സര്‍വരാജ്യ ഹൌസ് വൈഫുകളേ സംഘടിക്കുവിന്‍ !





പുരോഗതി പുരോഗതി എന്നു പറയുന്ന സാധനം അമേരിക്കയുടെ അണ്ഡകടാഹത്തില്‍ നിന്നു ജനിക്കുകയും പിന്നെ അത് കാലക്രമേണ മറ്റു രാജ്യങ്ങളിലേക്കു പ്രവഹിക്കുകയും ഒടുവില്‍ കൂതറകളുടെ ഇന്ത്യയിലും ഏറ്റവും ഒടുവിലായി ഇടുക്കിയിലും വയനാട്ടിലും ഒക്കെ എത്തുകയും ചെയ്യുന്നു എന്നാണ് രാജ്യാന്തര തലത്തില്‍ ബുദ്ധിജീവികള്‍ കരുതുന്നത്. രക്ഷകന്‍ കിഴക്കുദേശത്തു നിന്ന് എന്നു പ്രവാചകന്‍മാര്‍ പറയുന്നതുപോലെ ലേതാണ്ട് ലെവടെ നിന്നും ചില പുരോഗമനവിപ്ളവ ആശയങ്ങള്‍ വന്നാല്‍ അതിനെ കൂതറ എന്നു പറഞ്ഞ് തള്ളിക്കളയരുത്.

ഇപ്പറയുന്ന പുരോഗതിയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വയനാട് ജില്ലയിലാണ്. അമേരിക്കയിലെ ഫെമിനിസ്റ്റുകളുടെ ഉച്ഛിഷ്ടവും അമേധ്യവും പോളിത്തീന്‍ പായ്ക്കില്‍ വരുന്നത് കാത്തിരിക്കുന്നവരെ ഈ നാടന്‍ സംഗതിയിലേക്കു തിരിയൂ. നാളത്തെ ലോകക്രമത്തിന്റെ ഉപ്പും മധുരവും നിങ്ങള്‍ക്കിവിടെ നോക്കാം. വനിതാദിനമായ ഇന്ന് ലോകവനിതയ്ക്ക് ലോക്കല്‍ വനിതയുടെ ഒരു സലാം.

സംഗതി ആശയപ്രസ്ഥാനമാണ്. പണിയെടുക്കുന്ന സ്ത്രീയ്ക്ക് മിനിമം കൂലി എന്നതാണ് ആശയം. ലോകത്ത് പണിയെടുക്കുന്ന പലവിധ സ്ത്രീകളുടെയും ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നിട്ടുണ്ടാവും. ഞങ്ങളിവിടെ മാക്സിമം കൂലി വാങ്ങുന്നു അപ്പോഴാണ് അവന്റെയൊരു മിനിമം കൂലിത്തല്ല്. അത്തരം സ്ത്രീകള്‍ക്കല്ല, കയ്യും കണക്കുമില്ലാതെ വീടിന്റെ അകത്തളങ്ങളില്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്ന വീട്ടമ്മമാരാണ് സംഘടനയുണ്ടാക്കി മിനിമം കൂലി ആവശ്യപ്പെട്ടിരിക്കുന്നത്. കളിയും കയ്യാങ്കളിയും ഉള്‍പ്പെടുന്ന അവരുടെ നിത്യജീവിതപ്രക്രിയകള്‍ക്കാണ് വേതനം ആവശ്യപ്പെടുന്നത്. എന്നു വച്ചാല്‍ ഗര്‍ഭധാരണവും പ്രസവവും ഉള്‍പ്പെടെയുള്ള ഏര്‍പ്പാടുകള്‍ക്ക്. അന്ന് ആഗോളവല്‍ക്കരണം വന്നപ്പോഴേ പറഞ്ഞതാ, ഇവിടെ ഇമ്മാതിരി പരിപാടികള്‍ വരെ സ്ഥാപനവല്‍ക്കരിക്കപ്പെടുമെന്ന്. ഇപ്പോ എന്തായി ? എന്നു ചോദിക്കരുത്. സംഘടനയെ സംബന്ധിച്ച വാര്‍ത്ത ദാ കിടക്കുന്നു.-

“വീട്ടമ്മമാര്‍ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങള്‍ക്കു ‘മിനിമം കൂലിയെങ്കിലും” നല്‍കണമെന്ന പ്രധാന ആവശ്യവുമായി വീട്ടമ്മമാരുടെ സംഘടന വയനാട്ടില്‍ പിറന്നു. സംഘടനയുടെ പേരു തീരുമാനിച്ചിട്ടില്ല. നിസ ഡയറക്ടര്‍ വി.പി.സുഹ്റ പ്രഖ്യാപനം നടത്തി. മറ്റു ജില്ലകളിലേക്കു കൂടി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.

വീട്ടമ്മമാരുടെ ‘അവധിയില്ലാത്ത” സേവനങ്ങളെ ആരും മാനിക്കുന്നില്ല. വീട്ടമ്മമാര്‍ വീട്ടില്‍ ജോലി ചെയ്യുന്നതിനാലാണ് പുരുഷന്‍മാര്‍ക്ക് രാജ്യത്തിന്റെ ഉല്‍പാദനപ്രക്രിയയില്‍ ഏര്‍പ്പെടാന്‍ കഴിയുന്നത്. അതിനാല്‍ സ്ത്രീകളുടെ സേവനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കേണ്ടതാണ്. രാഷ്ട്രപുനര്‍നിര്‍മാണത്തിന് നിരന്തര സംഭാവന ചെയ്യുന്ന വീട്ടമ്മമാര്‍ക്കു മിനിമം കൂലിയെന്നത് അര്‍ഹമായ അവകാശം മാത്രമാണെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

വയനാട്ടിലെ വിമന്‍സ് വോയ്സ്, കേരള സ്ത്രീവേദി, വോയ്സ്, വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ജ്വാല, ജീവന, സര്‍വസേവ മണ്ഡലം, നീതിവേദി, സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് സംഘടന രൂപവല്‍കരിക്കുന്നത്. കാലത്ത് കല്‍പറ്റ സിവില്‍സ്റ്റേഷനു സമീപത്തു നിന്ന് പ്രകടനവുമായെത്തിയാണ് സംഘടനയുടെ പ്രഖ്യാപനം നടത്തിയത്. കത്തിച്ച മെഴുകുതിരികള്‍ സാക്ഷിയാക്കി ദൃഢപ്രതിജ്ഞയുമെടുത്തു.”

ഇതൊരു ഒറ്റപ്പെട്ട പ്രസ്ഥാനമാണെന്നോ ഇത് ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ലന്നോ കരുതരുത്. ഇത് വലിയ തരംഗമായി മാറാനുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നുണ്ട്. ഇതുമായി ബന്ധമില്ലെങ്കിലും ന്യൂമാഹിയില്‍ വീട്ടമ്മമാര്‍ ഇന്നു പണിമുടക്കിലാണ്. അടുക്കള ബഹിഷ്കരണമാണ് പരിപാടി. അതെ സംബന്ധിച്ച വാര്‍ത്ത കൂടി ശ്രദ്ധിക്കുക-

“ലോക വനിതാദിനമായ ഇന്ന് വിശ്വകര്‍മ സംഘം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ന്യൂമാഹിയില്‍ വനിതകള്‍ അടുക്കള ബഹിഷ്കരിക്കും. ഭക്ഷണം പാകം ചെയ്യുന്നത് പുരുഷന്മാരായിരിക്കും.പീഡനങ്ങള്‍ അനുഭവിക്കുന്ന വനിതകളോടും കുട്ടികളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് വീട്ടമ്മമാര്‍ അടുക്കളയില്‍ നിന്നു വിട്ടുനില്‍ക്കുക. വിശ്വകര്‍മ സംഘാംഗങ്ങളായ ന്യൂമാഹിയിലെയും മാഹിയിലെയും 340 വീടുകളിലെ സ്ത്രീകളാണ് അടുക്കള ബഹിഷ്കരിക്കുന്നത്.”

സംഗതികളൊന്നും തമാശയല്ല എന്നു മനസ്സിലായല്ലോ. ആഗോള ഹൌസ് വൈഫുകളേ,. ഈ മഹാപ്രസ്ഥാനത്തിന്റെ അലയൊലികള്‍ നിങ്ങളുടെ അടുക്കളകളില്‍ എത്തുന്നില്ലേ. നിങ്ങളും കൂലി ചോദിക്കൂ, ഇന്നു തൊഴില്‍ ബഹിഷ്കരിക്കൂ, ചുമ്മാ അലമ്പായി നടക്കൂ, ആണുങ്ങളെ വെല്ലുവിളിക്കൂ, അങ്ങനെ എന്തെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്യൂ… ഞാനായിട്ടു പറഞ്ഞില്ലെന്നു വേണ്ട.

Related Posts with Thumbnails
blog comments powered by Disqus