പന്നി വക്കച്ചന്റെ അപ്രകാശിത പ്രേമലേഖനം
എന്റെ മറിയാമ്മയ്ക്ക്,
എന്തടിസ്ഥാനത്തിലാണ് എന്റെ മറിയാമ്മ എന്നു പ്രയോഗിച്ചത് എന്നു ചോദിച്ച് ഉടക്കാന്‍ വരരുത്. കാരണം, നിന്നെ മറിയാമ്മേ എന്നു വിളിക്കുന്നത് ലോകത്ത് ഇന്നു ഞാന്‍ മാത്രമാണ്. നാലാം ക്ളാസ്സിലെ നാലാമത്തെ ബഞ്ചിലിരുന്ന് നിന്റെ ഉപ്പാപ്പന്‍ അമേരിക്കയില്‍ നിന്നു കൊണ്ടുവന്ന ഉടുപ്പില്‍ മഷി തെറിപ്പിച്ചുവെന്ന് പറഞ്ഞ് എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന ചേട്ടന്റെ കോംപസ് എന്റെ തുടയില്‍ കുത്തിയിറക്കുമ്പോള്‍ നിന്നെ ഞാന്‍ എന്റെ മറിയാമ്മേ എന്നാണു വിളിച്ചത്. അതിനും എത്രയോ മുമ്പ് നമ്മള്‍ തമ്മില്‍ ആദ്യമായി കാണുന്നതിനും യുഗങ്ങള്‍ മുമ്പ് നീ എന്റെ മറിയാമ്മയായിരുന്നു.
അന്നും ഇന്നും എന്നും നിന്റെ ആ ഉപ്പാപ്പനായിരുന്നു എന്റെ ജീവിതത്തിലെ വില്ലന്‍. കോംപസ് കുത്തിയിറക്കി ചോര ചീറ്റുന്നതു കണ്ടപ്പോള്‍ നീ വാവിട്ടുകരയുന്നത് കണ്ട് എനിക്കല്‍പം ആശ്വാസം തോന്നി. പക്ഷെ അത് നിന്റെ ഉടുപ്പില്‍ എന്റെ ചോര പറ്റിയതുകൊണ്ടാണെന്നറിഞ്ഞപ്പോള്‍ മറിയാമ്മേ ഞാന്‍ തകര്‍ന്നുപോയി. എന്തുകൊണ്ടാണ് മറിയാമ്മേ നീ ഇത്ര ക്രൂരയായത്. പത്താം ക്ളാസ് കഴിഞ്ഞപ്പോള്‍ അവസാനത്തെ പ്രീഡിഗ്രി ബാച്ചില്‍ ഫോര്‍ത്ത് ഗ്രൂപ്പില്‍ ചേരാമെന്നു ഞാന്‍ പറഞ്ഞിട്ടും നീ പോയി സെക്കന്‍ഡ് ഗ്രൂപ്പിനു ചേര്‍ന്നു. എന്നിട്ടും നിനക്കു കുത്തി കുടലെടുക്കാന്‍ എത്രയോ തവളകളെ ഞാന്‍ നിനക്കു പിടിച്ചു തന്നു. ഓരോ തവളയെയും ഭംഗിയായി പൊതിഞ്ഞ് അതിന്റെ പുറത്ത് എന്റെ മറിയാമ്മയ്ക്ക് എന്ന് ഞാന്‍ അര്‍ത്ഥവത്തായി എഴുതിയത് നീ മൈന്‍ഡ് ചെയ്തില്ല.
പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ നഴ്സിങ്ങിനു പോകരുത് പോകരുത് എന്നു കാലുപിടിച്ചു പറഞ്ഞിട്ടും നീ കേട്ടില്ല എന്നു മാത്രമല്ല ഗസറ്റില്‍ പരസ്യം കൊടുത്ത് നിന്റെ പേര് സോന്‍സി എന്നു മാറ്റുകയും ചെയ്തു. മറിയാമ്മേ, ഞാന്‍ തകര്‍ന്നു പോയി. നിന്റെ മുഖത്തുനോക്കി അങ്ങിനെ വിളിക്കാന്‍ ആര്‍ക്കു തോന്നും. മറിയാമ്മ എന്ന പേരിനുള്ള സൌന്ദര്യം സോന്‍സിക്കുണ്ടോ ? നഴ്സിങ് പഠിക്കുന്ന സമയത്ത് നിന്റെ അപ്പന്‍ തന്നുവിട്ട അച്ചാറും പാവയ്ക്ക വറുത്തതുമായി എത്രയോ തവണ ഞാന്‍ ബാംഗൂര്‍ രാജഹംസ ബസില്‍ നിന്നെത്തേടി വന്നു. ആ അച്ചാറൊക്കെ ആന്ധ്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നും വന്ന വകതിരിവില്ലാത്ത എമ്പോക്കികള്‍ക്ക് കള്ളിനു തൊട്ടുനക്കാന്‍ നീ കൊടുത്തു എന്നു കേട്ടപ്പോള്‍ എന്റെ മറിയാമ്മേ ഞാന്‍ പിന്നെയും തകര്‍ന്നു. കഷ്ടപ്പെട്ട് അതുണ്ടാക്കി പായ്ക്ക് ചെയ്ത് തന്നയച്ച നിന്റെ അമ്മനെയും അമ്മയേയും ഓര്‍ക്കേണ്ട. നിനക്കതു തരാന്‍ വേണ്ടി മാത്രം എന്റെ പന്നിഫാം കണ്ട വായില്‍നോക്കികളെ ഏല്‍പിച്ചിട്ട് ബാംഗൂര് വരെ വണ്ടിക്കൂലി മുടക്കി വന്നുകൊണ്ടിരുന്ന എന്നെ നീ ഓര്‍ക്കണമായിരുന്നു.
എല്ലാം കഴിഞ്ഞു. വര്‍ഷങ്ങളോളം നിന്നെ സ്നേഹിച്ച എന്നെ മറന്ന് നീ ജോജിയെ കല്യാണം കഴിച്ചു. നിനക്കു കുട്ടികളായി. എന്നിട്ടും നിന്നെ എന്റെ മറിയാമ്മേ എന്നു വിളിക്കുമ്പോള്‍ എന്റെ കൈ വിറയ്ക്കുന്നു, നെഞ്ചിടിപ്പ് വെറുതെ കൂടുന്നു. നിനക്ക് ഒരാണ്‍കുട്ടി ഉണ്ടാവുമ്പോള്‍ അവന് നീ എന്റെ പേരിടുമെന്ന് ഞാന്‍ വെറുതെ പ്രത്യാശിച്ചു. അതും ഉണ്ടായില്ല. മറിയാമ്മേ നീ പറയൂ. ഇനി ഞാന്‍ എന്തു ചെയ്യണം ? ഈ മുപ്പതാം വയസ്സില്‍ നിന്നെ ഒരുത്തിയെ മാത്രം ഓര്‍ത്തോര്‍ത്ത് ഒരു ജീവിതം ഇല്ലാതാക്കിയ ഞാന്‍ ഇനി എന്തിനു ജീവിക്കണം ? അതുകൊണ്ട് മറിയാമ്മേ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്. ഇനി ഈ ജിവിതം കൊണ്ട് ഒരര്‍ത്ഥവുമില്ല. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്കവെങ്കിലും മറിയാമ്മേ നീയെന്നെ ഓര്‍ത്തിട്ടുണ്ടോ ? ഒരു നിമിഷമെങ്കിലും നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ ? ജോജി നിന്റെ കഴുത്തില്‍ താലി കെട്ടുമ്പോള്‍, ലേബര്‍ റൂമില്‍ രണ്ടിലൊന്നറിയാതെ വേദന തിന്നു കിടക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷം ടൈഫോയ്ഡ് പിടിച്ച് ഐസിയുവില്‍ കിടക്കുമ്പോള്‍ മനസ്സിലൂടെ കടന്നുപോയ മുഖങ്ങളില്‍ എപ്പോഴെങ്കിലും ഞാന്‍ കടന്നുവന്നിട്ടുണ്ടോ ?
ഉണ്ടാവില്ല എന്നെനിക്കറിയാം. ഉണ്ട്, എന്നൊരു മറുപടി തന്നാല്‍ അത് ചിലപ്പോള്‍ എന്നെ ജീവിപ്പിച്ചേക്കും. ഈ വൈകിയ വേളയില്‍ മറിയാമ്മ ഇനി ഒരു പുനരാലോചനയ്ക്കു നില്‍ക്കരുത്. എന്റെ പന്നിഫാമിന് ഞാന്‍ നിന്റെ പേരിട്ടത് മനപൂര്‍വം നിന്നെ അപമാനിക്കാമനായിരുന്നു എന്നു നീ പറഞ്ഞത് കേട്ട് ഞാന്‍ തകര്‍ന്നു തരിപ്പണമായി പോയി മറിയാമ്മേ. എനിക്കാകെ ഈ ഭൂമിയില്‍ ഉള്ള സമ്പാദ്യം ആ പന്നിഫാം ആണ്. അതിന്റെ മുന്നില്‍ മറിയാമ്മ പിഗ്സ് എന്ന ബോര്‍ഡിരിക്കുന്നത് കാണുമ്പോള്‍ മറിയാമ്മേ നീയൊരു വിളക്കും തെളിച്ചു നില്‍ക്കുന്നതായിട്ടാണ് എനിക്കു തോന്നുന്നത്. ആ പേരില്ലെങ്കില്‍ ആ പന്നിഫാമും ഉണ്ടാവില്ല. ഇനിയിപ്പോള്‍ എന്തു പന്നി ഫാം. വില്‍പത്രത്തില്‍ അതു ഞാന്‍ നിന്റെ പേരില്‍ എഴുതിവയ്ക്കുകയാണ് മറിയാമ്മേ. ആകെ 70 പന്നികളാണുള്ളത്. 35-40 എണ്ണത്തിനെയെങ്കിലും മുന്നു മാസത്തിനുള്ളില്‍ വില്‍ക്കാം.
എനിക്കറിയാം ഞാനാത്മഹത്യ ചെയ്തു കഴിഞ്ഞാല്‍ നിനക്കു സന്തോഷമാവുകയേയുള്ളൂ. പന്നിഫാം പേരില്‍ കിട്ടിയാലും നീ സന്തോഷിക്കും. പന്നിഫാം പൊളിച്ച് അവിടെ നീ കെട്ടിയവന്റെ മുതല്‍ മുടക്കില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുമെന്നും എനിക്കറിയാം. ആ ബ്യൂട്ടി പാര്‍ലറിനെങ്കിലും മറിയാമ്മേ നീ എന്റെ പേര് നീ ഇടണം. അങ്ങനെ മറിയാമ്മേ നമ്മള്‍ തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണ്. ഈ അവസാനവേളയില്‍ നിന്നോടൊരു കാര്യം ചോദിക്കാന്‍ ഞാനാഗ്രഹിക്കുന്നു. എന്താണ് നീയും ജോജിയും തമ്മിലുള്ള പ്രശ്നം ? ആത്മഹത്യ ചെയ്യാന്‍ പോകുന്ന എന്നോട് എല്ലാം തുറന്നു പറയാന്‍ നീ പേടിക്കേണ്ട. നിന്റെ രഹസ്യവുമായി ഞാന്‍ നിനക്കൊരു ഭീഷണിയാവില്ലെന്നുറപ്പാണല്ലോ.
ജോജി കള്ളു കുടിക്കാറുണ്ടെന്നും വേറെ ചില പെണ്ണുങ്ങളോട് ഇടപാടുകളുണ്ടെന്നും ഞാന്‍ കേട്ടു. ഇതിനിടയ്ക്ക് നീ അത്മഹത്യക്കു ശ്രമിച്ചെന്നും അതു കഴിഞ്ഞാണ് 2 മാസം നീ ഒറ്റയ്ക്കു വന്ന് നാട്ടില്‍ നിന്നിട്ട് ഇപ്പോള്‍ തിരിച്ചുപോയതെന്നുമൊക്കെ നാട്ടുകാര്‍ പറയുന്നു. മറിയാമ്മേ, പറയൂ, എന്താണ് പ്രശ്നം ? നിങ്ങള്‍ ഡ്രൈവാഷിന്റെ വക്കിലാണെന്നു കേള്‍ക്കുന്നത് സത്യമാണോ ? ആണെങ്കില്‍ എനിക്കു സഹിക്കാന്‍ പറ്റില്ല മറിയാമ്മേ. ഞാനിപ്പോള്‍ മരിക്കാന്‍ പോലും തീരുമാനിച്ചത് നിനക്കു സന്തോഷമാകട്ടെ, നിന്റെ സന്തോഷം കളിയാടുന്ന ജീവിതത്തില്‍ ഞാനൊരു ദുശ്ശകുനമായി മാറാതിരിക്കട്ടെ എന്നോര്‍ത്താണ്. പക്ഷെ, നിന്റെ ജീവിതത്തില്‍ സന്തോഷം കളിയാടുന്നില്ലെങ്കില്‍ അതു കളിയാടിച്ചിട്ടേ ഞാന്‍ മരിക്കൂ.
ആത്മഹത്യ ചെയ്യാനിരിക്കുന്ന എനിക്ക് മറ്റൊന്നും നോക്കാനില്ല എന്നു നിനക്കറിയാമല്ലോ. ജോജിയുടെ ഡ്രൈവാഷ് നോട്ടീസിനു മുമ്പ് മറിയാമ്മേ നീ അങ്ങോട്ടൊരു ഡ്രൈവാഷ് നോട്ടീസയക്കണം. എനിക്കറിയാം ഈ പ്രായത്തില്‍ ഡ്രൈവാഷ് വാങ്ങിയാല്‍ പിന്നെയുള്ള ജീവിതം എന്താവുമെന്നോര്‍ത്ത് നീ നരകിക്കുകയാണെന്ന്. മറിയാമ്മേ, നീ പേടിക്കേണ്ട, ഏതായാലും ഞാന്‍ മരിക്കാന്‍ തീരുമാനിച്ചതാണ്, എഃിക്കിനിയൊന്നും നോക്കാനില്ല. നീ ഡ്രൈവാഷ് വാങ്ങി വരൂ, ഒരാഴ്ചക്കകം നിന്റെ കഴുത്തില്‍ ഒരു താലികെട്ടി നമുക്ക് ജോജിയെ ഞെട്ടിക്കാം. നിനക്കു വേണ്ടി എന്റെ ആത്മഹത്യ പോലും മാറ്റി വയ്ക്കുകയാണ് ഞാന്‍. ഇനി ഇതിന്റെ രണ്ടിലൊന്നറിഞ്ഞിട്ടേ അടുത്ത പരിപാടിയുള്ളൂ. എന്തായാലും ഞാന്‍ മുന്നോട്ടു നീങ്ങുകയാണ്. നീ എന്നത്തേക്കു നാട്ടില്‍ വരും, വിവാഹം റജിസ്റ്റര്‍ ഓഫിസില്‍ വച്ചു പോരേ തുടങ്ങിയ സംഗതികള്‍ വളരെ പെട്ടെന്നു തീരുമാനിക്കണം.
എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായ ഉത്തരം നല്‍കുമെന്ന വിശ്വാസത്തോടെ തല്‍ക്കാലം ആത്മഹത്യാ ഉദ്യമത്തില്‍ നിന്നു ഞാന്‍ പിന്തിരിയുന്നു. ഇനി ഈ ജീവിതം എന്റെ മറിയാമ്മയ്ക്കു വേണ്ടി മാത്രം.
സ്വന്തം,
പന്നി വക്കച്ചന്‍
മറിയാമ്മ പിഗ്സ്
കാഞ്ഞിരപ്പള്ളി.










