സിനിമാല

കോഴിക്കോട് നഗരത്തില്‍ കാഞ്ചീവരം എന്ന സിനിമ (പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലോകോത്തര സിനിമ) പ്രദര്‍ശനത്തിനെത്തിയത് വെള്ളിയാഴ്ചയാണ്. ഡേവിസണ്‍ തിയറ്ററില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 11.45ന് ഒരു ഷോ മാത്രം. ദിവസേന ഒറ്റ ഷോ മാത്രമുള്ള മഹത്തായ സിനിമയ്ക്കുള്ള ആദ്യത്തെ തിരക്കു കഴിയാന്‍ രണ്ടു ദിവസം കാത്തിരുന്നിട്ട് ഞാന്‍ പടത്തിന് പോയത് ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക്. കാഞ്ചീവരത്തിന്റെ പൊടിപോലുമില്ല അവിടെ. കാഞ്ചീവരം എവിടെപ്പോയി ?

രണ്ടേ രണ്ടു ഷോ കൊണ്ട് സിനിമ തിരികെ പെട്ടിയില്‍ കയറി എന്ന തിയറ്ററുകരാന്റെ സാക്ഷ്യത്തോടൊപ്പം വേദനിപ്പിക്കുന്ന മറ്റൊരു സത്യം കൂടി. ആദ്യ ഷോയ്ക്ക് പത്തു പേരോളം ഉണ്ടായിരുന്നെങ്കില്‍ രണ്ടാമത്തെ ദിവസത്തെ ഷോ ആയപ്പോഴേക്കും പ്രേക്ഷകരുടെ എണ്ണം എട്ടായി ചുരുങ്ങി. നല്ല സിനിമകളെ എന്തുകൊണ്ടാണിങ്ങനെ പ്രേക്ഷകര്‍ അവഗണിക്കുന്നത് ?

സ്ലംഗോഡ് മില്യനെയറിന് അവാര്‍ഡ് കൊടുത്തവര്‍ക്ക് ലോകസിനിമയെക്കുറിച്ച് വിവരമില്ല എന്നു പറഞ്ഞ നമ്മുടെ പ്രിയദര്‍ശന്റെ സിനിമയാണ്. ടൊറന്റോ ഫെസ്റ്റിവലില്‍ കാഞ്ചീവരവും സ്ലംഡോഗ് മില്യനെയറും പ്രദര്‍ശിപ്പിച്ചപ്പോള്‍ അവിടെയുള്ള ബുദ്ധിജീവികള്‍ ഒന്നടങ്കം കാഞ്ചീവരത്തിനു കയ്യടിക്കുകയും സ്ലംഡോഗിനു കൂവിയില്ലെന്നേയുള്ളൂ എന്നും പറഞ്ഞ പ്രിയദര്‍ശന്റെ സിനിമയാണ്. ഈ ക്രൂരമായ അവഗണനയോട് ഒരു കൂതറ പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

ഡാനി ബോയ്ല്‍ ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തിലെങ്ങാനും ഉള്ളവനായിരുന്നെങ്കില്‍ ഇനിയൊരു പടമെടുക്കാന്‍ സമ്മതിക്കാതെ അയാളെ അടിച്ചു പുറത്താക്കിയേനെ എന്നു പറഞ്ഞ പ്രിയദര്‍ശന്‍, കാഞ്ചീവരത്തിന്റെ പ്രിവ്യൂ ചെന്നൈയില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ എവിടെപ്പോയതായിരുന്നു ?
ലോകോത്തരകൂതറ പടമായ സ്ലംഡോഗ് മില്യനെയറിലെ ജയ് ഹോ എന്ന ഗാനം വിലയ്ക്കു വാങ്ങി ഇലക്ഷന്‍ പ്രചാരണം നടത്താന്‍ പോകുന്ന കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ട് ആ പാട്ട് വച്ച് കോണ്‍ഗ്രസിനു പരസ്യം ഷൂട്ട് ചെയ്യാന്‍ പോയതായിരുന്നത്രേ പ്രിയന്‍. ഇതാണ്, ഇതാണ് പൌരുഷം എന്നു പറയുന്നത്.

മൊത്തത്തില്‍ മലയാളം, ഹിന്ദി, തമിഴ് സിനിമകള്‍ വലിയ തരംഗമൊന്നും ശ്രദ്ധിക്കാത്ത മാസമാണ് മാര്‍ച്ച് എന്നു തോന്നുന്നു. മലയാളം ഇഴഞ്ഞു നീങ്ങുകയാണ്. തരക്കേടില്ല എന്നു പറയാവുന്ന മകന്റെ അച്ഛന്‍ 2009ലെ ആദ്യത്തെ മലയാളം ഹിറ്റായി മാറിയിരിക്കുന്നു. വലിയ തരംഗമൊന്നും സൃഷ്ടിക്കാനായില്ലെങ്കിലും റെഡ്ചില്ലീസും തിയറ്ററില്‍ ആളെ കയറ്റിയിട്ടുണ്ട്. ജനുവരിയില്‍ റിലീസ് ചെയ്യുമെന്നു പറഞ്ഞിരുന്ന സമസ്തകേരളം പിഒ (വെറുതെ ഒരു ഭാര്യക്കു ശേഷം കെ.ഗിരീഷ്കുമാര്‍ എഴുതുന്ന, ജയറാം നായകനാകുന്ന ചിത്രം) ഏപ്രിലില്‍ റിലീസ് ചെയ്യും.

ഏപ്രില്‍ മലയാള സിനിമയ്ക്ക് പ്രതീക്ഷ പകരുന്ന മാസമാണ്. ഒട്ടേറെ നല്ല സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. മാര്‍ച്ച് അവസാനമിറങ്ങാനിരിക്കുന്ന ഏറെ പ്രതീക്ഷകളുള്ള മോഹല്‍ലാല്‍ ചിത്രം സാഗര്‍ അലിയാസ് ജാക്കി റീലോഡഡ് മുതല്‍ അനേകം ചിത്രങ്ങള്‍. സാഗര്‍ അലിയാസ് ജാക്കി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമാണ് എന്ന് ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ ഇനിയെങ്കിലും ധാരണ തിരുത്തുക. സാഗര്‍ ഏലിയാസ് ജാക്കി എന്ന പേരുള്ള മറ്റൊരു കഥാപാത്രത്തെയാണ് ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. എസ്എന്‍ സ്വാമിയുടെ തൂലികയുടെ മാന്ത്രികസ്പര്‍ശത്തിനായി അക്ഷമരായിരിക്കാം. അമല്‍ നീരദിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്കായി കാത്തിരിക്കാം ( പ്രിയദര്‍ശന്‍ തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ നായകാനവുന്ന അടുത്ത മലയാള ചിത്രം സംവിധാനം ചെയ്യാന്‍ പ്രിയന്‍ തിരഞ്ഞെടുത്തിരിക്കുന്നത് അമല്‍ നീരദിനെയാണ്).

വരുന്ന ആഴ്ചകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന മലയാള സിനിമകളും അവയുടെ റിലീസിങ് തീയതികളും:-

സാഗര്‍ എലിയാസ് ജാക്കി റീലോഡഡ് – മാര്‍ച്ച് 26
ടു ഹരിഹര്‍ നഗര്‍- ഏപ്രില്‍ 1
കറന്‍സി- ഏപ്രില്‍ 2
സമസ്തകേരളം പിഒ- ഏപ്രില്‍ 3
ബനാറസ് – ഏപ്രില്‍ 7
‘ഐജി- ഏപ്രില്‍ 7
മൌസ് ആന്‍ഡ് ക്യാറ്റ്- ഏപ്രില്‍ 14

ചിത്രീകരണം കഴിഞ്ഞ സത്യന്‍ അന്തിക്കാട് ചിത്രത്തിന് ‘ഭാഗ്യദേവത’ എന്നു പേരിട്ടിട്ടുണ്ട്. അപാരമായ വേഗത്തില്‍ ജോലി പൂര്‍ത്തിയായ ഈ ചിത്രവും ചിലപ്പോള്‍ വിഷുവിന് പ്രദര്‍ശനത്തിനെത്തിയേക്കും.

Related Posts with Thumbnails
blog comments powered by Disqus