ഡെല്‍ഹി 6 (റിവ്യൂ)
ഒരു പതിവു ബോളിവുഡ് പടം കാണാന്‍ പോകുന്നവരെ നിരാശപ്പെടുത്തിയേക്കാവുന്ന ഓഫ്ബീറ്റ് സോദ്ദേശ സിനിമയാണ് ഡെല്‍ഹി 6. രംഗ് ദേ ബസന്തിയ്ക്കു ശേഷം രാകേഷ് ഓംപ്രകാശ് മെഹ്റ ഒരുക്കുന്ന ഡെല്‍ഹി 6 ന്റെ വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് പ്രേക്ഷകര്‍. അഭിഷേക് ബച്ചനും അനില്‍കപൂറിന്റെ മകള്‍ സോനം കപൂറും നായികാനായകന്‍മാരാകുന്ന സിനിമയില്‍ വഹീദ റഹ്മാന്‍, ഋഷി കപൂര്‍, ഓംപുരി, എംടിവി വിജെ സൈറസ്, പവന്‍ മല്‍ഹോത്ര, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്ളൈമാക്സില്‍ അമിതാഭ് ബച്ചന്റെ ഗസ്റ്റ് അപ്പിയറന്‍സുമുണ്ട്.
അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ കുടുംബത്തിന്റെ ആംഗിളില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. വല്യമ്മയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടിലേക്ക് അവരോടൊപ്പം പുറപ്പെടുന്ന അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന റോഷന്‍ എന്ന കഥാപാത്രത്തെയാണ് അഭിഷേക് ബച്ചന്‍ അവതരിപ്പിക്കുന്നത്. പഴയ ഡല്‍ഹിയിലെ പിന്‍കോഡ് നമ്പരാണ് സിനിമയുടെ പേരായി സ്വീകരിച്ചിരിക്കുന്നത്- ഡല്‍ഹി 6.
ഡല്‍ഹിയുടെ ചിത്രങ്ങളാണ് ചിത്രത്തിന്റെ ആദ്യപകുതി വരെ അവതരിപ്പിക്കുന്നതെന്നു പറയാം. ഒരു സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും നാട്ടുകാര്‍ ഇടപെടുന്ന ഒരേയൊരു പൊലീസുകാരന്റെ രീതികളുമൊക്കെയായി ഇഴഞ്ഞു നീങ്ങുന്ന സിനിമയില്‍ പുതതിയ കഥാപാത്രങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതല്ലാതെ ആദ്യപകുതിയില്‍ കഥാപുരോഗതി ഉണ്ടാകുന്നില്ല. സിനിമയുടെ അടിസ്ഥാനപ്രമേയം എന്താണെന്ന കാര്യത്തില്‍ പ്രേക്ഷകന് ഒരു ചിത്രം ലഭിക്കുന്നില്ല. അമേരിക്ക നല്‍കുന്ന കൊതിപ്പിക്കുന്ന സ്വാതന്ത്യ്രവും വ്യക്തിസുരക്ഷയുമൊക്കെ ഡയലോഗുകളിലൂടെ വന്നുപോകുമ്പോള്‍ ദുരിതമാണെങ്കിലും ഇന്ത്യയുടെ നിഗൂഢമായ ആകര്‍ഷണവും തമ്മിലുള്ള നിഴല്‍യുദ്ധം സിനിമയില്‍ പ്രകടമാണ്. എങ്കിലും പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഞാന്‍ അമേരിക്കയ്ക്കു തിരിച്ചുപോവും എന്നു പറയുന്ന കഥാപാത്രങ്ങള്‍ ഇടയ്ക്കെങ്കിലും അരോചകമാവുന്നുണ്ട്.
കരിങ്കുരങ്ങാണ് സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ ഭീതി പരത്തിയ കുരങ്ങിനെ ഇപ്പോള്‍ ഉപയോഗിച്ചതിന്റെ പ്രസക്തി എന്താണെന്നു മനസ്സിലാവുന്നില്ല. സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ ഡല്‍ഹിയെ അലോസരപ്പെടുത്തിക്കൊണ്ട് കുരങ്ങന്‍ അജ്ഞാതനായി പരാക്രമങ്ങള്‍ നടത്തുകയാണ്. അച്ഛന്‍ ഹിന്ദുവും അമ്മ മുസ്ലിമുമായുള്ള അഭിഷേകിന്റെ കഥാപാത്രം കുരങ്ങന്റെ പേരില്‍ നടക്കുന്ന വര്‍ഗീയസംഘര്‍ഷങ്ങളില്‍ ഒറ്റപ്പെടുകയാണ്. ചിത്രത്തിലുടനീളം കടുത്ത വര്‍ണങ്ങളില്‍ ഉപയോഗിക്കുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും എത്രത്തോളം സത്യസന്ധമാണെന്ന് പറയാന്‍ വയ്യ. കുരങ്ങന്റെ ആക്രമണത്തില്‍ പരുക്കേറ്റ വഹീദയെയും കൊണ്ട് ആശുപത്രിയിലേക്കുള്ള യാത്രയില്‍ വഴി തടഞ്ഞുകൊണ്ട് പശുവിന്റെ പ്രസവമെടുക്കുന്ന ഹിന്ദുസന്യാസിമാരും സമാനമായ രംഗങ്ങളും കടുത്ത ഭാഷയിലുള്ള ആശയവിനിമയമാണ് നടത്തുന്നത്.
രണ്ടാം പകുതിയില്‍ സിനിമയെ അതിന്റെ ചക്രം പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ പരാജയപ്പെട്ട ഏതോ ജനകീയസിനിമയുടെ ഫോര്‍മുലകള്‍ ആവര്‍ത്തിക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചിരിക്കുന്നു എന്നു തോന്നും. പരസ്പരം പങ്കുവയ്ക്കാതെ ഒരു പ്രണയം എന്തിനാണ് ക്ളൈമാക്സ് വരെ കാത്തുവച്ചത് എന്നതിനൊരു ന്യായവും കണ്ടെത്താന്‍ കഴിയില്ല. ഏറ്റവും ഒടുവില്‍ ആദ്യം മുതല്‍ പറഞ്ഞ യാഥാര്‍ഥ്യത്തെ ബിംബവല്‍കരിച്ചുകൊണ്ട് കരിങ്കുരങ്ങന്‍മാര്‍ നമ്മുടെ മനസ്സുകളില്‍ തന്നെയാണ് എന്ന സാരോപദേശം ഏറെക്കുറെ എല്ലാ കഥാപാത്രങ്ങളെക്കൊണ്ടും ആവര്‍ത്തിച്ചു പറയിച്ചതിനു പുറമേ തീര്‍ത്തും അനാവസ്യമായി അമിതാഭ് ബച്ചനെ സ്പെഷലായി കൊണ്ടുവന്ന് അതു വീണ്ടും പറയിച്ചത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നു കണ്ടറിയണം.
അമേരിക്കന്‍ ബോയ് ഇമേജിനു വഴങ്ങാത്ത ശരീരഭാഷയും അഭിനയശൈലിയുമായി അഭിഷേക് സിനിമയില്‍ കാര്യമായൊന്നും ചെയ്യാനില്ലാതെ അലഞ്ഞുനടക്കുന്നു എന്നു പറയാം. ബോളിവുഡ് നായികമാരില്‍ പൊതുവായി കണ്ടുവരുന്ന സംഗതികളൊന്നും ഇല്ലാത്ത സോനം കപൂറിന്റെ ഭാവിയും പ്രവചിക്കാറായിട്ടില്ല. മികച്ച അഭിനയം കൊണ്ട് വഹീദ റഹ്മാനും ഋഷി കപൂറും ഓം പുരിയുമൊക്കെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കും. സൈറസിന് വിജെ പണി മാത്രമല്ല അഭിനയവും വശമാണെന്ന് വീണ്ടും തെളിയിച്ചിട്ടുണ്ട്. മികച്ച ക്യാമറയും കലാസംവിധാനവും എടുത്തുപറയേണ്ട ഘടകങ്ങള്‍ തന്നെ.
എ.ആര്‍ റഹ്മാന്റെ ഗാനങ്ങളാണ് ഡല്‍ഹി 6 ലുള്ളത്. മസക് അലി എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റാണ്. ഗാനങ്ങളില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട ചിത്രീകരണമുള്ളതും മസക് അലിയിലാണ്. മോഹിത് ചൌഹാന്റെ ആലാപനം ഗാനത്തെ വ്യത്യസ്തമാക്കിയിട്ടുണ്ട്. റഹ്മാന്‍ പരീക്ഷണങ്ങളോ പുതുമകളോ നല്‍കാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും റഹ്മാന്‍ ടച്ച് ഒന്നുമാത്രം ഗാനങ്ങള്‍ക്ക് വല്ലാത്ത ഉണര്‍വ്വാണ് നല്‍കിയിരിക്കുന്നത്. റഹ്മാന്‍ തന്നെ ആലപിച്ച രഹ്നാ തൂ എന്ന ഗാനവും മനോഹരമാണ്.











