല്ലൊരു ശതമാനം വായനക്കാരെയും എന്റെ ബ്ലോഗില്‍ എത്തിച്ചെന്നതിനാല്‍ നിങ്ങളുടെ ഉദ്ദേശം പാളിപ്പോയി എന്നു തിരിച്ചറിയുക. എങ്കിലും നിയമപരമായി എന്നതിനെക്കാള്‍ ധാര്‍മികമായി എന്റെ പോസ്റ്റുകള്‍ മോഷ്ടിക്കുന്നത് തെറ്റാണ്. ബുദ്ധിമുട്ടാവില്ലെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കുക. ബാക്കിയൊക്കെ നിങ്ങളുടെ വിധി !










