അവന്റെ അമ്മേടെ ഓസ്കര്‍ ! (ബോളിവുഡ്-മോളിവുഡ് വികാരം)

ആര്‍ക്കു വേണം ഓസ്കര്‍ ! കുറെ സായിപ്പു തെണ്ടികള്‍ ചേര്‍ന്ന് സൃഷ്ടിച്ച് വേറെ കുറെ സായിപ്പു തെണ്ടികള്‍ക്കു കൊടുക്കുന്ന കൂതറ അവാര്‍ഡാണ് ഓസ്കര്‍. ഇത്തവണ അതു കിട്ടിയത് ഒരു സായിപ്പിന്റെ സിനിമയ്ക്കും. ഡാനി ബോയില്‍ കാശു കൊടുത്തും പെണ്ണുകൂട്ടിക്കൊടുത്തും ആണ് ഈ അവാര്‍ഡ് വാങ്ങിയതെന്ന് ആര്‍ക്കാണറിയാത്തത്. ഈ അവാര്‍ഡ് ഇന്ത്യയ്ക്ക് അഭിമാനമാണെന്നു പറയുന്നവനെ ചെരിപ്പിനടിക്കണം. അവന്റെ ആസനത്തില്‍ ദി കുന്തം കയറ്റണം.

എ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും രാജ്യസ്നേഹമുള്ളവരാണെങ്കില്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ കരിവാരിത്തേച്ച ഈ സിനിമയുടെ പേരില്‍ കിട്ടിയ അവാര്‍ഡുകള്‍ എത്രയും വേഗം തിരിച്ചുകൊടുക്കണം. സത്യത്തില്‍ ഓസ്കര്‍ വേദിയില്‍ വച്ച് ആ അവാര്‍ഡ് ശില്‍പങ്ങള്‍ അവിടെ വലിച്ചെറിഞ്ഞ് അക്കാദമി അംഗങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി മൈക്കിലൂടെ എല്ലാ സായിപ്പുമാരുടെയും തന്തയ്ക്കു വിളിച്ചിട്ട് മുണ്ടും മടക്കിക്കുത്തി ഇറങ്ങിപ്പോന്നിരുന്നെങ്കില്‍ നിങ്ങള്‍ ചുണക്കുട്ടികളാണെന്ന് പറഞ്ഞേനെ. ഇതിപ്പോള്‍ സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും ഖാന്‍ അബ്ദുള്‍ഗാഫര്‍ ഖാനും ഒക്കെ ഉണ്ടാക്കി വച്ച ഒരു പാരമ്പര്യം നിങ്ങള്‍ തകര്‍ത്തു.

സിനിമയില്‍ അഭിനയിക്കുകയും സിനിമയോടു സഹകരിക്കുകയും സിനിമാക്കാരുടെ കൂടെ അമേരിക്കയിലൊക്കെ പോവുകയും ചെയ്ത ചേരിയിലെ പിള്ളേര്‍ക്കില്ലാത്ത എന്തു ചൊറിച്ചിലാണ് ഞങ്ങള്‍ക്ക് എന്നു ചോദിക്കരുത്. ഇത് ഇന്ത്യയാണ്. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ചേരിയില്‍ കിടക്കുന്ന അലവലാതികളല്ല, ഞങ്ങളാണ്. അല്ലെങ്കില്‍ സ്ലംഡോഗ് എന്നു പേരിട്ടതുവഴി ഡാനി സായിപ്പ് പാവപ്പെട്ട ചേരിനിവാസികളെയെല്ലാം പട്ടികള്‍ എന്നു വിളിക്കുകയല്ലേ ചെയ്തത്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും ബോളിവുഡില്‍ എല്ലാവരും ചേരിനിവാസികളെ ബഹുമാനിച്ചാണോ കഴിയുന്നത്.

ഇന്ത്യയിലുള്ള ചേരിയിലുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അവരെ പട്ടിയെന്നോ പേപ്പട്ടിയെന്നോ വിളിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുള്ളതാണ്. ഞങ്ങള്‍ അവരെ ചാട്ടകൊണ്ടടിച്ചെന്നും ഞങ്ങളുടെ സൂപ്പര്‍ സ്റ്റാറുകള്‍ രാത്രിയില്‍ കഞ്ചാവടിച്ച് വഴിവക്കില്‍ കിടന്നുറങ്ങുന്ന അവറ്റകളുടെ നെഞ്ചിലൂടെ വണ്ടികയറ്റിയിറക്കിയെന്നുമൊക്കെയിരിക്കും. അത് ഞങ്ങളുടെ അവകാശമാണ്. അതിനെ ചോദ്യം ചെയ്യാന്‍ വരുന്നവന്‍ സായിപ്പായാലും നീഗ്രോ ആയാലും ശരി ഇന്ത്യാവിരുദ്ധന്‍ എന്നറിയപ്പെടും.

എ.ആര്‍.റഹ്മാന് ഒരു തുറന്ന കത്ത് എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ ഈ അവാര്‍ഡ് വാങ്ങിയതോടെ ഇനി ബോളിവുഡ് സിനിമകളില്‍ നിന്ന് റഹ്മാനെ വിലക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ എല്ലാ സിനിമകളും ഹിമേഷ് രേഷാമിയ സംഗീതം നിര്‍വഹിക്കും. അങ്ങേരു തന്നെ പാട്ടെഴുതും അങ്ങേരു തന്നെ പാടും, അഭിനയിക്കും. റഹ്മാന്റെ സംഗീതത്തില്‍ പാടാന്‍ എന്റെ പട്ടിവരുമെന്നു പറഞ്ഞ ഹിമേഷും റഹ്മാന്റെ സംഗീതം മോഷണമാണെന്നു പറഞ്ഞ ഗസല്‍ രാജാവ് ജഗജീത്സിങ്ങുമൊക്കെയാണ് ഇനി ബോളിവുഡില്‍ വിലസാന്‍ പോകുന്നത്. അല്ലെങ്കിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ എബിസിഡി അറിയാത്ത റഹ്മാനെക്കൊണ്ട് ബോളിവുഡില്‍ സംഗീതം കൊടുപ്പിച്ചത് വലിയ തെറ്റായിപ്പോയി. അനു മല്ലിക്കിനെപ്പോലെ, നദീം ശ്രാവണെപ്പോലെ എന്നൊന്നും ഞങ്ങള്‍ പറയുന്നില്ല പീറ്റര്‍ ചേരാനല്ലൂരിനെപ്പോലെ, മോഹന്‍ സിത്താരയെപ്പോലെയെങ്കിലും തനതുസംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചിട്ടു വരൂ മിസ്റ്റര്‍ റഹ്മാന്‍.

ഈ സിനിമയ്ക്കെതിരെ ഞങ്ങളുടെ പ്രതികരണവും പ്രതിഷേധവും കാരണം പടം ഇവിടെ ഉദ്ദേശിച്ചതുപോലെ ഓടിയില്ല എന്നതില്‍ നിന്നു തന്നെ ഞങ്ങളുടെയൊക്കെ സ്വാധീനമെന്താണെന്നു മനസ്സിലായില്ലേ. സിനിമ കണ്ടിട്ടു പ്രതികരിക്കൂ എന്നു ഞങ്ങളോട് പറയാന്‍ നിങ്ങളാരാണ് സായിപ്പേ ? ഇവിടെ ഞങ്ങളെടുക്കുന്ന സിനിമകള്‍ പോലും ഞങ്ങള്‍ കാണാറില്ല, പിന്നെയല്ലേ നിങ്ങളുടെ കൂതറ പടം, ഫൂൂൂ !!

അല്ലെങ്കിലും ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്നറിയാനും അതെപ്പറ്റി അഭിപ്രായം പറയാനും റിവ്യൂ എഴുതാനുമൊക്കെ സിനിമ കാണണമെന്നു പറയുന്നത് എവിടുത്തെ ന്യായമാണു സായിപ്പേ ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ ? ഇവിടെന്തു വേണമെന്നു ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ബച്ചന്‍സാബ് എല്ലാ നിരൂപകരോടുമായി പറഞ്ഞതു കേട്ടല്ലോ, സ്ലംഡോഗ് മില്യനെയര്‍ നല്ലസിനിമയാണെന്നു പറഞ്ഞ നാവുകൊണ്ട് തന്നെ ഡെല്‍ഹി 6 കൂതറ പടമാണെന്നു പറഞ്ഞ നിങ്ങള്‍ക്കുള്ളത് വഴിയേ തരുന്നുണ്ട്.

എല്ലാ ഇന്ത്യാക്കാരോടുമായി ഒരു കാര്യം പറഞ്ഞേക്കാം. ഓസ്കര്‍ വരും പോകും. എന്നും നിലനില്‍ക്കുന്നത് നമ്മുടെ ഫിലിംഫെയര്‍ അവാര്‍ഡും ലക്സ് ഏഷ്യാനെറ്റ് അവാര്‍ഡും മാതൃഭൂമി മെഡിമിക്സ് അവാര്‍ഡും വനിത ചന്ദ്രിക അവാര്‍ഡും ഒക്കെ തന്നെയാണ്. ഏത് ഓസ്കറിനെക്കാളും അതിന് മാന്യതയുണ്ട്. ഇതുപോലെ തലയും വാലുമില്ലാത്ത അവാര്‍ഡുകളാണോ അതെന്നു നോക്കൂ. ഈ വര്‍ഷം മികച്ച നടന്‍ മോഹന്‍ലാലാണെങ്കില്‍ ജനപ്രിയനടന്‍ മമ്മൂട്ടി. അപ്പോള്‍ അടുത്ത വര്‍ഷം മമ്മൂട്ടി മികച്ച നടനും മോഹന്‍ലാല്‍ ജനപ്രിയനടനുമാകും. ആര്‍ക്കും പരാതിയില്ല. ഇനി വല്ല സുരേഷ്ഗോപിക്കോ ദിലീപിനോ പരാതിയുണ്ടെങ്കില്‍ അവര്‍ക്കു പ്രത്യേകപുരസ്കാരം കൊടുക്കും. മികച്ച സംവിധായകനായി സത്യന്‍ അന്തിക്കാടോ കമലോ രഞ്ജിത്തോ ഇടവിട്ട് ഇടവിട്ട് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ശ്രീനിവാസനെയും ലോഹിതദാസിനെയും മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കും. ഇത്ര ജനകീയമായ, ഇത്ര ഫ്ളെക്സിബിള്‍ ആയ അവാര്‍ഡ് ലോകത്തെവിടെയുണ്ട്.

അതൊക്കെ പോട്ടെ. ഓസ്കറില്‍ എന്തു ജനാധിപത്യമാണുള്ളത്. അവാര്‍ഡ് കിട്ടിയവന്‍ അതുംകൊണ്ട് പോകും. കിട്ടാത്തവന്‍ മിണ്ടാതെ വീട്ടിലും പോകും. ഇതാണോ ജനാധിപത്യം ? അവാര്‍ഡ് പ്രഖ്യാപിക്കുന്ന അന്നു വൈകിട്ടു തന്നെ ഒന്നും കിട്ടാത്തവര്‍ക്ക് പത്രസമ്മേളനം വിളിച്ച് അവാര്‍ഡ് കമ്മിറ്റിയുടെതന്തയ്ക്കു വിളിക്കാനുള്ള സ്വാതന്ത്യ്രം ഈ നാറികളുടെ രാജ്യത്തുണ്ടോ ? അവാര്‍ഡ് കിട്ടിയവന്‍ കൂട്ടിക്കൊടുത്തതിന്റെയും അലക്കിക്കൊടുത്തതിന്റെയും കഥകള്‍ പത്രവാരികളില്‍ ആഴ്ചകളോളം ആഘോഷമാക്കാനുള്ള ആര്‍ജ്ജവം അവിടുത്തെ സിനിമക്കാര്‍ക്കുണ്ടോ ? എന്നിട്ടു വന്നിരിക്കുന്നു.

ഓസ്കര്‍ പോലും ഓസ്കര്‍. ഇതാണ് ഇന്ത്യന്‍ സിനിമ, ഇതാണ് മലയാളം സിനിമ. ഈ സിനിമയ്ക്ക് ഓസ്കറായും കൂസ്കറായും കുറെ അവാര്‍ഡുകള്‍ കൊടുത്ത തെണ്ടികളെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു, റെഡ്ചില്ലീസ് പോലെ, ലൌ ഇന്‍ സിംഗപ്പോര്‍ പോലെ, ഹെയ്ലസാ പോലെ, കഥ സംവിധാനം കുഞ്ചാക്കോ പോലെ, ക്രേസി ഗോപാലന്‍ പോലെ കലാമൂല്യമനുള്ള ഒരു നല്ല ചിത്രം എടുക്കാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ അതിനുള്ള കഴിവുണ്ടോ ? ഉണ്ടെങ്കില്‍ കമോണ്‍, കാണിച്ചു തരൂ. അതു കണ്ടിട്ടു ഞങ്ങള്‍ തീരുമാനിക്കാം നിങ്ങളെ അംഗീകരിക്കണോ വേണ്ടയോ എന്ന്.

Related Posts with Thumbnails
blog comments powered by Disqus