സതാംപ്റ്റണില്‍ നിന്നു സണ്ണിക്കുട്ടി

പ്രിയപ്പെട്ട ചാച്ചനും അമ്മച്ചിക്കും,

രാത്രി രണ്ടു രണ്ടര മണിയായിക്കാണും. വീടെല്ലാം അടിച്ചുവാരി ഞാന്‍ ഒന്‍പതു മണിക്കാണ് ഉറങ്ങാന്‍ കിടന്നത് ലിന്‍ഡ അവളുടെ നീഗ്രോ ഫ്രണ്ടിനൊപ്പം ആദ്യത്തെ ഡേറ്റ് കഴിഞ്ഞ് നേരത്തെ വന്നുകിടന്നിരുന്നു. ഫിലോമിന നൈറ്റ് ഡ്യൂട്ടിക്കിടയില്‍ വിളിച്ച് മരുന്നൊക്കെ കഴിച്ചോ എന്നന്വേഷിച്ചിട്ടു ഫോണ്‍ വച്ചതേ എനിക്കോര്‍മയുള്ളൂ. ഭീകരമായ ഒരലര്‍ച്ച കേട്ടാണ് ഞാനുണര്‍ന്നത്. ആന്‍ഡ്രൂവിന്റെ റൂമില്‍ നിന്നാണ് ശബ്ദം കേട്ടത്. ഞാന്‍ ചെന്നു നോക്കുമ്പോള്‍ ആന്‍ഡ്രൂ കിടക്കയില്‍ എണീറ്റിരിക്കുകയാണ്. ചാച്ചന് ആന്‍ഡ്രൂവിനെ ഓര്‍മയുണ്ടോ ? എന്റെ മൂത്തമകന്‍. അവന് വയസ്സ് 22 കഴിഞ്ഞു. എത്ര പെട്ടെന്നാണ് കുട്ടികള്‍ വളരുന്നത് അല്ലേ ? അമേരിക്കയില്‍ പ്രത്യേകിച്ചും.

ഞാന്‍ ആന്‍ഡ്രൂവിനടുത്തു ചെന്നു എന്തുപറ്റിയെന്നു ചോദിച്ചു. അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞത് എന്താണെന്ന് ചാച്ചനറിയാമോ ? ഐ ഹാവ് എ ബാഡ് ഡ്രീം എബൌട്ട് മൈ ഗ്രാന്‍ഡ്ഫാദര്‍.. ഐ വാണ്‍ഡ് ടു സീ മൈ ഗ്രാന്‍ഡ് ഫാദര്‍.. എന്ന്. സത്യം പറയാമല്ലോ ചാച്ചാ, ഞാന്‍ നിന്നിടത്തു നിന്ന് കരഞ്ഞുപോയി. ചാച്ചന്‍ ഇവിടെ വന്നപ്പോള്‍ അവന്‍ ബേസ്ബോള്‍ എറിഞ്ഞ് ചാച്ചന്റെ തലപൊട്ടിച്ചതും കാറില്‍ ന്യൂയോര്‍ക്ക് കാണിക്കാമെന്നു പറഞ്ഞ് 700 കിലോമീറ്റര്‍ ദൂരെ കാട്ടില്‍ കൊണ്ടുപോയി ഇറക്കിവിട്ടതും 7 ദിവസം കഴിഞ്ഞ് നടന്നും ഇഴഞ്ഞുമൊക്കെയായി ചാച്ചന്‍ വീണ്ടും വീട്ടിലെത്തിയതുമൊക്കെ ചാച്ചന്‍ മറന്നു കാണില്ല എന്നെനിക്കറിയാം. അതൊന്നും അവന് ചാച്ചനെ ഇഷ്ടമില്ലാത്തതുകൊണ്ടായിരുന്നില്ല എന്ന് ചാച്ചന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ? എല്ലാം സ്നേഹക്കൂടുതല്‍ കൊണ്ടുള്ള തമാശകളായിരുന്നു. അല്ലെങ്കിലും ഇപ്പോഴത്തെ കുട്ടികളുടെ തമാശകള്‍ നമുക്കു മനസ്സിലാവില്ല.

കഴിഞ്ഞയാഴ്ച തന്നെ അവനൊരു പെണ്ണിനേം കൊണ്ട് ഇവിടെ കയറി വന്ന് ലീന്‍ഡയുടെയും ഫിലോമിനയുടെയും മുന്നില്‍ വച്ച് ചില ഇംഗീഷ് സിനിമകളില്‍ കാണുന്നതുപോലെയുള്ള പരിപാടികള്‍ തുടങ്ങി. അതു കണ്ടോണ്ട് കയറി വന്ന ഞാന്‍ അതു ചോദ്യം ചെയ്തപ്പോള്‍ യു ആസ് ഫക്കിങ് സ്കൌണ്ട്രല്‍, ഐ വില്‍ കിക്ക് ഔട്ട് യു ഫ്രം ദിസ് ഹൌസ് എന്നു പറഞ്ഞ് ആ പെണ്ണിന്റെ മുന്നില്‍ വച്ച് എന്നെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി താങ്ങിയ താങ്ങു കണ്ടാല്‍ ചാച്ചനൊന്നും സഹിക്കുകേല. എന്നു കരുതി അവന്‍ സ്നേഹമില്ലാത്തവനാണെന്നു കരുതരുത്. പിള്ളേരുടെ ഓരോരോ തമാശകളാണതൊക്കെ.

അവന്‍ ചാച്ചനെ സ്വപ്നം കണ്ട് കരഞ്ഞു എന്നൊക്കെ പറയുമ്പോള്‍ രക്തബന്ധത്തിന്റെ ആഴം എത്ര ഭയങ്കരമാണെന്ന് ഓര്‍ക്കണം. അല്ലെങ്കിലും അവന് ചാച്ചന്റെ അതേ ഛായയാണെന്ന് ഇവിടെ ചാച്ചനെ കണ്ടിട്ടില്ലാത്തവര്‍ പോലും പറയുന്നുണ്ട്. അന്നുമുതല്‍ സത്യം പറഞ്ഞാല്‍ എനിക്കും ഒരു വിഷമമാണ്. ചാച്ചന്റെ ആരോഗ്യത്തെക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ തീരെ ഉറക്കവും കിട്ടുന്നില്ല. ഇന്നലെ ലിന്‍ഡമോളും അതേ സ്വപ്നം കണ്ടു എന്നാണ് പറയുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്കെല്ലാം ഭയങ്കര ആശങ്കയാണ്.

ആറേഴു വര്‍ഷമായി ഒരു ഫോണ്‍ കോള്‍ പോലുമില്ലാതിരുന്നിട്ട് പെട്ടെന്ന് ഇങ്ങനൊരു കത്തയക്കുമ്പോള്‍ ചാച്ചന് അദ്ഭുതം തോന്നും. ചാച്ചനറിയാമോ ചാച്ചന്റെ എല്ലാ പിറന്നാളിനും ഞാന്‍ ഇവിടടുത്തുള്ള ബ്ളാക് മഡോണ പള്ളിയില്‍ പോയി നെഞ്ചുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. സ്വത്ത് ഭാഗം വച്ചതിനു ശേഷം ഇത്രയും കാലം പിന്നെന്തു കൊണ്ട് തിരിഞ്ഞുനോക്കിയില്ല എന്നു ചാച്ചന്‍ ചോദിച്ചേക്കാം. എല്ലാം മനപൂര്‍വമായിരുന്നു. ഞങ്ങള്‍ വല്ലാതെ അടുപ്പം കാണിച്ചാല്‍ ചാച്ചനു പെട്ടെന്ന് വാര്‍ധക്യം ബാധിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി. ചാച്ചന്‍ വാശിയോടെ പിടിച്ചുനില്‍ക്കുന്നതിനു വേണ്ടി ഞങ്ങള്‍ മനപൂര്‍വം അവഗണിച്ചതായി അഭിനയിക്കുകയായിരുന്നു.

ഞങ്ങളുടെ കൂടെ വന്നു നില്‍ക്കാമെന്നു പറഞ്ഞ് ചാച്ചനും അമ്മച്ചിയും കൂടി ഒരു നൂറ് കത്തയച്ചിട്ടും ഞങ്ങള്‍ ഒന്നിനും മറുപടി അയക്കാത്തതും മനപൂര്‍വമായിരുന്നു. നാട്ടിലെ നിങ്ങളുടെ വേരുകള്‍ അറുത്തുമാറ്റി ഈ കോണ്‍ക്രീറ്റ് സംസ്കാരത്തില്‍ നിങ്ങളെ തടവിലിടാന്‍ ഞങ്ങള്‍ക്ക് സമ്മതമില്ലായിരുന്നു. അങ്ങനെ മനസ്സു മുരടിപ്പിച്ച് ഷോകേയ്സില്‍ വച്ചിരിക്കുന്നതുപോലെ നിങ്ങളെ ഇവിടെ കാഴ്ചവസ്തുവാക്കി കൊണ്ടുനടക്കാന്‍ ഞങ്ങളുടെ മനസ്സാക്ഷി ഒരിക്കലും അനുവദിച്ചിട്ടില്ല.

നാട്ടില്‍ ചാച്ചന്റെയും അമ്മച്ചിയുടെയും പേരിലുള്ള രണ്ടേക്കര്‍ മരച്ചീനിത്തോട്ടം ഭംഗിയായി പോകുന്നുണ്ടെന്നു കരുതുന്നു. സാമ്പത്തികമാന്ദ്യം മരച്ചീനിയെ ബാധിക്കില്ല എന്നാണു കേള്‍ക്കുന്നത്. എലിയുടെ ഉപദ്രവം ഉണ്ടോ ? എലിയെ പിടിക്കാന്‍ അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്നുണ്ട്. ഞങ്ങള്‍ വരുമ്പോള്‍ അതിന്റെ വലിയൊരു പായ്ക്ക് കൊണ്ടുവരാം.

ജര്‍മനിയില്‍ നിന്ന് ജോര്‍ജിന്റെയും കുവൈത്തില്‍ നിന്ന് സോഫിയുടെയും ഓസ്ട്രേലിയയില്‍ നിന്ന് ജോസഫിന്റെയും വിവരങ്ങള്‍ ഒന്നുമില്ലെന്ന് പ്രതീക്ഷീക്കുന്നു. ഭാഗം കിട്ടിയ കാശ് കൊണ്ട് ജോര്‍ജ് അവിടെ വാങ്ങിയ വീട് വില്‍ക്കാനിട്ടിരുന്നതിന് ഇപ്പോള്‍ പത്തുരൂപ പോലും വില കിട്ടുന്നില്ല. ജോലി പോയിക്കഴിഞ്ഞതില്‍ പിന്നെ ജോര്‍ജ് നാട്ടിലേക്കു മടങ്ങാനുള്ള ചില ആലോചനകള്‍ നടത്തുന്നതായി ഞാനറിഞ്ഞു. അവിടെ ഒരു യൂണിവേഴ്സിറ്റിയില്‍ കപ്പക്കൃഷിയില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള പാര്‍ട് ടൈം കോഴ്സിനു ചേര്‍ന്നിട്ടുണ്ട്. ചാച്ചന്റെ രണ്ടേക്കര്‍ കപ്പത്തോട്ടം തട്ടിയെടുക്കാനുള്ള പരിപാടിയാണ് അത്. ജോര്‍ജിന്റെ കത്തോ മറ്റോ വന്നാല്‍ തുറന്നു നോക്കാന്‍ കൂടി നില്‍ക്കേണ്ട. ഇനി ഞാനൊരു സത്യം കൂടി പറയാം, വീട്ടില്‍ ജോര്‍ജിന് പട്ടിയുടെ വിലയാണ്. ഭരണം അവളാണ്. നമ്മുടെ തറവാട്ടില്‍ കേട്ടുകേഴ്വിയുള്ള സമ്പ്രദായമാണോ അത് ? അവരെങ്ങാനും നാട്ടില്‍ വന്നാല്‍ ചാച്ചനെയും അമ്മച്ചിയെയും വീട്ടില്‍ നിന്ന് എപ്പോള്‍ തൊഴിച്ചു പുറത്താക്കിയെന്നു ചോദിച്ചാല്‍ മതി.

കുവൈത്തില്‍ വലിയ പ്രശ്നമില്ല എങ്കിലും സോഫിയും ജോസഫും ഒക്കെ നാട്ടിലേക്കു വരാന്‍ നോക്കുന്നുണ്ട്. ജോസഫ് കടംകയറി മൂടി ഇപ്പോള്‍ ദുരിതാശ്വാസക്യാംപു പോലുള്ള ഒരു സ്ഥലത്താണ് താമസം. മക്കളെ അനാഥാലയത്തിലാക്കിയിരിക്കുകയാണെന്നു കേട്ടു. സത്യത്തില്‍ എല്ലാം വെറുതെയാണ് മാന്ദ്യമെന്നു പറഞ്ഞ് ചാച്ചന്റെയും അമ്മച്ചിയുടെയും പേരിലുള്ള ആ കപ്പത്തോട്ടം കൂടി തട്ടിയെടുക്കാനുള്ള സൂത്രമാണ്.

ഇതെല്ലാം കൂടി വായിച്ച് ചാച്ചന്‍ ടെന്‍ഷന്‍ അടിക്കരുത്. എന്നും ചാച്ചന് ഇഷ്ടം കൂടുതല്‍ എന്നോടായിരുന്നല്ലോ. ചാച്ചന് ഒരു ബുദ്ധിമുട്ടു വരുമ്പോള്‍ എനിക്കു മറ്റൊന്നും നോക്കാനില്ല. എന്റെ ജോലിയോ ജീവിതമോ സമ്പാദ്യമോ ഒന്നും എനിക്കിപ്പോഴില്ല, അല്ല എനിക്കിപ്പോഴൊരു പ്രശ്നമല്ല. പണ്ട് ചാച്ചന്റെ കൂടെ ആ പറമ്പിലൊക്കെ ഓടി നടന്നതും കപ്പേടെ മൂടു മാന്തിയതും കത്രിക വച്ച് എലിയെ പിടിച്ചതുമൊക്കെ പച്ചപിടിച്ച ഓര്‍മയായി മനസ്സില്‍ തന്നെ നില്‍ക്കുന്നു. ഇനിയും ചാച്ചന്റെയും അമ്മച്ചിയുടെയും ആ സ്നേഹത്തില്‍ നിന്ന് ഞങ്ങള്‍ അകന്നു നില്‍ക്കില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് ഞങ്ങള്‍ അങ്ങോട്ടു വരികയാണ്.

ഇനിയുള്ള കാലം നമുക്കെല്ലാവര്‍ക്കും കൂടി അവിടെ ഒന്നിച്ചു ജീവിക്കാം. ആ കപ്പത്തോട്ടമാണ് ഇനിയെന്റെ കമ്പനി. മാന്ദ്യം വന്ന് ജോലിയും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടപ്പോള്‍ ഞാനിടുന്ന ഒരു നമ്പരാണിതെന്ന് ജോര്‍ജോ മറ്റോ ചാച്ചനോടു പറഞ്ഞാല്‍ വിശ്വസിക്കരുത്. അവനെക്കൊണ്ട് അവള്‍ പറയിക്കുന്നതാണ്. എനിക്ക് എന്റെ എല്ലാം ചാച്ചനും അമ്മച്ചിയുമാണ്. വരുന്ന ബുധനാഴ്ച രാവിലെ 10 മണിക്ക് ഞങ്ങള്‍ അവിടെ വരും. കഷ്ടപ്പെട്ട് ചാച്ചന്‍ നെടുമ്പാശേരിയിലൊന്നും വരേണ്ട. വരേണ്ട എന്നു പറഞ്ഞാലും ചാച്ചന്‍ വരുമെന്നറിയാവുന്നതുകൊണ്ട് ഞങ്ങള്‍ ഇത്തവണ ട്രെയിനിലാണ് വരുന്നത്. ട്രെയിനില്‍ കോട്ടയത്തു വന്നിട്ട് അവിടുന്ന് കെഎസ്ആര്‍ടിസി ബസില്‍ എത്തിക്കോളാം. വരുമ്പോള്‍ വല്ലതും കഴിക്കാന്‍ എടുത്തു വയ്ക്കണമെന്ന അപേക്ഷയോടെ നിര്‍ത്തുന്നു,

സ്വന്തം സണ്ണിക്കുട്ടി.

Related Posts with Thumbnails
blog comments powered by Disqus