അഭിമാനത്തോടെ ഇന്ത്യ

ഒരു ഇന്ത്യക്കാരനായതില്‍ ഞാനഭിമാനിക്കുന്നു. ഒരു മലയാളിയായതില്‍ ഞാനഭിമാനിക്കുന്നു. ഈ അഭിമാനം നേടിത്തന്ന സംഗീതചക്രവര്‍ത്തി എ.ആര്‍.റഹ്മാനും മലയാളിയുടെ അഹങ്കാരമായി മാറുന്ന റസൂല്‍ പൂക്കുട്ടിക്കും പ്രണാമം. ഇത് നിങ്ങളുടെ ദിവസമാണ്. 100 കോടിയെന്ന സാഗരത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലെത്തിയ നിങ്ങളുടെ പ്രതിഭയ്ക്ക്, നിങ്ങളുടെ കര്‍മപഥത്തില്‍ സ്നേഹം കൊണ്ടും ത്യാഗസന്നദ്ധത കൊണ്ടും പൂവിരിച്ച നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക്, കഴിഞ്ഞ രാത്രി ഒരു പോള കണ്ണടയ്ക്കാതെ ഒരേ ആവേശത്തോടെ ഒരേ നെഞ്ചിടിപ്പോടെ, പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഞങ്ങളെപ്പോലുള്ള സാധാരണ ഇന്ത്യക്കാര്‍ക്ക് ലോകത്തിന്റെ ഓസ്കര്‍ !!

ഇന്ത്യയുടെ ശബ്ദം മുഴങ്ങിയ ലൊസാഞ്ചലസിലെ കൊഡാക് തിയറ്ററില്‍ ഒരു വലിയ ജനതയുടെ, സംസ്കാരത്തിന്റെ സംഗീതസ്വപ്നങ്ങളെ ലോകത്തിന്റെ നെറുകയില്‍ സ്ഥാപിച്ചുകൊണ്ട് സംഗീതചക്രവര്‍ത്തി എ.ആര്‍.റഹ്മാന്‍ ഓസ്കര്‍ നിശയുടെ താരമായി. മലയാളത്തിന്റെ പ്രതീക്ഷയായ റസൂല്‍ പൂക്കുട്ടിയും ഓസ്കര്‍ അവാര്‍ഡ് ശില്‍പത്തില്‍ മുത്തമിട്ടു. 13 നോമിനേഷനുകള്‍ നേടിയ ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ട് 10 നോമിനേഷനുകളില്‍ നിന്ന് എട്ട് ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യനെയര്‍ അക്ഷരാര്‍ത്ഥത്തില്‍ 81-ാമത് ഓസ്കര്‍ തൂത്തുവാരുകയായിരുന്നു. സ്ലംഡോഗ് ടീം ഓസ്കര്‍ നിശയിലെ വലിയ കാഴ്ച തന്നെയായിരുന്നു. മികച്ച ചിത്രം, ബെസ്റ്റ് ഒറിജിനല്‍ സ്കോര്‍, ബെസ്റ്റ് ഒറിജിനല്‍ സോങ് (ജയഹോ), ശബ്ദമിശ്രണം, മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രഹണം, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലാണ് സ്ലംഡോഗ് മില്യനെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.

മികച്ച പശ്ചാത്തലസംഗീതം, മികച്ച ഗാനം എന്നീ വിഭാഗങ്ങളില്‍ എ.ആര്‍.റഹ്മാന് ഓസ്കര്‍ ലഭിച്ചു. ഈ രണ്ടിനങ്ങിളിലാണ് റഹ്മാന് നോമിനേഷന്‍ ലഭിച്ചിരുന്നത്. സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമയിലെ സംഗീതസംവിധാനത്തിനും ജയ് ഹോ എന്ന ഗാനത്തിനുമാണ് റഹ്മാന് രണ്ട് ഓസ്കറുകള്‍ ലഭിച്ചത്. പുരസ്കാരം നേടിയ റഹ്മാന്‍ തീര്‍ത്തും ശാന്തനായി ഓസ്കര്‍ വേദിയില്‍ ലോകത്തെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് റഹ്മാന്‍ ഓസ്കര്‍ വേദിയില്‍ നോമിനേഷന്‍ ലഭിച്ച രണ്ടു ഗാനങ്ങളും ആലപിച്ചതോടെ റഹ്മാന്‍ സംഗീതത്തിന്റെ മാസ്മരികതയില്‍ കൊഡാക് തിയറ്ററില്‍ അരവമുയരുകയായിരുന്നു. റഹ്മാനോടൊപ്പം അമ്മ കസ്തൂരിയാണ് ഓസ്കര്‍ നിശയ്ക്ക് എത്തിയിരുന്നത്.

മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കര്‍ നേടിയ മലയാളി റസൂല്‍ പൂക്കുട്ടിക്ക് ഓസ്കര്‍ വേദിയില്‍ ആദ്യം വാക്കുകള്‍ നഷ്ടപ്പെട്ടു. ഇത് തീര്‍ത്തും അവിശ്വസനീയമാണെന്നായിരുന്നു റസൂലിന്റെ ആദ്യപ്രതികരണം. തുടര്‍ന്ന് ഉന്നതമായ ആശയങ്ങളിലൂടെ റസൂല്‍ സദസ്സിന്റെ ആദരം പിടിച്ചുപറ്റി. ഓംകാരത്തിന്റെ നാട്ടില്‍ നിന്നെത്തുന്ന താന്‍ ഈ അവാര്‍ഡ് തന്റെ മാതൃരാജ്യത്തിനു സമര്‍പ്പിക്കുന്നു എന്നു പ്രഖ്യാപിച്ചപ്പോള്‍ ആരവമുയര്‍ന്നത് രാജ്യത്തെ തെരുവോരങ്ങളിലെ ടിവി സെറ്റുകള്‍ക്കു മുന്നില്‍ നിന്നായിരുന്നു. സ്ലംഡോഗ് മില്യനെയറിന്റെ സംവിധായകനായ ഡാനി ബോയല്‍ ആണ് മികച്ച സംവിധായകന്‍. സീന്‍ പെന്‍ മികച്ച നടനും കേറ്റ് വിന്‍സ്ലെറ്റ് മികച്ച നടിയുമായി.

പുരസ്കാരമോ നോമിനേഷനോ ഒന്നുമില്ലെങ്കിലും മികച്ച വിദേശഭാഷാചിത്രത്തിനുള്ള അവാര്‍ഡ് പ്രഖ്യാപനത്തിന് സ്ലംഡോഗ് മില്യനെയറിലെ നായിക ഫ്രീദ പിന്റോ ഓസ്കര്‍ വേദിയില്‍ കയറിപ്പറ്റിയത് അപ്രതീക്ഷിതമായ വിസ്മയമായി.

മറ്റ്‌ അവാര്‍ഡുകള്‍
നടന്‍സീന്‍ പെന്‍(മില്‍ക്‌)
നടികേറ്റ്‌ വിന്‍സ്‌ ലെറ്റ്‌(റീഡര്‍)
സഹനടന്‍ഹീത്ത്‌ ലെഡ്‌ ജര്‍(ഡാര്‍ക്‌ നൈറ്റ്‌)
സഹനടിപെനലോപ്‌ ക്രൂസ്‌(വിക്കി ക്രിസ്റ്റീന ബാഴ്‌സലോണ)
ഡോക്യുമെന്ററിസ്‌മൈല്‍ പിങ്കി
തിരക്കഥഡെസ്റ്റിന്‍ ലാന്‍സ്‌ ബ്ലാക്ക്‌(മില്‍ക്‌)
ആനിമേഷന്‍ ചിത്രംദി വാള്‍
ലഘുചിത്രം(ആനിമേഷന്‍)ലാ മെയിസണ്‍ എന്‍ പെറ്റിറ്റ്‌സ്‌ ക്യൂബ്‌സ്‌)
കലാസംവിധാനംഡൊണാള്‍ഡ്‌ ഗ്രഹാം ബര്‍ട്ട്‌(ദ ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിന്‍ ബട്ടണ്‍)
മേക്കപ്പ്‌ഗ്രെഗ്‌ കാനം(ദ ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിന്‍ ബട്ടണ്‍)
വസ്‌ത്രാലങ്കാരംമൈക്കല്‍ ഓകോണര്‍(ദ ഡച്ചസ്‌)
ലൈവ്‌ ആക്ഷന്‍ ‘സ്വചിത്രംജോച്ചന്‍ അലക്‌സാണ്ടര്‍ ഫ്രെയ്‌ഡാങ്ക്‌(സ്‌പീല്‍സിഗുലാന്‍ഡ്‌)
ശബ്‌ദസംയോജനംറിച്ചാര്‍ഡ്‌ കിങ്‌(ഡാര്‍ക്‌ നൈറ്റ്‌)
വിഷ്വല്‍ ഇഫക്‌ട്‌സ്‌(ദ ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിന്‍)
ഡോക്യുമെന്ററി ഫീച്ചര്‍മാന്‍ ഓണ്‍ വയര്‍

Related Posts with Thumbnails
blog comments powered by Disqus