ജട്ടിപ്രക്ഷോഭം !!!
മംഗലാപുരത്തെ ശ്രീരാമസേനക്കാര്‍ക്ക് വലന്റൈന്‍സ് ഡേ കൊണ്ട് ഒരു നഷ്ടവും സംഭവിക്കാന്‍ പോകുന്നില്ല. മാത്രമല്ല, പെട്ടെന്നുണ്ടായ ആഗോള(കു)പ്രശസ്തിക്കു പുറമേ അവരുടെ നേതാവ് പ്രമോദ് മുതാലികിനു പറ്റിയാല്‍ ഒരു ആഗോളജട്ടിക്കമ്പനി തുടങ്ങുകയുമാവാം. ഒറ്റ കുഴപ്പമേയുള്ളൂ. ജട്ടികള്‍ക്കെല്ലാം പിങ്ക് നിറമായിരിക്കും. രാജ്യത്തെ പുരോഗമനവാദികളായ സ്ത്രീകളാണ് വലന്റൈന്‍ ദിനത്തില്‍ പബുകളില്‍ കെട്ടിമറിയാനുള്ള മദാലസമായ മോഹം മുളയിലേ നുള്ളാനിറങ്ങിയ സേനയ്ക്കെതിരെ ചരിത്രത്തില്‍ ഇടം നേടുന്ന പ്രതിഷേധവുമായിറങ്ങിയിരിക്കുന്നത്.
ഈ പുരോഗമന ചേച്ചികളെല്ലാം കൂടി സ്വന്തം പിങ്ക് പാന്റീസ് ഊരിയും പുതിയത് വാങ്ങിയും ഒക്കെയായി ലോഡുകണക്കിന് സാധനങ്ങള്‍ പ്രമോദ് മുതാലികിന് അയച്ചുകൊടുക്കാന്‍ ആഹ്വാനം ചെയ്യുന്നു. ആഹ്വാനത്തിനു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സൂനാമി ബാധിതര്‍ക്കു പോലും അഞ്ചു പൈസ കൊടുക്കാത്ത ചേച്ചിമാര്‍ രാജ്യമൊട്ടാകെ ജട്ടിയൂരുകയാണ്, അല്ലെങ്കില്‍ കാശുകൊടുത്ത് പുതിയത് വാങ്ങുകയാണ്. ഏതാണ്ട് പതിനയ്യായിരത്തോളം പെണ്ണുങ്ങള്‍ നിലവില്‍ ജട്ടിരഹിതരായി നില്‍ക്കുകയാണ്. എല്ലാ പ്രമോദ് മുതാലിക്കിന്.
പ്രത്യേകിച്ച് വക്താക്കളോ പ്രതിനിധികളോ രംഗത്തു വരാത്ത പുരോഗമന വനിതാ സംഘടനയുടെ ആഹ്വാനം ലോകമാധ്യമങ്ങളുടെ പോലും ശ്രദ്ധയില്‍ വന്നു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. പാശ്ചാത്യലോകത്തിന് രസകരമായിരിക്കും ഈ തമാശ. കാരണം, വലന്റൈന്‍സ് ഡേ പോലെ തന്നെയുള്ള ഒരു പൈങ്കിളി പ്രതിഷേധ ആഹ്വാനമെന്ന നിലയില്‍ ജട്ടിപ്രക്ഷോഭം വാര്‍ത്തയില്‍ ഇടം നേടുമെന്നല്ലാതെ മംഗലാപുരത്തെ പ്രശ്നങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരിഹാരം ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ.
വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവരെ പിടികൂടി വിവാഹം കഴിപ്പിക്കുമെന്ന ശ്രീരാമസേനയുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് പ്രമോദ് മുതാലികിനു അടിവസ്ത്രങ്ങള്‍ അയക്കാന്‍ സംഘത്തിന്റെ തീരുമാനം. പിങ്ക് നിറത്തിലുള്ള അടിവസ്ത്രം അയക്കാനാണു രാജ്യത്തെ സ്ത്രീകളോട് കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത്. പിങ്ക് അടിവസ്ത്രം ലഭിക്കാത്തവര്‍ക്കു മറ്റു നിറങ്ങളിലുള്ളവയും അയക്കാമെന്നും പുരുഷന്‍മാര്‍ക്കും ഇതില്‍ പങ്കെടുക്കാമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നവ ഒന്നിച്ചു പാര്‍സലായി മുതാലികിനു അയച്ചു കൊടുക്കും. ഇതിനു കഴിയാത്തവര്‍ക്ക് നേരിട്ടു അയക്കാനായി പ്രമോദ് മുതാലികിന്റെ മേല്‍വിലാസവും നല്‍കിയിട്ടുണ്ട്.
കേന്ദ്രത്തിലെ ഒരു വനിതാമന്ത്രിയുടെ മകളുടെ നേതൃത്വത്തിലാണ് ജട്ടിപ്രക്ഷോഭം നടത്തുന്നതെന്നാണ് വിവരങ്ങള്‍. വലന്റൈന്‍ ദിനം പ്രണയികള്‍ക്കുള്ളതാണെന്നാണ് സങ്കല്‍പമെങ്കിലും ഇന്ത്യയിലെ യുവാക്കളും യുവതികളും സഹോദരീസഹോദരന്‍മാരാണെന്നും അവര്‍ പബുകളില്‍ പോകുന്നത് വ്യഭിചരിക്കാനല്ലെന്നും ശ്രീരാമസേനക്കാരെ ബോധ്യപ്പെടുത്താനാണ് പ്രക്ഷോഭമെന്ന് ജട്ടിക്കാര്‍ പറയുന്നു. അപ്രതീക്ഷിതവും അഭൂതപൂര്‍വുമായ പ്രതികരണം ജട്ടിപ്രക്ഷോഭക്കാരെപ്പോലും വിസ്മയിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടും നിന്ന് മുതാലിക്കിനുള്ള ജട്ടികള്‍ ഇന്ത്യയിലേക്കു പ്രവഹിക്കുകയാണത്രേ. പ്രധാനഗനരങ്ങളിലൊക്കെ ജട്ടിശേഖരണത്തിനു കളക്ഷന്‍ ഏജന്റുമാരെയും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
ഇതിലൊക്കെ പ്രധാനം ജട്ടിപ്രക്ഷോഭത്തിന്റെ ഏകസാക്ഷിയും തെളിവും അവര്‍ തുടങ്ങിയ ബ്ലോഗ് മാത്രമാണ് എന്നതാണ്.http://thepinkchaddicampaign.blogspot.com/ എന്ന ബ്ലോഗില്‍ ജട്ടിപ്രക്ഷോഭത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഉണ്ട്, നൂറുകണക്കിനു കമന്റുകളും. എന്തായാലും ജട്ടിയെ വെട്ടുകൊണ്ടു നേരിടാനുള്ള ഉദ്ദേശമൊന്നും മുതാലിക്കിനില്ല. ഈ ജട്ടിയെല്ലാം കൂടി കണ്ട് പേടിക്കുന്നവനാണ് അദ്ദേഹമെന്നും കരുതേണ്ട. ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ.ജോസഫ് എന്ന ലൈനില്‍ ജട്ടി അയച്ചു തരുന്ന എല്ലാവര്‍ക്കും പകരം സാരി അയച്ചുകൊടുക്കുമെന്ന് മുതാലിക് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനായി അദ്ദേഹത്തിവന്റെ അനുയായികള്‍ സാരി ശേഖരണം ആരംഭിച്ചും കഴിഞ്ഞത്രേ.
അനുയായികളുടെ ഒരു പ്രവര്‍ത്തനശൈലി വച്ചു നോക്കിയാല്‍ നടുറോഡില്‍ വച്ചായാലും സാരി കളക്ഷന്റെ ഭാഗമായി പെണ്‍പിള്ളേര്‍ ഉടുത്തിരിക്കുന്ന സാരി അഴിച്ചുകൊണ്ട് പോകാനാണ് സാധ്യത. ജട്ടിപ്രക്ഷോഭത്തിന് സംഗതി ഊരിക്കൊടുത്തിട്ട് വരുന്ന വഴി സേനക്കാര്‍ സാരി പ്രക്ഷോഭത്തിന് സാരി കൂടി അഴിച്ചെടുത്താല്‍ മൈ ഗോഡ് !!
കുറിപ്പ്: മംഗലാപുരത്ത് നടന്ന അക്രമങ്ങളെ ജട്ടികൊണ്ട് നേരിടുന്നത് അതിന്റെ ഗൌരവം കുറയ്ക്കലാവും എന്നാണ് എന്റെ അഭിപ്രായം. ഇതോടെ എല്ലം ഒരു തമാശയാമെന്നു നമ്മെപ്പോലെ സര്‍ക്കാരിനും തോന്നും. അങ്ങനെ അക്രമങ്ങള്‍ എല്ലാവരും മറക്കുകയും ജട്ടിയുടെ എണ്ണവും വണ്ണവും നിറവും മണവുമൊക്കെയായി വാര്‍ത്ത അതിന്റെ വഴിക്കു പോവുകയും ചെയ്യും. ആക്രമിക്കപ്പെട്ട, ജീവന്‍ ഹോമിക്കപ്പെട്ട, സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് നീതി കിട്ടാന്‍ പോകുന്നുമില്ല. എനിക്കു ജട്ടികള്‍ കുറവായതിനാലും പിങ്ക് നിറത്തില്‍ ഒരെണ്ണം പോലും ഇല്ലാത്തതിനാലും ജട്ടിപ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നില്ല.











