ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍ (റിവ്യൂ)

പതിമൂന്ന് ഓസ്കര്‍ നോമിനേഷന്‍ നേടിയ ചിത്രമെന്ന നിലയില്‍ വളരെ പ്രതീക്ഷയും താല്‍പര്യവുമുണര്‍ത്തിയ ചിത്രത്തെ പിന്നിലാക്കി സ്ലംഡോഗ് മില്യനെയര്‍ എങ്ങനെ ഓസ്കര്‍ നേടി എന്നറിയണമെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടേ മതിയാവൂ. സ്ലംഡോഗ് മില്യനെയറിനെക്കാള്‍ ദൈര്‍ഘ്യവും പണച്ചെലവും അധ്വാനവും ഒക്കെയുള്ള ഈ സിനിമ ഒരു നല്ല സിനിമാ വ്യായാമമാണ് എന്നല്ലാതെ ഒരു നല്ല സിനിമയാണ് എന്ന് സാക്ഷ്യപ്പെടുത്താന്‍ പറ്റില്ല. അപ്പോള്‍ സ്വാഭാവികമായും അടുത്ത ചോദ്യം ഉയരും. സ്ലംഗോഡ് മില്യനെയറാണോ പിന്നെ ലോകോത്തര സിനിമ ?

ഓസ്കറില്‍ വിലയിരുത്തപ്പെട്ടത് 2008ല്‍ ഇറങ്ങിയ സിനിമകളാണെന്നാണ് എന്റെ വിശ്വാസം. നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെനും ബ്രോക്ബാക് മൌണ്ടനും മെമ്മറീസ് ഓഫ് എ ഗെയ്ഷെയും ടൈറ്റാനിക്കും സ്ലംഡോഗ് മില്യനെയറിനെക്കാള്‍ മികച്ച സിനിമകളല്ലേ അല്ലെങ്കില്‍ ആ സിനിമകള്‍ക്കൊപ്പം നില്‍ക്കാന്‍ സ്ലംഡോഗ് മില്യനെയറിനു നിലവാരമുണ്ടോ എന്ന ചോദ്യം വിഡ്ഢിത്തമാണെന്നാണ് എന്റെ അഭിപ്രായം. ഓസ്കര്‍ അവാര്‍ഡിന് സ്ലംഡോഗ് മില്യനെയറിനെ ഈ പറഞ്ഞ സിനിമകളുമായല്ലോ താരതമ്യപ്പെടുത്തി നോക്കിയത്. ഓസ്കര്‍ നേടിയയതോടെ ഈ സിനിമകള്‍ക്കൊപ്പം വയ്ക്കാവുന്ന ഒന്നായി സ്ലംഡോഗ് നിസ്സംശയം ഉയര്‍ത്തപ്പെടുകയും ചെയ്തു. ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍ അതേ സമയം, ഒട്ടേറെ മറ്റു കാരണങ്ങളാല്‍ ചലച്ചിത്രപ്രേമികള്‍ കാണേണ്ട സിനിമയുമാണ്.

ടൈറ്റാനിക്കിന്റെയും ഫോറസ്റ്റ് ഗംപിന്റെയും പ്രേതമുള്ള സിനിമയാണ് ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍. കഥാസാരം എല്ലാവര്‍ക്കും അറിയാവുന്നതുപോലെ വൃദ്ധനായി ജനിച്ച് കുഞ്ഞായി മരിക്കുന്ന ബെഞ്ചമിന്‍ ബട്ടന്റെ ജീവിതകഥയാണ് ഇതിലുള്ളത്. പിന്നിലേക്കു വളര്‍ന്ന് ചെറുപ്പക്കാരനായി മാറുമ്പോള്‍ ബെഞ്ചമിന് പ്രേമിക്കാന്‍ ഒരു പെണ്ണുമുണ്ടാവുന്നു- ഡെയ്സി.

സിനിമ ആരംഭിക്കുന്നത് ടൈറ്റാനിക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ്. അവസാനശ്വാസം വലിക്കാന്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരമ്മൂമ്മ തന്നെ ശുശ്രൂഷിക്കുന്ന മകള്‍ കരോളിനോട് ആദ്യം ഒരു അന്ധനായ ക്ളോക്കു നിര്‍മാതാവിന്റെ കഥ പറയുന്നു. മകന്‍ പട്ടാളത്തില്‍പ്പോയി യുദ്ധത്തില്‍ മരിച്ച ശേഷം അയാള്‍ ചരിത്രപ്രാധാന്യമുള്ള ഒരു ക്ളോക്കിന്റെ നിര്‍മാണം തുടങ്ങുന്നു. ജനത്തിനു മുമ്പില്‍ അയാള്‍ ക്ളോക്ക് അനാവരണം ചെയ്യുമ്പോള്‍ അത് നടക്കുന്നത് പിന്നോട്ടാണ്. തനിക്കു തെറ്റുപറ്റിയതല്ലെന്നും സമയം പിറകോട്ടു നടന്ന് നടന്ന് തന്റെ മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അയാള്‍ പറയുമ്പോള്‍ വല്യമ്മച്ചി അടുത്ത കഥയിലേക്കു പറയുന്നു.

ആശുപത്രിയില്‍ അമ്മച്ചി സൂക്ഷിച്ചിരിക്കുന്ന ബെഞ്ചമിന്‍ ബട്ടന്റെ ഡയറി കരോളിനെക്കൊണ്ട് അമ്മച്ചി വായിപ്പിക്കുമ്പോള്‍ ബെഞ്ചമിന്‍ ബട്ടന്റെ കഥ തുടങ്ങുന്നു. ജനിക്കുമ്പോള്‍ കുഞ്ഞിന്റെ വലിപ്പമായിരുന്നെങ്കിലും 90 കഴിഞ്ഞ വൃദ്ധന്റെ ശരീരമായിരുന്ന ബെഞ്ചമിന്റെ ഭീകരരൂപം കണ്ട് പിതാവ് ബട്ടന്‍ അവനെ ഒരു വൃൃദ്ധസദനത്തിന്റെ ഉടമയായ ക്വീനിയുടെ അടുക്കല്‍ ഉപേക്ഷിക്കുന്നു. ക്വീനി അവന് ബെഞ്ചമിന്‍ എന്നു പേരു നല്‍കുന്നു. വൃദ്ധന്‍മാരോടൊപ്പം വളരുന്ന ബെഞ്ചമിന്‍ പിച്ച വച്ച് നടക്കുന്നു. ക്വീനി ഗര്‍ഭിണിയാകുമ്പോള്‍ മറ്റൊരു വീട്ടിലേക്കു മാറുന്നു. എഴുപതുകാരന്റെ ശരീരമെങ്കിലും കൌമാരക്കാരനായ ബെഞ്ചമിന് അവിടെ നിന്ന് അതേ പ്രായക്കാരിയായ ഡെയ്സിയെ കൂട്ടുകാരിയായി കിട്ടുന്നു. വളര്‍ന്നു വളര്‍ന്ന് അന്‍പതുകാരന്റെ ശാരീരികാവസ്ഥയിലെത്തുമ്പോഴേക്കും ബെഞ്ചമിന്‍ വീടു വിട്ടുപോകുന്നു. നര്‍ത്തകിയായി ഡെയ്സിയും.

പിന്നെ കുറെക്കാലം ബെഞ്ചമിന്‍ കപ്പലിലാണ്. ഈ ജീവിതയാത്ര ശരിക്കും ഫോറസ്റ്റ് ഗംപിനെ അനുസ്മരിപ്പിക്കും. ചെല്ലുന്നിടത്തുനിന്നെല്ലാം ഡെയ്സിക്ക് ഓരോ പോസ്റ്റ് കാര്‍ഡയക്കുന്ന ബെഞ്ചമിന്റെ കാര്‍ഡുകള്‍ ആശുപത്രിയില്‍ കിടക്കുന്ന അമ്മച്ചി മകള്‍ കരോളിന് വിവരിചച്ചുകൊടുക്കുമ്പോള്‍ ഡെയ്സി തന്നെയാണ് ആ കിടക്കുന്ന അമ്മച്ചി എന്നു മനസ്സിലാക്കാം. തികച്ചും ടൈറ്റാനിക് ട്രീറ്റ്മെന്റ്.

ഡയറി വായന തുടരുമ്പോള്‍ ബെഞ്ചമിന്‍ വ്യക്തമായും ചെറുപ്പക്കാരനും സുന്ദരനുമായ ബ്രാഡ് പിറ്റായി മാറുന്നു. കപ്പലില്‍ നിന്നു കരയ്ക്കിറങ്ങുന്ന ബെഞ്ചമിനെ അന്നുപേക്ഷിച്ച പിതാവ് ബട്ടന്‍ തേടിയെത്തുന്നു. എല്ലാ സ്വത്തുക്കളും മകന് കൈമാറിയശേഷം ബട്ടന്‍ മരിക്കുന്നു. വീട് വിറ്റ് ഡെയ്സിയും ബെഞ്ചമിനും ചെറിയൊരു വീട്ടില്‍ താമസം തുടങ്ങുന്നു. ബെഞ്ചമിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ വേണ്ടി അനാവശ്യമായ വര്‍ണനകളും വലിച്ചുനീട്ടലുകളും കൊണ്ട് സിനിമയെ ബോറാക്കുന്നുണ്ട് ഈ ഭാഗത്ത്. അങ്ങനെ ഡെയ്സി ഗര്‍ഭിണിയാവുകയും കരോളിനെ പ്രസവിക്കുകയും ചെയ്യുന്നു. തന്റെ അച്ഛന്‍ ബെഞ്ചമിന്‍ ബട്ടനായിരുന്നു എന്നു തിരിച്ചറിയുന്ന കരോളിന്‍ കരയുകയും മറ്റും ചെയ്യുന്നുണ്ട്.

അനുദിനം ചെറുപ്പക്കാരനാകുന്ന താന്‍ കുടുംബത്തിന് ഭാരമാകുമെന്ന് തിരിച്ചറിഞ്ഞ് സ്വന്തം ഭാര്യയെ കുഞ്ഞ് സഹിതം കൈവിട്ട ശേഷം വീടുവിട്ടുപോകുന്നു. അതോടെ ഡയറിക്കുറിപ്പുകളും അവസാനിക്കുന്നു. എന്നാല്‍ ബെഞ്ചമിന്‍ ബട്ടന്റെ കഥ അവിടെ അവസാനിക്കുന്നില്ല. പിന്നീടുള്ള കഥ അമ്മച്ചി കിടന്ന കിടപ്പില്‍ പറയുകയാണ്. കണ്ണീരോടെ കരോളിന്‍ കേള്‍ക്കുന്നുമുണ്ട്. അതുവരെയുള്ള ഒഴുക്ക് പിന്നെ സിനിമയ്ക്കില്ല. എടുപിടീന്ന് ബെഞ്ചമിന്‍ ചെറുതായി കൌമാരക്കാരനായി, ബാലനായി, ശിശുവായി ഡെയ്സിയുടെ കൈകളില്‍ കിടന്നു മരിക്കുകയാണ്. ഉറക്കെ ഉറക്കെ കൂവാന്‍ തോന്നിപ്പോവുന്ന സീനുകളാണ് അത്.

തികച്ചും അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ ഒരു കെട്ടുകഥ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ വിശ്വസനീയമായി പറയാനുള്ള അവസരം ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തുലച്ചു എന്നാണ് പറയേണ്ടത്. കൊച്ചു കുഞ്ഞിന്റെ വലിപ്പവും വൃദ്ധന്റെ ശരീരവുമായി ജനിക്കുന്ന ബെഞ്ചമിന്‍ മരിക്കേണ്ടത് വൃദ്ധന്റെ വലിപ്പവും ശിശുവിന്റെ ശരീരവുമായാണ്. എന്നാല്‍ ബെഞ്ചമിന്‍ എന്നു പറഞ്ഞ് ഒരു പയ്യനും ബാലനും കൈക്കുഞ്ഞും എത്തുന്നിടത്ത് സിനിമ പൊളിയുന്നു. അല്ലെങ്കില്‍ തന്നെ ഏറെ ദൈര്‍ഘ്യമുള്ള സിനിമ അവസാനം അതിവേഗം തീര്‍ക്കാനുള്ള ശ്രമം വളരെ വ്യക്തമാണ്. അതേ സമയം, ഇടയ്ക്ക് പലയിടത്തും വല്ലാതെ ഇഴയുകയും ചെയ്യുന്നു.

ബ്രാഡ് പിറ്റ് ഏതെങ്കിലും തരത്തില്‍ മികച്ചതെന്നു പറയാവുന്ന അഭിനയം കാഴ്ച വയ്ക്കുന്നില്ല. മികച്ച ഫാന്‍സി ഡ്രസ്സാണ് സിനിമയിലേത്, ഉഗ്രന്‍ മേക്കപ്പും. ഫാന്‍സ് ഡ്രസ്് കമലഹാസനായിട്ടും ദിലീപ് ആയിട്ടും കലാഭവന്‍ മണിയായിട്ടും നമ്മളെ ഏറെ കാണിച്ചിട്ടുള്ളതായതുകൊണ്ട് അതില്‍ പുതുമ തോന്നുന്നില്ല. മേക്കപ്പിന് ഓസ്കര് ലഭിക്കുകയും ചെയ്തു. സിനിമയില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചത് ക്വീനിയായി വേഷമിട്ട തരജി പി. ഹെന്‍സനാണ്. മികച്ച സഹനടിക്ക് നോമിനേഷന്‍ ലഭിച്ചെങ്കിലും ഓസ്കര്‍ പെനെലെപെ കൊണ്ടുപോയി. ഫാന്‍സി ഡ്രസ്സ് കഴിഞ്ഞാല്‍ സിനിമയില്‍ നമ്മള്‍ ഓര്‍ത്തിരിക്കുന്നത് ബെഞ്ചമിന്റെ കപ്പല്‍ സീനുകളാണ്. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 75 വര്‍ഷം മുമ്പുള്ള കാലഘട്ടവും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. എങ്കിലും ഏറ്റവും ഒടുവില്‍ എന്തിനായിരുന്നു ഈ സിനിമ പ്രേക്ഷകന്റെ മുന്നില്‍ ഉത്തരം കിട്ടാതെ നില്‍ക്കും. അതു തന്നെയാണ് ഈ സിനിമയുടെ പരാജയവും.

Related Posts with Thumbnails
blog comments powered by Disqus