ദി സീരിയസ് കേസ് ഓഫ് ഗോര്‍ബച്ചേവ് – ബക്കറ്റ് (ലവാര്‍ഡ് സില്‍മ)

ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുനന്നവരോ സ്മരിച്ചുപോയവരോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ ഒറ്റക്കുഞ്ഞിനോട് മിണ്ടിയേക്കരുത്. സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ…

വിജനമായ ഫോറസ്റ്റിലൂടെ അകത്തേക്ക് അകത്തേക്ക് കയറിപ്പോകുന്ന ജെസിബി. ഡ്രൈവര്‍ സീറ്റില്‍ സിസി അടഞ്ഞ പ്രായത്തിലുള്ള ഒരപ്പൂപ്പന്‍. ക്ളീനറായ പയ്യന്‍ ചവിട്ടുപടിയില്‍ നില്‍ക്കുന്നു. അപ്പൂപ്പ്സ് വൈല്‍ഡ് ഡ്രൈവിങ്ങാണ്. പോകുന്ന വഴിയില്‍ കാണുന്ന സംഗതികളൊക്കെ ജെസിബീടെ സാമാനം കൊണ്ട് അടിച്ച് ലെവലാക്കുന്നുണ്ട്. അന്ന്യനെപ്പോലെ മുടി മുഖത്തേക്ക് വീഴ്ത്തിയിട്ടിരിക്കുന്നതിനാല്‍ മുഖം കാണത്തില്ല. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ ജെസിബിയുടെ ടയര്‍ പഞ്ചേഴ്സ് ആയി. ശൂ എന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു. ക്ളീനര്‍ ഒരു ബക്കറ്റുമായി ഇറങ്ങി..

അപ്പൂപ്പ്സ് മുരണ്ടു – ആ ബക്കറ്റ്..
അതെ.. നീല ബക്കറ്റ് !- പയ്യന്‍ പ്രതിവചിച്ചു.
എന്താണ് അതില്‍ ?
ടൂള്‍സ്.. സ്പാനര്‍, കൊടില്‍, സ്ക്രൂ ഡ്രൈവര്‍..
ഞാനുള്ളപ്പോള്‍ എന്തിനാണ് വേറെ ഡ്രൈവര്‍ ?
അല്ല, ഇത് സ്ക്രൂ ഡ്രൈവറാണ്..
ഓ! ഞാന്‍ കരുതി ബക്കറ്റില്‍ വെള്ളമായിരിക്കുമെന്ന്..
വെള്ളമോ ? ബക്കറ്റിലോ ?
അതെ പണ്ട് ആളുകള്‍ ബക്കറ്റില്‍ വെള്ളം കോരുമായിരുന്നു.. നല്ല കടല്‍വെള്ളം..
എന്നിട്ട് ? ഇപ്പോള്‍ ആ കടലുകളെവിടെ ? ആ വെള്ളമെവിടെ ?
അവന്‍ വറ്റിച്ചു..
വറ്റിച്ചോ ? എന്തിന് ?
ബക്കറ്റിനുള്ളിലേക്കു നോക്കിയപ്പോള്‍ കടലിലെ തിരകളെക്കാള്‍ തീവ്രമാണെന്നു കണ്ട് ഭയന്നിട്ട്
ആരാണവന്‍ ?
ഗോര്‍ബച്ചേവ്
കൊപ്രച്ചേവോ ?
അല്ല ഗോര്‍ബച്ചേവ്..
ഏതു ഗോര്‍ബച്ചേവ് ?
ഏതൊക്കെ ഗോര്‍ബച്ചേവുമാരെ നീയറിയും ?
സോറി, ഈ തിരക്കഥ ശ്രീനിവാസന്റെയല്ല..
ശരി എങ്കില്‍ നീ കേട്ടോളൂ, ചരിത്രം കാലത്തോടു പറഞ്ഞ കഥകള്‍..
അതിനു കാവാലം കഥാകൃത്താണോ നാടകകൃത്തല്ലേ ?
കാവാലമല്ലെടാ പൊട്ടന്‍കുണാപ്പാ.. കാലം.. ദി പീരിഡ്സ് !

അങ്ങനെ അപ്പൂപ്പ്സ്് പയ്യനായ ക്ളീനറോട് കഥ പറഞ്ഞു തുടങ്ങി. ഫ്ലാഷ് ബാക്ക്-
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കേരളയാത്രക്കാലം. അന്ന് യാത്ര കാസര്‍കോട്ടുനിന്നു തുടങ്ങി മാരാരിക്കുളത്തെത്തിയപ്പോള്‍ ജാഥാ ക്യാപ്റ്റനെ നയിച്ചുകൊണ്ട് ഒരു തിളക്കമുള്ള നക്ഷത്രം ആകാശത്തു തെളിഞ്ഞു. ക്യാപ്റ്റന്‍ ഒരു അരിവാളും ചുറ്റികയും ക്രോസായി ആകാശത്തുപിടിച്ചു നോക്കി. സ്റ്റാറിന്റെ വലിപ്പം കൃത്യം. ബീഡിയുണ്ടോ ? എന്ന ചോദ്യത്തിന് ചേട്ടന്‍ ഗള്‍ഫിലാ എന്ന മറുപടി പോലെ കൃത്യമായ കോഡ്. ക്യാപ്റ്റന്‍ പറഞ്ഞു- ഇതാ പ്രസ്ഥാനത്തിനെ രക്ഷിക്കുന്നതിനായി മാനിഫെസ്റ്റോയില്‍ പറയുന്നതുപോലെ നമുക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ക്ക് ആന്റണിയെന്ന പോലെ പ്രസ്ഥാനത്തിന് അവനെ പ്രയോജനപ്പെടും. മറ്റു പ്രവാചകന്‍മാരെപ്പോലെ ഇവനെയും സ്വന്തം നാട്ടില്‍ ആരും അംഗീകരിക്കില്ല. മിമിക്രിക്കാര്‍ ഇവനെ അനുകരിച്ച് അനുകരിച്ച് ഉപജീവനം നടത്തും.

എന്നാല്‍ അന്ന് അവിടെ ജനിച്ച പ്രവാചകക്കുഞ്ഞ് ഒരു കുഞ്ഞായിരുന്നില്ല. കുഞ്ഞിന്റെ ശരീരവും വൃദ്ധന്റെ മനസ്സുമുള്ള ഒരു അപൂര്‍വശിശുവായിരുന്നു. എല്ലാവരും അവനെക്കണ്ട് വിസ്മയിച്ചു. ഇവനാണോ പ്രസ്ഥാനത്തിനു കൊണം വരുത്താന്‍ പോകുന്നവന്‍ എന്നു പരിഹസിച്ചു. എന്നാല്‍ ദിവസം കഴിയും തോറും ആ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് മനസ്സ് ചെറുപ്പമായി ചെറുപ്പമായി വളര്‍ന്നു. ചരിത്രത്തില്‍ അദ്ദേഹം ബക്കറ്റ് ബാട്ടര്‍ എന്നറിയപ്പെടും. കാലം കഴിഞ്ഞുപോയി പ്രവാചകനെ മാരാരിക്കുളംകാര്‍ സ്വീകരിച്ചില്ല. യുവാവിന്റെ ശരീരമായിരുന്നെങ്കിലും അതിനുള്ളിലെ വാര്‍ധക്യം ബാധിച്ച മനസ്സ് പലതും പുലമ്പിക്കൊണ്ടിരുന്നു. താന്‍ ഒരു പരാജയമാണെന്നു തിരിച്ചറിഞ്ഞ ബക്കറ്റ്ബാട്ടര്‍ ഒരിക്കല്‍ മലമ്പുഴ ഡാം കാണാന്‍ പോയി. അപ്പോള്‍ മുമ്പോട്ടു വളര്‍ന്ന അദ്ദേഹത്തിന്റെ ശരീരവും പിന്നോട്ടു വളര്‍ന്ന മനസ്സും സന്ധിച്ചിരിക്കുന്ന സമയമാണ്. വല്ലാത്ത തിളപ്പ്.

മലമ്പുഴയില്‍ അദ്ദേഹം തകര്‍ത്തു. ബക്കറ്റ് വാട്ടറിന്റെ പ്രകടനം കണ്ട് ഡാമിലെ വെള്ളം പോലും തിളച്ചു. ഏതാനും ദിവസം കൊണ്ട് ബക്കറ്റ് വാട്ടര്‍ ഒരു സാഗരം പോലെ പ്രക്ഷുബ്ധമായി. വല്ലാത്തൊരു തിരയിളക്കമായിരുന്നു. അത് കണ്ട് ഒരു വേള, കടലിനു പോലും സമ്മതിക്കേണ്ടി വന്നു യഥാര്‍ത്ഥ തിരകള്‍ ബക്കറ്റിലാണ് അല്ലെങ്കില്‍ ബക്കറ്റ് വാട്ടറില്ലാതെ കടലില്ല എന്നൊക്കെ. അങ്ങനെ മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നതുപോലെ ബക്കറ്റ് വാട്ടര്‍ പ്രസ്ഥാനത്തിന്റെ രക്ഷകനായി മാറി.

കാലം മുന്നോട്ടു പോയി. സംഭവങ്ങള്‍ പലതു കഴിഞ്ഞു. ബക്കറ്റ് വാട്ടറിന്റെ ശരീരം പിന്നെയും മുന്നോട്ടു വളര്‍ന്നു. മനസ്സ് പിറകോട്ടും. അപ്പോഴേക്കും കണ്ണൂരിലെവിടെയോ പിറവിയെടുത്ത അഭിനവ ഗോര്‍ബച്ചേവ് ഒരറ്റത്തു നിന്ന് ആക്രാന്തം മൂത്ത് കടല്‍വെള്ളം കുടിച്ചു തുടങ്ങിയിരുന്നു. കണ്ണുമടച്ച് പാല്‍ മാത്രമല്ല നല്ല ഉപ്പുവൈള്ളവും കുടിക്കാം എന്ന് അദ്ദേഹമാണത്രേ ലോകത്തിനു കാണിച്ചുകൊടുത്തത്. നൈസ് ഗൈ ഡ്രിങ്കിങ് സോള്‍ട്ട് വാട്ടര്‍ ഡസ് നോട്ട് തിങ്ക് എബൌട്ട് ദി കോണ്‍സീക്വന്‍സെസ്. ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും എന്നാണ് പ്രമാണമെങ്കിലും ഉപ്പുവെള്ളം കുടിക്കുന്നവന് കുഴപ്പമൊന്നും ഉണ്ടാവില്ല എന്നും അഭിനവഗോര്‍ബച്ചേവ് വിശ്വസിച്ചിരുന്നിരിക്കണം.

ശരീരം വളരുകയും മനസ് ചെറുതാവുകയും ചെയ്തതോടെ കാലക്രമേണ വയോധികനായ ബക്കറ്റ് വാട്ടര്‍ പന്ത്രണ്ടു വയസുകാരനെപ്പോലെ സംസാരിച്ചു തുടങ്ങി. പറയുന്നതും പ്രവൃത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാതായി. പ്രസ്ഥാനത്തിനു വലിയ തലവേദനയായി. കടല്‍ മുഴുവന്‍ കുടിച്ചു വറ്റിക്കുന്ന യജ്ഞത്തിലായതിനാല്‍ അഭിനവഗോര്‍ബച്ചേവ് ഇതൊന്നും അത്ര കാര്യമായെടുത്തില്ല. കടല്‍വെള്ളം ഗോര്‍ബച്ചേവ് വറ്റിച്ചതുകൊണ്ട് അവിടെ തിരകള്‍ കുറഞ്ഞു. ഉള്ളവയുടെ പിക്കപ്പും കുറഞ്ഞു. ബക്കറ്റ് വാട്ടറിനു തലയും വാലുമില്ലാതായതോടെ ആ തിരകളുടെ സ്വഭാവവും മാറി.

ഒടുവില്‍ കടല്‍ കുടിച്ചു വറ്റിച്ച കേസില്‍ ഗോര്‍ബച്ചേവ് കുറ്റാരോപിതനായി. കടലല്ല, ബക്കറ്റാണ് പ്രധാനമെന്ന തത്വശാസ്ത്രത്തില്‍ ഉറച്ചു നിന്ന ബക്കറ്റ് വാട്ടര്‍ പ്രസ്ഥാനത്തിന് അനഭിമതനുമായി. അങ്ങനെയിരിക്കെ വീണ്ടും ഒരു കേരളയാത്രക്കാലം വന്നെത്തി. കാസര്‍കോട്ടു നിന്നു യാത്ര തുടങ്ങുമ്പോള്‍ കടല്‍ ചെങ്കടലായി. ഓളങ്ങളില്ലാതെ ബക്കറ്റ് വാട്ടര്‍ ഒരു കോണ്‍ഗ്രസ്സുകാരനെപ്പോലെ നിര്‍മമനായി. പ്രസ്ഥാനം ബക്കറ്റ് കുലുക്കി നോക്കി. തന്റെയീ ശാന്തതയ്ക്കു പോലും അപാരമായ തിരകളെക്കാള്‍ ശക്തിയുണ്ടെന്നു പ്രഖ്യാപിച്ച് ബക്കറ്റ് വാട്ടര്‍ കേരളയാത്ര എന്ന അനന്തപ്രവാഹത്തിലേക്കില്ല എന്നു പ്രഖ്യാപിച്ചു. പ്രസ്ഥാനം വിറങ്ങലിച്ചു. കേരളമൊന്നാകെ ഒരൊറ്റ പ്രവാഹമായി ആ യാത്രയിലൂടെ ഗോര്‍ബച്ചേവ് കുടിച്ചുവറ്റിച്ച കടലിലേക്ക് കുതിക്കുകയായിരുന്നു. പക്ഷെ, ബക്കറ്റ് വാട്ടര്‍ മാത്രം മാറി നിന്നാല്‍.. കടലും ഒരു ബക്കറ്റ് വെള്ളവും തമ്മിലുള്ള പോരാട്ടമാണോ ലോകം കാണാന്‍ പോകുന്നത്.. ടെന്‍ഷന്‍, ടെന്‍ഷന്‍, ടെന്‍ഷന്‍…

ഒടുവില്‍ ശംഖുമുഖം കടപ്പുറത്തെത്തി കേരളം മുഴുവന്‍ കടലില്‍ച്ചാടി മരിക്കാന്‍ സോറി, ലയിക്കാന്‍ റെഡിയായി നിന്നു. ബക്കറ്റ് വാട്ടറില്ല. ബക്കറ്റ് വരുമോ, വരാതിരിക്കുമോ ? ലോകം മുഴുവന്‍ ശംഖുമുഖത്തേക്കു നോക്കിയിരുന്നു. ഗോര്‍ബച്ചേവും കടലും ഒരു മഹാപ്രവാഹവും ഒന്നാകുന്ന നിമിഷം ഒരു നീര്‍ച്ചാലായി ഒറ്റയ്ക്ക് ബക്കറ്റ് വാട്ടര്‍ അവിടെയെത്തി. ആര്‍പ്പുവിളികളോടെ അഭിവാദ്യങ്ങളോടെ സ്വയം മറന്ന് അവരെല്ലാം കടലില്‍ ലയിച്ചു. ഗോര്‍ബച്ചേവും കേരളവും ബക്കറ്റ് വാട്ടറും എല്ലാം പരസ്പരം തിരിച്ചറിയാന്‍ കഴിയാത്തതുപോലെ ഒന്നായി മാറി.

ഇല്ല, അതു സംഭവിച്ചില്ല.. എല്ലാം ഒന്നായി എന്നു കരുതിയിടത്തു നിന്ന് ഗോര്‍ബച്ചേവിന്റെ കവിത ഉയര്‍ന്നു. ബക്കറ്റില്‍ നിന്നും കടലില്‍ ലയിച്ച പാവം ബക്കറ്റ് വാട്ടറിന്റെ നെഞ്ചില്‍ കുത്തുന്ന കവിതയുടെ അലയൊലികള്‍ ചരിത്രത്തിലേക്കു മുഴങ്ങവേ, പോടാ പുല്ലേ എന്നു പാടി കരയ്ക്കു കയറി തന്റെ ജെസിബി സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു ബക്കറ്റ് വാട്ടര്‍. കാരണം, ആ ബക്കറ്റിലുണ്ടായിരുന്നത് തിളയ്ക്കുന്ന മെര്‍ക്കുറി ആയിരുന്നു.

Related Posts with Thumbnails
blog comments powered by Disqus