ബ്ലോഗുപാഠം (വിപ്ളവാത്മകരചന)
ബ്ലോഗില്‍ എഴുതിത്തുടങ്ങുന്ന കുട്ടികള്‍ക്ക് വഴികാട്ടുന്ന അനേകം രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ആളാണ് ഈ ഞാന്‍. എന്നാല്‍ പുതുതായെത്തുന്ന കുട്ടികളില്‍ വിഷയവൈവിധ്യം കാണാന്‍ കഴിയാത്തതിനാല്‍ ഞാന്‍ നിരാശനാണ്. എല്ലാവരും വിശാലമനസ്കനായതോടെ വിശാലമനസ്കന്‍ എഴുത്തു നിര്‍ത്തിയതുപോലെ മറ്റു ബ്ലോഗര്‍മാരും എഴുത്തു നിര്‍ത്താതിരിക്കുന്നതിന് പുതിയ ബ്ലോഗര്‍മാരെ മറ്റു സങ്കേതങ്ങളിലേക്കു വഴിതിരിച്ചുവിടുകയാണ് എന്റെ ഉദ്ദേശം.
വിപ്ലവാത്മകരചന, പുരോഗമനാത്മകരചന, ഹാസ്യരചന, വാര്‍ത്താരചന, സ്്ത്രീപക്ഷരചന, ആക്ഷേപഹാസ്യരചന, രാഷ്ട്രീയരചന എന്നിങ്ങനെ അനേകം അനേകം രചനാസങ്കേതങ്ങളാണ് ഞാന്‍ നിങ്ങള്‍ക്കു മുമ്പിലവതരിപ്പിക്കാന്‍ പോകുന്നത്. ആദ്യപടിയെന്ന നിലയില്‍ നമുക്ക് വിപ്ളവാത്മരചന പഠിക്കാം.
വിപ്ളവാത്മകരചന എന്നു കേള്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ ഞെട്ടിയിട്ടുണ്ടാവും. ആരും ഞെട്ടരുത്. വിപ്ളവരചനകള്‍ വായിക്കുന്നവന് ഭ്രാന്തുപിടിക്കണമെന്നേയുള്ളു, എഴുതുന്നവന് ഭ്രാന്തു വേണമെന്നില്ല, ഉണ്ടെങ്കിലും കുഴപ്പമില്ല. വിപ്ലവരചനകള്‍ക്ക് പൊതുവായി ചില സ്വഭാവങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
താന്‍ ഒഴുക്കിനെതിരെ നീന്തുന്നവനാണ് എന്ന് ആളുകള്‍ക്കു തോന്നിക്കുന്ന തരത്തിലുള്ള ലേ ഔട്ടും നിറവുമൊക്കെ ബ്ലോഗിനു വേണം. പരസ്യം ഇടുകയേ ചെയ്യരുത്. എല്ലാവരും ഫ്രീയായി ബ്ലോഗുമ്പോള്‍ നമ്മള്‍ ഗൂഗിളിന് അങ്ങോട്ടു പൈസ കൊടുത്താണ് ബ്ലോഗുന്നത് എന്ന മട്ടില്‍ വേണം പ്രയോഗങ്ങള്‍. ഏറ്റവും അത്യാവശ്യമായി മൂന്നു ബുദ്ധിജീവി വിഡ്ജറ്റുകള്‍ ബ്ലോഗില്‍ ചേര്‍ക്കണം. ഒന്ന്, ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സിന്റേത്, പിന്നൊന്ന് റെസ്പോണ്‍സിബിള്‍ കമന്റിങ്ങിന്റേത്, പിന്നെ ആഡ്ഫ്രീ ബ്ലോഗിന്റേത്. ഫയര്‍ഫോക്സ് ഡൌണ്‍ലോഡിങ്ങിനുള്ള ലിങ്ക് കൂടി നല്‍കിയാല്‍ നന്നായി.
നമുക്ക് ഇനി പറയുന്ന ഏതെങ്കിലും വിഷയത്തിലാണ് പോസ്റ്റുകള്‍ എഴുതേണ്ടത്-
കേരളസമൂഹത്തിലെ ജാതിവ്യവസ്ഥയും കീഴാളപോരാട്ടങ്ങളും.
സ്ത്രീലൈംഗികതയുടെ സ്വാതന്ത്യ്രപ്രഖ്യാപനം.
ഇടതുപക്ഷരാഷ്ട്രീയവും സിഐഎയുടെ ഇടപെടലുകളും
ദൈവങ്ങളുടെ ലൈംഗികത.
ഇത്രയുമായപ്പോള്‍ എന്തു തോന്നുന്നു. ഒട്ടും ആയാസകരമല്ല അല്ലേ. എങ്കില്‍ ബാക്കി കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഇതൊക്കെ എളുപ്പം സാധിക്കും. ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ടത് തലക്കെട്ടുകളുടെ കാര്യത്തിലാണ്. നല്ല ഡോസുള്ള തലക്കെട്ടുകളുണ്ടെങ്കിലേ വായനക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കൂ.
ഉദാഹരണത്തിന് റോമന്‍കത്തോലിക്കാ സ്ത്രീകളുടെ മുലകള്‍, മിസ്റ്റര്‍ ബുഷ് ചുണയുണ്ടെങ്കില്‍ ഈ ബ്ലോഗില്‍ ഒരു കമന്റിടു, കൊല്ലപ്പള്ളി ഭഗവതിയുടെ ആര്‍ത്തവവിരാമം തുടങ്ങിയവ. ഈ തലക്കെട്ടുകള്‍ക്കു കീഴെ ഒന്നും എഴുതിയിട്ടില്ലെങ്കില്‍ പോലും ആയിരക്കണക്കിനു പേര്‍ വായിക്കുകയും ഇത് ബൂലോഗത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്യും.
ഇതി ഏറ്റവും പ്രധാനമായി വിപ്ളവരചനകളില്‍ ഉപയോഗിക്കേണ്ട ചില വാക്കുകള്‍ അറിഞ്ഞിരിക്കണം. ഒരു പാചകക്കുറിപ്പിലെ ചേരുവകള്‍ പോലെ ഇവ ഓര്‍ത്തിരിക്കുന്നതാണ് നല്ലത്. ഇവയില്‍ എല്ലാം വന്നില്ലെങ്കിലും 70 ശതമാനം വാക്കുകളെങ്കിലും ഓരോ പോസ്റ്റിലും വരണം.
കീഴാളസമൂഹം – പാരഗ്രാഫില്‍ ഒന്നെങ്കിലും
സവര്‍ണലൈംഗികത – പാരഗ്രാഫില്‍ രണ്ടു വീതം
മുല, യോനി, ലിംഗം- ആവശ്യത്തിന്
ഭോഗം, സംഭോഗം- മിനിമം ഒന്നെങ്കിലും
ദളിത് പരിപ്രേക്ഷ്യം – മൂന്നു പാരഗ്രാഫില്‍ ഒന്ന്
ഉടച്ചുവാര്‍ക്കല്‍ – ഇഷ്ടംപോലെ
കക്കൂസ് ടാങ്ക്- ഒന്നു മതി
ഉഷ്ണപ്രവാഹം- നാലോ അഞ്ചോ
ചാതുര്‍വര്‍ണ്യം – കുറഞ്ഞത് നാലെങ്കിലും
സനാതനസംസ്കാരം- രണ്ട്
ബ്രാഹ്മണ്യവിഷം- ഒന്ന്
എട്ടുകാലി ദൈവം-ഒന്ന്
സാംസ്കാരികജീര്‍ണത- മൂന്ന്
ജാതീയത- കുറഞ്ഞത് പത്തെങ്കിലും
പെണ്ണുടല്‍ – ധാരാളം
ഇത്രയും വാക്കുകള്‍ ചുമ്മാ പെറുക്കി വച്ചാല്‍ വിപ്ളവാത്മകരചനയാവില്ല എങ്കിലും ഈ വാക്കുകള്‍ ഇതോടൊപ്പം പറഞ്ഞിരിക്കുന്ന അളവില്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ എഴുതുന്നതെന്തായാലും വിപ്ളവാത്മകമാകുമെന്നതില്‍ സംശയമില്ല. ഉദാഹരണത്തിന് ഒരു പൈങ്കിളിക്കഥയുടെ ഒരു പാരഗ്രാഫ് ശ്രദ്ധിക്കുക-
മനുക്കുട്ടന്‍ ജനലിലൂടെ നോക്കി. ദേവിച്ചേച്ചി തന്റെ സാരിയഴിച്ചുകൊണ്ടിരിക്കുകയാണ്. ബ്ളൌസിനുള്ളില്‍ നിറഞ്ഞുകവിഞ്ഞ മാറിലേക്ക് മനുക്കുട്ടന്‍ കൊതിയോടെ നോക്കി. തന്റെ നഗ്നത അവന്‍ കണ്ടോട്ടെ എന്ന മട്ടില്‍ മാറിടം ജനല്‍ക്കമ്പികളില്‍ അമര്‍ത്തി അവനോടു പറഞ്ഞു- നോക്കി നില്‍ക്കാതെ കയറിവാടാ കള്ളക്കുട്ടാ !
ഇതിലെ ആശയത്തെ മാറ്റാതെ നമ്മുടെ പാഠമനുസരിച്ച് ഇതിനെ എങ്ങനെ ഒരു വിപ്ളവാത്മകരചനയാക്കി മാറ്റി എന്നു നോക്കൂ-
ബ്രാഹ്മണ്യത്തിന്റെ ഉഷ്ണപ്രവാഹമിരമ്പുന്ന ജാലകത്തിന്റെ ഒറ്റക്കണ്ണിലേക്ക് മനുവിന്റെ നോട്ടം പതിഞ്ഞു. ചാതുര്‍വര്‍ണ്യത്തിന്റെ പഴുതാരകളിഴയുന്ന പെണ്ണുടല്‍. സവര്‍ണലൈംഗികതയുടെ മേലുള്ള നേര്‍ത്ത മറയോട് അവന് പുച്ഛം തോന്നി. ദേവിയുടെ ഉടല്‍പ്പൊയ്കയില്‍ കാലത്തിന്റെ അടയാളങ്ങന്വേഷിച്ചു നടന്ന മനുവിന്റെ കണ്ണുകള്‍ സനാതനസംസ്കാരത്തിന്റെ ഇരുമ്പഴിക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന അവളുടെ മുലകളുടെ വിങ്ങല്‍ കാണുന്നുണ്ടായിരുന്നു. കാലത്തിനപ്പുറത്തുനിന്നെന്ന പോലെ ദേവിയുടെ ശബ്ദം അവന്റെ കാതില്‍ പതിഞ്ഞു- കീഴാളസമൂഹത്തിന്റെ ജീര്‍ണതകളെ തുടച്ചുമാറ്റി വര്‍ത്തമാനകാലത്തിന്റെ മരവിപ്പുകളില്‍ നിശ്ചേഷ്ടനായി കണ്ണയച്ചുനില്‍ക്കാതെ ചാതുര്‍വര്‍ണ്യത്തിന്റെ കക്കൂസ് ടാങ്ക് പൊളിച്ച് സ്വാതന്ത്യം ഒളിച്ചുവച്ചിരിക്കുന്ന ഈ തടവറയിലേക്ക് മനൂ, നീ രംഗപ്രവേശം ചെയ്യു !!
മതി. ഇനി അടുത്ത ക്ളാസ്സില്‍. സംശയങ്ങള്‍ ചോദിക്കരുത്.










