ലാവ് ലിന്‍- യഥാര്‍ത്ഥ പ്രതി എഡിസണ്‍
എസ് എസ് എല്‍ സി ലാവ് ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കേസിലെ യഥാര്‍ത്ഥ പ്രതി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസനാണെന്നും കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സഖാവ് പിണങ്ങാറായി പരാജയന്‍ വ്യക്തമാക്കി. വൈദ്യുതി എന്ന സംഗതിയെ ഗാര്‍ഹിക-വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉല്‍പാദിപ്പിച്ചു വിതരണം ചെയ്യുന്നതിനുള്ള ആശയം നടപ്പാക്കിയത് എഡിസനാണ്, അതും ഏതാണ്ട് നൂറു വര്‍ഷം മുമ്പ്. ഇത്രയും പഴക്കമുള്ള ഒട്ടേറെ ആളുകള്‍ ഉള്‍പ്പെട്ട ഒരു കേസില്‍ തന്നെ കുരുക്കാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
1879ല്‍ എഡിസണ്‍ ഇലട്രിക് ലൈറ്റ് കമ്പനി തുടങ്ങിയ എഡിസണ്‍ ആ വര്‍ഷം ഡിസംബര്‍ 31ന് ഇലക്ട്രിക് ബള്‍ബ് പരീക്ഷിച്ചത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുപോട്ടെന്നു വച്ചാലും ഇലക്ട്രിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം 1880ല്‍ എഡിസണ്‍ പേറ്റന്റ് എടുത്ത സംഗതിയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ന്യൂയോര്‍ക്കില്‍ വൈദ്യുതിവിതരണം തുടങ്ങിയ എഡിസന്‍ മാന്‍ഹാട്ടണില്‍ 110 വോള്‍ട്ട് ഡിസി കറന്റ് വിതരണം ചെയ്തതും ആര്‍ക്കും നിഷേധിക്കാനാവില്ല. ലാവ്ലിന്‍ കേസില്‍ കറന്റ് ഡിസി അല്ലല്ലോ എസി ആയിരുന്നില്ലേ എന്ന ചോദ്യത്തിന് ഡിസിസി ഓഫിസുകള്‍ എസിയാക്കാനുള്ള നീക്കത്തോട് തനിക്കു യോജിപ്പില്ലെന്നും അത് കേന്ദ്രം കൂടി ഉള്‍പ്പെട്ട വലിയൊരു അഴിമതിയുടെ തെളിവാണ് എന്നും പിണങ്ങാറായി പറഞ്ഞു. സിബിഐയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ മറ്റേതെങ്കിലും ഏജന്‍സി അന്വേഷണം നടത്തി ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, മൈക്കല്‍ ഫാരഡേ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പിണങ്ങാറായിയുമായി നടത്തിയ നിര്‍ണായകമായ അഭിമുഖത്തിന്റെ പൂര്‍ണരൂപം.
? എംസിസിയ്ക്കു നല്‍കാനുള്ള പണത്തെക്കുറിച്ച് ?
സത്യത്തില്‍ എനിക്കതില്‍ ദുഖമുണ്ട്. എംസിസി (മലബാര്‍ ക്രിസ്ത്യന്‍ കോളജ് ) എനിക്കു വ്യക്തിപരമായി അടുപ്പമുള്ള സ്ഥാപനവുമാണ്. പഠനം അവസാനിപ്പിച്ചു പോരുന്ന കാലത്ത് ലൈബ്രറിയില്‍ നിന്നെടുത്ത അവന്റെ അമ്മേടെ ഒരിന്റര്‍വ്യൂ എന്ന ഹാസ്യനാടകം തിരികെ കൊടുക്കാന്‍ വൈകിയതിന്റെ ഫൈന്‍ ഒരു രൂപയാണ് ഞാന്‍ എംസിസിയ്ക്കു കൊടുക്കാനുള്ളത്. തീര്‍ച്ചയായും അന്നത്തെ ലൈബ്രേറിയനെ നേരിട്ടു കാണുന്ന ദിവസം ഞാനാ പണം തിരികെക്കൊടുക്കും.
? ബാലാനന്ദന്റെ കത്തിനെക്കുറിച്ച് എന്താണഭിപ്രായം ?
ബാലാനന്ദന്റേത് നല്ല കത്തുകളാണ്. നീല മഷിയിലാണ് അദ്ദേഹം സാധാരണ കത്തുകളെഴുതാറുള്ളത്. ഇടതുവശത്തും വലതുവശത്തും മാര്‍ജിനിടുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. കത്ത് മടക്കി കവറിനുള്ളിലാക്കി അതൊട്ടിച്ച് സ്റ്റാംപ് ഒട്ടിച്ചാണ് അയക്കാറുള്ളത്. എല്ലാ കത്തിന്റെയും അടിയില്‍ ഒപ്പിടുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു.
? ഗ്രൂപ്പ് കളി പാര്‍ട്ടിയെ നശിപ്പിക്കുന്നു എന്നു തോന്നിയിട്ടുണ്ടോ ?
ഒരിക്കലുമില്ല. അല്ലെങ്കില്‍ തന്നെ ഒറ്റയ്ക്കുള്ള കളിയെക്കാള്‍ എന്തുകൊണ്ടും നല്ലത് ഗ്രൂപ്പ് കളികളാണ്. ഉദാഹരണത്തിന് ക്രിക്കറ്റ്, ഫുട്ബോള്‍, ബീച്ച് വോളി ഇവയൊക്കെയാണ് ടെന്നിസിനെക്കാളും സ്ക്വാഷിനെക്കാളും നല്ലതെന്നാണ് എന്റെ അഭിപ്രായം. അവ ഇനിയും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്.
? പാര്‍ട്ടിയിലുള്ളവര്‍ ജാഥയിലുണ്ടാകുമെന്നാണല്ലോ പറഞ്ഞത്. അപ്പോള്‍ ജാഥയിലില്ലാത്തവര്‍ പാര്‍ട്ടിയിലില്ലാത്തവരാണ് എന്നല്ലേ അര്‍ത്ഥം ?
എന്നാരു പറഞ്ഞു. ഞാന്‍ പറഞ്ഞത് ഈ ജാഥയിലുള്ളവര്‍ എല്ലാവരും ഈ പാര്‍ട്ടിയിലുള്ളവരാണ് എന്നാണ്. കോണ്‍ഗ്രസിലുള്ള ചിലരും കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട ചിലരും ജാഥയില്‍ പങ്കെടുത്തോട്ടെ എന്നു ചോദിച്ചിരുന്നു. അവരൊന്നും പങ്കെടുക്കുന്നില്ല എന്നാണ് ഞാനുദ്ദേശിച്ചത്. ജാഥയിലില്ലാത്തവര്‍ പാര്‍ട്ടിയില്ല എന്നാണു നിങ്ങള്‍ വ്യാഖ്യാനിക്കുന്നതെങ്കില്‍ കാള്‍ മാര്‍ക്സും ലെനിനും ഇഎംഎസുമൊന്നും ജാഥയിയില്ല. അവരൊന്നും പാര്‍ട്ടിയിലില്ലാത്തവരാണ് എന്നാണോ അതിന്റെ അര്‍ത്ഥം ?
(ഈ അഭിമുഖത്തിന്റെ പൂര്‍ണരൂപം പിന്നീട് പ്രസിദ്ധീകരിക്കും… പിന്നേ ഇച്ചിരെ പുളിക്കും !)

