ചാണകവണ്ടിയുമായി പാണ്ടിലോറിക്കടിയിലേക്കു പാഞ്ഞുകയറി മരിച്ച കൂതറ കുര്യാച്ചന്റെ മരണകവിതകള്‍
നവംബറില്‍ നാഷനല്‍ ഹൈവേയില്‍ നാഷനല്‍ പെര്‍മിറ്റ് ലോറിയിടിച്ച് മരിച്ച കൂതറക്കുന്നേല്‍ കുര്യാച്ചന്‍ ലോകത്തെ സംബന്ധിച്ച് ഒരു ചാണകമൊത്തവില്‍പനക്കാരന്‍ മാത്രമായിരിക്കാം. എന്നാല്‍, ചാണകവണ്ടിയുമായി പാണ്ടിലോറിക്കടിയിലേക്കു പാഞ്ഞുകയറിയ കൂതറ കുര്യാച്ചന്‍ ഓരോ ദിവസവും മരണം സ്വപ്നം കണ്ടിരുന്ന, മരണത്തെ പ്രണയിച്ചിരുന്ന ഒരു മഹാകവിയാണെന്ന കാര്യം ഒരു പക്ഷെ ആര്‍ക്കും അറിയാന്‍ വഴിയില്ല. ലോകത്ത് ആദ്യമായി കൂതറ കുര്യാച്ചന്റെ കാവ്യജീവിതം, മരണത്തോടുള്ള അഭിനിവേശം തുടങ്ങിയ സംഗതികള്‍ എക്സ്ക്ളൂസീവായി നിങ്ങള്‍ക്കു മുന്നിലവതരിപ്പിക്കുകയാണ് ഇവിടെ.
കൂതറ കുര്യാച്ചന്റെ സ്വകാര്യഡയറികളില്‍ കുറിച്ചിട്ടിരുന്ന ഏകദേശം ഇരുപത്തയ്യായിരത്തോളം ആരും കാണാത്ത കവിതാശകലങ്ങളും കുര്യാച്ചന്റെ ജീവിതവീക്ഷണങ്ങളും മറ്റും വിശകലനം ചെയ്താണ് കൂതറ കുര്യാച്ചന്‍ എന്ന മഹാകവിയെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ തന്റെ കാവ്യജീവിതത്തിനു തുടക്കമിട്ട കുര്യാച്ചന്‍ പിന്നെ സ്കൂളില്‍ പോയിട്ടില്ല എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ഇത് പച്ചക്കള്ളമാണെന്ന് കുര്യാച്ചന്റെ ഡയറിക്കുറിപ്പുകളിലൂടെ തന്നെ നമുക്ക് വായിക്കാം.
ജനുവരി 12ന് കുര്യാച്ചന്‍ എഴുതിയിരിക്കുന്നു-
കൊവേന്ത സ്കൂളിന്റെ പിന്നില്‍ നീളത്തില്‍ പാകിയ കല്ലുകള്‍.
അതിന്റെ അവസാനം പശുത്തൊഴുത്ത്, ചാണകക്കുഴി.
എത്ര വിലപേശിയാലും കത്തനാര്‍ കനിയില്ല.
സ്കൂളില്‍ നാളെയെന്റെ നൂറാം ദിനം. ഇനി വരുന്ന ദിവസങ്ങള്‍
സംഭവബഹുലമായിരിക്കും.
സ്കൂളിലെ അനുഭവം എന്നതിനു പുറമേ ഇതിനെ കുര്യാച്ചന്റെ കാവ്യസങ്കല്‍പം കൂടിയായി കാണേണ്ടതുണ്ട്. സ്കൂളിന്റെ പിന്നിലെ കല്ലുപാകിയ പാതയെന്നത് ശരിക്കും കുര്യാച്ചന്റെ മരണസ്വപ്നമാണ്. പശുത്തൊഴുത്ത് ചാണകക്കുഴി എന്നു വിശേഷിപ്പിച്ചിരിക്കുന്നത് മരണം തന്നെയാണ്. ഇടപ്പള്ളി രാഘവന്‍പിള്ളയെപ്പോലെ പ്രതിഭാധനനനായിരുന്ന കുര്യാച്ചനും തന്റെ കവിതകളിലൂടെ മരണത്തോടുള്ള തന്റെ അഭിനിവേശത്തിന്റെയും സ്വയം മരിക്കാനുള്ള ആഗ്രഹത്തിന്റെയും സുദൃഢമായ സൂചനകള്‍ കവിതകളിലൂടെ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുര്യാച്ചനല്ലാതെ മറ്റാരും അതു കണ്ടിരുന്നില്ല എന്നതുകൊണ്ട് അവയൊന്നും കവിതകളായി തിരിച്ചറിയപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല.
നവംബര്‍ 23ന് കുര്യാച്ചന്‍ എഴുതിയിരിക്കുന്നു-
കത്തി- 1
കയര്‍-5 മീറ്റര്‍
കസവുമുണ്ട്- 2
ചന്ദനത്തിരി- 2 പായ്ക്കറ്റ്
പെട്രോള്‍- 1 ലിറ്റര്‍
തീപ്പെട്ടി- 1
കുര്യാച്ചന്‍ എഴുതിയിട്ടുള്ള കവിതകളില്‍ ഏറ്റവും ചെറുതാണിത്, ഏറ്റവും സങ്കീര്‍ണ്ണവും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഏതാനും അക്കങ്ങളില്‍ തന്റെ മരണത്തോടുള്ള പ്രണയം വളരെ ശക്തമായി മുന്നോട്ടു വയ്ക്കുകയാണ് കുര്യാച്ചന്‍. കുര്യാച്ചന്റെ വിമര്‍ശകരും എന്നും കുര്യാച്ചന്റെ വളര്‍ച്ചയ്ക്കു തടസ്സം നിന്നിട്ടുള്ള ഭാര്യയും ഇത് കടയില്‍ നിന്നു വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതിയതാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ സൌകര്യമില്ല. കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ചുമ്മാ നാലും മൂന്നും ഏഴുവരി കൂട്ടിയെഴുതി കവിതയെന്നും പറഞ്ഞ് പുസ്തകമിറക്കി ആളുകളെ പീഡിപ്പിക്കുന്ന ഇക്കാലത്ത് സ്വന്തം ഭാര്യ പോലുമറിയാതെ സ്വകാര്യഡയറിക്കുള്ളില്‍ എഴുതിസൂക്ഷിച്ച കുര്യാച്ചന്റെ കവിതകള്‍ കാലത്തിന്റെ കവിതാപുസ്കത്തിന്റെ മേല്‍ ചോര കൊണ്ടുള്ള അടയാളപ്പെടുത്തലായി മാറുകയാണ്.
മുകളിലെ കവിതയില്‍ കുര്യാച്ചന്‍ സത്യത്തില്‍ മരണക്കെ ഭ്രാന്തമായി പ്രണയിച്ചിരിക്കുന്നത് കാണാം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം മരണരതിയാണ് ഈ കവിതയില്‍ തെളിഞ്ഞു നില്‍ക്കുന്നത്. സ്വയം കുത്തി മരിക്കാനുള്ള ആഗ്രഹമാണ് കത്തി- 1 എന്ന വരിയില്‍ തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍ മരച്ചില്ലയില്‍ തൂങ്ങിമരിക്കാനുള്ള അഭിനിവേശം കയര്‍ -5 മീറ്റര്‍ എന്ന രണ്ടാമത്തെ വരിയിലുണ്ട്. അഞ്ചു മീറ്റര്‍ നീളമിട്ടിരിക്കുന്നതുകൊണ്ട് കുര്യാച്ചന്‍ മരച്ചില്ലയില്‍ തൂങ്ങിമരിക്കാനാഗ്രഹിച്ചിരുന്നു എന്നതും വ്യക്തം. മൂന്നാമത്തെ വരിയില്‍ സ്വന്തം മൃതദേഹമാണ് കുര്യാച്ചന്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. കസവുമുണ്ട് -2 എന്നതില്‍ എല്ലാമടങ്ങിയിട്ടുണ്ട്. ഒന്ന് കുര്യാച്ചനെ ഉടുപ്പിക്കാന്‍ മറ്റേത് ഡെഡ്ബോഡി പുതപ്പിക്കാന്‍.
അടുത്ത വരിയാകുമ്പേഴേക്കും നമ്മുടെ ഹൃദയം തകര്‍ന്നുപോകും. ചന്ദദനത്തിരി-2 പായ്ക്കറ്റ് എന്നത് കണ്ണീരോടെയല്ലാതെ നമുക്ക് വായിച്ചുതീര്‍ക്കാന്‍ കഴിയില്ല. സ്വന്തം തലയ്്ക്കലും കാല്‍ക്കലും എരിഞ്ഞുതീരാനുള്ള ചന്ദനത്തിരികളോടുള്ള പ്രണയം ഈ വരിയിലുണ്ട്. അടുത്ത വരിയില്‍ തന്നെ ദഹിപ്പിക്കുന്നതിനു വിറകിലൊഴിക്കാനുള്ള പെട്രോളിന്റെ കാര്യവും അവസാനത്തെ വരിയില്‍ ചിതയ്ക്കു തീ കൊളുത്താനുള്ള തീപ്പെട്ടിയുടെ കാര്യവും എഴുതിയിരിക്കുന്നത് വായിക്കുമ്പേഴേയ്ക്കും വായനക്കാര്‍ അലറിക്കരയുകയായിരിക്കും. ഇത്ര ശക്തമായി കവിതാസ്വാദകരെ ഉലച്ചിട്ടുള്ള കവികള്‍ ഇതിനു മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
താന്‍ ചാണകലോഡുമായി പോകുമ്പോള്‍ പാണ്ടിലോറിക്കടിയില്‍ മരിക്കണമെന്നും കുര്യാച്ചന്‍ അഗ്രഹിച്ചിരുന്നെന്നോര്‍ക്കണം. നവംബര്‍ 12ന് കുര്യാച്ചന്‍ എഴുതുന്നു-
ബ്രേക്ക് കുറവാണ്, ചവുട്ടിയിട്ടു കിട്ടുന്നില്ല.
കട്ട മാറിവയ്ക്കണോ, അതോ ?
അല്ലെങ്കില്‍ വേണ്ട മാറിയേക്കാം, ഇനി ഒട്ടും
അവശേഷിക്കുന്നില്ലല്ലോ..
നാളെ ചാണകം കൊണ്ടാകട്ടെ ലാസ്റ്റ് ട്രിപ്പ്.
കുര്യാച്ചന്‍ പാണ്ടിലോറി കയറി മരിക്കുന്നതിന്റെ തലേദിവസം എഴുതിയ കവിതയാണിത്. അടുത്ത ദിവസം ചാണകം കൊണ്ട് പോകുന്ന പോക്ക് തന്റെ ഒടുക്കത്തെ പോക്കായിരിക്കുമെന്ന് കുര്യാച്ചന്‍ പച്ചമലയാളത്തില്‍ യാതൊരു ബിംബകല്‍പനയുടെയും സഹായമില്ലാതെ എഴുതിവച്ചിരിക്കുകയാണ്. അതേ സമയം, തനിക്ക് ആരോഗ്യം കുറവാണ് എന്നു കരുതിയിരുന്ന കുര്യാച്ചന്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു വ്യക്തമാക്കുകയാണ് ഈ വരികളില്‍. കള്ളടിച്ചു തുളഞ്ഞു തുളഞ്ഞു തീര്‍ന്ന സ്വന്തം കരളിനെയാണ് കുര്യാച്ചന്‍ ഇവിടെ കട്ട എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. കരള്‍ ഇനി ഒട്ടും അവശേഷിക്കുന്നില്ലാത്ത സാഹചര്യത്തില്‍ ഈ ലോകത്തു നിന്നു തന്നെ മാറിയേക്കാം എന്നു വളരെ കൂളായി രണ്ടുവരികള്‍ക്കിടയിലെ ആശയക്കുഴപ്പത്തിനിടയില്‍ നിസ്സാരമായി തീരുമാനിച്ചുകളഞ്ഞു കുര്യാച്ചന്‍. അതനുസരിച്ച് പിറ്റേന്ന് ചാണകലോഡുമായി പോകുമ്പോള്‍ മരിക്കാന്‍ തീരുമാനിച്ചുറച്ച കുര്യാച്ചന്‍ ഹൈവേയിലേക്കു കട്ട് ചെയ്തു കയറുന്ന സമയത്ത് നേരേ പാണ്ടിലോറിയുടെ അടിയില്‍ ചെന്നു കയറുകയായിരുന്നല്ലോ.
ഇത്തരത്തില്‍ ഏകദേശം 25,000 കവിതകളാണ് കുര്യാച്ചന്റെ ഡയറികളില്‍ നിന്നു കണ്ടെടുത്തിട്ടുള്ളത്. മരിച്ചു പോയ കുര്യാച്ചന്‍ ഇനി തിരിച്ചു വരാന്‍ സാധ്യതയില്ലാത്തതുകൊണ്ടും ഇതൊന്നും കുര്യാച്ചനെന്നല്ല ഏതു പിശാചെഴുതിയതാണെന്നു പറഞ്ഞാലും കവിതയാണെന്നു സമ്മതിച്ചു തരാന്‍ പറ്റില്ലെന്നു കുര്യാച്ചന്റെ ഭാര്യ പറഞ്ഞിരിക്കുന്നതിനാലും ഈ ഡയറികള്‍ സ്വന്തമാക്കി 12 വാള്യമായി പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലാണ് ഞങ്ങള്‍. 12 വാള്യത്തിനും കൂടി 15999 രൂപയാണ് വില ഇട്ടിരിക്കുന്നനെങ്കിലും 299 രൂപ പ്രീപബ്ളിക്കേഷന്‍ വിലയ്ക്ക് പതിനഞ്ചാം തീയതി വരെ ബുക്ക് ചെയ്യാം. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങുന്നതോടെ പ്രീ പബ്ളിക്കേഷന്‍ വലി ഇരട്ടിയാക്കുമെന്നതിനാല്‍ ആവശ്യമുള്ളവര്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യുക. വേഗമാകട്ടെ, സ്റ്റോക് പരിമിതം.

