ശരി, ഇനി ബ്ലോഗും പൂട്ടിയേക്കാം !
ഇത്രയധികം ശത്രുക്കള്‍ ഉള്ള ബ്ലോഗറായിരുന്നു ഞാന്‍ എന്ന് അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്, അവരില്‍ ഏതാണ്ട് 99 ശതമാനവും അനോണികളാണെന്നതില്‍ നിരാശയുണ്ടെങ്കിലും. ബ്ലോഗര്‍ എന്ന നിലയില്‍ വളരെ നിര്‍ണായകമായ ഒരവസ്ഥയിലാണ് ഞാന്‍ നില്‍ക്കുന്നതെന്നു തോന്നുന്നു. നിഷ്കളങ്കരായ വായനക്കാരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയ അഹങ്കാരിയായ ബ്ലോഗര്‍. എന്റെ മനസ്സിലിരിപ്പും ചിന്താഗതികളും ഒക്കെ പോളിഗ്രാഫ് പരിശോധന കഴിഞ്ഞിട്ടെന്ന പോലെ പലരും എഴുതിക്കാണുമ്പോള്‍ അതിലേറെ സന്തോഷമുണ്ട്. ബ്ലോഗും അതിലെ വിഷയവുമൊന്നുമല്ല, ബ്ലോഗറാണ് പ്രധാനം എന്ന നിലപാട് ഉറപ്പിക്കപ്പെടുകയാണ് എവിടെയും.
കമന്റ് ഓപ്ഷന്‍ പൂട്ടിയത് അബദ്ധമായിപ്പോയി എന്ന് ഞാന്‍ കരുതുന്നില്ല. അഹങ്കാരം കാരണം ഒരു രക്ഷയുമില്ലാതെ വന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നേരേ പോയി നല്ലവരായ വായനക്കാരുടെ നെഞ്ചത്തേക്കു കയറുകയായിരുന്നുവല്ലോ. അതിനെക്കാളൊക്കെ ഇഷ്ടപ്പെട്ടത് ഇതുവരെ ജയ് വിളികള്‍ മാത്രം കേട്ട് മലയാളം ബ്ലോഗിന്റെ കുലപതിയായി വാഴുകയായിരുന്ന ചെറ്റയായ എന്നെ ചെറുതായി ചിലരൊന്നു വിമര്‍ശിച്ചപ്പോഴേക്കും അസ്വസ്ഥനായി ഇനിയും വിമര്‍ശനം വന്നേക്കുമോ എന്നു പേടിച്ച് കമന്റ് ഓപ്ഷന്‍ പൂട്ടി എന്ന നിരീക്ഷണമാണ്. നോ കമന്റ്സ് എന്ന പോസ്റ്റിലാണ് കമന്റ് ഓപ്ഷന്‍ പൂട്ടുന്ന കാര്യം ഞാന്‍ പറഞ്ഞത്. അതിനുള്ള കാരണങ്ങളും അതില്‍ എഴുതിയിട്ടുണ്ടായിരുന്നു. അത് തികഞ്ഞ അഹങ്കാരം മാത്രമായിരുന്നു എന്നാണ് ഭൂരിപക്ഷം വായനക്കാരും കരുതുന്നതെങ്കില്‍ പലരും പറഞ്ഞതുപോലെ ഇനി ഞാന്‍ ബ്ലോഗ് ചെയ്യണോ വേണ്ടയോ എന്നതൊക്കെ വലിയ ധാര്‍മികപ്രശ്നമാണ്.
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, ഭീരുവായ ബെര്‍ളിയുടെ ചെറ്റത്തരത്തിനെതിരെ മലയാളം ബ്ലോഗ് വായനക്കാര്‍ക്കിടയില്‍ പ്രതിഷേധം അലതല്ലുകയാണെങ്കില്‍ അത് അവഗണിച്ചുകൊണ്ട് ഞാനിവിടെ ബ്ലോഗ് ചെയ്യുന്നതിനോട് എനിക്കു തന്നെ യോജിപ്പില്ല. കമന്റ് വേണ്ടെന്നു വച്ചതിനെക്കുറിച്ച് എനിക്കു കിട്ടിയ മെയിലുകളില്‍ കൂടുതലും അത് നന്നായി എന്ന മട്ടിലുള്ളതായിരുന്നു എന്നതിനാല്‍ എന്റെ തീരുമാനം വായനക്കാര്‍ക്ക് അനുകൂലമായിരുന്നു എന്നു തന്നെ ഞാന്‍ കരുതുന്നു. കുറെ നാളുകളായി കുറെയാളുകള്‍ കമന്റുകള്‍ വഴി നിങ്ങളെ മിസ്ലീഡ് ചെയ്യുന്നതും നിങ്ങള്‍ ഒരു കോമാളിയെപ്പോലെ കമന്റുകള്‍ക്കനുസരിച്ച് തുള്ളുന്നതും കണ്ട് വേദനിച്ചിരുന്ന ഒരു വായനക്കാരനാണ് ഞാന്‍- എന്നാണ് ഒരു മെയിലില്‍ പറയുന്നത്. ഏറെക്കുറെ എല്ലാ മെയിലുകളും ഇതേ അഭിപ്രായമാണ് പറയുന്നത്. വായനക്കാരന് വായിച്ചു കഴിയുമ്പോള്‍ തോന്നുന്ന വികാരം പ്രകടിപ്പിക്കാനുള്ള അടിസ്ഥാനപരമായ അവകാശം നിഷേധിച്ചത് നീതിയല്ല എന്നും മെയിലുകള്‍ ഉണ്ടായി.
ശരിയാണ്, അതു നീതിയല്ല. പക്ഷെ, ഇനി എന്ത് എഴുതണം എങ്ങനെ എഴുതണം എന്ന കാര്യത്തില്‍ സ്വതന്ത്രമായി ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത വണ്ണം കമന്റ് ബോക്സ് എനിക്ക് ഒരു ഭാരമായിത്തീര്‍ന്നാല്‍ ഒന്നുകില്‍ കമന്റ് ബോക്സ് അടയ്ക്കുക, അല്ലെങ്കില്‍ ബ്ലോഗ് നിര്‍ത്തുക എന്നതല്ലാതെ മറ്റൊരു വഴിയില്ല. കമന്റ് ബോക്സ് അടച്ചതുകൊണ്ട് ബ്ലോഗ് നിര്‍ത്തണം എന്ന വാദത്തോട് യോജിക്കാന്‍ കഴിയുന്നില്ല. എന്നാല്‍, എല്ലാ വായനക്കാരുടെയും അഭിപ്രായം അതാണെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്.
ഞാന്‍ ബ്ലോഗ് ചെയ്തിരുന്നത് കമന്റുകള്‍ക്കു വേണ്ടിയല്ല. ഒരു പോസ്റ്റിനെയോ ആശയത്തെയോ ക്രിയാത്മകമായി വളര്‍ത്താനോ അനുബന്ധ ചര്‍ച്ചകളിലേക്കു നയിക്കാനോ കമന്റുകള്‍ക്കു കഴിയുന്നില്ലെങ്കില്‍ ആ കമന്റ് ബോക്സ് വെയ്സ്റ്റ് ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ പോസ്റ്റിനും തേങ്ങ ഉടയ്ക്കുക, വായിക്കുന്നതിനു മുമ്പേ സൂപ്പര്‍ കലക്കി, ഇനി വായിച്ചേക്കാം എന്നൊക്കെ കമന്റിടുക തുടങ്ങിയ പരിപാടികളോടൊന്നും എനിക്കു യോജിപ്പില്ല. മുമ്പ് വിശാലന്റെ ബ്ലോഗില്‍ ഈ ഏര്‍പ്പാടു കണ്ട് എനിക്കു ദുഖം തോന്നിയിട്ടുണ്ട്. വിശാലന്‍ പക്ഷെ, നല്ല ബ്ലോഗറായിരുന്നു, എല്ലാ അര്‍ത്ഥത്തിലും.
ഞാന്‍ ഒരര്‍ത്ഥത്തിലും തീരെ നല്ലവനല്ല. എങ്കിലും കുറച്ചുനാളായി എന്തു പോസ്റ്റിട്ടാലും മിനിമം ഗാരണ്ടിയുള്ള കമന്റുകള്‍ കിട്ടുമെന്ന നിലയ്ക്ക് എന്റെ കമന്റ് ബോക്സ് മാറിയിരുന്നു. സുഖിപ്പിക്കല്‍ എനിക്കും ഇഷ്ടമാണ് എങ്കിലും എന്നെക്കാള്‍ അറിവും വിവരവും ലോകപരിചയവുമുള്ള കുറെയാളുകള്‍ ഇഷ്ടപ്പെട്ടു വായിക്കുന്ന എന്റെ ബ്ലോഗിന്റെ കമന്റ് ബോക്സ് അപഹാസ്യമാകും വിധം ബാലിശമായിത്തീരുന്നത് ബ്ലോഗര്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ചയാണെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ഞാന്‍ പറഞ്ഞു വരുന്നത് എന്നെ വിമര്‍ശിക്കുന്നവരെപ്പറ്റിയല്ല. വിമര്‍ശനവും തെറിയും രണ്ടും രണ്ടാണെന്നും രണ്ടിന്റെയും അതിര്‍വരമ്പുകള്‍ എവിടെയാണെന്നും എനിക്ക് ഏകദേശം അറിയാം. അടുത്ത കാലത്ത് സജീവമായ മറ്റൊരു കൃഷി കമന്റുകള്‍ വഴിയുള്ള പ്രകോപനമാണ്. കമന്റുകള്‍ വഴി പ്രകോപിപ്പിച്ച് സത്യസന്ധമെന്നും തോന്നുന്ന വിധത്തില്‍ ഘോരഘോരം ചര്‍ച്ചകള്‍ നടത്തി സ്വന്തം ബ്ലോഗ് നാലുപേരെ കാണിച്ച ശേഷം അയ്യേ പൂയ് പറ്റിച്ചേ ! എന്നു പറയുന്ന പരിപാടി. അന്നു പൂട്ടേണ്ടതായിരുന്നു കമന്റ്. ഇങ്ങനെ പലവിധത്തിലും എന്റെ ബ്ലോഗിനെ മറ്റുള്ളവര്‍ ദുരുപയോഗിക്കുന്ന ഒരു സാഹചര്യത്തിലാണ് ഞാന്‍ കമന്റ് പൂട്ടാന്‍ നിര്‍ബന്ധിതനായത്. എനിക്കതില്‍ ഒരു ശതമാനം പോലും പശ്ചാത്താപമില്ല.
എന്റെ ബ്ലോഗിന്റെ വായനക്കാര്‍ എല്ലാവരെയും എനിക്കറിയില്ല. എങ്കിലും ഞങ്ങളാണ് ഈ ബ്ലോഗിന്റെ വായനക്കാര്‍ അവന്‍ ഞങ്ങളെ ആക്ഷേപിച്ചു, അവനെ ബഹിഷ്കരിക്കുക, മലയാളത്തില്‍ ഒരു വാക്കുപോലും എഴുതാന്‍ അവനെ അനുവദിക്കാതിരിക്കുക, അവന്റെ ബ്ലോഗ് അടച്ചുപൂട്ടുക തുടങ്ങിയ ആഹ്വാനങ്ങളും മലയാളം ബ്ലോഗിലെ ഏറ്റവും വലിയ അഹങ്കാരി, ചെറ്റ, കഴുവേറി, അവന്റെ ബ്ലോഗ് ഇനി വായിക്കാന്‍ പോകുന്നവന്റെ തലയില്‍ ചാണകം കലക്കി ഒഴിക്കണം, അവന്റെ ബ്ലോഗില്‍ 16 സണ്‍ ഓഫ് ബിച്ചസ് വായനക്കാരായുണ്ട് തുടങ്ങിയ പ്രചാരണങ്ങളുമായി വന്‍ പ്രക്ഷോഭം നടത്തുന്ന അനോണികള്‍ എന്താണുദ്ദേക്കുന്നത് എന്നെനിക്കിപ്പോഴും മനസ്സിലായിട്ടില്ല. കുറെ അനോണികള്‍ തെറിവിളിച്ചാല്‍ ഞാന്‍ ബ്ലോഗ് നിര്‍ത്തിയിട്ടു പോകുമെന്നാണ് കരുതിയിരിക്കുന്നതെങ്കില്‍ അതു വെറുതെയൊരധ്വാനമാണ്.
ബെര്‍ളി പരമചെറ്റയാണ് ഇത്രയും നാള്‍ ബാക്കിയുള്ളവന്റെയൊക്കെ നെഞ്ചത്തു കയറി നടന്നിട്ട് അവന്റെ നേര്‍ക്കൊരു വിമര്‍ശനം വന്നപ്പോള്‍ അസഹിഷ്ണുവായി അവന്‍ കമന്റ് പൂട്ടി. ശരി, സമ്മതിച്ചു.അപ്പോള്‍ അതിന്റെ മറുപുറം ഇങ്ങനെ വായിക്കാം. ഇവിടെ ആരൊക്കെ എങ്ങനെയൊക്കെ ബ്ലോഗ് ചെയ്യണമെന്നു തീരുമാനിക്കുന്നത് കമന്റര്‍മാരായ ഞങ്ങളാണ്. ഞങ്ങളെയൊഴികെ ആരെയും നിങ്ങള്‍ തെറിവിളിച്ചോളൂ, ആക്ഷേപിച്ചോളൂ, ഞങ്ങള്‍ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാം. ബ്ലോഗ് നിങ്ങളുടെ തന്നെ സമ്മതിച്ചു പക്ഷെ, കമന്റ് ബോക്സ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഞങ്ങള്‍ക്കെതിരെ ഒരു ചെറുവിരലനന്റിക്കിയാല്‍ പരമെചെറ്റേ, തീര്‍ത്തുകളയും ഞങ്ങള്‍ നിന്നെയും നിന്റെ കൂതറ ബ്ലോഗും.
ഞാന്‍ അഹങ്കാരിയാണോ അല്ലയോ എന്നതിന് എന്തു പ്രസക്തി എന്നു മനസ്സിലാവുന്നില്ല. ആളുകള്‍ ബ്ലോഗിലൂടെ കാണാന്‍ ശ്രമിക്കുന്നത് ബ്ലോഗറെയാണ്. മമ്മൂട്ടിയെപ്പോലെ ഏതെങ്കിലും സെലബ്രിറ്റിയുടെ കാര്യത്തില്‍ അത് ഓകെ. പത്തയ്യായിരം ബ്ലോഗര്‍മാരില്‍ ഒരാളായ ഞാന്‍ അഹങ്കാരിയും വൃത്തികെട്ടവനും കഴുവേറിയുമാകയാല്‍ എന്റെ ബ്ലോഗ് പൂട്ടിക്കണമെന്നും ഇനി ഇതു വായിക്കുന്നവനെ തല്ലിക്കൊല്ലണമെന്നുമൊക്കെ പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. എന്തായാലും പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും. ഇതോടൊപ്പം സ്ഥാപിച്ചിരിക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുക. കമന്റ് ബോക്സ് പൂട്ടുന്നതും പൂട്ടാതിരിക്കുന്നതുമൊക്കെ എന്റെ സൌകര്യമാണെന്നു പറയുമ്പോഴും ഇനി ഈ ബ്ലോഗ് ഇവിടെ ആവശ്യമില്ല എന്നു നിങ്ങള്‍ തീരുമാനിച്ചാല്‍ ബ്ലോഗിങ് നിര്‍ത്തുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ. നിങ്ങള്‍ക്കാവശ്യമില്ലാത്ത ബ്ലോഗ് എനിക്കെന്തിന് ? (ഇതും എന്റെയൊരു അഹങ്കാരമാണ്).
കമന്റ് ഓപ്ഷന്‍ പൂട്ടിയ ഈ ബ്ലോഗ് ഇനി ഇവിടെ വേണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടോ എന്നാണ് എന്‍റെ ചോദ്യം. ആഗ്രഹമില്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ പ്രിയസുഹൃത്തുക്കളെ, ഞാന്‍ വാക്കു പാലിച്ചിരിക്കും. മറിച്ചാണെങ്കില്‍ ഇവിടെ തെറികൊണ്ട് അഭിഷേകം നടത്തുന്ന അനോണികള്‍ക്കുള്ള ഉത്തരമായിരിക്കും അത്. ദാറ്റ്സ് ഓള്‍ !!
തിങ്കളാഴ്ച വൈകുന്നേരം വരെ ഈ പോളില്‍ നിങ്ങള്‍ക്കു പങ്കെടുക്കാം. പിന്നെ നമുക്ക് രണ്ടിലൊന്നു തീരുമാനിക്കാം. അത് കഴിഞ്ഞ് പിന്നെ, മണാകുണാ പറഞ്ഞേക്കരുത്. ദാറ്റ്സും ഓള്‍ !!










