ഇപ്പോള്‍ സഞ്ജയ് ഗാന്ധി ആരായി ?
നമ്മളെല്ലാവരും കൂടി സിപിഎം അക്രമ-ഗുണ്ടായിസ-കോടതിവിരുദ്ധ ഭരണത്തിനെതിരേ ഘോരഘോരം പോരടിച്ചുകൊണ്ടിരിക്കുകയാണല്ലോ. അടുത്ത തിരഞ്ഞെടുപ്പോടു കൂടി സിപിഎം ഇല്ലാതാവുമെന്നും അതോടെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഉഗ്രന്‍ ഭരണം വരുമെന്നും ഉറപ്പാണ്. നിയമസഭയില്‍ പ്രതിപക്ഷമെന്ന നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ എത്ര വര്‍ണിച്ചാലും പോരാത്ത വണ്ണം മനോഹരമാണ് എന്നു പ്രത്യേകം പറയേണ്ടല്ലോ. കഴിഞ്ഞ ദിവസം പകര്‍ച്ചപ്പനിയെക്കുറിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തിയപ്പോള്‍ തന്നെ രോമാഞ്ചമുണ്ടായതാണ്. ഇന്നത്തേതു കൂടിയായപ്പോള്‍ പൂര്‍ത്തിയായി. ഇനി ഷേവ് ചെയ്തോ വാക്സ് ചെയ്തോ രോമങ്ങള്‍ കംപ്ലീറ്റ് നീക്കുകയല്ലാതെ വേറെ വഴിയില്ല.
ഒരു ജനാധിപത്യസംവിധാനത്തില്‍ നിയമനിര്‍മാണസഭയ്‍ക്കുള്ള പങ്ക് വളരെ വലുതാണ് എന്ന് നമുക്കെല്ലാം അറിയാം. അന്ന് പകര്‍ച്ചപ്പനിക്കെതിരെയുള്ള അടിന്തിരപ്രമേയം യുഡിഎഫ് അവതരിപ്പിച്ചിരുന്നെങ്കില്‍ പനി സുല്ലിട്ടു പോയേനെ.
അതു നടക്കാതെ വന്നതുകൊണ്ട് പനിയോടു സുല്ലിട്ട് പനിമന്ത്രി അമേരിക്കക്കു പോയി (മരിക്കുന്നതിനു മുമ്പ് അമേരിക്ക കാണുക എന്നതാണത്രേ ഓരോ സിപിഎമ്മുകാരന്‍റെയും ഏറ്റവും വലിയ സ്വപ്നം (എന്നോടു സെക്രട്ടറിയേറ്റിലെ ഒരുദ്യോഗസ്ഥന്‍റെ പരിചയക്കാരി പറഞ്ഞതാണ്,തെറ്റാണെങ്കില്‍ ക്ഷമിക്കണം). കേരളത്തിലെ ജനങ്ങള്‍ പനി പിടിച്ചു ചാകണമെന്നുള്ളതുകൊണ്ടാണ് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നല്‍കാത്തതെന്നു നമുക്കെല്ലാം അറിയാം. പോരെങ്കില്‍ യുഡിഎഫുകാര്‍ക്കും യുഎഡിഫ് അനുകൂലികള്‍ക്കും മാത്രമാണല്ലോ പനി പിടിച്ചിരിക്കുന്നത്.
ഇന്നിപ്പോള്‍ കോടതിവിധിക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവനയെപ്പറ്റി അടിയന്തിരപ്രമേയത്തിനു നോട്ടീസ് നല്‍കി ഇന്ത്യന്‍ ജുഡീഷ്യറിയെ തന്നെ പിടിച്ചുനിര്‍ത്താനുള്ള യുമ്മന്‍ ചാണ്ടി സാറിന്‍റെ നേതൃത്വത്തിലുള്ള ഉഗ്രന്‍ ശ്രമത്തിനാണ് സിപിഎം തുരങ്കം വച്ചു കളഞ്ഞത്. വഴിവക്കില്‍ യോഗം നടത്തരുതെന്ന കോടതിവിധി ആറ്റുകാല്‍ പൊങ്കാല മുതല്‍ പരുമല പെരുനാളിനു വരെ പാരയാവുമെന്നു സിപിഎം നേതാക്കള്‍ പറഞ്ഞപ്പോഴാണ് വര്‍ഗീയ വോട്ടുകള്‍ ആ വഴി പോകുമോ എന്ന തോന്നലുണ്ടായി യുഡിഎഫും വിധിക്കെതിരെ പ്രതികരിക്കുന്നത് എന്നു പറയുന്നത് ചുമ്മാതെയാണ്. ഒരേ സമയം കോടതിയെയും കോടതിയെ എതിര്‍ക്കുന്ന സിപിഎമ്മിനെയും എതിര്‍ക്കുന്ന ഡലയക്റ്റിക്കല്‍ മെറ്റീരിലിയസമാണ് യുഡിഎഫ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഇന്നിപ്പോള്‍, കുറെക്കാലം ഇന്ത്യയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെപ്പറ്റിയും രാജീവ് ഗാന്ധിയും (സോറി, സഞ്ജയ് ഗാന്ധിയും) സംഘവും ചേര്‍ന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആര്‍.കൃഷ്ണയ്യരെ തടഞ്ഞു വച്ച കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞതാണോ അതോ സഞ്ജയ് ഗാന്ധി എന്നു പറഞ്ഞപ്പോള്‍ നാവു പിശകി രാജീവ് ഗാന്ധി എന്നായിപ്പോയതാണോ, എന്തായാലും യുഡിഎഫ് ഇന്നും പിണങ്ങി അലമ്പുണ്ടാക്കിയതോടെ ക്രിയാത്മകപ്രതിപക്ഷം എന്ന നിലയില്‍ യുമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഎഡിഎഫ് സംഘം ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. ഈ സമ്മേളനം കഴിയുന്നത് വരെ അവരത് താഴെ വയ്‍ക്കില്ല എന്നും പ്രത്യാശിക്കാം.
തിരഞ്ഞെടുപ്പടുത്തു വരുന്നു എന്ന തോന്നലാണ് യുഡിഎഫിന്‍റെ ക്രിയാത്മകതയെ ഉദ്ധരിപ്പിക്കുന്നത് എന്നു പറയുന്നതും ചുമ്മാതെയാണ്. എത്ര ഉദ്ധരിച്ചാലും,ഖദറുടുപ്പ് തയ്‍ക്കുമ്പോള്‍ തന്നെ ഡിസൈന്‍ ചെയ്യുന്ന കീറലുകളില്‍ പോറാല്‍ വീഴാതെ, രാഷ്ട്രീയപ്പശയില്‍ മുക്കിയ വെള്ളക്കുപ്പായത്തില്‍ ചുളിവു വീഴാതെയുള്ള കളികളേ യു-മുന്നണിക്കു പറ്റൂ.എന്നാല്‍ പനിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുന്ന ഈസി ചെയര്‍ പൊളിറ്റിക്സ് മാത്രമേ യുഡിഎഫിനറിയാവൂ എന്നാരെങ്കിലും പറഞ്ഞാല്‍ അത് ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതാണ്. കഴിഞ്ഞ വര്‍ഷം നാടാകെ പനി പടര്‍ന്നപ്പോള്‍ മിക്കവാറും എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും താലൂക്ക്, ജില്ലാ ആശുപത്രികളുടെയും മുന്നില്‍ പനിക്കെതിരെ ധര്‍ണയും പ്രകടനവും നടത്തിയിട്ടുള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍.
ഇന്നു തന്നെ കേരള ഹൈക്കോടതിക്കെതിരെയും ജഡ്ജിമാര്‍ക്കെതിരെയും സിപിഎമ്മുകാര്‍ നടത്തിയ പരാമര്‍ശങ്ങളെപ്പറ്റി അടിയന്തിരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നത് മോശമായിപ്പോയി. അപ്പോള്‍ പനിയെപ്പറ്റി ഇവര്‍ക്ക് ഇന്ന് ചര്‍ച്ചയോ അടിയന്തിരപ്രമേയമോ അവതരിപ്പിക്കേണ്ടായിരുന്നോ എന്നു ചോദിക്കരുത്. അത്തരം ചോദ്യങ്ങള്‍ രാജീവ് ഗാന്ധിയെ സഞ്ജയ് ഗാന്ധി എന്നു വിളിക്കുന്നതുപോലെ നികൃഷ്ടമാണ്. ഇതെല്ലാം കൂടി കേള്‍ക്കുമ്പോള്‍ മറ്റൊരു സംശയം ഉയര്‍ന്നു വരും- രാജീവ് ഗാന്ധിക്കു പകരം സഞ്ജയ് ഗാന്ധി എന്നു പറഞ്ഞുപോയാല്‍ അത് അത്ര വലിയ അപരാധമാണെന്നു തോന്നത്തക്കവിധം അത്ര ഹീനനായിരുന്നു സഞ്ജയ് ഗാന്ധി എന്നാണോ കോണ്‍ഗ്രസുകാര്‍ തന്നെ വിശ്വസിക്കുന്നത് ?
സഞ്ജയ് ഗാന്ധിയും കോണ്‍ഗ്രസ് നേതാവായിരുന്നു. രാജീവ് ഗാന്ധി കൂടുതല്‍ ശക്തനും കരുത്തനുമായിരുന്ന നേതാവും ഇന്ത്യയിലെ മികച്ച പ്രധാനമന്ത്രിമാരിലൊരാളുമായിരുന്നു. സഞ്ജയ് ഗാന്ധി രാജീവിന്‍റെ സഹോദരനുമായിരുന്നു. അപ്പോള്‍ വിഎസിനു പേരുമാറിപ്പോയതാണ് എന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. തെറ്റ് സംഭവിച്ചത് അങ്ങനെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും അത് അംഗീകരിക്കാതെ സഭ വിട്ടുപോയവര്‍ മാനസികവളര്‍ച്ചയില്ലാത്തവരും മന്ദബുദ്ധികളുമാണെന്നു കരുതാം. അല്ലെങ്കില്‍ തന്നെ അതൊരു പുതുമയുള്ള വിഷയമല്ല.
ഗാന്ധിജി എന്നു പറയേണ്ടിടത്ത് ഗോഡ്‍സെ എന്നു പറയുന്നതു പോലെ ഗാന്ധി വിരുദ്ധമാണ് രാജീവ് ഗാന്ധി എന്നു പറയേണ്ടിടത്ത് സഞ്ജയ് ഗാന്ധി എന്നു പറയുന്നത് എന്നു കോണ്‍ഗ്രസുകാര്‍ തന്നെ വിശ്വസിക്കുന്നെങ്കില്‍ കെപിസിസിയും നെഹ്റു കുടുംബവുമായുള്ള ബന്ധത്തില്‍ ഉലച്ചിലുകളുണ്ടാവില്ലേ എന്നു ഞാനാശങ്കപ്പെടുന്നു. മാരുതിയും കമ്പനി പോലെ ചേരിനിര്‍മാര്‍ജ്ജനം പോലെ നിര്‍ബന്ധിത വന്ധ്യംകരണം പോലെ അനേകം അനേകം നല്ല കാര്യങ്ങള്‍ക്കു തുടക്കം കുറിച്ചയാളാണ് സഞ്ജയ് ഗാന്ധി. സഞ്ജയ് ഗാന്ധി ഒരു അപമാനമാണെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിനോടുള്ള കൂറ് അവസാനിപ്പിച്ച് ഞാന്‍ ദേശീയകോണ്‍ഗ്രസില്‍ ലയിക്കാന്‍ പോവുകയാണ്. അത്രേയുള്ളൂ, ലാല്‍സലാം.

