പ്ലാറ്റിനാനി; ഒരു പാര്‍ട്ടി സ്ക്രൂട്ട്‍നി !
സവര്‍ണകത്തോലിക്കര്‍ തിങ്ങിപാര്‍ക്കുന്ന കത്തോലിക്കാ ഭൂരിപക്ഷമുള്ള പ്ലാറ്റിനാനി ലോക്സഭാ മണ്ഡലത്തില്‍ വിപ്ളവ പാര്‍ട്ടിയുടെ ചിഹ്നത്തിലോ സ്വതന്ത്രനായോ മല്‍സരിക്കാന്‍ താല്‍പര്യമുള്ള നല്ല കത്തോലിക്കരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോ യുക്തിവാദികളോ അകണമെന്നില്ല. മറിച്ച് എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന, വേദപാഠമൊക്കെ നേരാം വണ്ണം പഠിച്ചിട്ടുള്ള, ദൈവികകാര്യങ്ങളില്‍ അറിവുള്ളവരായിരിക്കണം. സെമിനാരിയില്‍ പോയി പഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. മണ്ഡലത്തിലെ ക്രിസ്ത്യാനികളെ സ്വാധീനിക്കാന്‍ കഴിവുള്ളവരായിരിക്കണം. പള്ളിമേടയിലും കന്യാസ്ത്രീമഠത്തിലുമൊക്കെ കയറിച്ചെല്ലാന്‍ കഴിയുന്ന, നല്ല തടിയും നിറവുമുള്ള തറവാട്ടില്‍ പിറന്ന കത്തോലിക്കരുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.
പരസ്യം നല്‍കി വിപ്ളവപാര്‍ട്ടിയുടെ പ്രതിനിധികള്‍ കാത്തിരുന്നു. പ്ലാറ്റിനാനിയില്‍ വേറെയും രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്ളതുകൊണ്ടും നല്ല ക്രിസ്ത്യാനികള്‍ കുറവായിരുന്നതുകൊണ്ടും ഉണ്ടായിരുന്നവരെ അവര്‍ വീതം വച്ചെടുത്തു. മറ്റെല്ലാ പാര്‍ട്ടികള്‍ക്കും പ്ലാറ്റിനാനിയില്‍ സ്ഥാനാര്‍ത്ഥി ആയിട്ടും വിപ്ളവപാര്‍ട്ടിക്കു മാത്രം സ്ഥാനാര്‍ത്ഥി ആയില്ല. പാര്‍ട്ടി പല പേരുകളും പരിഗണിച്ചു. മുഴുവന്‍ നല്ല ക്രിസ്ത്യാനികളാണ്. ചുവന്ന കൊടി പുറത്തെടുത്താല്‍ പണി കിട്ടും. ഹൈക്കമാന്‍ഡ് പാര്‍ട്ടിക്കു വേണ്ടി അച്ചന്‍മാര്‍ പള്ളിയിലിരുന്ന് വോട്ടു പിടിക്കും. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ പ്രവേശനമുണ്ടാവുകയില്ല എന്നു ഭീഷണി മുഴക്കും. അത്രയുമായിക്കഴിഞ്ഞാല്‍ വിശ്വാസികള്‍ക്കും വാശിയാവും. കന്യാസ്ത്രീകളടക്കം അവര്‍ കൂട്ടത്തോടെ പോയി വിപ്ളവപാര്‍ട്ടിക്കു വോട്ടു ചെയ്യുും. ഇതാണ് നാട്ടുനടപ്പ്. എങ്കിലും ഇക്കുറി ഒന്നും പറയാന്‍ കഴിയില്ല. വിപ്ളവപാര്‍ട്ടിയി കേരളാ കോണ്‍ഗ്രസു പോലെ പിരിഞ്ഞ് പിരിഞ്ഞ് ഒരു വഴിക്കായി. ആരൊക്കെ എവിടെയൊക്കെ ചോരുമെന്നോ എന്തൊക്കെ ധ്രുവീകരണം നടക്കുമെന്നോ പറയാന്‍ കഴിയില്ല. ഏറ്റവും സുരക്ഷിതമായി ഒരു സ്ഥാനാര്‍ത്ഥിയെ പ്രതിഷ്ഠിച്ചെങ്കിലേ ജയിച്ചില്ലെങ്കിലും വോട്ടുശതമാനമെങ്കിലും നിലനിര്‍ത്താന്‍ പറ്റൂ.
പരസ്യത്തില്‍ ആകൃഷ്ടരായി ഒരുത്തനും ഇങ്ങോട്ടു വരാത്ത സഹാചര്യത്തില്‍ വിപ്ളവപാര്‍ട്ടി നാട്ടിലുള്ള ക്രിസ്ത്യാനികളുടെ ലിസ്റ്റുണ്ടാക്കി അതില്‍ നിന്നു പറ്റിയ ഒരുത്തനെ കണ്ടെത്താല്‍ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. പണ്ട് പരിപ്പുവടയും ചായയുമായി വന്നിരുന്ന ശങ്കരേട്ടന്റെ പുതിയ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ലോബ്സെര്‍ തെര്‍മിഡോറും ടൈഗര്‍ പ്രോണ്‍സ് ന്യൂബെര്‍ഗുമായി ചീഫ് ഷെഫിന്റെ കുണ്ടന്‍മാര്‍ പാര്‍ട്ടിയാപ്പീസില്‍ കയറിയിറങ്ങി. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയും പള്ളിയും തമ്മില്‍ ഇക്കാര്യത്തില്‍ രഹസ്യചര്‍ച്ചകള്‍ പോലും നടത്തി. വിശ്വാസികള്‍ പഴയപോലെയല്ല. അവരെ ഗുണദോഷിക്കാന്‍ ശ്രമിച്ചാല്‍ പള്ളിയിലേക്കു വരാതെയാവും. – വികാരിയച്ചന്‍ നിസ്സഹായവസ്ഥ വ്യക്തമാക്കി.
ലിസ്റ്റില്‍ നിന്ന് പാര്‍ട്ടി ഓരോരുത്തരെയായി വിളിച്ചു. ചെമ്മീന്‍കെട്ടുകാരന്‍ മത്തച്ചന്‍, മനുഷ്യക്കടത്തു നടത്തുന്ന തോമസുകുട്ടി, എസ്റ്റേറ്റ് മുതലാളി വക്കച്ചന്‍, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ഒരാള്‍ക്കും സമ്മതമല്ല. സ്ഥാനാര്‍ത്ഥിയാവാന്‍ വേണ്ടി മുണ്ടും മുറുക്കി കാലങ്ങളായി കാത്തിരുന്നവരെ അംഗീകരിക്കാന്‍ പാര്‍ട്ടിക്കും സമ്മതമല്ല. അത്തരക്കാരെ വിട്ട് കുറച്ചുകൂടി ജനകീയരായ ആരെയെങ്കിലും ഒക്കെ നോക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കലാസാഹിത്യരരംഗങ്ങളിലുള്ളവരാണെങ്കില്‍ നന്നായി. സിസ്റ്റര്‍ ജെസ്മി ആയാലോ ? ഈ സീസണില്‍ അത്യാവശ്യം മാര്‍ക്കറ്റുള്ളയാളാണ്. പോസ്റ്ററില്‍ പാര്‍ട്ടി രക്തസാക്ഷിയായിയായി സിസ്റ്റര്‍ അഭയയുടെ ചിത്രം മാര്‍ക്സിന്റെ ചിത്രത്തോടൊപ്പം കൊടുക്കാം. കന്യാസ്ത്രീമഠങ്ങളെ ശുദ്ധീകരിക്കാന്‍ ശ്രമിക്കവേ സഭാവസ്ത്രമുപേക്ഷിച്ച ജെസ്മിയെ ജീവിക്കുന്ന രക്തസാക്ഷിയായി ചിത്രീകരിക്കാം. അല്ലെങ്കില്‍ മഠത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതിനാണ് അഭയയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നു പറയാം.
പക്ഷെ, വികാരിയച്ചന്‍ എതിര്‍ത്തു. പാടില്ല, നമ്മള്‍ ശത്രുക്കളാണെങ്കിലും ജനങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. ജെസ്മിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ല. അവരെങ്ങാനും ജയിച്ചാല്‍ ഞങ്ങള്‍ തോറ്റു എന്നു ദൈവജനം പറയും. സഭ മുടിഞ്ഞു കുത്തുപാളയെടുക്കുന്നതു കാണാന്‍ നിങ്ങള്‍ വിപ്ളവപ്രസ്ഥാനക്കാരെക്കാള്‍ താല്‍പര്യമുള്ളവര്‍ സഭയ്ക്കുള്ളില്‍ തന്നെയുണ്ട്. അതുകൊണ്ട് അതു വേണ്ട. വല്ല സിനിമാക്കാരെയും നോക്കിയാലോ ?
ഉണ്ണിമേരി, ഗുണ്ട ജോണി, പൊന്നമ്മ ബാബു, റീമി ടോമി.. പക്ഷെ, ഇലക്ഷനു നില്‍ക്കാാന്‍ ഒരാളും സമ്മതിക്കുന്നില്ല. എല്ലാ പ്രതീക്ഷകളും അവസാനിക്കുകയാണ്. പ്ളാറ്റിനാനിയില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവനാതെ വിപ്ളവപാര്‍ട്ടി തോല്‍ക്കുകയാണ്. ചരിത്രത്തിനു മുന്നിലുള്ള തോല്‍വി, തിരഞ്ഞെടുപ്പുതോല്‍വിയേക്കാള്‍ വളരെ വളരെ വലുതാണ്. പക്ഷെ, പാര്‍ട്ടി തോറ്റില്ല, സ്ഥാനാര്‍ത്ഥിയെ കിട്ടാതിരുന്നില്ല. ഒടുവില്‍, പാര്‍ട്ടി സെക്രട്ടറി ഫോണില്‍ വിളിച്ചു പറഞ്ഞു- പ്ളാറ്റിനാനിയില്‍ നമുക്ക് വിജയമുറപ്പാക്കാന്‍ അവന്‍ വരുന്നു, നമ്മുടെ കാന്‍ഡിഡേറ്റ്.. !
സ്ക്രൂട്ട്നിയുടെ തലേ ദിവസം പാര്‍ട്ടിയാപ്പീസിന്റെ മുന്നില്‍ സ്കൂട്ടറില്‍ അവന്‍ വന്നിറങ്ങി. ഒരു ചരിത്രപുരുഷനെപ്പോലെ അവന്‍ ആപ്പിസിനുള്ളിലേക്കു നടന്നുകയറി നോമിനേഷന്‍ കടലാസ് അഡ്ഹോക് കമ്മിറ്റിയുടെ മുന്നില്‍ വച്ചു പറഞ്ഞു- വേഗം പൂരിപ്പിച്ചുകൊണ്ടുപോയി കൊടുക്കൂ.. ഞാനാണ് പ്ളാറ്റിനാനിയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി..
പേര് ?
സാന്തിയാഗോ !
അച്ഛന്റെ പേര് ?
മാര്‍ട്ടിന്‍ !

