കന്യാസ്ത്രീയുടെ വിപ്ളവം; ബുദ്ധിജീവികളുടെ ലൈംഗികസഹായം
പുസ്തകം ഇറങ്ങി മാസം ഒന്നു തികയും മുമ്പേ മൂന്നാം പതിപ്പിലേക്കു നീങ്ങുക എന്നൊക്കെ പറഞ്ഞാല്‍ കേരളത്തില്‍ അങ്ങനെ വിറ്റുപോകണമെങ്കില്‍ അത് ഘോരവിവാദമായിരിക്കണം. മോണിക്ക ലെവിന്‍സ്കിയുടെ കുമ്പസാരവും നളിനി ജമീലയുടെ വേശ്യാജീവിതകഥയുമൊക്കെ ഇങ്ങനെ വിറ്റുപോവുകയും വായിക്കപ്പെടുകയും ചെയ്തിട്ടുള്ളവയാണ്. ഇപ്പോള്‍ സഭാവസ്ത്രം ഉപേക്ഷിച്ച് സഭയെ പുനരുദ്ധരിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് കേരളത്തിലെ സാംസ്കാരികനേതൃനിരയിലേക്കു കടന്നു വന്നിരിക്കുന്ന തൃശൂര്‍ സെന്റ് മേരീസ് കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍ എന്ന പുസ്തകവും തുണ്ടു പുസ്തകം പോലെ വില്‍ക്കപ്പെടുന്നു. ഡിസി പുറത്തിറക്കിയിരിക്കുന്ന പുസ്തകം കത്തോലിക്കാസഭയുടെ പുനരുദ്ധാരണത്തിനു കാരണമാകട്ടെയെന്നും കാലക്രമേണ ഒരു ചെറുകിട ബൈബിളായി മാറട്ടെയെന്നും നമുക്ക് പ്രാര്‍ഥിക്കാം.
പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ഒരക്ഷരം ഞാന്‍ പറയില്ല. അത് പറഞ്ഞാല്‍ ചിലപ്പോള്‍ പുസ്തകത്തിന്റെ വില്‍പനയെ ബാധിക്കും. സിനിമയുടെ ക്ളൈമാക്സ് അത് കാണാത്തവരോട് പറയരുതെന്നാണല്ലോ. ഇന്ന് സിനിമാനടി, ഗള്‍ഫുകാരന്റെ ഭാര്യ എന്നൊക്കെയുള്ള വാക്കുകളെക്കാള്‍ ആളുകള്‍ക്ക് ഉത്തേജനം പകരുന്നത് കന്യാസ്ത്രീ എന്ന പദമാണ്. കത്തോലിക്കാ സഭയുടെ അകത്തളങ്ങളില്‍ സഭാവസ്ത്രത്തിന്റെ നിഴലിനുള്ളില്‍ കഴിയുന്ന നിര്‍ദ്ദോഷജീവികളുടെ ലൈംഗികപ്രഖ്യാപനങ്ങള്‍ ആരെയാണ് ഹരം കൊള്ളിക്കാത്തത്. ആമേനിലും അത്തരം അനേകം അനേകം സംഭവങ്ങളുണ്ട്. ഏറ്റവും പ്രധാനം സിസ്റ്റര്‍ ജെസ്മിയും ഒരു വൈദികനും ചേര്‍ന്നുള്ള ബാംഗൂര്‍ യാത്രയാണ്. അത് വായിച്ചവരുടെ നിശ്വാസങ്ങള്‍ ഈ പോസ്റ്റിനെ വേട്ടയാടാതിരിക്കട്ടെ, ആമേന്‍ !
സിസ്റ്റര്‍ ജെസ്മിക്ക് ബുദ്ധിജീവികളും മാധ്യമങ്ങളും വന്‍വരവേല്‍പു നല്‍കിയപ്പോള്‍ കത്തോലിക്കാസഭയും ദൃഢവിശ്വാസികളും അര്‍ത്ഥസമ്പുഷ്ടമായ മൌനത്തിലാണ്. സഭയെ സംബന്ധിച്ചാണെങ്കില്‍ ഇതു കുറെ കണ്ടതിന്റെ പാരമ്പര്യം കൂടെയുണ്ട്. ജെസ്മിയല്ല, ജെസ്മിയുടെ അമ്മൂമ്മ വന്നാലും കാതലായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോകുന്നില്ലെന്ന് ജെസ്മിക്കും അറിയാം, സഭയ്ക്കും അറിയാം വിശ്വാസികള്‍ക്കും അറിയാം. സഭയില്‍ ഇപ്പോള്‍ യേശുക്രിസ്തുവില്ലെന്നും ഏറെക്കുറെ ജെസ്മി സഭ വിട്ട സമയത്തു തന്നെ അദ്ദേഹവും സഭ വിട്ടുപോയെന്നുമൊക്കെയാണ് ജെസ്മി പറയുന്നത്. എന്നാല്‍, മേലധികാരികള്‍ നിര്‍ബന്ധിത അവധി എടുപ്പിച്ചു എന്ന കാരണത്താല്‍ സഭാവസ്ത്രം ഉപേക്ഷിച്ച ജെസ്മിയുടെ പോരാട്ടം പൊടുന്നനെ സഭയെ ശുദ്ധീകരിക്കുന്നതിനുള്ളതായതില്‍ എല്ലാവര്‍ക്കും അഭിമാനിക്കാം.
അഞ്ച് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പ്രച്ഛന്നവേഷത്തില്‍ ഒരൊളിച്ചോട്ടം, വെള്ളത്താമര, അനുഗ്രഹീത ഞെരിഞ്ഞിലുകള്‍, അലറുന്ന അലകളിലൂടെ സുധീരം, സുരക്ഷിതമായ അഭയസ്ഥാനം എന്നീ അധ്യായങ്ങളിലൂടെ വിശ്വാസിയുടെയും അവിശ്വാസിയുടെയും നെഞ്ചിടിപ്പു കൂട്ടുന്ന സംഭവങ്ങള്‍ ചുരുളഴിയുകയാണ്. കന്യാസ്ത്രീമഠങ്ങളിലെ നിഗൂഢത പുറത്തുള്ളവരെ അറിയിക്കാനാണ് തന്റെ ശ്രമം എന്നാണു ജെസ്മി സിസ്റ്റര്‍ പറയുന്നത്. സഭയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ സഭയ്ക്കുള്ളില്‍ തന്നെയല്ലേ തീര്‍ക്കേണ്ടത്. ഇങ്ങനെ നാട്ടുകാരോടു മുഴുവന്‍ വിളിച്ചുകൂവുകയാണോ വേണ്ടത്, ഉള്ളില്‍ നിന്നു തന്നെ ശുദ്ധീകരിക്കാമായിരുന്നില്ലേ എന്നൊക്കെയാണു ചില വിശ്വാസികള്‍ ജെസ്മിയോടു ചോദിക്കുന്നത്. ഇത്രകാലവും താനതു തന്നെയാണ് ചെയ്തുകൊണ്ടിരുന്നതെന്നും അപ്പോള്‍ അധികാരികള്‍ തനിക്കു ഭ്രാന്തുമാറുന്നതിനുള്ള മരുന്നു നല്‍കുകയാണ് ചെയ്തതെന്നും പറയുന്ന ജെസ്മി തന്റെ നേര്‍ക്ക് നീട്ടിയ മനോരോഗത്തിനുള്ള മരുന്ന് ഇനിയൊരാള്‍ക്കു നീട്ടുന്നതിനു മുമ്പ് ഈ പുസ്തകം അവരെ ചിന്തിപ്പിക്കുമെന്നു പ്രത്യാശിക്കുന്നു. സഭയും സഭയുടെ തിരഞ്ഞെടുക്കപ്പെട്ടവരും തമ്മിലുള്ള ആശയസംഘട്ടനത്തില്‍ വിജാതീയനായ ഞാനെന്തു പറയാന്‍ ?
പക്ഷെ, മഠംചാടിയെത്തിയ കന്യാസ്ത്രീക്ക് അകത്തു നേരിട്ടതിനെക്കാള്‍ ഭീകരമായ അനുഭവങ്ങള്‍ പുറത്തു നേരിടേണ്ടി വരുമോ എന്നതേ ഇനി കണ്ടറിയാനുള്ളൂ. ബുദ്ധിജീവിയും സാംസ്കാരികപ്രവര്‍ത്തകയുമായാല്‍ സ്വാതന്ത്യ്രമായി എന്നു കരുതാനിടയുള്ള കന്യാസ്ത്രീക്ക് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ബുദ്ധിജീവികള്‍ ലൈംഗികസഹായം അറിയിച്ചിട്ടുണ്ട് എന്നതാണ് എന്നെ ആകാംക്ഷാഭരിതനാക്കുന്ന സംഗതി. ദൈവസഹായം, സാമ്പത്തികസഹായം, ബൌദ്ധികസഹായം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ലൈംഗികസഹായം എന്നൊരു സംഗതിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്. കേരളത്തിലെ അറിയപ്പെടുന്ന ചില അവാര്‍ഡ് ജേതാക്കള്‍ തന്നെ വിളിച്ച് പച്ചയായ ഭാഷയില്‍ തന്നെ ലൈംഗികസഹായം വാഗ്ദാനം ചെയ്തു എന്ന് പറയുക വഴി തന്റെ ലക്ഷ്യം അതല്ല എന്നു കൂടി വെളിപ്പെടുത്തുകയായിരുന്നു ജെസ്മി.
ഈ പ്രായത്തിലുള്ള സിസ്റ്റര്‍ ജെസ്മിക്ക് ഇതിനുമാത്രം ലൈംഗികസഹായ വാഗ്ദാനം ലഭിക്കുന്നു എങ്കില്‍ ജരാനരബാധിച്ച സാംസ്കാരിക-ബുദ്ധിജീവി നേതൃത്വത്തിന്റെ സഹായം കൊണ്ട് ജീവിച്ചുപോകുന്ന യുവതികളായ സാഹിത്യകാരികളുടെയും ബുദ്ധിജീവികളുടെയും സാംസ്കാരികപ്രവര്‍ത്തകമാരുടെയും വശക്കേടുകളെക്കുറിച്ച് അവര്‍ക്ക് മിനിമം ഒരു ബ്ലോഗെങ്കിലും എഴുതാവുന്നതാണെന്നു തോന്നുന്നു. അങ്ങനെ ആദ്യത്തെ ബ്ലോഗ് തുടങ്ങുന്ന ആള്‍ക്ക് തീര്‍ച്ചയായും ഞാന്‍ സോള്‍മേറ്റ് സഹായങ്ങവ് നല്‍കുന്നതായിരിക്കും. ബ്ലോഗിലൂടെ നമുക്ക് അതൊക്കെയല്ലേ പറ്റൂ.

