ജയ് ഹോ !
ഒരു സൂപ്പര്‍ ഹിറ്റ് റഹ്മാന്‍ ഗാനം പോലെ നേര്‍ത്ത ശ്രുതിയില്‍ നിന്നു തുടങ്ങി ആകെ ഉലയ്‍ക്കുന്ന ബീറ്റുകളിലെത്തി നില്‍ക്കുകയാണ് പ്രതീക്ഷകള്‍. ഇന്ത്യക്ക് ഒരു ഓസ്കര്‍ എന്നതിനെക്കാള്‍ എന്നെ ആവേശഭരിതനാക്കുന്നത് എന്നെപ്പോലെ കോടിക്കണക്കിനാളുകളുകളുടെ പ്രിയപ്പെട്ട സംഗീതകാരന്‍റെ അതുല്യപ്രതിഭയ്‍ക്ക് ലഭിക്കുന്ന അംഗീകാരമെന്ന നിലയിലാണ്. ഓസ്കര്‍ ഒരു അവസാനമാക്കല്ല, റഹ്മാന്‍റെ പ്രതിഭയെ അനുഗ്രഹീതമാക്കാന്‍ തക്കവണ്ണം നമ്മെപ്പോലുള്ള ആരാധകരുടെ പ്രാര്‍ത്ഥനയെക്കാള്‍ മികച്ചതുമല്ല.
എങ്കിലും നമ്മുടെ റഹ്മാന്‍, ഓസ്കര്‍ ശില്‍പമുയര്‍ത്തി, കൊഡക്ക് തിയറ്ററിലെ വര്‍ണശബളമായ സ്റ്റേജില്‍, ആയിരക്കണക്കിനു ക്യാമറാഫ്ളാഷുകളില്‍, കോടാനുകോടി ടെലിവിഷന്‍ സെറ്റുകളില്‍, നാണം കലര്‍ന്ന ആ പുഞ്ചിരിയോടെ നില്‍ക്കുന്ന നിമിഷം കാണാന്‍ നിങ്ങളെപ്പോലെ തന്നെ ഞാനും ആഗ്രഹിക്കുന്നു.
വിരലിലെണ്ണാവുന്ന നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിറഞ്ഞ ഹൃദയത്തോടെ എന്‍റെ പ്രിയപ്പെട്ട റഹ്മാന് വിജയാംശംസകള്‍ നേരാന്‍ വേണ്ടിയാണീ പോസ്റ്റ്.
ഒപ്പം, ഓരോ മലയാളിക്കും പറഞ്ഞഭിമാനിക്കാവുന്ന നേട്ടത്തിലേക്കു വളര്‍ന്ന കഠിനാധ്വാനത്തിന്‍റെ പ്രതീകമായ റസൂലിനും ഒരു ബ്ലോഗര്‍ എന്ന നിലയില്‍, ഒരു മലയാളി എന്ന നിലയില്‍ എല്ലാ ആശംസകളും നേരുന്നു.
ജയ്ഹോ ! ആ ഓസ്കര്‍ നമുക്കുള്ളതാണ്. പ്രതീക്ഷകളോടെ, പ്രാര്‍ത്ഥനകളോടെ..
(ഇന്ത്യയില്‍ രാവിലെ 6.30 മുതല്‍ ഓസ്കര്‍ നിശ സ്റ്റാര്‍ മൂവീസില്‍ തല്‍സമയം)













