ഷാറൂഖ് തോല്‍ക്കുന്നു മമ്മൂട്ടിയോട് (ബില്ലു (ബാര്‍ബര്‍)- റിവ്യൂ)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഷാറൂഖ് ഖാന്‍ ചിത്രം ബില്ലു (ബില്ലു ബാര്‍ബര്‍) ബോളിവുഡ് ആംഗിളില്‍ നിന്നു നോക്കുമ്പോള്‍ നല്ലൊരു എന്റര്‍ടെയിനറാണ്. പക്ഷെ, ക്ളൈമാക്സില്‍ ഷാറൂഖ് ഖാന്‍ എന്ന നടന്‍ നമ്മുടെ നാടന്‍ മമ്മൂട്ടിയോടു നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുന്ന ദയനീയമായ കാഴ്ച കഥ പറയുമ്പോള്‍ എന്ന സിനിമ കണ്ടവരെ നിരാശപ്പെടുത്തും. അതുകൊണ്ട് തന്നെ ഷാരൂഖിന്റെ കണ്ണീര്‍ക്കഥ വിരിയുന്ന സ്കൂള്‍ സീനില്‍ ജനം കൂവി രസിക്കുകയാണ്. സിനിമയെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ സത്യവും ഇതു തന്നെയാണ്.
കഥ പറയുമ്പോള്‍, കുചേലന്‍, ബില്ലു (ബാര്‍ബര്‍) എന്നീ സിനിമകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ, ഷാറൂഖ് ഖാനും രജനീകാന്തും മമ്മൂട്ടിയെക്കാള്‍ വലിയ താരങ്ങളായിരിക്കാം. അവര്‍ക്ക് ജനലക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള ശക്തിയുണ്ടായിരിക്കാം, പക്ഷെ, മലയാളത്തിന്റെ മമ്മൂട്ടിയോളം അഭിനയശേഷി ഈ വന്‍താരങ്ങള്‍ക്കില്ല. ബില്ലുവിന്റെ ക്ളൈമാക്സ് രംഗം കാണുന്ന ഓരോ പ്രേക്ഷകനും അതു സമ്മതിക്കും. ഷാറൂഖ് ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, ലാറ ദത്ത തുടങ്ങിയവര്‍ അഭിനയിച്ച സിനിമ കണ്ടിറങ്ങുന്നവര്‍ ഹൊ, ഈ മമ്മൂട്ടിയെ സമ്മതിക്കണം എന്നു പറയുന്നതിന്റെ കാര്യം മനസ്സിലാകണമെങ്കില്‍ സിനിമ കാണുക തന്നെ വേണം. കഥ പറയുമ്പോള്‍ എന്ന സിനിമയുടെ അപ്പുറത്തുപോകുന്ന അഭിനയമുഹൂര്‍ത്തം കാത്ത് കണ്ണുതുടയ്ക്കാന്‍ തയ്യാറായിരുന്ന പ്രേക്ഷകര്‍ കിങ് ഖാന്റെ പ്രകടനം കണ്ട് അയ്യേ എന്നു പറഞ്ഞുപോയി.
മലയാളത്തില്‍ മാത്രം പരിചിതമായ വികാരഭരിതമായ നീണ്ട രംഗം അത്തരം സങ്കേതങ്ങള്‍ പരിചിതമല്ലാത്ത ഹിന്ദിയില്‍ പരീക്ഷിച്ചതു തന്നെയാവണം ആ രംഗം പരാജയപ്പെടാന്‍ കാരണം എന്നൂഹിക്കാം. റബ് നേ ബനാദി ജോഡിയില്‍ അഭൂതപൂര്‍വമായ പ്രകടനം വഴി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷാറൂഖ് അഭിനയശേഷി ഉള്ള നടന്‍ തന്നെ. മലയാളസിനിമയെ അതേ പടി ഹിന്ദിയില്‍ പറിച്ചു നടാന്‍ ശ്രമിച്ച ചിത്രത്തിന്റെ നിര്‍മാതാക്കളെ പറഞ്ഞാല്‍ മതിയല്ലോ. തീര്‍ച്ചയായും ഹൃദയത്തില്‍ സ്പര്‍ശിക്കാന്‍ കഴിയാതെ പോയ ഡയലോഗുകളും അതിനു കാരണമായിട്ടുണ്ട്.
ദറെഡ് ചില്ലീസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ ഷാറൂഖിന്റെ ഭാര്യ ഗൌരി ഖാന്‍ നിര്‍മിച്ച് ഇറോസ് ഇന്റര്‍നാഷനല്‍ വിതരണത്തിനെത്തിക്കുന്ന സിനിമ ലോകമെമ്പാടും 1000 തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മുപ്പത്തഞ്ചോളം തിയറ്ററുകളിലും. സിനിമ ഫ്രെയിം ടു ഫ്രെയിം റീമേക്ക് അല്ല എന്നത് ആദ്യപകുതിയില്‍ ശരിയാണ്. പക്ഷെ, രണ്ടാം പകുതി ഏറെക്കുറെ ഫ്രെയിം ടു ഫ്രെയിം റീമേക്ക് തന്നെ. ഈപ്പച്ചന്‍ മുതലാളിയെ ഈച്ചപ്പന്‍ മുതലാളി എന്നു വിളിക്കുന്ന ചീഞ്ഞ നമ്പര്‍ വരെ അതേപടി ആവര്‍ത്തിച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ.
ഇതിനു പുറമേ, മായാവി എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിനെ അവതരിപ്പിക്കുന്ന രംഗം (കാറിന്റെ ഡോറുമായി സൈക്കിളില്‍ സഞ്ചരിക്കുന്ന ക്ളോസ് ടു വൈഡ് സീന്‍) അതേപടി അനുകരിച്ചിരിക്കുന്നു. ഇതിനു പുറമേ സൂപ്പര്‍ സ്റ്റാര്‍ സഹീര്‍ ഖാന്‍ താമസിക്കുന്ന ഗസ്റ്റ് ഹൌസിന്റെ അഭിനയമോഹിയായ മാനേജരെ സിനിമയിലെ സിനിമയില്‍ പൊലീസുകാരന്റെ വേഷം നല്‍കി കുരങ്ങുകളിപ്പിക്കുന്നുണ്ട്. അഴകിയ രാവണന്‍ എന്ന സിനിമയിലെ തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും ഞാന്‍ പെറുക്കിയെടുത്തു, ഇനി കൃഷ്ണന്‍ കുട്ടി ചേട്ടന്റെ വീടു മാത്രമേ ബാക്കിയുള്ളൂ എന്ന സീനിന്റെ വികലമായ അനുകരണം.
സിനിമയുടെ കഥയെപ്പറ്റി പുതുതായൊന്നും പറയാനില്ല. കുചേലനിലെപ്പോലെ ബില്ലുവിലും മുകേഷിന്റെ കഥാപാത്രവും പാരലല്‍ കോളജും പൂര്‍ണമായും ഒഴിവാക്കി. കറങ്ങുന്ന കസേര വാങ്ങാന്‍ ലോണിനു കൈക്കൂലി വേണമോ വേണ്ടയോ എന്ന കത്തില്‍ നിന്നു തുടങ്ങുന്ന സിനിമ വിസ്മയകരമായ വേഗത്തിലാണ് മുന്നോട്ടു പോകുന്നത്. കഥ പറയുമ്പോളിലെ ചട്ടി പൊട്ടിക്കല്‍ ഡയലോഗ് വിടല്‍ പരിപാടികള്‍ എല്ലാം ഒഴിവാക്കിയതും ആദ്യ ഭാഗത്തു തന്നെ മെഗാസ്റ്റാര്‍ സാഹിര്‍ ഖാനെ അവതരിപ്പിച്ചതും സിനിമയ്ക്കു വല്ലാത്ത ത്രില്‍ പകര്‍ന്നിട്ടുണ്ട്.
ഷാറൂഖ് ഖാന്‍ എന്ന താരത്തിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കുന്ന സിനിമയില്‍ ഷാറൂഖിന്റെ വരവു തന്നെ ബഹിരാകാശത്തു നിന്നാണ്. ബഹിരാകാശ വാഹനത്തില്‍ വന്നിറങ്ങുന്ന ഷാറൂഖ് ദീപിക പദുകോണിനൊപ്പം (പെങ്കൊച്ച് ഇനി കാണിക്കാന്‍ ബാക്കിയൊന്നുമില്ല) ആദ്യത്തെ മാമ്പുള്ളിക്കാവ് പാടുന്നു. സിനിമയില്‍ ആകെ മൂന്നു മാമ്പുള്ളിക്കാവ് ആണുള്ളത്. രണ്ടാമത്തേതില്‍ പ്രിയങ്ക ചോപ്രയും മൂന്നാമത്തേതില്‍ കരീന കപൂറുമാണ്. മൂന്നു പേരും അതിഥി താരങ്ങളാണ്. വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്ന ഗാനത്തിന്റെ ഹിന്ദി വേര്‍ഷന്‍ അത്ര പോര എന്നു പറയാം. പക്ഷെ, രംഗങ്ങള്‍ നന്നായി.
ബുദ്ബുദേ എന്ന ബോളിവുഡ് മേലുകാവ് സൃഷ്ടിച്ച കലാസംവിധായകന്‍ സാബു സിറിള്‍ അവിസ്മരണീയമായ ദൃശ്യാനുഭവമാണ് നമുക്ക് നല്‍കുന്നത്. ആദ്യപകുതിയില്‍ ആത്മവിശ്വാസത്തോടെ ഇടപെടുന്ന പ്രിയദര്‍ശന്‍ രണ്ടാം പകുതിയില്‍ കൈവിട്ടൊരു കളിക്ക് ധൈര്യപ്പെടുന്നില്ല. അതേ സ്കൂളും ജൂഹിലി ഉദ്ഘാടനവുമൊക്കെ ഒരു മാറ്റവുമില്ലാതെ പുനരാവിഷ്കരിച്ചത് (സീന്‍ ഓര്‍ഡറില്‍ പോലും മാറ്റമില്ലാതെ) ഇമോഷണല്‍ ക്ളൈമാക്സ് ഒന്നു കൊണ്ടു മാത്രം വിജയിച്ച സിനിമയെ ഏതെങ്കിലും തരത്തില്‍ മാറ്റുന്നത് ദേഷകരമാവും എന്നതു കൊണ്ട് തന്നെയാവാം.
ഷാറൂഖ് ഖാന്‍ മമ്മൂട്ടിയുടെ അഭിനയമികവിന്റെ അടുത്തെത്താനാവാതെ പരാജയപ്പെടുമ്പോള്‍ തന്റെ അവിസ്മരണീയ പ്രകടനം കൊണ്ട് നമ്മുടെ ജീനിയസ് ശ്രീനിവാസനെ ഇല്ലായ്മ ചെയ്യുകയാണ് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ഖാന്റെ പ്രകടനം തന്നെയാണ് സിനിമയില്‍ മികച്ചു നില്‍ക്കുന്നത്. ബാര്‍ബര്‍ ബാലന്‍ എന്ന വിഡ്ഡി കഥാപാത്രത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നതില്‍ ഇര്‍ഫാന്‍ ഗംഭീരമായി വിജയിച്ചു. ബാര്‍ബറുടെ ഭാര്യയായി മുടി ഹെന്ന ചെയ്തും മേക്കപ്പിട്ടും അഭിനയിച്ച മീന ബില്ലുവിന്റെ ഭാര്യയായ പഴയ ലോകസുന്ദരി ലാറ ദത്തയുടെ മുമ്പില്‍ വല്ലാതെ ചെറുതാകുന്നുണ്ട്. പരാധീനക്കാരിയായ നാടന്‍ പെണ്ണായി ലാറ മനോഹരമായ അഭിനയം കാഴ്ച വച്ചിരിക്കുന്നു.
ആധുനിക ബാര്‍ബറായി കഥ പറയുമ്പോളിലഭിനയിച്ച ജഗദീഷ് അതേ റോളില്‍ തിളങ്ങുന്നു. നടന്‍ എന്ന നിലയില്‍ ജഗദീഷ് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടാന്‍ അനുയോജ്യമായ വേഷം, നല്ല പ്രകടനം. ഡബ് ചെയ്തിരിക്കുന്നത് ജഗദീഷ് അല്ലെങ്കിലും മികച്ച ഡയലോഗ് ഡെലിവറി ജഗദീഷിന്റെ പ്രകടനത്തിന്റെ മാറ്റു കൂട്ടുന്നു. കഥയുടെ ക്രെഡിറ്റ് പി.ശ്രീനിവാസനാണ് (നമ്മുടെ ശ്രീനിവായന്‍ തന്നെ പി. ആദ്യം കേള്‍ക്കുന്നു എന്നു മാത്രം). സിനിമയുടെ ആദ്യദിനത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നിരാശാജനകമാണ്. ബോളിവുഡില്‍ നിന്നുള്ള നിരൂപണങ്ങളും ബില്ലുവിന് ജസ്റ്റ് ആവറേജ് റേറ്റിങ് മാത്രമാണ് നല്‍കുന്നത്, ചിലതു മോശമെന്നും. എങ്കിലും ബോളിവുഡില്‍ തീര്‍ത്തും അപരിചിതമായ ഈ ട്രീറ്റ്മെന്റ് വിജയം കാണുമോ എന്നറിയാന്‍ രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടി വരും.












