ഓസ്കര്‍ ദേവസ്സിക്കുട്ടി
കാട്ടുപൂഞ്ചോലയില്‍ കുളിക്കുന്ന ദേശാടനപക്ഷികളുടെ ചിത്രം തന്റെ കൊഡാക് കെബി 10 ഓട്ടോഫോക്കസ് ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ തന്നെ ദേവസ്സിക്കുട്ടിയോട് കൂട്ടുകാരന്‍ പോളച്ചന്‍ പറഞ്ഞിരുന്നു ഒരിക്കല്‍ നിനക്കൊരു ഓസ്കാര്‍ കിട്ടുമെന്ന്. പിന്നെ, ദേവസ്സിക്കുട്ടി ക്യാമറ മാറി, ലൊക്കേഷനുകള്‍ മാറി, അനേകം അനേകം ദേശാടനപ്പക്ഷികളുടെ ചിത്രം നിരവധി ക്യാമറകളിലായി പകര്‍ത്തി. ആ ജീവന്‍തുടിക്കുന്ന ചിത്രങ്ങളിലേക്കു നോക്കി ഈ പടമെടുത്തവനെ സമ്മതിക്കണം എന്ന് ലോകത്തെവിടെയൊക്കെയോ നിന്ന് ആരൊക്കെയോ പറയുമ്പോള്‍ അതൊന്നും ദേവസ്സിക്കുട്ടി അറിഞ്ഞിരുന്നില്ല. നല്ല പടങ്ങള്‍ എടുക്കുക എന്നതു മാത്രമാണ് തന്റെ നിയോഗം എന്നു വിശ്വസിച്ച ദേവസ്സിക്കുട്ടി ജോലി തുടര്‍ന്നു കൊണ്ടിരുന്നു.
കാലം കടന്നുപോയി. ദേവസ്സിക്കുട്ടി സ്റ്റില്‍ ക്യാമറയില്‍ നിന്ന് മൂവീ ക്യാമറയിലേക്കു മാറി. ദേശാടനപക്ഷികളില്‍ നിന്ന് ഫോറിന്‍ മോഡലുകളിലേക്കു മാറി. അപ്പോഴും ദേവസ്സിക്കുട്ടി ആരെന്നറിയാതെ ദേവസ്സിക്കുട്ടിയുടെ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദേശികളും സ്വദേശികളും അടക്കം എല്ലാവരും കയ്യടിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. അങ്ങനെ തീര്‍ത്തും അപ്രതീക്ഷിതമായി ദേവസ്സിക്കുട്ടിയുടെ കഠിനമായ ക്യാമറക്കണ്ണില്‍ നിന്നു പുറത്തേക്കു പോയ ഒരു ഇംഗീഷ് സിനിമയ്ക്ക് ഓസ്കര്‍ അവാര്‍ഡ് കിട്ടി. ഒന്നല്ല, ഒമ്പതെണ്ണം. കൂട്ടത്തില്‍ ദേവസ്സിക്കുട്ടിക്കും കിട്ടി ഒരെണ്ണം. മഹത്തായ ഓസ്കര്‍ കിട്ടിയ ദേവസ്സിക്കുട്ടി രാജ്യത്തിന്റെ അഭിമാനമായി, ചരിത്രത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിലേക്കു ചേക്കേറി.
അവിടെയാണ് യഥാര്‍ത്ഥ കഥകളുടെ തുടക്കം. ദേവസ്സിക്കുട്ടിക്ക് ഓസ്കര്‍ കിട്ടിയത് ലോകം ആഘോഷിച്ചു, രാജ്യവും സംസ്ഥാനവും ആഘോഷിച്ചു. എന്തിന് പഞ്ചായത്തും വാര്‍ഡും, കുടുംബകൂട്ടായ്മായോഗങ്ങളും 25 വര്‍ഷമായി പറമ്പിന്റെ അതിരില്‍ നില്‍ക്കുന്ന പ്ളാവിന്റെ അവകാശത്തര്‍ക്കം കാരണം മിണ്ടുക പോലും ചെയ്യാതിരുന്ന സ്വന്തം സഹോദരന്‍ പോലും ആഘോഷിച്ചു. പ്ളാവ് ചേട്ടന്‍ ദേവസ്സിക്കുട്ടിക്ക് നിരുപാധികം വിട്ടുകൊടുത്തു. അതവനെടുത്തോട്ടെ, അവന് ഓസ്കര്‍ കിട്ടിയതല്ലേ, ഇനി നമ്മുടെ നല്ലകാലം തുടങ്ങും.
ഇടവകവികാരി ദേവസ്സിക്കുട്ടിക്ക് വളരെ വിശദമായ ഒരു കത്തെഴുതി. മിശിഹായില്‍ പ്രിയമുള്ള ദേവസ്സിക്കുട്ടീ, നമ്മുടെ ഇടവകയിലെ വിശ്വാസികള്‍ക്ക് ഞായറാഴ്ച നേര്‍ച്ച ഇടുന്നതിനായിട്ട് നമുക്കൊരു സ്വര്‍ണനേര്‍ച്ചപ്പെട്ടിയില്ല. ആളുകള്‍ ഭണ്ഡാരക്കുറ്റിയിലും മറ്റുമാണ് ഇപ്പോള്‍ നേര്‍ച്ച ഇട്ടുവിഷമിക്കുന്നത്. അതുകൊണ്ട് 100 പവന്റെ ഒരു സ്വര്‍ണനേര്‍ച്ചപ്പെട്ടി തന്നെ ദേവസ്സിക്കുട്ടി പള്ളിക്കു സംഭാവന ചെയ്യണം എന്നു ഞാന്‍ വാല്‍സല്യപൂര്‍വം നിര്‍ബന്ധിക്കുന്നു. കര്‍ത്താവിന്റെ കൃപാകടാക്ഷവും നമ്മുടെ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ നിരന്തരമായ ഇടപെടലുമാണ് ദേവസ്സിക്കുട്ടിക്ക് ഈ സൌഭാഗ്യം നേടിത്തന്നത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓസ്കര്‍ വാങ്ങി വന്ന ശേഷം കാശ് വെറുതെ കളയാതെ പള്ളിക്കുള്ളത് ആദ്യം പള്ളിക്കു തന്നെ കൊടുത്ത് കടം ഒഴിവാക്കുമല്ലോ. ഒപ്പ്, കുരിശ്.
അവാര്‍ഡ് വാങ്ങിയ ദേവസ്സിക്കുട്ടിയുടെ വീടും നാടും സന്ദര്‍ശിക്കാനെത്തിയ വിദേശ സ്വദേശ ചാനലുകാരോടും അച്ചന്‍ ദേവസ്സിക്കുട്ടീസിന്റെ അപദാന്‍സ് വര്‍ണിച്ചു. -കഴിഞ്ഞതിന്റെ മുന്‍പിലത്തെ ഇടവകപ്പെരുന്നാളിന് വിഡിയോ എടുത്തത് നമ്മുടെ ദേവസ്സിക്കുട്ടിയായിരുന്നു. അന്ന് ആ വീഡിയോ എഡിറ്റ് ചെയ്യാനേല്‍പിച്ച വിഡിയോ ഷോപ്പുകാരന്‍ ഒരു ദിവസം രാത്രി എന്നെ വിളിച്ചു പൊട്ടിക്കരഞ്ഞു. ഞാന്‍ അയാളോട് ചോദിച്ചു- കുഞ്ഞാടേ എന്താണ് പ്രശ്നം ? അപ്പോള്‍ വിഡിയോ ഷോപ്പുകാരന്‍ പറഞ്ഞു – അച്ചോ എനിക്കാ വിഡിയോ എഡിറ്റ് ചെയ്യാന്‍ പറ്റില്ല. ഞാന്‍ ചോദിച്ചു- എന്താണ് പ്രശ്നം ? ദേവസ്സിക്കുട്ടി അത് മനോഹരമായി എടുത്തിട്ടുണ്ടല്ലോ. പ്രെയ്സ് ദി ലോര്‍ഡ്.. അപ്പോള്‍ ആ വിഡിയോ ഷോപ്പുകാരന്‍ എന്നോടു പറയുകയാണ്- അച്ചോ അതു തന്നെയാണ് പ്രശ്നം, അതില്‍ എല്ലാം നല്ല ഷോട്ടുകളാണ്. എഡിറ്റ് ചെയ്തു കളയാന്‍ ഒരു കുഞ്ഞുഷോട്ടുപോലുമില്ല എന്ന്.. അന്നു തന്നെ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടതാണ് ഈ വര്‍ഷത്തെ ഓസ്കര്‍ ദേവസ്സിക്കുട്ടിക്കായിരിക്കുമെന്ന്..
ചെറുപ്പത്തില്‍ ദേശാടനപക്ഷികളെത്തേടി പറമ്പില്‍ കയറുമായിരുന്ന ദേവസ്സിക്കുട്ടിയെ കല്ലെറിഞ്ഞോടിച്ചിരുന്ന പ്ളാന്റര്‍ വക്കച്ചനും ദേവസിക്കുട്ടിയെ സ്മരിച്ചു- അന്ന് അവന് 11, 12 വയസ്സു പ്രായം. ഒരു കുഞ്ഞു ക്യാമറയുമായി എന്റെ പറമ്പിലേക്കു കയറാന്‍ മടിച്ച് നില്‍ക്കുമായിരുന്ന ദേവസ്സിക്കുട്ടിയെ ഞാന്‍ കൈപിടിച്ച് എന്റെ പറമ്പിലെ മനോഹരമായ കാഴ്ചകളിലേക്കു നയിച്ചിട്ടുണ്ട്. കൊച്ചുപക്ഷികളെ ക്യാമറയില്‍ പകര്‍ത്തിയെടുത്തുകൊണ്ടിരുന്ന ആ കുഞ്ഞുദേവസ്സിയെ ഞാന്‍ മണിക്കൂറുകളോളം നോക്കിനില്‍ക്കാറുണ്ടായിരുന്നു… അന്നു തന്നെ ഞാന്‍ നമ്മുടെ വെട്ടുകാരന്‍ അവിരാച്ചന്റെ ഭാര്യ ഏലിയാമ്മയോട് പറയാറുണ്ടായിരുന്നു ദേവസ്സിക്കുട്ടിക്ക് ഒരിക്കല്‍ ഓസ്കര്‍ കിട്ടുമെന്ന്.. (വിതുമ്പലോടെ) വര്‍ഷം കുറെ കഴിഞ്ഞെങ്കിലും എന്റെ കാത്തിരിപ്പിനൊരര്‍ത്ഥമുണ്ടായല്ലോ.. മതി.. തൃപ്തിയായി..
അങ്ങനെ ദേവസ്സിക്കുട്ടി വളര്‍ന്നു, വാക്കുകളില്‍ വരകളില്‍ വര്‍ണങ്ങളില്‍. ഓരോ ദിവസവും നാട്ടില്‍ നിന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായാഭ്യര്‍ത്ഥനകളടങ്ങിയ കത്തുകള്‍ ദേവസ്സിക്കുട്ടിക്ക് ലഭിച്ചുകൊണ്ടിരുന്നു. വീടു വയ്ക്കാന്‍ സഹായം, മകളെ കെട്ടിക്കാന്‍ സഹായം തുടങ്ങി പഞ്ചായതത്തിലേക്ക് ദേവസ്സിക്കുട്ടി ഫണ്ട് എന്ന പേരില്‍ കുട്ടികള്‍ക്ക് സൌജന്യമായി ക്യാമറ വാങ്ങിക്കൊടുത്ത് രാജ്യത്തിനു കൂടുതല്‍ ദേവസ്സിക്കുട്ടിമാരെ സംഭാവന ചെയ്യാനുള്ള ഉദ്യമത്തിന് വരെ സഹായാഭ്യര്‍ത്ഥനകള്‍ വന്നു. സ്വന്തമായി ഒരു ക്യാമറ വാങ്ങാന്‍ വേണ്ടി എടുത്ത ലോണടയ്ക്കാനാവാതെ വിഷമിക്കുകയായിരുന്ന ദേവസ്സിക്കുട്ടിയെ വിറച്ചു. പലരും യഹായധനം നേരിട്ടു വാങ്ങാനായി ദേവസ്സിക്കുട്ടിയുടെ വീട്ടിലേക്ക് നേരിട്ടെത്തിത്തുടങ്ങി.
ഒടുവില്‍ ദേവസ്സിക്കുട്ടി എല്ലാവരോടുമായി പറഞ്ഞു.- ഈ ഓസ്കര്‍ എന്നു പറയുന്നത് ഒരു അവാര്‍ഡ് മാത്രമാണ്.. ആ പേരും പ്രശസ്തിയും മാത്രമാണ് ബാക്കി. അല്ലാതെ അതിന്റെ കൂടെ അഞ്ചു പൈസ പോലും അവന്‍മാര്‍ തരില്ല..പോരെങ്കില്‍ അവാര്‍ഡ് കിട്ടി നാലു മാസമായിട്ട് സ്വീകരണവും ഉദ്ഘാടനവുമല്ലാതെ ഇതുവരെ ക്യാമറ കൈ കൊണ്ട് തൊടാന്‍ എനിക്കു പറ്റിയിട്ടില്ല.. ചെല്ലുന്നിടത്തു നിന്നു കിട്ടുന്നത് പൊന്നാടയും കിണ്ടിയും നിലവിളക്കുമൊക്കെ. സത്യത്തില്‍ എന്റെ കുടുംബം പട്ടിണിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്..
ദേവസ്സിക്കുട്ടി മനസ്സുരുകി പറഞ്ഞ സത്യങ്ങള്‍ ആരും വിശ്വസിച്ചില്ല. പണം കൊടുക്കാന്‍ കഴിയാതെ ഓരോ കള്ളം പറയുകയാണെന്ന് എല്ലാവരും വിശ്വസിച്ചു. പ്ളാവ് വെറുതെ കൊടുത്ത ചേട്ടന്‍ ദേവസ്സിക്കുട്ടിയുടെ പറമ്പില്‍ കയറി ഒരു തേക്ക് കൂടി വെട്ടിയെടുത്തു. വികാരിയച്ചന്‍ ഇടപെട്ട് ദേവസ്സിക്കുട്ടിയെ സഭാവിരോധിയായി പ്രഖ്യാപിച്ചു. ഒടുവില്‍ പട്ടിണി മാറ്റാന്‍ വഴിയില്ലാതെ ഓസ്കര്‍ ശില്‍പം ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ദേവസ്സിക്കുട്ടി തട്ടാന്‍ ഗോവിന്ദന്റെ അടുക്കല്‍ ചെന്നു. ശില്‍പം വാങ്ങി കല്ലില്‍ നാലുര ഉരച്ചിട്ട് ഗോവിന്ദന്‍ ദേവസ്സിക്കുട്ടിയെ രൂക്ഷമായി നോക്കി. എന്നിട്ടത് റോഡിലേക്കു വലിച്ചെറിഞ്ഞിട്ടു പറഞ്ഞു- സ്വര്‍ണവും ചെമ്പും കണ്ടാല്‍ തിരിച്ചറിയാവുന്നവനാണ് തട്ടാന്‍.. അടിച്ചു പല്ലു ഞാന്‍ പറിക്കും തെണ്ടീ !
നിരാശനായി തന്റെ ശില്‍പത്തിനരികിലേക്കു നടന്നടുക്കുമ്പോഴേക്കും പുതിയ കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ അടുത്തുള്ള ചേരിയില്‍ നിന്നു രണ്ടു കുട്ടികള്‍ ഓടി വന്ന് ആ ശില്‍പം കൈക്കലാക്കിയിരുന്നു. കുട്ടികളുടെ സന്തോഷം കണ്ടപ്പോള്‍ അതു തിരികെ ചോദിക്കാന്‍ ദേവസ്സിക്കുട്ടിക്കും തോന്നിയില്ല. കുട്ടികള്‍ അതുകൊണ്ടുപോയി ചേരിയിലെ പട്ടികളെ പൂട്ടിയിട്ടിരിക്കുന്ന കൂട്ടിലേക്ക് വലിച്ചെറിഞ്ഞു. തിളക്കമുള്ള ആ ശില്‍പത്തിനായി ആ പട്ടികള്‍ കടിപിടി കൂടുന്നത് കണ്ട് അവര്‍ കൈകൊട്ടിച്ചിരിച്ചു.










